Monday, January 28, 2008
ബൂലോകമേ...പുറം തിരിഞ്ഞ് നില്‍ക്കരുത്.
പീപ്പിള്‍സ് മാര്‍ച്ചിന്റെ മാവോയിസ്റ്റ് ബന്ധം ഒഴിച്ച് നിര്‍ത്തിയാല്‍ അങ്കിളിന്റെഅഴിമതിക്കെതിരെയുള്ള പോരാട്ടവും തീവ്രാശയ പ്രകാശനമായി കാണാന്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അതുപോലെ ബൂലോകത്ത് ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും എതിരെ പ്രതികരിക്കുന്ന ബ്ലൊഗുകള്‍ ഒക്കെയും തീവ്രാശയപ്രകാശനമായി മാറുകയും ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടിയായിട്ടേ പി.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനേയും തടവിനേയും കാണാന്‍ കഴിയുള്ളൂ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റായിട്ടാണ് എങ്കില്‍ ഇങ്ങിനെയൊരു അഭിപ്രായപ്രകടനത്തിന് സാധുതയൊന്നും ഇല്ല. പക്ഷേ “പീപ്പിള്‍സ് മാര്‍ച്ച്” എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലക്കാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റിനാല്‍ ഹനിക്കപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവുമാണ്.
ബീ.ആര്‍.പി.ഭാസ്കര്‍ അദ്ദേഹത്തിന്റെ വായന എന്ന ബ്ലോഗില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അവിടെ നിന്നുമാണ് ഓണ്‍ലൈന്‍ പെറ്റീഷനെ കുറിച്ച് അറിവ് ലഭിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അവോളം ആസ്വാദിക്കുന്ന ബൂലോകര്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിക്കാന്‍ മുന്നോട്ട് വരണം. ഒരു കമന്റ് ഇടുന്നതിന്റെ നൂറിലൊരു അംശം സമയം കൊണ്ട് ഇതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായ ആശയ പ്രകാശനത്തിനും അനുകൂലമായി ഒരു വോട്ട് ചെയ്യാം.
പീ.ഗോവിന്ദന്‍ കുട്ടിയെന്ന വ്യക്തിയുടെ സ്വകാര്യാ ജീവിതത്തില്‍ അയാള്‍ കൊള്ളരുതാത്തവനോ അല്ലെങ്കില്‍ നല്ലവനോ ആകാം ആകാതിരിക്കാം. അതിലേക്ക് ചൂഴ്ന്നിറങ്ങുക എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങള്‍, പണയം വെക്കാത്ത പ്രതികരണ ശേഷിയോടെ പ്രകടിപ്പിക്കാന്‍ ജീവിത സായഹ്നത്തിലും ആര്‍ജ്ജവത്വം കാട്ടിയ ഒരു വ്യക്തി എന്ന നിലക്കും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കും അദ്ദേഹത്തോട് ഭരണകൂടവും നിയമപാലകരും കാട്ടിയ നീതിരാഹിത്യത്തോട് പ്രതികരിക്കുക തന്നെ വേണം.
ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ “അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവും” സംരക്ഷിക്കപ്പെടുമെന്നോ അല്ലെങ്കില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് പിന്‍ വലിക്കപ്പെടുമെന്നോ കരുതുക വയ്യ. എങ്കിലും മയലാളത്തില്‍ എഴുതുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന നാം പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ “പറയാനുള്ള അവകാശത്തിലേക്കുള്ള കൈകടത്തിലായി കണ്ടു കൊണ്ട്” പ്രതികരിക്കേണ്ടിയിരിക്കുന്നു.
ബീ.ആര്‍.പിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ പറഞ്ഞ പോലെ സമൂഹത്തിലെ ക്ഷുദ്ര ശക്തികള്‍ അവരവരുടെ അജന്‍ഡകള്‍ നിര്‍ബാധം സാധുക്കളിലേക്ക് അടിച്ചിറക്കുന്ന ആധുനിക സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഇവരൊക്കെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അക്ഷന്തവ്യമായ തെറ്റൊന്നും പീ.ഗോവിന്ദന്‍ കുട്ടി ചെയ്തിട്ടില്ല. “ഞങ്ങളുടെ ആപ്പീസില്‍ കേറിയ ഒരു പോലീസുകാരനും വന്നപോലെ പോയിട്ടില്ല” എന്ന് മുരണ്ട വെളിയം ഭാര്‍ഗ്ഗവനും “വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബിടും” എന്നലറിയ കൊടിയേരിയും നിര്‍ബാധം വിഹരിക്കുന്ന കേരളാ ക്രമസമാധാന മണ്ഡലത്തില്‍ ഭരണകൂടത്തിന് അപ്രിയരാകുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടിയിരിക്കുന്നു.
ബൂലോകത്തെ വിവാദങ്ങളിലും വിശേഷങ്ങളിലും മണിക്കൂറുകള്‍ ചിലവിടുന്ന നമ്മുക്ക് ഇത്തിരി നേരം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടിയും ചിലവിട്ടു കൂടേ?
ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഒരു വോട്ട്....
Friday, January 25, 2008
ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരിറ്റും.
22/01/2008ലെ ചരിത്രപരമായ തകര്‍ച്ചക്ക് ശേഷം 23/01/2008ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കുറച്ചതിന്റെ അനുകൂല ഘടകത്തില്‍ തൂങ്ങി വിപണി ഉയരും എന്ന് മനസ്സിലാക്കിയിരുന്ന ചെറുകിട നിക്ഷേപകന്‍ വിറ്റൊഴിയാന്‍ 23/01/2008ല്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിടക്കാര്‍ പലപ്പോഴും അതാതിടത്തെ ബ്രോക്കറന്മാരെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കാറ്. തങ്ങള്‍ വിറ്റൊഴിയുമ്പോഴും കസ്റ്റമറെ വിപണിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പലപ്പോഴും ബ്രോക്കറന്മാര്‍ പയറ്റാറ്. തകര്‍ന്ന് വരുന്ന വിപണിയില്‍ എപ്പോഴെങ്കിലും ഒരു ഉയര്‍ച്ച കാണുമ്പോ “സാറെ അതൊന്നു വിറ്റു താ” എന്നും പറഞ്ഞ് വരുന്ന പാവം നിക്ഷേപകനോട് “ക്യാരീ ഓവര്‍”, “റോളോവര്‍”, “പീ.വീ.റേഷ്യോ”, “ഫെഡറല്‍ റിസര്‍വ്വ്”, തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകള്‍ പറഞ്ഞ് “വിപണി വീണ്ടും ഉയരുകയാ. ഇപ്പോള്‍ മാറുന്നത് ബുദ്ധിയല്ലാ” എന്നൊക്കെ പറഞ്ഞ് വിപണിയുടെ ചതി കുഴികളിലേക്ക് തന്നെ സാധാരണക്കാരനെ പിടിച്ച് തള്ളീ തങ്ങളുടെ പൊസിഷനുകള്‍ ഒഴിവാക്കുന്നത് ബ്രോക്കറന്മാരുടെ പതിവുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ 23/01/2008ല്‍ എത്ര സാധുക്കള്‍ക്ക് വിപണിയില്‍ നിന്നും മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്.
24/01/2008ല്‍ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി മാര്‍ക്കറ്റില്‍ നിന്നും മാറിയപ്പോള്‍ അമേരിക്കയുടെ മുക്കാല്‍ ചക്ര ശോഷിപ്പില്‍ നിന്നും നേടിയ വീര്യം ഭാരത വിപണിയില്‍ നിന്നും ആവിയായി. അതായത് 22/01/2008ല്‍ തകര്‍ന്നടിഞ്ഞ വിപണി 23/01/2008ല്‍ ആയിരത്തി നാണൂറ് പോയിന്റ് വരെ ഉയര്‍ന്ന് തൊള്ളായിരത്തി നാല്‍പ്പതില്‍ ക്ലോസ് ചെയ്തു. 24/01/2008ല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയും വിപണിയിലെ ഏറ്റവും പ്രൊഫഷണല്‍ മാനുപ്പുലേറ്ററന്മാരായ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ വിപണി അതിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതേ സ്വഭാവം നാളെയും തുടരാനിരിക്കുന്നതിനിടക്കാണ് ഇടിവെട്ടിയവന്റെ തലയില്‍ കൊത്തിയ പാമ്പായി പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. “പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കണ്ട” എന്ന സര്‍ക്കാര്‍ തീരുമാനം വിപണിയുടെ തലക്ക് കൊത്തുന്ന പാമ്പു തന്നെയായിരിക്കും.
25/01/2008ല്‍ (ഇന്ന്) വിപണി വീണ്ടും ഇടിയും. അടുത്തൊന്നും ഇന്നി അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് “ശോഷിപ്പിക്കാന്‍” സാധ്യതയില്ലാത്തതിനാലും അമേരിക്കന്‍ വിപണി നേരേ താഴേക്ക് പോകുന്നതിനാലും തിരിച്ച് കയറാനുള്ള വിദൂര സാധ്യത പോലും ഭാരത വിപണിയില്‍ കാണുന്നില്ല. വിപണി അങ്ങിനെ കരടിമേളത്തിന് കളമാകുന്നു. പണമുള്ളവര്‍ സുക്ഷിച്ചു വെക്കുക. വരും ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, കാരണം സെന്‍സെക്സ് അയ്യായിരത്തിന് താഴെ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ട. അപ്പോള്‍ ആടിപ്പാടി ഓഹരികള്‍ വാങ്ങാം.
ഉയര്‍ന്ന പൊസിഷനുകള്‍ ഉള്ളവര്‍ വിറ്റൊഴിയുക കാരണം പോളിയുന്ന വിപണിയില്‍ നിന്നും ഊരുന്ന പണം ലാഭം. നഷ്ടം കുറക്കാന്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കരയേണ്ടി വരും. ഇന്നി വരുന്നൊരു മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ സ്ഥിരമായ മുന്നേറ്റം സ്വപ്നം പോലും കാണണ്ട. ധനകാര്യ മന്ത്രിയുടേയും വിപണി വിശാരദന്മാരുടേയും വിചാരിപ്പുകള്‍ക്ക് നിന്നു കൊടുക്കുക വിപണിയുടെ ബാധ്യതയല്ല. വിപണി അഡ്വാന്‍സ് ചെയ്ത സെന്‍സെക്സിന് അതിന്റെ തട്ടകമായ അയ്യായിരത്തിനും കീഴെ സുഖമായി ഉറങ്ങാന്‍ സമയമായി. ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാമ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ. ആരൊക്കെ ഭാരത സാമ്പത്തിക ഭദ്രതയെ കുറിച്ച് ഊറ്റം കൊണ്ടാലും വിപണി അയ്യായിരത്തിലേക്ക് പോകും. സംശയം വേണ്ട.
Wednesday, January 23, 2008
വിപണി കരടി പിടിയിലേക്ക്.
അമേരിക്കയുടെ നയങ്ങള്‍ക്ക് അനുസരണമായി ഭാരതത്തിന്റെ കമ്പോളവും ചലിക്കുന്നു എന്നത് ആഗോള വിപണിയുടെ പൊതു സ്വഭാവത്തിന്റെ ഭാഗമാണെന്ന് പറയാമെങ്കിലും ഭാരതത്തിന്റെ മൂലധന വിപണി എത്തി നില്‍ക്കുന്നത് ഒരു വല്ലിയ പ്രതിസന്ധിയിലാണ്. ആ പ്രതിസന്ധി സ്വയം ഉണ്ടായതല്ല. കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ്. കാരണം കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് വിപണി നേടിയത് ഏകദേശം പതിമൂന്നായിരം പോയിന്റാണ്. ഇത്രയധികം പണം വിപണിയിലേക്ക് എത്തിച്ചത് ദീര്‍ഘകാല നിക്ഷേപകരാണോ? അല്ല തന്നെ. ദീര്‍ഘകാല നിക്ഷേപകരാണ് വിപണിയുടെ നട്ടെല്ല്. ഊഹകച്ചവടവും ഹൃസ്വകാല നിക്ഷേപകരും വിപണിയില്‍ നിന്നും അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ലാഭം എത്തി എന്ന് തോന്നിയാല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങും, യാതൊരു മുന്‍വിധിയും ഇല്ലാതെ തന്നെ.
നമ്മുടെ വിപണിയിലേക്ക് ഒഴുകുന്ന പണം ഭാരതത്തിലെ യഥാര്‍ത്ഥ നിക്ഷേപരുടേതല്ല. എഫ്.ഐ.ഐ. എന്ന് ഓമന പേരില്‍ അറിയപ്പെടുന്ന ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന്റെ പണമാണ് ഇന്ന് വിപണിയെ നിയന്ത്രിക്കുന്നത്. അതായത് ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെ അല്പം പോലും മാനിക്കാതെ തങ്ങളുടെ ലാഭം മാത്രം ലാക്കാക്കി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത് പിന്‍വാങ്ങാനുള്ള അവസരം അവര്‍ തന്നെ കൃതൃമമായി ഉണ്ടാക്കിയിട്ട് വിപണിയില്‍ നിന്നും അവര്‍ ഒഴിഞ്ഞ് തുടങ്ങിയെന്ന്. എങ്ങിനെയെന്നാല്‍ നിമിഷങ്ങള്‍ കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വ്യമോഹിപ്പിച്ച് വിപണിയുടെ ഉണര്‍വിലേക്ക് മക്കളെ കെട്ടിക്കാന്‍ വെച്ചിരുന്ന പണം വരെ കൊണ്ടു തള്ളാന്‍ പ്രേരിപ്പിച്ച് ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാങ്ങി ആത്മഹത്യയുടെ വക്കിലേക്ക് ഭാരതത്തിലെ സാധാരണക്കാരനെ എത്തിച്ചിട്ട് വിപണി ഉറങ്ങികിടന്നപ്പോള്‍ വാങ്ങിക്കൂട്ടിയ ഓഹരികളില്‍ നിന്നും ലാഭം കൊയ്ത് വിദേശിയര്‍ കൊള്ളലാഭം ഉണ്ടാക്കിയിട്ട് മാറി നില്‍ക്കും. ഇന്നിയും തകര്‍ന്നടിയുന്ന വിപണിയില്‍ നിന്നും സാധാരണക്കാരന്‍ ഒഴിഞ്ഞ് പോകുമ്പോള്‍ വീണ്ടും നനഞ്ഞ പൂച്ചയെപോലെ കടന്ന് വന്ന് ആരും അറിയാതെ വില കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങികൂട്ടും. വീണ്ടും വിപണി ഉയരും. സാധാരണക്കാരന്‍ ഉയര്‍ന്ന വിലയില്‍ വിദേശീയരുടെ കയ്യില്‍ നിന്നും സ്വദേശീ ഓഹരികള്‍ വാങ്ങും. വീണ്ടും വിദേശീയര്‍ക്കായി വിപണി പൊട്ടും. കൂടെ പൊട്ടുന്നത് സാധാരണക്കാരും.
ഇന്നലെ മാത്രം വിപണിയില്‍ നിന്നും ആവിയായത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ഈ പണമത്രയും പോയത് സാധാരണക്കാരായ നിക്ഷേപകരില്‍ നിന്നുമായിരുന്നു എന്ന വാര്‍ത്ത ശരിവെക്കുന്നത് വിപണിയുടെ കൃതൃമങ്ങളാണ്. ഇന്നലെ വരെ വിപണിയുടെ കരുത്തിനെ പ്രകീര്‍ത്തിച്ചിരുന്നവരുടെ ശരീര ഭാഷകളില്‍ മാറ്റം വന്നു തുടങ്ങി. പത്ത് ദിനം മുമ്പ് ഒരു ദിനം വിപണി താഴേക്കിരുന്നപ്പോള്‍ ഭാരതത്തിന്റെ മൂലധന വിപണീ വിദഗ്ദര്‍ പറഞ്ഞ ഒരു കാരണം “റിലയന്‍സിന്റെ നാച്വറല്‍ റിസോര്‍സിലേക്ക് ഫണ്ട് തിരിച്ചു വിട്ടത് കൊണ്ടാണ് വിപണി താഴ്ന്നത്” എന്നാണ്. ഒരു കമ്പനിയുടെ ഐ.പി.ഓയിലേക്കോ മ്യൂച്വല്‍ ഫണ്ടിലേക്കോ പണം നിക്ഷേപിക്കണമെങ്കില്‍ അപേക്ഷിക്കുന്ന അതേ സമയത്ത് പണമായി തന്നെ നിക്ഷേപിക്കണം. മൂലധന വിപണിയില്‍ നിന്നും ഓഹരികള്‍ വിറ്റാല്‍ ഏറ്റവും കുറഞ്ഞത് പതിനഞ്ച് ദിനമെങ്കിലും വേണം പണം കയ്യില്‍ കിട്ടാന്‍. പിന്നെങ്ങിനെ ഒറ്റ ദിനം കൊണ്ട് വിപണിയില്‍ നിന്നും പണം പിന്‍വലിച്ച് “റിലയന്‍സ് നാച്വറല്‍ റിസോഴ്സില്‍” നിക്ഷേപിക്കും. വിപണി താഴുമ്പോള്‍ എന്തെങ്കിലുമൊക്കെ തട്ടി മൂളിക്കാന്‍ റിലയന്‍സും ഒരു കാരണമായി എന്ന് മാത്രം.
പത്ത് ദിനത്തിന് ശേഷം ഇന്നലെയും ഇന്നുമായി വിപണി ചരിത്രത്തിലെ ഏറ്റവും വല്ലിയ രണ്ടാമത്തെ തകര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ (ഏറ്റവും വലിയ തകര്‍ച്ച ഹര്‍ഷത് മേത്ത സംഭാവന ചെയ്തത്) വിപണീ വിദഗ്ദര്‍ക്ക് പറയാനുള്ളത് ഇപ്പോഴും റിലയന്‍സിലേക്ക് ഫണ്ട് പോയതും അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും സിറ്റി ബാങ്കിന്റെ പ്രവര്‍ത്തന നഷ്ടവും ഒക്കെ തന്നെയാണ്. എന്നിട്ട് ആശ്വാസം കൊള്ളുന്നതോ ഫോറിന്‍ ഇന്‍സ്റ്റിട്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് പണവുമായി കാത്തിരിക്കുകയാണ് അവര്‍ ഭാരത വിപണിയില്‍ നിക്ഷേപിക്കും എന്ന്. അവര്‍ നിക്ഷേപിക്കുന്നത് അവരുടെ ലാഭത്തിന്. അതില്‍ ഭാരതീയന് എന്ത് കാര്യം.
ഭാരതത്തിലെ ചെറുകിട നിക്ഷേപകരേയും സാധാരണക്കാരനേയും വ്യാമോഹിപ്പിച്ച് വിപണിയുടെ ചതിക്കുഴികളില്‍ പെടുത്തിയിട്ട് ലാഭവുമായി വിദേശീയര്‍ മടങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് ചിദംബരം ഇന്ന് പറയുമ്പോള്‍, ഇല്ലാത്ത പണം കൊണ്ട് വിപണി പതിനായിരം പോയിന്റിലേക്കെത്തി നാലു ദിനം കൊട്ട് പൊട്ടി പൊളിഞ്ഞപ്പോള്‍ അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന്‍ സിങ്ങും “വിപണിയെ സമചിത്തതയോടെ സമീപിക്കൂ ചെറുകിടക്കാരേ...നിങ്ങള്‍ ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്” എന്ന് തന്നെയാണ് പറഞ്ഞത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ ഒമ്പതിനായിരത്തി എഴുനൂറില്‍ നിന്നും പൊട്ടിയ വിപണി എത്തി നിന്നത് മൂവായിരത്തിനടുത്ത്. പിന്നെ എത്രയോ വര്‍ഷങ്ങള്‍ വിപണി കരടിയുടെ പിടുത്തത്തിലായിരുന്നു.
ഇപ്പോള്‍ വിപണി വീണ്ടും കരടിയുടെ പിടുത്തത്തിലേക്ക് പോകുന്നു. അത് തുടങ്ങി കഴിഞ്ഞു. ഏപ്രിലോടുകൂടി ഇറാനില്‍ അമേരിക്ക ആദ്യ ബോംബിടും അതോടെ ആഗോള വിപണിക്കൊപ്പം നമ്മുടെ വിപണി തകര്‍ന്നടിയും. അതിന്റെ തുടക്കമാണ് ആഗോള വിപണിയില്‍ കാണുന്നത്. വിപണിക്ക് ഒരു മനശ്ശാസ്ത്രമുണ്ട്. വിപണി ഉയര്‍ച്ചയുടെ പാതയിലാണെങ്കില്‍ വിപരീതമായി വരുന്ന കാര്യങ്ങളിലെ അനുകൂലഘടകങ്ങളെ കണ്ടെത്തി അതിനോട് ചേര്‍ന്ന് പോസിറ്റീവ് ആയി പ്രതികരിക്കും. വീണ്ടും ഉയരത്തിലേക്ക് പോകും. അതേ സമയം വിപണി താഴ്ചയിലാണെങ്കില്‍ അനുകൂല ഘടകങ്ങള്‍ വന്നാലും ആ അനുകൂല ഘടകങ്ങളിലെ ന്യൂനതകള്‍ മുന്‍കൂട്ടി കണ്ട് വിപണി അതിനനുസരിച്ച് വീണ്ടും താഴേക്ക് പോകും. അതായത് വിപണിയുടെ ഉയര്‍ച്ചയുടെ സമയത്താണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. അധികാരത്തില്‍ ബീ.ജെ.പി വീണ്ടും വരികയും ഹിമാചലില്‍ കോണ്‍ഗ്രസ് നിലം പതിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടി എന്ന ന്യൂനതയില്‍ വിപണി താഴേക്ക് പോരേണ്ടുന്നതായിരുന്നു. പക്ഷേ സംഭവിച്ചത് നേരേ തിരിച്ചും. കാരണമെന്താ. ഉടന്‍ ഒരു പൊതു തിരഞ്ഞെടുപ്പ് ഒഴിവായി എന്ന ഒരു ചെറിയ അനുകൂലഘടകത്തെ ഭരണ കക്ഷിക്കേറ്റ തിരിച്ചടി എന്ന വന്‍ ന്യൂനതയില്‍ നിന്നും വിപണി വേര്‍തിരിച്ചെടുത്തു. അത്ര തന്നെ. നേരേ മറിച്ച് ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിപണി കരടിപിടിയിലായിരുന്നു എങ്കില്‍ വീണ്ടും താഴേക്ക് തന്നെ പോകുമായിരുന്നു. അപ്പോള്‍ കാരണം “ഭരണ കക്ഷിക്കേറ്റ തിരിച്ചടി” ആവുകയും ചെയ്യുമായിരുന്നു.
ഇപ്പോള്‍ വിപണി താഴ്ചയിലേക്കാണ്. ഇന്ന് അമേരിക്കന്‍ ഫേഡറല്‍ റേറ്റ് മുക്കാല്‍ ശതമാനം കുറച്ചതിനോട് നാളെ വിപണി അനുകൂലമായി പ്രതികരിക്കില്ല. “അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം കൂടുന്നതിനാലാണ് ഫെഡറല്‍ റിസര്‍വ് റേറ്റ് കുറച്ചത്, അതിനാല്‍ അമേരിക്കന്‍ വിപണിയോടൊപ്പം ഏഷ്യന്‍ വിപണിയും കുടെ നമ്മുടെ വിപണിയും താഴേക്ക്” എന്നതായിരിക്കും നാളത്തെ വിപണിയുടെ മന:ശ്ശാസ്ത്രം. സെപ്തംബറില്‍ അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് അരശതമാനം കുറച്ചപ്പോള്‍ ഭാരത വിപണി മുന്നേറിയത് അന്ന് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരുന്നത് കൊണ്ടാണ്. ഇന്ന് വിപണി താഴ്ചയിലാണ്. സാമ്പത്തിക മേഖലയില്‍ ഉണ്ടാകുന്ന എല്ലാ അനുകൂല ഘടകങ്ങളോടൂം വിപണി ഇപ്പോള്‍ വിപരീതമായേ പ്രതികരിക്കുള്ളൂ.
ഇന്ന് ഒരു മണിക്കൂര്‍ വിപണി അടച്ചിട്ടട്ട് വീണ്ടും വിപണി തുറന്നപ്പോള്‍ തകര്‍ച്ചയുടെ തടയിട്ടതിന്റെ പിന്നാമ്പുറം തേടി പോയാല്‍ യൂ.ടീ.ഐക്കും എല്‍.ഐ.സിക്കും ഒക്കെ ഒരു പാട് പറയാന്‍ കാണും. വിപണിയിലേക്ക് നമ്മുടെ പൊതു മേഖലാ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും ഇന്ന് തടസ്സപ്പെട്ട ഒരു മണിക്കൂറിന് ശേഷം ഒഴുകിയ പണത്തിന് ഒരു കണക്കും ഉണ്ടാകില്ല. വിപണിയെ പിടിച്ച് നിര്‍ത്താന്‍ വേണ്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇന്ന് വിപണിയില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിട്ടുള്ള നമ്മുടെ സാധാരണക്കാരന്റെ നിക്ഷേപ താല്പര്യ സംരക്ഷണാര്‍ത്ഥം സൃഷ്ടിക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ നെറ്റ് അസറ്റ് വാല്യൂ താഴേക്ക് പോകുന്നതും നാളെ കാണാം.
ഭാരത മൂലധന വിപണിയിലെ സെക്കന്ററി മാര്‍ക്കറ്റില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. പബ്ലിക്ക് ഇഷ്യൂവില്‍ നേരിട്ട് പണം നിക്ഷേപിച്ച് മാന്യമായ ലാഭം കിട്ടുമ്പോള്‍ വിറ്റുമാറുക. ലോകത്തിലെ ഏറ്റവും അനിശ്ചിതമായ മൂലധന വിപണിയാണ് ഭാരതത്തിന്റേത് എന്ന് സ്വയം തിരിച്ചറിയുക.
Wednesday, January 09, 2008
അക്ഷര ജാലകമേ....വിട.
അക്ഷര ജാലകം പിറന്നത് അക്ഷരവിരോധത്തിന്റെ അല്പത്വത്തില്‍ നിന്നുമായിരുന്നു എന്ന തിരിച്ചറിവിന് ബൂലോകം വേണ്ടി വന്നു എന്നത് ബൂലൊകത്തിന്റെ മറ്റൊരു നന്മ.
കലാകൌമുദിയില്‍ കമന്റ് ഓപ്‌ഷന്‍ ഉണ്ടാകാഞ്ഞത് നന്നായി എന്ന് കരുതാന്‍ വരട്ടെ. പട പേടിച്ച് കൌമുദിയില്‍ ചെന്നപ്പോള്‍ അവിടെ ചൂട്ടും കത്തിച്ചാ...

അക്ഷരജാലകത്തിന്റെ വിമര്‍ശനമേറ്റുവാങ്ങിയ ആരെങ്കിലും അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വ്യാജ ഐ.ഡിയില്‍ “അക്ഷരജാലകം” എന്ന പേരില്‍ എം.കെ.ഹരികുമാറിന്റെ ഫോട്ടോയും വെച്ച് ബ്ലോഗ് തുടങ്ങിയതാണ് എന്ന് വിശ്വാസിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചത്. ബൂലോകത്തെ “അക്ഷരജാലകത്തിന്റെ” അപചയം അതിരു വിട്ടപ്പോള്‍ ആ സംശയം ഇരട്ടിച്ചു. പക്ഷേ ആ എം.കെ. ഹരികുമാര്‍ തന്നെ ഈ എം.കെ. ഹരികുമാറെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോള്‍ അമര്‍ഷം എന്റെ ആസ്വാദനത്തോട് തന്നെ. അല്ലാതെന്ത് ചെയ്യാന്‍.
Wednesday, January 02, 2008
ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന് സ്നേഹ പൂര്‍വ്വം..
സജ്ജീവ് ബാലകൃഷ്ണന്‍ തുടങ്ങുന്നത് രണ്ടായിരത്തി ഏഴ് ജൂലൈ ഇരുപത്തി നാലാം തീയതി ബൂലോകത്തിന്റെ പുപ്പുലിയെ ആവാഹിച്ച് കൊണ്ടാണ്. ബൂലോകത്തേക്ക് സജ്ജീവ് ബാലകൃഷ്ണനെ കൈപിടിച്ചെത്തിച്ച വിശാലമനസ്കനില്‍ തുടങ്ങിയ ജൈത്രയാത്ര നൂറെന്ന നാഴിക കല്ലിലെത്തുമ്പോള്‍ കാര്‍ട്ടൂണ്ണിസ്റ്റിന്റെ തൂലിക ചലിച്ചത് സജ്ജിവ് ബാലകൃഷ്ണനെ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സണ്ണിമാഷിന് വേണ്ടിയായിരുന്നു. സണ്ണിമാഷും കാര്‍ട്ടൂണിസ്റ്റായ സജ്ജീവ് ബാലകൃഷ്ണനും തമ്മിലുള്ള ആത്മ ബന്ധം ബൂലോകര്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു കുറിപ്പുമായി. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വവും ആത്മമിത്രങ്ങളുടെ മഹിമയും സാഹോദര്യത്തിന്റെ വിശുദ്ധിയും ഒരു പോലെ അനുവാചകനിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു സണ്ണിമാഷിനെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പ്.
നൂറ് പുലികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഏതാണ് എന്ന് സജ്ജിവ് ബാലകൃഷ്ണനോട് ചോദിച്ചാല്‍ എല്ലാം ഒരു പോലെയെന്ന മറുപടിയായിരിക്കും ലഭിക്കുക. സൃഷ്ടികര്‍ത്താവിന് അങ്ങിനെയായിരിക്കുമെങ്കിലും അനുവാചകന് ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുമല്ലോ? അല്ല ഉണ്ടാകണം. ഏതാനും വരകള്‍ കൊണ്ട് ഒരു വ്യക്തിയുടെ സ്വഭാവവും ശൈലിയും രൂപവും അതേപടി ആവാഹിച്ച് വെക്കുന്നതാണ് കാരിക്കേച്ചര്‍ എങ്കില്‍ സജ്ജീവിന്റെ ലിസ്റ്റിലെ നാല്പതാം നമ്പര്‍ പുലി ആകാന്‍ ഭാഗ്യം സിദ്ധിച്ച കൂഴൂര്‍ വിത്സന്റെ കാരിക്കേച്ചര്‍ ആയിരിക്കും ഒന്നാമതെത്തുക. ഒരിക്കലെങ്കിലും കൂഴൂര്‍ വിത്സനെ നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും.
അറുപത്തി മൂന്നാം നമ്പര്‍ പുലിമണി ദേവസേനയും കിടാങ്ങളും പുലി ലിസ്റ്റില്‍ വേറിട്ട് നില്‍ക്കുന്നു. കൂടെയുള്ള കുറിപ്പും കൂടിയാകുമ്പോള്‍ എല്ലാം തികഞ്ഞു.
ആദ്യ ബൂലോക വിവാഹത്തിന് സജ്ജീവിന്റേതായി വന്ന വിവാഹ സമ്മാനവും മംഗള പത്രവും നന്നായി ആസ്വദിക്കപ്പെട്ട കാരിക്കേച്ചര്‍ ആയിരുന്നു. കുപ്പയമില്ലാത്ത മെലിഞ്ഞ ഉടലുമായി “കട്ടനും” അടച്ച് എഴുതി തള്ളുന്ന ബെര്‍ളീതോമസും ചട്ടയിട്ട് വാലിട്ട മുണ്ടുമുടുത്ത് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ഒതുക്കത്തില്‍ ഓടിപോകുന്ന കൊച്ചു ത്രേസ്യയും ചെവിയില്‍ ചെമ്പരത്തി ചൂടി പായസമിളക്കുന്ന കൈതമുള്ളും വള്ളിനിക്കറുമിട്ട് ചിമ്മിനി വെട്ടത്തില്‍ വരമൊഴി സ്ലേറ്റിലെഴുതുന്ന സിബുവും തുടങ്ങിയെല്ലാ കാരിക്കേച്ചറുകളും ബൂലോകര്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതിന് തെളിവാണ് ഈ കാരിക്കേച്ചറുകളില്‍ മിക്കതും അതാത് ബ്ലോഗറന്മാരുടെ ബ്ലോഗുകളില്‍ ഇടം തേടിയിരിക്കുന്നു എന്നത്.
ചിരി ഒരു വളവാണ് എന്നപേരില്‍ കൂഴൂര്‍ വിത്സന്‍ തന്റെ വാര്‍ത്തകള്‍ വായിക്കുന്നത് എന്ന ബ്ലോഗില്‍ സജ്ജീവ് ബാലകൃഷ്ണനെ ഏഷ്യനെറ്റ് വഴി പരിചയപ്പെടുത്തുന്നത് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമായിരുന്നു.
കേവലം ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം ബൂലോകത്തിലെ ബ്ലോഗറന്മാരുടെ കാരിക്കേച്ചറുകള്‍ വരച്ചു തുടങ്ങുകയും നൂറ്റി അമ്പത് ദിനങ്ങള്‍ കൊണ്ടു നൂറ് കാരിക്കേച്ചറുകള്‍ വരച്ച് ബൂലോകത്തിന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയും ചെയ്ത സജ്ജീവ് ബാലകൃഷ്ണന് സ്നേഹോപഹാരമായി രണ്ടായിരത്തി എട്ടിലെ ആദ്യ പോസ്റ്റ് സമര്‍പ്പിക്കുന്നു.
രണ്ടായിരത്തി പത്ത് ഡിസംബറ് മുപ്പത്തിയൊന്നാം തീയതി ആയിരം “പുലികള്‍” എന്ന ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ!
Saturday, December 01, 2007
ദേശീയ ദിനാശംസകള്‍....
യൂ.ഏ.യീ അതിന്റെ മുപ്പത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് ഡിസംബര്‍ രണ്ടാം തീയതി ബ്രിട്ടീഷ്‌കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അബൂദാബി, ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍, ഉമ്മുല്‍ഖൊയ്‌വാന്‍, ഫുജൈറ എന്നീ ആറു എമിരേറ്റുകള്‍ ചേര്‍ന്ന് ഒരു ഫെഡെറേഷനായി യുണൈറ്റഡ് അരബ് എമിരേറ്റ്സ് നിലവില്‍ വന്നു. റസല്‍ഖൈമ തുടക്കത്തില്‍ ഫെഡറേഷനില്‍ അംഗമായിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് ഫെബ്രുവരി പത്താം തീയതിയാണ് റാസല്‍ഖൈമയും കൂടിചേര്‍ന്ന ഇന്നത്തെ രീതിയിലുള്ള ഒരു എമിരേറ്റ്സുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് അരബ് എമിരേറ്റ്സ് എന്ന രാജ്യം നിലവില്‍ വന്നത്. എങ്കിലും എല്ലാ എമിരേറ്റുകളും വിദേശാധിപത്യത്തില്‍ നിന്നും വിമോചിക്കപ്പെട്ട ഡിസംബര്‍ രണ്ട് തന്നെയാണ് ദേശീയ ദിനമായി യൂ.ഏ.യീ. ആചരിക്കുന്നത്.
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഏതെങ്കിലും ഒരു രാജ്യം യുണൈറ്റഡ് അറബ് എമിരേറ്റ്സ് നേടിയെടുത്ത പോലൊരു വളര്‍ച്ച നേടിയിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ലോക വാണിജ്യ ഭൂപടത്തില്‍ യൂ.ഏ.യീക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്. വികസിതരാജ്യങ്ങളില്‍ ഇരുപതാം സ്ഥാനം കയ്യാളുന്ന യൂ.ഏ.യീ അന്യ ദേശക്കാരോടു കാട്ടുന്ന സഹിഷ്ണുതയും സ്നേഹവും സഹവര്‍ത്തിത്വവും അനന്യമാണ്. വിദേശീയരോടുള്ള സര്‍ക്കാറിന്റെ നിലപാടുകള്‍ എപ്പോഴും സൌഹാര്‍ദ്ദപരമാണ് എന്നതിലുപരി യൂ.ഏ.യീ പൌരന്മാരുടെ സ്നേഹവും ദയയും സഹകരണവും ഒരു പക്ഷേ ലോകത്ത് മറ്റൊരു ജനതയിലും ദര്‍ശിക്കാന്‍ കഴിയില്ല തന്നെ.
അറബിക് ആണ് ഔദ്യോതിക ഭാഷയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും ഉറുദുവും പൊതുവായി ഉപയോഗിക്കപ്പെടുന്നു. മലയാളം സംസാരിക്കാത്ത ഒരു കോണും യൂ.ഏ.യില്‍ ഇല്ല തന്നെ. മലയാളം മാത്രം പറഞ്ഞ് ജീവിക്കാമെന്ന് ചുരുക്കം. മലയാളിക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം അറിയണമെങ്കില്‍ അറബികളുമായി സംസാരിക്കണം. സ്വന്തം സഹോദരനു തുല്യം മലയാളിയെ കാണുന്ന യൂ.ഏ.യീ പൌരന്മാരെ പലപ്പോഴും നമ്മുടെ ആള്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിക്കാറുമുണ്ട്. എങ്കിലും എപ്പോഴും മലയാളികളെ തന്നെയാണ് യൂ.ഏ.യീ. പൌരന്മാര്‍ കൂടുതലും വിശ്വാസിക്കുന്നതും ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്നതും. വിശ്വസ്തരായിരിക്കാന്‍ നമ്മുക്ക് കഴിയുന്നിടത്തോളം രാജ്യത്ത് മലയാളിക്കുള്ള അവസരങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.
മാതൃഭൂവില്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ മലയാളിക്കെന്ന പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്‍ക്കൊക്കെയും താങ്ങും തണലും സാന്ത്വനവും ജീവിതവും നല്‍കി പോറ്റമ്മയായി മാറുന്ന, ഉന്നതിയില്‍ നിന്നും ഉന്നതിയിലേക്ക് കുതിക്കുന്ന യുണൈറ്റഡ് അറബ് എമിരേറ്റ്സിന് ഹൃദയം നിറഞ്ഞ മുപ്പത്തിയാറാം ജന്മദിനാശംസകള്‍...
Friday, November 30, 2007
എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.
ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.
ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.
എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.
ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.
ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?
നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാരതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.
പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....
Sunday, November 18, 2007
പഴഞ്ചൊല്ലിലെ പതിരുകള്‍
1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.
2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?
3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?
4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?
5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?
6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?
7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?
8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.
9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?
10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?
11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..
12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.
13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?
14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.
15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?
16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.
17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?
18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...
19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.
20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?
കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...
Tuesday, November 13, 2007
തലതിരിഞ്ഞ കര്‍ഷക താല്പര്യ സംരക്ഷണം.
കേരളത്തിലെ കേരകര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ല എന്നതാണല്ലോ ഇറക്കുമതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക പ്രശ്നം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ലാ എന്ന് പറയുന്നിടത്ത് ഉപഭോക്താവ് അന്യായ വില കൊടുത്ത് കര്‍ഷകന്റെ ഉല്പന്നം വാങ്ങണം എന്നും വായിക്കണം. ഇറക്കുമതിയിലൂടെ ജനങ്ങള്‍ക്ക് സ്വദേശീ ഉല്പന്നത്തേക്കാള്‍ വില കുറച്ച് ഭക്ഷ്യ എണ്ണ ലഭിക്കും എന്നും മനസ്സിലാക്കണമല്ലോ. വിലകയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞ ഉപഭോത്കൃ സംസ്ഥാനത്തെ പ്രജകള്‍ക്ക് ഇറക്കുമതിയിലൂടെ വില കുറഞ്ഞ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന നന്മയെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അതായത് കേരളാ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉപഭോക്താക്കളുടെ ചിലവിലാകരുത് എന്ന് നല്ല മലയാളം.
കേരളത്തിലെ തകരുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് ഇറക്കുമതി നിരോധിച്ചു കൊണ്ടല്ല. യൂണിയനുകളുടെ നീരാളി പിടുത്തത്തില്‍ പെട്ടു താറുമാറായ കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ട് വന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വില കുറച്ച് ഉല്പാദനം നടത്തി സ്വദേശീ ഉല്പന്നങ്ങളിലേക്ക് ഉപഭോക്താവിന്റെ താല്പര്യം പിടിച്ചു നിര്‍ത്തി ഇറക്കുമതിയെ അകറ്റുകയാണ് വേണ്ടത്. കാര്‍ഷിക മേഖല തകര്‍ന്നത് ഇറക്കുമതി എന്ന ദുര്‍ഭൂതം കേരളത്തില്‍ താണ്ഡവ നൃത്തം ആടിയതു കൊണ്ടല്ലാ എന്ന് ഏവര്‍ക്കും അറിയാം. അടിസ്ഥാന തൊഴില്‍ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകള്‍ ഉടലെടുത്തതാണ് കേരളത്തിലെ കാര്‍ഷിക മേഖല തകരാനുള്ള പ്രധാന കാരണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലഘട്ടത്തില്‍ ഉല്പാദനാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി കേരളാ കാര്‍ഷിക മേഖലയെ ലോക വിപണിയോട് കിടപിടിക്കാന്‍ തക്ക കെല്പുണ്ടാക്കി നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിദേശത്ത് നിലവിലുള്ള ചോദനത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടുന്നത്.
തേങ്ങയുടെ തറവില നാലു രൂപ മുപ്പത് പൈസയെന്ന് മുഖ്യമന്ത്രി അഭിമാനം അലതല്ലുന്ന ശരീരഭാഷയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ യൂ.ഏ.യീല്‍ ശ്രീലങ്കയില്‍ നിന്നും വരുന്ന തേങ്ങയൊന്നിന് വില രണ്ടു ദിര്‍ഹമാണ്. അതായത് ഏകദേശം ഇരുപത്തിരണ്ടു രൂപ. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് വില പന്ത്രണ്ട് ദിര്‍ഹം. (ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് രൂപ). അമേരിക്കാവില്‍ തേങ്ങയൊന്നിന് രണ്ടര ഡോളര്‍ (രൂപയില്‍ പറഞ്ഞാല്‍ നൂറ് രൂപ). വെളിച്ചെണ്ണ വില ലിറ്ററിന് ആറ് ഡോളര്‍ (രൂപയില്‍ ഇരുന്നുറ്റി നാല്പത്). ഒരു കിലോ പച്ച കപ്പക്ക് യൂ.ഏ.യില്‍ വില ആറര ദിര്‍ഹം. (എഴുപത്തി അഞ്ച് രൂപ) ഉണക്ക കപ്പ കിലോക്ക് പതിനാലു ദിര്‍ഹം. (നൂറ്റി അമ്പത് രൂപയോളം) കപ്പയും തേങ്ങയും കൂടുതലും വരുന്നത് ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈനില്‍ നിന്നും ഒക്കെയാണ് എന്നത് അവിടുത്തെ സര്‍ക്കാരുകളുടെ മിടുക്ക്. ദോഷം പറയരുതല്ലോ കേരഫെഡിന്റേതായ വെളിച്ചെണ്ണ എത്തുന്നുണ്ട്. വേണ്ടത്ര വിപണന സൌകര്യങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതു കൊണ്ട് മലയാളികള്‍ പോലും അത് വാങ്ങാറില്ലാന്ന് മാത്രം. കര്‍ഷകന്റെ കയ്യില്‍ നിന്നും നേരിട്ട് തേങ്ങയും കപ്പയും ഒക്കെ ശേഖരിച്ച് വിദേശ വിപണികളിലേക്ക് കയറ്റി വിട്ട് നമ്മുടെ കാര്‍ഷിക വിളകളുടെ ഉല്പാദകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാതെ ഇറക്കുമതി നിരോധിച്ചു കൊണ്ട് മാത്രം കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാം എന്ന് കരുതുന്നത് മൂഢത്വമാണ്. അല്ലെങ്കില്‍ കടം കൊണ്ടു പൊറുതി മുട്ടുന്ന കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.
കേരളത്തിന്റെ കാര്‍ഷിക വിളകളുടെ വിപണനത്തില്‍ നിന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ തലത്തില്‍ വിളകള്‍ സംഭരിക്കുക. സംഭരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കുക. കയറ്റി അയക്കാനായി തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും പാക്കിങ്ങും ആഗോള നിലവാരത്തിലാണെന്ന് ഉറപ്പ് വരുത്തുക. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആഗോളവിപണിയിലേക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ യഥാസമയം എത്തിക്കുക എന്നതില്‍ കവിഞ്ഞ് ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമൊന്നും ആരും ചെയ്യേണ്ടതില്ല. നമ്മുടെ ഉല്പന്നങ്ങള്‍ക്ക് തരക്കേടില്ലാത്ത ആവശ്യക്കാര്‍ ആഗോള വിപണിയില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നി ഉണ്ടാവുകയും ചെയ്യും. ആ വിപണി ശ്രിലങ്കക്കും ഫിലിപ്പൈനും മലേഷ്യക്കും ഒക്കെ പണയം വെച്ചിട്ട് നാട്ടിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കഴിയുന്ന ഇറക്കുമതിയെ നിരോധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കാമെന്നാണ് കരുതുന്നതെങ്കില്‍ ഇറക്കുമതിക്കനുകൂലമായി ഉപഭോക്താക്കള്‍ സമര രംഗത്തേക്കിറങ്ങണം. അസംഘടിതരുടെ ജീവിത ചിലവുയര്‍ത്തി സംഘടിതരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ തന്നെ ദുഷ്കരമായിരിക്കുന്ന കേരളാ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ കലുഷിതമാക്കും എന്നതിന് യാതൊരു സംശയവും വേണ്ട.
Sunday, October 14, 2007
വിളിക്കാം ഫോണ്‍ - സൌജന്യമായി.
ഒരു തരം റെഫറല്‍ പ്രോഗ്രാമാണ്‍ ടോക്കീവോ . ഒരോ റെഫറല്‍ അക്കൌണ്ടും ആക്ടിവേക്ട് ചെയ്യുമ്പോള്‍ റെഫറ് ചെയ്യുന്നയാള്‍ക്ക് പതിനഞ്ച് റ്റോക്കീവോ പോയിന്റ് ലഭിക്കും. ഈ ടോക്കീവോ പോയിന്റ് ഫോണ് വിളിക്കാനുള്ള ക്രെഡിറ്റ് ആയി മാറുകയാണ് ചെയ്യുന്നത്.
ഇന്നി റേഫറല്‍ പോയിന്റ് വേണ്ട എന്നാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സമര്‍പ്പിച്ചും പോയിന്റ് സ്വന്തമാക്കാം. ഇതും സൌജന്യമാണ്‍. കാര്‍ഡില്‍ നിന്നും ഒരു സംഭാവന അവര്‍ ചുരണ്ടി മാറ്റും എന്ന് മാത്രം. താരതമ്യന ഗണ്യമായ കുറവാണ് നേരിട്ട് കാറ്ഡ് ഉപയോഗിച്ച് വിളിച്ചാലും ടോക്കിവോ ഈടാക്കുന്നത്. അങ്ങിനെയാണേലും ലാഭം തന്നെ.
സര്‍വ്വ സാധാരണമായ കംബൂട്ടറില്‍ നിന്നും ഫോണിലേക്ക് വിളിക്കുന്ന സേവനമല്ല ടോകീവോ ചെയ്യുന്നത്. ഫോണില്‍ നിന്നും ഫോണിലേക്കുള്ള സേവനമാണ് ടോക്കിവോ നല്‍കുന്നത്. ലാന്റ് ലൈനില്‍ നിന്നും മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ, മൊബൈലില്‍ നിന്നും ലാന്റ് ലൈനിലേക്കോ മൊബൈലിലേക്കോ ഒക്കെ സൌകര്യ പ്രദമായി വിളിച്ച് ആര്‍മ്മാദിക്കാം.
ഒരോ രാജ്യത്തേയും നിയമങ്ങള്‍ക്ക് വിധേയമാണോ ടോക്കീവോ വിളികള്‍ എന്ന് ആധികാരികമായി നോക്കിയിട്ട് വേണം ഈ സൌകര്യം ഉപയോഗിക്കേണ്ടത്. ഏതെങ്കിലും രാജ്യത്തെ ടെലിഫോണ്‍ അതോരിറ്റികളുടെ നിവന്ധനകള്‍ക്ക് വിധേയമല്ല ടോക്കീവോ എങ്കില്‍ ഈ സൌകര്യത്തിന്റെ സൌജന്യം ഉപയോഗിച്ചിട്ട് എന്തെങ്കിലും നിയമകുരുക്കില്‍ പെട്ടാല്‍ കരഞ്ഞും വിളിച്ചും ഈ വഴിക്ക് പരാതിയുമായി വരണ്ട എന്ന് ചുരുക്കം.
Wednesday, August 29, 2007
ഗള്‍ഫ് മലയാള റേഡിയോ
ഒരു മലയാളം എഫ്.എം. സ്റ്റേഷന്‍ അനുനിമിഷം അറേബ്യയുടെ അന്തരീക്ഷത്തിലേക്ക് തുപ്പികൊണ്ടിരിക്കുന്ന “ശുദ്ധ മലയാളം” കേട്ടാല്‍ ആ റേഡിയോവിലേക്ക് അവതാരകരെ തിരഞ്ഞെടുക്കാന്‍ ഏല്പിച്ച ഏജന്‍സിയോട് മാനേജ്‌മെന്റ് “ഏറ്റവും വികൃതമായി മലയാളം സംസാരിക്കുന്നവരെ മാത്രം ഞങ്ങളുടെ മലയാളം വിഭാഗത്തിലേക്ക് തിരഞ്ഞെടുത്താല്‍ മതി. മലയാളത്തെ വികൃതമാക്കുന്നതില്‍ ഞങ്ങളുടെ അവതാരകരെ മറ്റാരും മറികടക്കരുത്” എന്ന ഗുണപരമായ നിര്‍ദ്ദേശം കൊടുത്തിരുന്നത് പോലെ തോന്നും. നേരെ ചൊവ്വേ മലയാളം പറയാന്‍ അറിയില്ല എന്നത് പോകട്ടെ സാമാന്യ വിവരമോ പൊതുവിജ്ഞാനമോ തൊട്ടു തീണ്ടിയില്ലാത്തവരുടെ വിവരക്കേടുകളും സ്വയം പുകഴ്തലുകളും ശൃംഗാരവും കൊണ്ട് മലയാളം അനുഭവിക്കൂന്ന ശ്വാസം മുട്ടല്‍ അനിര്‍വചനീയമാണ്. മലയാളത്തിലെന്നല്ല ഒരു ഭാഷയിലും തട്ടുംതടവും ഇല്ലാതെ ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ ആര്‍.ജെ കുപ്പായവും ഇട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രോതാക്കള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു എന്നതാണ് വാസ്തവം.
മലയാളത്തെ “പരിപോഷിപ്പിക്കല്‍” ഒരു വഴിക്ക് നടക്കുമ്പോള്‍ ഗള്‍ഫില്‍ പോകണം എന്ന് ആഗ്രഹിക്കുന്ന നിമിഷം മുതല്‍ ഗള്‍ഫ് മലയാളി നേരിടുന്ന ചൂഷണങ്ങള്‍ പരദേശ മലയാള പ്രക്ഷേപണങ്ങളും അനുവര്‍ത്തിക്കുന്നു എന്നത് അതി ദയനീയമാണ്. എസ്.എം.എസ് എന്ന ഇരയില്‍ തൂക്കി അത്താഴപഷ്ണിക്കാരനെ “സമ്മാനാര്‍ഹര്‍” ആക്കുന്ന ബഹുമുഖ പരിപാടികളാല്‍ സമ്പന്നമാണ് മലയാള പ്രക്ഷേപണം. സാംസ്കാരിക മൂല്യങ്ങള്‍ ഉന്നതിയിലേക്കെത്തിക്കുന്ന ചോദ്യോത്തര പംക്തി കേട്ടാല്‍ ആരും ഒന്ന് നാണിച്ച് തല താഴ്തി പോകും.
“കേരളത്തിന്റെ തലസ്ഥാനം ഏത്”? “തിരുവനന്തപുരമാണോ കാണ്ഡഹാറാണോ” ഉത്തരം എസ്.എം.എസ് ചെയ്യുക. ഉത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് “ചിണുങ്ങുന്ന മാവേലി” മെഗാ ഷോയുടെ ഒരു പാസ് ഫ്രീ. ഉത്തരം അയക്കുന്നവന് നാട്ടില്‍ കുടുംബത്തെ വിളിച്ച് ഒരു മിനിട്ട് സംസാരിക്കാനുള്ള വക മൊബൈലില്‍ നിന്നും “സ്വാഹ” . ഒരു മഹാഭാഗ്യന് പാസ് ലഭിക്കും. പാസ് വാങ്ങാന്‍ ടാക്സി പിടിച്ച് റേഡിയോ ഓഫീസില്‍ ചെല്ലുന്നവന് പാസ് കയ്യില്‍ കിട്ടും വരെ ചിലവ് ഏകദേശം അമ്പത് ദിര്‍ഹം. അമ്പത് ദിര്‍ഹം ചിലവഴിച്ച് “സൌജന്യമായി” നേടിയ ഗ്യാലറി പാസ്സുമായി മഹാഭാഗ്യവാന്‍ റൂമിലെത്തുമ്പോള്‍ സഹമുറിയന്‍ ഇരുപത് ദിര്‍ഹം കൊടുത്ത് അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഗ്യാലറി പാസെടുത്ത് കാട്ടും. ഹതഭാഗ്യന്‍ റേഡിയോ ഓഫീസില്‍ പോയി റിസപ്ഷനിസ്റ്റിനെ കണ്ടല്ലോ എന്ന സായൂജ്യം വിളമ്പി സമാധാനിക്കും. ഇതൊക്കെ വര്‍ത്തമാന കാല ഗള്‍ഫ് റേഡിയോ വിശേഷങ്ങള്‍.
മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിന്നാമ്പുറം ഇങ്ങിനെയൊക്കെയാണെങ്കിലും നിസ്സാര്‍ സെയ്ദ് റേഡിയോ ഏഷ്യയില്‍ രചിക്കുന്ന നന്മയുടെ പുതിയ അദ്ധ്യായം പ്രവാസത്തില്‍ ഒറ്റപെട്ടവര്‍ക്ക് സാന്ത്വന സ്പര്‍ശ്ശമാകുന്നു. എങ്ങിനെ ഒരു റേഡിയോ പരിപാടി നന്മനിറഞ്ഞതാക്കാമെന്നും റേഡിയോ എന്ന മാധ്യമത്തെ എങ്ങിനെ മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാമെന്നും റേഡിയോ ഏഷ്യയില്‍ രാത്രി ഒമ്പത് മണിക്ക് പ്രക്ഷേപണം ചെയ്യുന്ന “ടുഡേയ്സ് ടോപ് സ്റ്റോറി” എന്ന പരിപാടിയിലൂടെ നിസ്സാര്‍ സെയ്ദ് കാട്ടി തരുന്നു. പൊതുമാപ്പിന്റെ ആനുകൂല്യം പറ്റി നാട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുന്ന നിസ്സഹായരായവര്‍ക്ക് വേണ്ടി പ്രവാസഭൂമികയിലെ നല്ലമനസ്സുകളെ നിസ്സാര്‍ സെയ്ദ് നന്മയുടെ നൂലില്‍ കോര്‍ത്തെടുക്കുന്നത് പുതിയ ഒരു റേഡിയോ അനുഭവമായി. പ്രവാസത്തിന്റെ പിന്നാമ്പുറങ്ങളില്‍ പെട്ടു പോയവര്‍ക്ക് സഹജീവികള്‍ ദാനമാക്കുന്ന ജീവിതം ചില പ്രായോഗികതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, കൃത്യമായ ഉദ്ധ്യേശ്യത്തോടെ ലക്ഷ്യബോധത്തോടെ പ്രവാസത്തിന്റെ നീറ്റലുകളിലേക്ക് സാന്ത്വനം പകരാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തിയിലെത്താന്‍ ആരുടെയും ബാനര്‍ ഇല്ലാതെ ഗള്‍ഫ് മലയാളി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും എന്ന പരമമായ പ്രായോഗികതയിലേക്ക്.
ചൂഷണരഹിതമായ റേഡിയോ അനുഭവങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. പ്രവാസത്തിലെ ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കേവല എസ്.എം.എസ് പ്രഹസനങ്ങളിലൂടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ചൂഷണ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ് ഗള്‍ഫ് മലയാളിക്ക് തുണയായി മാറാന്‍ നിസ്സാര്‍ സെയ്ദിനെ പോലെയുള്ളവരുടെ നന്മകള്‍ക്ക് കഴിയട്ടെ എന്നാഗ്രഹിച്ച് പോകുന്നു.
Wednesday, August 22, 2007
തലയില്ലാത്തവര്‍ ഗള്‍ഫ് മലയാളികള്‍
അത്തറ് മണക്കുന്ന ചങ്ങാതികള്‍ വെറും പുറം പൂച്ച് മാത്രം. കഞ്ഞിയും പായയും ഇല്ലാതെ ഏഴായിരം രൂപ മാത്രം പ്രതിമാസ വേതനം പറ്റുന്നവരാല്‍ സമൃദ്ധമാണ് ഗള്‍ഫെന്നത് നീറുന്ന സത്യം. വാടക, കറണ്ട് ബില്ല്, സോപ്പ്, എണ്ണ, കുപ്പൂസ്, ചായ, പെനഡോള്‍, ടെലിഫോണ്‍ കാര്‍ഡ്, ഇത്യാതി പ്രവാസത്തില്‍ അനിവാര്യമായ സംഗതികള്‍ നിവര്‍ത്തിച്ച് കഴിഞ്ഞ് ഉറ്റാലുവെച്ച് അരിച്ചെടുക്കുന്ന ചില്ലറകള്‍ നാട്ടിലെ ഉറ്റവരുടെ ഉപജീവനത്തിനും സെന്‍ടി കഴിഞ്ഞാല്‍ കയ്യിലൊരു ചില്ലിയും ബാക്കിയില്ലാത്തവര്‍ ആ ബാക്കിയൊന്നും കയ്യിലില്ലാതിരിക്കുക എന്ന അവസ്ഥക്ക് പതിനാറ് മണിക്കൂറോളം തിളക്കുന്ന ചൂടില്‍ അകവും പുറവും വെന്ത് ജീര്‍ണ്ണിച്ച് ജീവിച്ചിട്ട് മൂന്നോ നാലോ വര്‍ഷത്തിനൊടുവില്‍ നാട്ടിലേക്കൊന്നു പോകാനൊരുങ്ങുന്നവനെ കൊരവളക്ക് പിടിച്ച് കുത്തി പിഴിയുക എന്നത് പ്രജാക്ഷേമ തല്പരനായ നമ്മുടെ സ്വന്തം മഹാരാജന് ഒരു കുഞ്ഞു തമാശ മാത്രം. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാനയെ പരിപോഷിപ്പിക്കുക എന്നത് ഗള്‍ഫിലെ നരകപ്രവാസം അനുഭവിക്കുന്നവന്റെ ഉത്തരവാദിത്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. സീസണാകുമ്പോള്‍ ഏതറ്റം വരെയും ഗള്‍ഫ് മലയാളിയെ ചൂഷണം ചെയ്യാന്‍ ലൈസന്‍സ് കിട്ടിയ ഏമാന്മാര്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ കാട്ടിയ ക്രൂരത വിവരിക്കാനാകില്ല തന്നെ.
കഴുത്തറുക്കന്ന ചാര്‍ജ്ജ് ഈടാക്കിയിട്ടും ഒരിളിപ്പുമില്ലാതെ യാത്ര മുടക്കുക, ചെക്കിന്‍ കഴിഞ്ഞിട്ടും ചളിപ്പേതുമില്ലാതെ ഫ്ലൈറ്റ് താമസിപ്പിക്കുക, ബോര്‍ഡിംഗ് പാസ്സെടുത്ത് കഴിഞ്ഞിട്ട് ഫ്ലൈറ്റ് റദ്ദാക്കിയാലും ഭക്ഷണമോ വെള്ളമോ നല്‍കാതെ മുങ്ങുക, ശീതീകരണിയുടെ കൊടും തണുപ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടത്ര ബ്ലാങ്കറ്റോ പുതപ്പുകളോ നല്‍കാന്‍ ഭാരത സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് കാത്ത് അത്താഴ പഷ്ണിക്കാരനെ ശിക്ഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇനി എത്ര കാലമെടുക്കും? കഴിഞ്ഞ ദിവസം ഇരുപത്തി ആറ് മണിക്കൂറാണ് നമ്മുടെ ബജറ്റ് എയര്‍ ലൈന്‍ യാത്രക്കാരനെ അബൂദാബി എയര്‍പോര്‍ട്ടില്‍ കുടുക്കിയത്. ഫ്ലൈറ്റ് എട്ട് മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ താമസ സൌകര്യം ലഭിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിലെ യാത്രക്കാര്‍ക്ക് ബാധകമല്ല. കൊള്ളയടിക്കപ്പെടുന്നവനും കൊലചെയ്യപെടുന്നവനും എന്തിന് കൊള്ളയടിക്കപ്പെടുന്നുവെന്നോ കൊല ചെയ്യപ്പെടുന്നുവെന്നോ ചോദിക്കാനുള്ള അവകാശമില്ലല്ലോ? അത് അനുഭവിക്കുന്നവന്റെ വിധി.
പ്രവാസത്തിന്റെ ഈ ഊഷരഭൂവില്‍ നിന്നും എണ്ണി പിടിച്ചെടുക്കുന്ന ഏതാനും ദിനങ്ങള്‍ ഉറ്റവരോടും ഉടയവരോടും ചേര്‍ന്ന് നിന്ന് സാന്ത്വനം തേടാന്‍ പുറപ്പെടുന്നവരെ ദിവസങ്ങളോളം വിമാന താവളങ്ങളില്‍ കുടുക്കിയിടുന്നവരനുഭവിക്കുന്ന സുഖം എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികം എന്ന് പറഞ്ഞൊഴിയുന്നവര്‍ക്ക് സൂര്യനോട് മല്ലിട്ട് നാട്ടിലേക്ക് പോകാനെത്തുന്നവരെ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കാന്‍ എന്തവകാശമാണുള്ളത്? എട്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിച്ചാല്‍ ഏതൊരു യാത്രക്കാരനും അര്‍ഹിക്കുന്ന യാത്രാ നിയമങ്ങള്‍ അനുശാസിക്കുന്ന മനുഷ്യത്വപരമായ സമീപനം എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കാലാകാലങ്ങളില്‍ നമ്മുടെ നാഷണല്‍ കാര്യര്‍, തിരക്കുള്ള സമയത്ത് ഗള്‍ഫ് മലയാളിയോട് കാട്ടുന്ന മൃഗീയ ചൂഷണമാണ് കേരളത്തിലേക്ക് ചാര്‍ട്ടൌട്ട് ചെയ്യുന്ന എല്ലാ വിമാന കമ്പനികള്‍ക്കും അത്തപ്പാടികളെ ചൂഷണം ചെയ്യാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്നത്.
കാലാകാലങ്ങളായി എയര്‍ ഇന്‍ഡ്യയുടെ ചിറ്റമ്മനയത്തിനെതിരെ സമരം പ്രഖ്യാപിക്കുന്ന കോട്ടിട്ട നേതാക്കന്മാര്‍ എയര്‍ ഇന്‍ഡ്യായുമായി ചര്‍ച്ച ചെയ്ത് ചിക്കന്‍ കാലും കടിച്ച് നിറമുള്ള ലഹരിയും സേവിച്ച് മഹാരാജനുമായി രമ്യതയിലെത്തുന്നതാണ് വര്‍ത്തമാനകാല സമര യാധാര്‍ത്ഥ്യം. അതുകൊണ്ട് പ്രഖ്യാപിക്കപെടുന്ന സമരാഭാസങ്ങള്‍ക്ക് പകരം ഗള്‍ഫ് മലയാളികള്‍ തന്നെ ഇതിന് പോംവഴി കണ്ടെത്തണം. അതിനുള്ള വഴികളിലൊന്ന് എയര്‍ ഇന്‍ഡ്യയെ ബഹിഷ്കരിക്കുക എന്നത് തന്നെയാണ്. പക്ഷേ നമ്മുടെ “മഹത്തായ” കൂട്ടായ്മ കാരണം ബഹിഷ്കരണം എവിടം വരെ എത്തി എന്നുള്ളത് രണ്ടു വര്‍ഷം മുമ്പ് നാം കണ്ടതാണ്. ഒരോരുത്തരുടേം ബഹിഷ്കരണം അവരവരുടെ ടിക്കറ്റ് കണ്‍ഫേം ചെയ്ത തീയതിയില്‍ അവസാനിച്ചു. അത്ര തന്നെ. അപ്പോഴും മഹാരാജന്‍ ഒന്നു കുനിഞ്ഞ് നിവര്‍ന്നു ചിരിച്ചു, “ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചുങ്ങളേ” എന്ന പോലെ.
ഗള്‍ഫ് പ്രവാസം വരേണ്യവര്‍ഗ്ഗ പരിഛേദമല്ല എന്നത് പകല്‍ പോലെ തെളിഞ്ഞ സത്യം. വെന്തുരുകുന്ന ഗള്‍ഫ് മലയാളിക്ക് കുറച്ചെങ്കിലും ഒരു സാന്ത്വനമാകാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ബജറ്റ് എയര്‍ ലൈന്‍ പലപ്പോഴും മറ്റ് വിമാന കമ്പനികളുടെ ചാര്‍ജ്ജിനും മേലെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന കാഴ്ച ദയനീയമാണ്.
നാട്ടിലെ കിടപ്പാടം പണയം വെച്ചും ഭാര്യയുടെ കെട്ടുതാലി വരെ അറുത്ത് പണയം വെച്ചും ജോലി തെണ്ടി ഗള്‍ഫെന്ന നരക പ്രവാസത്തിലേക്കെത്തുന്ന പ്രവാസത്തിന്റെ ചേരികളിലെ ദയനീയ ജന്മങ്ങള്‍ കുറച്ചുകൂടി സഹതാപം അര്‍ഹിക്കുന്നു എന്ന വസ്തുത നമ്മുടെ ഭരണവര്‍ഗ്ഗം മനസ്സിലാക്കേണ്ടിയിരിക്കുന്നു. തകര്‍ന്നടിയുമായിരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് നട്ടെല്ലേകി രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം കുത്തി ഉയര്‍ത്തിയത് നാട്ടില്‍ നിന്നും കയറ്റി അയച്ച തേങ്ങയും റബ്ബറും ഗര്‍ഭ നിരോധന സാമഗ്രികളും ആയുധങ്ങളും ഒന്നുമല്ല. നാട്ടില്‍ നില്‍ക്ക കള്ളിയില്ലാതെ കയറ്റി അയക്കപെട്ട പ്രജകളുടെ രക്തവും കിനാക്കളും ചുട്ടു പഴുത്ത സൂര്യന്റെ കീഴില്‍ വിയര്‍പ്പായൊഴുക്കി നേടിയെടുത്ത എണ്ണപണമാണ്. അവര്‍ പ്രവാസ ഭൂമികയില്‍ നിന്നും മാസാ മാസം ഉറ്റവര്‍ക്കായി എക്സ്ചേഞ്ചുകളില്‍ ക്യൂ നിന്ന് വിദേശ കറന്‍സി കൊടുത്ത് നാസിക്കിലെ സര്‍ക്കാര്‍ കമ്മട്ടത്തിലടിച്ച കറന്‍സി വാങ്ങിയതാണ് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം നിലമ്പരിശ്ശാകാതെ പലപ്പോഴും പിടിച്ച് നിര്‍ത്തിയത്. മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളില്‍ ഇന്‍ഡ്യന്‍ രൂപക്ക് കാണപ്പെടുന്ന പതിവില്‍ കവിഞ്ഞ മൂല്യം അതിനൊരുദാഹരണം മാത്രം.
നാട്ടില്‍ നിന്നും കയറ്റി അയക്കപെടുന്നതെന്തിനും വിദേശ കറന്‍സി നേടി തരുന്നു എന്നതു കൊണ്ട് ചില അനുകൂല്യങ്ങള്‍ ഗവണ്മെന്റ് കൊടുക്കാറുണ്ട്. കയറ്റി അയക്കപെടുന്ന ഉല്പന്നങ്ങളുടെ വിലയുടെ ഏകദേശം ഏഴ് ശതമാനത്തോളം കിക്ക് ബാക്ക് എന്ന പേരില്‍ ഉല്പന്നം കയറ്റി അയക്കപെടുന്ന കമ്പനികള്‍ക്ക് ഒരു ഇന്‍സെന്റീവായി തിരിച്ച് ലഭിക്കാറുണ്ട്. ഒരു ലാഭവും ഇല്ലാതെയാണ് ഉല്പന്നം കയറ്റി അയക്കപെടുന്നത് എങ്കില്‍ പോലും ഉല്പാദകന് ഈ ഏഴ് ശതമാനം ലാഭമായി മാറും. പക്ഷേ ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്ന പൌരന്‍ എന്ന തറവില പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്ത “ഉത്പന്നം” നാട്ടിലേക്ക് കയറ്റി അയക്കുന്ന കറന്‍സിക്ക് തുല്യമായ പരിഗണന അവകാശപ്പെടാന്‍ തക്ക അഹമ്മതിയൊന്നും പ്രവാസി മലയാളിക്കില്ല. എങ്കിലും വല്ലപ്പോഴും ഒരിക്കലെങ്കിലും പിറന്ന നാടും നടന്ന വഴിയും പഠിച്ച പള്ളിക്കൂടവും അടിച്ചു കളിച്ച കൂട്ടുകാരേം സംരക്ഷിച്ച മാതാപിതാക്കളേം ഉടപ്പിറന്നോരേം ഒക്കെ ഒന്നു കണ്ടു മടങ്ങാനുള്ള കേവലാഗ്രഹമെങ്കിലും വഴിക്ക് മുടക്കാതെ ഇവര്‍ക്കൊന്ന് ചെയ്ത് തന്നാലെന്താ?
പിന്നാമ്പുറം:
പ്രവാസി തലയില്ലാത്ത കോഴിയാണ്. നരകത്തിലെ കറങ്ങുന്ന കോഴി. ആസനത്തിലൂടെ ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡിനാല്‍ കോര്‍ക്കപെട്ട് എരിയുന്ന തീയില്‍ കറങ്ങി കറങ്ങി കറങ്ങി വെന്ത് പൊട്ടി നില്‍ക്കുന്ന തലയില്ലാത്ത കോഴി. ആര്‍ക്കും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും നുള്ളിപറിച്ച് ഹോട്ട് സോസും കെച്ചപ്പും കൂട്ടി ഉദരപൂരണം നടത്താം...
Saturday, August 11, 2007
ഒരു വയസ്സ്.(വാര്‍ഷിക പോസ്റ്റ്)
ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു വര്‍ഷമാണ് കടന്ന് പോയത്. “അഞ്ചല്‍ക്കാരന്‍” എഴുതി തുടങ്ങുമ്പോള്‍ സ്വന്തമായിരുന്നതോ സ്വന്തമെന്ന് കരുതിയിരുന്നതോ ആയ പലതും നഷ്ടപെട്ട ഒരു വര്‍ഷം. പക്ഷേ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അവസാനിച്ചത് കമ്പൂട്ടറിന്റെ മുന്നില്‍. ബൂലോകത്തെ കൊച്ചു കൊച്ചു തമാശകളും പുറം ചൊറിയലും തമ്മില്‍ തല്ലും പാരപണിയലും ഒക്കെയായി അങ്ങിനെ അങ്ങ് കഴിഞ്ഞു കൂടുന്നു.
കഴിഞ്ഞവര്‍ഷം റേഡിയോ ഏഷ്യയിലെ പെരിങ്ങോടന്റെം വിശാല്‍ജീയുടേയും അഭിമുഖം കേട്ടാണ് ബൂലോകത്തെ കുറിച്ചറിയുന്നത്. ബൂലോകാ ക്ലബ്ബിലാണ് ആദ്യം എത്തിച്ചേര്‍ന്നത്. അവിടെ നിന്നും വക്കാരിയുടെ “എങ്ങിനെ മലയാള ബ്ലോഗറാകാം” എന്ന പോസ്റ്റ് വഴി അഞ്ജലിയെ കമ്പൂട്ടറില്‍ കുടിയിരുത്തി കീയ്മാനേയും കൂട്ടി തുടങ്ങിയ യാത്ര ഒരു വര്‍ഷം കഴിയുമ്പോള്‍ പരസ്പരം കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത കുറേ സൌഹൃദം ഉണ്ടാക്കിയെന്നത് ജീവിതത്തിലെ “നല്ലവ” യില്‍ ചേര്‍ക്കാന്‍ പറ്റുന്ന ഒരു നേട്ടമായി ഞാന്‍ കാണുന്നു.
പലപ്പോഴും സംശയനിവാരണം നടത്തിയത് ശ്രീജിത്ത് വഴിയായിരുന്നു. ശ്രീജിത്തിനേം പെരിങ്ങോടനേം വിശാല മനസ്കനേം വക്കാരിയേം നന്ദിയോടേ സ്മരിക്കുന്നു.
ആകെ മുപ്പത്തിആറ് ചവറുകള്‍ എഴുതിയിട്ടു. അതില്‍ തല്ല് മേടിച്ചു കെട്ടുക എന്ന ഒരേ ഒരു ഉദ്ധ്യേശ്യത്തോടെ ഇട്ട തല്ല് പോസ്റ്റുകള്‍ നാലെണ്ണമായിരുന്നു. പക്ഷേ ബൂലോകം ഒരു വയസ്സുകാരന്റെ കുരുത്തക്കേടുകളായി കണ്ട് തല്ല് ഒഴിവാക്കി. അനോനികളുടെ അടി ഒരിക്കല്‍ മേടിച്ചു കെട്ടി. അതോടെ അനോനികളെ തൊട്ടുകളിക്കരുത് എന്ന മഹാ പാഠം പഠിച്ചു.
പിന്മൊഴി പടിയിറങ്ങുന്നതും മറുമൊഴി കടന്നു വരുന്നതും കണ്ടു. ബൂലോകത്തിലേക്ക് പുതുതായി കടന്നു വന്ന പലരും സെലിബ്രിറ്റികളാകുന്നതും നിറ സാനിദ്ധ്യമായിരുന്ന പലരും ബൂലൊകത്ത് അപൂര്‍വ്വമായി മാത്രം വന്നു പോകാന്‍ തുടങ്ങിയതും കണ്ടു. ബൂലോകത്തിനാകെ അഭിമാനമായി രണ്ടു പുസ്തകങ്ങള്‍ ഇറങ്ങിയതും ആ പുസ്തകങ്ങളുടെ പ്രകാശനം ഒരോ ബ്ലോഗറും സ്വന്തം പുസ്തകങ്ങളുടെ പ്രകാശനമാണെന്ന പോലെ ആ പുസ്തകങ്ങളെ നെഞ്ചിലേറ്റിയതും കണ്ടപ്പോള്‍ ഈ കൂട്ടായ്മയുടെ നന്മകള്‍ ബൂലോകത്തിന് പുറത്തേക്കും വ്യാപിക്കുകയായിരുന്നു. ബൂലോക കാരുണ്യം ഒരു പുതിയ ചുവട് വെയ്പായി.
ദിനപത്രം വന്നതും വന്നതു പോലെ പോയതും കണ്ടു. നിലനിന്നിരുന്നുവെങ്കില്‍ നല്ലൊരു സംരംഭമാകുമായിരുന്ന ദിനപത്രം നിന്നു പോയത് എങ്ങിനെയന്ന് അറിയില്ല. ബൂലോക സാനിദ്ധ്യമായി ഒരു സീരിയലും പിറന്നു.
വല്യമ്മായി, തറവാടി, ശ്രീജിത്ത്, അഗ്രജന്‍, ദില്ബാസുരന്‍, ഡിങ്കന്‍, ഉണ്ണികുട്ടന്‍, മാവേലികേരളം, കുറുമാന്‍, മുല്ലപൂ, ബിരിയാണി കുട്ടി, ഇഞ്ചിപെണ്ണ്, ബൂര്‍ഷ്വോസി, വക്രബുദ്ധി, ഇത്തിരിവെട്ടം, ബാജി ഓടംവേലി, അനില്‍, സാല്‍ജോ, സുനീഷ്‌തോമസ്, ബെര്‍ളിതോമസ്, ങ്യ...ഹ്ഹാ, മാരാര്‍, കെ.പി.സുകുമാരന്‍ അഞ്ചരകണ്ടി, ജി.മനു, സണ്ണികുട്ടന്‍, സാജന്‍, ഉറുമ്പ്, വിന്‍സ്, മുക്കുവന്‍, ബയാന്‍, മെലോഡിയോസ്, ശ്രീ, സുമുഖന്‍, ഷിബു, നന്ദു, മനു, നന്ദന്‍, കൈതമുള്ള്, കിച്ചു, ആപ്പിള്‍കുട്ടന്‍, പയ്യന്‍സ്, സ്നിഗ്ദ റെബേക്കാ ജേക്കബ്ബ്, കുട്ടമ്മേനോന്‍, വക്കാരിമഷ്ട, സങ്കുചിത മനസ്കന്‍, കരീം മാഷ്, റീനി, കൈപ്പള്ളി, കൊച്ചുത്രേസ്യ, ഇക്കാസ്, സഞ്ചാരി, അരവിന്ദ്, വിശ്വപ്രഭ, ഇന്‍ഡ്യാഹെരിറ്റേജ്, മൂര്‍ത്തി, സിജൂ, മണി, വേണു, അമൃതാ വാര്യര്‍, ഫ്രെണ്ട്സ് ഫോര്‍ എവര്‍, അരീക്കൊടന്‍, ശാലിനി, നോക്കുകുത്തി, ഏവൂരാന്‍, അചിന്ത്യ, കൈത്തിരി, രാജാവ്, ആദിത്യന്‍, കാട്ടാളന്‍, ചക്കര, വിനോജ്, വെല്‍ക്കം, ഷാനവാസ് ഇലപ്പിക്കുളം, ജനശ്ക്തി ന്യൂസ്, നിമിഷ, അപ്പു, കുട്ടിച്ചാത്തന്‍, ദിവ, ഹരി, പടിപ്പുര, സിബു, അന്‍പു, വക്കം ജീ. ശ്രീകുമാര്‍, ഐസീബി, വിചാരം, ഏറനാടന്‍, കുട്ടു, നിക്ക്, അനൂബ് അമ്പലപ്പുഴ, മന്‍സൂര്‍, സൂര്യഗായത്രി, ബിന്ദു, ലിനോയ്, അപ്പൂസ്, മുന്തിരി, സീയെം,സാന്‍ഡോസ്, ഗന്ധര്‍വന്‍, സുല്‍, ഇടിവാള്‍, ഞാന്‍ ഇരിങ്ങല്‍, കണ്ണൂസ്, പുള്ളി, അജി, ഇത്തിരി, പൊതുവാള്, തമ്പിയളിയന്‍, ദേവന്‍, അതുല്യ, ചിത്രകാരന്‍, വനജ, ബീരാങ്കുട്ടി, കെവിന്‍ ആന്റ് സിജി, ജാസു, ഇര്‍ഷാദ്, മയൂര, ഡ്രിസില്‍, പട്ടേരി, ഉമേഷ് തുടങ്ങിയവരുടെ കമന്റുകളും നിര്‍ദ്ധേശങ്ങളും വിമര്‍ശനങ്ങളും സര്‍വ്വൊപരി സാനിദ്ധ്യവുമാണ് എനിക്ക് ബൂലോകത്ത് പിടിച്ച് നില്‍ക്കാന്‍ പ്രേരണയായത്. ഒരിക്കലെങ്കിലും എന്റെ ബ്ലോഗിലെത്തുകയും എന്നെ വായിക്കുകയും ചെയ്ത ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.
ബൂലോകത്ത് വന്നത് കൊണ്ട് എനിക്കുണ്ടായ സാമ്പത്തിക നേട്ടത്തെ കുറിച്ചു കൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ല. ഒരു പുട്ടു പ്രേമിയായ എനിക്ക് ചിലവ് കുറഞ്ഞതും എന്നാല്‍ സ്വാദിഷ്ടവുമായ പുട്ട് നിര്‍മ്മാണ വിദ്യ കരഗതമായത് ഏറ്റവും കുറഞ്ഞത് ആഴ്ചയില്‍ പതിനഞ്ച് ദിര്‍ഹത്തിന്റെ എങ്കിലും സാമ്പത്തിക ലാഭം ഉണ്ടാക്കി തന്നിട്ടുണ്ട്. ബൂലോകത്തെ ഒരു ചര്‍ച്ചയും തള്ളിക്കളയേണ്ടവയല്ല എന്ന് ആ പുട്ടു ചര്‍ച്ച തെളിയിക്കുന്നു.
ബൂലോകം കൂട്ടായ്മയല്ല എന്ന് പറയുന്നതിനെ ഞാന്‍ എതിര്‍ക്കും. ബ്ലോഗിങ്ങ് ലോകത്തെ ബ്ലൊഗിംങ്ങിന്റെ സ്വഭാവവും രീതിയും ശൈലിയും ഒക്കെ തിരിച്ചും മറിച്ചും വിശകലനം ചെയ്ത് ബൂലോകം ഒരു തരത്തിലുള്ള കൂട്ടായ്മയും അല്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, എന്റെ ഒരു വര്‍ഷത്തെ അനുഭവം ബൂലോകം തികഞ്ഞ ഒരു കൂട്ടായ്മ തന്നെയാണ് എന്നതാണ്.
ബൂലോകം ഇങ്ങിനെ തന്നെ നിലനില്‍ക്കട്ടെ. ഗൂഗിള്‍ നിലനില്‍ക്കുന്നിടത്തോളം. എത്ര പ്രയാസങ്ങളും ആത്മസംഘര്‍ഷങ്ങളും വിഷമങ്ങളും ഉണ്ടെന്നിരിക്കലും ബൂലോകത്തേക്കെത്തുമ്പോള്‍ ഒരു ആശ്രമത്തിലേക്കെത്തിയ വണ്ണം മനസ്സ് ശാന്തമാകുന്നതിനെ ഞാന്‍ തൊട്ടറിയാറുണ്ട്. ഈ സംഘത്തിന് ഒരു പോറലും ഏല്‍ക്കാതിരിക്കാതിരിക്കട്ടെ!
നന്ദിയോടെ,
ഷിഹാബ് അഞ്ചല്‍.
Thursday, August 09, 2007
യുക്തിക്ക് നിരക്കാത്തതിനെ നിരസ്സിക്കാന്‍ കഴിയുമോ?
എന്താണ് യുക്തി വാദം? ഒരാളുടെ യുക്തിക്ക് നിരക്കാത്ത ഒരു സംഗതി മറ്റൊരാള്‍ക്ക് യുക്തി ഭദ്രമായി മാറാറില്ലേ? ശാസ്ത്രീയമായി തന്നെ പറഞ്ഞാല്‍ ഹിപ്നോട്ടീസം എന്ന ശാസ്ത്രീയാത്ഭുതം. അപരന്റെ മനസ്സ് വായിക്കാനുള്ള ഉപായം എല്ലാര്‍ക്കും വശമില്ല. പക്ഷേ മനശ്ശാസ്ത്ര വിശാരദന്മാര്‍ ബോധ മനസ്സിനെ ഉറക്കി ഉപബോധ മനസ്സിനോട് സംവേദിക്കുന്നില്ലേ. മറ്റൊരുവന്റെ മനസ്സ് വായിക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളത് കൊണ്ട് “ഹിപ്നോട്ടിസം” വ്യാജമാണെന്ന് പറയാന്‍ കഴിയുമോ?. അതും നാര്‍ക്കോ അനാലിസിസിന്റെ ഫലം കോടതികളാല്‍ പോലും സ്വീകരിക്കപ്പെടുന്ന ഈ ഉത്തരാധുനികതയില്‍.
ഓസ്കാര്‍ എന്ന രണ്ടു വയസ്സുള്ള ഒരു പൂച്ചക്ക് മരണത്തെ മണത്തറിയാന്‍ കഴിയുന്നു എന്ന അത്ഭുതകരമായ ഒരു വാര്‍ത്ത മെഡിക്കല്‍ ജേണലില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആ വാര്‍ത്ത എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്നത് കൊണ്ട് വാര്‍ത്ത വ്യാജമാണെന്ന് പറയാന്‍ കഴിയുമോ? ഭൂകമ്പങ്ങളേം വന്‍ ദുരന്തങ്ങളേം മുന്‍കൂട്ടി കാണാന്‍ ചില പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും മൃഗങ്ങള്‍ക്കും കഴിയും എന്ന് പലയിടത്തും നാം വായിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്‍ പ്രകൃതി ദുരന്തങ്ങളെ നാം സറ്റലൈറ്റിന്റേം മറ്റും സഹായത്തോടെ മുന്‍കൂട്ടി കാണുന്നുണ്ട്.ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് അന്നത്തെ തലമുറക്ക് ഒരു പക്ഷേ അത്ഭുതം ആയിരുന്നിരിക്കാം. ഇന്ന് അത് വളരെ നിസ്സാരമായി തോന്നാമെങ്കിലും. അമ്പത് വര്‍ഷം മുമ്പ് പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കുന്നത് കേള്‍ക്കുന്ന ഒരാളുടെ യുക്തിക്ക് ആ വാര്‍ത്ത നിരക്കുന്നില്ല എന്നത് കൊണ്ട് ആ പ്രവചനം വ്യാജമാണെന്ന് പറവാന്‍ കഴിയില്ലല്ലോ?
തങ്ങളുടെ യുക്തിക്ക് നിരക്കുന്നതിനെ മാത്രമേ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്കായി എന്റെ യുക്തിക്ക് നിരക്കാത്തതും എന്നാല്‍ അംഗീകരിക്കേണ്ടി വന്നതുമായ ചില സംഗതികള്‍ ഇവിടെ കുറിക്കുന്നു.
1. എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് “സന്നി” (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും. നിരന്തരം ഇത് വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം. കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു. വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്. കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ “യാസീന്‍” ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ധേശവും. ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. മറ്റ് യാതൊരു ചികിത്സയും തേടിയിട്ടില്ല. ഇവിടെ വൈദ്യശാസ്ത്രം നിസ്സാഹയമായിടത്ത് സിദ്ധന്‍ വിജയച്ചത് എന്റെ യുക്തിക്ക് നിരക്കുന്നില്ല. പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കളുടെ അടുത്ത് യുക്തിവാദവും കൊണ്ട് ചെന്നാല്‍ അവരുടെ പ്രതികരണം എന്തായിരിക്കും?
2. ഗള്‍ഫിലേക്ക് പോകാനുള്ള തീഷ്ണാഗ്രഹവുമായി കായംകുളത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഇരുപതിനായിരം രൂപ വിസക്കായി തലവരീം കൊടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറായി നിന്ന ഞാന്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള ഒരു മൌലവിയുടെ അടുത്ത് ഗള്‍ഫിലേക്ക് പോകാന്‍ അനുഗ്രഹം തേടി ഉമ്മയുടെ നിര്‍ബന്ധപ്രകാരം പോകേണ്ടി വന്നു. കുറച്ചൊക്കെ പ്രവചനവും ചില്ലറ ചികിത്സയുമൊക്കെയുള്ള മൌലവി ഒരു വെറ്റിലയില്‍ എന്തൊക്കെയോ കുറിച്ചിട്ട് വെറ്റില ചവക്കാന്‍ പറഞ്ഞു. പുളിയാണോ, ചവര്‍പ്പാണോ, മധുരമാണോ രുചിക്കുന്നതെന്ന ചോദ്യം. എനിക്ക് നല്ല മധുരമാണ് തോന്നിയത്. പക്ഷേ മൌലവിയുടെ മറുപടി എന്നെ തളര്‍ത്തി.
രണ്ടു ദിവസത്തിനകം ബോംമ്പേവഴി സൌദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന എന്നോട് ആ മൌലവി പറഞ്ഞത്:
“താങ്കള്‍ക്ക് ഇനി ഒരു വര്‍ഷത്തോളം താങ്കളുടെ മഹല് (ഇടവകയെന്നോ, കരയോഗമെന്നോ, പഞ്ചായത്ത് എന്നോ അര്‍ത്ഥമാക്കാം) വിട്ട് പുറത്ത് പോകാന്‍ കഴിയില്ല. പിന്നെങ്ങനെ കടല്‍ കടന്ന് പോകും?” പിറ്റേന്ന് കായംകുളത്തെ ആ ട്രാവല്‍ ഏജന്‍സിയില്‍ വിസയുടെ കോപ്പി വാങ്ങാന്‍ എത്തിയ ഞാന്‍ കണ്ടത് ഓഫീസില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നവരെയാണ്. വിസ തട്ടിപ്പില്‍ എനിക്ക് ഇരുപതിനായിരം പോയതല്ലായിരുന്നു വന്‍ നഷ്ടം. എറണാകുളത്തെ ജോലി ഗള്‍ഫ് യാത്ര പ്രമാണിച്ച് രാജി വെച്ചതായിരുന്നു. ശരിക്കും ഒരു വര്‍ഷം തൊഴിലൊന്നുമില്ലാതെ നാട്ടില്‍ തന്നെ കൂടേണ്ടി വന്നു എന്നത് ഭരതവാക്യം. അതായത് ഒരു വര്‍ഷത്തോളം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് എന്റെ മഹല് വിട്ട് പുറത്ത് പോകാന്‍ കഴിഞ്ഞില്ല. ഇത് മുന്‍കൂട്ടി പറയാന്‍ ആ മൌലവിക്കെങ്ങനെ കഴിഞ്ഞു? ഇവിടെ എന്റെ യുക്തിക്ക് നിരക്കാത്തതു കൊണ്ട് ആ മനുഷ്യന്‍ വ്യാജനാണെന്ന് പറവാന്‍ എനിക്ക് അവകാശമുണ്ടോ?
3. പിന്നെ ഞാന്‍ എന്റെ “വിശ്വാസിച്ചാലും ഇല്ലെങ്കിലും” എന്ന ബ്ലോഗില്‍ ഇട്ട ആ മഴനാളില്‍ എനിക്ക് അനുഭവപെട്ട ദുരനുഭവം. അത് എന്റെ യുക്തിക്ക് നിരക്കുന്നതല്ല. ഇപ്പോഴും അതിന്റെ പിന്നിലെ രഹസ്യം എനിക്കറിയില്ല. അതു കൊണ്ട് അത് വെറും തോന്നലാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?
4. ഇതുപോലെ ടെലിഫോണ്‍ സൌകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇല്ലാതിരുന്ന ഇരുപത് വര്‍ഷം മുമ്പുള്ള ഒരു രാത്രി. കോളേജില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു സഹസിക യാത്ര. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഞങ്ങള്‍ നാലു പേര് മാത്രം. ആകെ നൂറ് പേര്. അന്ന് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന എഴുപത്തി ആറ് സര്‍വ്വകലാശാലയില്‍ നിന്നും തിരഞ്ഞെടുക്കപെട്ട ഞങ്ങള്‍ നൂറുപേരില്‍ കേരളായൂണിവേഴ്സിറ്റിയുടെ പ്രതിനിധികള്‍ കൂട്ടുകാരാകുന്നത് സ്വാഭാവികം. ക്യാമ്പിന്റെ മൂന്നാം ദിനം രാത്രിയില്‍ ഉറക്കത്തില്‍ നിന്നും അലറി വിളിച്ച് എഴുന്നേറ്റ ഞങ്ങളുടെ ചെമ്പഴന്തിക്കാരന്‍ സുഹൃത്ത് ഞങ്ങളെയൊക്കെ ഭയപ്പെടുത്തി. ആ ചങ്ങാതിയുടെ അമ്മ ഏതോ വലിയ അപകടത്തില്‍ പെട്ടെന്ന് സ്വപ്നം കണ്ടതായിരുന്നു. ഞങ്ങള്‍ ചങ്ങാതിയെ ശകാരിച്ച് കിടന്നുറങ്ങി. പിറ്റേന്ന് വൈകിട്ട് ഒരു നാലു മണിയോടെ ഞങ്ങളുടെ താമസസ്തലത്തെ ഫോണില്‍ ആ ചങ്ങാതിയുടെ അമ്മയുടെ മരണവിവരം എത്തി. മരണപെട്ടത് ചങ്ങാതി ഞെട്ടിയുണര്‍ന്ന സമയത്തിനോടടുപ്പിച്ചും. ആ അമ്മയുടെ ഒറ്റമകനെ ഹെലികോപ്റ്ററില്‍ അന്ന് തന്നെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. യാത്രക്കിറങ്ങുമ്പോള്‍ ഒരസ്സുഖവും ഇല്ലായിരുന്ന അമ്മ പാമ്പു കടിയേറ്റ് മരിക്കുന്നത് കടല്‍ കടന്ന് ആ നിമിഷം തന്നെ ആ മകനെങ്ങനെയറിഞ്ഞു?
ഇതൊക്കെയും എന്റെ ജീവിതത്തില്‍ ഞാന്‍ തൊട്ടറിഞ്ഞ സംഗതികള്‍. മറ്റുള്ളവര്‍ പറഞ്ഞ് കേട്ടവ എന്തെല്ലാം. ശബരിമലയിലെ പുണ്യ ജ്യോതിയും പറഞ്ഞ് കേട്ടത്. യുക്തിക്ക് നിരക്കുന്നില്ലാ എന്നത് കൊണ്ട് ആ പുണ്യ ജ്യോതിസ് വ്യാജമാണ് എന്ന് പറയുന്നത് അല്പ ജ്ഞാനമാണ്. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരിക്കുന്ന മര്‍ത്യന്‍ എന്തറിയുന്നു. എല്ലാം അറിയുന്നു എന്നഹങ്കരിക്കുന്നവന് പ്രപഞ്ചവും അതിന്റെ രഹസ്യങ്ങളും എന്നും കുരുടന്‍മാര്‍ കണ്ട ആനയാണ്. തുമ്പികൈ പിടിക്കുന്നവനും വാലു പിടിക്കുന്നവനും കാലു പിടിക്കുന്നവനും കൊമ്പു തൊടുന്നവനും ചെവി പിടിക്കുന്നവനും പറയാനുള്ളത് ആനയെ കുറിച്ച് പരസ്പര വിരുദ്ധമായ നിര്‍വ്വചനമായിരിക്കും.
തെറ്റായവയെ ശരിപ്പെടുത്താനും ശെരിയെ തെറ്റാക്കിമാറ്റാനും നമ്മളെപ്പോഴും മറ്റാരേക്കാളും മുന്‍പിലാണ്. ശബരി മലയും പുണ്യജ്യോതിയും വൃതവും പതിനെട്ടാം പടിയും മുന്നിലേക്ക് വെയ്ക്കുന്ന നന്മയുടെ സന്ദേശം നാം കാണാന്‍ മിനക്കെടുന്നില്ല. മകര ജ്യോതിയും നമ്മുക്ക് നിര്‍വചിക്കാന്‍ കഴിയാത്ത സാനിദ്ധ്യമാണ്. ഒരു തട്ടിപ്പിനെ കേവലം ഒരു നിമിഷം പോലും രഹസ്യമാക്കി വെക്കാന്‍ നാം അശ്ശക്തരാണ്. അങ്ങിനെയുള്ള നാം നൂറ്റാണ്ടുകളായി ഒരു തട്ടിപ്പിനെ മറച്ചു പിടിക്കുന്നതെങ്ങനെ? യുക്തിക്ക് നിരക്കാത്തവയെ ഒക്കെയും പരീക്ഷിച്ചറിയാന്‍ തുനിഞ്ഞാല്‍ ബാക്കിയുള്ള നമ്മുടെ നന്മകള്‍ കൂടി സഹ്യന്‍ കടക്കും.
Sunday, June 24, 2007
അഞ്ചാം ചുവടില്‍ പൈപ്പ് സ്വന്തമാക്കാം.
പിന്മൊഴികള്‍ സേവനം അവസാനിപ്പിക്കുന്നു. പകരം മറുമൊഴി വന്നു. മറുമൊഴിയുടെ വഴിയും അത്ര സുഖകരമായിരിക്കില്ല എന്നാണ് തോന്നുന്നത്. ദേണ്ടെ ഇവിടെ വന്ന കമന്റുകള്‍ നോക്കിയാല്‍ മറുമൊഴികളുടെ പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്ന് കാണാം. പിന്മൊഴികള്‍ പൂട്ടപ്പെടേണ്ട ഒരു സാഹചര്യവും ബൂലോകത്ത് നാളിതുവരേം സംജാതമായിട്ടില്ലായെന്നും നല്ലരീതിയില്‍ നടന്നു പോയ്കൊണ്ടിരുന്ന ഒരു സംരംഭം നാമെല്ലാം കൂടി അടച്ചുപൂട്ടലില്‍ എത്തിച്ചുവെന്നും വേണം കരുതാന്‍.
പിന്മൊഴിക്ക് പകരം വന്ന മറുമൊഴി അങ്ങിനെ നടക്കട്ടെ. പിന്മൊഴിയും പോകുന്നിടത്തോളം പോകട്ടെ. ഇനി ഏതെങ്കിലും മൊഴികൂട്ടായ്മകള്‍ വരുന്നെങ്കില്‍ അതും വരട്ടെ. എല്ലാം നമ്മുക്ക് സ്വീകരിക്കാം. പക്ഷേ പുതുതായ് വരുന്നതോ നിലവിലുള്ളതോ ആയ ഏതെങ്കിലും മൊഴി കൂട്ടായ്മകള്‍ പിന്മൊഴിപോലെ ആയി തീരില്ല എന്ന് എന്തുറപ്പാണുള്ളത്. പിന്മൊഴി പൂട്ടല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ എല്ലാ മൊഴികൂട്ടായ്മകള്‍ക്കും ബാധകമല്ലേ?. ആയിരത്തോളമോ അതിലധികമോ ബ്ലോഗുകളുള്ള നമ്മുടെ മലയാള ബ്ലോഗ് സമൂഹത്തില്‍ ബ്ലോഗുകള്‍ക്ക് ലഭിക്കുന്ന കമന്റുകളെല്ലാം കൂടി ഒരു പ്രത്യക സ്ഥലത്ത് കൂട്ടിചേര്‍ക്കുക എന്നതും അതിനെ പരാതികളില്ലാതെ മെയിന്റൈന്‍ ചെയ്യുക എന്നതും ഭഗീരഥ പ്രയത്നമായിരിക്കുമെന്നതില്‍ സംശയലേശമില്ല. ഒരു വിധം നന്നായി തന്നെ പ്രവര്‍ത്തിച്ചു പോന്ന “പിന്മൊഴികള്‍” തന്നെ എത്ര തവണ ഏവൂരാന്റെ ക്ഷമാപണം കണ്ടിരിക്കുന്നു. മാത്രമല്ല മൊഴികൂട്ടായ്മകള്‍ക്ക് എപ്പോഴും ആരെങ്കിലും ഉത്തരവാദപെട്ടവര്‍ ഉണ്ടായാലേ കഴിയും ഉള്ളു. അവര്‍ തരുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുകേം അവരെ തന്നെ വിമര്‍ശിക്കുകേം ചെയ്യുമ്പോള്‍ അത് വീണ്ടും അടച്ചുപൂട്ടലുകളിലേക്ക് ചെന്നെത്തപെടുകേം ചെയ്യും. ഇത്തരുണത്തിലാണ് നമ്മുക്ക് നമേ പണിവത് “പൈപ്പ്” നമ്മുക്ക് സ്വന്തം പൈങ്കിളിയേ എന്നായി തീരുന്ന ഒരു സ്ഥിതി വന്നു ചേരുന്നത്.
നമ്മുടെ ഹരി കാട്ടി തന്ന വഴിയിലൂടെ പോയപ്പോള്‍ ആദ്യം ദുര്‍ഘടമായിതോന്നി. ലക്‍ഷ്യത്തിലെത്തിയപ്പോള്‍ “ഹായ്...എന്നാ സുഖം...ഇതു തന്നെ ഞാന്‍ ഇത്രയും നാള്‍ തിരഞ്ഞത്” എന്ന അവസ്തയിലെത്തി. ഹരി ഇവിടെ പറഞ്ഞിരിക്കുന്ന പൈപ്പ് നിര്‍മ്മാണവിദ്യ വളരെ എളുപ്പവും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ആര്‍ക്കും കഴിയുന്നതുമാണ്. എങ്കിലും കംമ്പൂട്ടറിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നെ പോലെയുള്ള ഒരുവന് “പൈപ്പ്” എങ്ങിനെ കൈപ്പിടിയിലൊതുക്കാം എന്ന ചിന്തയുടെ പരിണതിയാണീ പോസ്റ്റ്. വെറും അഞ്ച് ചുവടുകളില്‍ നമ്മുക്ക് പൈപ്പിനെ കൈപ്പിടിയിലൊതുക്കാം.
ഒന്നാം ചുവട്:
യാഹൂവില്‍ അംഗമാവുക.
രണ്ടാം ചുവട്:
ഇവിടെ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം സെര്‍ച്ചില്‍ “KAIRALI” എന്ന് സെര്‍ച്ച് ചെയ്യുക.
മൂന്നാം ചുവട്:
സെര്‍ച്ച് ചെന്ന് നില്‍ക്കുന്നിടത്ത് “KERALAM" എന്ന് കാണും. അവിടെ വീണ്ടും ഞെക്കുക.
നാലാം ചുവട്:
ഇപ്പോള്‍ നിങ്ങള്‍ക്ക് “മൊഴികള്‍ പഴികള്‍” എന്ന തലവാചകം കാണാം. ഇവിടെ “മൊഴികള്‍ പഴികള്‍” എന്നിടത്ത് വീണ്ടും ഞെക്കുക. ഇവിടെ മുകളില്‍ നീന്നും മൂന്നാമത്തെ ലൈനില്‍ CLONE എന്നൊരു ഫീല്‍ഡ് ഉണ്ട്. അവിടെ ഞെക്കുക. ഇപ്പോള്‍ ഈ പൈപിന്റെ കോപ്പി നിങ്ങളുടെ പേജില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം പൈപ്പു നിര്‍മ്മാണ ഫാക്ടറിക്ക് മുന്നിലാണ് ഇരിക്കുന്നത്.
അഞ്ചാം ചുവട്:
ഇവിടെ “മൊഴികള്‍ പഴികള്‍ copy” എന്നതിന്റെ ഇടത് വശത്ത് കാണുന്ന പൈപ്പിന്റെ ചിത്രത്തില്‍ ഞെക്കുക. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പൈപ്പ് എഡിറ്റ് പേജിലെത്തും. ഇവിടെ “മൊഴികള്‍ പഴികള്‍ copy" എന്നിടത്ത് ഞെക്കി (ഏറ്റവും മുകളില്‍) അവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പേര് നല്‍കുക. എന്തു പേരും നല്‍കാം. “പിന്മൊഴി”യെന്നോ,“മറുമൊഴി” യെന്നോ, “നിറമിഴി” യെന്നോ, “തൊഴുത്തില്‍ കുത്തെന്നോ” എന്ന് വേണ്ട സഭ്യമോ അസഭ്യമോ, ശ്ലീലമോ അശ്ലീലമോ ഒക്കെ ആയ എന്തു പേരും നല്‍കാം. “SAVE" ചെയ്യുക.
കഴിഞ്ഞു,
എന്തിനേറെ പറയുന്നു. നിങ്ങളും ഒരു “പിന്മൊഴി” മുതലാളിയായി മാറിയിരിക്കുന്നു.
എപ്പോഴെങ്കിലും കമന്റുകള്‍ വായിക്കണമെങ്കില്‍ http://www.pipes.yahoo.com/pipes ലോഗിന്‍ ചെയ്തിട്ട് “MY PIPES" ല്‍ ഞെക്കിയാല്‍ നമ്മുക്ക് വേണ്ടപെട്ട കമന്റുകള്‍ വായനക്ക് റെഡിയായി നില്പുണ്ടാകും. ഒരോന്നെടുത്ത് ചൂടാറാതെ വായിക്കുക. ഒരോന്നിന്റേം രുചിയും മണവും ഗുണവും അനുസരിച്ച് പഴികള്‍ മൊഴിയുക. ആരും നമ്മെ പുറത്താക്കില്ല. ധൈര്യമായി ആര്‍മാദിക്കാം.
പുതുതായി വരുന്ന ബ്ലോഗുകള്‍ കണ്ടെത്തി നമ്മുടെ പൈപ്പില്‍ ചേര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സൌകര്യം ബൂലോക ക്ലബ്ബില്‍ ചെയ്ത് വച്ചാല്‍ പുതിയ ബ്ലോഗ് ഉണ്ടാകുമ്പോള്‍ തന്നെ ആ ബ്ലോഗുകള്‍ നമ്മുക്ക് നമ്മുടെ സ്വന്തം പൈപ്പില്‍ ചേര്‍ത്ത് എപ്പോഴും അപ്ഡേറ്റാക്കിയിരിക്കാം. ഇവിടെ ക്ലോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മുഴുവന്‍ ബ്ലോഗിലേം കമന്റുകള്‍ നിങ്ങളുടെ പൈപ്പിലെത്തും. അത് അസൌകര്യമായി തോന്നുന്നുവെങ്കില്‍ ഒരോരുത്തര്‍ക്കും വേണ്ടുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. "EDIT SOURCE" ല്‍ പോയി എഡിറ്റ് ചെയ്യാം.
ഒന്നുറപ്പാണ്. പൈപ്പും “പിന്മൊഴികള്‍ക്ക്” തുല്യമൊന്നുമല്ല. എങ്കിലും നമ്മുക്കാവശ്യമുള്ള കമന്റുകള്‍ നമ്മളിലേക്ക് വരുത്തി തല്ലുപിടിക്കാന്‍ നാം തന്നെ നിയന്ത്രിക്കുന്ന ഒരു സാങ്കേതം എന്ന നിലയില്‍ “പൈപ്പ്” പ്രോത്സാഹിപ്പിക്കപെടേണ്ട ഒന്നാണെന്നാണ് എന്റെ മതം.
എനിക്ക് കമ്പൂട്ടറിന്റെ സങ്കേതികത്വം ഒന്നും അറിഞ്ഞു കൂടാ. ഈ “ഫീഡ്” എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് കൂടി എനിക്കറിയില്ല. പൈപ്പ് ഉണ്ടാക്കണമെന്ന ആഗ്രഹത്തൊടെ കുറേനേരം കമ്പൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിന്നിട്ടും ഒന്നും നടന്നില്ല. ഒടുവില്‍ ഞാന്‍ “ക്ലോണി” യിട്ടാണ് പൈപ്പുണ്ടാക്കിയത്. ആ കുറുക്കു വഴി അതേ പടി വിളമ്പിയെന്നേയുള്ളു. അതായത് ഈ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ദയവായി വിവരമുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവാരണം നടത്തുന്നതായിരിക്കും നല്ലത്. എന്നോട് ചോദിച്ചാല്‍ ഉത്തരം ഇപ്പോഴേ പറഞ്ഞേക്കാം “ഞാനൊരു പാവമാണേ... എനിക്കൊന്നുമറിഞ്ഞൂടേ..എന്നെ വെറുതേ വിട്ടേക്കണേ...”
(കടപ്പാട് : ഹരിയോട്)
Sunday, June 17, 2007
“ഹേയ് ബൂലോകരേ, ദേണ്ടെ വേറൊരു കള്ളന്‍ ...”
ഇത് അവിടെ അദ്ദേഹത്തിന്റേ സ്വന്തമെന്ന് പറഞ്ഞ് വിളമ്പിയത്.
ഇത് ഞാന്‍ എന്റേതാണെന്ന് കരുതുന്നത്
(എന്റെ ശരിയെന്ത് തെറ്റും എന്ന പോസ്റ്റിന്റെ രണ്ടാം പാര ഗ്രാഫ്).
അതും പോകട്ടെ. വല്യമ്മായി എന്റെ “സ്നേഹിക്കരുത്...” എന്ന പോസ്റ്റിനിട്ട ഒരു നല്ല കമന്റും ടിയാന്‍ അടിച്ചു മാറ്റി ഇഷ്ടന്റെ പോസ്റ്റാക്കിയിരിക്കുന്നു. ഇതു വരെ പോസ്റ്റ് തിരുടന്മാരെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കമന്റ് കള്ളന്മാരും കുറ്റിയും പറിച്ചിറങ്ങിയിരിക്കുന്നു.
ഇത് വല്യമ്മായി എന്റെ പോസ്റ്റിനിട്ട കമന്റ്.
ഇത് അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളായി അദ്ദേഹത്തിന്റെ സ്ഥലത്ത് വിളംബിയിരിക്കുന്നത്.
കണ്ടാലിവനൊരു ചുള്ളന്‍...കയ്യിലിരിപ്പോ?
Thursday, August 10, 2006
നന്ദി.....
ഹ....രി....ശ്രീ........ഹരിശ്രീകുറിച്ചു ഞാന്‍ തുടങ്ങുന്നു...
മാതാവും പിതാവും ഗുരുവും ദൈവവും മനസ്സിലുണ്ട്....
പിച്ച വയ്കാന്‍ പഠിപ്പിച്ച മാതാവിനും
പിച്ചക്കാരനാകാതിരിക്കാന്‍ പഠിക്കാനയിച്ച പിതാവിനും
പിച്ചക്കാരനാക്കാതെ പഠിപ്പിച്ച ഗുരുവിനും
പിച്ചയെടുപ്പിക്കാതെ സംരക്ഷിക്കുന്ന ദൈവത്തിനും നന്ദി....
ഈ നാട്ടില്‍ (ദുബൈയില്‍) വരാന്‍ എന്നെ സഹായിച്ചതു നാട്ടിലെ തൊഴിലില്ലായ്മയാണ്.
തൊഴിലില്ലായ്മക്കും...സര്‍ക്കാരിനും...പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കും...നന്ദി....
അഞ്ജലിയെ എന്റെ കമ്പൂട്ടറില്‍ കുടിയിരുത്താനും വേണ്ടുന്നരീതിയില്‍ ഉപയോഗിക്കാനും എന്നെ സഹായിച്ചത് ജപ്പാന്‍ കാരനായ ഞാന്‍ കാണാത്ത ഞാന്‍ അറിയാത്ത എന്റെ സുഹൃത്താണ്...നന്ദി വക്കാരീ...നന്ദി...
ബ്ലോഗിങ്ങിനെ കുറിച്ചും അതിന്റെ പ്രധാന്യത്തെ കുറിച്ചും എന്നെ ബോധവാനാക്കിയത് റേഡിയോ ഏഷ്യയിലെ ടൈം ഔട്ട് എന്ന പരിപാടിയാണ്... നന്ദി...അവതാരികക്കും....റേഡിയോ ഏഷ്യക്കും...
ഞാന്‍ തുടങ്ങുകയായി......എന്നെ സഹിക്കാന്‍ വിധിക്കപ്പെട്ട എല്ലാ പുലികള്‍ക്കും മുന്‍കൂറായി
“പെരിയ നന്ദി.......”
