Thursday, March 26, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് 26)



ഇന്ന് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയ 19 കേസുകൾ ഉണ്ടായിട്ടുണ്ട്. ഒമ്പത് പേർ കണ്ണൂരും മൂന്നാൾ കാസറഗോഡും മൂന്നു പേർ മലപ്പുറത്തും രണ്ടാൾ തൃശൂരും  ഓരോരുത്തർ ഇടുക്കിയും വയനാടും. ഇന്ന് ടെസ്റ്റ് ചെയ്തവരിൽ 968 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്.
.
ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ ഒരു ലക്ഷത്തി ഒരായിരത്തി നാനൂറ്റി രണ്ടു പേർ വീടുകളിലും അറുനൂറ്റി ഒന്ന് പേർ ആശുപത്രികളിലും ആണ് ഉള്ളത്.  ഇന്ന് 132 പേരെ കൂടി ആശുപത്രികളിലേക്ക് മാറ്റി.
.
കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സ്വാഗതം ചെയ്യുന്നു.
.
കേരളത്തിൽ 50607 ഐ സി യു മുറികൾ സര്വസജ്ജമായിട്ടുണ്ട്. വേണ്ടി വന്നാൽ ഹോസ്റ്റലുകളും ഹോസ്പിറ്റൽ സൗകര്യം ഉള്ളവയാക്കി മാറ്റും.
 .
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു തുടങ്ങി. വാർഡ് തല സമിതികൾ മറ്റുള്ളിടത്തും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആരംഭിക്കാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചൺ പ്രാഥമിക ഘട്ടം പൂർത്തിയായി... 84 മുൻസിപ്പിലാറ്റികളും തയ്യാറായി. കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യം ഉള്ള ഉപകരണങ്ങളും പാത്രങ്ങളും ലഭ്യമാക്കാൻ കാറ്ററിങ് അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്.
.
ക്ഷേമ പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും നിരവധി സഹകരണ സ്ഥാപനങ്ങൾ ഇന്ന് മുതൽ തന്നെ വിതരണം തുടങ്ങി.
.
22 മുതൽ 40 വരെ വയസ്സ് പ്രായം ഉള്ളവരെ ചേർത്ത് സന്നദ്ധ സേന രൂപീകരിക്കും. സന്നദ്ധ എന്ന വെബ് സൈറ്റിൽ താല്പര്യം ഉള്ളവർ പേര് രെജിസ്റ്റർ ചെയ്യണം. ആകെ രണ്ടുലക്ഷത്തി മുപ്പത്തി ആറായിരം സന്നദ്ധ പ്രവർത്തകരെ ആണ് ഇപ്പോഴത്തെ നിലയിൽ വേണ്ടതായിട്ട് ഉള്ളത്. ഓരോ പഞ്ചായത്തിലും 200 പേരെയും നഗരസഭയിൽ 500 പേരെയും കോർപ്പറേഷനിൽ 750 പേരെയും നിയോഗിക്കും. സന്നദ്ധ സേവകർക്ക് തിരിച്ചറിയൽ കാർഡ് നൽകും
.
റേഷൻ കാർഡില്ലാത്തവർക്കും റേഷൻ വിതരണം ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും ഒരു നിലയ്ക്കും അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങൾക്ക് മുട്ട് വരാതിരിക്കാൻ സംസ്ഥാനത്തെ മൊത്ത കച്ചവടകക്കാരുമായും ചില്ലറ  കച്ചവടക്കാരുടെ പ്രതിനിധികളുമായും ഓഡിയോ വീഡിയോ കോൺഫറൻസ് നടത്തി അവരിൽ നിന്നും ഉറപ്പ് നേടിയിട്ടുണ്ട്.  നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി വിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും.
.
വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ  സഹായിക്കാൻ യുവജന കമ്മീഷൻ 1465 പേരെ നിയോഗിച്ചിട്ടുണ്ട്.
.
അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ട് വരാൻ ഉള്ള തടസങ്ങൾ നീക്കും. കോൺവോയ് അടിസ്ഥാനനത്തിൽ സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ അയച്ച് നിത്യോപയോഗ സാധനങ്ങൾ എത്തിക്കും.
.
ക്ഷീര വികസനവും മൃഗസംരക്ഷണവും ആവശ്യ വകുപ്പ് ആക്കി മാറ്റിയിട്ടുണ്ട്.
.
നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്ത് സംസ്ഥാനത്തിന് പുറത്തുള്ളവർ വേവലാതിപ്പെടേണ്ട. അവരുടെ കാര്യം ഏതു സാഹചര്യത്തിലും സർക്കാർ നോക്കി കൊള്ളും. നിൽക്കുന്നിടത്ത് തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വനം എല്ലാവരും അനുസരിക്കണം.
.
അതിഥി തൊഴിലാളികൾക്ക് ശ്രദ്ധയും സംരക്ഷണവും നൽകും. 
.
പോലീസിന്റെ പ്രവർത്തനം നല്ല നിലയ്ക്ക് മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ നിന്നും പൊലീസിന് മോശം വരത്തക്ക രീതിയിൽ ഉള്ള പ്രവർത്തനം ചില പോലീസുകാരുടെ ഭാഗത്ത് നിന്നും വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു പോലീസുകാരൻ ചെയ്യുന്ന മോശം പ്രവർത്തി മുഴുവൻ പോലീസിന്റെയും വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും   സംസ്ഥാനത്തിന്റെ കീർത്തിക്ക് ഭംഗം വരുത്തുകയും ചെയ്യും. പോലീസിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമം ആക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. പോലീസ് അത് തടയരുത്.എന്നാൽ വെറുതെ കറങ്ങാൻ പോകുന്നവരെ വിലക്കുകയും വേണം.
.
തുണിക്കടകൾ അടച്ചിരിക്കുന്നതിനാൽ നവജാത ശിശുക്കൾക്ക് ഉള്ള കുഞ്ഞുടുപ്പുകൾ ലഭ്യം അല്ലാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ നവജാത കുഞ്ഞുങ്ങൾക്ക് ഉള്ള ഉടുപ്പുകൾ മെഡിക്കൽ സ്റ്റോറുകൾ മുഖേന ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന് 2012 - നു ശേഷം വിരമിച്ച ഡോക്ടറന്മാരെയും ആരോഗ്യ പ്രവര്ത്തകരെയും തിരിച്ചു വിളിച്ച് താല്പര്യം ഉള്ളവർക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം നൽകും. അവരുടെ പ്രവർത്തന പരിചയവും അനുഭവ ജ്ഞാനവും ആരോഗ്യ മേഖലയ്ക്ക് കൂട്ടാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഫോൺ വിളിക്കാൻ റീചാർജ്ജ് ഇല്ലാതെ വിഷമിക്കുന്നവർക്ക് റീചാർജ്ജ് ചെയ്തു കൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതല പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് കെ എസ് ആർ ടി സി യാത്രാ  സൗകര്യം ഒരുക്കും.

നനവജാതർക്കുള്ള കുഞ്ഞുടുപ്പു മുതൽ ഒറ്റപ്പെട്ടവർക്കുള്ള കൂട്ടിരുപ്പ് വരെ. ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്നത്തേയും പോലെ സംഗീതാത്മകം.

മനുഷ്യ സ്നേഹത്തിന്റെ കരുതലിന്റെ തലോടലിന്റെ ഒരു പത്ര സമ്മേളനം കൂടി.

നാം ഈ ദുരന്തവും അതി ജീവിക്കും.

Wednesday, March 25, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (മാർച്ച് - 25)

സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് പൊതുജന സുരക്ഷയെ മാനിച്ചാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. ആളുകൾ വീടുകളിൽ തന്നെ കഴിയണം. റോഡുകൾ പൊതുസ്ഥലങ്ങൾ ഇവിടം എല്ലാം വിജനമാക്കിയിടണം.
.
വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലമോ പാസ്സോ കയ്യിൽ കരുതണം. ഒഴിച്ചുകൂടാൻ ആകാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തേക്ക് ഇറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഉള്ള അധികാരം ജില്ലാ പോലീസ് മേധാവികൾക്ക് ആയിരിക്കും.
..
സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നാല് പേര് ദുബായിൽ നിന്നും . ഒരാൾ ബ്രിട്ടണിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവർ ആണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 76542 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ആണ്.
.
കേരളത്തിൽ ഒരാളും ലോക്ക് ഡൌൺ മൂലം പട്ടിണി കിടക്കേണ്ടി വരില്ല. പഞ്ചായത്തുകൾ തോറും കംമ്മ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കും. ആവശ്യമുള്ള ഭക്ഷണത്തിന്റെ കണക്ക് പഞ്ചായത്തുകൾ ഉണ്ടാക്കണം .
.
വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ ആളുകൾക്ക് മടി കാണും, അവർക്കായി ഫോൺ നമ്പർ ഏർപ്പെടുത്തും. ഒറ്റപ്പെട്ടു താമസിക്കുന്നവർ പട്ടിണിയിൽ ആകാതെ പൊതുജനം പരസ്പരം ശ്രദ്ധിക്കണം.വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് കൂട്ടിരിക്കാൻ സന്നദ്ധസേവാ പ്രവർത്തകരെ ഏർപ്പാട് ആക്കും.
.
ബീ പി ൽ കാർഡ് കാർക്ക് 35 കിലോ അരിയും എ പി എൽ കാർഡ് കാർക്ക് 15 കിലോ അരിയും നൽകും. ഒപ്പം ബീ പീ എൽ കുടുംബങ്ങൾക്ക് ഒരുമാസത്തേക്ക് ഉള്ള പലവ്യജ്ഞനങ്ങളും നൽകും. ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം.
.
ഇപ്പോൾ രോഗബാധയിൽ ഉള്ള ആളുകളുടെ ചികിത്സയിലും തുടർ നടപടികളിലും കണ്ടറിഞ്ഞു ഉള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകും. സർക്കാർ സേവനങ്ങൾ സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും താമസംവിനാ എത്തിക്കുന്നതിന് വേണ്ടി വികേന്ദ്രീകൃതമായ നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ ആരോഗ്യ പരിപാലന രംഗത്തേക്കും സന്നദ്ധ സേവന രംഗത്തേക്കും കണ്ടെത്തും. ഏതെങ്കിലും സംഘടനകളുടെ നിറം കാണിക്കാൻ ഉള്ള ഉപാധിയായി ഈ സന്നദ്ധ സേവനങ്ങളെ മാറ്റാൻ അനുവദിക്കില്ല.
സ്പഷ്ടം... സൂഷ്‌മം... ശക്തം..
കരുതൽ, സാന്ത്വനം, ആത്മവിശ്വാസം
..
പുറത്ത് ഇറങ്ങരുത് എന്ന് ചില്ല് മേടയിൽ ഇരുന്ന് ആഹ്വനം ചെയ്യുക അല്ല കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്. വീട്ടിലിരിക്കൂ നിങ്ങൾ ഒരു നിലയ്ക്കും പട്ടിണി ആകില്ല എന്നാണു.
.
നാം അതിജീവിക്കും!

Tuesday, March 24, 2020

പ്രവാസത്തിലെ കൊറോണ.

കേരളത്തിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും യൂ. ഏ . യിൽ നിന്നും വന്നവർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് മുംബയിൽ മരണമടഞ്ഞ കൊറോണ ബാധിതനും യൂ. ഏ. യിൽ നിന്നും വന്നതാണ്. ഇന്ത്യയിലെ കൊറോണ ബാധിതരിൽ  അധികവും അടുത്ത സമയത്ത് വിദേശ യാത്ര നടത്തിയവരോ വിദേശങ്ങളിൽ തൊഴിൽ എടുക്കുന്നവരോ അവിടങ്ങളിൽ താമസിക്കുന്നവരോ ആണ്.


മധ്യേഷ്യയിൽ തൊഴിൽ എടുക്കുന്ന പ്രവാസികളുടെ ജീവിതം എങ്ങിനെ ആണെന്നറിയാം. നല്ലൊരു ശതമാനവും ഷെയറിങ്ങ് അക്കൊമൊഡേഷനിൽ ആകും. ഒന്നുകിൽ ഫാമിലി ഷെയറിങ്ങ് അല്ലെങ്കിൽ ബാച്ചിലർ ഷെയറിങ്ങ്. ഫാമിലി ഷെയറിങ്ങിൽ മിക്കവാറും കിച്ചണും ബാത്‌റൂമും ഷെയറിങ്ങ് തന്നെ ആണ്. വളരെ അപൂർവ്വം ആയിട്ടാണ് കിച്ചൺ സെപറേറ്റ് ലഭ്യം ആവുക. ബാത്ത് റൂം അറ്റാച്ച്ഡ് കിട്ടിയാൽ ആയി ഇല്ലെങ്കിൽ ആയി. ബെഡ് റൂം ഒഴികെ ബാക്കി എല്ലാം ഷെയറിങ്ങ് ആകും മിക്കപ്പോഴും. ബെഡ്‌റൂം പോലും ഷെയറിങ്ങ് ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ കുറിച്ച് മുൻ കാല പോസ്റ്റുകളിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്. ബാച്ച്ലർ ഷെയറിങ്ങിൽ കിച്ചണും ബാത്ത്‌റൂമും എല്ലായിപ്പോഴും ഷെയറിങ്ങ് തന്നെയാണ്.


ഫാമിലി ഷെയറിങ്ങിൽ ഒരു ഫ്‌ളാറ്റിൽ മൂന്നു റൂം ഉണ്ടെങ്കിൽ മൂന്നു ഫാമിലി ഉണ്ടാകും. ബാച്ച്ലർ ഷെയറിങ്ങിൽ മൂന്നു റൂം ഉണ്ടെങ്കിൽ അവിടെ ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് പേര് എങ്കിലും ഉണ്ടാകും. ലേബർ അക്കൊമൊഡേഷനിൽ ഡോർമെറ്ററി പോലെ അടുക്കടുക്കായിട്ടാണ് താമസിക്കേണ്ടി വരിക. സ്ത്രീകളുടെ ഷെയറിങ്ങ് അക്കൊമൊഡേഷനും ഒട്ടും വ്യത്യസ്തമല്ല. അത് തന്നെ സ്ഥിതി. കമ്പനികൾ കൊടുക്കുന്ന അക്കൊമൊഡേഷനിൽ മാക്സിമം ജീവനക്കാരെ തിരുകി കയറ്റുകയും ചെയ്യും.

പറഞ്ഞു വന്നത് യൂ. ഏ. യിൽ നിന്നും വരുന്ന അല്ലെങ്കിൽ മറ്റു പ്രവാസ ഭൂമികയിൽ നിന്നും വരുന്നവർ കൊറോണ ടെസ്റ്റിൽ പോസിറ്റീവ് ആകുമ്പോൾ അവരുടെ റൂട്ട് മാപ്പ് നമ്മൾ ഇപ്പോൾ എയർപോർട്ട് മുതൽ ആണ് കണക്കാക്കുന്നത്. പക്ഷേ അവർ താമസിച്ചിരുന്നിടത്തേക്ക് തൊഴിൽ എടുത്തിടത്തേക്ക് ആ റൂട്ട് മാപ്പ് നീളേണ്ടത് അല്ലെ? ഏതൊരു ആൾ എയർപോർട്ടിൽ പോസിറ്റീവ് ആയാലും അയാൾ പ്രവാസ ഭൂമികയിൽ ഒരു ഷെയറിങ്ങ് അക്കൊമൊഡേഷനിൽ  നിന്നും വന്നവൻ ആകും. അവർ ഇടപഴകിയതിൽ അദ്ദേഹത്തിന്റെ നാട്ടിലെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും. എയർപോർട്ടിന് അപ്പുറം കൊറോണ ഇല്ല എന്നാണ് എന്ന് തോന്നും ഇപ്പോഴത്തെ റൂട്ട് മാപ്പും കരുതലും ഒക്കെ കാണുമ്പോൾ.




 ഇവിടെ എയർപോർട്ടിൽ കൊറോണ സ്ഥിരീകരിക്കുന്ന ആളുടെ പ്രവാസത്തിലെ ഇടപെടലുകളും റൂട്ട് മാപ്പും അവിടുത്തെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഉള്ള നടപടികൾ എത്രയും   വേഗം ഉണ്ടാകണം. പ്രവാസത്തിലെ ഷെയറിങ്ങ് അക്കൊമൊഡേഷന്റെ പ്രത്യേകത മിക്കപ്പോഴും ഓരോ സംസ്ഥാനത്ത് നിന്നും ഉള്ളവർ ഒന്നിച്ചാകും എന്നതാണ്. ഭാഷാപരമായിട്ടാണ് മിക്കപ്പോഴും ഷെയറിങ്ങ് അക്കൊമൊഡേഷനുകൾ ഉണ്ടാകുന്നത്. കമ്പനി അക്കൊമൊഡേഷൻ ആണെങ്കിൽ അങ്ങിനെ ആകണം എന്നില്ല. പൊതുവെ എല്ലാ ഭാഷ സംസാരിക്കുന്നവരും എല്ലാ രാജ്യക്കാരും കമ്പനി അക്കൊമൊഡേഷനിൽ  ഒന്നിച്ചുണ്ടാകും. എങ്ങിനെ ആയാലും നാട്ടിൽ വന്നു എയർപോർട്ടിൽ ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ ഇടപെട്ടിടവും അപകടത്തിൽ ആണ്.

രാജ്യം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. പ്രത്യേകിച്ചും കേരളം. നാട്ടിൽ എത്തി കൊറോണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെങ്കിൽ അവർ അതുവരെ ഇടപെട്ടിടത്ത് കൊറോണ ബാധിച്ചിട്ടുണ്ട്. പക്ഷേ അവിടുത്തെ സർക്കാരോ ജനങ്ങളോ കൂടെ താമസിച്ചവരോ ആരോഗ്യ പ്രവർത്തകരോ അത് അറിയുന്നില്ല. അപകടകരമാണ് ആ സാഹചര്യം.

ലോകം എമ്പാടും ഉള്ള ആരോഗ്യ പ്രവർത്തകർ ഇക്കാര്യത്തിൽ കരുതൽ തേടണം. നാളെകൾ എങ്ങിനെ ആകും എന്ന് ആർക്കും പ്രവചിക്കാൻ ആകുന്നില്ല. പ്രവാസത്തിൽ നിന്നും നാട്ടിൽ എത്തി ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ അവരോട് ഇടപെട്ടവരെ രക്ഷിക്കാനും കൂടി ശ്രമിക്കണം.

കനിക കപൂർ വീട്ടിലിരുത്തിയ പ്രമുഖർ.


രാജസ്ഥാനിൽ വസുന്ധര രാജ്യയും മകൻ ദുഷ്യൻ സിങ്ങും കനിക കപൂറിന്റെ സംഗീത നിശയിൽ പങ്കെടുത്തതിനെ തുടർന്ന് സ്വയം ക്വോറന്റിൻ തിരഞ്ഞെടുത്തു ദുഷ്യൻ സിങ്ങ് എം.പിയാണ്.

തൃണമൂൽ കൊണ്ഗ്രെസ്സ് എം.പി. ടെറീക്ക് ഓ ബ്രീൻ ക്വോറന്റീനിൽ ആയി. ദുഷ്യൻ എം.പി പങ്കെടുത്ത സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തതാണ് ടെറിക്കിനെ പെടുത്തിയത്.

കൊണ്ഗ്രെസ്സ് . നേതാവ് ജിതിൻ പ്രസാദും അദ്ദേഹത്തിന്റെ ഭാര്യയും ക്വറന്റീനിൽ ആയി. കനിക കപൂർ ആണ് ജിതിനെയും പെടുത്തിയത്. അവരുടെ സംഗീത നിശയിൽ  പ്രസാദും ഭാര്യയും സജീവം ആയി പങ്കെടുത്തിരുന്നു.

ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ്ങ് ക്വറന്റീനിൽ ആയി. കനിക കപൂർ തന്നെയാണ് ആരോഗ്യമന്ത്രിയുടെ ആരോഗ്യം കുഴപ്പത്തിൽ ആണോ എന്ന സംശയത്തിന് കാരണം. പ്രതാപ് സിങ്ങ് ഗോമൂത്ര പ്രതിരോധത്തിന്റെ പ്രചാരകൻ കൂടി ആണ്.

കൊണ്ഗ്രെസ്സ് നേതാവ് ദീപേന്ദർ ഹൂഡയും സ്വയം ക്വറന്റിന് സ്വീകരിച്ചു. കനിക കപൂറിന്റെ സംഗീത നിശയിൽ ആർമ്മാദിച്ച ദുഷ്യൻ സിംങ്ങും ആയുള്ള സമ്പർക്കം ആണ് ദീപേന്ദർ ഹൂഡയെ വീട്ടിലിരുത്തിയത്.

അപ്ന ദാൽ  പ്രസിഡന്റ് അനുപ്രിയയെയും കനിക കപൂർ വീട്ടിലിരുത്തി.


കൊറോണയെ മറികടന്ന മുതുമുത്തശ്ശി.

കദേശം അറുപതിനായിരം ആളുകൾക്ക് കൊറോണ ബാധ ഏൽക്കുകയും ആറായിരത്തോളം ആളുകൾ കൊറോണയ്ക്ക് കീഴടങ്ങി മരണം വരിക്കുകയും ചെയ്ത ഇറ്റയിലിലെ ദുരന്ത കാഴ്ചകളുടെയും കേൾവികളുടെയും ഇടയിൽ  നിന്നും ഒരു മനോഹര കാഴ്ചയും വാർത്തയും വരുന്നുണ്ട്. ലോകത്തിൽ കൊറോണ ബാധിച്ചിട്ട് രോഗം ഭേദം ആയ ഏറ്റവും പ്രായം കൂടിയ വനിതയുടെ പുഞ്ചിരിക്കുന്ന മുഖം ആരോഗ്യ പ്രവർത്തകർ പുറത്ത്‌ വിട്ടു.

"ഞാൻ സുഖമായിരിക്കുന്നു... പരിപൂർണമായും!.  അത്ഭുതം ഞാൻ അല്ല. എന്നെ ചികിൽസിച്ചവരും പരിചരിച്ചവരും ആണ്."
ഹോസ്പിറ്റൽ അധികൃതരുടെ ക്ഷണം സ്വീകരിച്ച് മുത്തശ്ശിയെ കാണാൻ ഹോസ്പിറ്റലിൽ എത്തിയ മാധ്യമ പ്രവർത്തകരോട് അത്യധികമായ ആത്മ വിശ്വാസത്തോടെ ക്ലാരമ്മ പറഞ്ഞു.

ചിത്രത്തിന് കടപ്പാട് : The Telegraph.

മാർച്ച് അഞ്ചാം തീയതിയാണ് അവശതയോടെ അംല ക്ലാര കോർസിനി എന്ന 95 വയസുള്ള ഗ്രാൻഡ് മായെ   ഇറ്റലിയിലെ മോഡേണ പ്രോവിന്സിലെ   ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മോഡേണായിലെ ഫാനാന പട്ടണത്തിൽ ആണ് ക്ലാരമ്മ താമസിക്കുന്നത്. പ്രതിരോധ മരുന്നുകളുടെ സഹായം ഇല്ലാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കപ്പെട്ടാണ് ക്ളാരാമ്മ കൊറോണയെ അതിജീവിച്ചത്. ഈ അതിജീവനത്തിലൂടെ ക്ലാരമ്മ സൃഷ്ടിച്ചത് ഒരു ലോക റിക്കോർഡ് കൂടിയാണ്. ലോകത്തിൽ കൊറോണയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വനിത എന്ന റിക്കോർഡ്.

ലോകം ആകമാനം കൊറോണയ്ക്ക് എതിരേ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസവും ആത്മവീര്യവും നൽകുന്ന വാർത്തയാണ് ക്ലാര മുത്തശ്ശി നൽകിയത്. രോഗാതുരമായ ലോകത്തിനു നേരിയ ആശ്വാസവും.

ക്ലാരമ്മയ്ക്ക് ഭാവുകങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഇറ്റലിയ്ക്ക് ഐക്യദാർഢ്യം.