Monday, July 07, 2008

ഇരുപതാമാണ്ട് താണ്ടുന്ന പെരുമണ്‍ ദുരന്തം

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട് ജൂലൈ എട്ടാം തീയതി നട്ടുച്ചയ്ക്ക് കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന തീവണ്ടിയിലെ കൊല്ലത്തേക്കുള്ള യാത്രക്കാര്‍ വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള ഒരുക്കത്തില്‍. ബാത്ത് റൂമില്‍ കയറി മുടിയൊന്ന് ചീകി മുഖം മിനുക്കി ബന്ധുക്കള്‍ക്കൊപ്പം ചേരാന്‍ വെമ്പല്‍ കൊണ്ട നൂറ്റി അഞ്ച് ജീവനുകള്‍ അടുത്ത നിമിഷം ഭൂലോകത്ത് നിന്നും അപ്രത്യക്ഷമായി. ഭാരതം കണ്ട ഏറ്റവും കൊടിയ തീവണ്ടി ദുരന്തങ്ങളില്‍ ഒന്നിനായിരുന്നു പെരുമണ്‍ നിവാസികള്‍ അന്ന് സാക്ഷികളായത്.

ആണ്ടിലൊരിക്കല്‍ പരിസര ശുചി വരുത്തുന്ന പെരുമണ്‍ സ്മൃതി മണ്ഡപത്തില്‍ ഇന്നും പുഷ്പാര്‍ച്ചന നടക്കും-ഒരു നേര്‍ച്ച പോലെ. പെരുമണില്‍ കൊഴിഞ്ഞ ജീവിതങ്ങളോട് ഒരിക്കലും റെയില്‍‌വേ നീതി കാട്ടിയിട്ടില്ല. തങ്ങള്‍ കൊല്ലപ്പെട്ടത് ആരുടെ ഭാഗത്ത് നിന്നും വന്ന പിഴവിനാല്‍? ആ ചോദ്യത്തിനുത്തരം ഇരുപതാണ്ടിനിപ്പുറവും ദുരൂഹമായി തന്നെ തുടരുന്നു.

എന്തായിരുന്നു പെരുമണ്‍ ദുരന്തത്തിന് ഹേതുവായത്? ഇഞ്ചിന്‍ ഡ്രൈവറുടെ അശ്രദ്ധ? പാലത്തിന്റെ തൂണുകളുടെ ബലക്ഷയം? പാളത്തിലുണ്ടായ വിള്ളല്‍? അട്ടിമറി? ഇതിലേതായാലും റെയില്‍‌വേ ജീവനക്കാരന്‍ കുടുങ്ങുമായിരുന്നു. അങ്ങിനെയിരിക്കവേയാണ് റെയില്‍‌വേ സേഫ്റ്റി കമ്മീഷണര്‍ അന്വോഷണത്തിനായി പെരുമണ്‍ പാളത്തില്‍ കയറിയത്.

പാളത്തിന് മുകളില്‍ കയറി അഷ്ടമുടികായലിന്റെ നീലപരപ്പിലേക്ക് നോക്കിയ സേഫ്റ്റി കമ്മീഷണറുടെ തലയില്‍ ചുഴലി വീശിയടിച്ചു. തലചുറ്റിയ കമ്മീഷണര്‍ അടുത്ത നിമിഷം റിപ്പോര്‍ട്ടെഴുതി:

“പെരുമണില്‍ ചുഴലികാ‍റ്റ്. ട്രെയിനിന് മേലേ വീശിയടിച്ച ടൊര്‍ണാഡോ എന്ന ചുഴലികാറ്റാണ് പെരുമണ്‍ ദുരന്തത്തിന് കാരണം.”

കാലാവസ്താ നിരീക്ഷണ കേന്ദ്രത്തിനോ നാട്ടുകാര്‍ക്കോ നിരീക്ഷിക്കാന്‍ കഴിയാതിരുന്ന ചുഴലികാറ്റ് കൊണ്ടു പോയത് നൂറ്റി അഞ്ച് ജീവനുകള്‍...സേഫ്റ്റി കമ്മീഷണറുടെ തലയ്ക്കുള്ളില്‍ വീശിയടിച്ചതല്ലേ ടോര്‍ണാഡോ എന്ന് ആരും അന്ന് ചോദിച്ചില്ല. കാരണം പെരുമണ്‍ അപ്പോഴേക്കും നമ്മള്‍ മറന്നു കഴിഞ്ഞിരുന്നു.

നൂറ്റി അഞ്ച് ജീവനുകളുടെ ഉത്തരവാദിത്തം പെരുമണ്‍ ദുരന്തത്തിന് മുന്നേയോ പെരുമണ്‍ ദുരന്തത്തിന്റെ അന്നോ പെരുമണ്‍ ദുരന്തത്തിന് ശേഷമോ സഹ്യന്‍ കടന്ന് വന്നിട്ടില്ലാത്ത പാവം ടൊര്‍ണാഡോയുടെ പിടലിയില്‍ കെട്ടി വെച്ച് നാം അടുത്ത ദുരന്തത്തിനായി കാത്തിരുന്നു.

അപകടങ്ങളെ ആഘോഷങ്ങളാക്കുന്ന നാം കൊല്ലത്തെ ആഘോഷത്തിന് ശേഷം മടങ്ങിയിട്ട് ഇരുപതാണ്ട് ഇന്ന് തികയുന്നു. അപകടം കാണാന്‍ കൊല്ലത്തേക്കൊഴുകിയ സഹൃദയര്‍ അന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാക്കിയ തടസ്സങ്ങള്‍ ചില്ലറയല്ലായിരുന്നു. ദുരന്തമാസ്വാദിക്കാന്‍ വേണ്ടി മാത്രം ദൂരെ ദിക്കില്‍ നിന്നും കൊല്ലത്ത് തമ്പടിച്ചവര്‍ പെരുമണില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ആദ്യ രണ്ട് ദിനങ്ങളില്‍. പിന്നെ പിന്നെ മരിച്ചവര്‍ ദുര്‍ഗന്ധം പരത്തി തുടങ്ങിയപ്പോള്‍ പതുക്കെ പതുക്കെ കാഴ്ചക്കാര്‍ പിന്‍വാങ്ങി തുടങ്ങി. ദിനങ്ങള്‍ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസും പട്ടാളവും സമൂഹവും മൂക്കു പൊത്തി നിന്നിടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെള്ളത്തില്‍ വീണ് ചീര്‍ത്ത ശവശരീരം വാരിയെടുക്കാന്‍ മുന്നിട്ടിറങ്ങിയതും മറക്കാന്‍ കഴിയുന്നില്ല. ആര്‍.എസ്.എസ്. എന്ന പ്രസ്ഥാനത്തോട് ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

റെയില്‍‌വേ സേഫ്റ്റി കമ്മീഷണറുടെ തലയ്ക്ക് പിടിച്ച ടൊര്‍ണാഡോ ചുഴലി കൊടുങ്കാറ്റില്‍ അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയ ഐലന്റ് എക്സ്പ്രസിനോടൊപ്പം ഹോമിക്കപ്പെട്ട ജീവനുകള്‍ക്കും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കും പെരുമണ്‍ ദുരന്തത്തിന്റെ ഇരുപതാമാണ്ടില്‍ സ്മരണാഞ്ജലികള്‍....