Saturday, March 28, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച്-28)



സംസ്ഥാനത്ത്  ഇന്ന് 6 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.  ഇന്ന്  തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും എറണാകുളം ജില്ലയില്‍നിന്ന് ഒരാള്‍ക്കും (വിദേശി) രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി.

ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത് 1,34,370 പേരാണ്. 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 5276 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
.
കോവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരിയുടെ സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി മാര്‍ച്ച് 22നാണ് അദ്ദേഹത്തെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. ഇങ്ങനെ വിവിധ രോഗങ്ങളുള്ളതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ എത്ര ശക്തമായാലും ഇതുപോലുള്ള അനുഭവങ്ങളുണ്ടാവാം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നാം നടത്തുന്നത്.
.
നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാന്‍ നിരീക്ഷണത്തിലിരിക്കുന്ന എല്ലാവരുടെയും രക്തസാമ്പിള്‍ എടുത്ത് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ആലോചിച്ചിട്ടുണ്ട്. പെട്ടെന്ന് ഫലമറിയാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
.
റെസ്പിറേറ്റേറുകളുടേയും, വെന്റിലേറ്ററുകളുടെയും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങളുടെയും, എന്‍ 95 മാസ്‌കളുടെയും, ഓക്‌സിജന്‍ സിലിണ്ടറുകളുടെയും, ബയോ മെഡിക്കല്‍ ഉപകരണങ്ങളുടെയും  നിര്‍മാണത്തിന് വിവിധതലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട, ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഈ ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ ഫാബ് ലാബിനൊപ്പം വിഎസ്എസ്സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും.
.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ 'ബ്രേക്ക് കൊറോണ' പദ്ധതി ആരംഭിച്ചു. ഇതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ breakcorona.in എന്ന  വെബ്‌സൈറ്റ് സജ്ജീകരിച്ചു.. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയല്‍, മാസ്‌കുകളും കൈയുറകളും ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ലോക് ഡൗണ്‍ സംവിധാനത്തില്‍ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിന് സമയമില്ലാത്തതിനാല്‍ പ്രയോഗക്ഷമമായ പദ്ധതികള്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. വിദഗ്ധരുടെ പാനല്‍ ഇവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
.
രോഗവ്യാപനം തടയാന്‍ സമൂഹം തന്നെ നല്ല കരുതലെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായി പല തരത്തിലും നിയന്ത്രണങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തുന്നുണ്ട്. പത്രവിതരണം അവശ്യസര്‍വീസാണ്. അതിന് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുത്. ചില റസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം വിലക്കുകള്‍ ഒഴിവാക്കി പത്ര വിതരണവുമായി സഹകരിക്കണം.
.
ചുമതലപ്പെട്ട ആളുകളല്ലാതെ മറ്റാരും കമ്യൂണിറ്റി കിച്ചണുകളില്‍ കടക്കാന്‍ പാടില്ല. അങ്ങനെ ചെല്ലുന്നതും ഇടപഴകുന്നതും പല പ്രശ്‌നങ്ങളും ഉണ്ടാക്കും. അവിടെ ചെന്ന് പടമെടുക്കാനും ഇടപഴകാനും പലരും പോകുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ തന്നെ മറ്റുള്ളവര്‍ അവിടെ പോകുന്നത്, അവര്‍ ആരായാലും ഒഴിവാക്കേണ്ടതാണ്.
.
സംസ്ഥാനത്ത് ആകെ 1059 കമ്യൂണിറ്റി കിച്ചനുകളാണ് ആകെ തുടങ്ങിയത്. ആറ് കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും പൂര്‍ണ്ണമായും തുടങ്ങി. 125 കമ്യൂണിറ്റി കിച്ചനുകളാണ് നഗര കേന്ദ്രങ്ങളില്‍ ഒരുക്കിയത്. 941 പഞ്ചായത്തുകളില്‍ 831 പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങി. 934 കമ്യൂണിറ്റി കിച്ചന്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനം, സഹകരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിലാണ് കമ്യൂണിറ്റി കിച്ചന്‍ ഒരുക്കിയത്.
.
ഇന്നലത്തെ കണക്ക് അനുസരിച്ച് 52,480 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 41,826 പേര്‍ക്കും സൗജന്യമായാണ് നല്‍കിയത്. 31,263 പേര്‍ക്കും വീട്ടിലെത്തിച്ച് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയും ആവശ്യവും ഉള്ളവര്‍ക്കു മാത്രമാണ് അത് നല്‍കേണ്ടത് എന്നതാണ്. ഭക്ഷണം ആര്‍ക്കാണോ വിതരണം ചെയ്യേണ്ടത്, അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. വിതരണത്തിനാവശ്യമായ വളണ്ടിയര്‍മാരെ ഇപ്പോള്‍ തന്നെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.
.
വീട്ടില്‍ ഇരിക്കുക എന്നത് പലര്‍ക്കും പരിചയമുള്ള കാര്യമാവില്ല. വീട്ടിലിരിക്കുന്ന വേള വ്യത്യസ്ത തലത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കണം. ഏറ്റവും നല്ലത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ഉള്ളുതുറന്ന് സംസാരിക്കലാണ്. അതോടൊപ്പം ഈ സമയം നല്ലതുപോലെ വായനയ്ക്കും ചെലവഴിക്കാം. കൗണ്‍സലിങ്ങിനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സമ്മര്‍ദം കുറയ്ക്കാന്‍ ആ മാര്‍ഗം തേടാം.
.
ആളുകള്‍ വീടുകളില്‍ തന്നെ ഉണ്ട് എന്നതുകൊണ്ട് മറ്റുചില വിഷയങ്ങളുമുണ്ടാകും. ടോയ്‌ലറ്റ് ടാങ്കുകളുടേതാണ് അതിലൊരു പ്രശ്‌നം. ടാങ്കുകള്‍ നിറഞ്ഞുകവിയുന്നത് കുടിവെള്ളത്തിനുപോലും പ്രശ്‌നമുണ്ടാക്കും. ഇക്കാര്യത്തില്‍ കൃത്യസമയത്ത് ശാസ്ത്രീയ രീതിയില്‍ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
.
പ്രത്യേക സാഹചര്യത്തില്‍ നാം ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യുന്നുണ്ട്. അത് എല്ലാവര്‍ക്കും വേണ്ടിവരില്ല. അങ്ങനെ ആവശ്യമില്ലാത്ത ആളുകള്‍ അക്കാര്യം അറിയിക്കണം. അത് രേഖപ്പെടുത്താനുള്ള കേന്ദ്രീകൃത സംവിധാനമുണ്ടാവും. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തടസ്സം കൂടാതെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഭക്ഷ്യ-ഗതാഗത വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.
.
അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കു പുറമെ എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി എന്നിവ കൂടി സംഭരിക്കും. ബിസ്‌കറ്റ്, റസ്‌ക്, നൂഡില്‍സ്, ഓട്‌സ് തുടങ്ങിയവ ഡ്രൈ റേഷന്‍ എന്ന നിലയ്ക്കും സംഭരിക്കും. അടുത്ത ഘട്ടമായി പാല്‍, തൈര് പച്ചക്കറി, മുട്ട, ശീതികരിച്ച മത്സ്യ-മാംസാദികള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത്. ഇവ ഗുണനിലാരം ഉറപ്പുവരുത്തി സംഭരിക്കുക, പരമാവധി ആളുകളെ കടകളിലേക്ക് വരുത്താതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുക എന്നതാണ് ആലോചിക്കുന്നത്.
.
എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കറ്റ്‌ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ പക്കലുള്ള അത്യാവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ തയ്യാറാക്കിവെക്കും. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറി, പഴങ്ങള്‍, മുട്ട, പാല്‍ തുടങ്ങി പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളും സമാഹരിക്കാനും വിതരണം ചെയ്യാനും വളണ്ടിയര്‍മാരെ ഉപയോഗിക്കും. ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടതില്ല.
.
ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയിലാണ് ഇത് നടപ്പാക്കുക. ഓണ്‍ലൈന്‍ സൗകര്യം വിപുലമാക്കണം. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ദേശീയതലത്തിലുള്ള മൊത്തക്കച്ചവടക്കാരെ ബന്ധപ്പെട്ട് സാധനസമാഗ്രികളുടെ ലഭ്യത ഉറപ്പാക്കും. നാഫെഡ് എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
.
എല്ലാവരും വീട്ടിലാണ്. എന്നാല്‍, എല്ലാവരും രോഗികളല്ല. അപൂര്‍വ്വം രോഗികളെ ഉള്ളൂ. ഈസ്റ്ററും വിഷുവും അടുത്തു വരുന്നു. ഭക്ഷ്യസാധനങ്ങള്‍ക്ക് ഇനിയും ചെലവ് കൂടും. അത് മുന്നില്‍ക്കണ്ട് ഭക്ഷ്യശേഖരണത്തിനുള്ള തയ്യാറെടുപ്പ് നടത്തണം. ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സഞ്ചാര നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുമായി ചരക്കുഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ ഉന്നതതലത്തില്‍ പ്രത്യേക ചുമതല നല്‍കും.
.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമല്ലാത്ത നിലപാടുകള്‍ ചില സംസ്ഥാനങ്ങള്‍ എടുക്കുന്നുണ്ട്. അതില്‍ കര്‍ണാടകയുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. മണ്ണിട്ട് തടസ്സമുണ്ടാക്കിയത് പൂര്‍ണമായും നീക്കിയിട്ടില്ല. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും സാധ്യമായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു. മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ച് അക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്നും ഉടനെ പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിലും ഇവിടത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം പെടുത്തിയിരുന്നു.
.
ആരോഗ്യകരപരമായ ചികിത്സ വേണ്ടി വന്നാല്‍ കാസര്‍കോട് ഭാഗത്തുള്ളവര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നുത്. ഡയാലിസസ് മുടങ്ങിപോയാല്‍ ഉണ്ടാകാവുന്ന ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇവരെ പ്രത്യേക ആംബുലസില്‍ മംഗലാപുരത്ത് എത്തിക്കാനുള്ള ആവശ്യം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെ മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം കര്‍ണാടക സര്‍ക്കാരുമായി ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വേഗം തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
.
തമിഴ്‌നാട്ടിലേക്കുള്ള ഗതാഗതവുമായി ബന്ധപ്പെട്ട് പാലക്കാട് ഭാഗത്തുണ്ടായ ചില പ്രശ്‌നങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെ ഇടപടല്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോകുന്ന ലോറികള്‍ ആവശ്യമായ രീതിയില്‍ അണുമുക്തമാക്കുമെന്ന കാര്യം ഉറപ്പുവരുത്തും. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാടുണ്ട്. തമിഴ്‌നാട്ടിലെ മന്ത്രി വേലുമണി, ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ എന്നിവര്‍ നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് നടപ്പുളി ചെക്ക് പോസ്റ്റില്‍ നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ആ ഭാഗത്തുള്ള വണ്ടികളുടെ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാകും.
.
ആദിവാസി മേഖലകളില്‍ വിദ്യാഭ്യാസ വളണ്ടിയര്‍മാര്‍, അവര്‍ക്കിടയിലെ വിദ്യാസമ്പന്നർ, പ്രൊമോട്ടര്‍മാര്‍ എന്നിവരെ നിയോഗിച്ച് ബോധവല്‍ക്കരണ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അവിടങ്ങളില്‍ ആവശ്യമായ ഭക്ഷണം എത്തിക്കും. കോളനികളുടെ ശുചീകരണം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.
.
ഇന്ന് പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നു എന്നത് ആശങ്ക അവസാനിച്ചു എന്നതിന്റെ സൂചനയല്ല. ഇനിയും റിസല്‍റ്റ് വരാന്‍ ബാക്കിയുണ്ട്. നമ്മുടെ മുന്‍കരുതലില്‍ ഒരു തരത്തിലുള്ള വെള്ളം ചേര്‍ക്കലും ഉണ്ടാകരുത്. 'ശാരീരിക അകലം, സാമൂഹിക ഒരുമ' എന്നത് നാം ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട മുദ്രാവാക്യമാണ്. ക്വാറന്റൈനില്‍ ഉള്ളവരും കൃത്യമായ ശാരീരിക അകലം പാലിക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ നിര്‍ത്തുകയും അവരുടെ സുരക്ഷയില്‍ കര്‍ക്കശ നിലപാട് എടുക്കുകയും വേണം.
.
ഇന്ന് സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടുവിപ്പിക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത് ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലും ഇല്ലാതെ അവര്‍ പ്രവര്‍ത്തിക്കുന്നു. ആ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതക്ക് മങ്ങലേല്‍പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്.
.
കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലാന്റ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
.
ഇന്ത്യയ്ക്കകത്ത് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണ്. അവശ്യ മരുന്നുകള്‍ കൊറിയര്‍-പോസ്റ്റല്‍ സര്‍വീസ് വഴിയാണ് മിക്കവാറും വരുന്നത്. ഇപ്പോള്‍ ഇവ ഏറെക്കുറെ നിലച്ചിരിക്കുന്നു. അത് തടസ്സപ്പെടാതിരിക്കാന്‍ കൊറിയര്‍ ഏജന്‍സികളുമായി സര്‍ക്കാരിന്റെ വാര്‍ റൂം ബന്ധപ്പെടും. മരുന്നിന്റെ ദൗര്‍ലഭ്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ കാണുന്നത്.
.
ഏപ്രില്‍ രണ്ടു മുതല്‍ സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷനുകള്‍ വിതരണം ചെയ്യുകയാണ്. കൊറോണക്കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം ക്രമീകരിക്കുന്നത് ഉറപ്പാക്കും. ട്രഷറികള്‍ 9 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കാന്‍ മറ്റു ക്രമീകരണങ്ങളും നടത്തും.
.
നമ്മുടെ നാട്ടില്‍ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഇത് വിളവെടുപ്പിന്റെ കാലമാണ്. ആവശ്യമായ അകലം പാലിച്ച് വിളവെടുപ്പ് നടത്താനാവണം. 57,000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി നടക്കുന്നുണ്ട്. ഇതിന്റെ വിളവെടുപ്പും സംഭരണവും വിതരണവും സുഗമമാക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കിയില്ലെങ്കില്‍ ലാപ്‌സാകുന്ന പ്രശ്‌നമുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും. കൊറോണ പ്രതിരോധ രംഗത്തുള്ള പൊലീസുകാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടുത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ അറിയിക്കും.
.
ജില്ലകളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഇവയ്ക്ക് ഏര്‍പ്പെടുത്തണം. തിങ്ങിനിറഞ്ഞ് ശാരീരിക അകലം പാലിക്കാതെയുള്ള കൂട്ടായ്മ പാടില്ല. പൊതുപ്രവര്‍ത്തകര്‍ സാധാരണ മട്ടില്‍ എല്ലായിടത്തും എത്തുന്നതിലും നിയന്ത്രണം വേണം.
.
ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ ഈ നിയന്ത്രണത്തിന്റെ കാലത്ത് പട്ടിണി കിടക്കാനിടവരരുത്. അവരുടെ ഭക്ഷണം ഉറപ്പാക്കണം. അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. തിരുവനന്തപുരം സെക്രട്ടറിയറ്റ് സൊസൈറ്റിയിലെ ഷോപ്പില്‍ ലിസ്റ്റും ഫോണ്‍ നമ്പരും കൊടുത്തിട്ട് ടോക്കണ്‍ വാങ്ങി പോകുക; സാധനങ്ങള്‍ എടുത്തുവെച്ചശേഷം വിളിച്ചറിയിക്കുക എന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ആ സമയത്ത് പണം കൊടുത്ത് സാധനവുമായി മടങ്ങാം. നല്ല മാതൃകയാണത്. ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യവുമാണത്.
.
പാചകത്തൊഴിലാളികള്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. അവരെ കമ്യൂണിറ്റി കിച്ചണുകളില്‍ ആവശ്യമാണെങ്കില്‍ നിയോഗിക്കും.  സംസ്ഥാനത്തെ കൊറോണ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും. ഭക്ഷണം അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചുമതലക്കാരെ ഇവിടെ നിശ്ചയിക്കും. രോഗബാധിതരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടേണ്ടതില്ല എന്നാണ് തീരുമാനം. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താന്‍ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായി ശ്രമം നടത്തും. പ്രാദേശികമായി ഇത്തരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.
.
ഇടുക്കിയില്‍ തോട്ടം മേഖലയില്‍ അരി വിതരണം സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകമായി ശ്രദ്ധിക്കണം. അവിടെ പ്രത്യേകതരം അരിയാണ്. കേരളത്തില്‍നിന്ന് പച്ചക്കറി ഉള്‍പ്പെടെ വാങ്ങാന്‍ പോകുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം എന്നുറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ അതിവേഗം നടക്കുന്നുണ്ട്. ഇതുവരെ 78,000 രജിസ്‌ട്രേഷന്‍ നടന്നു. ഇക്കാര്യത്തില്‍ ഏകോപിപ്പിച്ച പ്രവര്‍ത്തനമുണ്ടാകും. മദ്യപിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ആഹ്വാനം നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്തുകോടി രൂപ നല്‍കാമെന്നാണ് അറിയിച്ചത്. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയുക്തമാക്കാമെന്നും അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും വന്നു. അനേകം വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയേറെ താല്‍പര്യത്തോടെ ആളുകള്‍ രംഗത്തുവരുന്നത് നാടിനോടും മനുഷ്യനോടുമുള്ള പ്രതിബദ്ധതയും സ്‌നേഹവും കൊണ്ടാണ്.
.
നേരിട്ട് സംഭാവന എത്തിക്കാന്‍ പലര്‍ക്കും ഈ ഘട്ടത്തില്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും.  donation.cmdrf.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക. ആ സംവിധാനം പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ പത്രക്കാർക്ക് കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ല. ചോദിക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങൾ ആകട്ടെ മുഖ്യമന്ത്രി പറഞ്ഞതൊക്കെയും. രാജ്യവും ലോകവും പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. അതിൽ നിന്നും നമുക്കും വിടുതൽ അത്ര എളുപ്പം അല്ല.
.
കർണാടകയിൽ നിന്നും വരുന്നത് രാഷ്ട്രീയ എതിർപ്പ് ആണ്. അത് കൊണ്ട് തന്നെ ഭക്ഷ്യ പച്ചക്കറികൾക്ക് കർണാടകയെ കൂടുതൽ ആശ്രയിക്കാതെ മറ്റ്  മാർഗങ്ങൾ തേടണം. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കൂടുതൽ സാധനങ്ങൾ സംഭരിക്കാൻ ആകും. കാസർഗോഡ് നിന്നും ഡയാലിസിസിന് ബുദ്ധിമുട്ടുന്നവർക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നൽകാൻ ഉള്ള സാഹചര്യം എത്രയും  വേഗം
ഉണ്ടാക്കണം.
.
അതിർത്തി ജില്ലകളിലെ മൂന്നു എം പി മാർക്ക് എന്തെങ്കിലും ഒക്കെ നാടിനു വേണ്ടി ചെയ്യാൻ ആകുന്ന സമയമാണ്. വേണ്ടത് ചെയ്യണം.
.
കൊറോണയ്ക്ക് എതിരെ സർവ്വ ശക്തിയും എടുത്ത് പോരാടണം എന്നതാണ് ഇന്നത്തെയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തതിന്റെ ആകെ സന്ദേശം. അത് നമുക്കും ഉൾക്കൊള്ളാം.
.
നമുക്ക് അതിജീവിച്ചേ മതിയാകുള്ളൂ.

Friday, March 27, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് - 27)


ഇന്നത്തെ അവലോകന യോഗം ഒട്ടും സന്തോഷം നൽകുന്ന ഒന്നല്ല. ആശങ്കകൾ കൂടുകയാണ്.  ഇന്ന് മാത്രം 39 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.   സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്.
.
ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  പരിശോധനയ്ക്ക് അയച്ച 4448 സാമ്പിളുകൾ നെഗറ്റീവ് ആണ്.
.
കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ടായിട്ടുണ്ട്. തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം സ്‌കൂളുകൾ ആശുപത്രികൾ ചന്തകൾ  തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾവരെയും  അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ഭരണാധികാരികളും ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. സമൂഹത്തോട് ഉത്തരവാദിത്തം ഉള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ഇപ്രകാരം നിരുത്തരവാദപരമായി പെരുമാറുന്നത് ശെരിയോ എന്ന് സ്വയം തീരുമാനിക്കണം.
.
കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആ​ദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കൊറോണയ്ക്കെതിരെ നമ്മൾ ജാ​ഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളിൽ തന്നെ സംഘടിതമായ സമരങ്ങൾ നമ്മൾ കണ്ടതാണ്. ഇതൊക്കെ സംസ്കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ആ നിലയ്ക്ക് ഒരു മുൻകരുതൽ എല്ലാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയിൽ തള്ളിക്കയറിയും ബലം പ്രയോ​ഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.
.
നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.  തെരുവിൽ അന്തിയുറങ്ങുന്നവർക്കായി അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ 31 ക്യാമ്പുകളിലായി 1545 ആളുകളാണുള്ളത് ഇപ്പോഴുള്ളത്. ഗ്രാമ പഞ്ചായത്തുകളിലേക്കും ഇങ്ങിനെയുള്ള സൗകര്യം വ്യാപിപ്പിക്കും.  ഇനിയും ഇത്തരത്തില്‍ സുരക്ഷിതമായി മാറ്റാത്തവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കാൻ ഉള്ള നടപടികൾ എടുത്തിട്ടുണ്ട്.  ഇതിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കും.  അവിടെ അവര്‍ക്കായി ഭക്ഷണവും പായപ്പെടുത്തും.
.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്കായി 4063 ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇവിടുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌കും സോപ്പും സാനിറ്റൈസറും ലഭ്യമാക്കാന്‍ നടപടികൾ  സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ചിലയിടങ്ങളില്‍ ശോചനീയാവസ്ഥ നേരിടുന്നുണ്ട്. അത് ഗൗരവമായാണ് കാണുന്നത്. ബന്ധപ്പെട്ട കലക്ടര്‍മാര്‍ ഇത് വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് ഇടപെടണം.  ലോബര്‍ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടണം. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ ബ്രോഷറുകളും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.

കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച  ഒരു രീതി കാണുന്നുണ്ട്. ഇത് അംഗീകരിക്കാൻ ആകില്ല. ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് ഘടക വിരുദ്ധമാണ്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
,
കടകമ്പോളങ്ങൾ അടഞ്ഞു തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണവും വെള്ളവും  ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണം. അതിനു വേണ്ടുന്ന സഹായങ്ങൾ സർക്കാർ നൽകും. പല കാവുകളിലും കുരങ്ങൻമാർ ഭക്തർ നൽകുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഭക്തരുടെ വരവ്  നിന്നതോടെ അവരും പട്ടിണിയിൽ
ആണ്. അവരുടെ ഭക്ഷണലഭ്യത ക്ഷേത്ര ഭാരവാഹികൾ ഉറപ്പു വരുത്തണം
.
മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉള്ള തീറ്റയ്ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് കൈക്കൊള്ളും. ഇവർക്കുള്ള തീറ്റയുടെ ചരക്ക് നീക്കത്തിനും വിപണനത്തിനും ബുദ്ധിമുട്ടു ഉണ്ടാകാതെ നോക്കണം.
.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണലേലമടക്കം നിർത്തിവെക്കണം.  നോൺ ബാങ്കിംഗ്, ചിട്ടികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവർ വീടുകൾ കയറി പണം പിരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണം.
.
പൊതു സമൂഹം വ്യാപാരവും വരുമാനവും ഇല്ലാതിരിക്കുന്ന സമയം ആണ്. അത് കൊണ്ട് വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും വാടക പിരിക്കുന്നതിന് സാവകാശം നൽകണം.
.
കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രി ഉടൻ കൊവിഡ് 19 ആശുപത്രിയാക്കും. കണ്ണൂർ മെഡിക്കൽ കോളജിൽ 200 കിടക്കകളും 40 ഐസിയു കിടക്കകളും ഉണ്ട്. 15 വെൻ്റിലേറ്ററുകളും അവിടെയുണ്ട്. ഇത് കൊവിഡ് 19 ആശുപത്രിയാക്കി മാറ്റും. മെഡിക്കൽ കോളജ് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചു. മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അതിനുള്ള കേന്ദ്ര അനുമതിക്കായി കാത്തരിക്കുകയാണ്.
.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. രോഗബാധിതർ ആകാതെ തന്നെ രോഗ വാഹകർ ആകാൻ ആകും. പ്രതിരോധ ശേഷി കൂടുതൽ ആണെങ്കിൽ രോഗം വരില്ല. രോഗം അവർക്കും മറ്റുള്ളവർക്ക് സംഭാവന നൽകാൻ ആകും.
.
പ്രളയ കാലത്തെ മാതൃകയിൽ ദുരിതാശ്വാസ നിധി രൂപീകരിക്കണം. കഴിയുന്നിടത്തോളം തുക ദുരിതാശ്വാസ നിധിയിലേക്ക് പൊതു സമൂഹം നൽകണം.
.
കേന്ദ്ര ആരോഗ്യ പാക്കേജിൽ സ്വകാര്യ ആശുപത്രികളെയും  ഉൾപ്പെടുത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളിൽ സംതൃപ്തർ ആണ്.
.
നിലവിലെ  പ്രതിസന്ധി മറികടക്കാൻ ഏറെ പ്രയത്‌നം ആവശ്യമാണ്. സർക്കാർ മാത്രം വിചാരിച്ചാൽ ഈ പ്രതിസന്ധിയെ മറികടക്കാൻ ആകില്ല. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെയും നാം അതിജീവിക്കും.
.
മുഖ്യ മന്ത്രി ഉപസംഹരിക്കുമ്പോൾ ആശങ്കയിൽ ആയിരുന്ന മനസുകൾക്ക് പതിവ് പോലെ ആശ്വാസം. വിജനമായ തെരുവിൽ പട്ടിണിയാകുന്ന ജന്തുക്കളെയും അദ്ദേഹം ഓർത്തെടുക്കുന്നു. കേരളത്തിന്റെ ഒരു ലോക്ക്ഡൌൺ ദിനം അതേ പടി വരച്ച് വെച്ചാണ് പത്ര സമ്മേളനം അവസാനിക്കുന്നത്. പത്രസമ്മേളനം കേൾക്കാൻ സ്വീകരണ മുറികൾ ഹൌസ് ഫുൾ ആകുന്നു.
.
അതേ... നാം അതിജീവിക്കുക തന്നെ ചെയ്യും.

കാർഷിക വിളകളുടെ വിളവെടുപ്പിനും വിപണനത്തിനും ഉള്ള തടസം നീക്കണം.



രാജ്യത്തെ കാർഷിക മേഖലയിൽ പച്ചക്കറി പഴവർഗ്ഗങ്ങൾ വിളവെടുക്കാൻ ആകാതെ നശിച്ചു പോകുന്നു. ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെ തുടർന്ന് എ പി എം സി പ്രവർത്തനവും കേന്ദ്ര സർക്കാർ നിരോധിച്ചത് ആണ് കാരണം.
.
മഹാരാഷ്ട്രയിൽ തക്കാളി രണ്ടു രൂപയ്ക്കും സവാള പത്ത് രൂപയ്ക്കും ഉരുളക്കിഴങ്ങ് അഞ്ച് രൂപയ്ക്കും പോലും കർഷകർക്ക് വിറ്റഴിക്കാൻ ആകുന്നില്ല. അതേ സമയം പൊതു വിപണിയിൽ പച്ചക്കറി പഴ വർഗ്ഗങ്ങളുടെ വില കുതിച്ചു കയറുകയും ആണ്.

.
കേന്ദ്ര സർക്കാർ രാജ്യത്തെ എ പി എം സിയുടെ പ്രവർത്തനം നിരോധിച്ചത് പെട്രോൾ പാമ്പുകൾ നിരോധിക്കുന്നതിന് തുല്യം ആണ്. ദിവസേന വിളവെടുക്കേണ്ട ഇലകളും തക്കാളിയും ക്വോളി ഫ്ളവറും കാബേജൂം  പഴവർഗ്ഗങ്ങളും ഒന്നും നാളേയ്ക്ക്  വിളവെടുക്കാൻ ആകില്ല. അതൊക്കെയും തോട്ടങ്ങളിൽ കിടന്നു അഴുകും. എ. പി. എം. സി കളുടെ പ്രവർത്തനം സ്തംഭിപ്പിച്ചത് ഗുരുതരമായ പിഴവ് ആണ്.
.
ഒരിടത്ത് പച്ചക്കറി പഴവർഗ്ഗങ്ങൾ വിളവെടുത്ത് കേന്ദ്രീകൃത ചന്തകളിൽ എത്തിക്കാൻ ആകാതെ അഴുകി നാശം ആവുകയും കർഷകർ പട്ടിണിയിൽ ആവുകയും ചെയ്യുന്നിടത്ത് മറുഭാഗത്ത് പച്ചക്കറിയുടെ ഒരു കഷ്ണം പോലും പൊതുവിപണിയിൽ ലഭ്യമാകാതെ പൊതു ജനം കഷ്ടത്തിൽ ആകുന്ന സാഹചര്യവും ആണുള്ളത്. മാർക്കറ്റ് ഡിമാന്ഡിന് ആനുപാതികം ആയി സപ്ലൈ വരാതിരുന്നാൽ ലഭ്യം ആകുന്ന സാധനങ്ങൾക്ക് വല്യ വില കൊടുക്കേണ്ടിയും വരും.
.
മനുഷ്യ സാധ്യം ആയ സുരക്ഷാ സംവിധാനം ഒരുക്കി എത്രയും വേഗം കേന്ദ്ര സർക്കാർ എ പി എം സി കളുടെ പ്രവർത്തനം പുനരാരംഭിക്കണം. പൊതു ജനങ്ങൾക്ക് എ പി എം സിയിൽ കടക്കുന്നതിനു വിലക്കു ഏർപ്പെടുത്തി സർക്കാർ സംവീധാനങ്ങളിലൂടെ മാത്രം ലേലവും വാങ്ങലും ചരക്കു നീക്കവും ക്രമീകരിച്ചാൽ കർഷകരും രക്ഷപെടും ഉപഭോക്താക്കളും രക്ഷപെടും.
.
കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി സൂചിപ്പിച്ച കോൺവോയ് അടിസ്ഥാനത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ വാഹനങ്ങൾ അയച്ചു കായ് കറികളും പഴവർഗ്ഗങ്ങളും കൊണ്ട് വരും എന്നതു പ്രാവർത്തികം ആകണം എങ്കിലും എ പി എം സികൾ പ്രവർത്തിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും അത് പോലെ ചെയ്യാനും ആകും.
.
കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട കാര്യം ആണിത്


Thursday, March 26, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് 26)



ഇന്ന് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയ 19 കേസുകൾ ഉണ്ടായിട്ടുണ്ട്. ഒമ്പത് പേർ കണ്ണൂരും മൂന്നാൾ കാസറഗോഡും മൂന്നു പേർ മലപ്പുറത്തും രണ്ടാൾ തൃശൂരും  ഓരോരുത്തർ ഇടുക്കിയും വയനാടും. ഇന്ന് ടെസ്റ്റ് ചെയ്തവരിൽ 968 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്.
.
ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ ഒരു ലക്ഷത്തി ഒരായിരത്തി നാനൂറ്റി രണ്ടു പേർ വീടുകളിലും അറുനൂറ്റി ഒന്ന് പേർ ആശുപത്രികളിലും ആണ് ഉള്ളത്.  ഇന്ന് 132 പേരെ കൂടി ആശുപത്രികളിലേക്ക് മാറ്റി.
.
കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സ്വാഗതം ചെയ്യുന്നു.
.
കേരളത്തിൽ 50607 ഐ സി യു മുറികൾ സര്വസജ്ജമായിട്ടുണ്ട്. വേണ്ടി വന്നാൽ ഹോസ്റ്റലുകളും ഹോസ്പിറ്റൽ സൗകര്യം ഉള്ളവയാക്കി മാറ്റും.
 .
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു തുടങ്ങി. വാർഡ് തല സമിതികൾ മറ്റുള്ളിടത്തും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആരംഭിക്കാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചൺ പ്രാഥമിക ഘട്ടം പൂർത്തിയായി... 84 മുൻസിപ്പിലാറ്റികളും തയ്യാറായി. കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യം ഉള്ള ഉപകരണങ്ങളും പാത്രങ്ങളും ലഭ്യമാക്കാൻ കാറ്ററിങ് അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്.
.
ക്ഷേമ പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും നിരവധി സഹകരണ സ്ഥാപനങ്ങൾ ഇന്ന് മുതൽ തന്നെ വിതരണം തുടങ്ങി.
.
22 മുതൽ 40 വരെ വയസ്സ് പ്രായം ഉള്ളവരെ ചേർത്ത് സന്നദ്ധ സേന രൂപീകരിക്കും. സന്നദ്ധ എന്ന വെബ് സൈറ്റിൽ താല്പര്യം ഉള്ളവർ പേര് രെജിസ്റ്റർ ചെയ്യണം. ആകെ രണ്ടുലക്ഷത്തി മുപ്പത്തി ആറായിരം സന്നദ്ധ പ്രവർത്തകരെ ആണ് ഇപ്പോഴത്തെ നിലയിൽ വേണ്ടതായിട്ട് ഉള്ളത്. ഓരോ പഞ്ചായത്തിലും 200 പേരെയും നഗരസഭയിൽ 500 പേരെയും കോർപ്പറേഷനിൽ 750 പേരെയും നിയോഗിക്കും. സന്നദ്ധ സേവകർക്ക് തിരിച്ചറിയൽ കാർഡ് നൽകും
.
റേഷൻ കാർഡില്ലാത്തവർക്കും റേഷൻ വിതരണം ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും ഒരു നിലയ്ക്കും അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങൾക്ക് മുട്ട് വരാതിരിക്കാൻ സംസ്ഥാനത്തെ മൊത്ത കച്ചവടകക്കാരുമായും ചില്ലറ  കച്ചവടക്കാരുടെ പ്രതിനിധികളുമായും ഓഡിയോ വീഡിയോ കോൺഫറൻസ് നടത്തി അവരിൽ നിന്നും ഉറപ്പ് നേടിയിട്ടുണ്ട്.  നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി വിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും.
.
വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ  സഹായിക്കാൻ യുവജന കമ്മീഷൻ 1465 പേരെ നിയോഗിച്ചിട്ടുണ്ട്.
.
അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ട് വരാൻ ഉള്ള തടസങ്ങൾ നീക്കും. കോൺവോയ് അടിസ്ഥാനനത്തിൽ സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ അയച്ച് നിത്യോപയോഗ സാധനങ്ങൾ എത്തിക്കും.
.
ക്ഷീര വികസനവും മൃഗസംരക്ഷണവും ആവശ്യ വകുപ്പ് ആക്കി മാറ്റിയിട്ടുണ്ട്.
.
നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്ത് സംസ്ഥാനത്തിന് പുറത്തുള്ളവർ വേവലാതിപ്പെടേണ്ട. അവരുടെ കാര്യം ഏതു സാഹചര്യത്തിലും സർക്കാർ നോക്കി കൊള്ളും. നിൽക്കുന്നിടത്ത് തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വനം എല്ലാവരും അനുസരിക്കണം.
.
അതിഥി തൊഴിലാളികൾക്ക് ശ്രദ്ധയും സംരക്ഷണവും നൽകും. 
.
പോലീസിന്റെ പ്രവർത്തനം നല്ല നിലയ്ക്ക് മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ നിന്നും പൊലീസിന് മോശം വരത്തക്ക രീതിയിൽ ഉള്ള പ്രവർത്തനം ചില പോലീസുകാരുടെ ഭാഗത്ത് നിന്നും വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു പോലീസുകാരൻ ചെയ്യുന്ന മോശം പ്രവർത്തി മുഴുവൻ പോലീസിന്റെയും വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും   സംസ്ഥാനത്തിന്റെ കീർത്തിക്ക് ഭംഗം വരുത്തുകയും ചെയ്യും. പോലീസിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമം ആക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. പോലീസ് അത് തടയരുത്.എന്നാൽ വെറുതെ കറങ്ങാൻ പോകുന്നവരെ വിലക്കുകയും വേണം.
.
തുണിക്കടകൾ അടച്ചിരിക്കുന്നതിനാൽ നവജാത ശിശുക്കൾക്ക് ഉള്ള കുഞ്ഞുടുപ്പുകൾ ലഭ്യം അല്ലാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ നവജാത കുഞ്ഞുങ്ങൾക്ക് ഉള്ള ഉടുപ്പുകൾ മെഡിക്കൽ സ്റ്റോറുകൾ മുഖേന ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന് 2012 - നു ശേഷം വിരമിച്ച ഡോക്ടറന്മാരെയും ആരോഗ്യ പ്രവര്ത്തകരെയും തിരിച്ചു വിളിച്ച് താല്പര്യം ഉള്ളവർക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം നൽകും. അവരുടെ പ്രവർത്തന പരിചയവും അനുഭവ ജ്ഞാനവും ആരോഗ്യ മേഖലയ്ക്ക് കൂട്ടാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഫോൺ വിളിക്കാൻ റീചാർജ്ജ് ഇല്ലാതെ വിഷമിക്കുന്നവർക്ക് റീചാർജ്ജ് ചെയ്തു കൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതല പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് കെ എസ് ആർ ടി സി യാത്രാ  സൗകര്യം ഒരുക്കും.

നനവജാതർക്കുള്ള കുഞ്ഞുടുപ്പു മുതൽ ഒറ്റപ്പെട്ടവർക്കുള്ള കൂട്ടിരുപ്പ് വരെ. ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്നത്തേയും പോലെ സംഗീതാത്മകം.

മനുഷ്യ സ്നേഹത്തിന്റെ കരുതലിന്റെ തലോടലിന്റെ ഒരു പത്ര സമ്മേളനം കൂടി.

നാം ഈ ദുരന്തവും അതി ജീവിക്കും.

Wednesday, March 25, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (മാർച്ച് - 25)

സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് പൊതുജന സുരക്ഷയെ മാനിച്ചാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. ആളുകൾ വീടുകളിൽ തന്നെ കഴിയണം. റോഡുകൾ പൊതുസ്ഥലങ്ങൾ ഇവിടം എല്ലാം വിജനമാക്കിയിടണം.
.
വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലമോ പാസ്സോ കയ്യിൽ കരുതണം. ഒഴിച്ചുകൂടാൻ ആകാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തേക്ക് ഇറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഉള്ള അധികാരം ജില്ലാ പോലീസ് മേധാവികൾക്ക് ആയിരിക്കും.
..
സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നാല് പേര് ദുബായിൽ നിന്നും . ഒരാൾ ബ്രിട്ടണിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവർ ആണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 76542 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ആണ്.
.
കേരളത്തിൽ ഒരാളും ലോക്ക് ഡൌൺ മൂലം പട്ടിണി കിടക്കേണ്ടി വരില്ല. പഞ്ചായത്തുകൾ തോറും കംമ്മ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കും. ആവശ്യമുള്ള ഭക്ഷണത്തിന്റെ കണക്ക് പഞ്ചായത്തുകൾ ഉണ്ടാക്കണം .
.
വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ ആളുകൾക്ക് മടി കാണും, അവർക്കായി ഫോൺ നമ്പർ ഏർപ്പെടുത്തും. ഒറ്റപ്പെട്ടു താമസിക്കുന്നവർ പട്ടിണിയിൽ ആകാതെ പൊതുജനം പരസ്പരം ശ്രദ്ധിക്കണം.വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് കൂട്ടിരിക്കാൻ സന്നദ്ധസേവാ പ്രവർത്തകരെ ഏർപ്പാട് ആക്കും.
.
ബീ പി ൽ കാർഡ് കാർക്ക് 35 കിലോ അരിയും എ പി എൽ കാർഡ് കാർക്ക് 15 കിലോ അരിയും നൽകും. ഒപ്പം ബീ പീ എൽ കുടുംബങ്ങൾക്ക് ഒരുമാസത്തേക്ക് ഉള്ള പലവ്യജ്ഞനങ്ങളും നൽകും. ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം.
.
ഇപ്പോൾ രോഗബാധയിൽ ഉള്ള ആളുകളുടെ ചികിത്സയിലും തുടർ നടപടികളിലും കണ്ടറിഞ്ഞു ഉള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകും. സർക്കാർ സേവനങ്ങൾ സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും താമസംവിനാ എത്തിക്കുന്നതിന് വേണ്ടി വികേന്ദ്രീകൃതമായ നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ ആരോഗ്യ പരിപാലന രംഗത്തേക്കും സന്നദ്ധ സേവന രംഗത്തേക്കും കണ്ടെത്തും. ഏതെങ്കിലും സംഘടനകളുടെ നിറം കാണിക്കാൻ ഉള്ള ഉപാധിയായി ഈ സന്നദ്ധ സേവനങ്ങളെ മാറ്റാൻ അനുവദിക്കില്ല.
സ്പഷ്ടം... സൂഷ്‌മം... ശക്തം..
കരുതൽ, സാന്ത്വനം, ആത്മവിശ്വാസം
..
പുറത്ത് ഇറങ്ങരുത് എന്ന് ചില്ല് മേടയിൽ ഇരുന്ന് ആഹ്വനം ചെയ്യുക അല്ല കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്. വീട്ടിലിരിക്കൂ നിങ്ങൾ ഒരു നിലയ്ക്കും പട്ടിണി ആകില്ല എന്നാണു.
.
നാം അതിജീവിക്കും!