Wednesday, August 27, 2008

അരനാഴിക മുന്നേ....

അച്യുതന്‍ തെങ്ങേന്ന് വീണു. വീണപ്പോഴേ അച്ചു അബോധാവസ്ഥയില്‍.

നാട്ടുകാര്‍ അച്ചൂനെ വാരി വലിച്ച് ആശുപത്രിയില്‍ എത്തിച്ചു. ഡാക്കിട്ടര്‍ അച്ചൂന്റെ കണ്‍പോളകളൊന്ന് പിടിച്ച് താഴ്ത്തി കൈത്തണ്ടയിലെ ഞരമ്പൊന്നു ഞെക്കി കഴുത്തിലെ കുഴലെടുത്ത് നെഞ്ചത്ത് വെച്ച് പതുക്കെ മൊഴിഞ്ഞു.

“....ഇന്നിയൊന്നും ചെയ്യാനില്ല. ഒരു അരനാഴിക മുന്നേ ഇവിടെ എത്തിച്ചിരുന്നേല്‍ ആള് രക്ഷപെട്ടേനെ.”

“ഡാക്കിട്ടറേ...അതിന് അച്ചു തെങ്ങുമ്മേന്ന് ഒന്ന് വീണു കിട്ടീട്ട് വേണ്ടേ ഇങ്ങാട്ട് കൊണ്ട് വരാന്‍...”

ബന്ധുക്കളിലൊരുവന്റെ സംശയം കേട്ടില്ലാന്ന് നടിച്ച് സംശയക്കാ‍രനെ രൂക്ഷമായൊന്നു നോക്കി ഡാക്കിട്ടര്‍ അച്ചൂന്റെ മുഖത്തേയ്ക്ക് വെള്ള വലിച്ചിട്ടു.

Wednesday, August 20, 2008

ഹര്‍ത്താലുകള്‍ക്കായി ഒരു ബ്ലോഗ്.

പൊതു പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ ജനകീയാഘോഷങ്ങള്‍ നാളത്തെ തലമുറയ്ക്കായി കാത്തു സൂക്ഷിയ്ക്കാന്‍ ഒരു ഗ്രൂപ്പ് ബ്ലോഗ്. അതാണ്
ഹര്‍ത്താല്‍.

ഇന്നത്തെ ഹര്‍ത്താലുകളെ നാളേയ്ക്കായി ഓര്‍ത്തു വെയ്ക്കാനുള്ള ഈ പ്രയത്നത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

അഗ്രഗേറ്ററുകള്‍ ഹര്‍ത്താലിനെതിരേ സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാലാണ് ഇങ്ങിനെയൊരു നോട്ടീസ്. സദയം ക്ഷമിയ്ക്കുക.

ഹര്‍ത്താല്‍ വിജയിപ്പിയ്ക്കൂ...നാട്ടിനെ രക്ഷിയ്ക്കൂ‍!

Thursday, August 14, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ ജെസ്സി കേള്‍ക്കാം.

ഒരിയ്ക്കല്‍ ജെസ്സി ഒരു ഹരമായിരുന്നു.

പഠനകാലത്ത് കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ജെസ്സി എപ്പോഴും ചുണ്ടുകളില്‍ ഉണ്ടാകുമായിരുന്നു. ഒരു കോളേജ് ഡേയ്ക്ക് അഥിതിയായെത്തിയ കുരീപ്പുഴ ശ്രീകുമാര്‍ സാറിന്റെ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന് വീണാണ് ആദ്യം ജെസ്സി കേട്ടത്. കവിത ചൊല്ലുമ്പോഴുള്ള അദ്ദേഹത്തിന്റെ ഭാവം ഇന്നും കണ്മുന്നില്‍ ഉണ്ട്.

അന്ന് കവിതാ പാരായണ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ചു കേട്ടിട്ടുള്ളതും ജെസ്സി തന്നെയായിരുന്നു. നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും ഭൂമിയ്ക്കൊരു ചരമ ഗീതവും കുറത്തിയും ഒക്കെ കാസറ്റുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്ന ഒരു കാലത്ത് വേദികളില്‍ നിന്നും വേദികളിലേയ്ക്ക് കുരീപ്പുഴ സാര്‍ ജെസ്സിയുമായി ആ തലമുറയിലെ അനുവാചകരിലേയ്ക്ക് നേരിട്ടെത്തുകയായിരുന്നു.

അര്‍ഹതയുണ്ടായിട്ടും പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ടു പോയ ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. കൊച്ചിയില്‍ വെച്ച് തൊണ്ണൂറ്റി ആറില്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലെ പദ്യം ചൊല്ലല്‍ വേദിയില്‍ “അമ്മ മലയാളം” എന്ന കവിത ചൊല്ലിയ കുട്ടി സദസ്സിനെ അപ്പാടെ കയ്യിലെടുക്കുകയായിരുന്നു. എല്ലാം കൊണ്ടും ഒന്നാം സ്ഥാനത്തിനര്‍ഹമായിരുന്ന ആ കുട്ടി തഴയപ്പെട്ടത് കവിയുടെ പേരിലായിരുന്നു. പത്രക്കാര്‍ എന്തുകൊണ്ട് “അമ്മമലയാളം” ചൊല്ലിയ കുട്ടി സമ്മാനാര്‍ഹയായില്ല എന്ന ചോദ്യത്തിന് “ആദ്യം അതെഴുതിയ ആള്‍ കവിത എഴുതാന്‍ പഠിയ്ക്കട്ടെ” എന്നായിരുന്നു വിധികര്‍ത്താവായിരുന്ന മലയാളത്തിലെ പുകള്‍പെറ്റ ഒരു കവിയുടെ മറുപടി. ആ വേദിയില്‍ ചൊല്ലി കേട്ട “അമ്മ മലയാളത്തിന്” ഒപ്പം വെയ്ക്കാന്‍ മറ്റൊരു പദ്യവും ആ വേദിയിലോ ഒരു പക്ഷേ മറ്റു വേദികളിലോ കേട്ടിട്ടില്ല. കുരീപ്പുഴ ശ്രീകുമാര്‍ ആയിരുന്നു അമ്മ മലയാളത്തിന്റെ കര്‍ത്താവ്. “അമ്മ മലയാളം” പിന്നെ എങ്ങും ചൊല്ലി കേട്ടിട്ടില്ല.

ജെസ്സി ഇന്നും കേള്‍ക്കുന്നത് ഹരമാണ്. അത് കുരീപ്പുഴ ശ്രീകുമാറിന്റെ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം. ജെസ്സി തപ്പി നെറ്റ് മുഴുവന്‍ നടന്നു. അപ്പോഴാണ് ശരത്തിന്റെ ബ്ലോഗില്‍ ജെസ്സിയെ കിട്ടിയത്.

നിരവധി കവിതകളുടെ ഒരു സഞ്ചയമാണ് ശരത് ഒരുക്കിയിരിയ്ക്കുന്നത്. അധികമൊന്നും ശ്രദ്ധിയ്ക്കാതെ പോയ ശരത്തിന്റെ ബ്ലോഗ് സന്ദര്‍ശിയ്ക്കേണ്ട ഒന്നാണ്. നാറാണത്ത് ഭ്രാന്തനും, ആത്മാവിലൊരു ചിതയും, സര്‍ഗ്ഗ സംഗീതവും, രാവണ പുത്രിയും, പെങ്ങളും അടക്കം നിരവധി കവിതകള്‍ ഓണലൈനില്‍ കേള്‍ക്കാം.

ഇംഗ്ലീഷിലാണ് ശരത് അദ്ദേഹത്തിന്റെ ബ്ലോഗ് ഒരുക്കിയിരിയ്ക്കുന്നത്. ഒരു പക്ഷേ അതു കൊണ്ടാകാം ബൂലോഗത്തില്‍ ഈ ബ്ലോഗിന്റെ സാനിദ്ധ്യം കാണാത്തത്.

ഏഷ്യാനെറ്റിന്റെ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട്!

അഭിനവ് ബിന്ദ്ര ഭാരതത്തിന്റെ അഭിമാനങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഭാരതത്തിന്റെ കായിക ചരിത്രം അഭിനവ് ബിന്ദ്രയിലേയ്ക്ക് ചുരുക്കുന്നതും തെറ്റാണ്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ദേശം ഒന്നടങ്കം സന്തോഷിയ്ക്കുന്നു. അതു വേണ്ടതും ആണ്. പക്ഷേ ഒളിമ്പിക്സിലെ സുവര്‍ണ്ണ നേട്ടത്തിന് ശേഷം ഭാരതത്തിലേയ്ക്ക് തിരിച്ചെത്തിയ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ കൊടുത്ത സ്വീകരണം തത്സമയം റിപ്പോര്‍ട്ടാക്കി ഇന്നലെ ഏഷ്യനെറ്റില്‍ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ ആയി കാട്ടിയ ആഭാസം ഒരു നിലയ്ക്കും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല.

ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ ആ സംഭവത്തിന്റെ ആവേശത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കുറ്റം പറയുന്നില്ല. പക്ഷേ ഇന്നലെ അഭിനവ് ബിന്ദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കപ്പെട്ട സ്വീകരണം റിപ്പോര്‍ട്ട് ചെയ്ത ചങ്ങാതി ആവേശത്തോടേ വിളിച്ചു കൂവിയ ചളിപ്പുകള്‍ക്ക് ഒരു കണക്കുമുണ്ടായിരുന്നില്ല. മിമിക്രിക്കാരുടെ സ്ഥിരം പല്ലവിയായ അര്‍ദ്ധരാത്രിയിലെ കൂരിരിട്ട് മുതല്‍ ഈ രാത്രിയുടെ അനന്തമായ ഇരുട്ട് എന്നുവരെ ആവേശത്തില്‍ അതിയാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഈ അര്‍ദ്ധരാത്രിയുടെ കൂരിരിട്ടിലും അഭിനവ് ബിന്ദ്രയെ ഒരു നോക്കു കാണാനായി അനന്തമായി തടിച്ചു കൂടിയിരിയ്ക്കുന്ന ജന സാഗരത്തിന്റെ ആവേശം അലകടലായി ആര്‍ത്തിരമ്പുന്ന ആവേശ്വാജ്ജ്വലമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിയ്ക്കുന്നത്....(തുടങ്ങിയിട്ടേ ഉള്ളൂ)

ഭാരതത്തില്‍ നിന്നും ചൈനയ്ക്കേറ്റ അതി ഭയാനകമായ പ്രഹരത്തില്‍ നിന്നും ചൈന ഇന്നിയും മുക്തി നേടിയിട്ടില്ല. ചൈനയുടെ സുവര്‍ണ്ണ താരത്തിനേറ്റ പരാജയം ഇപ്പോഴും ചൈനയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. (ഈ ഭയാനകമായ പരാജയത്തില്‍ നിന്നും മുക്തി നേടാനാകാതെ ഒളിമ്പിക്സ് തന്നെ ചൈന നിര്‍ത്തി വെയ്ക്കാന്‍ ആലോചിയ്ക്കുന്നു എന്നു കൂടി പറയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം.)

ലോകത്തിന്റെ നെറുകയിലേയ്ക്ക് ഭാരതത്തെ കൊണ്ടെത്തിച്ച വിജയമാണ് അഭിനവ് ബിന്ദ്ര നേടിയിരിയ്ക്കുന്നത് (പത്ത് മീറ്റര്‍ എയര്‍ റൈഫിളിലെ വിജയിയെ നിര്‍ണ്ണയിയ്ക്കാനാണ് നലുവര്‍ഷത്തില്‍ ഒരിയ്ക്കല്‍ ഒളിമ്പിക്സ് നടത്തുന്നത്!).

നൂറ്റി എട്ട് വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയ്ക്ക് ഭാരതത്തിലേയ്ക്ക് ആദ്യമായി സ്വര്‍ണ്ണമെത്തിച്ച മഹാനാണ് അഭിനവ് ബിന്ദ്ര (വ്യക്തിഗതം എന്നത് ആവേശത്തില്‍ അതിയാന്‍ അങ്ങ് വിട്ടു പോയി-പലവട്ടം).

ആധുനിക ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒളിമ്പിക്സ് വേദിയില്‍ ആദ്യമായി ദേശീയ ഗാനം മുഴങ്ങി കേട്ട ദിനം. (ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മുഴങ്ങി കേട്ടിരുന്നത് എന്തായിരുന്നോ എന്തോ?)

ഭാരതത്തിന്റെ കായിക ചരിത്രം ഇന്നി അഭിനവ് ബിന്ദ്രയ്ക്ക് മാത്രം സ്വന്തം. (ക്രിക്കറ്റ്, ഹോക്കി, ചെസ്സ്, ടെന്നീസ് എല്ലാം വെറും പുല്ല്)

അദ്ദേഹത്തിന്റെ തലയും വാലുമില്ലാത്ത കമന്ററി (റിപ്പോര്‍ട്ടിങ്ങ് അല്ല) അങ്ങിനെ നീണ്ടു.

ബീജിങ്ങ് ഒളിമ്പിക്സില്‍ ഭാരതത്തിന്റെ മാനം കാത്തത് അഭിനവ് ബിന്ദ്ര തന്നെ. സംശയമില്ല. പക്ഷേ എഷ്യാനെറ്റിന്റെ ഇന്നലത്തെ ആ പ്രത്യേക വാര്‍ത്താ ബുള്ളറ്റിന്‍ അഭിനവ് ബിന്ദ്രയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തി അദ്ദേഹത്തെ കേള്‍പ്പിച്ചിരുന്നു എങ്കില്‍ അഭിനവ് ബിന്ദ്ര ഒറ്റ ബുള്ളറ്റ് കൊണ്ട് അത് റിപ്പോര്‍ട്ട് ചെയ്തവനെ അപ്പോള്‍ തന്നെ തീര്‍ത്തേനെ. അത്രയ്ക്ക് കേമമായിരുന്നു ഇന്നലെ രാത്രി ഏഷ്യാനെറ്റ് അഭിനവ് ബിന്ദ്രയെ പ്രത്യേക വാര്‍ത്താ ബുള്ളറ്റിനാക്കി കൊല്ലാകൊല ചെയ്തത്!

Tuesday, August 12, 2008

വീണ്ടും വെബ് ദുനിയ...



ബെര്‍ളീതോമസിന്റെ ബെര്‍ളിത്തരങ്ങളില്‍ വന്നൊരു കുഞ്ഞു തമാശ. കേരളത്തിലെ ഹര്‍ത്താലുകളിലെ ഒന്നുമില്ലായ്മകള്‍ക്കിട്ട് ബെര്‍ളീതോമസ് കൊടുത്ത നല്ലൊരു കൊട്ട് . കഴിഞ്ഞ ദിനം മുഴുവന്‍ ഈ പോസ്റ്റ് ഫോര്‍വേഡ് മെസ്സേജുകളായി അലയുകയായിരുന്നു. അവസാ‍നം ഇന്നിതാ അത് വെബ് ദുനിയായില്‍ കയറി കൂടിയിരിയ്ക്കുന്നു.

ഫോര്‍വേഡ് മെസ്സേജായി കിട്ടിയതാണ് എന്നൊരു കുറിപ്പില്ലാതെ, രചയിതാവിനൊരു കടപ്പാടില്ലാതെ, ബെര്‍ളിത്തരങ്ങളിലേയ്ക്കൊരു ലിങ്കില്ലാതെ വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ വായിയ്ക്കാം .

“ഒരു തമാശയായി മാത്രം കണക്കാക്കുക. ഒന്നു ചിരിയ്ക്കാന്‍ മാത്രം.” പറയുന്നത് വെബ് ദുനിയ.


ഫോര്‍വേഡഡ് മെസ്സേജ് അതേപടി സ്കാന്‍ ചെയ്ത് കയറ്റിയിരിയ്ക്കുകയാണെന്ന് തോന്നുന്നു. യതി എന്നൊരു ബ്ലോഗറാണ് വെബ് ദുനിയായില്‍ ബെര്‍ളീതോമസിന്റെ സി.പി.എം. ഹര്‍ത്താല്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ഇത് മോഷണത്തിന്റെ ഏത് വിഭാഗത്തില്‍ പെടും? ഫോര്‍വേഡ് ചെയ്ത് കിട്ടുന്നൊരു മെസ്സേജ് ഉറവിടം തേടാതെ പ്രസിദ്ധീകരിയ്ക്കുന്നത് തെറ്റല്ലേ? ഫോര്‍വേഡഡ് മെസ്സേജ് പ്രസിദ്ധീകരിയ്ക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലേ?

Saturday, August 09, 2008

ബൂലോഗമേ ഒരു കൈ സഹായം...

തറയിലിഴയുന്നൊരമ്മയും രക്താര്‍ബുദം ബാധിച്ച് ഓര്‍മ്മ നശിച്ചൊരു മകനും ഇടിഞ്ഞ് വീഴാറായൊരു വീട്ടില്‍ ഇത്തിരി വറ്റിനായി കാത്തിരിയ്ക്കുന്നു. പ്രിയ കൊണ്ട് വന്ന നോവുന്നൊരു കാഴ്ച.

സാന്ത്വനമേകാന്‍ ഒരു കുഞ്ഞു ശ്രമം ബൂലോഗ കാരുണ്യത്തില്‍.

എതാനും കരങ്ങള്‍ ഇവരിലേക്കൊന്നു നീണ്ടാല്‍ ഒരു നേരം കഞ്ഞിയെങ്കിലും ഉറപ്പാക്കാം നമ്മുക്ക് - മരണം വരെ!

ഏറ്റവും ചെറിയ ചില്ലറ പോലും ഒരു നേരത്തെ അന്നത്തിനുള്ള വകയാണെന്നറിയുക...

നമ്മുക്കൊന്നൊത്തു കൂടാം. കനിവ് തേടുന്നൊരീ മനുഷ്യ ജന്മങ്ങള്‍ക്ക് വേണ്ടി.

Saturday, August 02, 2008

ഒരു ബ്ലോഗറുടെ പതനം.

മിന്നാമിനുങ്ങളുടെ ചോരണത്തെ കുറിച്ച് വീണ്ടുമൊരു പോസ്റ്റിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. മിന്നാമിന്നിയുടെ ക്ഷമാപണത്തോടെ ഒരു ബൂലോഗ ചോരണ പര്‍വ്വത്തിന് തിരശ്ശീല വീണു എന്ന് ധരിച്ചവര്‍ വീണ്ടും വിഡ്ഡികളായി. കേരള്‍സ്കാമിന്റെ ബൂലോഗ കൊള്ളയടി വെളിച്ചത്ത് കൊണ്ട് വന്ന ബൂലോഗന്റെ ഭാണ്ഡം മുഴുവന്‍ തൊണ്ടിയായിരുന്നു എന്ന തിരിച്ചറിവ് ഒട്ടു ഞെട്ടലോടെയാണ് ബൂലോഗത്ത് പരന്നത്. പക്ഷേ ആ ചോരണത്തോട് ബൂലോഗം കടപ്പെട്ടിരിയ്ക്കുന്നു.

തനിയ്ക്ക് പൊക്കാന്‍ പറ്റുന്നത് വല്ലതുമുണ്ടോ എന്ന് തപ്പിയിറങ്ങവേയാണ് യാദൃശ്ചികമായി അദിയാന്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ ചെന്ന് കയറുന്നത്. അവിടെ നിന്നും കിട്ടിയതൊക്കെയും ചാക്കില്‍ കേറ്റി തന്റെ മാളത്തിലെത്തിയപ്പോഴാണ് താന്‍ നേരത്തെ ചില്ലറയായി കൊള്ളയടിച്ച് തന്റെ ചില്ലലമാരയില്‍ ചില്ലറ വില്പനയ്ക്ക് വെച്ചിരുന്നവ തന്നെയാണ് കേരള്‍സ്കാമിന്റെ ചില്ലലമാരയില്‍ മൊത്ത കച്ചവടത്തിന് വെച്ചിരിയ്ക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ അതൊരു പോസ്റ്റായി. ആ പോസ്റ്റ് പിന്നെ ബൂലോഗത്തെ ചരിത്രങ്ങളില്‍ ഒന്നായി. മിന്നാമിനുങ്ങ് അന്ന് ഇര പിടിയ്കാന്‍ ഇറങ്ങിയില്ലായിരുന്നു എങ്കില്‍ കേരള്‍സ്കാമിന്റെ ഷോറൂമില്‍ എത്തുമായിരുന്നില്ല. മലയാളം അക്ഷരങ്ങള്‍ കണ്ട് അവിടെ തനിയ്ക്ക് പറ്റിയത് വല്ലതും കോപ്പീ പേസ്റ്റാനുണ്ടാകും എന്ന് കണ്ടു കൊണ്ട് തന്നെയാണ് മിന്നാമിനുങ്ങ് അങ്ങാട്ട് പറന്നത്. അതുകൊണ്ട് തന്നെ മിന്നാമിനുങ്ങിന്റെ കോപ്പീ പേസ്റ്റിനോട് ബൂലോഗവും കടപ്പെട്ടിരിയ്ക്കുന്നു!

ക്ഷമാപണത്തിനായി അവതരിയ്ക്കപ്പെട്ട പോസ്റ്റില്‍ തന്നെ ഉപബോധ മനസ്സിന്റെ ചുറ്റിക്കളിയില്‍ മറ്റൊരു ബ്ലോഗറുടെ വരികള്‍ കടന്ന് വന്നത് യാദൃശ്ചികമാണെന്ന് പറയാം. തുടര്‍ന്ന് ഇട്ടിമാളുവിന്റെ വരികള്‍ അതേപോലെ മിന്നാമിനുങ്ങിന്റെ പോസ്റ്റില്‍ കടന്നു വന്നതു മുതല്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ മുഴുവനും കളവാണോ എന്ന സംശയം ബൂലോഗത്ത് നിറഞ്ഞു. തുടര്‍ന്ന് കളവു മുതല്‍ കണ്ടു പിടിയ്ക്കപ്പെടുന്നത് തുടര്‍ക്കഥയാ‍യി. ഒരോ കളവ് പുറത്ത് വരുമ്പോഴും “അതിന് തെറ്റ് ചെയ്തിട്ടില്ലങ്കിലും ഞാന്‍ മാപ്പു ചോദിയ്ക്കുന്നു” എന്ന രണ്ടും കെട്ട ക്ഷമാപണവുമായി മിന്നാമിനുങ്ങ് ഇടയ്ക്കിടയ്ക്ക് പൊങ്ങിയും മുങ്ങിയും വന്നു കൊണ്ടിരിന്നു. തൊണ്ടികള്‍ തോണ്ടിയെടുക്കപ്പട്ടു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ തൊണ്ടികള്‍ വില്പനയ്ക്ക് വെച്ചിരുന്ന കട പൂട്ടപ്പെട്ടു. കളവ് മുതല്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് മാത്രമായി കട തുറക്കപ്പെടും എന്ന ബോര്‍ഡും തൂങ്ങി.

കാര്യങ്ങള്‍ അങ്ങിനെ മുങ്ങാം കുഴിയിട്ട് നീങ്ങവേ ശിശിരം എന്ന ബ്ലോഗര്‍‍ തികച്ചും ന്യായമായ ഒരു നിര്‍ദ്ദേശവുമായി “ക്ഷമാപണ” പോസ്റ്റില്‍ വന്നു.
“മിന്നാമിനുങ്ങേ, സംഭവിച്ചതെല്ലാം സംഭവിച്ചു. താങ്കള്‍ക്ക് തെറ്റു തിരുത്താന്‍ ഇന്നി ഒരവസരമേ ബാക്കിയുള്ളൂ... താങ്കള്‍ ഇന്നി എവിടുന്നെങ്കിലും അറിഞ്ഞോ അറിയാതയോ വരികള്‍ എടുത്തിട്ടുണ്ട് എങ്കില്‍ അതേതൊക്കെയാണ് എന്ന് ഏറ്റുപറഞ്ഞ് ഈ മാ‍നക്കേടില്‍ നിന്നും രക്ഷപെടാന്‍ നോക്കൂ..”
അതോടെ മാപ്പപേക്ഷ പോസ്റ്റും ഇഷ്ടക്കാര്‍ക്ക് മാത്രമായി ചുരുങ്ങി. സ്നേഹ ദീപവും മിഴിയടച്ചു . ആ ബ്ലോഗും താഴിട്ടു!

ബ്ലോഗെഴുത്ത് സാഹിത്യം തന്നെയാകണം എന്ന നിര്‍ബന്ധം എങ്ങിനെയോ മലയാള ബ്ലോഗിങ്ങില്‍ രൂഡമൂലമായിരിയ്ക്കുന്നു. തനിയ്കറിയാവുന്നത് അറിയാവുന്നത് പോലെ എഴുതിയിടുക. അത് സാഹിത്യം ആകണമെന്നില്ല. രാവിലെ കണ്ടൊരു കാര്യം എഴുതാം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു കാഴ്ച പോസ്റ്റായി മാറാം. സൌഹൃദങ്ങളില്‍ കേട്ട ഒരു കുഞ്ഞ് തമാശ ഒരു പോസ്റ്റായി മാറാം. മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു വാര്‍ത്ത ഒരു പോസ്റ്റായി പരിണമിയ്ക്കാം. സൌഹൃദങ്ങളില്‍ ഉണ്ടാകുന്ന സൌന്ദര്യ പിണക്കം ഒരു പോസ്റ്റായി വരാം. മൊബൈലില്‍ എടുക്കുന്ന ഒരു ചിത്രം പോസ്റ്റാകാം. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ തന്നെ പോസ്റ്റിന് വിഷയമാകാം. എഴുതുമ്പോള്‍ സാഹിത്യം അനര്‍ഗ്ഗളമായി നിര്‍ഗ്ഗമിയ്ക്കണം എന്നില്ല. അറിയാവുന്ന ഭാഷയില്‍ അങ്ങെഴുതുക. കുറേപ്പേര്‍ എന്തായാലും വായിയ്ക്കും. ആരെങ്കിലുമൊക്കെ കമന്റും. അതൊക്കെത്തന്നെയാണ് ബ്ലോഗിങ്ങ് എന്ന് കരുതുന്ന ഒരു വിഡ്ഡിയാണ് ഞാന്‍. അതിന് ഏറ്റവും നല്ല ഉദാഹരണം എന്റെ ഈ അവിയല്‍ ബ്ലോഗും ആണ്. ഇന്നി ഇതൊന്നുമല്ല ബ്ലോഗിങ്ങെന്നു പറയുന്നവരോട് തര്‍ക്കിക്കാനും ഞാനില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞതൊക്കെ തന്നെയാണ് ബ്ലോഗിങ്ങ്.

സാഹിത്യം മാത്രമാണ് ബ്ലോഗെഴുത്ത് എന്ന് കരുതിയിടത്താണ് സാഹിത്യം കയ്യിലില്ലാത്ത മിന്നാമിനുങ്ങിന് തെറ്റിയത്. ഒരു വിഷയത്തോട് നേരേ ചൊവ്വേ പ്രതികരിയ്ക്കാന്‍ പോലും ഭാഷ കയ്യിലില്ലാത്തവനായിരുന്നു സ്നേഹ ഗായകന്‍ എന്ന് അദ്ദേഹം പലയിടത്തായി എഴുതിയിട്ടിരിയ്ക്കുന്ന കമന്റുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാല്‍ മതി. അദ്ദേഹം വളരെ വൈകാരികമായി പ്രതികരിച്ച ഈ കമന്റ് തന്നെ നല്ലൊരുദാഹരണമാണ്. അതില്‍ അദ്ദേഹം എന്താണ് പറഞ്ഞിരിയ്ക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും നിശ്ചയം ഉണ്ട് എന്ന് തോന്നുന്നില്ല. എങ്ങുനിന്നും കോപ്പി ചെയ്യാതെ സ്വന്തമായി എഴുതിയ ഒരു പ്രതികരണത്തിന്റെ ഭാഷയാണത്. അതുകൊണ്ട് തന്നെ നല്ല സാഹിത്യമെന്ന് തോന്നലുണ്ടാക്കിയ അദ്ദേഹത്തിന്റെ പോസ്റ്റുകളുടെയെല്ലാം വേരുകള്‍ മറ്റു ബ്ലോഗുകളിലും പഴയ കാല ആനുകാലികങ്ങളിലും കോളേജ് മാഗസിനുകളിലും ആയിരിയ്ക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട.

റഹീം വേങ്ങര എന്നൊരു വിദ്വാനു മിന്നാമിനുങ്ങിന്റേതു പോലൊരു സൈറ്റുണ്ട്. മലയാളത്തിലുള്ള ഒട്ടു മിക്ക ബ്ലൊഗുകളിലേയും അദ്ദേഹത്തിന് ഇഷ്ടമായ വരികള്‍ അദ്ദേഹത്തിന്റേതായി അവിടെ കാണാം. അക്ഷരമറിയാത്ത എന്റെ വരികള്‍ പോലും അവിടെ ഉണ്ട് എന്ന തിരിച്ചറിവില്‍ ബൂലോഗര്‍ക്കായി ഞാനെഴുതിയിട്ട പോസ്റ്റിന്റെ പിറകേ പോയവര്‍ അവരവരുടെ വരികള്‍ അവിടെ കണ്ട് സായൂജ്യമടഞ്ഞിരുന്നു. അദ്ദേഹവും ഒരു സ്നേഹഗായകനാണ്. സ്വന്തം വരികള്‍ അന്യന്റെ സൈറ്റുകളില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ചൊരുക്ക് അത്ര വേഗം ഒഴിഞ്ഞ് പോകില്ലല്ലോ?

അരൂപിക്കുട്ടന്‍ എന്ന ബ്ലോഗര്‍ തുറന്ന് വിട്ട ഭൂതം അക്ഷര ചോരണത്തിന് ഇറങ്ങി പുറപ്പെടുന്നവര്‍ക്കെല്ലാം ഒരു താക്കീതാണ്. മറ്റുള്ളവന്റെ വരികള്‍ സ്വന്താമാണെന്ന ഭാവത്തില്‍ പടച്ച് വിടുന്നവര്‍ക്ക് ഉണ്ടാകുന്ന അധഃപതനമാണ് മിന്നാമിനുങ്ങിലൂടെ തെളിയിക്കപ്പെടുന്നത്. മിന്നാമിനുങ്ങിന്റെ ബ്ലോഗുകള്‍ ഒന്നൊന്നായി പൂട്ടപ്പെടുവാനുണ്ടായ സാഹചര്യം എല്ലാവരും തിരിച്ചറിയണം. ബ്ലോഗെഴുത്ത് “അമ്പട ഞാനേ” എന്ന ഭാവത്തിനുപയോഗിച്ചതാണ് ആ ബ്ലോഗര്‍ ഇങ്ങിനെ അധഃപതിയ്ക്കാന്‍ കാരണം.

Friday, August 01, 2008

വീണ്ടും മോഷണം.

ഒരു മോഷണം കൂടി ബൂലോഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നു. മലയാള സിനിമാ നിരൂപണവും ഫോട്ടോ പിടുത്തവുമായി ബൂലോഗത്ത് നിറ സാനിദ്ധ്യമായ ഹരീയുടേതായ ഫോട്ടോകളാണ് ഇത്തവണ ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്.

രണ്ടായിരത്തി എട്ട് മാര്‍ച്ച് ഇരുപത്തിനാലാം തീയതിയിലെ മാധ്യമം ആഴ്ചപ്പതിപ്പിലാണ് ഹരീയുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ പരസ്യത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്. രണ്ടായിരത്തി ഏഴ് സെപ്റ്റംബർ രണ്ടിന് ഹരീ ഫ്ലീക്കറില്‍ പ്രസിദ്ധീകരിച്ച തന്റെ ചിത്രമാണ് ചോരണത്തിന് വിധേയമായിരിയ്ക്കുന്നത്. ഹരീയുടെ ചിത്രത്തിന്റെ മികവ് തന്നെയാണ് അത് മോഷ്ടിക്കപ്പെടാന്‍ കാരണമായത് എന്നത് നിസ്സംശയം പറയാം.

മാധ്യമം തങ്ങളുടെ തന്നെ വെളിച്ചം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഹരീയുടെ ചിത്രം ദുരുപയോഗം ചെയ്തിരിയ്ക്കുന്നത് എന്നത് ഈ ചോരണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിയ്ക്കുന്നു. ബ്ലോഗില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ഒരു കോപ്പീ പേസ്റ്റിന്റെ അകലത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് അനായാസം ലഭിയ്ക്കും എന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉത്തരവാദപ്പെട്ട ഒരു മലയാളം പത്ര സ്ഥാപനം തന്നെ ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചതിനെതിരേ പ്രതിഷേധിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല.

ഹരീ തന്നെയാണ് ചിത്ര ചോരണത്തെ കുറിച്ച് പോസ്റ്റിട്ടിരിയ്ക്കുന്നത്. ആ ചിത്രത്തോട് ഹരീയ്ക്കുള്ള വൈകാരികത അദ്ദേഹത്തിന്റെ ഈ കമന്റില്‍ നിന്നും വ്യക്തവുമാണ്. മാധ്യമത്തിന്റെ ചിത്ര ചോരണം കൂടുതല്‍ മനസ്സിലാക്കാന്‍ ഹരീയുടെ ബ്ലോഗ് സന്ദര്‍ശിയ്ക്കുക.

മാധ്യമത്തോടുള്ള പ്രതിഷേധം അറിയിയ്ക്കുന്നതോടൊപ്പം ഹരീയ്ക്ക് ധാര്‍മ്മികമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.