Wednesday, June 04, 2008

കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു!

കേരള്‍സ്‌കോമിന്റെ ചെയ്തികള്‍ക്കെതിരേയുള്ള പ്രതിഷേധം ഫലം കണ്ടു എന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കത്തക്ക തെറ്റായിരുന്നുവോ കേരള്‍സ്‌കോം ചെയ്തിരുന്നത്? അങ്ങിനെയാരെങ്കിലും ധരിച്ചിട്ടുണ്ട് എങ്കില്‍ അത് മുന്‍ കൂട്ടി കണ്ടവര്‍ കേരള്‍സ്‌കോം തന്നെയായിരിന്നു. അവര്‍ ഉദ്ദേശിച്ചിടത്ത് നാം നമ്മുടെ പ്രതിഷേധം കൊണ്ടു ചെന്ന് കെട്ടി എന്നതാണ് വസ്തുത.

അവര്‍ തിരക്കഥയെഴുതിയ വഴികളില്‍ കൂടി തന്നെയായിരുന്നു പ്രതിഷേധം മുന്നോട്ട് നീങ്ങിയത്. കൊള്ളയടി മുതല്‍ മലയാളം സര്‍വ്വീസ് അവസാനിപ്പിക്കുന്നത് വരെ എല്ലാം അവരുടെ ഡെസ്‌കില്‍ വിരിഞ്ഞ പദ്ധതികള്‍. ബൂലോഗത്തെ സാധുക്കള്‍ അവര്‍ക്ക് വേണ്ടി കത്തി വേഷം കെട്ടിയാടി. ഒടുവില്‍ അവര്‍ തിരശ്ശീലയിട്ടപ്പോള്‍ “എല്ലാം കോംപ്ലിമെന്‍സ്” ആയി എന്ന വഴുവഴുക്കന്‍ വളിപ്പോടെ നാം അടുത്ത “വെടിക്കെട്ടിന്” വേണ്ടി താല്‍ക്കാലികമായി പിരിഞ്ഞു-പതിവു പോലെ. അപ്പോള്‍ ആര്‍ത്ത് ചിരിച്ചത് കേരള്‍സ്‌കോമായിരുന്നു. അവര്‍ പിടിച്ച ചരടിന്റെ ഇങ്ങേതലയ്ക്കല്‍ നാം ബൂലോഗര്‍ കോമാളിയാട്ടം ആടുന്നത് കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുകയായിരുന്നു.

അവരുടെ ‍ ലക്ഷ്യം പബ്ലിസിറ്റി ആയിരുന്നു. അവര്‍ അത് ഒതുക്കത്തില്‍‍ നേടി. കേരള്‍സ്‌കോം മാങ്ങയാണോ മാങ്ങാണ്ടിയാണോ മഞ്ഞളാണോ എന്നറിയാതിരുന്ന ഞാനും നിങ്ങളും “ഇങ്ങാട്ട് കടക്കണ്ട” എന്ന ബോര്‍ഡും തൂക്കി അവര്‍ അങ്ങാട്ട് കടക്കാനുള്ള വാതില്‍ താഴിട്ട് പൂട്ടിയിട്ടും മതില്‍ ചാടി കടന്നും കേരള്‍സ്‌കോം സന്ദര്‍ശിച്ചു കൊണ്ടേയിരുന്നു. സൌഹൃദ സദസ്സുകളില്‍ കേരള്‍സ്‌കോം ചര്‍ച്ചയാക്കി. വായില്‍ നിന്നും ചെവികളിലേക്കും ചാറ്റ് ഫോറങ്ങളില്‍ നിന്നും സൌഹൃദ കണ്ണികളിലേക്കും കേരള്‍സ്‌കോം പടര്‍ന്ന് കയറി. അതായത് കേരള്‍സ്‌കോമിന് അണപൈ ചിലവില്ലാതെ നല്ലൊരു പരസ്യ വാരാഘോഷം നാം സംഘടിപ്പിച്ചു എന്ന് ചുരുക്കം.

തുടക്കം മുതല്‍ തന്നെ കേരള്‍സ്‌കോം ഈ പ്രശ്നം എങ്ങിനെ കൊണ്ടു പോകണം എന്ന് വ്യക്തമായും തീരുമാനിച്ചിരുന്നു. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ അവിടെ ഇല്ലാതെ വന്നത് യാദൃശ്ചികമല്ല. സൂര്യഗായത്രിയുടെ കറിവേപ്പിലയും യാഹൂവും തമ്മിലുണ്ടായ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ മുന്‍ നിരയില്‍ നിന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് പരിചയം ഉള്ള ഇഞ്ചിപ്പെണ്ണ് ഈ പകര്‍പ്പവകാശ പ്രശ്നത്തിലും ഇടപെടുമെന്ന് കേരള്‍സിന് അറിയാമായിരുന്നു. അവരുടെ പോസ്റ്റുകള്‍ ഇല്ലാതെ അവര്‍ രംഗത്ത് വന്നാല്‍ “പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം” എന്ന രീതിയില്‍ അവരോട് പെരുമാറാമെന്നും പോസ്റ്റുകള്‍ കോപ്പി ചെയ്യപ്പെടാത്തൊരാളുടെ പ്രതിഷേധങ്ങളെ അതേ നിലയ്ക്ക് തന്നെ പ്രകോപിപ്പിച്ച് ഈ പ്രശ്നത്തെ കുറച്ച് ദിവസങ്ങളിലേക്ക് സജീവമായി നിലനിര്‍ത്താം എന്നും കേരള്‍സ് മുന്നേ കണ്ടു. അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പക്ഷേ മോഷണം നടത്തുന്നത് കണ്ട് വരുന്ന അയല്‍ വീട്ടുകാരനോട് “ഇത് തന്റെ വീടല്ലല്ലോ. ഞങ്ങള്‍ ഇവിടുന്ന് മോഷ്ടിക്കും. താന്‍ തന്റെ പാട് നോക്ക് പോട്..” എന്ന കേരള്‍സിന്റെ നിലലപാടും നഖശിഖാന്തം ചോദ്യം ചെയ്യപ്പെട്ടു. കളവ് കണ്ടു പിടിക്കപ്പെട്ടാല്‍ ആര്‍ക്കും നടപടികളുമായി മുന്നോട്ട് പോകാം എന്ന സാമാന്യ തത്വം മനസ്സിലാക്കാതെയാണ് കേരള്‍സ് പ്രവര്‍ത്തിക്കുന്നത് എന്നും ചിന്തിക്കേണ്ടുന്നതില്ല. പിന്നെന്താണ് പ്രശ്നം. എല്ലാ പ്രശ്നങ്ങളും ഏതാനും പോസ്റ്റുകളിലെ പ്രതിഷേധങ്ങളില്‍ അവസാനിച്ചത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

കേരള്‍സ്‌കോം അവരുടെ മലയാളം സര്‍വ്വീസ് അവസാനിപ്പിച്ചതില്‍ കാര്യമൊന്നുമില്ല. നേരത്തേയും അവിടെ മലയാളം സേവനങ്ങള്‍ തുലോം കുറവായിരുന്നു. പേരില്‍ അവസാനിക്കുന്നത് തന്നെയായിരുന്നു അവരുടെ മലയാള ബന്ധം. ബ്ലോഗുകളില്‍ നിന്നും മറ്റു വെബ് മാസികകളില്‍ നിന്നും വാരി കൂട്ടിയ രചനകളെ കൊണ്ട് ഒരു മലയാളം സര്‍വ്വീസ് തട്ടികൂട്ടിയെന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും അവിടെ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇല്ലാതിരുന്ന ഒരു സംഗതി അവസാനിപ്പിച്ചു എന്ന് പറയുന്നതിനെ വെള്ളം തൊടാതെ വിഴുങ്ങുന്നതിന് മുമ്പ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മലയാളം ബ്ലോഗെഴുതുന്നവരോട് അവര്‍ പ്രതികരിച്ച രീതി ആദ്യം മുതല്‍ വീണ്ടു വിലയിരുത്തേണ്ടുന്നതുണ്ട്. താഴെകാണിച്ചിരിക്കുന്ന ലിങ്കുകളിലൂടെ ഒന്നുകൂടി പോയി വരൂ. അപ്പോള്‍ മനസ്സിലാകും ഈ പ്രശ്നത്തില്‍ കേരള്‍സ് എത്രമാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്ന്.

ഈ മെയില്‍ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും തല്ലുമെന്നും കൊല്ലുമെന്നും കോടതിയില്‍ കയറ്റുമെന്നും വീരവാദം മുഴക്കിയും കവല ചട്ടമ്പിത്തരങ്ങളെല്ലാം തരാതരം പ്രയോഗിച്ചതിനും അനുവാദമില്ലാതെ പോസ്റ്റുകള്‍ പൊക്കി അവരുടെ സൈറ്റില്‍ കേറ്റിയതിനും ഒക്കെ അവര്‍ സമാധാനം പറയണ്ടുന്നതായിട്ടുണ്ട്. മലയാളം സര്‍വ്വീസ് പൂട്ടികെട്ടിയത് കൊണ്ട് അവസാനിക്കൂന്നതല്ല അവര്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍.

ഒരു പത്രം നടത്തുക എന്നാല്‍ അതിന് അടിസ്ഥാന പരമായ പല നടപടി ക്രമങ്ങളും നിര്‍വഹിക്കേണ്ടുന്നതുണ്ട്. വെബ് പത്രമാകുമ്പോള്‍ അതൊന്നും വേണ്ടായെന്ന തോന്നല്‍ ഭാരതത്തിലും ലോകത്തില്‍ തന്നെയും ഉയര്‍ന്ന് വരുന്നത് നല്ലതിനല്ല. വാര്‍ത്തകള്‍ സ്കോറോളായി നീങ്ങുന്ന കേരള്‍സിനേയും പത്രമായി കാണേണ്ടുന്നതുണ്ട്. പക്ഷേ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരു പത്രത്തിന് നിരക്കുന്ന തരത്തിലാണോ? വ്യവസ്ഥാപിതമായ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണോ അവര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സിനിമകളുടെ വരെ നെറ്റ് എഡിഷന്‍ പബ്ലീഷ് ചെയ്ത് കാശുണ്ടാക്കിയതിന് നിയമകുരുക്കില്‍ പെട്ട ഒരു സംഘത്തിന്റെ പത്ര പ്രവര്‍ത്തനവും സംശയിക്കേണ്ടിയിരിക്കുന്നു. പോണ്‍ സൈറ്റും വ്യാജ സിഡീ വില്‍പ്പനയുമായി മുന്നോട്ട് നീങ്ങുന്ന കേരള്‍സിനെതിരേയുള്ള പ്രതിഷേധവും പ്രകടനവും ഭാരതത്തില്‍ വിവര സാങ്കേതിക രംഗത്ത് പുതിയ നിയമ നിര്‍മ്മാണം ഉണ്ടാക്കുന്ന തരത്തില്‍ വളര്‍ത്തി കൊണ്ട് വരുവാന്‍ നമ്മുക്ക് കഴിയണം.

വിവര സാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ ഭാരതത്തില്‍ ശൈശവാവസ്ഥയിലാണ്. കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാകേണ്ടുന്നത് ഇന്നിന്റെ ആവശ്യവുമാണ്. അതിന് മുന്നിട്ടിറങ്ങേണ്ടുന്നത് ഇന്റര്‍ നെറ്റിന്റെ സൌകര്യങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് സ്വയം കരുതുന്ന നാം തന്നെയാണ്. വെബ്.2 മുന്നോട്ട് വെക്കുന്ന അനന്തമായ ആശയപ്രചാരണ സൌകര്യങ്ങള്‍ നാളെ നമ്മില്‍ നിന്നും തട്ടിപ്പറിക്കപ്പെടാതിരിക്കണമെങ്കില്‍ നാം ഇന്നേ ജാഗരൂകരായിരിക്കണം. കേരള്‍സ് ഒരു നിമിത്തം ആയി എന്ന് മാത്രം കരുതിയാല്‍ മതി.

വല്യമ്മായിക്കും, ഇഞ്ചിപ്പെണ്ണിനും,മയൂരക്കും,രാജ് നീട്ടിയത്തിനും, അനില്‍ശ്രീക്കും, സജിക്കും, കണ്ണൂസിനും, കാപ്പിലാനും ഒക്കെ കേരള്‍സ് അയച്ച മെയിലുകളും തൊണ്ടി മുതലായി നാം സൂക്ഷിച്ചിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും ഒക്കെ വെച്ച് നാം കേരള്‍സിനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകണം. കേരള്‍സില്‍ നിന്നും നഷ്ടപരിഹാരം എന്നതാ‍യിരിക്കരുത് നമ്മുടെ ലക്ഷ്യം. വിവരസാങ്കേതിക രംഗത്തെ പകര്‍പ്പവകാശ നിയമങ്ങള്‍ നമ്മുടെ നാട്ടിലും ശക്തമാക്കുവാന്‍ കേരള്‍സിനെതിരേയുള്ള നടപടികള്‍ കാരണമാകണം എന്നതായിരിക്കണം ആത്യന്തികമായി നാം ലക്ഷ്യം വെക്കേണ്ടുന്നത്. അതിന് ബൂലോഗം മുഴുവനും ഒരുമിച്ച് നില്‍ക്കണം. ബൂലോഗത്തിന് പുറത്തേക്കും നമ്മുക്ക് ഈ വിഷയം ചര്‍ച്ചയാക്കാന്‍ കഴിയണം. ഇഞ്ചിപ്പെണ്ണിന്റെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാര്‍ത്താ മൂല്യമുള്ളതാണ്. എത്തേണ്ടിടത്ത് എത്തേണ്ടുന്ന രീതിയില്‍ എത്തിയാല്‍ കേരള്‍സ്‌കോം സമാധാനം പറയേണ്ടി വരും. അത് എത്തേണ്ടുന്നിടത്ത് കൃത്യമായി എത്തിക്കാന്‍ നമ്മുക്ക് കഴിയണം.

വ്യവസ്ഥാപിതമായ ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവും ഇന്ന് മലയാളം ബ്ലോഗെഴുത്ത് കാര്‍ക്കില്ല. എങ്കില്‍ കൂടിയും മലയാള ബ്ലൊഗെഴുത്ത്കാരുടെ ഒരു അനൌപചാരിക സംഘടനയായി ബ്ലോഗ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ കേരളത്തില്‍ ബ്ലോഗെഴുത്ത് ഒരു ചര്‍ച്ചയാക്കാന്‍ കഴിഞ്ഞിട്ടുള്ള ബ്ലോഗ് അക്കാദമിയും ഇക്കാര്യത്തില്‍ അവര്‍ക്ക് നിര്‍വഹിക്കാനുള്ള കടമകള്‍ സ്വയം ഏറ്റെടുത്ത് ചെയ്യണം. ബ്ലോഗ് അക്കാദമി പത്ര സമ്മേളനം വിളിച്ച് പകര്‍പ്പവകാശ പ്രശ്നം മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കണം.

ബ്ലോഗ് അക്കാദമിക്ക് മുന്നിട്ടിറങ്ങാന്‍ ഏതെങ്കിലും തരത്തിലുള്ള വൈമുഖ്യം ഉണ്ടെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും നിയമ നടപടികളേയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും വേണ്ടി ഒരു പൊതു സഭ ഉണ്ടാക്കിയെടുക്കണം. അറിയാവുന്നത് പരസ്പരം പറഞ്ഞും, ചെയ്യാവുന്നത് സ്വയം ഏറ്റെടുത്ത് ചെയ്തും ഈ വിഷയത്തിന്റെ ഗൌരവസ്വഭാവം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കൊച്ചിയിലെ ഒരു വക്കീല്‍ സുഹൃത്തിനോട് ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് എങ്കിലും നിയമത്തിന്റെ വഴിയിലൂടെ ഒരു പുതിയ വിഷയവുമായി മുന്നോട്ട് പോകുന്നതിന്റെ സാംഗത്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന ഒരു വിഷയമല്ല ഇത്. എല്ലാവരും അവരവര്‍ക്ക് ലഭ്യമായിട്ടുള്ള അറിവും പരിചയവും ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തണം. ആര് മുന്നില്‍ നില്‍ക്കണം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നല്ലൊരു വക്കീലിനെ കാണുക. നാട്ടില്‍ തന്നെ അതിന് വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുക. പണമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലാ എങ്കില്‍ അതിനുള്ള മാര്‍ഗ്ഗവും നോക്കണം.


കേരളാ സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.ഏ. ബേബിക്കും കേരളാ പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുവരെയുണ്ടായ എല്ലാ സംഗതികളും വെച്ച് കത്തെഴുതിയിട്ടുണ്ട്. നടപടി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
നാട്ടിലുള്ള സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യമെടുക്കണം. നമ്മുടെ ഉദ്യമം കേരള്‍സിന്റെ ചെയ്തികള്‍ക്കെതിരേ മാത്രമല്ല. നാളെ ഉയര്‍ന്ന് വരാവുന്ന ഇതേ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം എതിരേയുള്ള പ്രതിരോധം കൂടിയാണ്. ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. പക്ഷേ അതിന് പരിമിതികളുണ്ട്. കൂട്ടായിട്ടാണെങ്കില്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് ഉറപ്പും തരുന്നു.

പ്രിയ സുഹൃത്തുക്കളെ,
ഒന്നും അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങേണ്ടിയിരിക്കുന്നു-കേരള്‍സ് ഡോട് കോം അവസാനിപ്പിച്ചിടത്ത് നിന്നും.

*************************
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള ചര്‍ച്ചകള്‍ താഴെ.

1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍

2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content

3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com

4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍

5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com

6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com

7. കണ്ണൂസിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോമിന്റെ മാപ്പ്

8. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.

9. COPY WRITE VOILATIONS എന്ന ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs

10. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html

11. അരവിന്ദിന്റെ ബ്ലോഗില്‍: Content theft by kerals.com

12. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com

13. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com

14. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com

15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com

16. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com

17. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

18. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0

19. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: മോഷണം, ഭീഷണി, തെറി, സ്റ്റോക്കിങ്ങ് - ഇനിയെന്തൊക്കെ കേരള്‍സ് ഡോട് കോം? ‍

20. ഏവൂരാന്റെ ബ്ലൊഗില്‍:ജനയുഗം പത്രത്തില്‍ വന്നത്

21. ഏവൂരാന്റെ ബ്ലൊഗില്‍: മൌനത്തിനുള്ള വില

22. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍: I will never feel the same. I will never be the same.

23. പി.ആറിന്റെ ബ്ലോഗില്‍: ഞാനും ചേരുന്നു. I too join

24. വക്കാരിമഷ്ടയുടെ ബ്ലോഗില്‍:Protest against the copyright violations, threat, abuse, stalking etc of kerals.com

25. മയൂരയുടെ ബ്ലോഗില്‍: Blogger being stalked and harassed by kerals.com


26. തൊമ്മന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം-പിന്നിലാര്?

27. ഏവൂരാന്റെ ബ്ലൊഗില്‍: അതിക്രമത്തിനെ അപലപിക്കുന്നു

28. കുഞ്ഞന്റെ ബ്ലോഗില്‍: Protest against content theft | മോഷണത്തിനെതിരെ പ്രതിഷേധം.

29. സന്തോഷിന്റെ ബ്ലോഗില്‍: Protest against Copyright Violation, Abuse, Threat, and Cyber Stalking by Kerals.com

30. കേരളാ ഫാര്‍മറുടെ ബ്ലൊഗില്‍: എന്റെ പൂര്‍ണ്ണ പിന്തുണ കേരളാ ഡോട് കോമിനെതിരേ.

31. ആമ്പലിന്റെ ബ്ലോഗില്‍: kerals.com എനിക്ക് പറ്റിയതും, പ്രതിഷേധവും

32. തറവാടിയുടെ ബ്ലോഗില്‍: എന്റേയും കോപ്പിയടിച്ചു

33. കരീം മാഷിന്റെ ബ്ലോഗില്‍: കേരള്‍സ് ഡോട് കോം എന്ന കേടന്‍

34. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Stealing, Threat, Cyber Stalking, Abuse – What next Kerals.com ?

35. ചന്ദ്രശേഖരന്‍ നായരുടെ ബ്ലോഗില്‍: ശിവകുമാറിനെതിരേ നടപടിയെടുക്കുക.

36. MASIJEEVI യുടെ ബ്ലോഗില്‍: Support to Inji pouring from Hindi Blogosphere as well

37. സാറയുടെ ബ്ലോഗില്‍: Inji I am with you...

38. DEBASHIS ന്റെ ബ്ലോഗില്‍: भारतः ब्लॉगचोरी और सीनाजोरी

39. നേഹാ വിശ്വനാഥന്‍ പറയുന്നു.: India: Bullying a Blogger!

40. കമ്പ്ലൈന്‍സ് ബോര്‍ഡില്‍: copyright violation

41. സിറിള്‍ ഗുപ്ത പറയുന്നു: Kerals.Com - Fools promote stolen content, then they try to threaten a blogger.

42. അമൂമയുടെ ബ്ലോഗില്‍: Kopy Kerals

43. താഹീറബ്ദുവിന്റെ ബ്ലോഗില്‍: Content theft by Kerals.com

44. മയൂരയുടെ ബ്ലോഗില്‍: പോസ്റ്റും കട്ടു ബാനും ചെയ്തു

45. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍: Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)

46. PR@TZ പറയുന്നു: Plagisrists causing national unrest

47. DINU പറയുന്നു: Stealing, Threat, Abuse – against a blogger

48. ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു: फिर साहित्य की चोरी

49. രേവതിയുടെ ബ്ലോഗില്‍: Dealing with Goons - We are there with you Inji !

50. സപ്തവര്‍ണ്ണങ്ങളുടെ ബ്ലോഗില്‍: Kerals.com , Boologam (Malayalam Blogoshpere) and some issues!

51. ശേഖര്‍ പറയുന്നു: Clouds of Plagiarism

52. മെര്‍കുഷിയോ പറയുന്നു: എല്ലാം അല്ലെങ്കില്‍ ഒന്നുമില്ല: ഇഞ്ചിപെണ്ണിനു വേണ്ടി ഒരു പോസ്റ്റ്

53. സപ്തവര്‍ണ്ണങ്ങള്‍ അവിനാശിനോട് ചോദിക്കുന്നു: Kerals.Com – Stop this!

54. ജയരാജന്റെ ബ്ലോഗില്‍: Protest against content theft and cyberstalking

55. നളന്‍സ് എഴുതുന്നു: Kerals.com turns out be mafialand

56. ഡാലിയുടെ ബ്ലോഗിലെ പ്രതിഷേധം: Black week against the black world കറുത്ത ലോകത്തിനെതിരെ കരിവാരം

57. ഒണ്‍ സാലോയുടെ ബ്ലൊഗിലെ പ്രതിഷേധം: കരിവാരം - Black week

58. രാജ് നീട്ടിയത്തിന്റെ ബ്ലോഗിലെ പ്രതിഷേധം: The Colour is black