Tuesday, August 15, 2006

ബൂമറംങ്...

അച്ചായന്‍ അവസാനം എന്നെയും കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
“പോന്ന് മോനെ....ഞാന്‍ പോട്ടെടാ”
മുപ്പത് വര്‍ഷക്കാല‍ത്തെ അദ്ധ്വാനത്തിന് പരിസമാപ്തി.
ദുബൈ എയര്‍‌പോര്‍ട്ടില്‍ വച്ച് അച്ചായന്‍ അത്യാഹ്ലാദത്തോടെയാണ് ഞങ്ങളോട് യാത്ര പറഞ്ഞത്.
ഭാഗ്യവാന്‍. ലോഞ്ചില്‍ വന്നയാളാണ്. എല്ലാം കരക്കടിപ്പിച്ചിരിക്കുന്നു. മക്കളും കൊച്ചു മക്കളും എല്ലാം നല്ലനിലയില്‍.
ശിഷ്ടകാലത്തെ വിശ്ര‌മജീവിതത്തെ കുറിച്ചുള്ള അച്ചായന്റെ വിചാരങ്ങള്‍ ഞങ്ങളില്‍ അസൂയ പടര്‍ത്തുമായിരുന്നു.
അച്ചായന്‍ പോയി...അച്ചായന്റെ സന്തോഷത്തോടെയുള്ള മടക്കയാത്ര ഞങ്ങളിലും പുത്തനുണര്‍വുണ്ടാക്കി...
മാസം ഒന്ന്....രണ്ട്.....മൂന്ന്.....
നായിഫ് സര്‍വ്വാനി പള്ളിക്കരികെ ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ പരിചയമുള്ളൊരു മുഖം പോലെ....ഒന്നുകൂടി ......
അതെ അത് തന്നെ അച്ചായന്റെ പ്രേതം..


“മോനെ വിസിറ്റ് വിസയിലാണ്....നിങ്ങളെ അറിയിക്കണ്ട എന്ന് വിചാരിച്ചാണ് റൂമിലേക്ക് വരാഞ്ഞത്...പഴയശമ്പളമൊന്നും വേണ്ട...ഒരു ജോലി....”


പിന്നെ അച്ചായന് പറയാനുണ്ടായിരുന്നത് കൊച്ചു വാവയുടെ “വൃദ്ധ സദനത്തിന്റെ” പുതിയൊരദ്ധ്യായമായിരുന്നു.

2 comments:

Anonymous said...

കഷ്ടമെന്നിപ്പോള്‍ നാം പറയും, നാളെ നമ്മളോടാരെങ്കിലും പറയും... വിശ്രമ ജീവിതത്തെ പറ്റി ചിന്തിക്കാതിരിക്കൂ....

Anonymous said...

കഷ്ടമെന്നിപ്പോള്‍ നാം പറയും, നാളെ നമ്മളോടാരെങ്കിലും പറയും... വിശ്രമ ജീവിതത്തെ പറ്റി ചിന്തിക്കാതിരിക്കൂ....