Monday, February 15, 2010

വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.

ഭ്രാന്തിനെ അലങ്കാരമാക്കുന്ന ഒരു സമൂഹം.
ഭ്രാന്തുകളല്ലാത്തതായി നമ്മുടെ സമൂഹത്തില്‍ എന്തെങ്കിലും ഉണ്ടോ എന്നു സംശയമായിരിയ്ക്കുന്നു. അത്തരത്തില്‍ നോക്കിയാല്‍ നമ്മുടെ വിവാഹാഘോഷങ്ങളും ഭ്രാന്തിന്റെ ഏറ്റവും ദുര്‍ഘടമായ ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ധൂര്‍ത്തും പൊങ്ങച്ചവും പിച്ചത്തരവും കൊണ്ട് നമ്മുടെ വിവാഹ ചടങ്ങുകള്‍ എത്രത്തോളം അധഃപതിക്കാമോ അത്രത്തോളവും അതിനും താഴേയ്ക്കും അധഃപതിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

കല്ല്യാണ ആലോചന മുതല്‍ ധൂര്‍ത്തും ആരംഭിക്കുകയായി. ആദ്യം പെണ്ണുകാണല്‍. ചെറുക്കന്‍ പോയി മൂക്ക് മുട്ടേ വലിച്ച് കേറ്റി ഏമ്പക്കവും വിട്ട് പെണ്ണിനെ ഇഷ്ടപെടാതെ തിരിച്ചു പോരും. ഡസന്‍ കണക്കിനു പെങ്കൊച്ചുങ്ങളെ കണ്ടെങ്കില്‍ മാത്രമേ ലവന് എവിടേലും ഇഷ്ടംകൂടാന്‍ കഴിയുള്ളു. പെണ്ണുകാണുക എന്നത് ഹോബിയാക്കിയവരും കുറവല്ല. ഇന്നി ലവന് ഇഷ്ടം വന്നാലോ പിന്നെ വീട്ടുകാരുടെ കെട്ടുകാഴ്ചയായി. സ്വന്തക്കാരേം ബന്ധുക്കളേം കുഞ്ഞുകുട്ടി പരാധീനങ്ങളെയെല്ലാം വലിച്ചു വാരി ഒരു പോക്കാണ്. ചെറുക്കന് ഇഷ്ടപ്പെട്ട പെണ്ണിനെ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം ഇഷ്ടം വരണമല്ലോ? ഈ കൂട്ടപൊരിച്ചിലില്‍ ഒടങ്കൊല്ലികള്‍ ആരേലും ഉണ്ടേല്‍ ചെറുക്കന് വീണ്ടും പെങ്കൊച്ചുങ്ങളുടെ തിണ്ണ നിരങ്ങാം. ഒടുവില്‍ ചെറുക്കനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത ചടങ്ങായി. അതാണ് അച്ചാരം എന്ന ചടങ്ങ്.

ആണും പെണ്ണും ചേര്‍ന്നാണ് ഒരുമിച്ച് ജീവിച്ച് കൊള്ളാം എന്ന വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ കല്ല്യാണ ചിലവ് അടക്കമുള്ള എല്ലാ ചിലവുകളും വഹിക്കേണ്ടത് പെണ്ണിന്റെ വീട്ടുകാരാണ്. അതിലൊന്നാണ് ഈ അച്ചാരം എന്ന ദുഷിച്ച നാറിയ പ്രവണത. പെണ്ണിനെ വളര്‍ത്തി വിവാഹ പ്രായമെത്തിക്കേണ്ടതിനും ആണിനെ വളര്‍ത്തി വിവാ‍ഹ പ്രായമെത്തിക്കേണ്ടതിനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്നു സംശയമാണ്. ഒരു പക്ഷേ വളര്‍ത്ത് ചിലവ് കൂടുതല്‍ പെണ്‍കുട്ടികള്‍ക്കായിരിക്കുകയും ചെയ്യും. എന്നിട്ടും വിവാഹ കമ്പോളത്തില്‍ പെണ്ണിനു വിലവേണേല്‍ പൊന്നും വേണം. കേട്ടിട്ടില്ലേ തട്ടാന്റെ പരസ്യം ടീവിയില്‍ അടിക്കടി മുഴങ്ങുന്നത്.

“.... പെണ്ണായാല്‍ പൊന്നു വേണം....” അത് പറഞ്ഞ് പറഞ്ഞ് അങ്ങ് ഉറപ്പിക്കുകയാണ്. (എന്നേ നിരോധിക്കേണ്ട പരസ്യമാണത്.)

അതായത് പറഞ്ഞ് വരുന്നത് എന്തെന്നാല്‍ ആണിനു പെണ്ണിനേം പെണ്ണിനു ആണിനേം, ഇവരിരുവരേം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത നടപടി അച്ചാരം ആണെന്നാണല്ലോ? അച്ചാരം എന്നാല്‍ എന്താണ്? ഏറ്റവും ലളിതമായി അച്ചാരത്തെ നമ്മുക്ക് ഇങ്ങിനെ നിര്‍വചിക്കാം. അച്ചാരം എന്നാല്‍ കല്ല്യാണ ചിലവിനു ചിറക്കന്റെ കോണകം വരെ വാങ്ങാന്‍ വേണ്ടി പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കൊടുക്കുന്ന കൈക്കൂലി. തങ്ങളുടെ പെങ്കൊച്ചിനെ കെട്ടി കൊണ്ടു പോയി വീട്ടുകാരുടെ ഭാരം ഒഴിവാക്കാന്‍ വേണ്ടി ചെറുക്കന്റെ വീട്ടുകാര്‍ക്കോ ചെറുക്കനോ കൊടുക്കുന്ന കോഴ. അച്ചാരം വാങ്ങി കഴിഞ്ഞാല്‍ പിന്നെ ഒരു ആര്‍മ്മാദമാണ് ചെറുക്കനും വീട്ടുകാര്‍ക്കും.

സാക്ഷിയാകേണ്ടി വന്ന രണ്ടു കല്ല്യാണങ്ങളെ നമ്മുക്ക് പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കാം - അച്ചാര പണം എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്ന്.

കല്ല്യാണം നമ്പര്‍ ഒന്ന്: അച്ചാരമില്ലാത്ത കല്ല്യാണം.
വേദി: കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുന്ന സമയം.
കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുക എന്നാല്‍ ചെറുക്കനും പെണ്ണിനും മാത്രമല്ല വസ്ത്രം വേണ്ടത്. ചെറുക്കന്റെ ഉമ്മയും ബാപ്പയും മുതല്‍ അതങ്ങ് തുടങ്ങും. കല്ല്യാണം നമ്പര്‍ ഒന്നില്‍ അച്ചാരമില്ല. അതായത് വസ്ത്രം എടുക്കല്‍ മുതല്‍ എല്ലാം ചെറുക്കന്റെ സ്വന്തം കൈയില്‍ നിന്നും വേണം. വിവാഹ സാരി മുതല്‍ ഏറ്റവും നല്ല വസ്ത്രം ഏറ്റവും വില കുറച്ച് കിട്ടുന്നിടം വരെ ജൌളി കടകളിലൂടെ കയറിയിറക്കും. ഒടുവില്‍ ചെറുക്കന്റെ കീശക്കൊത്ത രീതിയില്‍ വസ്ത്രമെടുക്കല്‍. വീടെത്തുമ്പോള്‍ കുറഞ്ഞ ചിലവില്‍ നല്ല വസ്ത്രം. ബ്രാന്‍ഡുകള്‍ക്കല്ല അവിടെ പണം ചിലവഴിക്കപ്പെട്ടത്. വസ്ത്രത്തിനാണ്. കാരണം ചിലവഴിക്കപ്പെട്ട പണം അദ്ധ്വാനിച്ചവന്റെ സ്വന്തം പണമാണ്.

ഇന്നി കല്ല്യാണം നമ്പ്ര് രണ്ട്: അച്ചാരമുള്ള കല്ല്യാണം.
വേദി: പഴയതു തന്നെ. വസ്ത്രമെടുക്കല്‍ ചടങ്ങ്.
ടീവിയില്‍ ഏറ്റവും കൂടുതല്‍ പരസ്യം പ്രത്യക്ഷപ്പെടുന്ന ജൌളിക്കടയാണ് ചെക്കന്റേം വീട്ടുകാരുടേം ഉന്നം. വിവാഹ സാരികളുടെ വില തുടങ്ങുന്നത് തന്നെ ഇരുപതിനായിരത്തിനു മുകളില്‍. ഏറ്റവും വിലകൂടിയ സാരി. അതിനനുസരിച്ച് മറ്റുള്ളവയും. കാരണം പെണ്ണിന്റെ ഉപ്പ എന്ന സാധു ആ ജീവനാന്തം അദ്ധ്വാനിച്ച പണമാണ് ഇവിടെ ഹോമിക്കപ്പെടുന്നത്. ചെറുക്കന്റെ അടിവസ്ത്രവും ചപ്പലും വരെ വാങ്ങുന്നത് പെണ്ണിന്റെ ഉപ്പാന്റെ പണം കൊണ്ട്. ഏറ്റവും കുറഞ്ഞത് ഒരു രണ്ടു ലക്ഷം രൂപ അവിടെ തീരും. പണം ബ്രാന്‍ഡുകള്‍ തിന്നു... അത്ര തന്നെ! നാട്ടിലെ പെണ്ണ്, പെണ്ണിന്റെ ഉപ്പാന്റെ പണം, വലിയെടാ... വലി!

സ്ത്രീധനം എന്ന ഏര്‍പ്പാട് എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍ എതിര്‍ക്കപ്പെടേണ്ട ദുരാചാരമാണ് മുസ്ലീങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന അച്ചാരം എന്ന ആണത്തമില്ലാത്ത പോക്രിത്തരം. പെണ്ണിന്റെ വീട്ടുകാരുടെ ചിലവില്‍ വിവാഹ ചിലവുകള്‍ മുഴുവന്‍ നടത്തേണ്ടി വരുന്നതിലെ ക്രൂരത ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നില്ല.

കല്ല്യാ‍ണ കുറിയിലെ ധൂര്‍ത്തും ഇങ്ങിനെയൊക്കെ തന്നെ. ഒരു കല്ല്യാണ കുറിക്ക് അമ്പതോളം രൂപ വില വരുന്ന സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു രണ്ടായിരം കുറിയെങ്കിലും അടിക്കും. കല്ല്യാണ കുറി കൊടുത്ത് വിളിച്ചാലേ കല്ല്യാണം കൂടാന്‍ ആളു വരുള്ളു എന്നാണോ? പക്ഷേ, സംശയം ശരിയാണ്. കുറി കൊടുത്ത് വിളിച്ചില്ലേല്‍ ഇന്ന് അതും പരാതിയാകുന്നതിനും സാക്ഷിയാകേണ്ടി വന്നു.

ഫോണ്‍ ഇന്ന് ആഢംബരമല്ല. മിക്കവാറും എല്ലാ വീടുകളിലും ഇന്ന് ടെലഫോണ്‍ ഉണ്ട്. അല്ലെങ്കില്‍ മൊബൈല്‍ ഫോണുകളുണ്ട്. ഒരു ഫോണ്‍ വിളിയില്‍ കല്ല്യാണം വിളി ഒതുക്കിയാല്‍ എന്തുമാത്രം ചിലവു കുറക്കാം. കിലോമീറ്ററുകള്‍ കാറോടുന്നതിന്റെ പണം, വിളിക്കായി പോകുന്നവരുടെ വഴിചിലവുകള്‍, വിളിക്കാനെത്തുന്നവര്‍ക്കുള്ള വിരുന്നൊരുക്കല്‍ അങ്ങിനെ അങ്ങിനെയെന്തൊക്കെ... പക്ഷേ ഫോണില്‍ വിളിച്ചാല്‍ വിളിയാകില്ല. മുഖാമുഖം വിളിച്ചാലേ വിളി വിളിയാകുള്ളു പോലും. പിന്നെ ഈ ടെലഫോണ്‍ എന്നു പറയുന്ന കുന്ത്രാണ്ടം എന്നാത്തിനുള്ളതാ? ആ... ആര്‍ക്കറിയാം.

വളയിടീല്‍ എന്നൊരു പേക്കൂത്താണ് അടുത്തത്. അതായത് പെണ്ണിനെ ചെറുക്കനും പാരാവാരങ്ങള്‍ക്കും ഇഷ്ടപെട്ടാല്‍ അച്ചാരം എന്ന കോഴ. ആ കോഴയുടെ ഒരു ഭാഗമെടുത്ത് കുറേ സ്വര്‍ണ്ണാഭരണങ്ങളുമൊക്കെയായി അടുത്തൊരു കൂട്ട പൊരിച്ചില്‍. തീറ്റ തന്നെയാണ് ഇവിടുത്തേം പ്രധാന കാര്യപരിപാടി. പിന്നെ കുറേ പരാതികളും പരിഭവങ്ങളും. എനിക്ക് ഇടാന്‍ തന്ന വള ലവള്‍ക്ക് ഇടാന്‍ കൊടുത്തതിനേക്കാല്‍ ചെറുതായി പോയി... എനിക്ക് കോഴിക്കാല്‍ കിട്ടിയില്ല... പെണ്ണിന്റെ ഉമ്മാമ മിണ്ടിയില്ല... പെണ്ണിന്റാങ്ങിള കണ്ണുരുട്ടി കാണിച്ചു... അങ്ങിനെ പോകും പാരാദൂരങ്ങളും പരിഭവങ്ങളും. വളയിടല്‍ ചടങ്ങോടെ കല്ല്യാണം അലസി പിരിയുന്നതും ദുര്‍ലഭമല്ല.

കല്ല്യാണ തലേന്ന് മൈലാഞ്ചി. അതിലെന്ത് കാര്യമാണുള്ളതെന്ന് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. കല്ല്യാണ തലേന്ന് ചെറുക്കന്റെ വീട്ടുകാരെല്ലാം കൂടി വാരി വലിച്ച് പെണ്ണിന്റെ വീട്ടിലെത്തും. പെണ്ണിന്റെ സുന്ദരമായ കരങ്ങളില്‍ വെറ്റില വെച്ച് മൈലാഞ്ചി തൊടലാണ്. ഒടുക്കം പെണ്ണിന്റെ കരം ഒരു പരുവത്തിലാകും എന്നതല്ലാതെ ഇതുകൊണ്ടെന്താണോ എന്തോ ഗുണമുള്ളത്. ദോഷം പറയരുതല്ലോ വെട്ടിവിഴുങ്ങാന്‍ ഇവിടേം അവസരം ധാരാളം! തീറ്റ തന്നെയാണ് പ്രശ്നം!

പിറ്റേന്ന് കല്ല്യാണം. ഒടേതമ്പുരാനേ അതൊന്നു കാണേണ്ട കാഴ്ച തന്നെ. നിക്കാഹിപ്പോള്‍ പൂര്‍ണ്ണമായും ആഡിറ്റോറിയങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരിക്കുകയാണല്ലോ? ആഡിറ്റോറിയത്തിനു വാടക ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം. അതും പോര. നിക്കാഹ് നടക്കുന്നിടം അലങ്കരിക്കണം. അതിനു വേറൊരു പതിയ്യായിരം. കല്ല്യാണം കൂടാന്‍ എത്തുന്നവര്‍ക്ക് നിക്കാഹോ താലികെട്ടോ മാലയിടലോ കാണാന്‍ കഴിയില്ല. വീഡിയോക്കാരന്റേം ലൈറ്റടിപ്പ് കാരുടേം പൃഷ്ടം കണ്ട് ഉണ്ണാനായി പോകാം - കൈകഴുകാതെ. പിന്നെ അവിടെയൊരു കുതിരയെടുപ്പാണ്. ബിരിയാണിയടിക്കാനുള്ള പരക്കം പാച്ചില്‍!

ഇന്ന് കല്ല്യാണ സദ്യകള്‍ക്കും മാറ്റം വന്നിരിക്കുന്നു. പണ്ടൊക്കെ മട്ടന്‍ ബിരിയാണിയാണേല്‍ കൂടെ ഒരു പപ്പടവും അച്ചാ‍റും മാത്രമാകും അനുസാരി. ഇന്ന് മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ഫ്രൈ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു. കൂടെ ഐസ്ക്രീം, പഴം, ഹല്‍‌വ പിന്നെ എന്തൊക്കെയോ... അജീര്‍ണ്ണം പിടിക്കാതെ ഒരു കല്ല്യാണവും അവസാനിക്കുന്നില്ല! ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുന്നൂറ് രുപയാണ് ഇന്ന് കല്ല്യാണ സദ്യയുടെ താരിഫ്! എന്തിന്? ചിക്കന്‍ ഫ്രൈ ഒഴിവാക്കിയാല്‍ തന്നെ രൂപ എഴുപത്തി അഞ്ച് ലാഭിക്കാം. ആ ചിക്കന്‍ ഫ്രൈയുടെ പണം കൊണ്ട് എത്ര സാധുക്കളുടെ ദുരന്തങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാം?

പെണ്ണിനെന്തു പ്രാധാന്യം? ഒന്നുമില്ല. പൊന്നിനാണ് പ്രാധാന്യമെല്ലാം...

ഒരു കിലോ സ്വര്‍ണ്ണം ഇന്ന് ഒരാഢംബരമേ അല്ലാതായി മാറിയിരിക്കുന്നു. ആഭരണം സ്വര്‍ണ്ണത്തില്‍ തന്നെ വേണമെന്ന ശാഠ്യം നമ്മുക്ക് എവിടെ നിന്നും ലഭിച്ചു? ഉച്ചി മുതല്‍ പെരുങ്കാലു വരെ സ്വര്‍ണ്ണത്തില്‍ മുങ്ങിയ പെണ്ണിന് എന്തു സൌന്ദര്യമാണുണ്ടാവുക? പെണ്ണിന്റെ ഉപ്പാടെ പ്രതാപം പ്രകടിപ്പിക്കാനല്ലാതെ പെണ്ണിനെ പൊന്നില്‍ പൊതിയുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളത്? ആഭരണങ്ങളിലെ മിതത്വമല്ലേ സൌന്ദര്യത്തെ പൂര്‍ണ്ണമാക്കുന്നത്? എന്തോ അങ്ങിനെയാണ് ലളിതമായ ബുദ്ധിയില്‍ തോന്നുന്നത്.

താലികെട്ടുന്നതിനു ചെറുക്കന്റെ പെങ്ങള്‍ക്ക് കോഴയായി സ്വര്‍ണ്ണം! താലി കെട്ടു കഴിഞ്ഞാല്‍ പിന്നെ പാലു കുടി. ഒരു ഗ്ലാസ് പാല്‍ ചെറുക്കനും പെണ്ണും വേദിയില്‍ വെച്ച് പങ്കിട്ട് കഴിക്കണം. പാലുകുടി കഴിഞ്ഞാല്‍ ഗ്ലാസ്സ് തിരികെ പെണ്ണിന്റെ ഉമ്മാന്റെ കൈയില്‍ കൊടുക്കണം. തിരിച്ചു കൊടുക്കുന്ന ഗ്ലാസ്സില്‍ പുയ്യാപ്ല പാലു കൊടുത്തതിനു കൈകൂലിയായി അമ്മായിക്ക് സ്വര്‍ണ്ണം നല്‍കണം! അതും ആ ഗ്ലാസ്സില്‍ തന്നെ പൊന്നിട്ടു കൊടുക്കണം! പെണ്ണിനെ കെട്ടി വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുന്ന ചെറുക്കന്റെ ഉമ്മാക്കും കൊടുക്കണം സ്വര്‍ണ്ണം. അവിടെ വെറും കൊടുപ്പല്ല. ചെറുക്കന്റെ ഉമ്മാന്റെ സാരിയിലോ ഉടുതുണിയിലോ കെട്ടി കൊടുക്കണം. അതിന്റെ പേരാണ് മുന്തീകെട്ട്. കെട്ട് സാധാരണ കെട്ടാണേലും പൊന്നുകൊണ്ട് കെട്ടണം എന്നു മാത്രം.

ചുരുക്കത്തില്‍ “പൊന്നേ...” നീ തന്നെ താരം!

നിക്കാഹ്:

മനുഷ്യന് അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവും വിശുദ്ധമായ ചടങ്ങുകളില്‍ ഒന്ന്. ഇന്നി അധഃപതിക്കാന്‍ ഒട്ടും തന്നെ ബാക്കിയില്ല. പെണ്ണിനു കുറ്റിച്ചൂലിന്റെ വില പോലും കല്പിക്കപ്പെടുന്നില്ല ഒരു നിക്കാഹിലും. പൊന്നിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഒരോ പെണ്ണും തലകുനിക്കുന്ന ചടങ്ങായി മാറിയിരിക്കുന്നു നിക്കാഹുകള്‍. ലക്ഷക്കണക്കിനു ചിലവിടുന്ന വിവാഹ മാമാങ്കങ്ങള്‍ സാധുക്കളായ പെണ്‍കുട്ടികളുടെ ജീവിത മോഹങ്ങളുടെ കടയ്ക്കല്‍ കൂടിയാണ് കത്തിവെക്കുന്നത്. കല്ല്യാണ കുറിയില്‍ വരുത്തുന്ന മിതത്വം പോലും മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ കാരണമാകാം എന്നതാണ് സത്യം. ദുര്‍ബലരെ കണ്ടില്ലാന്ന് നടിച്ച് നാടടച്ച് സദ്യയൂട്ടി നടത്തുന്ന കല്ല്യാണ മാമാങ്കങ്ങള്‍ കൊണ്ട് എന്തു കാര്യം? ആര്‍ക്കെന്തു ഗുണം?

ഭ്രാന്ത് ഒരു തെറ്റല്ല. പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കുന്നതോ? വിവാഹഘോഷങ്ങള്‍ ഇന്ന് വിഭ്രമാത്മകമായി മാറിയിരിക്കുന്നു. ആ ഭ്രാന്തിനെ നാം അലങ്കാരവും ആഢംബരവുമാക്കി മാറ്റിയിരിക്കുന്നു! സമൂഹത്തോടു നീതി പുലര്‍ത്താത്ത ഭ്രാന്തമായ വിവാഹ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതല്ലാതെ ഈ കോപ്രായങ്ങളോടു പ്രതികരിക്കാന്‍ മറ്റൊരുപായവുമില്ല തന്നെ!