Friday, December 16, 2011

തലപ്പാവുകാരന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍


ണ്ടായിരത്തി എട്ടിലെ കെണിയില്‍ നിന്നും നാം രക്ഷപെട്ടു. അതു പക്ഷേ മുജ്ജന്മ സുക്രുതം. പക്ഷേ ഇപ്പോ പെടും എന്നാണു തോന്നുന്നത്. അല്ല പെട്ടു എന്നതു തന്നെയാണു ശരി. ഭാരതത്തിലെ സാമ്പത്തിക രംഗം മുച്ചൂടും നശിപ്പിച്ചത് സാമ്പത്തിക വിദഗ്ദനായ മന്മോഹന്‍ സിങ്ങ് തന്നെയാണ് എന്ന് ഒരാള്‍ അനുമാനിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ കടുത്ത മന്മോഹന ഭക്തന്മാര്‍ക്കു പോലും കഴിയും എന്നു തോന്നുന്നില്ല. ആഗോള വല്‍ക്കരണം കൊണ്ടു ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും രക്ഷപെട്ടിട്ടില്ല എന്ന  സത്യം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുമ്പോഴും ഭാരത്തിനു ഒരിക്കലും അനുഗുണം അല്ലാത്ത ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഭാരതത്തിന്റെ സാമ്പത്തിക രംഗം അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കു വീഴാന്‍ കാരണം.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന വചനം നമ്മള്‍ മനപൂര്‍വ്വം മറന്നു. വിദേശ ഫണ്ടുകള്‍ ഭാരതത്തെ അങ്ങു ദത്തെടുക്കും എന്നു ധരിച്ചവശായ മന്മൊഹനനും കൂട്ടരും ഭാരതത്തിന്റെ ആത്മാവിനെ വരെ വിറ്റു തുലക്കുന്നിടത്ത് കാര്യങ്ങല്‍ എത്തി നില്‍ക്കുന്നു. ചോരയുള്ളിടത്തേ കൊതുകിനു കൌതുകം ഉണ്ടാവുള്ളൂ. ചൂഷണത്തിനു സാധ്യതയുള്ളിടത്തേ വിദേശ ഫണ്ടുകള്‍ക്കും താല്പര്യം ഉണ്ടാവുള്ളൂ എന്നര്‍ത്ഥം. പണപ്പെരുപ്പം നാല്പതു ശതമാനത്തിനും മുകളില്‍ എത്തി സാമ്പത്തിക രംഗം മുച്ചൂടും മുടിഞ്ഞു പോയ മെക്സിക്കോ ഒന്നാന്തരം ഉദാരണം. അടുത്തിടെ പാപ്പര്‍ സ്യൂട്ടായ ഐസ്‌ലാന്റ് ഏറ്റവും ഒടുവിലത്തെ സാക്ഷ്യം.  ഒരു കാലത്ത് ആഗോള വല്‍ക്കരണത്തിന്റേയും സ്വകാര്യ വല്‍ക്കരണത്തിന്റേയും സ്വര്‍ഗ്ഗമായിരുന്നു തകര്‍ന്നടിഞ്ഞ ഈ രാജ്യങ്ങള്‍ ഒക്കെയും.

എല്ലാം തകര്‍ന്നു. അല്ലെങ്കില്‍ തകര്‍ന്നു കൊണ്ടേയിരിക്കുന്നു. ഗ്രീസ്, ഇറ്റലി, പൊര്‍ച്ചുഗല്‍ അങ്ങിനെ അങ്ങിനെ തകര്‍ന്നടിയുന്ന സാമ്പത്തിക ശക്തികള്‍ നമ്മുക്ക് മുന്നില്‍ ഉണ്ട്. ആദ്യം തന്നെ അമേരിക്ക പൊട്ടി. ബ്രിട്ടനും അതിന്റെ പിറകേ... ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും ഒരിക്കലും ഒരു രാജ്യത്തെയും രക്ഷപെടുത്തിയിട്ടില്ലാ എന്നു ഭാരതത്തിന്റെ മുഴുവന്‍ ജനങ്ങളും മനസ്സിലാക്കിയാലും ഭാരതത്തിലെ ഏറ്റവും പ്രശസ്ഥനായ ഒരു സാമ്പത്തിക വിദഗ്ദനു അതു മനസ്സിലാകുന്നില്ല. അയാള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി പോയി എന്നതു ഭാരതത്തിന്റെ ഗതികേട്!

"കക്കുന്തോറും മുടിയും... മുടിയുന്തോറും കക്കും."
ഇതിനെ അന്വോര്‍ത്വം ആക്കുന്നതാണ് മന്മോഹന്‍ സിങ്ങിന്റെ ഭരണ പരിഷ്കാരങ്ങള്‍. എല്ലാ മുതലാളിത്വ രാജ്യങ്ങളും കരുതുന്നതു പോലെ മന്മോഹന്‍ സിങ്ങും ധരിക്കുന്നതു ഒഹരി വിപണിയാണ് നാടിന്റെ ആത്മാവ് എന്നാണ്. ഓഹരി വിപണി ഉയര്‍ന്നു നിന്നാല്‍ പുറം ലോകം വെറുതേ അങ്ങു ധരിച്ചോളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണെന്നു. ശ്രദ്ധമുഴുവനും ഓഹരി വിപണിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാടിന്റെ ആസൂത്രണ വിദഗ്ദര്‍ കണ്ടില്ലാന്നു നടിച്ചത് അനുനിമിഷം തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയെയാണ്. ഉണ്ണാനുള്ളത് പ്രാദേശികമായി തന്നെ ഉല്പാദിപ്പിക്കന്‍ കഴിയാതെ വന്നാല്‍ ദാരിദ്ര്യം ആയിരിക്കും ഫലം എന്നത് മന്മോഹന സിങ്ങിനും കൂട്ടര്‍ക്കും അറിയാത്തതൊന്നും അല്ല. പക്ഷേ അവര്‍ക്ക് എപ്പോഴും താല്പര്യം ഭാരതത്തെ മറ്റൊരു അമേരിക്ക ആക്കുക എന്നതാണ്. അതിനു വേണ്ടിയുള്ള നയ രൂപീകരണങ്ങളാണ് നമ്മുടെ സാമ്പത്തിക വിദഗ്ദര്‍ നടത്തി കൊണ്ടേയിരിക്കുന്നത്. അമേരിക്കക്ക് എപ്പോഴെങ്കിലും ഒരു പക്ഷേ ഇന്‍ഡ്യ ആകാന്‍ കഴിയുമായിരിക്കും. പക്ഷേ ഒരിക്കലും... ഒരിക്കലും ഭാരതത്തിനു അമേരിക്ക ആകാനേ കഴിയില്ല തന്നെ.

സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതു അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായതു മുതലാണല്ലോ? അതു തുടങ്ങിയത് ഭവനവായ്പകള്‍ കിട്ടാകടങ്ങള്‍ ആയതു മുതലാണ്. ലാഭം മാത്രം നോക്കി ഈടിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാതെ വന്‍ പലിശക്ക് വീടിന്റെയോ ഭൂമിയുടേയോ വിലയുടെ തൊണ്ണൂറു ശതമാനമോ അതിലധികമോ വായ്പ അനുവദിച്ച നിമിഷം തന്നെ ബാങ്കിങ്ങ് തകര്‍ച്ചയുടെ ഒന്നാം ഘട്ടം ആരംഭിക്കുകയായിരുന്നു. കാരണം, ഭൂമിയുടെ അല്ലെങ്കില്‍ കെട്ടിടത്തിന്റെയോ വില റിയല്‍ എസ്റ്റേറ്റ് കമ്പനികളാല്‍ ഊതി വീര്‍പ്പിച്ചു നിര്‍ത്തുകയായിരുന്നു.  തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഈട് പിടിച്ചെടുത്ത് ലേലത്തിനു വെച്ചു. ലേലം കൊള്ളാന്‍ ആളില്ല. ഈടിനു നല്‍കിയ വായ്പക്ക് തുല്യം വില വരാതെ അല്ലെങ്കില്‍ എടുക്കാന്‍ ആളില്ലാതെ കിട്ടാക്കടങ്ങള്‍ പെരുകിയപ്പോള്‍ ബാങ്കുകളുടെ പ്രവര്‍ത്തനം താറുമാറായി. തൊഴിലുകള്‍ വെട്ടികുറക്കപെട്ടു തുടര്‍ന്നു ക്രെഡിറ്റ് കാര്‍ഡുകളും വാഹന വായ്പകളും വ്യക്തി ഗത വായ്പകളും കിട്ടാക്കടങ്ങള്‍ ആയി തുടങ്ങി. അങ്ങിനെ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. ആഗോളവല്‍ക്കരണം ഒരു ഹിസ്റ്റീരിയ ആയി ലോകത്ത് പടര്‍ന്ന കാലഘട്ടം ആയിരുന്നതു കൊണ്ട് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ച ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സമയം ഒന്നും വേണ്ടായിരുന്നു.

തകര്‍ച്ചയുടെ ആ പരമ്പരയില്‍ നിന്നും ഭാരതം രക്ഷപെട്ടത് ഭാരതത്തിന്റെ മികവുറ്റ ബാങ്കിങ്ങ് ഘടനയുടെ പ്രത്യേകത കൊണ്ടായിരുന്നു. ഭൂപണയ വായ്പകളുടെ കാര്യത്തില്‍  ഭാരതീയ ബാങ്കുകള്‍ ഈടിന്റെ മൂല്യം കണക്കാക്കുന്ന രീതിയും ലോണിന്റെ പാറ്റേണും എപ്പോഴും ഈടിന്റെ മൂല്യം വായ്പയുടെ മൂല്യത്തിനു മുകളില്‍ നിര്‍ത്താന്‍ ഭാരതീയ ബാങ്കുകള്‍ക്ക് കഴിയും വിധമാണ്. അതിന് അഭിനന്ദിക്കേണ്ടത് ഇന്ദിരാ ഗാന്ധിയെ ആണ്. അല്ലാതെ മന്മോഹന സിദ്ധാന്ധങ്ങളെ അല്ല. ഇപ്പോഴും ബാങ്കിങ്ങ് മേഖല ഭാരതത്തില്‍ സുദൃഢം തന്നെ. മന്മോഹന സംഘം എത്ര ശ്രമിച്ചിട്ടും അതു തകര്‍ക്കാന്‍ കഴിയാത്തത് ബാങ്കിങ്ങ് മേഖലയിലെ തൊഴിലാളി സംഘടനകളുടെ ഇടപെടല്‍ കൊണ്ടു മാത്രവും.

ബാങ്കിങ്ങ് മേഖലക്ക് ഒരു പോറലും ഭാരതത്തില്‍ ഏല്‍ക്കില്ല തന്നെ. പക്ഷേ മറ്റു മേഖലകള്‍ പ്രതിസന്ധിയില്‍ ആണു. പരമ പ്രധാനം പെട്രോളിന്റെ വില നിശ്ചയിക്കുന്നതില്‍ ഗവണ്മെന്റിനു ഉണ്ടായിരുന്ന നിയന്ത്രണം എടുത്ത് കളഞ്ഞത് തന്നെ. എണ്ണയുടെ അന്താരാഷ്ട്ര ചലനങ്ങള്‍ക്ക് ഒപ്പിച്ച് ഭാരതത്തില്‍ എണ്ണയുടെ വില നിശ്ചയിക്കാം എന്നു വന്നിടത്ത് ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എണ്ണ വില പത്തു തവണ കൂടി. ഫലം പണപ്പെരുപ്പവും വിലകയറ്റവും അതു പോലെ തന്നെ കൂടി. എണ്ണവില കൂടുമ്പോള്‍ മൊത്ത വില സൂചിക കൂടും ഒപ്പം പണപ്പെരുപ്പവും. പണപ്പെരുപ്പം കൂടുമ്പോള്‍ രൂപയുടെ വില ഇടിയും. രൂപയുടെ വില ഇടിയുമ്പോള്‍ അസംസ്കൃ എണ്ണയുടെ ഇറക്കുമതി ചിലവ് കൂടും വീണ്ടും എണ്ണ വില കൂടും തുടര്‍ന്ന് പണപ്പെരുപ്പവും അതിങ്ങനെ തുടരും.

യൂറോപ്പില്‍ ബാധിച്ച സാമ്പത്തിക മാന്ദ്യം മാറിയാലും ഇന്നി ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിനു സ്ഥിരത ഉണ്ടാകില്ല. യൂറോപ്പിലെ മാന്ദ്യം അവസാനിക്കുമ്പോള്‍ അവിടെ ഉല്പാദനം കൂടും. ഉല്പാദനം കൂടുമ്പോള്‍ എണ്ണയുടെ ഉപഭോഗവും കൂടും. എണ്ണയുടെ ഉപഭോഗം കൂടുമ്പോള്‍ എണ്ണ വില കുത്തനെ കയറും. അന്താരാഷ്ട്ര എണ്ണ വിപണിക്കൊപ്പം ഭാരതത്തിലും എണ്ണ വില കൂടും. വ്യാവസായിക വളര്‍ച്ച ഉച്ചസ്ഥായിയില്‍ ആയ രണ്ടായിരത്തി എട്ടിന്റെ ആദ്യ പാദത്തില്‍ എണ്ണ വില നൂറ്റി നാല്പത് ഡോളറിനു മുകളില്‍ പോയിട്ടും ഭാരതത്തില്‍ പെട്രോള്‍ വില നാല്പതു രൂപയ്ക്ക് അടുത്ത് നിര്‍ത്താന്‍ കഴിഞ്ഞത് വില നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തം ആയിരുന്നതു കൊണ്ടാണ്. പക്ഷേ ഇന്നി അതു നടപ്പില്ല. എണ്ണ വില അന്താരാഷ്ട്ര തലത്തില്‍ കൂടും മുന്നേ ഇന്നി ഭാരതത്തില്‍ ഇന്ധന വില കൂടും.  ലോക സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുമ്പോള്‍ ഇന്ധന വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ തട്ടി പണപ്പെരുപ്പം ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല എന്നു സാരം.

പണപ്പെരുപ്പം കുറക്കാന്‍ റിസര്‍വ്വ് ബാങ്കിനു കൂടുതല്‍ ഒന്നും ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ല. അവര്‍  മാസാമാസം കൂടിയിരുന്ന് റിസര്‍വ്വ് ആന്റ് റിവേഴ്സ് റിപ്പൊ റേറ്റ് ഇരുപത്തി അഞ്ച് പൈസ കൂട്ടും അല്ലാതെ എന്തു ചെയ്യാന്‍? പാവങ്ങള്‍... അവിടേയും തെറ്റാണ് ചെയ്യുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കുറക്കാന്‍ പലിശ നിരക്ക് കൂട്ടുമ്പോള്‍ വിപണിയില്‍ പണ ലഭ്യത കുറയും. കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ വായ്പകളുടെ പലിശ കൂടും. പലിശ ചിലവ് കൂടുമ്പോള്‍ എണ്ണവില കൂടുന്നത് പോലെ തന്നെ സമ്പൂര്‍ണ്ണ വില കയറ്റം ഫലം. വീണ്ടും വിലകയറ്റം തന്നെ. പിന്നെയും ലവന്മാര്‍ കൂടിയിരുന്നു അവലോകനം നടത്തും. അവലോകനത്തിനൊടുവില്‍ പതിവുപോലെ ഇരുപത്തി അഞ്ചു പൈസ കൂട്ടും. പിന്നെയും പലിശ കൂടും. വായ്പ ചിലവു കൂടും വില കയറ്റവും...

ആഗോള വല്‍ക്കരണത്തിന്റെ ഭാഗമായ സാമ്പത്തിക അടിമത്വത്തിന്റെ ഫലമായി കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരുന്ന സബ്സിഡികള്‍ ഒരന്തവും ഇല്ലാതെ വെട്ടികുറച്ചത് കാര്‍ഷിക മേഖലയിലെ കൂട്ട ആത്മഹത്യകള്‍ക്കും ഹെതുവായി. കാര്‍ഷിക മേഖല എങ്ങിനെ എങ്കിലും മുടിപ്പിച്ചിട്ട് ഭാരതം എന്ന അനന്ത സാധ്യതകള്‍ ഉള്ള വിപണിയിലേക്ക് കടന്നു വരാന്‍ ആഗോള കുത്തകകള്‍ മത്സരിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രീകൃത കൃഷിയിടങ്ങള്‍ക്ക് വന്‍ സബ്സിഡികള്‍ നല്‍കുമ്പോഴാണ് അത്താഴ പഷ്ണിക്കാരുടെ കൃഷിയിടങ്ങളിലെ മുക്കാല്‍ ചക്ര സബ്സിഡികള്‍ വെട്ടി കുറക്കേണ്ടി വന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന അവസ്ഥ. കാരണം - എല്ലാം അറിയുന്ന ഒരാള്‍ പ്രധാന മന്ത്രിയായിരിക്കുന്നിടത്ത് സര്‍വ്വതും സുരക്ഷിതം ആയിരിക്കും എന്നു നാം തെറ്റിദ്ധരിച്ചു. എല്ലാം അയാളെ ഏല്പിച്ച് നാം സുഖ സുഷുപ്തിയില്‍ ആയി.

ഏറ്റവും ഒടുവില്‍ ചെറുകിട കച്ചവട മേഖലയില്‍ കൂടി വിദേശ ഫണ്ട് അനുവദിക്കാനുള്ള ശ്രമം നടക്കുന്നു. കാരണം പറയുന്നത് ഉപഭോക്താവിനു വില കുറവില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കും എന്നാണ്. ആഗോള ഭീമന്മാര്‍ ഭാരത ജനതയെ സേവിക്കാനല്ല ഇങ്ങോട്ടു കടന്നു വരുന്നത്. മാക്സിമം ലാഭം തന്നെയാണ് അവരുടെ ഉന്നം. കൃഷിടങ്ങള്‍ പാട്ടത്തിനെടുത്ത് അവിടെ ജനിതക മാറ്റങ്ങള്‍ വരുത്തിയ അത്യുല്പാദന ശേഷിയുള്ള അന്തക വിത്തുകള്‍ വിതച്ചു വന്‍ വിളവെടുപ്പ് നടത്തി ലാഭം കൊയ്യുക എന്നതാണ് സംഭവിക്കാന്‍ പോകുന്നത്. പതുക്കെ പതുക്കെ കര്‍ഷകര്‍ എന്ന വിഭാഗം തന്നെ ഇല്ലാതാകും.

മത്സരത്തിന്റെ ഭാഗമായി ചെറുകിട കച്ചവടക്കാരെ പൂട്ടിക്കാന്‍ ആദ്യ കാലങ്ങളില്‍ ചില ആനുകൂല്യങ്ങളും വിലക്കുറവും ഒക്കെ ഉപഭോക്താവിനു നല്‍കാന്‍ ഇവര്‍ ശ്രമിക്കും എങ്കിലും പതുക്കെ അതൊക്കെ ഇല്ലാതാകും. സമ്പന്നര്‍ക്ക് മാത്രം കടന്നു ചെല്ലാന്‍ കഴിയുന്ന ഇടങ്ങളായി വന്‍ വിദേശ വില്പന കേന്ദ്രങ്ങള്‍ മാറി കഴിയുമ്പോള്‍ സാധാരണക്കാരനു അടുപ്പു പുകക്കാന്‍ പാക്കരന്റെ പല ചരക്ക് കട കാണില്ല. ഒന്നുകില്‍ അയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ വിദേശ കുത്തകക്കാരന്‍ നടത്തുന്ന കേന്ദ്രീകൃത കൃഷിയിടത്തിലെ തൊഴിലാളി ആയിട്ടുണ്ടാകും.

ചെറുകിട വ്യാപാരമേഖല കൂടി വിദേശ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് വാദിക്കുന്നവര്‍ മിക്കവരും പറയുന്ന ഒരു ന്യായം ഭാരതത്തില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങളില്‍ നല്ലൊരു ശതമാനവും വിളവെടുത്ത് ശേഖരിച്ച് സൂക്ഷിച്ചു വെക്കാന്‍  കഴിയാതെ നശിച്ചു പോകുന്നു. അതിനു തടയിടാന്‍ പുതിയ നയത്തിനു കഴിയും, വിദേശ ഫണ്ടുകള്‍ സുസ്സജ്ജമായ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി വിഭവങ്ങള്‍ സൂക്ഷിക്കും എന്നതാണ്. രാഹുല്‍ ഗാന്ധിയും അങ്ങിനെ പ്രസ്ഥാവന നടത്തുന്നതു കേട്ടു, വിഭവങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാറിനു കഴിയില്ലാ... വിദേശിയര്‍ക്കേ കഴിയുള്ളൂ എന്നു പറയുന്നിടത്ത് സര്‍ക്കാര്‍ തന്നെ പരാജയം ആണെന്നു സമ്മതിക്കുന്നതിനു തുല്യം ആണ്. നാടിന്റെ സമ്പത്ത് സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഒരു സാമ്പത്തിക വിദഗ്ദന്റെ നേതൃത്വത്തില്‍ ആണെന്നുള്ളത് അതിനേക്കാള്‍ മാനക്കേട്.

വിദേശ ഫണ്ടുകള്‍ക്ക് ഒരിക്കലും ഭാരതത്തോടു എന്തെങ്കിലും കൂറുണ്ടാകും എന്ന് ധരിക്കുന്നതേ അബദ്ധമാണ്. ഇപ്പോള്‍ ഓഹരി വിപണി എത്തപ്പെട്ടിരിക്കുന്ന ദുരന്തം തന്നെ അതിനു ഉദാഹരണം. ഭാരതത്തിന്റെ സാമ്പത്തിക നില അപകടത്തിലേക്ക് എന്ന സൂചന കിട്ടിയ നിമിഷം തന്നെ അവര്‍ ഫണ്ടുകള്‍ പിന്‍ വലിച്ചു തുടങ്ങി. ഫലം എന്താണ്? ഭാരതത്തിലെ സാധാരണ നിക്ഷേപകനു അവന്റെ നാമമാത്രമായ നിക്ഷേപം നഷ്ടപ്പെടുന്ന അവസ്ഥ. ഓഹരി വിപണിയിലേക്ക് സാധാരണ നിക്ഷേപകനെ ആകര്‍ഷിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് മുങ്കൈ എടുത്തത്. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു നിസ്സാഹയനായി നില്‍ക്കുന്ന സാധാരണ ഭാരതീയ നിക്ഷേപകന്‍ ആത്മഹത്യയുടെ വക്കിലും. വിദേശ ഫണ്ടുകള്‍ അപകടം മുങ്കൂട്ടി കണ്ട് നേരത്തെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ സംരക്ഷിച്ചു കഴിഞ്ഞിരുന്നു.

സാമ്പത്തിക രംഗത്ത് നിന്നും എങ്ങിനെ വിദേശ ഫണ്ടുകള്‍ പിന്‍ വലിഞ്ഞോ അതേ പോലെ തന്നെ കാര്‍ഷിക രംഗത്ത് നിന്നും ചില്ലറ വ്യാപാര മേഖലയില്‍ നിന്നും തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിന്നും ഒക്കെ അവര്‍ പിന്‍ വലിയും. അപ്പോഴേക്കും നമ്മുടെ സ്വയം പര്യാപ്തത നമ്മുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. മണ്ണും വിത്തും ജലവും മാനഭംഗ പെട്ടിട്ടുണ്ടാകും. തകര്‍ന്നടിഞ്ഞ് കഴിയുന്ന കാര്‍ഷിക വിപണന മേഖല തിരികേ കൊണ്ടു വരുവാന്‍ ഒരു പക്ഷേ നമ്മുക്ക് കഴിയണം എന്നില്ല. ഫലം ഭക്ഷണത്തിനായി വിദേശ കപ്പലുകള്‍ തീരത്തണയുന്നതും കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും.

മന്മോഹന്‍ സിങ്ങിനു പിഴക്കുന്നുണ്ട്. അമേരിക്കക്ക് പറ്റിയ നേതാവായിരിക്കും ഒരു പക്ഷേ മന്മോഹന്‍ സിങ്ങ്. പക്ഷേ ഭാരതത്തിനു അദ്ദേഹം ദോഷം മാത്രമേ ചെയ്യുന്നുള്ളു. ഭാരതീയരെയും ഭാരതത്തിന്റെ സാമ്പത്തിക ശാസ്ത്രത്തേയും ഭാരതത്തിന്റെ കര്‍ഷകരേയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടു പോകാന്‍ കഴിയാത്തിടത്തോളം മന്മോഹന്‍ സിങ്ങ് കടുത്ത അപരാധമാണ് നാട്ടിനു ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കയെ ഭാരതത്തിലേക്ക് പറിച്ച് നടാനുള്ള വെമ്പലില്‍ മന്മോഹന്‍ സിങ്ങും കൂട്ടരും നാട്ടിന്റെ ആത്മാവിനെയാണ് കുരുതി കൊടുക്കുന്നത്.

ആഗോള വല്‍ക്കരണം ഒരു രാജ്യത്തിനും ഭൂഷണം അല്ല. ഒരോ രാജ്യവും സ്വയം പര്യാപ്തമാവുകയാണ് വേണ്ടത്. ആഗോളവല്‍ക്കരണം ഏതെങ്കിലും രാജ്യത്തെ സാമ്പത്തികമായി ഉന്നമനത്തില്‍ എത്തിച്ചിട്ടും ഇല്ല - നാളിതു വരെ. വിഭവങ്ങള്‍ പരസ്പരം വിപണനം ചെയ്യുന്നതിനു നാടിന്റെ സാമ്പത്തിക മേഖല കുത്തകകള്‍ക്ക് അടിയറവ് വെക്കേണ്ടുന്നതൊന്നും ഇല്ല. വിദേശ വിപണി കീഴ്പ്പെടുത്താന്‍ നാം വെമ്പല്‍ കൊള്ളുന്നതിനു മുന്നേ രാജ്യത്തിന്റെ കാര്‍ഷിക വിപണന സാമ്പത്തിക മേഖലകള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.  ഉല്പാദന ചിലവു കുറച്ചാല്‍ നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിപണികള്‍ താനേ തുറക്കെപ്പെടും.

ലാഭം മാത്രമാണ് വിദേശ ഫണ്ടുകള്‍ ലക്ഷ്യം വെക്കുന്നത്. രാജ്യ സേവനം അവരുടെ ലക്ഷ്യമേ അല്ല. അതു നന്നായി അറിയാവുന്ന ഒരാള്‍ പ്രധാനമന്ത്രി ആയി ഇരുന്നു കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തുരങ്കം വെക്കാന്‍ വിദേശ കുത്തകകള്‍ക്ക് അവസരം ഒരുക്കുന്നത് നാടിന്റെ ശാപമാണ്.