Sunday, March 29, 2020

ലോക്ക് ഡൌൺ പാളിയത് എവിടെ?


കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എട്ടു മണിയ്ക്ക് വന്ന് രാത്രി പന്ത്രണ്ട് മണിമുതൽ ഇന്ത്യ കംപ്ലീറ്റ് ലോക്ക് ഡൌൺ ആകുന്നു എന്ന് പ്രസ്താവിച്ചത് കൂടിയാലോചനകൾക്ക് ശേഷം അല്ല എന്ന് കരുതാൻ ആകില്ല. ആ പ്രസ്താവനയിൽ അദ്ദേഹം  ചേർത്ത് പറഞ്ഞത് "ഇപ്പോൾ എവിടെയാണോ അവിടെ തുടരണം" എന്നും "വീടിന്റെ വാതിൽക്കൽ ലക്ഷ്മണ രേഖ ആണെന്നും അത് മറികടക്കരുത് എന്നും" ആണ്.
.
പ്രായോഗിക തലത്തിൽ കരുണീയം ആയ ഒരു തീരുമാനം തന്നെ ആയിരുന്നു അത്. കാരണം ഇറ്റലിയുടെ ഭീതി പെടുത്തുന്ന ദുരനുഭവങ്ങൾ 
നമ്മുടെ മുന്നിൽ ഉണ്ട്. അതെന്താണ്?
.
ഇറ്റലി ആദ്യം ചെയ്തത് കൊറോണ ബാധിച്ച ഓരോ പ്രോവിൻസും അടയ്ക്കുക ആയിരുന്നു. അവിടെ റെഡ് സോൺ ആയി പ്രഖ്യാപിക്കുക ആണ് ഇറ്റലി സർക്കാർ ചെയ്തത്. ഓരോ പ്രോവിൻസും റെഡ് സോൺ ആയി പ്രഖ്യാപിക്കുമ്പോൾ ആ സോണിൽ നിന്നും ആളുകൾ ലോക്ക്ഡൌൺ ഭയന്ന് റെഡ് സോൺ ആകാത്ത ഇടത്തേയ്ക്ക് യാത്ര ചെയ്തു. റെഡ് സോൺ ആയി പ്രഖ്യാപിക്കാത്ത ഇടങ്ങളിലെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുടെ വീടുകളിലേക്ക് റെഡ് സോണിൽ നിന്നും ആളുകൾ ചേക്കേറി. റെഡ് സോണിലെ ഹോട്ടലുകൾ ഒഴിഞ്ഞു കിടന്നപ്പോൾ റെഡ് സോൺ പ്രഖ്യാപിക്കാതെ ഇടങ്ങളിലെ ഹോട്ടലുകൾ നിറഞ്ഞു കവിഞ്ഞു.
.
കൊറോണ വ്യാപകം ആകുന്ന ഓരോ പ്രൊവിൻസിലും റെഡ് അലർട്ട് പ്രഖ്യാപിക്കും മുന്നേ ജനങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാകാതിരിയ്ക്കാനും സാധനങ്ങൾ വാങ്ങാനും പുറത്ത് പോയിരുന്നവർക്ക് വീട്ടിലേക്ക് മടങ്ങി എത്താനും ഒക്കെ സൗകര്യപ്രദമായ രീതിയിൽ സമയം കൊടുത്തിരുന്നു. പക്ഷേ കൊറോണയെക്കാൾ ലോക്ക്ഡൗണിനെ ഭയന്ന ഇറ്റാലിയൻ ജനത അതാതിടങ്ങളിൽ തുടരാൻ ഉള്ള കരുതലുകൾ ചെയ്യേണ്ടതിനു പകരം വാഹനങ്ങളും എടുത്ത് കുടുംബ സമേതം റെഡ് സോൺ അല്ലാത്തിടങ്ങളിലേക്ക് യാത്ര ആവുകയായിരുന്നു. അനന്തര ഫലം നാം കണ്ടു. റെഡ് സോണിൽ നിന്നും റെഡ് സോൺ അല്ലാത്തിടത്തേക്ക് കൊറോണ വണ്ടി പിടിച്ച് എത്തിയതിനു തുല്യം ആയിരുന്നു അത്.ചുരുങ്ങിയ ദിനം കൊണ്ട് ഇറ്റലി ഒന്നാകെ തന്നെ കൊറോണ ബാധിത പ്രദേശമായി മാറി.
.
തീർച്ചയായും ഭീതിതമായ ഈ അനുഭവം തന്നെ ആണ് ഇന്ത്യയിൽ തായാറെടുപ്പിനു  അല്പം പോലും ഇടം നൽകാതെ ലോക്ഡൌൺ പ്രഖ്യാപിക്കാൻ കാരണം. ലോക് ഡൌൺ പ്രഖ്യാപിക്കും മുന്നേ സോഷ്യൽ എക്സ്പിരിമെന്റ് ആയി നടത്തിയ ജനതാ ഹർത്താൽ കൊട്ടിപ്പാട്ട് ഒരു അപവാദം ആയെങ്കിലും തരക്കേടില്ലാത്ത ആരോഗ്യകരമായ പ്രതികരണം ജനങ്ങളിൽ നിന്നും ഉണ്ടാവുകയും ചെയ്തു. ആ ധൈര്യത്തിൽ ആണ് ഒട്ടും സമയം നൽകാതെ കംപ്ലീറ്റ് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. സമയം കൊടുത്ത്  ലോക്ക്ഡൌൺ പ്രഖ്യാപിച്ചാൽ ജനം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര തിരിക്കും എന്ന അപകടം ഒഴിവാക്കാൻ തന്നെയാകണം ഒട്ടും സമയം നൽകാതെ ഇന്ത്യ കംപ്ലീറ്റ് ലോക്ക്ടൗണിലേക്ക് പോയത്.
.
കാര്യങ്ങൾ ഇവിടം വരെ ശെരിക്കും ശെരിയാണ്. പക്ഷേ പിന്നെയാണ് പാളിയത്. ലോക്ക്ഡൌൺ സംഭവിക്കുമ്പോൾ ജോലിയും കൂലിയും നഷ്ടപ്പെട്ട് ദുരന്തത്തിൽ ആകുന്നവർക്കുള്ള അഭയവും ഭക്ഷണവും ആദ്യ ദിനം തന്നെ ഉറപ്പ് വരുത്താൻ പ്രധാനമന്ത്രിക്ക് ആകാതെ പോയി. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ഒപ്പം തന്നെ അഭയവും ഭക്ഷണവും ഉറപ്പ് വരുത്തുന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തണമായിരുന്നു. അത് ചെയ്തില്ല. മാത്രമല്ല കരുതലോ സമ്പാദ്യമോ ഇല്ലാത്ത അന്ന് അന്നത്തെ അന്നത്തിനു അന്നന്ന് തൊഴിൽ എടുക്കുന്ന ജനതയെ പ്രധാനമന്ത്രി മറന്നു പോയി. അവർക്ക് തൊഴിലിടം നഷ്ടപ്പെട്ടാൽ പിന്നെ സ്വന്തം നാട് എന്നതിന് അപ്പുറം മറ്റൊരു ഓപ്‌ഷനും ഇല്ല എന്നതും ഭരിക്കുന്നവർ അറിഞ്ഞില്ല.
.
അന്നത്തെ അധ്വാനത്തിന്റെ ഫലത്തിൽ നിന്നും ആണ് ദിവസ ജോലിക്കാർ വാടകയും കണ്ടെത്തേണ്ടത്. ജോലി ഇല്ലാ എന്നത് വാടക നൽകാതിരിക്കാൻ ഉള്ള കാരണം ആയി പാർപ്പിട ഉടമകൾ കാണില്ല. തൊഴിൽ ഇല്ലാതെ തൊഴിൽ ഇടത്ത് തുടരാൻ തൊഴിലാളികൾക്ക് ഇതുമൂലം ആവുകയും ഇല്ല. ഭക്ഷണം സർക്കാർ സംവിധാനം നൽകിയാലും പാർപ്പിടം ആര് നൽകും? അതിന്റെ വാടക എങ്ങിനെ കൊടുക്കാൻ ആകും. ഫലം പാലായനമായി.
.
ഒറ്റയടിക്ക് ഉള്ള ലോക്ക് ഡൌൺ  ഐഡിയ തന്നെയായിരുന്നു. പക്ഷേ ദിവസ വേതനക്കാരെയും തൊഴിലാളികളെയും എങ്ങിനെ ആശങ്കകൾ അകറ്റി "നിൽക്കുന്നിടത്ത് നിർത്താം" എന്ന ഗൃഹപാഠം കേന്ദ്ര സർക്കാർ ചെയ്തില്ല. ഇപ്പോൾ സംഭവിക്കുന്നത് താരതമ്യേന സുരക്ഷിതമായിരുന്ന അല്ലെങ്കിൽ കൊറോണ മുക്തമായിരുന്ന  ഗ്രാമങ്ങളിലേക്ക് കൊറോണ കൂട്ടം കൂട്ടമായി നടന്നടുക്കുന്നു എന്ന നില വന്നു. ഇറ്റലിയിൽ കൊറോണ വണ്ടി പിടിച്ച് രാജ്യം മൊത്തം കുട്ടിച്ചോർ ആക്കിയെങ്കിൽ ഇന്ത്യയിൽ കാൽ നടയായി നടയായി രാജ്യം കീഴടക്കുന്ന നിലവരുന്നു.
.
പാലയനങ്ങളും പുറപ്പാടും കാണുമ്പോൾ ഭയം തോന്നുന്നു. ലോക്ക് ഡൌൺ എന്തിനായിരുന്നോ അത് പരാജയപ്പെട്ടിരിക്കുന്നു. നാളെ എന്താകും എന്ന് ഊഹിക്കാൻ പോലും ആകുന്നില്ല. കൊറോണയെ പ്രതിരോധിക്കാൻ ഉള്ള ഫലപ്രദമായ ഏറ്റവും നല്ല ഉപാധിയാണ് നിർവഹണത്തിലെ പിഴവ് മൂലം ദുരന്തമായി മാറിയിരിക്കുന്നത്.