
ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.
ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.
പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.
കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.