Friday, March 27, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് - 27)


ഇന്നത്തെ അവലോകന യോഗം ഒട്ടും സന്തോഷം നൽകുന്ന ഒന്നല്ല. ആശങ്കകൾ കൂടുകയാണ്.  ഇന്ന് മാത്രം 39 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.   സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ കണ്ണൂരിലും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്.
.
ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 164 പേരാണ്. ഇന്ന് 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  പരിശോധനയ്ക്ക് അയച്ച 4448 സാമ്പിളുകൾ നെഗറ്റീവ് ആണ്.
.
കഴിഞ്ഞ ദിവസങ്ങളിൽ രോ​ഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ടായിട്ടുണ്ട്. തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം സ്‌കൂളുകൾ ആശുപത്രികൾ ചന്തകൾ  തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾവരെയും  അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ഭരണാധികാരികളും ജനപ്രതിനിധികളും ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. സമൂഹത്തോട് ഉത്തരവാദിത്തം ഉള്ള സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ഇപ്രകാരം നിരുത്തരവാദപരമായി പെരുമാറുന്നത് ശെരിയോ എന്ന് സ്വയം തീരുമാനിക്കണം.
.
കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആ​ദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. കൊറോണയ്ക്കെതിരെ നമ്മൾ ജാ​ഗ്രത പ്രഖ്യാപിച്ച പോയ ദിവസങ്ങളിൽ തന്നെ സംഘടിതമായ സമരങ്ങൾ നമ്മൾ കണ്ടതാണ്. ഇതൊക്കെ സംസ്കാരസമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. ആ നിലയ്ക്ക് ഒരു മുൻകരുതൽ എല്ലാവരും സ്വീകരിക്കേണ്ട ഘട്ടത്തിലാണ് ഈ രീതിയിൽ തള്ളിക്കയറിയും ബലം പ്രയോ​ഗിച്ചുമുള്ള സമരമുറ കേരളം കണ്ടത്.
.
നിരാലംബരും തെരുവില്‍ കഴിഞ്ഞിരുന്നവരുമായവര്‍ക്ക് സുരക്ഷിത സ്ഥലങ്ങള്‍ വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.  തെരുവിൽ അന്തിയുറങ്ങുന്നവർക്കായി അഞ്ച് കോര്‍പറേഷനുകളിലും 26 നഗരസഭാകേന്ദ്രങ്ങളിലും സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ 31 ക്യാമ്പുകളിലായി 1545 ആളുകളാണുള്ളത് ഇപ്പോഴുള്ളത്. ഗ്രാമ പഞ്ചായത്തുകളിലേക്കും ഇങ്ങിനെയുള്ള സൗകര്യം വ്യാപിപ്പിക്കും.  ഇനിയും ഇത്തരത്തില്‍ സുരക്ഷിതമായി മാറ്റാത്തവരെ ഭദ്രമായ സ്ഥലത്ത് താമസിപ്പിക്കാൻ ഉള്ള നടപടികൾ എടുത്തിട്ടുണ്ട്.  ഇതിനായി ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കും.  അവിടെ അവര്‍ക്കായി ഭക്ഷണവും പായപ്പെടുത്തും.
.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്കായി 4063 ക്യാമ്പുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇവിടുള്ളത്. എല്ലാ ക്യാമ്പുകളിലും മാസ്‌കും സോപ്പും സാനിറ്റൈസറും ലഭ്യമാക്കാന്‍ നടപടികൾ  സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ ചിലയിടങ്ങളില്‍ ശോചനീയാവസ്ഥ നേരിടുന്നുണ്ട്. അത് ഗൗരവമായാണ് കാണുന്നത്. ബന്ധപ്പെട്ട കലക്ടര്‍മാര്‍ ഇത് വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് ഇടപെടണം.  ലോബര്‍ വകുപ്പും ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടണം. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ ബ്രോഷറുകളും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.

കർണാടക അതിർത്തി കർണാടക സർക്കാർ മണ്ണിട്ട് അടച്ച  ഒരു രീതി കാണുന്നുണ്ട്. ഇത് അംഗീകരിക്കാൻ ആകില്ല. ഇത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് ഘടക വിരുദ്ധമാണ്. ഇരുസംസ്ഥാനത്തെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എങ്കിലും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.
,
കടകമ്പോളങ്ങൾ അടഞ്ഞു തെരുവുകൾ വിജനമായതോടെ സംസ്ഥാനത്ത്‌ തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്. ജീവിക്കാനുള്ള ഭക്ഷണവും വെള്ളവും  ലഭിക്കാതെ തെരുവുനായ്‌ക്കൾ അലയുന്ന സ്ഥിതിയുണ്ട്‌. കൂടുതൽ ദിവസം ഭക്ഷണം കിട്ടാതെ വന്നാൽ അവർ അക്രമാസക്തരാകാനും ഇടയുണ്ട്‌. അങ്ങനെയുള്ള ജന്തുക്കൾക്ക്‌ ഭക്ഷണം എത്തിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കണം. അതിനു വേണ്ടുന്ന സഹായങ്ങൾ സർക്കാർ നൽകും. പല കാവുകളിലും കുരങ്ങൻമാർ ഭക്തർ നൽകുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഭക്തരുടെ വരവ്  നിന്നതോടെ അവരും പട്ടിണിയിൽ
ആണ്. അവരുടെ ഭക്ഷണലഭ്യത ക്ഷേത്ര ഭാരവാഹികൾ ഉറപ്പു വരുത്തണം
.
മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉള്ള തീറ്റയ്ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ ഉള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് കൈക്കൊള്ളും. ഇവർക്കുള്ള തീറ്റയുടെ ചരക്ക് നീക്കത്തിനും വിപണനത്തിനും ബുദ്ധിമുട്ടു ഉണ്ടാകാതെ നോക്കണം.
.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ സ്വർണലേലമടക്കം നിർത്തിവെക്കണം.  നോൺ ബാങ്കിംഗ്, ചിട്ടികൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവർ വീടുകൾ കയറി പണം പിരിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ദീർഘിപ്പിക്കണം.
.
പൊതു സമൂഹം വ്യാപാരവും വരുമാനവും ഇല്ലാതിരിക്കുന്ന സമയം ആണ്. അത് കൊണ്ട് വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും വാടക പിരിക്കുന്നതിന് സാവകാശം നൽകണം.
.
കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രി ഉടൻ കൊവിഡ് 19 ആശുപത്രിയാക്കും. കണ്ണൂർ മെഡിക്കൽ കോളജിൽ 200 കിടക്കകളും 40 ഐസിയു കിടക്കകളും ഉണ്ട്. 15 വെൻ്റിലേറ്ററുകളും അവിടെയുണ്ട്. ഇത് കൊവിഡ് 19 ആശുപത്രിയാക്കി മാറ്റും. മെഡിക്കൽ കോളജ് കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചു. മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. ടെസ്റ്റിംഗ് നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അതിനുള്ള കേന്ദ്ര അനുമതിക്കായി കാത്തരിക്കുകയാണ്.
.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കഴിഞ്ഞവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണം. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. രോഗബാധിതർ ആകാതെ തന്നെ രോഗ വാഹകർ ആകാൻ ആകും. പ്രതിരോധ ശേഷി കൂടുതൽ ആണെങ്കിൽ രോഗം വരില്ല. രോഗം അവർക്കും മറ്റുള്ളവർക്ക് സംഭാവന നൽകാൻ ആകും.
.
പ്രളയ കാലത്തെ മാതൃകയിൽ ദുരിതാശ്വാസ നിധി രൂപീകരിക്കണം. കഴിയുന്നിടത്തോളം തുക ദുരിതാശ്വാസ നിധിയിലേക്ക് പൊതു സമൂഹം നൽകണം.
.
കേന്ദ്ര ആരോഗ്യ പാക്കേജിൽ സ്വകാര്യ ആശുപത്രികളെയും  ഉൾപ്പെടുത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിന്റെ ആരോഗ്യ പ്രവർത്തനങ്ങളിൽ സംതൃപ്തർ ആണ്.
.
നിലവിലെ  പ്രതിസന്ധി മറികടക്കാൻ ഏറെ പ്രയത്‌നം ആവശ്യമാണ്. സർക്കാർ മാത്രം വിചാരിച്ചാൽ ഈ പ്രതിസന്ധിയെ മറികടക്കാൻ ആകില്ല. പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെയും നാം അതിജീവിക്കും.
.
മുഖ്യ മന്ത്രി ഉപസംഹരിക്കുമ്പോൾ ആശങ്കയിൽ ആയിരുന്ന മനസുകൾക്ക് പതിവ് പോലെ ആശ്വാസം. വിജനമായ തെരുവിൽ പട്ടിണിയാകുന്ന ജന്തുക്കളെയും അദ്ദേഹം ഓർത്തെടുക്കുന്നു. കേരളത്തിന്റെ ഒരു ലോക്ക്ഡൌൺ ദിനം അതേ പടി വരച്ച് വെച്ചാണ് പത്ര സമ്മേളനം അവസാനിക്കുന്നത്. പത്രസമ്മേളനം കേൾക്കാൻ സ്വീകരണ മുറികൾ ഹൌസ് ഫുൾ ആകുന്നു.
.
അതേ... നാം അതിജീവിക്കുക തന്നെ ചെയ്യും.

കാർഷിക വിളകളുടെ വിളവെടുപ്പിനും വിപണനത്തിനും ഉള്ള തടസം നീക്കണം.



രാജ്യത്തെ കാർഷിക മേഖലയിൽ പച്ചക്കറി പഴവർഗ്ഗങ്ങൾ വിളവെടുക്കാൻ ആകാതെ നശിച്ചു പോകുന്നു. ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെ തുടർന്ന് എ പി എം സി പ്രവർത്തനവും കേന്ദ്ര സർക്കാർ നിരോധിച്ചത് ആണ് കാരണം.
.
മഹാരാഷ്ട്രയിൽ തക്കാളി രണ്ടു രൂപയ്ക്കും സവാള പത്ത് രൂപയ്ക്കും ഉരുളക്കിഴങ്ങ് അഞ്ച് രൂപയ്ക്കും പോലും കർഷകർക്ക് വിറ്റഴിക്കാൻ ആകുന്നില്ല. അതേ സമയം പൊതു വിപണിയിൽ പച്ചക്കറി പഴ വർഗ്ഗങ്ങളുടെ വില കുതിച്ചു കയറുകയും ആണ്.

.
കേന്ദ്ര സർക്കാർ രാജ്യത്തെ എ പി എം സിയുടെ പ്രവർത്തനം നിരോധിച്ചത് പെട്രോൾ പാമ്പുകൾ നിരോധിക്കുന്നതിന് തുല്യം ആണ്. ദിവസേന വിളവെടുക്കേണ്ട ഇലകളും തക്കാളിയും ക്വോളി ഫ്ളവറും കാബേജൂം  പഴവർഗ്ഗങ്ങളും ഒന്നും നാളേയ്ക്ക്  വിളവെടുക്കാൻ ആകില്ല. അതൊക്കെയും തോട്ടങ്ങളിൽ കിടന്നു അഴുകും. എ. പി. എം. സി കളുടെ പ്രവർത്തനം സ്തംഭിപ്പിച്ചത് ഗുരുതരമായ പിഴവ് ആണ്.
.
ഒരിടത്ത് പച്ചക്കറി പഴവർഗ്ഗങ്ങൾ വിളവെടുത്ത് കേന്ദ്രീകൃത ചന്തകളിൽ എത്തിക്കാൻ ആകാതെ അഴുകി നാശം ആവുകയും കർഷകർ പട്ടിണിയിൽ ആവുകയും ചെയ്യുന്നിടത്ത് മറുഭാഗത്ത് പച്ചക്കറിയുടെ ഒരു കഷ്ണം പോലും പൊതുവിപണിയിൽ ലഭ്യമാകാതെ പൊതു ജനം കഷ്ടത്തിൽ ആകുന്ന സാഹചര്യവും ആണുള്ളത്. മാർക്കറ്റ് ഡിമാന്ഡിന് ആനുപാതികം ആയി സപ്ലൈ വരാതിരുന്നാൽ ലഭ്യം ആകുന്ന സാധനങ്ങൾക്ക് വല്യ വില കൊടുക്കേണ്ടിയും വരും.
.
മനുഷ്യ സാധ്യം ആയ സുരക്ഷാ സംവിധാനം ഒരുക്കി എത്രയും വേഗം കേന്ദ്ര സർക്കാർ എ പി എം സി കളുടെ പ്രവർത്തനം പുനരാരംഭിക്കണം. പൊതു ജനങ്ങൾക്ക് എ പി എം സിയിൽ കടക്കുന്നതിനു വിലക്കു ഏർപ്പെടുത്തി സർക്കാർ സംവീധാനങ്ങളിലൂടെ മാത്രം ലേലവും വാങ്ങലും ചരക്കു നീക്കവും ക്രമീകരിച്ചാൽ കർഷകരും രക്ഷപെടും ഉപഭോക്താക്കളും രക്ഷപെടും.
.
കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി സൂചിപ്പിച്ച കോൺവോയ് അടിസ്ഥാനത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ വാഹനങ്ങൾ അയച്ചു കായ് കറികളും പഴവർഗ്ഗങ്ങളും കൊണ്ട് വരും എന്നതു പ്രാവർത്തികം ആകണം എങ്കിലും എ പി എം സികൾ പ്രവർത്തിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും അത് പോലെ ചെയ്യാനും ആകും.
.
കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട കാര്യം ആണിത്


Thursday, March 26, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം (മാർച്ച് 26)



ഇന്ന് കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയ 19 കേസുകൾ ഉണ്ടായിട്ടുണ്ട്. ഒമ്പത് പേർ കണ്ണൂരും മൂന്നാൾ കാസറഗോഡും മൂന്നു പേർ മലപ്പുറത്തും രണ്ടാൾ തൃശൂരും  ഓരോരുത്തർ ഇടുക്കിയും വയനാടും. ഇന്ന് ടെസ്റ്റ് ചെയ്തവരിൽ 968 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്.
.
ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ ഒരു ലക്ഷത്തി ഒരായിരത്തി നാനൂറ്റി രണ്ടു പേർ വീടുകളിലും അറുനൂറ്റി ഒന്ന് പേർ ആശുപത്രികളിലും ആണ് ഉള്ളത്.  ഇന്ന് 132 പേരെ കൂടി ആശുപത്രികളിലേക്ക് മാറ്റി.
.
കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് സ്വാഗതം ചെയ്യുന്നു.
.
കേരളത്തിൽ 50607 ഐ സി യു മുറികൾ സര്വസജ്ജമായിട്ടുണ്ട്. വേണ്ടി വന്നാൽ ഹോസ്റ്റലുകളും ഹോസ്പിറ്റൽ സൗകര്യം ഉള്ളവയാക്കി മാറ്റും.
 .
കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് 43 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു തുടങ്ങി. വാർഡ് തല സമിതികൾ മറ്റുള്ളിടത്തും കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആരംഭിക്കാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 861 പഞ്ചായത്തുകൾ കമ്മ്യൂണിറ്റി കിച്ചൺ പ്രാഥമിക ഘട്ടം പൂർത്തിയായി... 84 മുൻസിപ്പിലാറ്റികളും തയ്യാറായി. കമ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യം ഉള്ള ഉപകരണങ്ങളും പാത്രങ്ങളും ലഭ്യമാക്കാൻ കാറ്ററിങ് അസോസിയേഷൻ സമ്മതിച്ചിട്ടുണ്ട്.
.
ക്ഷേമ പെൻഷനുകൾ നാളെ മുതൽ വിതരണം ചെയ്യാൻ ആണ് തീരുമാനിച്ചിരുന്നത് എങ്കിലും നിരവധി സഹകരണ സ്ഥാപനങ്ങൾ ഇന്ന് മുതൽ തന്നെ വിതരണം തുടങ്ങി.
.
22 മുതൽ 40 വരെ വയസ്സ് പ്രായം ഉള്ളവരെ ചേർത്ത് സന്നദ്ധ സേന രൂപീകരിക്കും. സന്നദ്ധ എന്ന വെബ് സൈറ്റിൽ താല്പര്യം ഉള്ളവർ പേര് രെജിസ്റ്റർ ചെയ്യണം. ആകെ രണ്ടുലക്ഷത്തി മുപ്പത്തി ആറായിരം സന്നദ്ധ പ്രവർത്തകരെ ആണ് ഇപ്പോഴത്തെ നിലയിൽ വേണ്ടതായിട്ട് ഉള്ളത്. ഓരോ പഞ്ചായത്തിലും 200 പേരെയും നഗരസഭയിൽ 500 പേരെയും കോർപ്പറേഷനിൽ 750 പേരെയും നിയോഗിക്കും. സന്നദ്ധ സേവകർക്ക് തിരിച്ചറിയൽ കാർഡ് നൽകും
.
റേഷൻ കാർഡില്ലാത്തവർക്കും റേഷൻ വിതരണം ചെയ്യാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും ഒരു നിലയ്ക്കും അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങൾക്ക് മുട്ട് വരാതിരിക്കാൻ സംസ്ഥാനത്തെ മൊത്ത കച്ചവടകക്കാരുമായും ചില്ലറ  കച്ചവടക്കാരുടെ പ്രതിനിധികളുമായും ഓഡിയോ വീഡിയോ കോൺഫറൻസ് നടത്തി അവരിൽ നിന്നും ഉറപ്പ് നേടിയിട്ടുണ്ട്.  നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി വിൽക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും.
.
വീടുകളിലും മറ്റും ഒറ്റപ്പെട്ടവരെ  സഹായിക്കാൻ യുവജന കമ്മീഷൻ 1465 പേരെ നിയോഗിച്ചിട്ടുണ്ട്.
.
അന്യസംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ട് വരാൻ ഉള്ള തടസങ്ങൾ നീക്കും. കോൺവോയ് അടിസ്ഥാനനത്തിൽ സംസ്ഥാനത്ത് നിന്നും വാഹനങ്ങൾ അയച്ച് നിത്യോപയോഗ സാധനങ്ങൾ എത്തിക്കും.
.
ക്ഷീര വികസനവും മൃഗസംരക്ഷണവും ആവശ്യ വകുപ്പ് ആക്കി മാറ്റിയിട്ടുണ്ട്.
.
നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഓർത്ത് സംസ്ഥാനത്തിന് പുറത്തുള്ളവർ വേവലാതിപ്പെടേണ്ട. അവരുടെ കാര്യം ഏതു സാഹചര്യത്തിലും സർക്കാർ നോക്കി കൊള്ളും. നിൽക്കുന്നിടത്ത് തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വനം എല്ലാവരും അനുസരിക്കണം.
.
അതിഥി തൊഴിലാളികൾക്ക് ശ്രദ്ധയും സംരക്ഷണവും നൽകും. 
.
പോലീസിന്റെ പ്രവർത്തനം നല്ല നിലയ്ക്ക് മുന്നോട്ടു പോകുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ നിന്നും പൊലീസിന് മോശം വരത്തക്ക രീതിയിൽ ഉള്ള പ്രവർത്തനം ചില പോലീസുകാരുടെ ഭാഗത്ത് നിന്നും വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു പോലീസുകാരൻ ചെയ്യുന്ന മോശം പ്രവർത്തി മുഴുവൻ പോലീസിന്റെയും വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും   സംസ്ഥാനത്തിന്റെ കീർത്തിക്ക് ഭംഗം വരുത്തുകയും ചെയ്യും. പോലീസിന്റെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമം ആക്കും. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. പോലീസ് അത് തടയരുത്.എന്നാൽ വെറുതെ കറങ്ങാൻ പോകുന്നവരെ വിലക്കുകയും വേണം.
.
തുണിക്കടകൾ അടച്ചിരിക്കുന്നതിനാൽ നവജാത ശിശുക്കൾക്ക് ഉള്ള കുഞ്ഞുടുപ്പുകൾ ലഭ്യം അല്ലാത്ത സാഹചര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് പരിഹരിക്കാൻ നവജാത കുഞ്ഞുങ്ങൾക്ക് ഉള്ള ഉടുപ്പുകൾ മെഡിക്കൽ സ്റ്റോറുകൾ മുഖേന ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
.
കോവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന് 2012 - നു ശേഷം വിരമിച്ച ഡോക്ടറന്മാരെയും ആരോഗ്യ പ്രവര്ത്തകരെയും തിരിച്ചു വിളിച്ച് താല്പര്യം ഉള്ളവർക്ക് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ ഉള്ള അവസരം നൽകും. അവരുടെ പ്രവർത്തന പരിചയവും അനുഭവ ജ്ഞാനവും ആരോഗ്യ മേഖലയ്ക്ക് കൂട്ടാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഫോൺ വിളിക്കാൻ റീചാർജ്ജ് ഇല്ലാതെ വിഷമിക്കുന്നവർക്ക് റീചാർജ്ജ് ചെയ്തു കൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതല പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർക്ക് കെ എസ് ആർ ടി സി യാത്രാ  സൗകര്യം ഒരുക്കും.

നനവജാതർക്കുള്ള കുഞ്ഞുടുപ്പു മുതൽ ഒറ്റപ്പെട്ടവർക്കുള്ള കൂട്ടിരുപ്പ് വരെ. ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്നത്തേയും പോലെ സംഗീതാത്മകം.

മനുഷ്യ സ്നേഹത്തിന്റെ കരുതലിന്റെ തലോടലിന്റെ ഒരു പത്ര സമ്മേളനം കൂടി.

നാം ഈ ദുരന്തവും അതി ജീവിക്കും.

Wednesday, March 25, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം (മാർച്ച് - 25)

സംസ്ഥാനത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത് പൊതുജന സുരക്ഷയെ മാനിച്ചാണ്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും. ആളുകൾ വീടുകളിൽ തന്നെ കഴിയണം. റോഡുകൾ പൊതുസ്ഥലങ്ങൾ ഇവിടം എല്ലാം വിജനമാക്കിയിടണം.
.
വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലമോ പാസ്സോ കയ്യിൽ കരുതണം. ഒഴിച്ചുകൂടാൻ ആകാത്ത കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തേക്ക് ഇറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ഉള്ള അധികാരം ജില്ലാ പോലീസ് മേധാവികൾക്ക് ആയിരിക്കും.
..
സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നാല് പേര് ദുബായിൽ നിന്നും . ഒരാൾ ബ്രിട്ടണിൽ നിന്നും ഒരാൾ ഫ്രാൻസിൽ നിന്നും വന്നവർ ആണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. 76542 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ആണ്.
.
കേരളത്തിൽ ഒരാളും ലോക്ക് ഡൌൺ മൂലം പട്ടിണി കിടക്കേണ്ടി വരില്ല. പഞ്ചായത്തുകൾ തോറും കംമ്മ്യൂണിറ്റി കിച്ചണുകൾ ഉണ്ടാക്കും. ആവശ്യമുള്ള ഭക്ഷണത്തിന്റെ കണക്ക് പഞ്ചായത്തുകൾ ഉണ്ടാക്കണം .
.
വ്യക്തികളോട് ഭക്ഷണം ചോദിക്കാൻ ആളുകൾക്ക് മടി കാണും, അവർക്കായി ഫോൺ നമ്പർ ഏർപ്പെടുത്തും. ഒറ്റപ്പെട്ടു താമസിക്കുന്നവർ പട്ടിണിയിൽ ആകാതെ പൊതുജനം പരസ്പരം ശ്രദ്ധിക്കണം.വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് കൂട്ടിരിക്കാൻ സന്നദ്ധസേവാ പ്രവർത്തകരെ ഏർപ്പാട് ആക്കും.
.
ബീ പി ൽ കാർഡ് കാർക്ക് 35 കിലോ അരിയും എ പി എൽ കാർഡ് കാർക്ക് 15 കിലോ അരിയും നൽകും. ഒപ്പം ബീ പീ എൽ കുടുംബങ്ങൾക്ക് ഒരുമാസത്തേക്ക് ഉള്ള പലവ്യജ്ഞനങ്ങളും നൽകും. ഒരു കുടുംബവും പട്ടിണി കിടക്കാൻ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം.
.
ഇപ്പോൾ രോഗബാധയിൽ ഉള്ള ആളുകളുടെ ചികിത്സയിലും തുടർ നടപടികളിലും കണ്ടറിഞ്ഞു ഉള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകും. സർക്കാർ സേവനങ്ങൾ സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും താമസംവിനാ എത്തിക്കുന്നതിന് വേണ്ടി വികേന്ദ്രീകൃതമായ നടപടികൾ ആണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ ആളുകളെ ആരോഗ്യ പരിപാലന രംഗത്തേക്കും സന്നദ്ധ സേവന രംഗത്തേക്കും കണ്ടെത്തും. ഏതെങ്കിലും സംഘടനകളുടെ നിറം കാണിക്കാൻ ഉള്ള ഉപാധിയായി ഈ സന്നദ്ധ സേവനങ്ങളെ മാറ്റാൻ അനുവദിക്കില്ല.
സ്പഷ്ടം... സൂഷ്‌മം... ശക്തം..
കരുതൽ, സാന്ത്വനം, ആത്മവിശ്വാസം
..
പുറത്ത് ഇറങ്ങരുത് എന്ന് ചില്ല് മേടയിൽ ഇരുന്ന് ആഹ്വനം ചെയ്യുക അല്ല കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്. വീട്ടിലിരിക്കൂ നിങ്ങൾ ഒരു നിലയ്ക്കും പട്ടിണി ആകില്ല എന്നാണു.
.
നാം അതിജീവിക്കും!

Tuesday, March 24, 2020

പ്രവാസത്തിലെ കൊറോണ.

കേരളത്തിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും യൂ. ഏ . യിൽ നിന്നും വന്നവർ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് മുംബയിൽ മരണമടഞ്ഞ കൊറോണ ബാധിതനും യൂ. ഏ. യിൽ നിന്നും വന്നതാണ്. ഇന്ത്യയിലെ കൊറോണ ബാധിതരിൽ  അധികവും അടുത്ത സമയത്ത് വിദേശ യാത്ര നടത്തിയവരോ വിദേശങ്ങളിൽ തൊഴിൽ എടുക്കുന്നവരോ അവിടങ്ങളിൽ താമസിക്കുന്നവരോ ആണ്.


മധ്യേഷ്യയിൽ തൊഴിൽ എടുക്കുന്ന പ്രവാസികളുടെ ജീവിതം എങ്ങിനെ ആണെന്നറിയാം. നല്ലൊരു ശതമാനവും ഷെയറിങ്ങ് അക്കൊമൊഡേഷനിൽ ആകും. ഒന്നുകിൽ ഫാമിലി ഷെയറിങ്ങ് അല്ലെങ്കിൽ ബാച്ചിലർ ഷെയറിങ്ങ്. ഫാമിലി ഷെയറിങ്ങിൽ മിക്കവാറും കിച്ചണും ബാത്‌റൂമും ഷെയറിങ്ങ് തന്നെ ആണ്. വളരെ അപൂർവ്വം ആയിട്ടാണ് കിച്ചൺ സെപറേറ്റ് ലഭ്യം ആവുക. ബാത്ത് റൂം അറ്റാച്ച്ഡ് കിട്ടിയാൽ ആയി ഇല്ലെങ്കിൽ ആയി. ബെഡ് റൂം ഒഴികെ ബാക്കി എല്ലാം ഷെയറിങ്ങ് ആകും മിക്കപ്പോഴും. ബെഡ്‌റൂം പോലും ഷെയറിങ്ങ് ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതേ കുറിച്ച് മുൻ കാല പോസ്റ്റുകളിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്. ബാച്ച്ലർ ഷെയറിങ്ങിൽ കിച്ചണും ബാത്ത്‌റൂമും എല്ലായിപ്പോഴും ഷെയറിങ്ങ് തന്നെയാണ്.


ഫാമിലി ഷെയറിങ്ങിൽ ഒരു ഫ്‌ളാറ്റിൽ മൂന്നു റൂം ഉണ്ടെങ്കിൽ മൂന്നു ഫാമിലി ഉണ്ടാകും. ബാച്ച്ലർ ഷെയറിങ്ങിൽ മൂന്നു റൂം ഉണ്ടെങ്കിൽ അവിടെ ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് പേര് എങ്കിലും ഉണ്ടാകും. ലേബർ അക്കൊമൊഡേഷനിൽ ഡോർമെറ്ററി പോലെ അടുക്കടുക്കായിട്ടാണ് താമസിക്കേണ്ടി വരിക. സ്ത്രീകളുടെ ഷെയറിങ്ങ് അക്കൊമൊഡേഷനും ഒട്ടും വ്യത്യസ്തമല്ല. അത് തന്നെ സ്ഥിതി. കമ്പനികൾ കൊടുക്കുന്ന അക്കൊമൊഡേഷനിൽ മാക്സിമം ജീവനക്കാരെ തിരുകി കയറ്റുകയും ചെയ്യും.

പറഞ്ഞു വന്നത് യൂ. ഏ. യിൽ നിന്നും വരുന്ന അല്ലെങ്കിൽ മറ്റു പ്രവാസ ഭൂമികയിൽ നിന്നും വരുന്നവർ കൊറോണ ടെസ്റ്റിൽ പോസിറ്റീവ് ആകുമ്പോൾ അവരുടെ റൂട്ട് മാപ്പ് നമ്മൾ ഇപ്പോൾ എയർപോർട്ട് മുതൽ ആണ് കണക്കാക്കുന്നത്. പക്ഷേ അവർ താമസിച്ചിരുന്നിടത്തേക്ക് തൊഴിൽ എടുത്തിടത്തേക്ക് ആ റൂട്ട് മാപ്പ് നീളേണ്ടത് അല്ലെ? ഏതൊരു ആൾ എയർപോർട്ടിൽ പോസിറ്റീവ് ആയാലും അയാൾ പ്രവാസ ഭൂമികയിൽ ഒരു ഷെയറിങ്ങ് അക്കൊമൊഡേഷനിൽ  നിന്നും വന്നവൻ ആകും. അവർ ഇടപഴകിയതിൽ അദ്ദേഹത്തിന്റെ നാട്ടിലെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ടാകും. എയർപോർട്ടിന് അപ്പുറം കൊറോണ ഇല്ല എന്നാണ് എന്ന് തോന്നും ഇപ്പോഴത്തെ റൂട്ട് മാപ്പും കരുതലും ഒക്കെ കാണുമ്പോൾ.




 ഇവിടെ എയർപോർട്ടിൽ കൊറോണ സ്ഥിരീകരിക്കുന്ന ആളുടെ പ്രവാസത്തിലെ ഇടപെടലുകളും റൂട്ട് മാപ്പും അവിടുത്തെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഉള്ള നടപടികൾ എത്രയും   വേഗം ഉണ്ടാകണം. പ്രവാസത്തിലെ ഷെയറിങ്ങ് അക്കൊമൊഡേഷന്റെ പ്രത്യേകത മിക്കപ്പോഴും ഓരോ സംസ്ഥാനത്ത് നിന്നും ഉള്ളവർ ഒന്നിച്ചാകും എന്നതാണ്. ഭാഷാപരമായിട്ടാണ് മിക്കപ്പോഴും ഷെയറിങ്ങ് അക്കൊമൊഡേഷനുകൾ ഉണ്ടാകുന്നത്. കമ്പനി അക്കൊമൊഡേഷൻ ആണെങ്കിൽ അങ്ങിനെ ആകണം എന്നില്ല. പൊതുവെ എല്ലാ ഭാഷ സംസാരിക്കുന്നവരും എല്ലാ രാജ്യക്കാരും കമ്പനി അക്കൊമൊഡേഷനിൽ  ഒന്നിച്ചുണ്ടാകും. എങ്ങിനെ ആയാലും നാട്ടിൽ വന്നു എയർപോർട്ടിൽ ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ ഇടപെട്ടിടവും അപകടത്തിൽ ആണ്.

രാജ്യം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. പ്രത്യേകിച്ചും കേരളം. നാട്ടിൽ എത്തി കൊറോണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആണെങ്കിൽ അവർ അതുവരെ ഇടപെട്ടിടത്ത് കൊറോണ ബാധിച്ചിട്ടുണ്ട്. പക്ഷേ അവിടുത്തെ സർക്കാരോ ജനങ്ങളോ കൂടെ താമസിച്ചവരോ ആരോഗ്യ പ്രവർത്തകരോ അത് അറിയുന്നില്ല. അപകടകരമാണ് ആ സാഹചര്യം.

ലോകം എമ്പാടും ഉള്ള ആരോഗ്യ പ്രവർത്തകർ ഇക്കാര്യത്തിൽ കരുതൽ തേടണം. നാളെകൾ എങ്ങിനെ ആകും എന്ന് ആർക്കും പ്രവചിക്കാൻ ആകുന്നില്ല. പ്രവാസത്തിൽ നിന്നും നാട്ടിൽ എത്തി ടെസ്റ്റ് പോസിറ്റീവ് ആകുന്നവർ പ്രവാസത്തിൽ അവരോട് ഇടപെട്ടവരെ രക്ഷിക്കാനും കൂടി ശ്രമിക്കണം.