Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Monday, August 11, 2025

തിരസ്കരണം.

തൊഴിലുമായി ബന്ധപ്പെട്ടു മുംബയിൽ കുറച്ചു ദിവസം താമസിക്കേണ്ടി വന്ന ഒരു സാഹചര്യം. അഗോഡേയാണ് മിക്കപ്പോഴും ഹോട്ടൽ ബുക്കിങ്ങിനു ഉപയോഗിക്കുന്ന ആപ്പ്. അഗോഡയിൽ ഹോട്ടൽ ബുക്ക് ചെയ്ത് മുംബയിൽ എത്തി. ഹോട്ടലിൽ ചെന്ന് ബുക്കിങ് റെഫറൻസ് പറഞ്ഞപ്പോൾ ബുക്കിങ് നോക്കിയിട്ട് എന്നെ ഒന്ന് നോക്കി. പണം അടച്ച ബുക്കിങ് ആയിരുന്നു. റൂം ലഭ്യം അല്ല... ഫുൾ ബുക്കിങ് ആണ് എന്ന് മറുപടി. പണം അടച്ചതാണ് എന്നൊക്കെ പറഞ്ഞിട്ടും അവർക്ക് കുലുക്കം ഒന്നും ഇല്ല.


തർക്കിച്ചിട്ട് കാര്യം ഒന്നും ഇല്ലാ എന്ന് അറിയാവുന്ന കൊണ്ട് അടുത്ത പണി നോക്കി. ഒരിടത്തും റൂം ഇല്ല. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഐ. ഡി. നോക്കി കഴിയുമ്പോൾ ആണ് ഹോട്ടൽ ഫുൾ ബുക്കിങ് ആകുന്നത്.   പിന്നെ വീണ്ടും അഗോഡ. പേയ്‌മെന്റ് നടത്താതെ കൺഫർമേഷൻ എടുത്തു. ഹോട്ടലിൽ എത്തിയപ്പോൾ റൂം ഉണ്ട്. പക്ഷേ ബുക്കിങ് ഉണ്ടെങ്കിലും അഗോഡാ റേറ്റിൽ തരില്ല. ഏകദേശം രണ്ടിരട്ടിയോളം ചാർജ്ജ്. അത്രത്തോളം ഒന്നും മൂല്യം ഉള്ള ഹോട്ടൽ അല്ലാത്തത് കൊണ്ടും പോക്കറ്റിനു താങ്ങാൻ ആകാത്ത കൊണ്ടും വീണ്ടും റൂം തപ്പി തുടങ്ങി.


കേറുന്നിടത്തെല്ലാം പഴയ പല്ലവി തന്നെ. ഐ. ഡി. നോക്കുന്നു. റൂം ഫുൾ ആണെന്നുള്ള മറുപടി. അങ്ങിനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആ ഹോട്ടലിൽ എന്നോട് ചേർന്ന് ബുക്കിങ്ങിനു വന്ന ഒരു പരോപകാരിയുടെ കണ്ണിൽ ഞാൻ പെട്ട്.


"സക്കിനെക്കയിൽ നോക്കൂ..."


നേരെ സക്കിനെക്കയിൽ... 


റൂം കിട്ടി. 


Wednesday, April 01, 2020

ധാരാവിയിലെ കൊറോണ മരണം നൽകുന്ന മുന്നറിയിപ്പ്.

ഷ്യയിലെ ഏറ്റവും വല്യ ചേരി പ്രദേശമായ ധാരാവിയാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലവും. ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്ററിൽ എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്നിടം. അവിടെ കൊറോണ പടർന്നു പിടിച്ചാൽ എന്താകും എന്ന ആശങ്ക നേരത്തേ പങ്കു വെച്ചിരുന്നു.
.
നിർഭാഗ്യകരം എന്ന് പറയട്ടെ, ഇപ്പോൾ ധാരാവിയിൽ നിന്നും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാ ദുരന്തം അതല്ല. 56 വയസുളള ഈ ഹതഭാഗ്യന് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ് എന്നുള്ളതാണ്.
.
മാർച്ച് 23-നു ആണ് ഇദ്ദേഹം പനിയും ചുമയും ശ്വാസം മുട്ടലും ഒക്കെയായി ധാരാവിയിൽ   തന്നെയുള്ള ഒരു ലോക്കൽ ക്ലിനിക്കിൽ പോകുന്നത്. ഒരു വൈറൽ ഫ്യുവറിനു അപ്പുറം ആയ ഒരു ഗൗരവം പരിശോധിച്ച ഡോക്ടർക്ക് തോന്നിയില്ല.  അസുഖം കൂടുതൽ വഷളായപ്പോൾ അദ്ദേഹത്തെ മുംബയിലെ സിയോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാബ്‌ ടെസ്റ്റ് നടത്തി. ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ഉച്ചയോടെ വന്നു, റിസൾട്ട് പോസിറ്റീവ് ആയി.
.
സിയോൺ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ കുറവായത് കൊണ്ടും സുരക്ഷയെ കരുതിയും ഇദ്ദേഹത്തെ കസ്തൂർബാ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കസ്തൂർബാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി രാത്രി പത്ത് മുപ്പതോടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
.
ഇദ്ദേഹത്തിന് ഒരു ട്രാവൽ ഹിസ്റ്ററിയും ഇല്ല. മാർച്ച് ഇരുപത്തി മൂന്നിന് ആദ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും   അതിനു മുന്നെയും അതിനു ശേഷം കൊറോണ പോസിറ്റീവ് ആയ റിസൾട്ട് വരുന്ന വരെയും സമൂഹവും ആയി പൂർണമായും ഇടപഴകിയ റൂട്ട് മാപ്പാണ് ഇദ്ദേഹത്തിന് ഉള്ളത്. അത് കണ്ടെത്തുക അത്രമേൽ സങ്കീർണമാണ്. എന്നിട്ടും ബീ എം സി റൂട്ട് മാപ്പ് ഉണ്ടാക്കാൻ   ഉള്ള ശ്രമത്തിൽ ആണ്.
.
ഡോക്ടർ ബിർള നഗർ എസ്സ്. ആർ. എ സൊസൈറ്റി ഇദ്ദേഹം താമസിച്ചിരുന്നതിന്റെ സമീപത്തെ മുന്നൂറിൽ അധികം  ഫ്‌ളാറ്റുകളും  നൂറിലധികം ഷോപ്പുകളും ഇന്ന്  പൂർണമായും ക്ളോസ് സീൽ ചെയ്തിട്ടുണ്ട്.   പ്രാഥമിക സമ്പർക്ക ലിസ്റ്റ് ഉണ്ടാക്കി അവരെ ക്വറന്റൈൻ ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരമായി ഇടപെടുന്ന ഷോപ്പിലെ ആളുകളുടെയും സാമ്പിൾ സ്വാബ് ടെസ്റ്റിന് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള എലലാ സീനിയർ സിറ്റിസെൻസിന്റെയും സാമ്പിളും ടെസ്റ്റിന് വിട്ടു.
.
പക്ഷേ ഇപ്പോൾ എടുത്തിരിക്കുന്ന ഈ സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് ഇരുപത്തി മൂന്നിന് തന്നെ ചെയ്യേണ്ടിയിരുന്നതാണ്. അതും ധാരാവി പോലെയുള്ള ഒരിടത്ത് കൊറോണ സംശയിക്കത്തക്ക തരത്തിൽ ഒരു പേഷ്യന്റ് ക്ലിനിക്കിൽ എത്തിയതിനെ ഗൗരവത്തിൽ എടുക്കാൻ ക്ലിനിക്കിലെ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി.
.
കൊറോണയെ അലംഭാവത്തോടെ സമീപിക്കാൻ ആകില്ല. മരണ നിരക്ക് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിൽ  ആണ് മൂന്നു ശതമാനം. രോഗം പടരുന്നതിന് അനുസരിച്ച്  ആരോഗ്യമേഖലയിൽ എല്ലാ രോഗികൾക്കും വേണ്ടത്ര ചികിത്സ  ലഭ്യമാക്കാൻ കഴിയാതെ വരും. കിടത്താൻ കൃത്യമായ കിടക്കയോ ആശുപത്രി സൗകര്യങ്ങളോ മരുന്നോ ഇല്ലാതെ വരും. ഇറ്റലിയിൽ കണ്ട പോലെ പൊതുനിരത്തിൽ കിടക്കകൾ ഇടേണ്ടി വരും. ആ സാഹചര്യത്തിൽ മരണ നിരക്ക് മൂന്ന് ശതമാനം ആകില്ല. കൊറോണ ബാധിച്ചാൽ മരണം എന്ന അവസ്ഥ എത്തും. കരുതൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ലോകത്തിനു മുന്നിൽ ഇല്ല.
.
മനുഷ്യൻ അത്രമേൽ ഇടതിങ്ങി   ജീവിക്കുന്ന ധാരാവിയിൽ ഇപ്പോൾ ഉണ്ടായ അശ്രദ്ധ കൂടുതൽ ദുരന്തങ്ങൾക്ക് ഹേതുവാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇപ്പോൾ ആകുള്ളൂ.

Monday, March 30, 2020

മുംബയിൽ മലയാളി നഴ്‌സുമാർ കൊറോണ ഭീതിയിൽ.

മുംബയിൽ പ്രശസ്തമായ ജസ്‌ലോക് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെന്ററിൽ നിന്നും ലഭിക്കുന്നത് കുറച്ച് മോശം വാർത്തയാണ്. ഏകദേശം മുന്നൂറിൽ അധികം നഴ്‍സന്മാർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഭൂരിഭാഗവും  മലയാളീ നഴ്‌സുമാരാണ്. അതിൽ  ഒരു  നഴ്‌സിന്റെ ശബ്ദ സന്ദേശം ആണിത്. അത്രമേൽ ആശങ്ക ഉളവാക്കുന്ന ഒരു ശബ്ദ സന്ദേശം ആണ്.
.
മൂന്നു ഹോസ്റ്റലുകളിൽ ആയിട്ട് പാർപ്പിച്ചിരിക്കുന്ന ഈ നഴ്‌സുമാരിൽ ഏദൻ ഹോസ്പിറ്റലിൽ പാർപ്പിച്ചിരുന്ന ഒരു മലയാളി നഴ്‌സിന് കോവിഡ്-19 പോസിറ്റീവ് ആയി. രണ്ടു ദിവസം മുന്നേ റിസൾട്ട് വന്നു എങ്കിലും സഹപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കൊറോണ സ്ഥിരീകരിച്ച നഴ്‌സിന് ഒപ്പം റൂമിൽ താമസിച്ചിരുന്ന മറ്റു മൂന്നു നഴ്‌സൻമാരെയും സ്ഥിരീകരണം നടന്ന ശേഷവും ക്വറന്റൈൻ ചെയ്തിട്ടല്ലായിരുന്നു. അതിൽ ഒരു നഴ്‌സിന് കൊറോണ ലക്ഷണങ്ങൾ കാട്ടിയിട്ടും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭ്യമാക്കിയിട്ടില്ല. ഐസൊലേഷൻ എന്ന പേരിൽ ഒരു റൂമിൽ ആക്കി എന്നുള്ളത് അല്ലാതെ ഭക്ഷണം ഒഴികെ മറ്റൊരു ശുശ്രൂഷയും അവർക്ക് ലഭിച്ചിട്ടില്ല. എന്തിനേറെ? പനി ചെക്ക് ചെയ്യുക പോലും ചെയ്തിട്ടില്ല. കൊറോണയുടെ സർവ്വ ലക്ഷണവും കാട്ടിയിട്ടും അവർക്ക് സ്വാബ് ടെസ്റ്റ് നടത്തിയിട്ടില്ല. സ്വാബ് ടെസ്റ്റ് നടത്തണം എന്ന സഹപ്രവർത്തകരുടെ നിർബന്ധം വന്നപ്പോൾ ഇപ്പോൾ ടെസ്റ്റ് നടത്താൻ ആകില്ല എന്ന മറുപടിയാണ് അവർക്ക് ആശുപത്രി അധികാരികളിൽ നിന്നും ലഭിച്ചത്.
.
ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച നഴ്സ് ഉൾപ്പടെ ആകെ എൺപത്തി നാല് മലയാളി സ്റ്റാഫ് നഴ്‌സുമാരാണ് അവിടെ ഉള്ളത്. അവർ എല്ലാവരും എല്ലായിപ്പോഴും പരസ്പരം ഇടപഴകുന്നവർ ആണ്. അവർക്ക് കോമൺ ബാത്ത് റൂമും, ഡോർമെറ്ററി പോലത്തെ അക്കൊമൊഡേഷനും, കോമൺ വാഹന സൗകര്യവും ആണ്  ഉള്ളത്.
.
സാഹചര്യങ്ങൾ ഇത്രമേൽ ഗുരുതരം ആയിട്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചവർക്കും സ്വാബ് ടെസ്റ്റ് നടത്താൻ ആശുപത്രി കൂട്ടാക്കുന്നില്ല. ഡോക്ടറന്മാർ ക്വറന്റൈനിൽ ആണ് എന്നതാണ് അധികൃതർ കാരണമായി പറയുന്നത്.
.
തങ്ങൾ കൊറോണ വാഹകർ ആയിട്ട് രോഗികളെ ശുശ്രൂഷിക്കുന്നത് അപകടകരം അല്ലെ എന്ന ചോദ്യത്തിന് രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ ആകില്ലല്ലോ എന്ന വളരെ നിരുത്തരവാദപരമായ മറുപടിയാണ് ആശുപത്രി അധികാരികൾ നൽകുന്നത്. ഡ്യൂട്ടിക്ക് എല്ലാവരും ഹാജകണം എന്ന നിർദ്ദേശവും നൽകി.
.
കാര്യങ്ങൾ വഷളാകുന്നത് കണ്ടു അവരിൽ ഒരാൾ ബീ എം സി യിൽ റിപ്പോർട്ട് ചെയ്തു. ബീ എം സിയിൽ നിന്നും ഉത്തരവാദപ്പെട്ടവർ വരികയും ഇപ്പോൾ സംശയം ഉള്ളവരെ ക്വറന്റൈനിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അവർക്കു ക്വറന്റൈൻ സൗകര്യങ്ങൾ ഹോസ്പിറ്റൽ ചെയ്തിട്ടില്ല.
.
ചികിത്സ ഭക്ഷണം ശുദ്ധിയും സുരക്ഷിതവും ആയ  താമസം ഒന്നും ലഭ്യമല്ല. അവിടെ അതൊക്കെ ഉറപ്പാക്കാനും ഇവരെ കേൾക്കാനും ആരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെട്ട്  വേണ്ടത് ചെയ്യണം എന്നാണു ശബ്ദ സന്ദേശത്തിൽ പറയുന്നത്.
.
ശബ്ദ സന്ദേശം ചുവടെ.