ആദ്യത്തെ മടക്കയാത്ര. ഗള്‍ഫിലേക്ക് വണ്ടി കേറീട്ട് രണ്ടാം വര്‍ഷാവസാനം നാട്ടിലേക്ക്. എല്ലാ ഗള്‍ഫ് മോഹികളേം പോലെ “പൊന്നു കൊയ്യുക” എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഗള്‍ഫില്‍ ലാന്റ് ചെയ്യുമ്പോള്‍ എനിക്കും ഉണ്ടായിരുന്നുള്ളു എന്നത് എടുത്ത് പറയേണ്ടല്ലോ. രണ്ടു വര്‍ഷം കഴിഞ്ഞപ്പൊള്‍ നാട്ടിലേക്ക് പോകാന്‍ “വിളിക്കുറി” തന്നെയായി ശരണം. ഒരുവന് അത്യാവശ്യം വരുമ്പോള്‍ വിളി നീണ്ടു നീണ്ടു പോകുന്നതാണല്ലോ വിളിക്കുറിയുടെ ഒരു സാമാന്യ നീതി. അങ്ങിനെ എല്ലാരും വിളിച്ച് ഈര്‍ക്കില്‍ പോലായ കുറിയിലെ ചില്ലറയും വാങ്ങി കന്നി മടങ്ങല്‍.
വിളിക്കുറിയില്‍ നിന്നും കിട്ടിയ ചില്ലറയും സഹമുറിയരോടും സഹപ്രവര്‍ത്തകരോടും കടമാക്കിയതും ഒക്കെയായി ഒരു പേര്‍ഷ്യക്കാരനാകാന്‍ തക്ക വണ്ണം ഒരു വിധം പേഴ്സ് നിറഞ്ഞു. സോപ്പ്, ചീപ്പ്, കണ്ണാടി,യാര്‍ഡ്‌ലി പൌഡര്‍, ടൈഗര്‍ബാം, കോടാലി തൈലം, ഞെക്കുമ്പം കരയുന്ന കളിപ്പാട്ടങ്ങള്‍, ബ്രഷ്, പേസ്റ്റ്, കുറച്ച് തുണിത്തരങ്ങള്‍, സ്പ്രേ, ടേപ്പ് റിക്കര്‍ഡര്‍, കാസറ്റുകള്‍ തുടങ്ങിയ ഒരു ഗള്‍ഫ് കാരന്റെ അവധിക്ക് പോക്കില്‍ നിര്‍ബന്ധമാക്കപെട്ട എല്ലാ സാധനങ്ങളും കുത്തിനിറച്ച പെട്ടിയുമായി നമ്മുടെ സ്വന്തം തിരോന്തരത്തെ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ പുലര്‍ച്ചേ ആറ് മുപ്പതിന് കൃത്യസമയത്ത് ലാന്റഡ്.
ടേപ്പ് റിക്കോര്‍ഡര്‍ ഒഴികെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും സ്വര്‍ണ്ണം നാട്ടിലും കിട്ടത്തില്ലേ എന്ന സാമാന്യ ബോധം കൊണ്ടും ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഴുവന്‍ വെള്ളയിട്ട ഒരു ചേച്ചി മാടി മാടി വിളിച്ചു. പെട്ടിയിലെന്തുണ്ടെന്ന് ചോദ്യം. സത്യം സത്യമായി തന്നെ പറഞ്ഞു. “സോപ്പ്, ചീര്‍പ്പ്, കണ്ണാടി...”
ചേച്ചി : “ഇലക്ട്രോണിക്ക് സാധനങ്ങള്‍ ...”
ഞാന്‍: “ഒരു ടേപ്പ് റിക്കോര്‍ഡര്‍ മാത്രം”
ചേച്ചി: “സ്വര്‍ണ്ണം..?”
ഞാന്‍: “ഒരു തരിയില്ല മാഡം”
ചേച്ചി: “കള്ളം പറയരുത് കയ്യില്‍ സ്വര്‍ണ്ണവും പെട്ടിയില്‍ ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടെന്നും ഞങ്ങള്‍ക്കറിയാം. എന്താ എല്ലാം അഴിച്ചിട്ട് പരിശോധിക്കണോ?”
ഞാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലന്ന് വീണ്ടും തറപ്പിച്ചു പറഞ്ഞു.
“ശരി..പെട്ടിയിലുള്ളതും കയ്യിലുള്ളതും എല്ലാം ഈ പേപ്പറില്‍ എഴുതി താ” എന്നായി ചേച്ചി. ഈ ഹതഭാഗ്യന്‍ ഓര്‍മ്മയിലുള്ളതെല്ലാം എഴുതി കൊടുത്തു.
“അഴിച്ചു നോക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ സമാധാനം പറയേണ്ടി വരും...ദേണ്ടെ ആ ക്യൂവിന്റെ അങ്ങേ തലക്കല്‍ പോയി നില്‍ക്കൂ...”
ഓര്‍ഡറിട്ടട്ട് ചേച്ചി അടുത്ത ഇരയുടെ അടുത്തേക്ക് പോയി. ഊഴം കാത്തു നില്‍ക്കുന്ന അറവുമാടുകള്‍ക്ക് ഏറ്റവും പിറകില്‍ ഊഴം കാത്തു ഞാനും നിന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഒരു പരസഹായി എത്തി. പോലീസ് കാരനാണോ പോര്‍ട്ടറാണോ എന്നോര്‍മ്മയില്ല. വര്‍ഷം പത്ത് പതിമൂന്ന് കഴിഞ്ഞേ.
പരസഹായി: “താങ്കള്‍ ആദ്യമായി വരികയാണല്ലേ.”
ശ്ശെടാ ഇതെങ്ങനെ ഇയാള്‍ മനസ്സിലാക്കി എന്നോര്‍ത്ത് ഇതികര്‍ത്യമൂഢനായി നില്‍ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു.
“താങ്കള്‍ ഒരു മുന്നൂറ് ദിര്‍ഹം പാസ്പോര്‍ട്ടില്‍ വച്ചിങ്ങ് താ. എല്ലാം ഞാന്‍ ശരിയാക്കിതരാം. ഇതെല്ലാം അഴിച്ചിട്ട് നോക്കിയാല്‍ വല്ലിയ ഡ്യൂട്ടി വരും. പിന്നെ ഉച്ചയാകും പോകാനും. ഞാനങ്ങ് ഒതുക്കി തരാം.”
എഴുതി കൊടുത്ത സാധനങ്ങളുടേ ലിസ്റ്റില്‍ പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്തും അറവ് മാടുകളുടെ ക്യൂ ഇങ്ങിനെ പോയാല്‍ എന്റെ ഊഴം എപ്പോഴെത്തുമെന്ന് പേര്‍ത്തും നിന്ന എനിക്ക് ഒരു പിടി വള്ളി കിട്ടിയ സന്തോഷം.
കേട്ട പാതി കേള്‍ക്കാത്ത പാതി ദിര്‍ഹം മുന്നൂറെടുത്ത് മടക്കി പാസ്പോര്‍ട്ട് പരസാഹായിയുടെ കയ്യില്‍ കൊടുത്തു. നടപടി ക്രമങ്ങള്‍ കഴിഞ്ഞ് പാസ്പോര്‍ട്ട് കയ്യില്‍ കിട്ടി. ഒരു നിമിഷം പാഴാക്കാതെ പുറത്തേക്കിറങ്ങി.
ദിര്‍ഹം മുന്നൂറ് പോയെങ്കിലെന്ത് ഗള്‍ഫില്‍ നിന്നും ആദ്യം വരുന്ന മകനെ കാണാന്‍ വെമ്പല്‍ കൊണ്ടു നില്‍ക്കുന്ന ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കൂടുതല്‍ അലച്ചിലില്ലാതെ എത്തിച്ചേരാന്‍ പറ്റിയല്ലോ. അതു തന്നെ സന്തോഷം. കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ അടുത്ത പരോപകാരി പ്രത്യക്ഷപ്പെട്ടു.
“സാര്‍ ദിര്‍ഹമോ ഡോളറോ റിയാലോ മറ്റോ ഉണ്ടോ?. എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം”
ഇല്ല എന്ന് പറയാന്‍ എടുത്ത് നാവ് “എക്സ്ചേഞ്ച് റേറ്റിനേക്കാള്‍ നല്ല റേറ്റ് തരാം” എന്ന് കേട്ടപ്പോള്‍ പുറത്തേക്ക് തുപ്പിയത് “എന്ത് വില തരും.” എന്നായിരുന്നു.
മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലായിരുന്നു പരോപകാരി ഓഫര്‍ ചെയ്തത്. ശരി എങ്കില്‍ കുറച്ച് ദിര്‍ഹം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇവിടെ കസ്റ്റംസ് പ്രശ്നമാണ്. നിങ്ങള്‍ ശംഖുമുഖം ബീച്ചിനടുത്ത് വണ്ടി നിര്‍ത്തിയാല്‍ മതി. ഞാനങ്ങ് വരാം എന്നായി പരോപകാരി.
വണ്ടി വിട്ടു. ഞാന്‍ ഒരു ലക്ഷം ഇന്‍ഡ്യന്‍ രൂപക്ക് തുല്ല്യമായ ദിര്‍ഹം പരോപകാരി പറഞ്ഞ റേറ്റ് വച്ച് എടുത്ത് എണ്ണി റെഡിയാക്കി തയ്യാറായിരുന്നു. വണ്ടി ശംഖുമുഖം ബീച്ചിനടുത്ത് നിര്‍ത്തി. പിറകില്‍ സ്കൂട്ടറില്‍ പരോപകാരിയും ഒപ്പം ഒരു ചങ്ങാതീം.
ഡീല്‍ തുടങ്ങി. എത്ര സൌമ്യമായ ചെറുപ്പക്കാരന്‍. ഒരു കാര്യം പറയാന്‍ ഒമ്പത് “സാര്‍” വിളിക്കും. ഏകദേശം എട്ടായിരം ദിര്‍ഹം ഞാന്‍ കൊടുത്തു. പകരം ഒരു ലക്ഷം രൂപ വാങ്ങി. അമ്പതിന്റെ നോട്ടുകളാണ്. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള്‍ പരോപകാരി വീണ്ടും “സാര്‍ വേറെ ഉണ്ടെങ്കില്‍ കുറച്ചു കൂടി നല്ല റേറ്റ് തരാം.”
എന്റെ ഉള്ളിലെ ദുരാഗ്രഹി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പണം എണ്ണി നോക്കാന്‍ പിതാജീനെ ഏല്പിച്ചിട്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന ബാക്കി ദിര്‍ഹം കൂടി പരോപകാരിക്ക് കൊടുത്തു.
കൊടുത്തത് മാത്രമേ ഓര്‍മ്മയുള്ളു. സ്കൂട്ടര്‍ മിന്നി മറഞ്ഞത് ഏത് ഭാഗത്ത് കൂടിയാണെന്ന് പോലും കണ്ടില്ല. പടച്ചവനേ ചതി പറ്റിയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ വാപ്പയുടെ ആര്‍ത്തനാദം.
“ഈ നോട്ടും നല്ലതല്ല. എല്ലാ നോട്ടിനും ഒരേ നമ്പര്‍....”
പിന്നിതു വരെ ഫോറിന്‍ കറന്‍സിയുമായി തിരോന്തരത്ത് ഇറങ്ങിയിട്ടില്ല എന്നു മാത്രമല്ല ഹാന്‍ഡ് ബാഗല്ലാതെ മറ്റൊന്നും കൂടെ കൂട്ടാറുമില്ല.
Wednesday, July 11, 2007
Subscribe to:
Post Comments (Atom)
22 comments:
ദുബായില്‍ നിന്നും നാട്ടിലേക്കുണ്ടായ കന്നി അവധി യാത്രയില്‍ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാന താവളത്തില്‍ ലഭിച്ച ഊഷ്മള സ്വീകരണം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരും..
:)
തിരുവനന്തപുരത്തോട് പൂര്‍വ്വ വൈരാഗ്യമുള്ളവര്‍ ചിലതൊക്കെ പറയുമ്... ഫോ എക്സാമ്പിള്‍ :
തിരുവനന്തപുരത്തിന്റെ ചുരുക്കം : TVPM
T: തട്ടിപ്പ്
V: വെട്ടിപ്പ്
P: പറ്റിപ്പ്/പിടിച്ചുപറി
M: മോഷണം
വിസിറ്റ് വിസയില്‍ വന്നു ജോലികിട്ടി വിസ മാറാന്‍ വേണ്ടി നാട്ടില്‍ പോയത് തിരുവനന്തപുരം വഴി ( വന്നതും ആ വഴിതന്നെയായിരുന്നു).
ഇടപ്പാളിലേക്കുള്ള ഒരാളെ ഫ്ളൈറ്റില്‍ വെച്ചുതന്നെ പരിചയപ്പെട്ടിരുന്നു.അയാളുടെ ഒപ്പം ഷെയര്‍ റ്റാക്സിക്കു പോകാം എന്നു തീരുമനിക്കുകയും ചെയ്തു.
പുറത്തിറങ്ങിയ ഉടന്‍ ഇടപ്പാള്‍ക്കരന്‍ പറഞ്ഞതുനസിച്ചുവന്ന റ്റാക്സിക്കാരന്‍ എണ്റ്റെ ബാഗ് വാങ്ങി മുന്നില്‍ നടന്നിരുന്നു തുടങ്ങി.
അയാള്‍ പിന്നിലോട്ട് തിരിഞ്ഞുനോക്കാതെ നടന്നുകണേനിക്കു വല്ലാതായി , എണ്റ്റെ ചോദ്യം കേട്ടതും,
"ദാ , വണ്ടി അവിടെ"
എന്നും പറഞ്ഞ് നടത്തം തുടര്‍ന്ന അയള്‍ പുറത്തു റോഡില്‍ നിര്‍ത്തിയിരിക്കുന്ന കാറില്‍ ഞങ്ങളെ ഇരുത്തി , ബാഗുകള്‍ ഡിക്കിയില്‍ വെച്ചുപൂട്ടി അയള്‍ അടുത്ത യാത്രക്കാരനെ കണ്ടെത്താന്‍ പോയി.
ചൂടും വിശപ്പുമെല്ലാംകൊണ്ടു പൊറുതിമുട്ടിയെങ്കിലും , സാധനങ്ങള്‍ വണ്ടിയിലയതിനാല്‍ ഞങ്ങള്‍ പുറത്തിറങ്ങിയതുമില്ല.
ആ സമയത്താണ് ഒരു കൊച്ചുപയ്യന്‍ കയ് നീട്ടി വന്നത് , ചില്ലറ കൊടുത്തുവിട്ടെങ്കിലും അവന്‍ പോയില്ല പകരം
"ഡോളറുണ്ടോ , ദിര്‍ഹമുണ്ടോ"
എന്നൊക്കെ ചോദിച്ചവിടെതന്നെ നിന്നു.
പിന്നെ ഓഫറുകളും അത്ര തരാം ഇത്ര തരാം എന്നൊക്കെ ,ഒന്നും നടക്കാതെ വന്നപ്പോള്‍ അവന്‍ അടുത്ത അടവ്,
" സാര്‍ എനിക്കു വല്ലതും കിട്ടും ഒരു കുടുമ്പം കഴിയും "
എന്നൊക്കെ പറഞ്ഞപ്പോള്‍ എന്‍റ്റെ മനസും അലിഞ്ഞു , നിയമ വശത്തെക്കുറിച്ചൊന്നും ഞാന്‍ അപ്പോള്‍ ഓര്‍ത്തില്ല.
രണ്ട് അഞ്ഞൂറിന്‍റ്റെ ഡിര്‍ഹം കൊടുത്തു , അവന്‍ വാങ്ങാതെ തിരിച്ചുവരാം എന്നു പറാഞ്ഞുപോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ വന്നു , രണ്ടു കെട്ട് നൂറിണ്റ്റെ നോട്ടും പിന്നെ കുറച്ച് വേറെ നോട്ടുകളും തന്നു ,
" എണ്ണിക്കോള്ളൂ"
എന്ന് ഇടപ്പാള്‍കാരന്‍ പറഞ്ഞെങ്കിലും , നൂറിന്‍റ്റെ സീല്‍ ചെയ്തതു ഞാന്‍ എണ്ണിയില്ല , മറ്റുള്ളതെണ്ണി , ദിര്‍ഹം അവനു കൊടുത്തു.
വീട്ടില്‍എത്തി , പിറ്റേന്നോ മറ്റോ ആ നൂറിന്‍റ്റെ കെട്ടുകള്‍ അഴിച്ചപ്പൊളാണ് ചതി മനസ്സിലായതു , ഉള്ളില്‍ കുറെ അമ്പതിന്‍റ്റെ നോട്ടുകളായിരുന്നു , ഉപ്പാന്‍റ്റെ ദെഷ്യം പൈസ പോയതിലല്ലായിരുന്നു , ഇത്തരം വൃത്തികേട് നീ തന്നെ ചേയ്തല്ലോ എന്നതിലായിരുന്നു.
കമന്‍റ്റിന് പോസ്റ്റിനേക്കാള്‍ നീളം കൂടുന്നത് തെറ്റാണോ?
ടാക്സിക്കാരന്‍ മുന്നില്‍ നടന്ന് ബാഗ് വണ്ടിയുടെ ഡിക്കിയില്‍ വച്ചില്ലേ. ഭാഗ്യവാനാണ് തറവാടീ താങ്കള്‍. സാധാരണ പിന്നെ ആ ബാഗ് തങ്കള്‍ക്ക് ഒരു ദുര്‍സ്വപ്നമാകാറാ തിരോന്തോരത്തിന്റെ ഒരു “ശരി”. ബാഗും കാണില്ല കൊണ്ട് പോയ ഡ്രൈവറും കാണൂല്ല പരാതിപ്പെടാന്‍ താങ്കള്‍ പോലീസില്‍ ചെന്നാല്‍ അന്ന് താങ്കള്‍ വീടും കാണൂല്ല.
താങ്കള്‍ ഒരു മഹാഭാഗ്യവാന്‍ തന്നെ സംശയമില്ല. കെട്ടില്‍ അമ്പതിന്റെ നോട്ടെങ്കിലും ഉണ്ടായിരുന്നില്ലേ. എനിക്ക് ആ മഹാമനസ്കര്‍ തന്നത് കള്ളനൊട്ടുകളായിരുന്നു. പിന്നെ ഈ സ്കൂട്ടറിന് ഇത്രേം സ്പീഡ് ഉണ്ട് എന്ന് അറിഞ്ഞതും അന്നായിരുന്നു.
എല്ലാവരും അറിഞ്ഞിരിക്കേണ്ടത്.
-സുല്‍
ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍.
പതിനെട്ടോളം വര്‍ഷങ്ങളായി പത്തിലധികം തവണ ഇപ്പറഞ്ഞ തിരുവന്തോരത്ത് ഇറങ്ങിയിട്ടുണ്ട്. ഒരു തരം പറ്റിക്കലിനും ഇടയായിട്ടുമില്ല കൈക്കൂലി കൊടുക്കേണ്ടിയും വന്നിട്ടില്ല.
ഒളിച്ചു കടത്താനുള്ള ഒന്നും കൊണ്ടുപോയിട്ടില്ലാന്നും കൂട്ടിക്കോളൂ.
പറ്റിക്കപ്പെട്ടെന്നു പറയുന്നവരെല്ലാം എല്ലാ എയര്‍പ്പോര്‍ട്ടിലും ഇതൊക്കെ കാലങ്ങളായി ഉണ്ടെന്ന് അറിയുന്നവര്‍ തന്നെയായിരുന്നില്ലേ എന്ന് ഒന്നുകൂടി ചിന്തിച്ചുറപ്പിച്ചോളൂ.
ഒരു ഡൗട്ട്. അന്‍പതിന്റെയും നൂറിന്റെയും നോട്ടുകള്‍ ഒറ്റക്കെട്ടായി വച്ചാല്‍ തിരിച്ചറിയാന്‍ പറ്റില്ലേ?
ജീ ,
സോറീട്ടോ , ഞാന്‍ നുണ പറഞ്ഞതാ.
തറവാടി തെറ്റിദ്ധരിക്കണ്ട. പ്രകോപനം അല്ല ഉദ്ദേശിച്ചത്.
അന്നു കിട്ടിയതില്‍ ഏതെങ്കിലും ഡിനോമിനേഷന്‍ വ്യാജനാവണം. അല്ലാത്തപക്ഷം അവ ഒറ്റക്കെട്ടായി വച്ചാല്‍ മുഴച്ചിരിക്കും. അളവുകള്‍ വ്യത്യസ്ഥമാന്നേ.
അയ്മ്പതിന്റെ നോട്ട് (http://www.rbi.org.in/Scripts/ic_banknotes_50.aspx)
നൂറിന്റെ നോട്ട് (http://www.rbi.org.in/Scripts/ic_banknotes_100.aspx)
ഇനീപ്പോ ജീ എന്നതേ വ്യാജനാണല്ലോന്നാവുംല്ലേ? സാരമില്ല... സമയം വരട്ടെ.
സംഗതിയൊക്കെ ശരി,
തിരോന്തരത്ത് കുറെയേറെ ഇറങ്ങിയവന്നാ, ഞാന്‍. കുറച്ചൊക്കെ കളിപ്പീര് പറ്റിയിട്ടുണ്ടെന്നും വച്ചോ.(അല്ലെങ്കി പിന്നെ തിരോന്തരം തിരോന്തരമല്ലെടേയ്..)
പക്ഷേ, ഈ പറഞ്ഞതില്‍ ഒക്കെ കുറെയേറെ അതിശയോക്തിയില്ലേ? അതല്ലെങ്കില്‍ ഇത്ര മണ്ടന്മാരോ നമ്മള്‍?
അഞ്ചല്‍ക്കാരാ, തറവാടീ?
പറഞ്ഞാല്‍ നിങ്ങള്‍ കരുതും ഞാന്‍ തരുവനന്തപുരത്തു കാരനായതു കൊണ്ടാണു ഇങ്ങനെയെന്നു. എന്നാല്‍ അങ്ങനെയല്ല. ഏകദേശം പത്തു വര്‍ഷമായി തിരോന്തരം വഴി പോക്കും വരവും നടത്തുന്ന ഒരുത്തനാണു ഞാന്‍. ഇക്കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഒരോ മാസത്തിലും ഞാന്‍ ഇതുവഴി പോക്കോ വരവോ നടത്താറുണ്ട്. ഇന്നുവരെ ഒരു ചേട്ടനോ ചേച്ചിയോ എന്നെ "ഛി പോ " എന്നു പറഞ്ഞിട്ടില്ല. ഇതിനിടയില്‍ കൊച്ചി ഒഴിച്ചുള്ള എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഞാന്‍ കസ്റ്റംസ് ക്ലിയറന്‍സ് നടത്തിയിട്ടുണ്ട്. ഒരിക്കല്‍ മുംബയ് എയര്‍പോര്‍ട്ടില്‍ മത്രം എന്നെ ഒന്നു വിരട്ടാന്‍ ഒരു മറാട്ടി ശ്രമിച്ചു. അന്നവനോടു അടിച്ചടിച്ചു നിന്നതല്ലാതെ ഞാന്‍ നയാ പൈസ അവനു കൊടുത്തില്ല.
അജ്ചല്‍ കാരന്റെ ആക്രാന്തം കൊണ്ടല്ലെ അന്നു അങ്ങനെ സംഭവിച്ചതു. അടക്ക ആണേല്‍ മടിയില്‍ വക്കാം, അടക്കാമരമായാലോ? അത്രയും കാശു കറന്‍സി ആയിട്ടു കൊണ്ടുവരുന്നതു തന്നെ തെറ്റു. പിന്നെ അത് യാതൊരുവിധ പരിചയവുമില്ലാത്ത സ്ഥലത്തു പരിചയമില്ലാത്ത ആളിനു കൊടുത്തിട്ടു... പറഞ്ഞിട്ടെന്നാതാ കാര്യം. അജ്ചലും മലപ്പുറവും തമ്മില്‍ വലിയ ദൂരമുണ്ടാല്ലോ? പിന്നെ എവിടെ നിന്നും കിട്ടി അവരുടെ സ്വഭാവം. ഞാന്‍ ഇതുവരെ കണ്ട ഒരു മലപ്പുറത്തു കാരനും കാശ് ബാങ്കിലോട്ട് അയക്കില്ല. കമ്പ്ലീറ്റ് കുഴല്‍ വഴി ഒഴുക്കും.
താങ്കള്‍ക്കു ഒരു കാര്യം ചെയ്യാമായിരുന്നു! അന്ന് ആ കാശ് തിരുവിതാംകൂറിന്റെ സ്മഗളിംഗ് ക്യാപ്പിറ്റലായ കല്ലമ്പലത്തു കൊണ്ടുവരാമായിരുന്നു. ഞാന്‍ റേറ്റ് അത്രയും തന്നില്ലെങ്കിലും ഒറിജിനല്‍ ഇന്‍ഡ്യന്‍ റുപീസ് തരുമായിരുന്നു. ഹ ! ഹ ! അന്നു ഈ പുള്ളിക്കാരന്റെ കാശ് അടിച്ചോണ്ട് പോയ ആളെ എനിക്കറിയാം. അവനും ആദ്യമായിട്ടാ കള്ള ദിര്‍ഹം കാണുന്നതു. അതിന്റെ നാണക്കേട് കാരണം അന്നു അവന്‍ ആക്കുളം കായലില്‍ ചാടി ചത്തു. പാവം!!!
പ്രിയ ജീ ,
ഒരു പോസ്റ്റു മുഴുവന്‍ വായിച്ചാല്‍ സമനായമായ വല്ല അനുഭവവും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കമന്‍റ്റായി എഴുതുന്ന ഒരു സ്വഭാവമുണ്ടെനിക്ക് , അതിവിടേയും സംഭച്ചെന്നെയുള്ളൂ.
അന്ന് വളരെ ക്ഷീീണിച്ചായിരുന്നു ഞങ്ങള്‍ , വളരെ ഭംഗിയായി സ്റ്റാപ്പിള്‍ ചെയ്ത നോട്ട് കെട്ട് നേരെ കയ്യിലുണ്ടായിരുന്ന ബാഗിലേക്ക് വെക്കുകയായിരുന്നു.
പിന്നെ താങ്കളുടെ പേരിന്‍റ്റെ കാര്യം ,
ഇന്നേവരെ അനോണിയാവാത്ത എന്‍റ്റെ ബ്ളോഗിലും അനോണിമാരൊക്കെ വന്നാടിത്തിമര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ,
ചൂടുള്ള വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന് കേട്ടിട്ടില്ലെ ?അതുകൊണ്ടാണ് ഞാന്‍ മുമ്പെ അങ്ങിനെ എഴുതിയത്.
താങ്കള്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും എനിക്കതില്‍ വെത്യാസമൊന്നുമില്ലാട്ടോ എത്ര പേരു കേട്ട അനോണിമാരുണ്ട് നമ്മുടെ കൂട്ടത്തില്‍ .
ദേ കൈതെ ,
വെറുതെ ഓരോന്നു പറഞ്ഞുണ്ടാക്കരുത് കേട്ടോ!
അഞ്ചല്‍കാരാ, ഇത് തിരുവനന്തപുരത്ത് മാത്രം നടക്കുന്ന കാര്യമല്ല. ഒട്ടുമിക്ക എയര്‍പോര്‍ട്ടിലും ഇത് തന്നെ അവസ്ഥ. എന്റെ വീട്ടുകാര്‍ പൊതുവേ ഞങ്ങള്‍ക്ക് തരുന്ന നിര്‍ദ്ദേശം രണ്ടാണ്.
1)അനാവശ്യമായ ലഗേജ് ഒന്നും കൊണ്ട് പോകരുത്. അത് പോലെ ഒന്നും നിയമ വിരുദ്ധമായി കൊണ്ട് പോകാന്‍ ശ്രമിക്കരുത് (അതായത് സ്വര്‍ണ്ണം,ഇലക്‍ട്രോണിക് സാധനങ്ങള്‍ മുതലായവ ഡ്യുട്ടി അടച്ച് മാത്രം കൊണ്ട് വരിക.അത്ര ആവശ്യം ഉണ്ടെങ്കില്‍ മാത്രമേ അതും പാടുള്ളു).
2)ഫോറിന്‍ എക്‍സ്‌ചേഞ്ച് നിര്‍ബന്ധമായും എയര്‍പോര്‍ട്ട് ടെര്‍മിനലിനകത്തുള്ള ഫോറിന്‍ എക്സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ നാട്ടിലെ ഫോറിന്‍ എക്സ്ചേഞ്ച് സംവിധാനമുള്ള ബാങ്കില്‍ നിന്നും മാത്രമേ ചെയ്യാന്‍ പാടുള്ളൂ.
ഇത് രണ്ടും എല്ലാവരും ചെയ്യുന്നത് കൊണ്ട് ഇത് വരെ ആര്‍ക്കും ഒരു പണിയും കിട്ടിയിട്ടില്ലാ..
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്തൊക്കെ സാധനങ്ങള്‍ കൊണ്ട് വരാം, അതിന്‍ ഡ്യുട്ടി അടക്കണോ വേണ്ടയോ എന്നൊക്കെ കസ്റ്റംസിന്റെ http://www.cbec.gov.in/travellers.htm ഈ ലിങ്കില്‍ പോയാല്‍ അറിയാന്‍ പറ്റും. പിന്നെ പോകുന്നതിന് മുന്‍പ് അതിന്റെ ഒക്കെ ഒരു പ്രിന്റ് ഔട്ട് കൂടെ കയ്യില്‍ സൂക്ഷിച്ചാല്‍ നല്ലത്.
ഞാനും കമന്റിയത് ഓവര്‍ ആയോന്ന് ഒരു സംശയം :)
പതിമൂന്ന് വര്‍ഷം മുമ്പ് എനിക്കുണ്ടായ അനുഭവമാണിത്. കുറിപ്പില്‍ അതിഭാവുകത്വം തോന്നുന്നു എങ്കില്‍ നേരിട്ടനുഭവിച്ചവന്റെ ആവലാതി എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നുണ്ടോ.
പിന്നെ ഈ അപകടങ്ങളില്‍ എടുത്ത് ചാടിയതെന്തിനെന്ന ചോദ്യത്തിനുത്തരം വേണ്ടവര്‍ എന്റെ പ്രൊഫൈല്‍ ഒന്നു നോക്കാന്‍ താത്പര്യപെടുന്നു.
ഞാനറിയുന്ന എന്നെ തന്നെയാണ് ഞാനവിടെ കോറിയിട്ടിരിക്കുന്നത്. ഇങ്ങിനെയൊക്കെ പഠിച്ച പാഠങ്ങളാണ് എന്റെ പ്രൊഫൈലിന്റെ ജീവന്‍.
വീണ്ടും പറ്റിക്കപ്പെടരുത് എന്ന് ദൃഢ നിശ്ചയത്തോടെ തിരോന്തോരം വിമാനതാവളത്തിലറിങ്ങിയ ഞാന്‍ പിന്നെയും പറ്റിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ നേരിട്ട പരാജയങ്ങളുടെ ഉറവിടം പരതി പോകുമ്പോള്‍ ഓര്‍മ്മയില്‍ തടയുന്നവ കേള്‍ക്കുന്നവര്‍ക്ക് അതിഭാവുകത്വം ആകുന്നു എങ്കില്‍ അത് തന്നെയാണ് ഞാനെന്ന പരജയത്തില്‍ നിന്നും മറ്റുള്ളവര്‍ക്ക് പഠിക്കാനുള്ള പാഠം.
“ജയം കാംഷിച്ച് തോല്‍വി സ്വന്തമാക്കുന്നവന്‍. പരാജയം പണംകൊടുത്ത് നേടുന്നവന്‍. അപജയങ്ങളീല്‍ അഹങ്കരിക്കുന്നവന്‍. വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍. “
അഞ്ചല്‍ക്കാരാ,
ഷെമീ, ഞാനിതിപ്പഴാ വായിച്ചേ!
തറവാടീ, :-)
അഞ്ചല്‍ക്കാരാ, ഞാന്‍ തിരുവനന്തപുരത്തും കൊച്ചിയിലും മുംബയിലും ഇറങ്ങിയിട്ടുണ്ട്, ഇതുവരെ ഒരു പൈസ പോലും കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ല,കഴിഞ്ഞ മാസം ഞാന്‍ നാട്ടില്‍ പോയപ്പോള്‍, മുംബയില്‍ ആണിറങ്ങിയത്,
ഞാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡികാമും, കാമേറയും അല്ലാതെ ഒരു ഇലക്ട്രോണിക് സാധനം എന്റെ കയില്‍ ഉണ്ടാവാറില്ല, ഗ്രീന്‍ ചാനലിലൂടെ പുറത്തു പോവാന്‍ ശ്രമിച്ച എന്നെ ഒരു കസ്റ്റംസ് കാരി തടഞ്ഞു വച്ചു, ക്യൂവിലൂടെ വരാന്‍ പറഞ്ഞു, ഞാന്‍ വളരെ ക്ലിയറായി അവരോടു പറഞ്ഞു ഇതില്‍ ഒന്നുമില്ല ചുമ്മാ രണ്ടാളിന്റേയും സമയം വേസ്റ്റാക്കുവാ എന്ന്,
അതു കേട്ട ഒരു സര്‍ദാര്‍ജി ആ സ്ത്രീയുടെ മുകളില്‍ ആണെന്ന് തോന്നുന്നു, എന്നോട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു, ഞാന്‍ ജീവനും കൊണ്ട് പുറത്തു കടന്നു..
പിന്നെ മുംബയില്‍ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങി ആരോടും മിണ്ടാന്‍ നില്‍ക്കില്ല, പണമല്ല ചെലപ്പൊ ജീവനും ബാക്കിയുണ്ടാവില്ല..മുംബയില്‍ മാത്രമല്ല, എവിടെ ഇറങ്ങേണ്ടി വന്നാലും ആവശ്യമില്ലാത്ത ലഗേജ് ഒഴിവാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ,കൂടുതലും
പിന്നെ പരിചയമില്ലാത്ത ഒരാളിനോടും പണത്തിന്റെ ഒരു ഡീലും നടത്താതിരിക്കുക
നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്ക് തന്നെ അതിന്റെ ഗുണം:)
സാജനോട് 100% യോജിക്കുന്നു.
തിരുവനന്തപുരത്തുകാരെ അടച്ചാഷേപിച്ച പൊന്നംബലത്തിനു നന്ദി...
അങ്ങാടീല്‍ തോറ്റാല്‍ അമ്മയോട്
അഞ്ചല്‍കാരാ.. അതേ തിരുവനന്തപുരം എന്നു കേള്‍ക്കുന്നതേ കലിപ്പാണെനിക്ക്. കാരണം ആ നഗരം നേട്ടങ്ങളേക്കാള്‍ കോട്ടങ്ങള്‍ ആണെനിക്ക് സമ്മാനിച്ചത്. നല്ലവര്‍ ഇല്ലെന്നല്ല. എനിക്കനുഭവം ഉണ്ടായതെല്ലാം മനസ്സിനൊരു മുറിവായി എന്നുമുണ്ടാവും. അതൊന്നും പറയുന്നില്ലിപ്പോള്‍..
ഈ കഥയുടെ ഗുണപാഠം:
അത്യാഗ്രഹം ആപത്ത്.
പണ്ട് കെന്നഡി ഇന്ത്യയില്‍ വന്നപ്പോ വഴിയരുകില്‍ നിന്ന് മൂത്രമൊഴിക്കുന്നവരെക്കണ്ട് കളിയാക്കിയത് നെഹ്രുവിനത്ര പിടിച്ചില്ല!അടുത്തതവണ അമേരിക്കയില്‍ ചെന്ന് കെന്നഡീന്റെ കൂടെ കാറില്‍ പോകുമ്പോ നെഹ്രൂന് സന്തോഷമായി.ദേ വഷിയരുകില്‍ ഒരുത്തന്‍ നിന്ന് മുള്ളുന്നു.കെന്നഡി വണ്ടിനിര്‍ത്തിച്ചു!ആ മൂത്രേശ്വരനെ അടുത്തുവിളിച്ചപ്പോള്‍ നെഹ്രു ചമ്മി;കെന്നഡി ആശ്വസിച്ചു!
അമേരിക്കക്കാരുടെ മുഴുവന്‍ പേരുനാറ്റിച്ച മൂത്രം ഒരു ഇന്ത്യാക്കാരന്റേതായിരുന്നു!
ഇതൊരു പഴയ കഥ.
അഞ്ചല്‍ക്കാരന്‍ പറഞ്ഞ പുതിയകഥയിലെ തിരുവന്തോരം കാരന്‍ പറ്റിപ്സിനെ പിടിച്ചാലറിയാം പുള്ളി എന്തിനാണ് അല്ലെങ്കില്‍ എന്നുമുതലാണ് അഞ്ചല്‍/എടപ്പാള്‍/കോയിക്കോട്/കാസര്‍കോട് നിന്ന് തിരുവന്തോരത്തുവന്ന് ഈ പരിപാടി തുടങ്ങിയതെന്ന്!!
:)
ആവശ്യമില്ലാത്ത ലഗേജ് ഒഴിവാക്കിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ,കൂടുതലും
പിന്നെ പരിചയമില്ലാത്ത ഒരാളിനോടും പണത്തിന്റെ ഒരു ഡീലും നടത്താതിരിക്കുക....
trivandrum= 90%BAD 10%good
malabar 25%bad 75 good
Post a Comment