Friday, April 17, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 1 : മദ്രാസ് ക്രിസ്ത്യൻ കോളേജ്.

പഴമക്കാർ അദൃശ്യ ശക്തികളുടെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് തുടങ്ങിയ കഥകൾ വാമൊഴിയിലൂടെ കൈമാറി പിൽക്കാലത്ത് ദുരൂഹത ഘനീഭവിച്ച ഇടങ്ങളായി രൂപാന്തരം പ്രാപിച്ച സ്ഥലങ്ങൾ ലോകത്തിന്റെ പലസ്ഥലങ്ങളിലും കണ്ടെത്താൻ ആകും. ചെന്നൈ നഗരവും അതിൽ നിന്നും ഒട്ടും വിഭിന്നം അല്ല. കെട്ടുകഥകൾ ആണ് എല്ലാം എങ്കിലും ദുരൂഹതകൾ വായിച്ചിരിക്കുക എന്നത് ദുരൂഹം നിറഞ്ഞ ഒരു അനുഭൂതിയാണല്ലോ?
.
ഈ സീരീസിൽ ആദ്യം നമ്മൾ പോകുന്നത് ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും വിദ്യാഭ്യാസത്തിന്റെ നിലവാരം കൊണ്ട് ഭാരതത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നുമായ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ കാമ്പസിലേക്ക് ആണ്. മദ്രാസിന്റെ  ഹൃദയഭാഗമായ  ആയ എഗ്‌മോറിൽ  1835-ൽ ഒരു ബോയ്സ് ഹൈസ്‌കൂൾ ആയി തുടക്കം കുറിച്ച സ്‌കൂൾ ആണ് പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജ് ആയി രൂപാന്തരം പ്രാപിക്കുന്നത്.  മദ്രാസ് ക്രിസ്ത്യൻ കോളേജ് ഇന്ന് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
.
ഏകദേശം അഞ്ഞൂറോളം ഏക്കർ വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന കാമ്പസ് പ്രകൃതിയുടെ നിഗൂഢത തേടുന്നവരെ പ്രചോദിപ്പിക്കുന്ന രീതിയിൽ നിബിഢ വനമാണ്. നീണ്ട വരാന്തകളും ആളൊഴിഞ്ഞ കോണുകളും തെരുവുകളും വളവുകളും പഴമയുടെ ഗന്ധവും എല്ലാം ചേർന്ന് നിഗൂഢമായ ഒരിടമല്ലേ എന്ന് ചിന്തിക്കുന്നവർക്ക് കാമ്പസ് അതേ എന്നുത്തരം തരും.
.
കോളേജ് താമ്പരത്തെക്ക് മാറ്റിയ 1937 കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി കാമ്പസിൽ വെച്ച് ആത്മഹത്യ ചെയ്തു. ബിഷപ്പ് ഹേബെർ  ഹാളിലെ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ വെച്ചാണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമായിരുന്നു കാരണം. സിംഗിൾ സൈഡ് പ്രണയം ആയിരുന്നു. പെൺ കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ കാമുകൻ   നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. അതേ തുടർന്ന് അന്വഷണത്തിൻറെ ഭാഗമായി നൂറ്റിനാല്പത്തി എട്ടാം നമ്പർ റൂം കുറേ ദിവസം അടച്ചിട്ടു. പുറത്ത് നിന്നും പോലീസ് റൂം പൂട്ടി സീൽ വെച്ചു. കുറേ നാളുകൾക്കു ശേഷം വീണ്ടും റൂം തുറക്കാൻ ശ്രമിച്ചപ്പോൾ റൂം അകത്ത് നിന്നും പൂട്ടിയിരിക്കുക ആയിരുന്നു അത്രേ. ആ ദിവസം മുതൽ ബിഷപ്പ് ഹേബെർ ഹാളിൽ ആ കാമുകൻറെ ആത്മാവ് ഉണ്ട് എന്ന് പ്രചാരണം തുടങ്ങി.
.
രാത്രിയോ പകലോ എന്നില്ലാതെ നൂറ്റി നാൽപ്പത്തി എട്ടാം നമ്പർ  റൂമിൽ നിന്നും സ്പഷ്ടമല്ലാത്ത ശബ്ദം വരുന്നുണ്ട് എന്നും ഫർണിച്ചറുകൾക്ക് സ്ഥാനഭ്രംശം വരുന്നു എന്നും ജനലുകൾ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നു റൂമിൻറെ ജനൽ ചില്ലുകൾ സ്വയം തകരുന്നു എന്നുമൊക്കെ  കഥകൾ ഉണ്ടായി. ആ ഫാൻ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെയും അത് നാശം ആകുന്നു എന്നും കറണ്ട് പോകുന്നു എന്നുവരെ വിശദീകരണങ്ങൾ ഉണ്ടായി. ചിലപ്പോഴെങ്കിലും നേരിട്ട അനുഭവങ്ങൾ ചില കുട്ടികൾ പങ്കു വെക്കുകയും ചെയ്തു.
.
ഒരു സ്പോർട്സ് ഡേയുടെ അന്ന് കായിക മത്സരങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ നേരം വൈകി. അഞ്ചു പേർ അന്ന് കോളേജിൽ തങ്ങാൻ തീരുമാനിച്ചു. നൂറ്റി നാല്പത്തി എട്ടാം റൂമിൻറെ നേരേ താഴേ ഉള്ള ഒരു റൂമിൽ അവർ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണിയായപ്പോൾ എന്തോ ശബ്ദം കേട്ട് അവർ ഞെട്ടിപ്പിടഞ്ഞു എഴുനേറ്റു. ലൈറ്റ് തെളിയിക്കാൻ ശ്രമിച്ചപ്പോൾ ലൈറ്റ് ഫ്യൂസ് ആണ്. കോറിഡോറിലൊക്കെ ലൈറ്റ് തെളിഞ്ഞിട്ടും ഉണ്ട്. ആ റൂമിൽ മാത്രം ഫാനും ഇല്ല ലൈറ്റും ഇല്ല. വെളിച്ചം എത്തിയപ്പോൾ കണ്ടത് സീലിംഗ് ഫാൻ തകർന്ന് നിലത്ത് കിടക്കുകയായിരുന്നു അത്രേ!. ഫാൻ നിലത്ത് വീണ ശബ്ദമായിരുന്നു അവർ കേട്ടത്.
.
ഒരിക്കൽ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ താമസിച്ചിരുന്ന രണ്ടു കുട്ടികൾക്കും ഇതുപോലെ വിചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ രണ്ടു ദിവസം പ്രശ്നം ഒന്നും ഇല്ലായിരുന്നു. മൂന്നാം ദിനം രാത്രി  അവരുടെ  അലർച്ച കേട്ട് ഓടിയെത്തിയ അടുത്ത റൂമിലെ കുട്ടികൾ കണ്ടത് പേടിച്ചരണ്ട് നിൽക്കുന്ന റൂംമെറ്റസിനെ ആണ്. ഫിത്തിയിലേക്ക് ചൂണ്ടി അവിടെ രക്തത്തിൽ എന്തോ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു. പക്ഷേ ഓടികൂടിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ആ റൂമിൽ ഉണ്ടായിരുന്ന കുട്ടികൾ രണ്ടുപേരും ഒരേ പോലെ പറയുന്നു അവിടെ രക്തം കൊണ്ട് എന്തോ എഴുതിയിട്ടുണ്ടായിരുന്നു എന്ന്. ഇരുവരും രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നതാണ്. അപ്പോഴാണ് ആ എഴുത്തുകൾ കണ്ടത്. എന്തായാലും ഇരുവരും അന്ന് തന്നെ ആ റൂമിലെ താമസം മതിയാക്കി. അവർക്ക് ഉണ്ടായ തോന്നൽ ആണെന്ന് അടുത്ത റൂമിലെ കുട്ടികൾ സമാധാനിക്കുകയും ചെയ്തു.
.
രാത്രി ടോയ്‌ലെറ്റിലേക്ക് പോയ ഒരു വിദ്യാർത്ഥിയും ഇത് പോലെ ചിലത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിലേക്ക് പോകും വഴി എതിരേ ഒരാൾ വരുന്നുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉള്ള എല്ലാവരെയും പരസ്പരം അറിയാമായിരുന്നിട്ടും ഇയാളെ ആ കുട്ടിക്ക് മനസിലായില്ല.  ഹോസ്റ്റലിലെ എന്തേലും പണിക്ക് വന്നത് ആയിരിക്കും എന്ന് കരുതി ആ കുട്ടി ടോയ്‌ലെറ്റിലേക്ക് പോയി. തിരികെ വരും നേരം വരാന്തയ്ക്ക് അങ്ങേ അറ്റം അയാൾ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. " നിങ്ങൾ ആരാണ്? ഈ സമയത്ത് ഇവിടെ എന്താണ്?" എന്ന ചോദ്യത്തിന് "അമ്പത്തി ഏഴാം നമ്പർ റൂമിൽ ആരായിരിക്കും?" എന്ന ഒരു ചോദ്യം മാത്രം അയാളിൽ നിന്നുണ്ടായി. മറ്റു മറുപടി ഒന്നും പറയാതെ അയാൾ ഇരുളിൽ മറഞ്ഞു. എന്തോ പന്തികേട് തോന്നിയ ആ കുട്ടി   കോണിപ്പടികൾ ഓടി കയറി  റൂമിലേക്ക് പോയപ്പോൾ കണ്ടത് ആ  മനുഷ്യ രൂപം തന്റെ റൂമിന്റെ വാതിലിനു അഭിമുഖമായി നിൽക്കുന്നതാണ്. ഭയന്ന് അലറി വിളിച്ച് ആ കുട്ടി തിരികെ ഓടിയപ്പോൾ കോണിപ്പടികളിൽ തട്ടി വീണു. ഓടിക്കൂടിയ അടുത്ത റൂമിലെ കുട്ടികൾ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. നാല് ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ആ കുട്ടി ഹോസ്പിറ്റലിലെ അമ്പത്തി ഏഴാം നമ്പർ റൂമിൽ നിന്നും ആണ് ഡിസ്ചാർജ്ജ് വാങ്ങിയതത്രേ.
.
ഇങ്ങിനെ നിരവധി സൂപ്പർ നാച്വറൽ കഥകൾ മദ്രാസ് ക്രിസ്ത്യൻ കോളേജിനെ ബന്ധിപ്പിച്ച് ഉണ്ട്. സൂവോളജി ഡിപ്പാർട്മെന്റ്, കെമിസ്ട്രി ലാബ്, തുറന്നയിടങ്ങൾ, വരാന്തകൾ ഒക്കെയും ഓരോ കഥകൾ പറയുന്നുണ്ട്. ഇതെല്ലാം വെറും കെട്ടു കഥകൾ ആണെന്നും ഓരോ വർഷവും തുടങ്ങുമ്പോൾ ജൂനിയർ സ്റുഡന്റ്‌സിനെ കളിയാക്കാൻ വേണ്ടി പറഞ്ഞു തുടങ്ങുന്ന കഥകൾ പിന്നെ പറഞ്ഞു ഫലിപ്പിക്കപ്പെടുന്നത് ആണെന്നും ആണ് കോളേജ് അധികാരികൾ പറയുന്നത്.
.
രണ്ടു തവണ കാമ്പസിൽ പോയിട്ടുണ്ട്. പ്രകൃതി രമണീയമായ സ്ഥലം. കർശന നിയന്ത്രണങ്ങൾ ഉള്ള സെക്യൂരിറ്റി. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അങ്ങേ അറ്റം മന:സുഖം ലഭിക്കുന്ന കാമ്പസ്.എന്നാൽ മറുവശത്ത്  നിഗൂഢത തേടുന്നവർക്ക് ആവോളം നിഗൂഢതകൾ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടം. നീണ്ട ഇടനാഴികൾ. എങ്ങോട്ടു തിരിഞ്ഞാലും നിബിഢ വനം. നിശബ്ദത തളം കെട്ടി നിൽക്കുന്ന വഴികൾ. എല്ലാം കൊണ്ടും  കേൾക്കുന്ന കഥകൾ ശെരിയാണ് എന്ന് തോന്നിപോകും - നിഗൂഢത തേടുന്നവർക്ക്.
.
അന്ന് ഒൺസൈഡായി ഒരു പെൺ കുട്ടിയെ പ്രണയിച്ച് ആ പ്രണയം നിരസിക്കപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങി ആത്മഹത്യയിൽ അഭയം തേടിയ ആ കാമുകനെ നാളേറെ കഴിഞ്ഞിട്ടും ഓർമ്മിക്കപ്പെടുന്നു എന്നതാണ് ഈ സൂപ്പർ നാച്വറൽ  കഥകളുടെ ബാക്കി പത്രം. അജ്ഞാതൻ ആയ ആ കാമുകൻ അജ്ഞാതയായ ആ പെൺ കുട്ടി    അറിയാതെ അവരെ എത്രമേൽ പ്രണയിച്ചിട്ടുണ്ടാകും?