Thursday, January 01, 2009

സിസ്റ്റര്‍ അഭയാ കേസ് : ചെരുപ്പിനൊപ്പം മുറിയുന്ന കാലുകള്‍!

സിസ്റ്റര്‍ അഭയാ കേസിലെ പ്രതികള്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നു. പ്രതികള്‍ എന്ന് സംശയിയ്ക്കുപ്പെടുന്നവരുടെ ജാമ്യ ഹര്‍ജ്ജിയിന്മേല്‍ വാദം കേട്ട ജസ്റ്റിസ് ഹേമ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഒരു പരിധി വരെ ശരി വെച്ചു കൊണ്ടാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഒരേ നിയമ വ്യവസ്ഥ പിന്തുടരുന്ന രണ്ടു കോടതികളുടെ ഒരേ കേസിലുള്ള നിലപാടുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇന്ന് ഒരു പുതുമയേ അല്ലാതായി മാറിയിരിയ്ക്കുന്നു.

എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി സിസ്റ്റര്‍ അഭയാ കേസില്‍ എടുത്തിരിയ്ക്കുന്ന നിലപാട് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കവേ പോലും ഹൈക്കോടതി എടുത്തിരിയ്ക്കുന്ന നിലപാട് സി.ബി.ഐ യ്ക്ക് പിഴച്ചു എന്ന രീതിയിലുമാണ്. അതു കൊണ്ട് തന്നെ സിസ്റ്റര്‍ അഭയാ കേസിന്റെ വിചാരണാനന്തരം കോടതിയില്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കമെന്ന് ഊഹിയ്ക്കാന്‍ ആറാമിന്ദ്രീയത്തിന്റെ ആവശ്യമൊന്നുമില്ല.

സിസ്റ്റര്‍ അഭയാ കേസില്‍ സി.ബി.ഐയ്ക്ക് പിഴച്ചുവോ?

പിഴച്ചു എന്നത് തന്നെയല്ലേ വസ്തുത. സി.ബി.ഐയ്ക്ക് മാത്രമല്ല പിഴച്ചിട്ടുള്ളത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കും പിന്നെ പൊതു സമൂഹത്തിനും സിസ്റ്റര്‍ അഭയാകേസ് വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ പടച്ചെടുത്ത തിരക്കഥയില്‍ നിന്നും ഒട്ടും വ്യതി ചലിയ്ക്കാതെയാണ് സിസ്റ്റര്‍ അഭയാ കേസിന്റെ അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും പുരോഗമിയ്ക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവര്‍ ഇപ്പോഴും മറഞ്ഞിരുന്നു ചിരിയ്ക്കുന്നുണ്ടാകാം.

പഠിയ്ക്കുന്നതിനായി അലാറം വെച്ച് പുലര്‍ച്ചേ ഉറക്കമുണര്‍ന്ന സിസ്റ്റര്‍ അഭയ വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് എത്തിയപ്പോള്‍ “അരുതാത്തത്” കണ്ടു നിലവിളിച്ചു. “അരുതാത്തത്” ചെയ്ത് കൊണ്ടിരുന്ന സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്ക് മൂന്ന് പ്രാവശ്യം അടിച്ചു. ബോധം കെട്ടു വീണ സിസ്റ്റര്‍ അഭയയെ “അരുതാത്തതില്‍” പങ്കാളികള്‍ ആയിരുന്ന ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും ചേര്‍ന്ന് വലിച്ച് കിണറ്റില്‍ ഇട്ടു. കിണറ്റില്‍ വീഴുമ്പോഴും ജീവന്‍ ബാക്കിയായിരുന്ന സിസ്റ്റര്‍ അഭയ വെള്ളം കുടിച്ചു മരിച്ചു. ഇതാണല്ലോ ഏറ്റവും പുതിയ സി.ബി.ഐ ഭാഷ്യം.

ഈ കഥയില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ? ഒരു കന്യാസ്ത്രീമഠത്തില്‍ ലൈംഗികാസക്തിയുള്ളവര്‍ ഉണ്ടാകാം. സന്യാസിനീ വേഷം ധരിച്ചതുകൊണ്ട് മാത്രം മനുഷ്യ സഹചമായ ലൈംഗിക തൃഷ്ണകള്‍ അടയ്ക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി സന്യാസിനീ സമൂഹത്തില്‍ വന്നു പെട്ടിട്ടുമുണ്ടാകാം. ഇവിടെ സിസ്റ്റര്‍ സെഫി അത്തരക്കാരി ആയിരുന്നു എന്നും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു എന്നും ഇരിയ്ക്കട്ടെ. ലൈംഗികത അങ്ങേയറ്റം പാപമായോ ഒഴിഞ്ഞു നില്‍ക്കേണ്ട ഒന്നായോ കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ ആര്‍ക്കും എപ്പോഴും വെള്ളമെടുക്കാന്‍ കടന്നു വരാന്‍ തക്കവണ്ണം തുറന്നിട്ട അടുക്കളയില്‍ വെച്ച് “അരുതാത്തത്” ചെയ്യാന്‍ മാത്രം വിഡ്ഡികളായിരുന്നുവോ ഇവര്‍ മൂന്ന് പേരും?

മാധ്യമ വിചാരണകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മഠത്തിലെ അടുക്കളയോട് ചേര്‍ന്ന റൂമിലാണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത് എന്നാണ്. അല്ലാതെ അടുക്കളയില്‍ അല്ലായിരുന്നു. സിസ്റ്റര്‍ സെഫിയും ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും “അരുതാത്തത്” ചെയ്തിട്ടുണ്ട് എങ്കില്‍ അത് മിക്കവാറും സിസ്റ്റര്‍ സെഫിയുടെ അടച്ചിട്ട മുറിയില്‍ ആയിരിയ്ക്കണമല്ലോ? അതല്ലാതെ ആര്‍ക്കും എപ്പോഴും കടന്നു വരാന്‍ കഴിയുന്ന അടുക്കളയില്‍ വെച്ച് “അരുതാത്തത്” ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ പോണ്‍ സ്റ്റാറുകള്‍ ഒന്നുമായിരുന്നില്ലല്ലോ? അങ്ങിനെയെങ്കില്‍ സിസ്റ്റര്‍ അഭയ കണ്ടിരിയ്ക്കാന്‍ വഴിയുള്ളത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ? അല്ല അങ്ങിനെ നിലവിളിച്ചാല്‍ തന്നെ ഒരു കൊലപാതകത്തിലേയ്ക്ക് അത് എത്തിചേരാനുള്ള സാധ്യത എത്രമാത്രമാണ്? ഒരു സ്വാഭാവിക സംഭവമായി അത് മാറുകയും സിസ്റ്റര്‍ അഭയ വെള്ളമെടുത്ത് തിരിച്ച് തന്റെ മുറിയിലേയ്ക്ക് പോവുകയും വൈദികര്‍ അവരുടെ പാട്ടിനും സെഫി അവരുടെ കിടപ്പറയിലേയ്ക്കും പോകുകയും ചെയ്യാമായിരുന്ന ഒരു സംഗതി കൊലപാതകത്തിലേയ്ക്ക് എത്തിച്ചേരുകയും പതിനാറു വര്‍ഷത്തിനു ശേഷവും തീരുമാനത്തില്‍ എത്തി ചേരാതിരിയ്ക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?

ഇവിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ ചിരിയ്ക്കുന്നത്. സിസ്റ്റര്‍ അഭയാ കേസിലെ ഏറ്റവും ശക്തമായ മറയാണ് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത”. ആദ്യം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ പിന്നെ സിസ്റ്റര്‍ അഭയയുടെ മരണത്തിനു ഹേതുവായത് കന്യാസ്ത്രീമഠത്തിലെ ലൈംഗികതയാണ് എന്ന് വരുത്തി തീര്‍ത്തതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടുവാന്‍ സാധ്യതയില്ലാത്ത തലത്തിലേയ്ക്ക് കേസ് എത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിസ്റ്റര്‍ അഭയയുടെ ദുര്‍മരണത്തിനു ഹേതുവായ സംഭവം അല്ലെങ്കില്‍ വ്യക്തികള്‍ കൃതൃമമായി സൃഷ്ടിച്ച ഈ ലൈംഗിക മറ വെട്ടിപ്പൊളിച്ചെങ്കില്‍ മാത്രമേ അന്ന് രാത്രി പയസ് ടെന്ത് കോണ്‍‌വെന്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഏഴു അയലത്തു പോലും എത്തിച്ചേരാന്‍ അപസര്‍പ്പകര്‍ക്ക് കഴിയുള്ളൂ.

സിസ്റ്റര്‍ അഭയ ആകസ്മികമായി കൊല്ലപ്പെട്ടതായിരിയ്ക്കണമെന്നില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തക്കവണ്ണം ദുരൂഹമായ മറ്റെന്തോ സംഭവം അവരുടെ ദുരൂഹമരണത്തിനും പിന്നില്‍ ഉണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേയ്ക്ക് എത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിയാത്തത് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത” എന്ന മറയുള്ളത് കൊണ്ടാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സ്വാധീനിയ്ക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട എന്തോ ദുരൂഹത മറയ്ക്കപ്പെടാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അത് കേവലം ലൈംഗിക വൈകൃതങ്ങളില്‍ തളച്ചിട്ട് കേസിനെ അട്ടിമറിയ്ക്കാന്‍ കൊലപാതകികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് സ്ഥാപിയ്ക്കാന്‍ പ്രതികളാണെന്ന് ആരോപിയ്ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ രണ്ടുമാസമായി ലഭിച്ചിട്ടും സിബിഐയ്ക്ക് കഴിയാത്തത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാ‍ധികളാണെന്ന ധാരണ പ്രചരിയ്ക്കപ്പെടാന്‍ കാരണമാകുന്നില്ലേ? അല്ലെങ്കില്‍ അവര്‍ നിരപരാധികള്‍ തന്നെയാണോ? ഈ മൂവരും കേസില്‍ സംശയിയ്ക്കപ്പെടുന്നവരായിരിയ്ക്കാം. സംശയിയ്ക്കപ്പെടുന്നവരെല്ലാവരും കുറ്റവാളികള്‍ ആകുന്നില്ലല്ലോ?

ഒമ്പത് വര്‍ഷം വിചാരണ തടവുകാ‍രനായി മാതാവിന്റെ മയ്യിത്ത് പോലും കാണാന്‍ പരോളോ ജാമ്യം പോലുമോ ലഭിയ്ക്കാതെ സേലം ജയിലില്‍ കിടന്ന് നരകിച്ച വികലാംഗന്‍ നിരപരാധിയാണെന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതി കണ്ടെത്തിയപ്പോള്‍ ഭാരതത്തിന്റെ പുകള്‍പെറ്റ നീതിന്യായ വ്യവസ്ഥിതിയാണ് പരാജയപ്പെട്ടത്. ഒരു കലാപത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് തുറങ്കിലടയ്ക്കപെട്ട എഴുപത്തി ആറു ചെറുപ്പക്കാര്‍ നാലുവര്‍ഷത്തെ കാരാഗൃഹ വാ‍സത്തിനു ശേഷം കുറ്റക്കാരല്ലാതായി മാറിയത് കഴിഞ്ഞ ദിവസമാണ്. അതുപോലെ ചെയ്യാത്ത തെറ്റിനാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സമൂഹത്തിന്റെ പരിഹാസത്തിനും നിയമ നടപടികള്‍ക്കും പാത്രമായതെങ്കില്‍ അത് ആ സന്യാസിനിയോടും വൈദികരോടും ചെയ്ത തുല്യതയില്ലാത്ത ക്രൂരതയാണ്. അതല്ല അവരാണ് കുറ്റവാളികള്‍ എങ്കില്‍ അതിനു യുക്തിസഹമായ വസ്തുതകകള്‍ നിരത്തി ഇവരെ വിചാരണയ്ക്കായി കോടതിയിലെത്തിയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും നടപടികളും ചെരുപ്പിനൊപ്പം കാലു മുറിയ്ക്കുന്നതു പോലെയാണ്. അഭയയുടെ മരണം ആത്മഹത്യ അല്ല അത് കൊലപാതകമായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നകാലം മുതല്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചവര്‍ ഉണ്ടാക്കി കൊടുത്ത ചെരുപ്പിനൊപ്പം വെയ്ക്കാന്‍ കഴിയുന്ന കാലുകള്‍ തപ്പിയലഞ്ഞവര്‍ അത് ലഭിയ്ക്കാതെ കിട്ടിയ കാലുകളെ മുറിച്ച് ചെരുപ്പിനൊപ്പമാക്കുന്ന വിദ്യായാണിന്ന് പരീക്ഷിയ്ക്കുന്നത്.

ഒന്നുകില്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സംശയത്തിനിട നല്‍കാതെ തെളിയിയ്ക്കാന്‍ അപസര്‍പ്പകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ നിര്‍വ്വഹണ തത്വത്തിന്റെ സത്ത ഉള്‍ക്കോണ്ടു കൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് പിടിയിലായവരെ സമൂഹമദ്ധ്യത്തില്‍ അവഹേളന പാത്രമാക്കുന്നതിന് അവസാനം ഉണ്ടാക്കണം.

ഇപ്പോള്‍ നടക്കുന്ന പൊറാട്ട് അഭയകേസിന്റെ അന്വേഷണത്തെ എങ്ങും എത്തിയ്ക്കില്ല. കാരണം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് ആകസ്മികമായല്ല എന്നതു കൊണ്ട് തന്നെ! പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോരണ്ടോ വൈദികരും ഏതെങ്കിലും സന്യാസിനിയും അല്ല. ഭാരത ഭരണ ചക്രത്തില്‍ എക്കാലവും പിടിമുറുക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട ഏന്തോ ഒന്ന് ഒളിയ്ക്കപ്പെടുവാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ മരണപ്പെട്ടത്. അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാനാണ് ആദ്യം ആത്മഹത്യാ ആക്കപ്പെട്ടത്. പിന്നെ തന്ത്രപൂര്‍വ്വം കന്യാസ്ത്രീമഠത്തിലെ ലൈംഗിക വൈകൃതം എന്ന മറ നിര്‍മ്മിയ്ക്കപ്പെട്ടത്. ഇതിനൊക്കെ കഴിയുന്നവര്‍ ഇന്നും ഭരണതലങ്ങളില്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് രണ്ടുമൂന്ന് പേര്‍ അറസ്റ്റിലാകപ്പെടുകയും ഇവരിലൂടെ കേസന്വേഷണം അവസാനിപ്പിയ്ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്!

Wednesday, October 15, 2008

വിശുദ്ധയെ വില്പനയ്ക്കായി....


അല്‍ഫോന്‍സാമ്മയെ മൊത്തക്കച്ചവടം നടത്താനായി ഒരു വെബ് സൈറ്റ്. വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെട്ട സഹനത്തിന്റെ അമ്മയെ മൊത്തമായും ചില്ലറയായും വില്പനയ്ക്ക് വെച്ചിരിയ്ക്കുകയാണ് അല്‍ഫോന്‍സാമ്മ ഡോട് കോം എന്ന വെബ് സൈറ്റിന്റെ മുതലാളിമാര്‍. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ കുറിച്ച് അന്വേഷിച്ചിറങ്ങുന്നവര്‍ സ്വാഭാവികമായും ഈ വെബ് സൈറ്റില്‍ ചെല്ലും. എന്തെന്നാല്‍ അല്‍ഫോന്‍സാമ്മാ ഡോട് കോം വേറെയില്ലല്ലോ?

പക്ഷേ അവിടെ ചെന്നാലോ? അടിമുതല്‍ മുടി വരെ പരസ്യത്തിനായി സ്ഥലം പതിച്ച് നല്‍കിയിരിയ്ക്കുകയാണ്. ആര്‍ക്കും പരസ്യം ചെയ്യാം. ദോഷം പറയരുതല്ലോ? തപ്പി തപ്പി ചെന്നാല്‍ ഭരണങ്ങാ‍നത്തെ ചില ചിത്രങ്ങളും അല്‍ഫോന്‍സാമ്മയുടെ ഏതാനും പടങ്ങളും കാണാം.

എന്തായാലും ജീവിതം സഹനത്തിനും സ്നേഹത്തിനും ഉഴിഞ്ഞ് വെച്ചൊരു സന്യാസിനിയെ മൊത്തമായും ചില്ലറയായും തൂക്കി വില്‍ക്കാനായി കോപ്പുകൂട്ടുന്നത് കാണുമ്പോള്‍ സഹതപിയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍?

ബൂലോഗത്തെ ഒരു പാതിരി അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ അത്ഭുതങ്ങള്‍ എഴുതി കൂട്ടിയിരിയ്ക്കുന്നതു കണ്ടാല്‍ അല്‍ഫോന്‍സാമ്മ പോലും ഞെട്ടിപ്പോകും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ഉള്‍കൊള്ളാന്‍ കഴിയാതെ അവരുടെ അത്ഭുതങ്ങള്‍ പ്രചരിപ്പിയ്ക്കാനിറങ്ങുന്നവര്‍ കണ്‍കെട്ടാണ് വിശ്വാസം എന്നു ധരിച്ചവശായിരിയ്ക്കുന്ന കപട പൌരോഹത്യമാണ്. ബൂലോഗ പാതിരിയുടേയും അല്പ വിശ്വാസമാണ് അദ്ദേഹത്തിന്റെ അല്‍ഫോന്‍സാമ്മ പുരാണത്തിലൂടെ പുറത്തേയ്ക്ക് വന്നത്.

സഹനത്തിനും സ്നേഹത്തിനും മേലേ മറ്റെന്ത് അത്ഭുതമാണ് ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്ക് കാട്ടാന്‍ കഴിയുക. അത് ഏറ്റവും ഉന്നതമായ നിലയില്‍ വെളിപ്പെടുത്തിയ ഒരു സന്യാസിനി അര്‍ഹിയ്ക്കുന്ന തലത്തിലേയ്ക്ക് ഉയര്‍ന്നപ്പോള്‍ അതിനെ കച്ചവട വല്‍ക്കരിയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നവരോട് ആ വിശുദ്ധാത്മാവ് പൊറുക്കട്ടെ!.

Sunday, October 12, 2008

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയ്ക്ക് പ്രണാമം.



വെറുപ്പിന്റേയും വിദ്വോഷത്തിന്റേയും പകയുടേയും പകരം വീട്ടലിന്റേയും ലോകത്തില്‍ സഹനത്തിന്റേയും സഹാനുഭൂതിയുടേയും സ്നേഹത്തിന്റേയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും അല്‍ഫോന്‍സ എന്ന സന്യാസിനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ലോക ജനസംഖ്യയില്‍ മൂന്നിലൊന്നും വിശ്വാസമര്‍പ്പിച്ചിരിയ്ക്കുന്ന ഒരു മത വിഭാഗത്തിന്റെ ഏറ്റവും പരമമാ‍യ വിശ്വാസ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഒരു ആത്മാവ് ലോകത്തിന്റെ തന്നെ ശ്രദ്ധയെ അവര്‍ വസിച്ചിരുന്നിടത്തേയ്ക്ക് ആവാഹിച്ചു കൊണ്ടു വന്ന മഹത്തായ നിമിഷങ്ങള്‍ക്കാണ് നാമിന്ന് സാക്ഷ്യം വഹിച്ചത്.

കണ്‍കെട്ടിന്റേയും ബ്ലാക്ക്മാജിക്കിന്റേയും അകമ്പടികളില്ലാതെ, ജനിച്ചു വളര്‍ന്ന സമൂഹത്തോട് സ്നേഹത്തിന്റെ ഭാഷയില്‍ സംവേദിച്ച സിസ്റ്റര്‍ അല്‍ഫോന്‍സ വിശുദ്ധയായി പ്രഖ്യാപിയ്ക്കപ്പെടുന്നത് ലോകത്തിന്റെ ഭാവം തന്നെ വിദ്വോഷമായി മാറിയ കാലഘട്ടത്തിലാണ് എന്നത് യാദൃശ്ചികമല്ല. ആഗോള മനുഷ്യ സമൂഹം അവനവന്‍ചേരികള്‍ പണിതുയര്‍ത്തുന്ന കലുഷിതമായ വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ സ്നേഹത്തിന്റേയും സഹനത്തിന്റേയും മഹത്വം ചര്‍ച്ച ചെയ്യപ്പെടാന്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ ഒരു കാരണമാവുകയാണ് ചെയ്തത്.

വിശുദ്ധയാക്കപ്പെട്ട സന്യാസിനിയുടെ സഭയില്‍ ഈശ്വര ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ പൌരോഹത്യം കൈയ്യാളുന്നുണ്ട് എന്ന വസ്തുത വിശുദ്ധയാക്കപ്പെട്ടവളുടെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതിനു ഹേതുവാകുന്നില്ല. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ സഭയിലെ പൌരോഹത്യത്തിനും അല്‍ഫോന്‍സാമ്മ പാഠമാകേണ്ടുന്നതുണ്ട്. സമൂഹത്തില്‍ സ്നേഹം പ്രചരിപ്പിയ്ക്കേണ്ടവര്‍, സഹനത്തിന്റെ മഹത്വം പ്രഘോഷിയ്ക്കേണ്ടവര്‍ കോപത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും പകയുടേയും പ്രചാരകരാകുന്ന കറുത്ത ദിനങ്ങളില്‍ സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ മരണത്തിലും ഉയര്‍ത്തിപ്പിടിച്ച തത്വങ്ങള്‍ തിരിച്ചറിയേണ്ടുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു ഇന്ന് വത്തിക്കാനില്‍ കഴിഞ്ഞു പോയത്.

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ സമാധാനം കരഗതമാകുന്നു എന്ന് ഏതെങ്കിലും വിശ്വാസിയ്ക്ക് തോന്നുന്നിടത്തോളം അയാളെ സംബന്ധിച്ചിടത്തോളം സിസ്റ്റര്‍ അല്‍ഫോന്‍സാ പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ലാ എങ്കിലും വിശുദ്ധതന്നെ.

സഹനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം പേറി വിശുദ്ധരുടെ പട്ടികയിലേയ്ക്കുയര്‍ന്ന സിസ്റ്റര്‍ അല്‍ഫോന്‍സാമയ്ക്ക് പ്രണാമം...
-------------------
ചിത്രം IBN ല്‍ നിന്നും.

Monday, September 22, 2008

സിസ്റ്റര്‍ അഭയാകേസിന്റെ നാള്‍വഴികളിലൂടെ (ഭാഗം-ഒന്ന്)

പതിനാറു വര്‍ഷം മുന്നേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിസ്റ്റര്‍ അഭയാ എന്ന സന്യാസിനിയുടെ മരണകാരണം തേടിയുള്ള അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും തുടങ്ങിയിടത്തു തന്നെയാണ്. കേസിന്റെ നാളിതുവരെയുള്ള അന്വേഷണ പ്രഹസനങ്ങളും അഭയകേസിന്റെ ചരിത്രവും ക്രോഡീകരിയ്ക്കാനുള്ള ഒരു ശ്രമമാണ് സിസ്റ്റര്‍ അഭയാകേസിന്റെ നാള്‍വഴികളിലേയ്ക്ക് എന്ന പോസ്റ്റ്. ഒന്നാം ഭാഗത്തിന്റെ ലിങ്ക് ഇവിടെ.

നന്ദി.

Wednesday, September 17, 2008

അമ്മയുടെ കാമവും മകളെന്ന ശല്യവും.

അമ്മമാര്‍ക്ക് കാമുകര്‍ ഉണ്ടാകുന്നതോ ഭര്‍ത്താവിനെ വിട്ട് മക്കളുടെ പ്രായമുള്ള കുഞ്ഞു കാമുകര്‍ക്കൊപ്പം അമ്മ പൊറുതി തുടങ്ങുന്നതോ ഇന്ന് വാര്‍ത്തയല്ല. അതുപോലെ തന്നെ വാത്സല്യ നിധികളായ പിതാക്കന്മാരുടെ കാമപൂരണത്തിനിരയായി യമപുരി പൂകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളും, സ്വന്തം പിതാവിന്റെ തന്നെ കുഞ്ഞുങ്ങളെ പ്രസവിയ്ക്കേണ്ടി വരുന്ന കൌമാരക്കാരികളും ഭൂമിമലയാളത്തില്‍ വാര്‍ത്തയേ ആകുന്നില്ല. നിത്യ സംഭവങ്ങള്‍ അല്ലാത്തവയാണല്ലോ വാര്‍ത്തയാകുന്നത്.

ഭര്‍ത്താവ് നഷ്ടപ്പെട്ട മാതാവ് - പഴയ കാലത്ത് വിധവ എന്ന് വിളിച്ചിരുന്നു - ശിഷ്ടകാലം മക്കളെ വളര്‍ത്തി കഴിഞ്ഞു കൂടണം എന്ന ക്രൂരതയൊന്നും ഒരു സ്ത്രീയോടും ചെയ്യാന്‍ പാടില്ല. അതും ഇരുപത്തി ഏഴ് വയസ്സില്‍ കണവന്‍ ഇഹലോക വാസം വെടിഞ്ഞാല്‍ പിന്നെ നല്ലപാതി വെള്ളവസ്ത്രമുടുത്ത് ചമയങ്ങളില്‍ നിന്നും വിട്ട് സമൂഹത്തില്‍ നിന്നും അകന്ന് ഏകാന്ത വാസം നയിയ്ക്കാന്‍ ഇത് എന്താ സ്വാമിജി മനുവിന്റെ കാലഘട്ടമോ?

നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ ജീവിത ശൈലിയില്‍ കണ്ടു വരുന്ന ലൈംഗിക അരാജകത്വം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് പടര്‍ന്നിറങ്ങിയിരിയ്ക്കുന്നു. നഗരങ്ങളിലെ ലൈംഗിക തൃഷ്ണയ്ക്ക് ശമനമേകാന്‍ ഉപാധികള്‍ അനവധിയുള്ളപ്പോള്‍ ഗ്രാമങ്ങളില്‍ പക്ഷേ പരിഹാരത്തിന് തെറ്റിയോ തെറിച്ചോ ഒന്നോ രണ്ടോ ദേവദാസി പുരകള്‍ ഉണ്ടായാല്‍ ആയി. പക്ഷേ അവിടേയും ആണിന് കാമം ഒഴുക്കാനുള്ള സൌകര്യമല്ലേയുള്ളൂ. പെണ്ണെന്തു ചെയ്യും? ഇരുട്ടിന്റെ മറവില്‍ ആരെയെങ്കിലും വിളിച്ച് അകത്ത് കയറ്റിയാല്‍ കയറുന്നവന്‍ തന്നെ പിറ്റേ ദിവസം ബ്ലൂട്യൂത്തുമായി ഇറങ്ങും.ലൈവായി ചാനല്‍ റിപ്പോര്‍ട്ടുകള്‍ വരവാകും. മരത്തില്‍ തൂങ്ങിയാടുകയല്ലാതെ പിന്നെന്തുണ്ട് മാര്‍ഗ്ഗം?

കാമവെറിയ്ക്ക് മാതാവെന്നോ പിതാവെന്നോ വിഭാര്യനെന്നോ വിധവയെന്നോ വിവാഹിതരെന്നോ അവിവാഹിതരെന്നോ വ്യത്യാസമില്ലല്ലോ? കത്തിക്കയറിയാല്‍ ശമിപ്പിയ്ക്കാനുള്ള ഉപാധികള്‍ ഉണ്ടായേ കഴിയുള്ളൂ. ഉപാധികള്‍ ലഭ്യമല്ലാ എങ്കില്‍ സ്വയം കണ്ടെത്താന്‍ ശ്രമിയ്ക്കും. കപട സദാചാരം ജീവിത രീതിയായ മലയാളീ പൊതുസമൂഹത്തില്‍ കത്തുന്ന കാമം ആറ്റിതണുപ്പിയ്ക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും രക്തം മരവിപ്പിയ്ക്കും. ഏറ്റവും ഒടുവില്‍ അഞ്ചുവര്‍ഷം മുന്നേ ഭര്‍ത്താവ് മണ്ണായ ഒരു സാധു സ്ത്രീ തിരുവോണ ദിവസം ചെയ്ത പ്രായോഗികതയും അതു തന്നെ.

പതിനാലും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്മക്കളുടെ മാതൃത്വത്തിന്റെ നല്ലപാതി അഞ്ചുവര്‍ഷം മുന്നേ മണ്ണടിഞ്ഞു. അപ്പോള്‍ ആ പാവം മാതാവിന് വയസ്സ് ഇരുപത്തി ഏഴ്. നല്ല പ്രായം. ഇന്ന് പതിനാലും പതിമൂന്നും വയസ്സുള്ള ആ പെണ്മക്കള്‍ക്ക് ഭര്‍ത്താവ് പോകുമ്പോള്‍ പ്രായം യഥാക്രമം ഒമ്പതും എട്ടും. വ്യവസ്ഥാപിതമായ രീതിയില്‍ ഒരു പുനര്‍വിവാഹത്തിനു തടസമേതുമില്ലാത്ത ജീവിതക്രമത്തില്‍ പക്ഷേ ഈ മാതാവ് അതിനു മുതിരാതെ തന്റെ കൂട്ടുകാരിയുടെ പത്തൊമ്പതു വയസ്സുകാരനായ മകനുമായി ചങ്ങാത്തം സ്ഥാപിയ്ക്കുന്നു. അമ്മയുടേയും തങ്ങളുടെ കളികൂട്ടുകാരനായ ഇക്കാക്കയുടേയും ഒളിച്ചുകളികള്‍ കണ്ണില്‍ പെട്ട മൂത്തമകളില്‍ നിന്നും രക്ഷപെടുവാന്‍ മാതാവും കാമുകനും ഒളിച്ചോടുന്നു. കൂട്ടത്തില്‍ കാര്യങ്ങളൊന്നും അത്രയ്ക്ക് വശമില്ലാത്ത ഇളയ മകളേയും കൂട്ടുന്നു. സഹായത്തിനൊരാള് വേണമല്ലോ? കൂടെയുള്ളവന്‍ സഹോദരതുല്യനാണെന്ന് മാതാവ് മകളെ പറഞ്ഞ് ധരിപ്പിയ്ക്കുന്നു. പക്ഷേ പന്ത്രണ്ട് വയസ്സുകാരിയ്ക്കു മനസ്സിലാകാത്ത തരത്തില്‍ മാതാവും സഹോദരതുല്യനും കാണപ്പെട്ട നിമിഷം ആ പിഞ്ചു കുഞ്ഞിന്റെ നിമിഷങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തുവാനായി കൊടിയ വിഷം ശേഖരിച്ചു സൂക്ഷിയ്ക്കുക. ദാഹജലം ചോദിച്ച മകള്‍ക്ക് കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കുക. മകളുടെ മരണം മനസ്സക്ഷി കുത്തില്ലാതെ നോക്കി നിന്നു ഉറപ്പ് വരുത്തുക. മരിച്ചു എന്നുറപ്പാക്കിയിട്ട് അലമുറയിട്ട് കരച്ചില്‍ അഭിനയിയ്ക്കുക. മരിച്ച മകളെ രക്ഷപ്പെടുത്തുവാന്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടുക. പുല്ലു ചെത്താന്‍ പോയ വഴിയ്ക്ക് പൊന്നുമോളെ പാമ്പു കടിച്ചതാണെന്ന കള്ളം പറഞ്ഞ് നാട്ടുകാ‍രെയും ആശുപത്രി ജീവനക്കാരേയും പോലീസിനേയും കബളിപ്പിയ്ക്കുക. ഇളയ മകളെ മൂത്തമകളായി അവതരിപ്പിയ്ക്കുക. ഒടുവില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം നടന്നത് എന്ന് ശവപരിശോധനയില്‍ തെളിഞ്ഞ് പിടിയ്ക്കപ്പെടുമ്പോള്‍ ആ മാതാവ് കൂസലന്യാ നടന്ന സംഭവം പോലീസിനോട് വെളിപ്പെടുത്തുക.

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിട്ട് ശവശരീരത്തെ പോലും കാമപൂരണത്തിനുപയോഗിച്ച പിതാവിന്റെ നാട്ടില്‍, പതിനാലു വയസ്സുകാരിയെ തന്റെ ഇംഗിതത്തിന് ഇരയാക്കിയിട്ട് ഹോട്ടലുകള്‍ തോറും കൊണ്ടു നടന്ന് വില്പന നടത്തിയ പിതാവിന്റെ കേരളത്തില്‍‍, നാടുവിട്ട് പോയി തിരിച്ചു വന്ന പിതാവിന്റെ പിതൃസ്നേഹത്താല്‍ കൊലചെയ്യപ്പെട്ട് തെയിലതോട്ടത്തില്‍ ചീഞ്ഞളിയേണ്ടി വന്ന പന്ത്രണ്ട് വയസ്സുകാരിയുടെ നാട്ടില്‍ - മാതാവ് എന്തിന് കുറയ്ക്കണം?

ആ അമ്മയ്ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ പുനര്‍ വിവാഹം നടത്തി തന്റെ പെണ്‍കുഞ്ഞിനെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാമായിരുന്നു. ജീവിത സുഖം ഉറപ്പ് വരു‍ത്തുവാനായി ശല്യമായ മകളെ വകവരുത്തുവാന്‍ കഞ്ഞിവെള്ളത്തില്‍ വിഷം കലര്‍ത്തി ദാഹിച്ച മകള്‍ക്ക് നല്‍കിയ ആ മാതാവിനെ വിഷം കലര്‍ത്തിയ നിമിഷം ഭരിച്ച വികാരം എന്തായിരിയ്ക്കും? പെണ്മക്കളുള്ള വിധവ പുനര്‍വിവാഹം കഴിച്ചാല്‍ ഇളയച്ഛന്റെ കാമവെറിയില്‍ നിന്നും പെണ്മക്കളെ രക്ഷപെടുത്തുവാന്‍ ഇന്നത്തെ കപട സദാചാര കേരളത്തില്‍ ആ മാതാവിനു കഴിയുമായിരുന്നോ? അമ്മയുടെ ക്രൂരതയില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ട മൂത്തമകള്‍, ഗുരുതരമായ മനോരോഗത്തിനടിപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്ന കേരളീയ പൊതു സമൂഹത്തില്‍ ഇന്നി എങ്ങിനെ ജീവിയ്ക്കും?

കേരളം അതി സങ്കീര്‍ണ്ണമായ ലൈംഗികാരജകത്വത്തിലേയ്ക്ക് വഴുതി വീഴുകയാണ്. പെണ്‍കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥമുതല്‍ പീഡിപ്പിയ്ക്കപ്പെടുന്നു. പിതാവിനാല്‍, അയല്‍‌വാസിയാല്‍, ഗുരുക്കന്മാരാല്‍, സഹപാഠിയാല്‍, സഹോദരനാല്‍ ഇപ്പോള്‍ ഇതാ മാതാവിനാലും.