Saturday, December 01, 2007

ദേശീയ ദിനാശംസകള്‍....



യൂ.ഏ.യീ അതിന്റെ മുപ്പത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് ഡിസംബര്‍ രണ്ടാം തീയതി ബ്രിട്ടീഷ്‌കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അബൂദാബി, ദുബായ്, ഷാര്‍ജ്ജ, അജ്മാന്‍, ഉമ്മുല്‍ഖൊയ്‌വാന്‍, ഫുജൈറ എന്നീ ആറു എമിരേറ്റുകള്‍ ചേര്‍ന്ന് ഒരു ഫെഡെറേഷനായി യുണൈറ്റഡ് അരബ് എമിരേറ്റ്സ് നിലവില്‍ വന്നു. റസല്‍ഖൈമ തുടക്കത്തില്‍ ഫെഡറേഷനില്‍ അംഗമായിരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് ഫെബ്രുവരി പത്താം തീയതിയാണ് റാസല്‍ഖൈമയും കൂടിചേര്‍ന്ന ഇന്നത്തെ രീതിയിലുള്ള ഒരു എമിരേറ്റ്സുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് അരബ് എമിരേറ്റ്സ് എന്ന രാജ്യം നിലവില്‍ വന്നത്. എങ്കിലും എല്ലാ എമിരേറ്റുകളും വിദേശാധിപത്യത്തില്‍ നിന്നും വിമോചിക്കപ്പെട്ട ഡിസംബര്‍ രണ്ട് തന്നെയാണ് ദേശീയ ദിനമായി യൂ.ഏ.യീ. ആചരിക്കുന്നത്.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഏതെങ്കിലും ഒരു രാജ്യം യുണൈറ്റഡ് അറബ് എമിരേറ്റ്സ് നേടിയെടുത്ത പോലൊരു വളര്‍ച്ച നേടിയിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ലോക വാണിജ്യ ഭൂപടത്തില്‍ യൂ.ഏ.യീക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്. വികസിതരാജ്യങ്ങളില്‍ ഇരുപതാം സ്ഥാനം കയ്യാളുന്ന യൂ.ഏ.യീ അന്യ ദേശക്കാരോടു കാട്ടുന്ന സഹിഷ്ണുതയും സ്നേഹവും സഹവര്‍ത്തിത്വവും അനന്യമാണ്. വിദേശീയരോടുള്ള സര്‍ക്കാറിന്റെ നിലപാടുകള്‍ എപ്പോഴും സൌഹാര്‍ദ്ദപരമാണ് എന്നതിലുപരി യൂ.ഏ.യീ പൌരന്മാരുടെ സ്നേഹവും ദയയും സഹകരണവും ഒരു പക്ഷേ ലോകത്ത് മറ്റൊരു ജനതയിലും ദര്‍ശിക്കാന്‍ കഴിയില്ല തന്നെ.

അറബിക് ആണ് ഔദ്യോതിക ഭാഷയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും ഉറുദുവും പൊതുവായി ഉപയോഗിക്കപ്പെടുന്നു. മലയാളം സംസാരിക്കാ‍ത്ത ഒരു കോണും യൂ.ഏ.യില്‍ ഇല്ല തന്നെ. മലയാളം മാത്രം പറഞ്ഞ് ജീവിക്കാമെന്ന് ചുരുക്കം. മലയാളിക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം അറിയണമെങ്കില്‍ അറബികളുമായി സംസാരിക്കണം. സ്വന്തം സഹോദരനു തുല്യം മലയാളിയെ കാണുന്ന യൂ.ഏ.യീ പൌരന്മാരെ പലപ്പോഴും നമ്മുടെ ആള്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിക്കാറുമുണ്ട്. എങ്കിലും എപ്പോഴും മലയാളികളെ തന്നെയാണ് യൂ.ഏ.യീ. പൌരന്മാര്‍ കൂടുതലും വിശ്വാസിക്കുന്നതും ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്നതും. വിശ്വസ്തരായിരിക്കാന്‍ നമ്മുക്ക് കഴിയുന്നിടത്തോളം രാജ്യത്ത് മലയാളിക്കുള്ള അവസരങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.

മാതൃഭൂവില്‍ ജീവിതം ദുസ്സഹമാകുമ്പോള്‍ മലയാളിക്കെന്ന പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്‍ക്കൊക്കെയും താങ്ങും തണലും സാന്ത്വനവും ജീവിതവും നല്‍കി പോറ്റമ്മയായി മാറുന്ന, ഉന്നതിയില്‍ നിന്നും ഉന്നതിയിലേക്ക് കുതിക്കുന്ന യുണൈറ്റഡ് അറബ് എമിരേറ്റ്സിന് ഹൃദയം നിറഞ്ഞ മുപ്പത്തിയാറാം ജന്മദിനാശംസകള്‍...

Friday, November 30, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.

എയര്‍ ഇന്‍ഡ്യയുടെ ഗള്‍ഫ് മലയാളികളോടുള്ള ഇരട്ടത്താപ്പും പകല്‍കൊള്ളയും പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബജറ്റ് എയര്‍ ലൈന്‍ കൊണ്ടു വന്ന് ഗള്‍ഫ് മലയാളിയുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ എയര്‍ ഇന്‍ഡ്യ താരതമ്യാന ചിലവ് കുറഞ്ഞ ടിക്കറ്റ് കൊടുത്ത് പ്രവാസീ മലയാളിയെ സേവിക്കുന്നതിന്റെ പിന്നാമ്പുറത്ത് കൂടിയുള്ള യാത്ര രസകരമാണ്. മൂന്ന് മാസം മുമ്പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ കൂലി. യാത്ര അടുത്തു വരുന്തോറും കൂലിയും കൂടി വരും. അവസാന ദിനങ്ങളില്‍ “പട്ടിണി വണ്ടിയിലെ” കൂലി “ശാപ്പാട് വണ്ടിയിലെ” കൂലിയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആകും.

ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.

ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.


എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.


ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.


ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?

നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?

നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാ‍രതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.

പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാ‍ക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....

Sunday, November 18, 2007

പഴഞ്ചൊല്ലിലെ പതിരുകള്‍

“പഴഞ്ചൊല്ലില്‍ പതിരില്ല” എന്ന പഴഞ്ചൊല്ല് തന്നെ പതിരല്ലേ? പഴഞ്ചൊല്ലുകളിലൂടെ ഒന്നു കറങ്ങി വന്നപ്പോള്‍ മിക്ക ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നലിലാണ് ഞാനെത്തിയത്. ഈ തോന്നല്‍ എന്റേത് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.

2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?

3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?

4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?

5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?

6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?

7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?

8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.

9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?

10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?

11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..

12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.

13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?

14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.

15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?

16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.

17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?

18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...

19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.

20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?

കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...

Tuesday, November 13, 2007

തലതിരിഞ്ഞ കര്‍ഷക താല്പര്യ സംരക്ഷണം.

ഭാരതത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ കേരള സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും നക്സലുകളുമൊക്കെ സമരങ്ങളുമായി വരുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ? കുതിച്ചുകയറുന്ന കര്‍ഷക ആത്മഹത്യ നിരക്കിനെ കണ്ടില്ലാ എന്ന് നടിച്ചല്ല ഇങ്ങിനെ ഒരു സംശയം ഉന്നയിക്കുന്നത്. ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടില്‍ ചോദ്യം ചെയ്യപ്പെടേണ്ട ചില വരട്ടു വാദങ്ങളുണ്ട്.

കേരളത്തിലെ കേരകര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ല എന്നതാണല്ലോ ഇറക്കുമതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക പ്രശ്നം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ലാ എന്ന് പറയുന്നിടത്ത് ഉപഭോക്താവ് അന്യായ വില കൊടുത്ത് കര്‍ഷകന്റെ ഉല്പന്നം വാങ്ങണം എന്നും വായിക്കണം. ഇറക്കുമതിയിലൂടെ ജനങ്ങള്‍ക്ക് സ്വദേശീ ഉല്പന്നത്തേക്കാള്‍ വില കുറച്ച് ഭക്ഷ്യ എണ്ണ ലഭിക്കും എന്നും മനസ്സിലാക്കണമല്ലോ. വിലകയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞ ഉപഭോത്കൃ സംസ്ഥാനത്തെ പ്രജകള്‍ക്ക് ഇറക്കുമതിയിലൂടെ വില കുറഞ്ഞ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന നന്മയെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അതായത് കേരളാ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉപഭോക്താക്കളുടെ ചിലവിലാകരുത് എന്ന് നല്ല മലയാളം.

കേരളത്തിലെ തകരുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് ഇറക്കുമതി നിരോധിച്ചു കൊണ്ടല്ല. യൂണിയനുകളുടെ നീരാളി പിടുത്തത്തില്‍ പെട്ടു താറുമാറായ കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ട് വന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വില കുറച്ച് ഉല്പാദനം നടത്തി സ്വദേശീ ഉല്പന്നങ്ങളിലേക്ക് ഉപഭോക്താവിന്റെ താല്പര്യം പിടിച്ചു നിര്‍ത്തി ഇറക്കുമതിയെ അകറ്റുകയാണ് വേണ്ടത്. കാര്‍ഷിക മേഖല തകര്‍ന്നത് ഇറക്കുമതി എന്ന ദുര്‍ഭൂതം കേരളത്തില്‍ താണ്ഡവ നൃത്തം ആടിയതു കൊണ്ടല്ലാ എന്ന് ഏവര്‍ക്കും അറിയാം. അടിസ്ഥാന തൊഴില്‍ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകള്‍ ഉടലെടുത്തതാണ് കേരളത്തിലെ കാര്‍ഷിക മേഖല തകരാനുള്ള പ്രധാന കാരണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലഘട്ടത്തില്‍ ഉല്പാദനാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി കേരളാ കാര്‍ഷിക മേഖലയെ ലോക വിപണിയോട് കിടപിടിക്കാന്‍ തക്ക കെല്പുണ്ടാക്കി നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിദേശത്ത് നിലവിലുള്ള ചോദനത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടുന്നത്.

തേങ്ങയുടെ തറവില നാലു രൂപ മുപ്പത് പൈസയെന്ന് മുഖ്യമന്ത്രി അഭിമാനം അലതല്ലുന്ന ശരീരഭാഷയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ യൂ.ഏ.യീല്‍ ശ്രീലങ്കയില്‍ നിന്നും വരുന്ന തേങ്ങയൊന്നിന് വില രണ്ടു ദിര്‍ഹമാണ്. അതായത് ഏകദേശം ഇരുപത്തിരണ്ടു രൂപ. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് വില പന്ത്രണ്ട് ദിര്‍ഹം. (ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് രൂപ). അമേരിക്കാവില്‍ തേങ്ങയൊന്നിന് രണ്ടര ഡോളര്‍ (രൂപയില്‍ പറഞ്ഞാല്‍ നൂറ് രൂപ). വെളിച്ചെണ്ണ വില ലിറ്ററിന് ആറ് ഡോളര്‍ (രൂപയില്‍ ഇരുന്നുറ്റി നാല്പത്). ഒരു കിലോ പച്ച കപ്പക്ക് യൂ.ഏ.യില്‍ വില ആറര ദിര്‍ഹം. (എഴുപത്തി അഞ്ച് രൂപ) ഉണക്ക കപ്പ കിലോക്ക് പതിനാലു ദിര്‍ഹം. (നൂറ്റി അമ്പത് രൂപയോളം) കപ്പയും തേങ്ങയും കൂടുതലും വരുന്നത് ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈനില്‍ നിന്നും ഒക്കെയാണ് എന്നത് അവിടുത്തെ സര്‍ക്കാരുകളുടെ മിടുക്ക്. ദോഷം പറയരുതല്ലോ കേരഫെഡിന്റേതായ വെളിച്ചെണ്ണ എത്തുന്നുണ്ട്. വേണ്ടത്ര വിപണന സൌകര്യങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതു കൊണ്ട് മലയാളികള്‍ പോലും അത് വാങ്ങാറില്ലാന്ന് മാത്രം. കര്‍ഷകന്റെ കയ്യില്‍ നിന്നും നേരിട്ട് തേങ്ങയും കപ്പയും ഒക്കെ ശേഖരിച്ച് വിദേശ വിപണികളിലേക്ക് കയറ്റി വിട്ട് നമ്മുടെ കാര്‍ഷിക വിളകളുടെ ഉല്പാദകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാതെ ഇറക്കുമതി നിരോധിച്ചു കൊണ്ട് മാത്രം കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാം എന്ന് കരുതുന്നത് മൂഢത്വമാണ്. അല്ലെങ്കില്‍ കടം കൊണ്ടു പൊറുതി മുട്ടുന്ന കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.

കേരളത്തിന്റെ കാര്‍ഷിക വിളകളുടെ വിപണനത്തില്‍ നിന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ തലത്തില്‍ വിളകള്‍ സംഭരിക്കുക. സംഭരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കുക. കയറ്റി അയക്കാനായി തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും പാക്കിങ്ങും ആഗോള നിലവാരത്തിലാണെന്ന് ഉറപ്പ് വരുത്തുക. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആഗോളവിപണിയിലേക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ യഥാസമയം എത്തിക്കുക എന്നതില്‍ കവിഞ്ഞ് ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമൊന്നും ആരും ചെയ്യേണ്ടതില്ല. നമ്മുടെ ഉല്പന്നങ്ങള്‍ക്ക് തരക്കേടില്ലാത്ത ആവശ്യക്കാര്‍ ആഗോള വിപണിയില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നി ഉണ്ടാവുകയും ചെയ്യും. ആ വിപണി ശ്രിലങ്കക്കും ഫിലിപ്പൈനും മലേഷ്യക്കും ഒക്കെ പണയം വെച്ചിട്ട് നാട്ടിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കഴിയുന്ന ഇറക്കുമതിയെ നിരോധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കാമെന്നാണ് കരുതുന്നതെങ്കില്‍ ഇറക്കുമതിക്കനുകൂലമായി ഉപഭോക്താക്കള്‍ സമര രംഗത്തേക്കിറങ്ങണം. അസംഘടിതരുടെ ജീവിത ചിലവുയര്‍ത്തി സംഘടിതരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ തന്നെ ദുഷ്കരമായിരിക്കുന്ന കേരളാ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ കലുഷിതമാക്കും എന്നതിന് യാതൊരു സംശയവും വേണ്ട.

Thursday, October 25, 2007

പടം (കഥ)

മകള്‍ ജനിച്ചതും വളര്‍ന്നതും അയാള്‍ക്ക് ചിത്രങ്ങളിലൂടെയായിരുന്നു.

വില കൊടുത്ത് വാങ്ങിയ നീറ്റലുകളിലേക്ക് അയാള്‍‍ പറന്നിറങ്ങുമ്പോഴും അയാള്‍ക്കറിയില്ലായിരുന്നു അസീദയുടെ ഉദരത്തില്‍ തന്റെ മകളുടെ ജീവന്‍ തുടിച്ച് തുടങ്ങിയിരുന്നു എന്ന്. മണലാരണ്യത്തിലെ രണ്ടാം വെള്ളിയാഴ്ചയിലാണ് താനുമൊരുപ്പയാകാന്‍ പോകുന്ന വാര്‍ത്ത വിരഹത്തില്‍ വിറക്കുന്ന അസീദയുടെ ശബ്ദമായെത്തിയത്. ചുട്ടു പോള്ളുന്ന ചൂടിനെ ശപിച്ച് ടെലിഫോണ്‍ ബൂത്തിന് മുന്നില്‍ ഊഴം കാത്ത് നിന്ന പഠാണിയുടെ ശകാരമാണ് സന്തോഷ വാര്‍ത്തയില്‍ നിന്നും അയാളെ പിന്തിരിപ്പിച്ചത്.

“മോളേ അസീദേ നീയൊരു ഫോട്ടോ എടുത്തയക്ക്. നിന്റെ വയറ് ഞാനൊന്ന് കാണട്ടെ..”

പഠാനിയെ ശപിച്ച് കൊണ്ട്, മതിയാകാത്ത കൊഞ്ചല്വസാ‍നിപ്പിച്ച് അയാള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്ത് ജനിക്കാന്‍ പോകുന്ന തന്റെ കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നത്തില്‍ മുഴുകി. അതായിരുന്നു തുടക്കം. അസീദയുടെ ഫോട്ടോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ദിവസത്തിന് നീളം കൂടുന്നത് അയാള്‍ വ്യസനത്തോടെ തിരിച്ചറിഞ്ഞു. ബഹുനില കെട്ടിടത്തിന്റ ഉയരങ്ങളിലെ ഉച്ചി തിളക്കുന്ന കൊടും ചൂടും ഹെല്‍പ്പര്‍ പണിയുടെ ആയാസവും അയാള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഓര്‍മ്മയില്‍ മറന്നു.

അസീദയുടെ അയച്ച് കിട്ടിയ ആദ്യഫോട്ടോ പോളിത്തീന്‍ കവറിലാക്കി കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി അയാള്‍ പണിക്ക് പോയി. തളര്‍ച്ചയില്‍ പോളിത്തീന്‍ ബാഗ് തുറന്ന് അസീദയുടെ ഫോട്ടോ ഒരു നോക്ക് കണ്ട് അയാള്‍ ക്ഷീണമകറ്റി. അസീദ ഇപ്പോള്‍ ഭാര്യമാത്രമല്ല. ഉമ്മയുമാകാന്‍ പോകുന്നു. ഉമ്മയാവുന്ന അസീദയേയും മകളേയും അയാള്‍ മനസ്സില്‍ വരച്ചു വെച്ചു.

എല്ലാ കത്തിലും ഒരു ഫോട്ടോ അയാള്‍ നിര്‍ബന്ധമാക്കി. അതുകൊണ്ട് തന്നെ വീര്‍ത്തു വരുന്ന അസീദയുടെ വയറ് മാസത്തില്‍ രണ്ട് തവണ കാണാനും അയാള്‍ക്കായി. പോളിത്തീന്‍ ബാഗില്‍ എല്ലാ പതിനഞ്ച് ദിവസത്തിലൊരിക്കലും അസീദയുടെ പുതിയ ഫോട്ടോ ഇടം പിടിച്ചു. അയച്ചു കിട്ടുന്ന ഫോട്ടോകള്‍ ആദ്യമാദ്യം ലേബര്‍ ക്യാമ്പിലെ സുഹൃത്തുക്കളെ കാട്ടുന്നത് അയാള്‍ക്കൊരു ഹരമായിരുന്നു. ഫോട്ടോ കണ്ട ചങ്ങാതിമാരുടെ കമന്റുകള്‍ അതിരു കടന്നപ്പോള്‍ അയാള്‍ അസീദയുടെ ഫോട്ടോകള്‍ അയാളുടെ മാത്രം സ്വാകാര്യതയാക്കി.

ഏഴാം മാസത്തെ നെയ്‌‌പിടിയും അസീദയെ അവളുടെ വീട്ടിലേക്ക് വിളിച്ചോണ്ടു പോകുന്ന ചടങ്ങുമെല്ലാം ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. ഭര്‍ത്താവിന്റെ ഉമ്മയാണ് ഏഴാം മാസം മരുമകള്‍ക്ക് നെയ് കോരി കൊടുക്കേണ്ടുന്നത്. പ്ലാവില കോട്ടി പിടിച്ച് നെയ് കോരി മരുമകളുടെ വായിലേക്കൊഴിച്ച് പ്ലാവില തലയിലൂടെ ഉഴിഞ്ഞ് അമ്മായി നിലത്തിടും. ഇല മലര്‍ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി. കമഴ്ന്ന് വീണാല്‍ ജനിക്കാന്‍ പോകുന്നത് ആണ്‍ കുട്ടി. അതാണ് വിശ്വാസം. അസീദയുടെ തലക്ക് മുകളിലൂടെ പറന്ന് പോയ ഇല നിലത്ത് വീണത് മലര്‍ന്ന്. പെണ്‍കുട്ടിയെന്ന് അമ്മായി വിധിച്ചു. പാലോ തൈരോ നെയ്യോ ഒന്നും ലവലേശം ഇഷ്ടാമില്ലാത്ത അസീദ ഒരറപ്പും ഇല്ലാണ്ട് നെയ്യ് കുടിക്കുന്നതും ഇല വീഴുന്നതും ഒക്കെയും ഫോട്ടോകളായി അയാള്‍ക്ക് കിട്ടി. അതൊന്നും ആരെയും കാട്ടാതെ, നാട്ടില്‍ നിന്നും പോന്നപ്പോള്‍ കൂടെ കൂട്ടിയ സ്യൂട്ട്‌കേസിലാക്കി അസീദയുടെ നെയ്യ് കുടിക്കുന്ന ഫോട്ടോ മാത്രം പോളിത്തീന്‍ കവറിലാക്കി അയാള്‍ കവറോളിന്റെ അകത്തെ പോക്കറ്റില്‍ തിരുകി.

പിന്നെയാണ് അയാള്‍ തികച്ചും പ്രതിസന്ധിയിലായത്. ഏഴാം മാസത്തിന് ശേഷം ഫോട്ടോ എടുക്കാന്‍ പാടില്ലാന്ന് പഴമക്കാര്‍ വിധിച്ചു. അത് കുട്ടിയുടെ ജീവനെ ബാധിക്കുമെന്നതായിരുന്നു കാരണം. ഒരു ഫോട്ടോയില്‍ തന്റെ കുഞ്ഞിന്റെ ജീവന്‍ തുലാസിലാക്കാന്‍ അസീദക്കും കഴിയുമായിരുന്നില്ല. അയച്ച് കിട്ടിയ പഴയ ഫൊട്ടോകള്‍ എടുത്ത് നോക്കി അയാള്‍ സമാധാനിച്ചു.

ഉപ്പായുടെ വിഷമം മനസ്സിലാക്കിയതുപോലെ അവള്‍ ഇത്തിരി നേരത്തേ ഇങ്ങ് പോന്നു. സിസ്സേറിയനായിരുന്നു. എട്ടാം മാസത്തിന്റെ ആദ്യ വാരങ്ങളിലൊന്നില്‍ ഓര്‍ക്കാപ്പുറത്ത് അസീദക്കുണ്ടായ ഒരു വയറുവേദനയുടെ അവസാനം മകള്‍ പിറന്നത് അസീദയും അറിഞ്ഞില്ല. അസീദയെ ആശുപത്രിയിലാക്കിയത് അയാളും അറിഞ്ഞില്ല. പിറ്റേന്ന് വെള്ളിയാഴ്ചയായത് ഭാഗ്യമായി. അല്ലെങ്കില്‍ മകളുടെ വരവിന് പിന്നൊരു മാസം കൂടി അവധിയുണ്ടെന്ന് ധരിച്ചിരുന്ന അയാള്‍ക്ക് മകളുടെ ജനനം അന്ന് അറിയാനേ കഴിയുമായിരുന്നില്ല.

മകളുടെ ഫോട്ടോയൊന്ന് എടുത്തയക്കാന്‍ വീട്ടുകാരോട് പറഞ്ഞെങ്കിലും അയാള്‍ നിരാശനായി. നാല്പത് ദിവസം കഴിഞ്ഞിട്ട് മാത്രമേ ഫോട്ടോ എടുക്കാന്‍ പാടുള്ളു എന്ന് വീണ്ടും പഴമക്കാര്‍. പിറന്ന് നാല്പത് ദിവസം വരെ കുട്ടി നമ്മുക്ക് സ്വന്തമല്ല. ആദ്യത്തെ നാല്പത് ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ കുട്ടിക്ക് ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള അവകാശം സ്ഥാപിച്ച് കിട്ടുള്ളൂ എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കുട്ടിക്കെന്തെങ്കിലും ആപത്ത് വന്നാല്‍ അതിനൊരു തെളിവായി ഫോട്ടോ മാറുമ്പോലും. എന്തോരു ദ്രോഹമാണിത്. പിറന്ന തന്റെ കുഞ്ഞിനെ ഒന്നു കാണുവാന്‍ ഇന്നിയും കാത്തിരിക്കണം നാല്പത് ദിനം. അയാള്‍ സ്വയം ശപിച്ചു.

അയച്ചു കിട്ടിയ ആദ്യ ഫോട്ടോയില്‍ തന്നെ അയാള്‍ക്ക് മകളെ അതിരറ്റ് അങ്ങിഷ്ടമായി. നാല്പത് ദിനമെന്ന കടമ്പകടന്ന് ഇകലോക വാസത്തിന് അവകാശിയായി മാറിയ മകളുടെ ആദ്യത്തെ മുടിവെട്ടും ഒരുക്കവും എല്ലാം ഫോട്ടോയിലായി അയാള്‍ക്ക് കിട്ടി. വാപ്പുമ്മ കെട്ടിയ അരഞ്ഞാണവും വീട്ടുകാരും ബന്ധുക്കളും ഒക്കെ ദാനമാക്കിയ പൊന്നുമൊക്കെ ഇട്ട് കവിളത്തൊരു വല്ലിയ കറുത്ത പൊട്ടും കുത്തി കുളിയുടെ ആലസ്യത്തില്‍ മയങ്ങുന്ന മകളെ അയാള്‍ “സുല്‍ത്താന” എന്ന് വിളിച്ചു.

അസീദയുടെ ഫോട്ടോ അയച്ചു കിട്ടുക എന്നതിലുപരി സുല്‍ത്താനയുടെ പടത്തിനായുള്ള അയാളുടെ കാത്തിരിപ്പ് എല്ലാ പതിനഞ്ച് ദിവസങ്ങളിലും നിവര്‍ത്തിക്കപ്പെട്ടു. മകളുടെ ഫോട്ടോ താമസിക്കുന്ന ദിവസങ്ങളില്‍ അയാള്‍ വിഷാദത്തിലേക്ക് വീണു. അതുകൊണ്ട് തന്നെ അസീദ മുടങ്ങാതെ സുല്‍ത്താനയുടെ ഫോട്ടോ അയാള്‍ക്കയച്ചു കൊടുത്തു കൊണ്ടുമിരുന്നു. മകളുടെ വളര്‍ച്ച അങ്ങിനെ അയാള്‍ ഫോട്ടോയിലൂടെ മനസ്സു നിറയെ കണ്‍കുളിര്‍ക്കേ കണ്ടു.

പല്ലില്ലാത്ത മോണകാട്ടി ഉമ്മിച്ചിയോടു കൊഞ്ചുന്നതും കമഴ്ന്ന് വീണു ലോകം കീഴടക്കിയ പോലെ മകള്‍ പാല്‍ പുഞ്ചിരി പൊഴിക്കുന്നതും നിലം തൊടാതെ കരയുന്നതും ഒന്നൊഴുയാതെ തന്നെ ഫോട്ടോകളായി അയാളിലേക്കെത്തിക്കൊണ്ടിരുന്നു. യത്തീംഖാനയില്‍ കൊണ്ടു പോയി അനാഥ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്തു കൊണ്ട് മകള്‍ക്ക് ചോറു കൊടുക്കാനായിരുന്നു അയാള്‍ തീരുമാനിച്ചത്. പക്ഷേ യത്തീംഖാനയിലെ നിയമം ഫോട്ടോ എടുക്കാന്‍ അനുവദിക്കാത്തതു കൊണ്ട് യത്തിംഖാനയിലെ അനാഥ കുട്ടികള്‍ക്കെല്ലാം ഉപ്പയായ വല്ലിയ മനുഷ്യന്റെ മടിയിലിരുന്ന് മകള്‍ ഉണ്ണാന്‍ തുടങ്ങിയത് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അന്ന് തന്നെ വീട്ടില്‍ വന്നിട്ട് ഉപ്പാക്ക് ഫോട്ടോ അയക്കാന്‍ വേണ്ടി മാത്രം വീണ്ടും ഒരിക്കല്‍ കൂടി സുല്‍ത്താന ചോറുണ്ണല്‍ കര്‍മ്മം നടത്തി, വാപ്പുമ്മയുടെ മടിയിലിരുന്ന്.

സുല്‍ത്താനയുടെ ഫോട്ടോകള്‍ അയാള്‍ ചങ്ങാതിമാരുമായി പങ്കുവെച്ചു. എല്ലാവര്‍ക്കും സുല്‍ത്താന അവരവരുടെ മകളായി. ഫോണ്‍ വിളിക്കുമ്പോള്‍ അസീദ സുല്‍ത്താനയെ കൊണ്ട് തിരിയാത്ത നാവു വെച്ച് “വാപ്പിച്ചീ...” എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവള്‍ ഞെക്കി ഞെരുക്കി “....വാച്ചി..” എന്ന് പറഞ്ഞ് കേട്ട ആദ്യ ദിനം അയാള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

സുല്‍ത്താനക്കിപ്പോള്‍ വയസ്സ് മൂന്ന്. വീട്ടില്‍ ഫോണ്‍ എടുക്കാനുള്ള അവകാശം അവള്‍ പിടിച്ച് മേടിച്ചിരിക്കുന്നു. വീട്ടില്‍ വരുന്ന എല്ലാ ഫോണുകളും അവളാണിപ്പോള്‍ അറ്റന്റ് ചെയ്യുന്നത്. ഫോണിന്റെ ബെല്ലടി കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ “ഹലോ...ആപ്പിച്ചിയാണോ” എന്നു ചോദിക്കുമെന്നാണ് അസീദ പറയുന്നത്. താന്‍ ഫോണ്‍ വിളിക്കുമ്പോഴും അവള്‍ “ഹലോ ...ആപ്പിച്ചിയാണോ” ചോദിച്ചാണ് ഫോണ്‍ എടുക്കുന്നത്. അവളുടെ കൊഞ്ചല്‍ കഴിഞ്ഞേ ആര്‍ക്കും ഫോണ്‍ കൊടുക്കുള്ളൂ. ആരു വിളിച്ചാലും അവള്‍ ഫോണെടുക്കുന്നത് “...ഹലോ ആപ്പിച്ചിയാണോ” ചോദിച്ചാണ്.

തിരിച്ച് വരവറിയിക്കാനായി നാട്ടിലേക്കുള്ള വിളിയില്‍ സുല്‍ത്താനക്ക് വേണ്ടുന്ന സാധനങ്ങളെന്തെന്നുള്ള ചോദ്യത്തിന് അവളൊരു നീണ്ട ലിസ്റ്റ് തന്നെ നല്‍കി.
“അപ്പിലിട്ടായി...തൊത്ത ത്തോള...പാവൊട്ടി”
അങ്ങിനെ പോയി അവളുടെ ആവശ്യങ്ങള്‍. ഒരിക്കല്‍ പോലും കാണാത്ത വാപ്പിച്ചിയോട് അവള്‍ക്കുള്ള അടുപ്പവും സ്നേഹവും അയാളെ അത്ഭുതപ്പെടുത്തുമായിരുന്നു എന്നും. ചോര ചോരയെ തിരിച്ചറിയുമെന്ന് പുസ്തകങ്ങളിലും സിനിമയിലും ഒക്കെ പറയുന്നത് എത്ര ശരിയെന്ന് അയാള്‍ക്ക് തോന്നി.

എയര്‍പ്പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ അവളേയും കൊണ്ടു വരണമെന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. നാലു വര്‍ഷത്തെ നരകയാതനക്ക് ഇളവായി അറുപത് ദിനങ്ങള്‍ തനിക്കും സുല്‍ത്താനക്കും അസീദക്കും മാത്രം സ്വന്തം. എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്തേക്കു ലഗ്ഗേജുമായി ഇറങ്ങിയ ഉടനേ തന്നെ അസീദയേയും ബന്ധുക്കളേയും അയാള്‍ കണ്ടു. അയച്ചു കൊടുത്ത ഫ്രോക്കുമിട്ട് എല്ലാരേം ഭരിച്ചു കൊണ്ട് കൊഞ്ചി നില്‍ക്കുന്ന മൂന്ന് വയസ്സുകാരി തന്റെ മകള്‍ സുല്‍ത്താനയാണെന്ന് അയാള്‍ക്ക് തിരിച്ചറിയാന്‍ വിഷമം ഒന്നും ഉണ്ടായില്ല. കഴിഞ്ഞയാഴ്ച കൂടി അയച്ചു കിട്ടിയ സുല്‍ത്താനയുടെ ഫോട്ടോ അവളുടെ ഏറ്റവും അടുത്ത വളര്‍ച്ചയും അയാളിലേക്കെത്തിച്ചതാണല്ലോ.

“ദേണ്ടെ മോളെ..നോക്ക് വാപ്പിച്ചി.”
അസീദ പറഞ്ഞതും തന്നെ നോക്കിയ സുല്‍ത്താനയുടെ കളിയും ചിരിയും പെട്ടെന്ന് നിലച്ചതും അയാള്‍ ശ്രദ്ധിച്ചു. ആവേശത്തോടെ മകളെ വാരിയെടുക്കാന്‍ ശ്രമിച്ച അയാളില്‍ നിന്നും സുല്‍ത്താന വിട്ടുമാറി അസീദയുടെ സാരിക്ക് പിന്നിലൊളിച്ചു. കരയാനാരംഭിച്ച സുല്‍ത്താനയെ വാരിയെടുക്കാന്‍ അയാള്‍ പിന്നെ ശ്രമിച്ചില്ല.

കാറിലിരുന്നപ്പോഴും എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് സുല്‍ത്താനയുടെ വിശേഷങ്ങളായിരുന്നു. കിലുകിലാ സംസാരിക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്നാ കുഴപ്പമെന്ന് വാപ്പുമ്മ സുല്‍ത്താനയെ കുറ്റപ്പെടുത്തി. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഉമ്മിച്ചിയുടെ തോളില്‍ ഉറങ്ങുന്ന മാതിരി സുല്‍ത്താന കമഴ്ന്ന് കിടന്നു. എല്ലാര്‍ക്കും അത്ഭുതമായിരുന്നു.

“നിന്റെ ഫോട്ടോയും പിടിച്ച് ന്റാപ്പിച്ചി...ന്റാപ്പിച്ചി... എന്നും പറഞ്ഞ് നടക്കുന്ന കൊച്ചിന് വാപ്പിച്ചിയെ കണ്ടപ്പോഴെന്താ മിണ്ടാട്ടം മുട്ടിയോ”
അതായിരുന്നു വാപ്പുമ്മായുടെ പരിഭവം.

നനുത്ത മഴയുടെ അകമ്പടിയോടെ വീട്ടിന്റെ പടി കടന്നപ്പോള്‍ തന്നെ അകത്ത് നിന്നും ഫോണ്‍ ബെല്ലടി കേള്‍ക്കുന്നു. വാതില്‍ തുറന്നതും ഉമ്മിച്ചിയുടെ തോളില്‍ ഉറക്കം നടിച്ച് കിടന്ന സുല്‍ത്താന ചാടിയിറങ്ങി ഓടിച്ചെന്ന് ഫോണെടുത്തു...

“ഹലോ...ആപ്പിച്ചിയാണോ...”
അപ്പോഴേക്കും ഫോണ്‍ കട്ടായിരുന്നു.
“ഈ പെണ്ണിനിതെന്നാത്തിന്റെ കേടാ...മോളേ നിന്റെ വാപ്പിച്ചി ദേണ്ടെ ഇതാണ്...”
അസീദയുടെ വാക്കുകളില്‍ വിഷാദം പടരുന്നത് അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
സുല്‍ത്താന അതു കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തേക്കോടി. തിരികെ വരുമ്പോള്‍ കയ്യിലൊരു മുഷിഞ്ഞ കടലാസ് ചുരുട്ടി പിടിച്ചിരുന്നു.

“ഇതാണെന്റെ ആപ്പിച്ചി...നീയെന്റാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു.