Friday, March 20, 2020

"കൊറോണ" : ചേരികളിലേക്ക് പകർന്നാടിയാൽ !

പ്രജാപതിയുടെ പതിവ് തള്ള് ഉയർത്തി വിടുന്ന ട്രോളുകൾക്കും കോമഡിക്കും അപ്പുറം അലട്ടുന്ന ചില കാര്യങ്ങൾ ഉണ്ട്.
.
മുംബയിലെ ധാരാവിയും അന്തേരിയും, ദില്ലിയിലെ ഭൽസ്വ, കൽക്കട്ടയിലെ ബസന്തി, ചെന്നൈയിലെ നോച്ചിക്കൊപ്പം, ബംഗളൂരുവിലെ രാജേന്ദ്ര നഗർ, ഹൈദരാബാദിലെ ഇന്ദ്രമ്മ നഗർ, അഹമ്മദാബാദിലെ പരിവർത്തൻ നഗർ, ലക്‌നോവിലെ മെഹബുല്ലപ്പൂർ, ഭോപ്പാലിലെ സത്നാമി നഗർ, നാഗ്പൂരിലെ സരോജ്‌നഗർ, തുടങ്ങി രാജ്യത്തിന്റെ പ്രധാന പട്ടണങ്ങളോട് ചേർന്ന് കിടക്കുന്ന ചേരിപ്രദേശങ്ങളിൽ കൊറോണ എത്തിപ്പെട്ടാൽ എന്താകും അവസ്ഥ?.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ആണ് ധാരാവി. ഏകദേശം രണ്ടു  ചതുരശ്ര കിലോമീറ്ററിൽ എട്ട് ലക്ഷത്തോളം ആളുകളാണ് തിങ്ങി പാർക്കുന്നത്. മറ്റു പട്ടണങ്ങളിലെ ചേരികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടങ്ങളിൽ ഒക്കെ എന്ത് തരം ബോധവൽക്കരണം ആണ് നടത്താൻ ആവുക? എന്ത് നിയന്ത്രണങ്ങൾ ആകും അവിടെങ്ങളിൽ കൊണ്ടുവരാൻ ആവുക? മഹാമാരിക്ക് എതിരെ പ്രതിരോധം തീർക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ഇവിടങ്ങളിൽ ആകുമോ? ഇപ്പോൾ അവിടുത്തെ അവസ്ഥ എന്തായിരിക്കും എന്ന് ആർക്കറിയാം?
.
ഓരോ ചേരിയും പട്ടണത്തെ കൊണ്ടാണ് അതി ജീവിക്കുന്നത്. അല്ലെങ്കിൽ ഓരോ പട്ടണവും ചേരികളുടെ സേവനം കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നത്. ചേരിയും പട്ടണവും പരസ്പരാശ്രയത്തിൽ ആണ് ജീവിക്കുന്നത്. അന്തിയുറങ്ങാൻ ചേരികളിൽ എത്തുവോളം ചേരിയിലെ ജീവിതങ്ങൾ പട്ടണത്തിന്റെ ഭാഗം തന്നെയാണ്. പട്ടണത്തിലെ ആർഭാട ഭവനങ്ങളിൽ മിക്കതിലും രണ്ടോ അതിലധികമോ ജോലിക്കാർ ചേരികളിൽ നിന്നും ഉണ്ടാകും. "കൊറോണ" പട്ടണത്തിൽ നിന്നും ചേരിയിലേക്കും ചേരിയിൽ നിന്നും പട്ടണത്തിലേക്കും പടർന്നു പിടിക്കാം.

ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. എന്താണ് പ്രതിവിധി?.

Happy Cat