അഭിനവ് ബിന്ദ്ര ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഭാരതത്തിന്റെ കായിക ചരിത്രം അഭിനവ് ബിന്ദ്രയിലേയ്ക്ക് ചുരുക്കുന്നതും തെറ്റാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ദേശം ഒന്നടങ്കം സന്തോഷിയ്ക്കുന്നു. അതു വേണ്ടതും ആണ്. പക്ഷേ ഒളിമ്പിക്സിലെ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ഭാരതത്തിലേയ്ക്ക് തിരിച്ചെത്തിയ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ കൊടുത്ത സ്വീകരണം തത്സമയം റിപ്പോര്‍ട്ടാക്കി ഇന്നലെ ഏഷ്യനെറ്റില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ ആയി കാട്ടിയ ആഭാസം ഒരു നിലയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല.
ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആ സംഭവത്തിന്റെ ആവേശത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ ഇന്നലെ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കപ്പെട്ട സ്വീകരണം റിപ്പോര്‍ട്ട് ചെയ്ത ചങ്ങാതി ആവേശത്തോടേ വിളിച്ചു കൂവിയ ചളിപ്പുകള്‍ക്ക് ഒരു കണക്കുമുണ്ടായിരുന്നില്ല. മിമിക്രിക്കാരുടെ സ്ഥിരം പല്ലവിയായ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട് മുതല്‍ ഈ രാത്രിയുടെ അനന്തമായ ഇരുട്ട് എന്നുവരെ ആവേശത്തില്‍ അതിയാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ അര്‍ദ്ധരാത്രിയുടെ കൂരിരിട്ടിലും അഭിനവ് ബിന്ദ്രയെ ഒരു നോക്കു കാണാനായി അനന്തമായി തടിച്ചു കൂടിയിരിയ്ക്കുന്ന ജന സാഗരത്തിന്റെ ആവേശം അലകടലായി ആര്‍ത്തിരമ്പുന്ന ആവേശ്വാജ്ജ്വലമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....(തുടങ്ങിയിട്ടേ ഉള്ളൂ)
ഭാരതത്തില്‍ നിന്നും ചൈനയ്ക്കേറ്റ അതി ഭയാനകമായ പ്രഹരത്തില്‍ നിന്നും ചൈന ഇന്നിയും മുക്തി നേടിയിട്ടില്ല. ചൈനയുടെ സുവര്‍ണ്ണ താരത്തിനേറ്റ പരാജയം ഇപ്പോഴും ചൈനയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. (ഈ ഭയാനകമായ പരാജയത്തില്‍ നിന്നും മുക്തി നേടാനാകാതെ ഒളിമ്പിക്സ് തന്നെ ചൈന നിര്‍ത്തി വെയ്ക്കാന്‍ ആലോചിയ്ക്കുന്നു എന്നു കൂടി പറയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം.)
ലോകത്തിന്റെ നെറുകയിലേയ്ക്ക് ഭാരതത്തെ കൊണ്ടെത്തിച്ച വിജയമാണ് അഭിനവ് ബിന്ദ്ര നേടിയിരിയ്ക്കുന്നത് (പത്ത് മീറ്റര്‍ എയര്‍ റൈഫിളിലെ വിജയിയെ നിര്‍ണ്ണയിയ്ക്കാനാണ് നലുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ ഒളിമ്പിക്സ് നടത്തുന്നത്!).
നൂറ്റി എട്ട് വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയ്ക്ക് ഭാരതത്തിലേയ്ക്ക് ആദ്യമായി സ്വര്‍ണ്ണമെത്തിച്ച മഹാനാണ് അഭിനവ് ബിന്ദ്ര (വ്യക്തിഗതം എന്നത് ആവേശത്തില്‍ അതിയാന്‍ അങ്ങ് വിട്ടു പോയി-പലവട്ടം).
ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)
ഭാരതത്തിന്റെ കായിക ചരിത്രം ഇന്നി അഭിനവ് ബിന്ദ്രയ്ക്ക് മാത്രം സ്വന്തം. (ക്രിക്കറ്റ്, ഹോക്കി, ചെസ്സ്, ടെന്നീസ് എല്ലാം വെറും പുല്ല്)
അദ്ദേഹത്തിന്റെ തലയും വാലുമില്ലാത്ത കമന്ററി (റിപ്പോര്‍ട്ടിങ്ങ് അല്ല) അങ്ങിനെ നീണ്ടു.
ബീജിങ്ങ് ഒളിമ്പിക്സില്‍ ഭാരതത്തിന്റെ മാനം കാത്തത് അഭിനവ് ബിന്ദ്ര തന്നെ. സംശയമില്ല. പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. അത്രയ്ക്ക് കേമമായിരുന്നു ഇന്നലെ രാത്രി ഏഷ്യാനെറ്റ് അഭിനവ് ബിന്ദ്രയെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിനാക്കി കൊല്ലാകൊല ചെയ്തത്!
Showing posts with label കഷ്ടം. Show all posts
Showing posts with label കഷ്ടം. Show all posts
Thursday, August 14, 2008
Subscribe to:
Posts (Atom)
