Monday, March 16, 2020

അഞ്ചാം പാതിര : നട്ടപ്പാതിരയിലെ കൊള്ള.

പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ നിരൂപകരുടെയും കയ്യടി നേടിയാണ് തീയേറ്ററുകൾ വിടുന്നത്. പക്ഷേ സിനിമ തുടങ്ങിയിടത്ത് നിന്നും മുന്നോട്ട് പോയി ഒടുങ്ങിയത് ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും അവശേഷിപ്പിച്ച് കൊണ്ടാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം കഥയിൽ ചോദ്യമേ ഇല്ല എന്ന പ്രമാണത്തെ അംഗീകരിച്ച് കൊണ്ട് തന്നെ പക്ഷേ ചിലത് പറയാതെ വയ്യ.

സ്പോയിലർ അലർട്ട്:
"അഞ്ചാം പാതിര" എന്ന സിനിമ കാണാത്ത എന്നാൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ തുടർന്ന് വായിക്കരുത്.

ദുരൂഹ സാഹചര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ അപ്രത്യക്ഷമാകുന്നു. രണ്ടാം പക്കം ചങ്ക് പറിച്ചെടുത്ത നിലയിൽ അവരുടെ മൃതശരീരങ്ങൾ  വിവിധയിടങ്ങളിൽ നിന്നുമായി  കണ്ടെടുക്കുന്നു. കൊല്ലപ്പെടും മുന്നേ ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന്  മൃതശരീരങ്ങൾ  സൂചിപ്പിക്കുന്നു. ഇരകൾ പോലീസ് ആണെന്ന് മാത്രം അല്ല  അന്വഷിക്കുന്ന പോലീസും ഇരയാക്കപ്പെടുന്നു. അപ്രത്യക്ഷമായ  ഒരു പോലീസ് കാരന്റെ ബോഡി രണ്ടാം പക്കം അതീവ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ള പോലീസ് ആസ്ഥാനത്തിന്റെ തിരുമുറ്റത്ത് തന്നെ ചങ്കില്ലാതെ വികൃതമാക്കപ്പെട്ട് കിടക്കുന്നു. ഒരു പോലീസ് കാരന്റെ ബോഡി അന്വഷണത്തെ സഹായിക്കുന്ന ആളുടെ വീട്ടിൽ തന്നെ പാഴ്‌സൽ ആയി എത്തുന്നു. പ്രതിയെ കുറിച്ച് ഒരു തുമ്പും വാലും ഇല്ലാതെ പോലീസ് പമ്പരം കറങ്ങും പോലെ വട്ടം കറങ്ങുമ്പോഴും കൊലകൾ നിർബാധം നടക്കുന്നു.

കണ്ണ് തുറന്ന  നീതി ദേവതയുടെ ശില്പത്തിന്റെ സാന്നിദ്ധ്യമാണ്  പോലീസ് കാരാണ് കൊല്ലപ്പെടുന്നത് എന്നതിനപ്പുറം  കൊലപാതകങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഏക ഘടകം. (പോലീസ് ചെയ്ത തെറ്റിന് നീതി ദേവതയുടെ കണ്ണ് തുറക്കപ്പെട്ടത് എന്തിന് എന്ന് മിഥുൻ മാന്വലിനോട് തന്നെ ചോദിക്കണം). പോലീസ് വാ പൊളിച്ച് നിൽക്കുന്നിടത്തേക്ക് ക്രിമിനോളജിസ്റ്റ് കടന്നു വരുന്നു. കുഞ്ചാക്കോ ബോബൻറെ അൻവർ ഹുസ്സൈൻ പക്ഷേ വേട്ടയിലെ അദ്ദേഹത്തിന്റെ തന്നെ വേട്ടക്കാരന്റെ ഭാവവും ശരീരഭാഷയും ആണ് ഓർമിപ്പിക്കുന്നത്.

അൻവർ ഹുസൈന്റെ നിഗമനങ്ങൾക്ക് ഒപ്പിച്ച് നീങ്ങുന്ന സിനിമ കൊലപാതകങ്ങളും ആയി പുരോഗമിക്കുമ്പോൾ  അന്വഷണ ഉദ്യോഗസ്ഥരിൽ ആരോ ഒരാളാണ് കൊലപാതകങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് എന്ന തോന്നൽ പ്രേക്ഷകന് ഉണ്ടാകുന്നു. പക്ഷേ സിനിമ അവസാനിക്കുന്നത് പ്രേക്ഷകരെ മുഴുവനും എന്ന് മാത്രമല്ല നിരൂപകരെയും വിഡ്‌ഢി വേഷം കെട്ടിച്ചു കൊണ്ടാണ്.

കൊലയാളിയെ സീരിയൽ കൊലയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം എന്തും ആകാം. മധ്യകേരളത്തിൽ നടന്ന ഹീനമായ ഒരു ക്രൈമിനെ പാതിരാ കൊലപാതകത്തിലേക്ക് കൊണ്ട് വന്നു എന്നുള്ളതിന് പകരം എന്ത് കൊണ്ട് വന്നാലും അന്വഷണവും അതിന്റെ പുരോഗതിയും ഇത് പോലെ ഒക്കെ തന്നെ ആകും. കാരണം അഞ്ച് ദുരൂഹ മരണങ്ങളുടെ കഥ പറഞ്ഞു പോയ  ഗ്രീക്ക്  ചിത്രം ആയ  "ദി അദർ മി" യിൽ സീരിയൽ കൊലയ്ക്ക് ഹേതുവാകുന്നത് ഒരു കാർ ആക്സിഡന്റ് ആണ്. ആ കാർ ആക്സിഡന്റ് ആണ് പാതിരാ കൊലകൾ ആയി മിഥുന്റെ തലയിൽ ഉദിച്ചതും.

അവിടെ ഹോസ്പിറ്റൽ... ഇവിടെ പോലീസ് ആസ്ഥാനം.
അത്ര വ്യത്യാസമേ ഉള്ളൂ.

ഇനി നമുക്ക് "റബേക്കാ" എന്ന വിളിയിൽ അവസാനിക്കുന്ന ആറാം പാതിരയിൽ അവശേഷിക്കുന്ന ചോദ്യങ്ങളിലേക്ക് പോകാം.

ഒന്ന്:
പോലീസ് ആസ്ഥാനത്തിലെ അതീവ സുരക്ഷ സെക്യൂരിറ്റി സിസ്റ്റം പുഷ്‌പം  പോലെ ഹാക്ക് ചെയ്‌യുന്ന കൊലപാതകി:
 സീ സീ ടി വിയുടെ പാസ്സ് വേഡ് ഹാക്ക് ചെയ്‌താൽ വിഷ്വൽസ് കാണാം എന്നതിനപ്പുറം സീ സീ ടീ വി അപ്പാടെ അട്ടിമറിക്കാം എന്നത് ഒക്കെ എത്രമേൽ വിശ്വാസ യോഗ്യമാണ്?,  അപ്പോൾ പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി സിസ്റ്റം അപ്പാടെ നിയന്ത്രിക്കാൻ ആകുന്ന ഒരു സഹായി കൊലയാളിക്ക് ഉണ്ടാകണം. അത് ആരാണ്? അത് ഒപ്പിച്ച് തന്നെയാണ് സിനിമ തുടങ്ങിയത്. സിനിമ അങ്ങിനെ പുരോഗമിച്ചിരുന്നു എങ്കിൽ "ദി അദർ മീ" മിഥുന്റെ കോളറിന് പിടിക്കും ആയിരുന്നു.

രണ്ട്:
അത്യാവശ്യ ഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ വൈദ്യുതി ബന്ധം വിശ്ചേച്ചിക്കൽ:
കൊലപാതകിയുടെ പോലീസ് ആസ്ഥാനത്തെ സഹായിയുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്നു. അങ്ങിനെ ഒരു സഹായിയും ആയി മുന്നോട്ട് പോയാൽ വീണ്ടും "ദി അദർ മി" അഞ്ചാം പാതിരയെ ചുറ്റി വളയും.

മൂന്ന്:
കൊലപാതകിയെ സൈക്കോ ആക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ആൾ കൊല്ലപ്പെടുകയും അയാളെ സെൻട്രൽ ജയിലിൽ നടക്കുന്ന ഒരു തീപിടുത്തത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്:
കൊല്ലപ്പെടുന്നത് ഒരു ഹാക്കർ ആണ് എന്ന് വരുത്തി തീർക്കുകയും അയാളെ ജയിലിൽ നിന്നും രക്ഷപ്പെടുത്തുകയും പകരം ബോഡി മാറ്റുകയും ചെയ്യുന്നത് അത്രമേൽ സുരക്ഷയുള്ള ജയിലിൽ അകത്ത് നിന്നും സഹായം ലഭിക്കാതെ എങ്ങിനെ സംഭവിക്കാൻ ആണ്?. ഒരു ജയിലിൽ അങ്ങിനെ ഒരു സംഭവം നടക്കണം എങ്കിൽ പോലീസിലോ ജയിലിലോ സൈക്കോക്ക് ഒരു സഹായി വേണം. സഹായിയോ മറ്റു ബന്ധങ്ങളോ ഇല്ലാതെ അങ്ങിനെ ഒരു സംഭവം എങ്ങിനെ വിജയകരം ആയി നടപ്പാക്കി എന്ന് സിനിമ പറയുന്നില്ല.

നാല്:
കൊല്ലപ്പെടുന്ന പോലീസ് എല്ലാം കെണിയിൽ പെടും മുന്നേ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും, അതിനാലാണ് ഒരു എതിർപ്പും കൂടാതെ അവർ കൊലപാതകിയ്ക്ക് ഒപ്പം പോകുന്നത് എന്നും കഥ പറഞ്ഞു വെക്കുന്നു.  അപ്രത്യക്ഷമാകുന്ന ദിനങ്ങളിൽ ഇരകൾക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടാൻ പാകത്തിൽ ഉള്ള മരുന്ന് ഭക്ഷണത്തിലൂടെയോ മറ്റോ നൽകുന്നു. പെട്ടെന്ന് ഭയപ്പെടുമ്പോൾ ആ മയക്ക് മരുന്ന് പ്രവർത്തിക്കുകയും മനഃശാസ്ത്രജ്ഞൻ ആയ കൊലപാതകി അവരെ നിമിഷങ്ങൾ കൊണ്ട് വരുതിയിൽ ആക്കുകയും ചെയ്യുന്നു. പോലീസ് ആസ്ഥാനത്ത് അങ്ങിനെ ഭക്ഷണം വിളമ്പാൻ ഒരു സഹായി കൊലപാതകിക്ക് വേണ്ടേ? അത് ആരാണ്?

ഇനി നമുക്ക് തിരികെ പോകാം:

പോലീസിന്റെ അന്വഷണത്തിന്റെ ഇടയിലേക്ക് കടന്നു വരുന്ന അൻവർ ഹുസൈൻ തന്നെയാണ് കൊലപാതകി എന്ന് കരുതുക. അദ്ദേഹത്തിന്റെ സഹോദരി റബേക്ക അന്വഷണ ഉദ്യോഗസ്ഥയായ ഉണ്ണിമായയും. കഥാപാത്രങ്ങളെ  അങ്ങിനെ പുനഃസൃഷ്ടിച്ചു കൊണ്ട്  വീണ്ടും സിനിമ  ആദ്യം മുതൽ കാണൂ. എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും. മിഥുൻ സിനിമ തുടങ്ങിയത് അങ്ങിനെ പുരോഗമിക്കണം എന്ന് നിലയിൽ തന്നെയാകണം. തുടക്കത്തിലെ സൂചനകൾ അങ്ങിനെ തന്നെയാണ്.  പക്ഷെ ക്ളൈമാക്സ് "റബേക്ക" എന്ന വിളിയിൽ കൊണ്ട്  ഒടിച്ച്  കോട്ടി വെക്കാൻ അദ്ദേഹം നിര്ബന്ധിക്കപ്പെട്ടതാണ്. അല്ലെങ്കിൽ "സോഫിയ" എന്ന വിളിയിൽ മനോഹരമായ ക്ളൈമാക്സ് സംവേദിപ്പിച്ച് അവസാനിക്കുന്ന "ദി അദർ മി" ക്ക് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പ്രദർശന വിജയം നേടിയ "പാതിരാ കൊള്ള" ആദ്യ ദിവസം തന്നെ പിടിക്കപ്പെടും ആയിരുന്നു.

സിനിമ തുടക്കം മുതൽ മെമ്മറീസും, വേട്ടയും, ദി ഗ്രെറ്റ് ഫാദറും  ഒക്കെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. എത്ര ആലോചിച്ചിട്ടും  എന്ത് കൊണ്ട് നിരൂപകരുടെ ശ്രദ്ധയിൽ സിനിമയിലെ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പെട്ടില്ല എന്ന് മനസിലാകുന്നില്ല.

സിനിമ കണ്ടിറങ്ങുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഒപ്പം തിയറ്റിറിന് പുറത്തേക്ക് കൂടെ പോരുന്നത് മൂന്നു സീനിൽ മാത്രം ഉണ്ടായിരുന്ന ഇന്ദ്രൻസും നാലു സീനിൽ വന്നു പോയ ജാഫർ ഇടുക്കിയും ആണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത് അഞ്ചാം പാതിരയ്ക്ക് ശേഷം കണ്ട ദി അദർ മിയും

Sunday, December 30, 2018

സുപ്രീം കോടതിയുടെ ഉണർത്ത് പാട്ട്.

ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധി:

എല്ലാം തികഞ്ഞ സ്ത്രീ സമൂഹം ആണ് പ്രബുദ്ധ കേരളത്തിലേത് എന്ന മിഥ്യാ ധാരണ അടപടലം പൊളിച്ച സംഭവം. അബലയും അശുദ്ധയും ആയി പുരുഷാധിപത്യത്തിന്റെ പാരതന്ത്ര്യം പേറി ആലസ്യത്തിൽ ആണ്ട പെൺ സമൂഹത്തെ അടിച്ചുണർത്തി യാഥാർഥ്യ ബോധത്തിലേക്ക് മടക്കി കൊണ്ട് വരാൻ സഹായിച്ചു എന്നിടത്താണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. ഇങ്ങിനെ ഒരു കോടതി വിധിയും അതേകുറിച്ചുള്ള ചർച്ചയും ആണ് എല്ലാം തികഞ്ഞത് എന്നിടത്ത് നിന്നും ഒന്നും ഇല്ലായ്മയെ നാം തിരിച്ചറിയുന്നത്. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ആയിരിക്കാൻ പോരടിക്കുക എന്നതാണ് അനിവാര്യം ആയതു എന്ന് പെണ്ണ് തിരിച്ചറിയുന്ന ദിവസങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്.

വനിതാ മതിൽ:
എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന നാം ഒന്നും ആയിട്ടില്ല എന്നിടത്ത് എത്തി നിൽക്കുമ്പോൾ എന്തെങ്കിലും ആകാൻ ഉള്ള പ്രതിരോധം. നടകയറുക എന്നതിനും അപ്പുറം നാടിനൊപ്പം ജീവിക്കാൻ പെണ്ണിന് ഒരു ഐക്യദാർഢ്യം.

നമ്മുടെ പെൺ സമൂഹം നാം അറിയാത്ത പാരതന്ത്ര്യത്തിൽ ആണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്നേഹപൂർവ്വം ഒരുക്കിയ പാരതന്ത്ര്യത്തിൽ. അത് തിരിച്ചറിയാൻ നമുക്ക് ഒരു സുപ്രീം കോടതി വിധി വേണ്ടി വന്നു.

പോരാടുക പെണ്ണെ... നിനക്ക്  തുണ  നീ മാത്രം എന്നറിയുക.

Friday, March 16, 2018

വയൽക്കിളികൾ.

  

രു ശതമാനം മാത്രം ആണ് ശൈശവ മരണം എന്ന ഒരു സ്റ്റാറ്റിസ്റ്റിക്‌സ് വന്നു എന്നിരിക്കട്ടെ. പഠനം നടത്തുന്നവർക്ക് തൊണ്ണൂറ്റി ഒമ്പതു ശതമാനം ശിശുക്കളും രക്ഷപെടുന്നു എന്ന കണക്ക് കൂട്ടി എല്ലാം ശെരിയാണ് എന്ന് കുറിപ്പെഴുതി പുസ്തകം അടയ്ക്കാം. പക്ഷേ മരണപ്പെടുന്ന ആ ഒരു ശിശുവിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മരണനിരക്ക് നൂറു ശതമാനം ആണ്.
.
ഭൂരിപക്ഷവും അനുകൂലിക്കുമ്പോഴും അഞ്ചു കുടുംബങ്ങൾക്ക് എതിർപ്പുണ്ടു എങ്കിൽ ആ അഞ്ചു പേരെയും അനുഭാവ പൂർവം കേൾക്കാൻ സർക്കാരും അധികാരികളും തയ്യാറാകണം. അവസാനത്തെ ആളെയും അനുരഞ്ജനത്തിലേക്ക് എത്തിക്കുമ്പോൾ മാത്രമേ രാജ്യനീതി പൂർണം ആകുള്ളൂ.
.
ഭൂരിപക്ഷത്തിന്റെ അടിച്ചേൽപ്പിക്കപ്പെടുന്ന തീരുമാനം ശിരസ്സാ വഹിച്ചുകൊള്ളണം എന്ന് വാശിപിടിക്കുമ്പോൾ പശുവിനെ മാതാവായും ബീഫ് ഹറാം ആയും കാണേണ്ടി വരും.
.
അസതൃപ്തരെ സൃഷ്ടിക്കാൻ ഭരണകൂടത്തിന് എളുപ്പം ആണ്. കർഷകരെ അസംതൃപ്തരാക്കി ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാൻ കഴിയില്ല. ആ അഞ്ചു കുടുംബങ്ങൾ അനേകരെ അസംതൃപ്തരാക്കും. ജാഗ്രത വേണം.

തെലുങ്ക് ദേശം പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിടുമ്പോൾ...





"എൻ ഡി ഏയിൽ നിന്നും ടീ ഡി പി വിട്ടു. മോഡി സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം വരും" : വാർത്ത.
.
ആദ്യത്തെ വാർത്ത ആഘോഷിക്കണം. രണ്ടാമത്തെ സൂചന അബദ്ധം ആകും.
.
എൻ ഡി എയ്ക്ക് ഇപ്പോൾ സ്പീക്കർ ഉൾപ്പടെ 330 പേരുടെ പിന്തുണ ഉണ്ട്. തെലുങ്ക് ദേശത്തിന്റെ 16 എം പി മാർ പോയാലും പിന്നെയും 314 പേരുടെ പിന്തുണ സർക്കാരിന് ഉണ്ടാകും. ഇടഞ്ഞു നിൽക്കുന്ന ശിവസേനയുടെ 18 എംപി മാരും കൂടി സർക്കാരിന് എതിരെ തിരിഞ്ഞാലും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടില്ല. പിന്നെയും 25 അംഗങ്ങളുടെ ഭൂരിപക്ഷം ഫാസിസ്റ്റ് സർക്കാരിന് ഉണ്ടാകും.
.
ആകെ മൊത്തം വിയർത്തു പൊരിഞ്ഞു കുഴഞ്ഞു നിൽക്കുന്ന സർക്കാരിനെതിരെ വെറുതെ കൊണ്ട് വരുന്ന അവിശ്വാസ പ്രമേയത്തിന്റെ പരാജയം അവർക്ക് പുതുജീവൻ നൽകും. അവിശ്വാസത്തെ അതിജീവിച്ച മോദിക്ക് അഗ്നിശുദ്ധി വരുത്തിയ പ്രതിശ്ചായ ഉണ്ടാക്കും. സംഘ പരിവാർ ഐറ്റി സെൽ അവിശ്വാസ പ്രമേയത്തിന്റെ പരാജയത്തെ യുഗപുരുഷൻ മോദിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ മറ്റൊന്ന് കൂടി എന്ന രീതിയിൽ പ്രചണ്ഡ പ്രചാരണം നടത്തും.
.
എൻ ഡി ഏ ഉലഞ്ഞു തുടങ്ങി. വെറും വെറുതെ ഒരു അവിശ്വാസ പ്രമേയം കൊണ്ട് വന്നു ആ ഉലച്ചിലിനെ ഉറപ്പിക്കരുത്. പ്രതിപക്ഷ നിര എപ്പോഴും കാട്ടുന്ന അബദ്ധം ഇപ്പോഴും തുടരരുത്.
.
റ്റീ ഡീ പിയുടെ നിലപാട് പക്ഷേ കൂടുതൽ ആഹ്ലാദം പകരുന്നത് രാജ്യസഭയിലെ അവരുടെ 6 എംപി മാരുടെ സാനിദ്ധ്യം കൊണ്ട് ആണ്. രാജ്യസഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന എൻ ഡി ഏ യ്ക്ക് ഇനി ഈ സർക്കാർ കാലാവധിയിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ല. ഫാസിസം ചുട്ടെടുക്കാൻ ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധ, ജനവിരുദ്ധ, മാനവ വിരുദ്ധ നിയമ നിർമ്മാണങ്ങൾ രാജ്യസഭയുടെ കാവൽ ഉണ്ടായത് കൊണ്ടാണ് നിയമം ആകാതെ പോകുന്നത്. രാജ്യത്തെ രക്ഷപെടുത്തി നിലനിർത്തുന്നത് രാജ്യസഭയിലെ എൻ ഡി ഏ വിരുദ്ധ പ്രതിരോധ നിരയാണ്. ആ ആറു പേരും കൂടി പ്രതിപക്ഷത്തേക്ക് എത്തുമ്പോൾ രാജ്യസഭയിലെ കേവല ഭൂരിപക്ഷം എന്ന സംഘീ സ്വപ്നം ആണ് അസ്തമിക്കുന്നത്.
.
ജനാധിപത്യത്തിലെ ഏറ്റവും മനോഹരം ആയ നിമിഷങ്ങളും കാഴ്ചകളും ചലനങ്ങളും ആയിട്ടാണ് ഈ വാരം കടന്നു പോകുന്നത്. ജനാധിപത്യം ജനതയെ ചതിക്കില്ല. പ്രകാശം അകലെയല്ല. പ്രതീക്ഷകൾ ബാക്കി ആവുന്നു.

Sunday, September 03, 2017

റോഹിങ്ക്യൻ മുസ്ലീമുകൾ ഓർമ്മപ്പെടുത്തുന്നത് എന്തെന്നാൽ...


 സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയം, വിവാഹം കഴിക്കാൻ സർക്കാറിന്റെ പ്രത്യേക അനുമതി വേണം, മതാധിഷ്ഠിതമായ വിവാഹം മരണശിക്ഷക്ക് വരെ കാരണം ആകും, കുട്ടികളെ സൃഷ്ടിച്ചാൽ തടവ് ശിക്ഷ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനു അവകാശം ഇല്ല, സർക്കാർ ജോലി സ്വപ്നം പോലും കാണണ്ട, സ്വന്തം പേരിൽ വസ്തു വകകൾ രെജിസ്റ്റർ ചെയ്യാൻ കഴിയില്ല, സ്വന്തം ആയിട്ടുള്ള കൃഷിയിടങ്ങളും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു, കട്ട കെട്ടിയതോ കെട്ടുറപ്പുള്ളതോ ആയ വീടുകൾ വെക്കാൻ അനുവാദം കിട്ടില്ല, തമ്പ് പോലെയുള്ള വീടുകൾ ആണ് സർക്കാർ അനുവദിക്കുക, ഓരോ ഗ്രാമത്തിലും പുറത്ത് നിന്നും ഏതെങ്കിലും അഥിതി വരണം എങ്കിൽ പട്ടാളത്തിന്റെയോ സുരക്ഷാ ഏജൻസിയുടെയോ മുൻ‌കൂർ അനുവാദം വേണം, അതിഥികൾക്ക് അനുവദിക്കുന്ന സമയത്തിനപ്പുറം വീട്ടിൽ താങ്ങാൻ പറ്റില്ല. അതിഥി രാത്രി വീട്ടിൽ കഴിഞ്ഞു കൂടിയാൽ ഗൃഹനാഥന് വിചാരണ കൂടാതെ വധ ശിക്ഷ, വീടുകളിൽ മത ചിഹ്നങ്ങളോ ഗ്രന്ഥങ്ങളോ സൂക്ഷിക്കാൻ പാടില്ല, നമസ്കാരം അടക്കം ഒരുവിധ മതപരം ആയ ആരാധനകളും പാടില്ല, ആരാധനാലയങ്ങൾ അനധികൃത കെട്ടിടങ്ങൾ ആയി വിലയിരുത്തുന്നു, അങ്ങിനെ ഒരു രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഒരു സമൂഹം.... മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിക്കഴിയുമ്പോൾ സംഘപരിവാർ ഭാരതത്തിൽ നടപ്പാക്കണം എന്ന് സ്വപ്നം കാണുന്നതെല്ലാം റോഹിങ്ക്യ മുസ്ലീമുകൾ മ്യാൻമറിൽ അനുഭവിക്കുന്നു. ഭരണഘടന തിരുത്തപ്പെടുമ്പോൾ നമ്മുടെ നാട്ടിലും ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്നത് ഇതൊക്കെ തന്നെ. പൗരത്വം നഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾ.... അവർ എന്തൊക്കെ എങ്ങിനെ ഒക്കെ ജീവിക്കേണ്ടി വരും എന്ന് മ്യാൻമർ നമ്മെ പഠിപ്പിക്കുന്നു.

മ്യാന്മാറിന്റെ ചരിത്രം തുടങ്ങുന്നതിനും മുമ്പ് റോഹിങ്ക്യ മുസ്ലീമുകളുടെ ചരിത്രം തുടങ്ങുന്നു. ഇന്നത്തെ മ്യാന്മാറിന്റെ ഭാഗം ആയ അറാകാൻ പ്രവിശ്യ നൂറ്റാണ്ടുകൾക്ക് മുന്നേ ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷം സ്വന്തന്ത്ര രാജ്യം ആയിരുന്നു. ആ രാജ്യത്തെ മുസ്ലീമുകൾ റോഹിങ്ക്യ എന്ന പേരിൽ അറിയപ്പെട്ടു. മുസ്‌ലിം ഭരണ ക്രമം ആയിരുന്നു അവിടെ നില നിന്നിരുന്നത്. ആയിരത്തി എഴുന്നൂറ്റി എൺപത്തി നാലിൽ ബർമ്മ രക്ത രൂക്ഷിതം ആയ ഒരു യുദ്ധത്തിൽ അറാകാൻ കീഴ്‌പ്പെടുത്തി. ബുദ്ധ ഭരണക്രമത്തിൽ ആയിരുന്ന ബർമ്മയുടെ കീഴിൽ ആയതോടെ റോഹിങ്ക്യ മുസ്ലീമുകളുടെ ദുരന്തവും ആരംഭിച്ചു. അറാകാനിലെ മുസ്‌ലിം സ്വത്വം അവസാനിപ്പിക്കാൻ ബർമ്മ വിവിധ ബുദ്ധ ഗോത്രങ്ങളെ ഉപയോഗിച്ച് റോഹിങ്ക്യ സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയോട്ട കാലത്ത് ബർമ്മയും കമ്പനിയുടെ കോളനി ആയി. ബർമ്മ 1824-ൽ ബ്രിട്ടന്റെ അധിനിവേശത്തിൽ ആയി. അതോടെ ബുദ്ധഗോത്രങ്ങളുടെ ആധിപത്യം ബർമ്മയിൽ പൊതുവെ അസ്തമിച്ചു. കൂട്ടത്തിൽ അറാകാനിലും ബുദ്ധ ഗോത്രങ്ങളുടെ ആക്രമണത്തിന് ശമനം വന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകൾ കുറെയൊക്കെ സുരക്ഷിതർ ആയിരുന്നു.   


റോഹിങ്ക്യൻ മുസ്‌ലിം വീണ്ടും ദുരന്തത്തിൽ ആകുന്നതു ബ്രിടീഷ്കാർ ബർമ്മ വിട്ടതോടെ ആണ്. 1948-ൽ ബ്രിട്ടണിൽ നിന്നും ബർമ്മ സ്വാതന്ത്ര്യം നേടി. ബുദ്ധ ഭൂരിപക്ഷ രാജ്യം ആയ ബർമ്മ വീണ്ടും ബുദ്ധ ഭരണക്രമത്തിൽ ആയി. ഗോത്ര വർഗ്ഗങ്ങൾ വീണ്ടും സജീവം ആയി. അതിൽ ഒരു പ്രമുഖ ഗോത്ര വർഗ്ഗം ആണ് "റാഖേൻ". ബർമ്മയിൽ "റാഖേൻ" ന്യൂന പക്ഷ ബുദ്ധ ഗോത്രം ആണ്. പക്ഷേ അറാകാനിൽ "റാഖേൻ" ഭൂരിപക്ഷ ബുദ്ധ ഗോത്രം ആണ്. അറാകാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ കൂടുതൽ ഉള്ളതും റാഖേൻ വംശം ആണ്. അവിടെയാണ് പ്രശ്നവും. സ്വാതന്ത്ര്യാനന്തരം അറാകാൻ പ്രവിശ്യയുടെ പേര് പോലും ഔദ്യോഗികം ആയി "റാഖേൻ" എന്നാക്കി മാറ്റി. അറാകാൻ തങ്ങൾക്ക് അവകാശപ്പെട്ടത് ആണ് എന്നും റോഹിങ്ക്യൻ മുസ്ലീമുകൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവർ ആണ് എന്നും ആണ് റാഖേൻ ഗോത്രത്തിന്റെ വാദം. സത്യത്തോട്‌ പുലബന്ധം പോലും ഉള്ള വാദം അല്ല റാഖേൻറെതു. കാരണം ബർമ്മയുടെ ചരിത്രം തുടങ്ങുമ്പോൾ അറാകാൻ സ്വദേശി മുസ്ലീമുകളുടെ ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു.   

  റാഖേൻ ഗോത്രം ക്രൂരം ആയ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് അറാകാൻ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഭീകരം ആയ വംശീയ ആക്രമണം 1942-ലെ "കര്‍ബലാ അറാകാന്‍" എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം ആയിരുന്നു. ഒരു ലക്ഷത്തോളം മുസ്‌ലിമുകൾ കൊല്ലപ്പെട്ട ആക്രമണം. അന്നും ഇന്നും അതി നിഷ്ടൂരം ആയ കൊലപാതകങ്ങൾ ആണ് റാഖേൻ ഗോത്രം മുസ്ലീമുകൾക്ക് നേരെ നടപ്പാക്കപ്പെടുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും സർവ്വ പിന്തുണയും മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഈ ഗോത്ര വർഗ്ഗത്തിന് ലഭിക്കുന്നു.

1982-ൽ ബർമയിലെ സൈനിക ഭരണ കൂടം ബർമ്മയുടെ പൗരത്വാ നിയമത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകളുടെ പൗരത്വം സൈനിക ഭരണ കൂടം റദ്ദാക്കി. പൊതുവേ ദുരന്തത്തിൽ ആയിരുന്ന ഒരു ജന വിഭാഗം അതോടെ അക്ഷരാർത്ഥത്തിൽ നരകത്തിൽ ആയി. ബർമ്മയിലെ അനധികൃത കുടിയേറ്റക്കാർ ആയി റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ മാറി.

ഇന്ന് യൂ എന്നിന്റെ കണക്ക് പുസ്തകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ഒരു രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം ഇന്ന് റോഹിങ്ക്യൻ മുസ്‌ലിം ആണ്. റാഖേൻ ഗോത്രത്തിലെ സന്യാസിമാർ മുസ്ലീമുകളുടെ വംശ ഹത്യ പുണ്യ കർമ്മം ആണ് എന്ന് ആഹ്വാനം ചെയ്യുന്നു. റോഹിങ്ക്യൻ മുലസീമങ്ങളുടെ ഉന്മൂലനം ലക്‌ഷ്യം ആക്കി വൻ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.  




ബർമ്മയിലെ തീവ്ര ബുദ്ധ ഗോത്രങ്ങളുടെ വംശ ശുദ്ധീകരണം മുസ്ളീംങ്ങൾക്ക് നേരെ മാത്രം ആണ് എന്ന് കരുതണ്ട. ന്യൂന പക്ഷം ആയ ക്രിസ്ത്യാനികളും ആക്രമണങ്ങൾ പെടുന്നുണ്ട്. മുസ്ലീമുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് ബർമ്മയിലെ ക്രിസ്ത്യൻ ജനസംഖ്യ. കയ്യിങ് എന്ന പ്രവിശ്യയിലാണ് ക്രിസ്ത്യാനികൾ കൂടുതൽ. റോഹിങ്ക്യൻ മുസ്ലീമുകളും ബർമ്മയിലെ ക്രിസ്ത്യാനികളും തമ്മിലുള്ള നേരിട്ടുള്ള വ്യത്യാസം ക്രിസ്ത്യാനികൾക്ക് പൗരത്വം ഉണ്ട് എന്നുള്ളതാണ്.
.
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ... അങ്ങിനെ ആണല്ലോ കാര്യങ്ങൾ.
.
ബർമ്മയിൽ ഇന്ന് കാണുന്നത് ഒക്കെയും നാളെ ഭാരതത്തിലും അസംഭവ്യം അല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംഘപരിവാർ അധികാരത്തിൽ എത്തിയാൽ ഈ പോസ്റ്റിലെ ബർമ്മ, മ്യാന്മാർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന്റെ പേര് ചേർത്താൽ മതിയാകും. ലോകത്തിലെ ഏറ്റവും ദുരന്തത്തിൽ ഉള്ള ഒരു രാജ്യത്തെ ന്യൂന പക്ഷം മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം എന്ന യൂ എന്നിന്റെ കണക്ക് പുസ്തകം തിരുത്തപ്പെടുന്ന ഒരു കാലം വിദൂരം അല്ല. അവിടെയും ആദ്യം മുസ്‌ലിം പിന്നെ ക്രിസ്ത്യൻ എന്ന കണക്കും ശെരിക്കും ശെരിയാകും.