Monday, February 15, 2010

വീണ്ടും ചില നിക്കാഹ് കാര്യങ്ങള്‍.

ഭ്രാന്തിനെ അലങ്കാരമാക്കുന്ന ഒരു സമൂഹം.
ഭ്രാന്തുകളല്ലാത്തതായി നമ്മുടെ സമൂഹത്തില്‍ എന്തെങ്കിലും ഉണ്ടോ എന്നു സംശയമായിരിയ്ക്കുന്നു. അത്തരത്തില്‍ നോക്കിയാല്‍ നമ്മുടെ വിവാഹാഘോഷങ്ങളും ഭ്രാന്തിന്റെ ഏറ്റവും ദുര്‍ഘടമായ ഒരു ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു. ധൂര്‍ത്തും പൊങ്ങച്ചവും പിച്ചത്തരവും കൊണ്ട് നമ്മുടെ വിവാഹ ചടങ്ങുകള്‍ എത്രത്തോളം അധഃപതിക്കാമോ അത്രത്തോളവും അതിനും താഴേയ്ക്കും അധഃപതിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

കല്ല്യാണ ആലോചന മുതല്‍ ധൂര്‍ത്തും ആരംഭിക്കുകയായി. ആദ്യം പെണ്ണുകാണല്‍. ചെറുക്കന്‍ പോയി മൂക്ക് മുട്ടേ വലിച്ച് കേറ്റി ഏമ്പക്കവും വിട്ട് പെണ്ണിനെ ഇഷ്ടപെടാതെ തിരിച്ചു പോരും. ഡസന്‍ കണക്കിനു പെങ്കൊച്ചുങ്ങളെ കണ്ടെങ്കില്‍ മാത്രമേ ലവന് എവിടേലും ഇഷ്ടംകൂടാന്‍ കഴിയുള്ളു. പെണ്ണുകാണുക എന്നത് ഹോബിയാക്കിയവരും കുറവല്ല. ഇന്നി ലവന് ഇഷ്ടം വന്നാലോ പിന്നെ വീട്ടുകാരുടെ കെട്ടുകാഴ്ചയായി. സ്വന്തക്കാരേം ബന്ധുക്കളേം കുഞ്ഞുകുട്ടി പരാധീനങ്ങളെയെല്ലാം വലിച്ചു വാരി ഒരു പോക്കാണ്. ചെറുക്കന് ഇഷ്ടപ്പെട്ട പെണ്ണിനെ വീട്ടുകാര്‍ക്കും സ്വന്തക്കാര്‍ക്കും കൂട്ടുകാര്‍ക്കും എല്ലാം ഇഷ്ടം വരണമല്ലോ? ഈ കൂട്ടപൊരിച്ചിലില്‍ ഒടങ്കൊല്ലികള്‍ ആരേലും ഉണ്ടേല്‍ ചെറുക്കന് വീണ്ടും പെങ്കൊച്ചുങ്ങളുടെ തിണ്ണ നിരങ്ങാം. ഒടുവില്‍ ചെറുക്കനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത ചടങ്ങായി. അതാണ് അച്ചാരം എന്ന ചടങ്ങ്.

ആണും പെണ്ണും ചേര്‍ന്നാണ് ഒരുമിച്ച് ജീവിച്ച് കൊള്ളാം എന്ന വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ കല്ല്യാണ ചിലവ് അടക്കമുള്ള എല്ലാ ചിലവുകളും വഹിക്കേണ്ടത് പെണ്ണിന്റെ വീട്ടുകാരാണ്. അതിലൊന്നാണ് ഈ അച്ചാരം എന്ന ദുഷിച്ച നാറിയ പ്രവണത. പെണ്ണിനെ വളര്‍ത്തി വിവാഹ പ്രായമെത്തിക്കേണ്ടതിനും ആണിനെ വളര്‍ത്തി വിവാ‍ഹ പ്രായമെത്തിക്കേണ്ടതിനും തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്നു സംശയമാണ്. ഒരു പക്ഷേ വളര്‍ത്ത് ചിലവ് കൂടുതല്‍ പെണ്‍കുട്ടികള്‍ക്കായിരിക്കുകയും ചെയ്യും. എന്നിട്ടും വിവാഹ കമ്പോളത്തില്‍ പെണ്ണിനു വിലവേണേല്‍ പൊന്നും വേണം. കേട്ടിട്ടില്ലേ തട്ടാന്റെ പരസ്യം ടീവിയില്‍ അടിക്കടി മുഴങ്ങുന്നത്.

“.... പെണ്ണായാല്‍ പൊന്നു വേണം....” അത് പറഞ്ഞ് പറഞ്ഞ് അങ്ങ് ഉറപ്പിക്കുകയാണ്. (എന്നേ നിരോധിക്കേണ്ട പരസ്യമാണത്.)

അതായത് പറഞ്ഞ് വരുന്നത് എന്തെന്നാല്‍ ആണിനു പെണ്ണിനേം പെണ്ണിനു ആണിനേം, ഇവരിരുവരേം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇഷ്ടമായാല്‍ പിന്നെ അടുത്ത നടപടി അച്ചാരം ആണെന്നാണല്ലോ? അച്ചാരം എന്നാല്‍ എന്താണ്? ഏറ്റവും ലളിതമായി അച്ചാരത്തെ നമ്മുക്ക് ഇങ്ങിനെ നിര്‍വചിക്കാം. അച്ചാരം എന്നാല്‍ കല്ല്യാണ ചിലവിനു ചിറക്കന്റെ കോണകം വരെ വാങ്ങാന്‍ വേണ്ടി പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കൊടുക്കുന്ന കൈക്കൂലി. തങ്ങളുടെ പെങ്കൊച്ചിനെ കെട്ടി കൊണ്ടു പോയി വീട്ടുകാരുടെ ഭാരം ഒഴിവാക്കാന്‍ വേണ്ടി ചെറുക്കന്റെ വീട്ടുകാര്‍ക്കോ ചെറുക്കനോ കൊടുക്കുന്ന കോഴ. അച്ചാരം വാങ്ങി കഴിഞ്ഞാല്‍ പിന്നെ ഒരു ആര്‍മ്മാദമാണ് ചെറുക്കനും വീട്ടുകാര്‍ക്കും.

സാക്ഷിയാകേണ്ടി വന്ന രണ്ടു കല്ല്യാണങ്ങളെ നമ്മുക്ക് പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കാം - അച്ചാര പണം എങ്ങിനെ വിനിയോഗിക്കപ്പെടുന്നു എന്ന്.

കല്ല്യാണം നമ്പര്‍ ഒന്ന്: അച്ചാരമില്ലാത്ത കല്ല്യാണം.
വേദി: കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുന്ന സമയം.
കല്ല്യാണ വസ്ത്രങ്ങള്‍ എടുക്കുക എന്നാല്‍ ചെറുക്കനും പെണ്ണിനും മാത്രമല്ല വസ്ത്രം വേണ്ടത്. ചെറുക്കന്റെ ഉമ്മയും ബാപ്പയും മുതല്‍ അതങ്ങ് തുടങ്ങും. കല്ല്യാണം നമ്പര്‍ ഒന്നില്‍ അച്ചാരമില്ല. അതായത് വസ്ത്രം എടുക്കല്‍ മുതല്‍ എല്ലാം ചെറുക്കന്റെ സ്വന്തം കൈയില്‍ നിന്നും വേണം. വിവാഹ സാരി മുതല്‍ ഏറ്റവും നല്ല വസ്ത്രം ഏറ്റവും വില കുറച്ച് കിട്ടുന്നിടം വരെ ജൌളി കടകളിലൂടെ കയറിയിറക്കും. ഒടുവില്‍ ചെറുക്കന്റെ കീശക്കൊത്ത രീതിയില്‍ വസ്ത്രമെടുക്കല്‍. വീടെത്തുമ്പോള്‍ കുറഞ്ഞ ചിലവില്‍ നല്ല വസ്ത്രം. ബ്രാന്‍ഡുകള്‍ക്കല്ല അവിടെ പണം ചിലവഴിക്കപ്പെട്ടത്. വസ്ത്രത്തിനാണ്. കാരണം ചിലവഴിക്കപ്പെട്ട പണം അദ്ധ്വാനിച്ചവന്റെ സ്വന്തം പണമാണ്.

ഇന്നി കല്ല്യാണം നമ്പ്ര് രണ്ട്: അച്ചാരമുള്ള കല്ല്യാണം.
വേദി: പഴയതു തന്നെ. വസ്ത്രമെടുക്കല്‍ ചടങ്ങ്.
ടീവിയില്‍ ഏറ്റവും കൂടുതല്‍ പരസ്യം പ്രത്യക്ഷപ്പെടുന്ന ജൌളിക്കടയാണ് ചെക്കന്റേം വീട്ടുകാരുടേം ഉന്നം. വിവാഹ സാരികളുടെ വില തുടങ്ങുന്നത് തന്നെ ഇരുപതിനായിരത്തിനു മുകളില്‍. ഏറ്റവും വിലകൂടിയ സാരി. അതിനനുസരിച്ച് മറ്റുള്ളവയും. കാരണം പെണ്ണിന്റെ ഉപ്പ എന്ന സാധു ആ ജീവനാന്തം അദ്ധ്വാനിച്ച പണമാണ് ഇവിടെ ഹോമിക്കപ്പെടുന്നത്. ചെറുക്കന്റെ അടിവസ്ത്രവും ചപ്പലും വരെ വാങ്ങുന്നത് പെണ്ണിന്റെ ഉപ്പാന്റെ പണം കൊണ്ട്. ഏറ്റവും കുറഞ്ഞത് ഒരു രണ്ടു ലക്ഷം രൂപ അവിടെ തീരും. പണം ബ്രാന്‍ഡുകള്‍ തിന്നു... അത്ര തന്നെ! നാട്ടിലെ പെണ്ണ്, പെണ്ണിന്റെ ഉപ്പാന്റെ പണം, വലിയെടാ... വലി!

സ്ത്രീധനം എന്ന ഏര്‍പ്പാട് എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍ എതിര്‍ക്കപ്പെടേണ്ട ദുരാചാരമാണ് മുസ്ലീങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന അച്ചാരം എന്ന ആണത്തമില്ലാത്ത പോക്രിത്തരം. പെണ്ണിന്റെ വീട്ടുകാരുടെ ചിലവില്‍ വിവാഹ ചിലവുകള്‍ മുഴുവന്‍ നടത്തേണ്ടി വരുന്നതിലെ ക്രൂരത ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നില്ല.

കല്ല്യാ‍ണ കുറിയിലെ ധൂര്‍ത്തും ഇങ്ങിനെയൊക്കെ തന്നെ. ഒരു കല്ല്യാണ കുറിക്ക് അമ്പതോളം രൂപ വില വരുന്ന സാഹചര്യം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു രണ്ടായിരം കുറിയെങ്കിലും അടിക്കും. കല്ല്യാണ കുറി കൊടുത്ത് വിളിച്ചാലേ കല്ല്യാണം കൂടാന്‍ ആളു വരുള്ളു എന്നാണോ? പക്ഷേ, സംശയം ശരിയാണ്. കുറി കൊടുത്ത് വിളിച്ചില്ലേല്‍ ഇന്ന് അതും പരാതിയാകുന്നതിനും സാക്ഷിയാകേണ്ടി വന്നു.

ഫോണ്‍ ഇന്ന് ആഢംബരമല്ല. മിക്കവാറും എല്ലാ വീടുകളിലും ഇന്ന് ടെലഫോണ്‍ ഉണ്ട്. അല്ലെങ്കില്‍ മൊബൈല്‍ ഫോണുകളുണ്ട്. ഒരു ഫോണ്‍ വിളിയില്‍ കല്ല്യാണം വിളി ഒതുക്കിയാല്‍ എന്തുമാത്രം ചിലവു കുറക്കാം. കിലോമീറ്ററുകള്‍ കാറോടുന്നതിന്റെ പണം, വിളിക്കായി പോകുന്നവരുടെ വഴിചിലവുകള്‍, വിളിക്കാനെത്തുന്നവര്‍ക്കുള്ള വിരുന്നൊരുക്കല്‍ അങ്ങിനെ അങ്ങിനെയെന്തൊക്കെ... പക്ഷേ ഫോണില്‍ വിളിച്ചാല്‍ വിളിയാകില്ല. മുഖാമുഖം വിളിച്ചാലേ വിളി വിളിയാകുള്ളു പോലും. പിന്നെ ഈ ടെലഫോണ്‍ എന്നു പറയുന്ന കുന്ത്രാണ്ടം എന്നാത്തിനുള്ളതാ? ആ... ആര്‍ക്കറിയാം.

വളയിടീല്‍ എന്നൊരു പേക്കൂത്താണ് അടുത്തത്. അതായത് പെണ്ണിനെ ചെറുക്കനും പാരാവാരങ്ങള്‍ക്കും ഇഷ്ടപെട്ടാല്‍ അച്ചാരം എന്ന കോഴ. ആ കോഴയുടെ ഒരു ഭാഗമെടുത്ത് കുറേ സ്വര്‍ണ്ണാഭരണങ്ങളുമൊക്കെയായി അടുത്തൊരു കൂട്ട പൊരിച്ചില്‍. തീറ്റ തന്നെയാണ് ഇവിടുത്തേം പ്രധാന കാര്യപരിപാടി. പിന്നെ കുറേ പരാതികളും പരിഭവങ്ങളും. എനിക്ക് ഇടാന്‍ തന്ന വള ലവള്‍ക്ക് ഇടാന്‍ കൊടുത്തതിനേക്കാല്‍ ചെറുതായി പോയി... എനിക്ക് കോഴിക്കാല്‍ കിട്ടിയില്ല... പെണ്ണിന്റെ ഉമ്മാമ മിണ്ടിയില്ല... പെണ്ണിന്റാങ്ങിള കണ്ണുരുട്ടി കാണിച്ചു... അങ്ങിനെ പോകും പാരാദൂരങ്ങളും പരിഭവങ്ങളും. വളയിടല്‍ ചടങ്ങോടെ കല്ല്യാണം അലസി പിരിയുന്നതും ദുര്‍ലഭമല്ല.

കല്ല്യാണ തലേന്ന് മൈലാഞ്ചി. അതിലെന്ത് കാര്യമാണുള്ളതെന്ന് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. കല്ല്യാണ തലേന്ന് ചെറുക്കന്റെ വീട്ടുകാരെല്ലാം കൂടി വാരി വലിച്ച് പെണ്ണിന്റെ വീട്ടിലെത്തും. പെണ്ണിന്റെ സുന്ദരമായ കരങ്ങളില്‍ വെറ്റില വെച്ച് മൈലാഞ്ചി തൊടലാണ്. ഒടുക്കം പെണ്ണിന്റെ കരം ഒരു പരുവത്തിലാകും എന്നതല്ലാതെ ഇതുകൊണ്ടെന്താണോ എന്തോ ഗുണമുള്ളത്. ദോഷം പറയരുതല്ലോ വെട്ടിവിഴുങ്ങാന്‍ ഇവിടേം അവസരം ധാരാളം! തീറ്റ തന്നെയാണ് പ്രശ്നം!

പിറ്റേന്ന് കല്ല്യാണം. ഒടേതമ്പുരാനേ അതൊന്നു കാണേണ്ട കാഴ്ച തന്നെ. നിക്കാഹിപ്പോള്‍ പൂര്‍ണ്ണമായും ആഡിറ്റോറിയങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു കഴിഞ്ഞിരിക്കുകയാണല്ലോ? ആഡിറ്റോറിയത്തിനു വാടക ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം. അതും പോര. നിക്കാഹ് നടക്കുന്നിടം അലങ്കരിക്കണം. അതിനു വേറൊരു പതിയ്യായിരം. കല്ല്യാണം കൂടാന്‍ എത്തുന്നവര്‍ക്ക് നിക്കാഹോ താലികെട്ടോ മാലയിടലോ കാണാന്‍ കഴിയില്ല. വീഡിയോക്കാരന്റേം ലൈറ്റടിപ്പ് കാരുടേം പൃഷ്ടം കണ്ട് ഉണ്ണാനായി പോകാം - കൈകഴുകാതെ. പിന്നെ അവിടെയൊരു കുതിരയെടുപ്പാണ്. ബിരിയാണിയടിക്കാനുള്ള പരക്കം പാച്ചില്‍!

ഇന്ന് കല്ല്യാണ സദ്യകള്‍ക്കും മാറ്റം വന്നിരിക്കുന്നു. പണ്ടൊക്കെ മട്ടന്‍ ബിരിയാണിയാണേല്‍ കൂടെ ഒരു പപ്പടവും അച്ചാ‍റും മാത്രമാകും അനുസാരി. ഇന്ന് മട്ടന്‍ ബിരിയാണിക്കൊപ്പം ചിക്കന്‍ ഫ്രൈ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു. കൂടെ ഐസ്ക്രീം, പഴം, ഹല്‍‌വ പിന്നെ എന്തൊക്കെയോ... അജീര്‍ണ്ണം പിടിക്കാതെ ഒരു കല്ല്യാണവും അവസാനിക്കുന്നില്ല! ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് മുന്നൂറ് രുപയാണ് ഇന്ന് കല്ല്യാണ സദ്യയുടെ താരിഫ്! എന്തിന്? ചിക്കന്‍ ഫ്രൈ ഒഴിവാക്കിയാല്‍ തന്നെ രൂപ എഴുപത്തി അഞ്ച് ലാഭിക്കാം. ആ ചിക്കന്‍ ഫ്രൈയുടെ പണം കൊണ്ട് എത്ര സാധുക്കളുടെ ദുരന്തങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാം?

പെണ്ണിനെന്തു പ്രാധാന്യം? ഒന്നുമില്ല. പൊന്നിനാണ് പ്രാധാന്യമെല്ലാം...

ഒരു കിലോ സ്വര്‍ണ്ണം ഇന്ന് ഒരാഢംബരമേ അല്ലാതായി മാറിയിരിക്കുന്നു. ആഭരണം സ്വര്‍ണ്ണത്തില്‍ തന്നെ വേണമെന്ന ശാഠ്യം നമ്മുക്ക് എവിടെ നിന്നും ലഭിച്ചു? ഉച്ചി മുതല്‍ പെരുങ്കാലു വരെ സ്വര്‍ണ്ണത്തില്‍ മുങ്ങിയ പെണ്ണിന് എന്തു സൌന്ദര്യമാണുണ്ടാവുക? പെണ്ണിന്റെ ഉപ്പാടെ പ്രതാപം പ്രകടിപ്പിക്കാനല്ലാതെ പെണ്ണിനെ പൊന്നില്‍ പൊതിയുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളത്? ആഭരണങ്ങളിലെ മിതത്വമല്ലേ സൌന്ദര്യത്തെ പൂര്‍ണ്ണമാക്കുന്നത്? എന്തോ അങ്ങിനെയാണ് ലളിതമായ ബുദ്ധിയില്‍ തോന്നുന്നത്.

താലികെട്ടുന്നതിനു ചെറുക്കന്റെ പെങ്ങള്‍ക്ക് കോഴയായി സ്വര്‍ണ്ണം! താലി കെട്ടു കഴിഞ്ഞാല്‍ പിന്നെ പാലു കുടി. ഒരു ഗ്ലാസ് പാല്‍ ചെറുക്കനും പെണ്ണും വേദിയില്‍ വെച്ച് പങ്കിട്ട് കഴിക്കണം. പാലുകുടി കഴിഞ്ഞാല്‍ ഗ്ലാസ്സ് തിരികെ പെണ്ണിന്റെ ഉമ്മാന്റെ കൈയില്‍ കൊടുക്കണം. തിരിച്ചു കൊടുക്കുന്ന ഗ്ലാസ്സില്‍ പുയ്യാപ്ല പാലു കൊടുത്തതിനു കൈകൂലിയായി അമ്മായിക്ക് സ്വര്‍ണ്ണം നല്‍കണം! അതും ആ ഗ്ലാസ്സില്‍ തന്നെ പൊന്നിട്ടു കൊടുക്കണം! പെണ്ണിനെ കെട്ടി വീട്ടില്‍ വരുമ്പോള്‍ സ്വീകരിക്കുന്ന ചെറുക്കന്റെ ഉമ്മാക്കും കൊടുക്കണം സ്വര്‍ണ്ണം. അവിടെ വെറും കൊടുപ്പല്ല. ചെറുക്കന്റെ ഉമ്മാന്റെ സാരിയിലോ ഉടുതുണിയിലോ കെട്ടി കൊടുക്കണം. അതിന്റെ പേരാണ് മുന്തീകെട്ട്. കെട്ട് സാധാരണ കെട്ടാണേലും പൊന്നുകൊണ്ട് കെട്ടണം എന്നു മാത്രം.

ചുരുക്കത്തില്‍ “പൊന്നേ...” നീ തന്നെ താരം!

നിക്കാഹ്:

മനുഷ്യന് അനുവദിക്കപ്പെട്ടിട്ടുള്ള ഏറ്റവും വിശുദ്ധമായ ചടങ്ങുകളില്‍ ഒന്ന്. ഇന്നി അധഃപതിക്കാന്‍ ഒട്ടും തന്നെ ബാക്കിയില്ല. പെണ്ണിനു കുറ്റിച്ചൂലിന്റെ വില പോലും കല്പിക്കപ്പെടുന്നില്ല ഒരു നിക്കാഹിലും. പൊന്നിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഒരോ പെണ്ണും തലകുനിക്കുന്ന ചടങ്ങായി മാറിയിരിക്കുന്നു നിക്കാഹുകള്‍. ലക്ഷക്കണക്കിനു ചിലവിടുന്ന വിവാഹ മാമാങ്കങ്ങള്‍ സാധുക്കളായ പെണ്‍കുട്ടികളുടെ ജീവിത മോഹങ്ങളുടെ കടയ്ക്കല്‍ കൂടിയാണ് കത്തിവെക്കുന്നത്. കല്ല്യാണ കുറിയില്‍ വരുത്തുന്ന മിതത്വം പോലും മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ കാരണമാകാം എന്നതാണ് സത്യം. ദുര്‍ബലരെ കണ്ടില്ലാന്ന് നടിച്ച് നാടടച്ച് സദ്യയൂട്ടി നടത്തുന്ന കല്ല്യാണ മാമാങ്കങ്ങള്‍ കൊണ്ട് എന്തു കാര്യം? ആര്‍ക്കെന്തു ഗുണം?

ഭ്രാന്ത് ഒരു തെറ്റല്ല. പക്ഷേ അത് അലങ്കാരമായി കൊണ്ടു നടക്കുന്നതോ? വിവാഹഘോഷങ്ങള്‍ ഇന്ന് വിഭ്രമാത്മകമായി മാറിയിരിക്കുന്നു. ആ ഭ്രാന്തിനെ നാം അലങ്കാരവും ആഢംബരവുമാക്കി മാറ്റിയിരിക്കുന്നു! സമൂഹത്തോടു നീതി പുലര്‍ത്താത്ത ഭ്രാന്തമായ വിവാഹ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതല്ലാതെ ഈ കോപ്രായങ്ങളോടു പ്രതികരിക്കാന്‍ മറ്റൊരുപായവുമില്ല തന്നെ!

Thursday, February 11, 2010

മണവാട്ടിയായവള്‍....

നെത്തോലി കുഞ്ഞിനെ പോലെയൊരു പെങ്കൊച്ച്. ഒന്നാം വര്‍ഷ പ്രീ ഡിഗ്രിയിലേക്കുള്ള പ്രവേശനം നടക്കുമ്പോള്‍ വിമുക്തഭടനായ പിതാവിന്റെ നിഴല്‍ പറ്റി ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ തലകുനിച്ച് നിന്നവള്‍. അതായിരുന്നു ആദ്യ ദര്‍ശനം!

ഒന്നാംവര്‍ഷക്കാരുടെ പ്രവേശനം കഴിഞ്ഞു. ക്ലാസ്സുകള്‍ തുടങ്ങി. പുതുമുഖങ്ങളെ പരിചയപ്പെടല്‍ പരിപാടിയിക്കിടയിലെ ഒരു നിമിഷം. പരിചയപ്പെടലിന്റെ വിഷയങ്ങള്‍ എപ്പോഴും ആവര്‍ത്തിയ്ക്കപ്പെടുന്നത് തന്നെ. പേര്, നാട്, ഹോബി, പാടുമോ, നൃത്തം ചെയ്യുമോ അങ്ങിനെ അങ്ങിനെ.....വെറുതേ ചില ചോദ്യങ്ങള്‍. അങ്ങിനെയുള്ള വെറും ചോദ്യങ്ങള്‍ക്ക് അവളും വെറും വെറുതേ ഉത്തരം പറഞ്ഞു. പക്ഷേ നൃത്തം ചെയ്യുമോ എന്ന ചോദ്യത്തിന് “ഒപ്പന” കളിക്കും എന്ന മറുപടി. മാപ്പിളപാട്ടും ഒപ്പനയും നാടന്‍ ശീലുകളും ഒക്കെ ഹരമായിരുന്ന കാലമായിരുന്നു എങ്കിലും “ഓ... ഒപ്പന നൃത്തമാണോ?” എന്നൊരു കളിയാക്കലുമായി അടുത്ത പുതുമുഖ നാരിയുടെ പരിചയപ്പെടല്‍ ചടങ്ങിലേക്ക്....

ദിവസങ്ങള്‍ കൊഴിഞ്ഞു...പുതുമുഖങ്ങള്‍ പഴയ മുഖങ്ങളായി തുടങ്ങി. പരിചയപ്പെടലും പെടുത്തലുമൊക്കെ കഴിഞ്ഞു. സമരം, അടി, പിടി, കല്ലേറ് തുടങ്ങി പഠനം ഒഴികെ ബാക്കി കലാപരിപാടികളൊക്കെയായി കാമ്പസ് പതിവ് പോലെ മുന്നോട്ട്. പതിവ് പോലെ തന്നെ കാമ്പസ് വീക്കും കടന്നു വന്നു. നാലുഹൌസുകളില്‍ ഒന്ന് എല്ലോ ഹൌസ്. എല്ലോ ഹൌസിന്റെ ക്യാപ്റ്റന്‍ ഞാന്‍. മത്സരിക്കാനുള്ള കുട്ടികളെ കണ്ടെത്തണം. കുട്ടികളെ തപ്പിയിറങ്ങി..

ഒപ്പനക്ക് കുട്ടികള്‍ വേണം. പുതുമുഖ പരിചയപ്പെടലിനിടക്ക് പരിചയപ്പെട്ട ഒപ്പന കളിക്കുന്ന ഒരു പെണ്‍ കുട്ടി ഓര്‍മ്മയിലെത്തി. നേരേ തേര്‍ഡ് എഫിലേക്ക്.

“കുട്ടീ... ഒപ്പനക്ക് ചേരുന്നുണ്ടോ?”
“ഒപ്പനക്ക് സ്കൂളില്‍ വെച്ച് ഞാന്‍ മണവാട്ടിയാ‍യിട്ടാണ് കളിച്ചത്....”
“അതു ശരി....അപ്പോ ചേരുന്നില്ലാ എന്നാണോ?”
“മണവാട്ടിയാക്കാമെങ്കില്‍ വരാം...”
“ഞാനൊന്നാലിചിക്കട്ടെ...”

ഒപ്പനക്കുള്ള മണവാട്ടി കോളേജ് ബ്യൂട്ടിയായിരിയ്ക്കുമെന്ന് നേരത്തേ തന്നെ നിശ്ചയിച്ചിരുന്നതു കൊണ്ട് തന്നെ അതൊരു വെറും വാക്കായിരുന്നു. കുട്ടിനേതാവായിരുന്നതു കൊണ്ടുള്ള ഡിപ്ലോമാറ്റിക്കായുള്ള ഒരു മറുപടി അത്ര മാത്രം.

പക്ഷേ വിധി മറ്റൊന്നായിരുന്നു!

അവള്‍ ഇന്ന് എന്റെ മണവാട്ടി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. പ്രവാസത്തിന്റെ പ്രയാസങ്ങളിലും തോളോടു ചേര്‍ന്ന്.....

കാമ്പസ് എനിക്ക് തന്ന മണവാട്ടി.

പ്രണയം കാമ്പസുകളില്‍ നിന്നും നെറ്റില്‍ തൂങ്ങി മൊബൈല്‍ വഴി ഹോട്ടല്‍ മുറികളിലെക്ക് ചേക്കേറുന്ന ഇക്കാലത്ത് ഇരുപത് വര്‍ഷം മുന്നേയുള്ള ആ ദിനങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നത് എത്ര സുന്ദരമായ നിമിഷങ്ങളാണ്...

Saturday, November 21, 2009

തീമഴ പെയ്യാത്തതെന്തു കൊണ്ട്?

റുഖിയ.
റുഖിയയുടെ മകള്‍ റജീന.
പിന്നെ റജീനയുടെ മൂന്ന് മക്കള്‍.
നാലു മക്കള്‍ക്ക് ജന്മം നല്‍കിയെങ്കിലും റജീന അവിവാഹിതയാണ്. നാലു കുട്ടികളില്‍ ഒരാള്‍ മരിച്ചു. അഥവാ, നേരും നെറിയും നീതിയും ന്യായവും ബോധവും കെട്ട ലോകത്ത് നിന്നും ഒരു കുട്ടിയെങ്കിലും രക്ഷപെട്ടു!

റുഖിയയും റജീനയും.
കരുകോണ്‍ ഗ്രാമത്തിന്റെ ദുരന്ത കാഴ്ചയാണ് അവര്‍!
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ആരോ സമ്മാനിച്ച കൈകുഞ്ഞുമായി കരുകോണിലെത്തിയ റുഖിയ പതുക്കെ പതുക്കെ ഗ്രാമത്തിന്റെ തമാശയാവുകയായിരുന്നു. റജീനയുടെ ശൈശവത്തില്‍, റുഖിയ മുന്നില്‍ റുഖിയയുടെ ഉടുതുണിയില്‍ തൂങ്ങി റജീന. പിന്നെ കുട്ടി ശൈശവം വിട്ടപ്പോള്‍ മുന്നേ റജീന പിന്നില്‍ ഒരു വടിയുമായി റുഖിയ എന്ന നിലയ്ക്കായി യാത്ര. വടി പക്ഷേ റുഖിയ വെറുതെ അങ്ങിനെ കൊണ്ടു നടക്കുമെന്ന് മാത്രം. റജീനയുടെ പാതകളായിരുന്നു അക്കാലത്ത് റുഖിയയുടേയും വഴികള്‍. റജീന എങ്ങോട്ടു പോകുന്നോ അങ്ങോട്ടൊക്കെയും റുഖിയയും തിരിയും. റജീനയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ റുഖിയ ചീറും. റുഖിയയെ കളിയാക്കിയാല്‍ റജീനയും പ്രതികരിയ്ക്കും. അമ്മയ്ക്ക് മകളും മകള്‍ക്ക് അമ്മയും മാത്രം സ്വന്തമെങ്കിലും പക്ഷേ ചിലപ്പോള്‍ ഈ സൌഹാര്‍ദ്ദമൊക്കെ രൂക്ഷമായ സംഘര്‍ഷത്തിനു വഴിവെയ്ക്കും. അമ്മ മകളേയും മകള്‍ അമ്മയേയും കിട്ടുന്നതെല്ലാം എടുത്ത് പരസ്പരം തല്ലും.

വഴക്കും വക്കാണവും സൌഹൃദവും ഒക്കെയായി റുഖിയയും റജീനയും നാട്ടുകാര്‍ക്ക് എപ്പോഴും തമാശയ്ക്കുള്ള വകയായി. പ്രത്യേക ഉദ്ദേശ്യമോ ലക്ഷ്യമോ ഇല്ലാതെ ഗ്രാമത്തില്‍ അതിരാവിലെ മുതല്‍ മുന്നില്‍ റജീനയും പിന്നില്‍ റുഖിയയും നിത്യ യാത്രയില്‍. സഹൃദയര്‍ ആരെങ്കിലും വല്ലതും കൊടുത്താല്‍ ചിലപ്പോള്‍ വാങ്ങി കഴിയ്ക്കും. മിക്കപ്പോഴും തിരസ്കരിയ്ക്കും. മുട്ടിനു മുട്ടിനു വിദ്യാലയങ്ങളുടുണ്ട് ഞങ്ങളുടെ നാട്ടില്‍, പക്ഷേ റജീനയ്ക്കായി ഒരു സ്കൂളിന്റേയും വാതില്‍ തുറന്നില്ല. അവിവാഹിതയും മാനസിക രോഗിയുമായ അമ്മയ്ക്ക് പിറന്ന മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ ഞങ്ങളുടെ പ്രബുദ്ധഗ്രാമത്തിനു ഉത്തരവാ‍ദിത്തം ഒന്നുമില്ലല്ലോ?

കാലം അങ്ങിനെ കടന്നു പോയി. റുഖിയയും റജീനയും ഗ്രാമവും ഒക്കെ പ്രവാസത്തില്‍ അന്യമാവുകയായിരുന്നു. പക്ഷേ രണ്ടു ദിവസം മുന്നേ ഒരു ദൃശ്യമാദ്ധ്യമത്തില്‍ കണ്ട കാഴ്ച. ഹോ.....ഇപ്പോഴും ആത്മനിന്ദ ഉളവാക്കുന്നു!

വിഭ്രാന്തിയുടെ ഏറ്റവും ദുഷ്കരമായ അവസ്ഥയില്‍ റുഖിയ. കൂടെ റജീനയും മൂന്ന് കുഞ്ഞുങ്ങളും. ഏറ്റവും ഇളയ കുട്ടിയ്ക്ക് പ്രായം ഇരുപത് ദിവസം മാത്രം!

മാനസ്സിക രോഗിയായിരുന്നു റുഖിയ. കാണുന്ന കാലത്ത് റജീനയ്ക്ക് അങ്ങിനെ മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ഇപ്പോള്‍ റജീനയും മാനസിക രോഗി. പക്ഷേ അനാഥയും മാനസ്സിക രോഗിയുമായ ഒരു മാതാവിന്റെ അനാഥയായ പെണ്‍കുട്ടിയെ പിഴപ്പിയ്ക്കാന്‍ ഞങ്ങളുടെ ഗ്രാമത്തിനു അല്പം പോലും കരളറപ്പുണ്ടായിരുന്നില്ല. മാനസിക രോഗം ബാധിച്ച സമൂഹത്തിനു അനാഥ ബാല്യത്തെ പിഴപ്പിയ്ക്കാന്‍ അറപ്പേതുമുണ്ടാകേണ്ട കാര്യമില്ലല്ലോ?

അടിയ്ക്കടി പ്രസവിയ്ക്കേണ്ടി വരുന്ന അവിവാഹിതയായ അമ്മ! തങ്ങള്‍ അധിവസിയ്ക്കുന്ന സമൂഹത്തില്‍ നിരാലംബയായ ഒരു പെണ്‍ കുട്ടി അടിയ്ക്കടി അനാഥ ഗര്‍ഭം ചുമക്കേണ്ടി വരുമ്പോള്‍ അത് നോക്കി രസിയ്ക്കുന്ന ഗ്രാമവാസികള്‍. മാനസിക രോഗത്തിനടിമപ്പെട്ട നിരാലംബയായ ഒരു പെണ്‍കുട്ടിയെ അനുനിമിഷം പിഴപ്പിച്ചു കൊണ്ടിരിയ്ക്കുന്ന ഗ്രാമത്തിന്റെ മേലേ തീമഴ പെയ്യാത്തതെന്തുകൊണ്ട്?

പ്രവാസത്തിന്റെ പണക്കൊഴുപ്പ് ഞങ്ങളുടെ ഗ്രാമക്കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിയ്ക്കപ്പെട്ടിട്ടുള്ള മണിമാളികകള്‍ പാതയുടെ ഇരുവശവും കാണാം. വെറുതേയെങ്കിലും വര്‍ഷാവര്‍ഷം കെട്ടിടത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ ഇടിച്ച് പുതിയവ കൂട്ടിചേര്‍ക്കുക ഞങ്ങളുടെ ഹോബിയാണ്. അത്രയ്ക്കുണ്ട് ഞങ്ങളുടെ പണക്കൊഴുപ്പ്!

അല്ലേല്‍ നോക്കണം - ഇപ്പോള്‍ തന്നെ ആരാധനാലയങ്ങള്‍ എത്രയെണ്ണം ഞങ്ങള്‍ കെട്ടി പൊക്കി. പ്രാര്‍ത്ഥിയ്ക്കാന്‍ പക്ഷേ ആളുകള്‍ കമ്മിയാണെന്നു മാത്രം. ദേണ്ടെ കഴിഞ്ഞ മൂന്ന് മാസം മുന്നേ തന്നെ മൂന്ന് ആരാധനാലയങ്ങളാണ് ഞങ്ങളുടെ ഗ്രാമത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഏതാനും നാള്‍ മുന്നേ അഞ്ചല്‍ പട്ടണത്തില്‍ മതത്തിന്റെ പേരില്‍ ഒരു സാംസ്കാരിക കേന്ദ്രം തന്നെ ഞങ്ങള്‍ തുടങ്ങി. മഹലിന്റെ പേരില്‍ ഇപ്പോള്‍ ആഡിറ്റോറിയം പണിയുകയാണ് ഞങ്ങള്‍. അതൊക്കെ പോരെ.

ദൈവത്തിന്റെ കാര്യം ഞങ്ങള്‍ നോക്കാം. സാധുക്കളുടേ കാര്യം ദൈവം നോക്കിക്കോളും!

രമ്യഹര്‍മ്മ്യങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
ആരാധനാലയങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
സാംസ്കാരിക കേന്ദ്രങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ നാട്!
മാനസ്സിക രോഗിയായ ഒരു പെണ്‍ കുട്ടിയ്ക്ക് അടിയ്ക്കടി പിതൃത്വമില്ലാത്ത ഗര്‍ഭം സമ്മാനിയ്ക്കുന്ന ഞങ്ങളുടെ ഗ്രാമമേ നിന്റെ മേലേ ആ പെണ്‍കുട്ടിയുടേയും അനാഥ ബാല്യങ്ങളുടേയും ശാപം ഇടിത്തീയായി വീഴാ‍തിരിയ്ക്കാന്‍ എന്തുണ്ട് കാരണം?

അനാഥര്‍, ആലംബഹീനര്‍, മാനസിക വൈകല്യമുള്ളവര്‍, ദുര്‍ബലര്‍.
സമൂഹത്തിന്റെ സ്വത്താണവര്‍. അവരെ സംരക്ഷിയ്ക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്തം മറന്ന് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പണിതുയര്‍ത്തിയിട്ട് കാര്യമൊന്നുമില്ല. ഈശ്വര ചൈതന്യം കെട്ട ആരാധനാലയങ്ങളും സാംസ്കാരിക ജീര്‍ണ്ണത ബാധിച്ച സാംസ്കാരിക കേന്ദ്രങ്ങളും നിറഞ്ഞ ഗ്രാമങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം ഇന്ന് ഒരുദാഹരണമാണ്. അതിന്റെ ഭാഗമായതില്‍ അടക്കാനാകാത്ത ആത്മനിന്ദ തോന്നുന്നു.

മാനസ്സിക രോഗിയായ ഒരു അമ്മയ്ക്ക് പിറന്ന പെണ്‍കുട്ടിയെ സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ ഗ്രാമം നിര്‍വഹിച്ചിരുന്നു എങ്കില്‍ ആ പെണ്‍ കുട്ടി പിഴയ്ക്കില്ലായിരുന്നു. ഒരിയ്ക്കല്‍ പിഴച്ചു പോയപ്പോഴെങ്കിലും ആ പെണ്‍കുട്ടിയുടെ ഇല്ലായ്മകളെ തിരിച്ചറിയാന്‍ ഞങ്ങളുടെ ഗ്രാമം ശ്രമിച്ചിരുന്നു എങ്കില്‍ അവള്‍ വീണ്ടും വീണ്ടും തന്തയില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിയ്ക്കില്ലായിരുന്നു.

ആര്‍ക്കെന്തു ചേതം.
“റുഖിയയുടെ മോള് വീണ്ടും പെറ്റു.”
അത് ഞങ്ങള്‍.... ഗ്രാമവാസികള്‍ക്ക് ഇപ്പോഴത്തെ തമാശ!
ചെറ്റകള്‍.

Friday, October 30, 2009

ജ്വാലകള്‍ ശലഭങ്ങള്‍ മണല്‍ നഗരത്തിലും...

ശശി കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും തുറന്ന് വിടാന്‍ കൂടിയ അക്ഷര കൂട്ടത്തില്‍ ജ്വലിച്ചുയര്‍ന്നത് സൌഹാര്‍ദ്ദത്തിന്റെ അഗ്നി ജ്വാലകളായിരുന്നു. ഏതെങ്കിലും ഒരു പുസ്തക പ്രകാശനത്തില്‍ നേര്‍ച്ച പോലെ പങ്കെടുത്ത് പ്രകാശനത്തിനു കൈയടിച്ചു മടങ്ങുന്ന ചടങ്ങുകള്‍ക്ക് വിപരീതമായി സ്വന്തം കുടുംബാംഗത്തിന്റെ പ്രജ്ഞയില്‍ ജന്മം കൊണ്ടൊരു പുസ്തകത്തിന്റെ പ്രകാശനത്തിനു പങ്കെടുക്കാന്‍ ഒരുമിച്ച് കൂടിയവരുടെ അവിസ്മരണീയമായ നിമിഷങ്ങള്‍ക്കാണ് പ്രവാസ ഭൂമിക ഇന്ന് സാക്ഷ്യം വഹിച്ചത്.

രാവിലെ ഒമ്പത് മണിയ്ക്ക് തുടങ്ങും എന്നറിയിച്ചിരുന്ന പ്രകാശനചടങ്ങില്‍ സമയ നിഷ്ടയില്‍ കണിശക്കാരനായ ഞാനും എന്റെ കുടുംബവും കിറു കൃത്യം പത്തര മണിയ്ക്ക് തന്നെ എത്തിച്ചേര്‍ന്നു. വേദിയിലേയ്ക്ക് കടക്കുമ്പോള്‍ താലപ്പോലി ഏന്തിയ ബാലികമാര്‍ എന്നെയും കുടുംബത്തേയും എതിരേറ്റു. ഹോ...അത്രയൊന്നും വേണ്ടിയിരുന്നില്ല എന്ന് മനസ്സില്‍ ഓര്‍ത്തു കോണ്ട് സദസ്സിലേയ്ക്ക് ഞങ്ങള്‍ കയറിയിട്ടും ബാലികമാര്‍ അവരുടെ നില തുടര്‍ന്നപ്പോഴാണ് മനസ്സിലായത് വിശിഷ്ടാതിഥികളെ സ്വീകരിയ്ക്കാനാണ് അവര്‍ താലപ്പൊലിയും ഏന്തി നിന്നിരുന്നത് എന്ന്. ആ പോട്ടെ. ആരും കണ്ടില്ല. താലപ്പൊലി ഏന്തിയ രണ്ട് ഫിലിപ്പൈനി സഹോദരന്മാര്‍... ജീവിതത്തിലെ ആദ്യത്തെ കാഴ്ചയുമായി. നല്ല ആത്മാര്‍ത്ഥതയുള്ള സഹോദരങ്ങള്‍...

സദസ്സിലേയ്ക്ക് കയറിയപ്പോള്‍ ഒഴികിയെത്തിയ കര്‍ണ്ണാനന്ദകരമായ സിത്താറിന്റെ വീചികള്‍ മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍മയിലാഴ്ത്തിയത്. ഉസ്താദ് ഇബ്രാഹിം കുട്ടി എന്ന അനുഗ്രഹീത കലാകാരന്റെ വിരലുകള്‍ സിത്താറിന്റെ തന്ത്രികളില്‍ കാട്ടിയ മായജാലം സദസ്സ് നന്നായി തന്നെ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയില്‍ സദസ്സ് ലയിച്ചിരുന്ന നിമിഷങ്ങള്‍... ഞങ്ങളും അതിലങ്ങിനെ ലയിച്ച്... ലയിച്ച്....

വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമാ‍യ സ്വീകരണം നല്‍കുമ്പോഴും വേദിയില്‍ ഉസ്താദ് ഇബ്രാഹിം കുട്ടിയുടെ സംഗീത വിരുന്ന് തുടരുകയായിരുന്നു. പ്രകാശന ചടങ്ങിനു മുന്നോടിയായി സിത്താര്‍ നാദം അവസാനിപ്പിച്ചു.

കൂഴൂര്‍ വിത്സന്‍ മാഷ് വന്ന് വേദിയുടെ മൂലയ്ക്കിരുന്ന ഓര്‍ക്കിഡ് സൌന്ദര്യം പീഠത്തോടു കൂടി വേദിയുടെ കേന്ദ്ര ഭാഗത്തേയ്ക്ക് കൊണ്ടു വെച്ചപ്പോള്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ഔപചാരികമായി തുടങ്ങുന്നു എന്ന അറിയിപ്പ് കിച്ചുവിന്റെ ശബ്ദത്തില്‍ ഹാളില്‍ മുഴങ്ങി. ചടങ്ങുകള്‍ക്ക് രാം മോഹന്‍ പാലിയത്ത് സ്വാഗതം ഓതി. പുസ്തകത്തെ കുറിച്ചും, ബ്ലോഗെന്ന മാധ്യമത്തെ കുറിച്ചും, അരബ് വംശജനായ വിശിഷ്ടാതിഥിയും മലയാളവും തമ്മിലുള്ള ഗാഢ ബന്ധത്തെ കുറിച്ചും ഒക്കെ സ്വാഗത പ്രാസംഗികന്‍ ചെറുതെങ്കിലും തന്റെ സുന്ദരമായ ഭാഷയില്‍‍ വ്യക്തമായി തന്നെ വിവരിച്ചു. വിശിഷ്ടാതിഥിയുടെ വൈശിഷ്ട്യവും പുസ്തകത്തിന്റെ സന്ദേശവും സദസ്സിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നതായിരുന്നു സ്വാഗത പ്രാസംഗികന്റെ സ്വാഗതമോതല്‍.

ശ്രീ. ബാലചന്ദ്രന്‍ തെക്കന്മാര്‍ അദ്ധ്യക്ഷനായി പരിപാടികള്‍ തുടര്‍ന്നു. പ്രവാസത്തില്‍ മുപ്പത്തി ആറ് വയസ്സായ ബാലചന്ദ്രന്‍ തെക്കന്മാര്‍ മുപ്പത്തി അഞ്ച് വയസ്സായ ശശികൈതമുള്ളിന്റെ പുസ്തക പ്രകാശനത്തിന്റെ അദ്ധ്യക്ഷനായത് ആകസ്മികമായിട്ടല്ല എന്ന അദ്ധ്യക്ഷന്റെ പരാമര്‍ശം വേദിയില്‍ ചിരിയുയര്‍ത്തി.

വിശിഷ്ടാതിഥി ശ്രീ. ശിഹാബ് എം. ഘാനിം മലയാളത്തേയും, മലയാളിയുടെ ഭാഷാ സ്നേഹത്തേയും, പ്രവാസത്തില്‍ പോലും മാതൃഭാഷയുടെ പേരില്‍ ഒത്തു ചേരാന്‍ സമയം കണ്ടെത്തിയതിന്റെ മഹത്വത്തേയും, മുക്തഖണ്ഡം പ്രശംസിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. മലയാളത്തിന്റെ സ്വന്തമായ പല രചനകളും അറബിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ശ്രീ. ഘാനിം തന്റെ പതിഞ്ഞ ശബ്ദത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സദസ്സിന്റെ ഹൃദയം കവരുകയായിരുന്നു. കവയത്രിയും നോവലിസ്റ്റുമായ ശ്രീമതി സിന്ധു മനോഹരന് ഒരു പ്രതി നല്‍കി കൊണ്ട് ശ്രീ. ഘാനിം “ജ്വാലകള്‍ ശലഭങ്ങള്‍” പ്രകാശിപ്പിച്ചപ്പോള്‍ നീണ്ടു നിന്ന ഘരാഘോഷം “ജ്വാലകള്‍ ശലഭങ്ങളുടെ” ആദ്യ വായനക്കാരായ ബൂലോഗ വാസികളുടെ അംഗീകാരം കൂടിയായിരുന്നു. ആദ്യ വായനക്കാരുടെ അകമഴിഞ്ഞ സ്നേഹാദരം...

പുസ്തകത്തിനും പുസ്തകക്കാരനും എന്റേയും സ്നേഹാദരം!

പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ശ്രീമതി സിന്ധു മനോഹരന്‍ പറഞ്ഞ് വെച്ചത് പതിനഞ്ച് പെണ്‍ ഹൃദയങ്ങളിലൂടെ സഞ്ചരിച്ച് ശശി കൈതമുള്ള് അവതരിപ്പിച്ചിരിയ്ക്കുന്നത് സ്ത്രീകളുടെ മൊത്തം ആകുലതകളും ആശങ്കകളും വിഹ്വലതകളുമാണെന്നാണ്.

കൂട്ടം എന്ന കമ്മ്യൂണിറ്റി വെബ്ലൈറ്റിന്റെ അമരക്കാരനായ ജ്വോതികുമാറിന്റെ ആശംസാ പ്രസംഗം സുഖമുള്ള കേള്‍വിയായിരുന്നു. സദാശിവന്‍ അമ്പലമേടും കൂ‍ഴൂര്‍ വിത്സനും ആശംസകള്‍ നേര്‍ന്നു. ബൂലോഗത്തെ ആദ്യത്തെ പുസ്തകത്തിന്റെ ഉടമ വിശാലമനസ്കന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലിയില്‍ പുസ്തകക്കാരന് ആശംസകള്‍ നേര്‍ന്നതിനൊപ്പം ഇങ്ങിനെയൊരു തുറന്നെഴുത്തിനു തടസ്സം നില്‍ക്കാതിരുന്ന പുസ്തകക്കാരന്റെ നല്ലപാതിയേയും ആശംസകള്‍ അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ദേവസേനയുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിയ്ക്കപ്പെട്ടു. ആശംസാ കുറിപ്പില്‍ നമ്മെ വിട്ടകന്ന കവി ജ്വോനവനെ സ്മരിയ്ക്കാനും ദേവസേന മറന്നില്ല.

നന്ദി പ്രകാശനത്തിനു ആളെ വിളിച്ചപ്പോള്‍ കൈതമുള്ള് ശശിയേട്ടനെ കാണാനില്ല! നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഉദ്യോഗഭരിതമായ നിമിഷങ്ങള്‍... വേദി ശശിയേട്ടനെ കാത്തിരുന്ന വേള. ഒടുവില്‍ അദ്ദേഹം വേദിയിലെത്തി. കാര്യം പറഞ്ഞു. വിശിഷ്ടാതിഥികളെ യാത്രയാക്കാന്‍ പോയതിനാലാണ് പേരു വിളിച്ചപ്പോള്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നത് എന്ന ക്ഷമാപണത്തോടെ ആര്‍ക്കാണ് നന്ദി പറയേണ്ടുന്നത് എന്ന ചോദ്യത്തില്‍ ശശിയേട്ടന്റെ നന്ദി പ്രകടനം അവസാനിച്ചു. അപരിചിതരായി ആരുമില്ലാത്ത സദസ്സ്, ഒരു കുടുംബത്തിലെ അംഗത്തിനു മറ്റൊരു അംഗത്തോടു എന്തിന്റെ പേരില്‍ നന്ദി പറയാന്‍ കഴിയും? നമ്മുടെ പുസ്തകം. നമ്മുടെ ചടങ്ങ്. നമ്മള്‍ വിജയിപ്പിച്ചു!

തുടര്‍ന്നു വന്നത് നിഥിന്‍ വാവയുടെ സംഗീത വിരുന്ന്. വയലിന്‍ കൊണ്ട് വാവയും നാദ വിസ്മയം തീര്‍ത്തു.

ഡീ.സി. ബുക്സിന്റേയും ബുക്ക് റിപ്പബ്ലിക്കിന്റേയും പുസ്തക പ്രദര്‍ശനം ചടങ്ങുകള്‍ക്കിടയില്‍ ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും തികച്ചും അക്ഷര കൂട്ടായ്മ. പ്രവാസത്തിലും മാതൃഭാഷയുടെ മഹനീയത മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍...

ഭോജനം... പിന്നെ കൈപ്പള്ളിയുടെ ഫോട്ടോ ഷോ. സുന്ദരമായ ഫോട്ടോകളുടെ സാങ്കേതികത്വത്തിലേക്ക് കൈപ്പള്ളി സദസ്സിനെ കൂട്ടി കൊണ്ടു പോയി. ഫോട്ടോ ഷോയ്ക്കിടയില്‍ കൈപ്പള്ളീ സ്റ്റൈല്‍ ചോദ്യോത്തര പരിപാടിയും ശരിയുത്തരം പറഞ്ഞവര്‍ക്ക് തത്സമയ സമ്മാന വിതരണവും. ഒരു വിധത്തില്‍ അതങ്ങ് അവസാനിച്ചു!

കൂഴൂര്‍ വിത്സന്റെ ചൊല്‍ക്കാഴ്ചയും പുത്തന്‍ അനുഭവമായിരുന്നു. കവിതകളുടെ ഒരു കൊളാഷ്! കാമ്പസില്‍ പാടി നടന്ന കവിതകള്‍ മുതല്‍ ബ്ലോഗുകളിലൂടെ പരിചിതമായ കവിതകള്‍ വരെ അരമണിക്കൂര്‍ കൊണ്ട് അദ്ദേഹം നമ്മുക്ക് ചിരപരിചിതമായ ശബ്ദത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പരോളിന്റെ പ്രദര്‍ശനം. നാലുമണിയോടെ “പരോളും” കഴിഞ്ഞു. ഞറുക്കെടുപ്പ്. സമ്മാനദാനം.

പരിപാടിയൊക്കെ ഭംഗിയായി അവസാനിച്ചു. പക്ഷേ, ഭരതവാക്യം കഴിഞ്ഞപ്പോഴാ ഓര്‍ത്തത് “ജ്വാലകള്‍ ശലഭങ്ങള്‍” വാങ്ങിയില്ലാല്ലോ എന്ന്. ശശിയേട്ടനെ തപ്പി ഒരു കോപ്പി ആവശ്യപ്പെട്ടു.

“വിലയെത്രയാ ശശിയേട്ടാ?” ഞാന്‍.

“പതിനഞ്ച് ദിര്‍ഹം”. ശശിയേട്ടന്‍.

“ഹോ... പതിനഞ്ച് പെണ്ണനുഭവങ്ങള്‍ക്ക് പതിനഞ്ച് ദിര്‍ഹം... നിങ്ങളുടെ പെണ്ണനുഭവങ്ങള്‍ പതിനഞ്ചില്‍ നിന്നു പോയത് കാര്യമായി. ഒരു നൂറോ ഇരുന്നൂറോ അനുഭവങ്ങള്‍ ഉണ്ടായിരുന്നേല്‍ വിലയെത്രയായേനെ? ഒടയതമ്പുരാന്‍ രക്ഷിച്ചു...” - ആത്മഗതം!

തിരികേ വരുമ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങല്ലായിരുന്നു മനസ്സില്‍ - ഒരു കുടുംബയോഗത്തില്‍ സംബന്ധിച്ച ആത്മ നിര്‍വൃതിയായിരുന്നു!
-----------------------------------------------------

ചേര്‍ത്ത് വായിയ്ക്കാം... ആ സുന്ദര നിമിഷങ്ങളെ അനുഭവിയ്ക്കാം!

1. പകല്‍ കിനാവന്‍ തയ്യാറാക്കിയ പ്രകാശന ചടങ്ങിന്റെ ഫോട്ടോ ഫീച്ചര്‍ ഇവിടെ.

2. പുള്ളി പുലിയുടെ ഫോട്ടോ മാജിക് : പ്രകാശം പരത്തുന്ന കവി ഇവിടെ.

3. വശംവദന്റെ ജ്വാലകള്‍ ആളിപടര്‍ന്നപ്പോള്‍ ഇവിടെ.

4. കുട്ടേട്ടന്റെ അക്ഷരങ്ങള്‍ കൊണ്ടാടപ്പെടുകയും സിത്താര്‍ കേള്‍ക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക് ഇവിടെ.

Tuesday, October 27, 2009

ശരിയോ തെറ്റോ?

അങ്ങിനെ ആ തിരശ്ശീലയും വീണു.
അടൂര്‍ ഭവാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരിയ്ക്കലും മരിയ്ക്കാത്ത ഒരു പിടി കഥാപാത്രങ്ങളെ ഭൂമിമലയാളത്തിനു സമ്മാനിച്ചു അവര്‍ പടിയിറങ്ങി. അനുജത്തിയ്ക്ക് അകമ്പടിയായി മലയാള സിനിമയിലേയ്ക്ക് പിച്ച വെച്ച് കടന്നു വന്ന ഭവാനിയമ്മ ചക്കി മരയ്ക്കാത്തിയിലൂടെ മലയാളിയുടെ മനം കവരുകയായിരുന്നു. മുന്നൂറിലേറെ സിനിമകള്‍... ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം മലയാളീ സിനിമാ പ്രേക്ഷകന്റെ മനസ്സില്‍ മരണത്തെ അതി ജീവിച്ച് നില്‍ക്കുന്നു. മുന്നൂറ് സിനിമകള്‍ പക്ഷേ ഭവാനിയമ്മയ്ക്ക് നല്‍കിയത് തീരാ ദാരിദ്ര്യമായിരുന്നു. ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സിനിമാ താരം! ജീവിയ്ക്കാന്‍ മറന്നു പോയവര്‍ മലയാള സിനിമയില്‍ എന്നും ഉണ്ടായിട്ടുണ്ട്. അതിലൊരാളായി അടൂര്‍ ഭവാനിയും അവസാനിച്ചു.

പക്ഷേ ആ നല്ല നാടക നടിയുടെ, സിനിമാതാരത്തിന്റെ ജീവിതം അവസാനിച്ച ദിനം മലയാള സിനിമാ പ്രസ്ഥാനം കാട്ടിയ നെറികേട്, അല്പത്വം, അസ്സഹനീയമായിരുന്നു. ഒരിയ്ക്കല്‍ ഒരു മാധ്യമത്തോടു സിനിമയുടെ മായിക ലോകത്തെ പണമായി മാറ്റാന്‍ മറന്നു പോയ ആ പച്ച സ്ത്രീ പറഞ്ഞ വാക്കുകള്‍....

“എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. മരുന്നു വാങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കുഞ്ഞ് ഉണ്ടായതു കൊണ്ട് ഞാന്‍ കഞ്ഞി കുടിച്ച് കഴിയുന്നു...”

ഒരായുഷ്കാലം മുഴുവന്‍ ഇടപഴകിയിരുന്ന സമ്പന്നതയുടെ പര്യയമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയ്ക്ക് ജീവിത സായഹ്നത്തില്‍ നേരിട്ട അവഗണനയുടേയും ദുരിതത്തിന്റേയും നേര്‍ക്കാഴ്ചയായിരുന്നു ആ വാക്കുകള്‍. വിറങ്ങലിച്ച വാക്കുകളിലൂടെ അവര്‍ വരച്ചു കാട്ടിയത് സിനിമ തന്നോടു ചെയ്ത നെറികേടിന്റെ ചിത്രമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക ശവമടക്കല്‍ ചടങ്ങിനു മുന്നേ സിനിമാക്കാര്‍ ന്യായങ്ങളുമായി എത്തിയ കാഴ്ച എത്രയോ അരോചകമായിരുന്നു. അതില്‍ ഏറ്റവും ദുസ്സഹമായി തോന്നിയത് കവിയൂര്‍ പൊന്നമ്മയുടെ നാട്യങ്ങളായിരുന്നു.

“....ഞാനും ഞങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളും ഭവാനിയമ്മയെ കാണാന്‍ പോയിരുന്നു... ഞങ്ങള്‍ ഒരു തുക ഭവാനിയമ്മയ്ക്ക് നല്‍കി. ഞങ്ങള്‍ എല്ലാം അന്വേഷിയ്ക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. ആരും തിരിഞ്ഞ് നോക്കിയില്ല എന്നതൊന്നും സത്യമല്ല....”

അങ്ങിനെ പോയി അവരുടെ ഗീര്‍വ്വാണം. മരിച്ചു നിമിഷങ്ങള്‍ കഴിയുമുന്നേയായിരുന്നു കവിയൂ‍ര്‍ പൊന്നമ്മയുടെ പതം പറച്ചില്‍. ആ മഹാനടി ജീവിത സായഹ്നത്തില്‍ ദുരിതങ്ങളോടു പടവെട്ടി ദുസ്സഹമായ വേദനയോടെ മരുന്നിനു പോലും പണമില്ലാതെ ഇഹലോക വാസം വെടിഞ്ഞതിലല്ലായിരുന്നു ആ അമ്മനടിയുടെ വിഷമം. ഒറ്റപ്പെടലിന്റെ വേദനയില്‍ നരകിച്ച തന്റെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ താനും പെട്ടു പോയല്ലോ എന്നതായിരുന്നു അവരുടെ ഗീര്‍വ്വാ‍ണത്തിനു പ്രചോദനം. എന്നിട്ടും മണ്ണടിയുമുന്നേ ചെയ്ത ഉപകാരങ്ങളുടെ വിളംബരവും മരിയ്ക്കും മുന്നേ തങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നിരുന്നു എന്ന അവകാശ വാദവും. അടൂര്‍ഭവാനിയെ കാണാന്‍ കവിയൂര്‍ പൊന്നമ്മ ഭവാനിയമ്മയുടെ വീട്ടില്‍ ചെന്നതും വാര്‍ത്തയായിരുന്നു. കൊട്ടും കുരവയും പത്രക്കാരും ചാനല്‍ക്കാരും എല്ലാം കൂടി ആകെ ബഹളം. കൂട്ടത്തില്‍ “തുക” കൈമാറിയത് ലൈവായും കണ്ടു! പക്ഷേ ആ “തുക” ഒരു ചാരിറ്റബിള്‍ സൊസൈറ്റി അടൂര്‍ ഭവനിയ്ക്ക് നല്‍കിയ അവാര്‍ഡിന്റെ ഭാഗമായിരുന്നു എന്നത് ഗീര്‍വ്വാണത്തിനിടയില്‍ കവിയൂര്‍ പൊന്നമ്മ സൌകര്യ പൂര്‍വ്വം പറയാന്‍ മറന്നു. എല്ലാം പ്രകടനം!

തുടര്‍ന്നു സുകുമാരി, കല്പന, ഇന്നസെന്റ്, മിക്കവാറും എല്ലാ താരങ്ങളും, താരങ്ങളുടെ താരങ്ങളും അടൂര്‍ഭവാനിയെ അനുസ്മരിയ്ക്കുന്നുണ്ടായിരുന്നു. എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് അവരവര്‍ ഭവാനിയമ്മയ്ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങളെ കുറിച്ചായിരുന്നു. അതിനിടയ്ക്ക് ചിലര്‍ പറയുന്നത് കേട്ടു “മലയാള സിനിമയില്‍ അല്ലായിരുന്നു എങ്കില്‍ അടൂര്‍ ഭവാനി ലോകം കണ്ട ഏറ്റവും നല്ല സിനിമാക്കാരി ആകുമായിരുന്നു” എന്ന്. എല്ലാ ഔചിത്യവും കാറ്റില്‍ പറത്തുന്ന രീതിയില്‍ സിനിമാക്കാര്‍ അടൂര്‍ ഭവാനിയോട് മരണ ശേഷവും നെറികേടാണ് കാട്ടിയത്!

ആരും തിരിഞ്ഞ് നോക്കാനില്ലാതെ അശ്ശരണയായി മരണം വരിച്ച മഹാ കലാകാരിയോട് മലയാള സമൂഹം മാപ്പ് പറയണം. തിക്കുറിശ്ശിയുടെ “ശരിയോ തെറ്റോ” എന്ന സിനിമയിലൂടെ മലയാളക്കര കീഴടക്കിയ അടൂര്‍ ഭവാനിയോട് ശരികേടാണ് നാം കാട്ടിയത്. ഔദ്യോഗികതയുടെ പേരില്‍ ആകാശത്തേയ്ക്ക് വെടിവെച്ച് കുഴിച്ചിടുമ്പോള്‍ ശരിയാകുന്നതല്ല ആ ശരികേട്. അര്‍ഹിയ്ക്കുന്ന അവസരത്തില്‍ ആ സാധു സ്ത്രീയോടു സഹായ ഹസ്തം നീട്ടാന്‍ നമ്മുക്കായില്ല. അഭ്രപാളികളില്‍ ജീവിച്ചു നമ്മേ രസിപ്പിച്ച, പ്രശസ്തിയുടെ നാളുകളില്‍ ജീവിയ്ക്കാനും പണം സമ്പാതിയ്ക്കാനും മറന്നു പോയ നിരവധി കലാകാരന്മാര്‍ ജീവിത സായഹ്നത്തില്‍ നിസ്സഹായരായി നമ്മുടെ മുന്നില്‍ ഉണ്ട്. അവരുടെ മഹത്വം മനസ്സിലാക്കാന്‍ മരിച്ചു കഴിയണം എന്ന നിലപാട് അവസാനിപ്പിയ്ക്കണം. അടൂര്‍ഭവാനിയുടെ മരണം നമ്മേ പഠിപ്പിയ്ക്കുന്ന പാഠം അതാണ്.

പ്രിയപ്പെട്ട കലാകാരീ...
മാപ്പ്.... മാപ്പ്.... മാപ്പ്...
ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ചാവിന്റെ ബന്ധുത്വമേ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുള്ളൂ‍. കണ്ടില്ലേ ചാവെത്തിയപ്പോള്‍ ഞങ്ങളാകാശത്തേയ്ക്ക് വെടിവെച്ചത്? ചിതയായി കത്തിയമരുന്നത് ചാനലില്‍ തത്സമയം കാട്ടിയത്? താര രാജക്കന്മാര്‍ വിലയേറിയ പുഷ്പ ചക്രങ്ങളുമായി നിരനിരയായി നിന്ന് അനുശോചനം അറിയിച്ചത്? മന്ത്രി പുംഗവന്മാരും നേതാക്കന്മാരും പഞ്ചപുശ്ചമടക്കി തങ്ങളുടെ ഊഴം കാത്തു നിന്നത്? ചാനല്‍ ചര്‍ച്ചകളില്‍ ഞങ്ങള്‍ നിങ്ങളെ വാഴ്ത്തിപ്പാടിയത്?

ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ...

പ്രണാമം!
------------------------------
ചേര്‍ത്ത് വായിയ്ക്കാം : നന്ദി കേടില്ലാത്ത ലോകത്തേയ്ക്ക് ഒരു താരം കൂടി.