
വെറുപ്പിന്റേയും വിദ്വോഷത്തിന്റേയും പകയുടേയും പകരം വീട്ടലിന്റേയും ലോകത്തില്‍ സഹനത്തിന്റേയും സഹാനുഭൂതിയുടേയും സ്നേഹത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും അല്‍ഫോന്‍സ എന്ന സന്യാസിനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ലോക ജനസംഖ്യയില്‍ മൂന്നിലൊന്നും വിശ്വാസമര്‍പ്പിച്ചിരിയ്ക്കുന്ന ഒരു മത വിഭാഗത്തിന്റെ ഏറ്റവും പരമമായ വിശ്വാസ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഒരു ആത്മാവ് ലോകത്തിന്റെ തന്നെ ശ്രദ്ധയെ അവര്‍ വസിച്ചിരുന്നിടത്തേയ്ക്ക് ആവാഹിച്ചു കൊണ്ടു വന്ന മഹത്തായ നിമിഷങ്ങള്‍ക്കാണ് നാമിന്ന് സാക്ഷ്യം വഹിച്ചത്.
കണ്‍കെട്ടിന്റേയും ബ്ലാക്ക്മാജിക്കിന്റേയും അകമ്പടികളില്ലാതെ, ജനിച്ചു വളര്‍ന്ന സമൂഹത്തോട് സ്നേഹത്തിന്റെ ഭാഷയില്‍ സംവേദിച്ച സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെടുന്നത് ലോകത്തിന്റെ ഭാവം തന്നെ വിദ്വോഷമായി മാറിയ കാലഘട്ടത്തിലാണ് എന്നത് യാദൃശ്ചികമല്ല. ആഗോള മനുഷ്യ സമൂഹം അവനവന്‍ചേരികള്‍ പണിതുയര്‍ത്തുന്ന കലുഷിതമായ വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ സ്നേഹത്തിന്റേയും സഹനത്തിന്റേയും മഹത്വം ചര്‍ച്ച ചെയ്യപ്പെടാന്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ ഒരു കാരണമാവുകയാണ് ചെയ്തത്.
വിശുദ്ധയാക്കപ്പെട്ട സന്യാസിനിയുടെ സഭയില്‍ ഈശ്വര ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ പൌരോഹത്യം കൈയ്യാളുന്നുണ്ട് എന്ന വസ്തുത വിശുദ്ധയാക്കപ്പെട്ടവളുടെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതിനു ഹേതുവാകുന്നില്ല. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ സഭയിലെ പൌരോഹത്യത്തിനും അല്‍ഫോന്‍സാമ്മ പാഠമാകേണ്ടുന്നതുണ്ട്. സമൂഹത്തില്‍ സ്നേഹം പ്രചരിപ്പിയ്ക്കേണ്ടവര്‍, സഹനത്തിന്റെ മഹത്വം പ്രഘോഷിയ്ക്കേണ്ടവര്‍ കോപത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും പകയുടേയും പ്രചാരകരാകുന്ന കറുത്ത ദിനങ്ങളില്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ മരണത്തിലും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ തിരിച്ചറിയേണ്ടുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു ഇന്ന് വത്തിക്കാനില്‍ കഴിഞ്ഞു പോയത്.
സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ സമാധാനം കരഗതമാകുന്നു എന്ന് ഏതെങ്കിലും വിശ്വാസിയ്ക്ക് തോന്നുന്നിടത്തോളം അയാളെ സംബന്ധിച്ചിടത്തോളം സിസ്റ്റര്‍ അല്‍ഫോന്‍സാ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ലാ എങ്കിലും വിശുദ്ധതന്നെ.
സഹനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പേറി വിശുദ്ധരുടെ പട്ടികയിലേയ്ക്കുയര്‍ന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം...
-------------------
ചിത്രം IBN ല്‍ നിന്നും.