Saturday, May 03, 2008

വെളിവ് കെട്ടവന്റെ വെളിപാടുകള്‍‌ !

“ഭാരത ദരിദ്രവാസികളേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ക്ക് തിന്നു കുടിച്ച് ആര്‍മ്മാദിക്കാനായി!”

പറയുന്നത് ലോകത്തിലേ ഏറ്റവും പരിഷ്കൃതസമൂഹമെന്ന് സ്വയം ഊറ്റം കൊള്ളുന്ന അമേരിക്കയുടെ ഭരണത്തലവന്‍. അസ്സഹിഷ്ണുതയുടെ ആള്‍രൂപമാണ് താനെന്ന് അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജ്ജ് ബുഷിന്റേതായി ഇപ്പോള്‍ വന്ന പ്രസ്ഥാവന ഭാരതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതിനെതിരേയാണ്. ലോക ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം ഭാരതത്തിലെ ദാരിദ്ര്യപേക്കോലങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ചു തുടങ്ങിയതാണെന്നാണീ വിദ്വാന്റെ കണ്ടെത്തല്‍.

“ഞങ്ങളുടെ എണ്ണ എങ്ങിനെ നിങ്ങളുടെ ഭൂമിക്കടിയില്‍ വന്നൂ.....”
ഇതായിരുന്നു കുറച്ച് കാലമായി ജോര്‍ജ്ജ് ബുഷിന്റെ പ്രശ്നം. ആ പ്രശ്ന പരിഹാരത്തിനായി എണ്ണയുല്പാദന രാജ്യങ്ങളിലേക്കുള്ള തേരോട്ടം ഇറാക്കില്‍ തട്ടി നിന്നും പോയി. ഇറാനെ തൊടാനാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ഉശ്ശിര് പോരാ താനും. നാലും മൂന്നും ഏഴ് താടിക്കാരായ അല്‍ഖായിദാക്കാരെ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വേട്ടയാടാന്‍ തുടങ്ങിയിട്ടും അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്ന ഉളിപ്പില്ലാത്ത പ്രസ്ഥാവനക്ക് പിന്നാലെ ഭാരത ദാരിദ്ര്യത്തിന്റെ മേലേ കുതിരകേറാനാണ് അമേരിക്കന്‍ പ്രസിഡന്റ് ശ്രമിക്കുന്നത്.

ലോകത്ത് ഭക്ഷ്യ പ്രതിസന്ധിയുണ്ടോ? ഭക്ഷ്യ പ്രതിസന്ധിയെന്നാല്‍ പണംകൊടുത്താലും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇന്ന് പണം കൊടുത്താല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അതായത് ഭക്ഷ്യപ്രതിസന്ധിയല്ല ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവാണ്.


ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമെന്താണ്? ഭാ‍രതത്തിലെ ദരിദ്രനാരായണന്മാര്‍ മൂന്ന് നേരം കഞ്ഞികുടിച്ചു തുടങ്ങിയതോ? അങ്ങിനെയൊരു വിലയിരുത്തലിന് ജോര്‍ജ്ജ് ബുഷും കൊണ്ടാലിസാ റൈസും മുതിര്‍ന്നത് ഏത് സ്റ്റാറ്റിക്സിന്റെ അടിസ്ഥാനത്തിലാണ്? ഭാരതത്തില്‍ നിന്നും അധിക ധാന്യശേഖരം അമേരിക്കയിലെ സാധാരണക്കാരെ തീറ്റിപ്പോറ്റുന്നു എന്നൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടില്ല. കുറേ കൊഞ്ചും തവളയും കുരുമുളകും കയറ്റി അയക്കുന്നുണ്ട് എന്നത് വാസ്തവം. പക്ഷേ മുട്ടവിറ്റ് കപ്പ വാങ്ങിക്കഴിക്കുന്ന ഭാരതീയന്റെ ഭക്ഷ്യസംസ്കാ‍രത്തിലെങ്ങും കൊഞ്ച് തവള കുരുമുളക് തുടങ്ങിയവ കടന്നുവന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. പിന്നെ എങ്ങിനെ ഭാരതം ദാരിദ്ര്യത്തെ അതിജീവിക്കുന്നത് അമേരിക്കയിലെ അല്ലെങ്കില്‍ ലോകത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും?


അപ്പോള്‍ അതല്ല വസ്തുത. ലോകത്തിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനക്ക് കാരണം എണ്ണവിലയിലുണ്ടായ അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്. ബാരലിന് നൂറ്റിപ്പതിനേഴ് ഡോളറില്‍ വിപണനം നടക്കുന്ന എണ്ണ ലോകത്ത് ഉണ്ടാക്കുന്ന പ്രതിസന്ധി തുല്യതയില്ലാത്തതാണ്. എണ്ണവില എന്തുകൊണ്ടിങ്ങനെ കുത്തനേ കയറുന്നു? ഉല്‍പ്പാദനം കുറച്ചിട്ടില്ലാ എന്നും ഉപഭോഗത്തിന് ആനുപാതികമായി തന്നെ ഉല്‍പ്പാദനം നടത്തുന്നുണ്ട് എന്നും എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ സാക്ഷ്യപത്രം വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂട്ടിയതു കൊണ്ടും എണ്ണയുടെ വിലകുറയുകയില്ലാ എന്നാണ് ഒപെക് രാജ്യങ്ങള്‍ ആ പ്രസ്ഥാവനയിലൂടെ സമര്‍ത്ഥിച്ചത്. അപ്പോള്‍ പിന്നെ എണ്ണ വില കൂടാനുള്ള കാരണം?

മധ്യേഷ്യയിലെ അനിശ്ചിതാവസ്ഥയാണ് ഇപ്പോള്‍ എണ്ണവില കുത്തനെ കയറി നില്‍ക്കാന്‍ കാരണമാകുന്നത്. ഇറാക്കിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല. അതിനോടൊപ്പം ഇറാനെ ഇപ്പോള്‍ കയറി പിടിക്കും എന്ന അമേരിക്കയുടെ ഭീഷണിയും കൂടിയാകുമ്പോള്‍ നാളെ എന്തും സംഭവിക്കും എന്ന സ്ഥിതി. അതു കൊണ്ട് തന്നെ അവധി വ്യാപാ‍രത്തില്‍ എണ്ണ വിലകൂടി തന്നെ നില്‍ക്കുന്നു.

ഇല്ലാത്ത ആണവായുധം തേടി അമേരിക്ക ഏതു നിമിഷവും ഇറാനിലേക്ക് ഇരച്ച് കയറും, അത് മിക്കവാറും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടാകും എന്ന് വിപണി ധരിച്ച് വെച്ചിരിക്കുന്നു. നാളെ ഇറാനില്‍ ഉണ്ടാകാവുന്ന ഏത് അമേരിക്കന്‍ നടപടിയും എണ്ണയുല്പാദനം തകിടം മറിക്കും. അത് മുന്‍ കൂട്ടി കാണുന്ന വിപണി എണ്ണവില ഉയര്‍ത്തി തന്നെ നിര്‍ത്തുന്നു. അതായത് എണ്ണവില ഇങ്ങിനെ ആകാശം മുട്ടേ നില്‍ക്കുന്നതിന് കാരണം അടിക്കടി ഇറാനേ അക്രമിക്കുമെന്ന് ആണയിടുന്ന അമേരിക്ക തന്നെ. എണ്ണവില ഉയരുന്നതിന്ന് ആനുപാതികമായി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും വിലകൂടുന്നു. ചുരുക്കത്തില്‍ എണ്ണവിലകൂടുന്നതിന് പ്രത്യക്ഷമായി തന്നെ കാരണക്കാരായ അമേരിക്ക തന്നെയാണ് ലോകത്ത് ഭക്ഷ്യോല്പന്നങ്ങളുടെ വിലകയറ്റത്തിനും കാരണം.


സ്വന്തം തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊള്ളാതെ ലോക ജനതയെ അപ്പാടെ തങ്ങളുടെ ജനതക്കെതിരാക്കി മാറ്റി ലോക ജീവിത ക്രമം തന്നെ താളം തെറ്റിക്കുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ അവരവരുടെ ചെയ്തികളുടെ ഫലമായുണ്ടാകുന്ന പ്രതിസന്ധികളെ മൂന്നാം ലോക രാജ്യങ്ങളുടെ പിടലിക്ക് വെച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയിലെ തന്നെ സാധാരണ പൌരന്മാര്‍ക്ക് കഴിയാത്തിടത്തോളം ലോകത്തെ ഒരു പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാകില്ല.

--------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :
1. അനില്‍ ശ്രീയുടെ ‍ ഇന്‍ഡ്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്
2. സ്വ.ലേയുടെ ബുഷെക്കൊണോമിക്സ് : അരി വിലാപങ്ങള്‍
3. മൂര്‍ത്തിയുടെ ‘അരി’കില്‍ നീ ഉണ്ടായിരുന്നില്ലെങ്കില്‍
4. ഗുപ്തന്റെ വാനര ജന്മം
5. ഇഞ്ചിപെണ്ണിന്റെ ജോര്‍ജ്ജ് ബുഷറിയാന്‍.

8 comments:

അഞ്ചല്‍ക്കാരന്‍ said...

“ഭാരതാവിലെ ദാരിദ്ര്യമേ നിങ്ങള്‍ പഷ്ണി കിടക്കൂ...ഞങ്ങള്‍ തിന്ന് കുടിച്ച് ആര്‍മ്മാദിക്കട്ടെ!“

ബഹുമാന്യനായ അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജ് ബുഷിന്റെ പുതിയ മുദ്രാവാക്യം.

അനില്‍ശ്രീ... said...

ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളിലെ കൂടി വരുന്ന ഉപയോഗം ആണ് പോലും ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. അതു പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചതോടെ ഭക്ഷ്യ ഉപയോഗം കൂടി എന്നും ഈ ബുഷ് എന്ന ദുഷ്ടന്‍ കണ്ടു പിടിച്ചിരിക്കുന്നു. എന്താണ് അമേരിക്കക്കാര്‍ വിചാരിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എല്ലാക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് അമേരിക്കക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നോ?


ഈ പോസ്റ്റ് കണ്ടില്ല.. അതിനു മുമ്പേ ഞാന്‍ ഒരു പൊസ്റ്റ് ഇട്ടു പോയി . അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

യാരിദ്‌|~|Yarid said...

ഭക്ഷ്യപ്രതിസന്ധിമാത്രമൊ? ഇന്ന് ലോകത്തില്‍ കാണുന്ന എല്ലാതരത്തിലുമുള്ള പ്രതിസന്ധിക്കും പ്രത്യക്ഷമായൊ പരോക്ഷമായൊ കാരണക്കാര്‍ അമേരിക്കയുടെ നയങ്ങള്‍ തന്നെയാണ്.

ഇതിനു തൊട്ടുമുന്‍‌പ് ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു അമേരിക്കയുടേതായി. ഇന്‍‌ഡ്യയും ചൈനയുമാണത്രെ ആഗോള ഹരിതവാതക പ്രതിസന്ധിക്കു കാരണം. അതുകൊണ്ട് അടിയന്തിരമായി അതിനു പരിഹാരം കാണേണ്ടത് ഈ രണ്ടു രാജ്യങ്ങളുടെയും ചുമതലയാണ്.

അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്ക ഒഴിച്ചുള്ള മറ്റുള്ള രാജ്യങ്ങളെല്ലാമാണ് ഇന്നു കാണുന്ന പ്രതിസന്ധികള്‍ക്കെല്ലാം കാരണം. എണ്ണവില കൂടിയാല്‍ അതു ഇറാന്‍ ആണവായുധം വികസിപ്പികുന്നതു കാരണമാണ്. അന്തരീക്ഷമലിനീകരണം ഉണ്ടാകുന്നതു ഇന്‍‌ഡ്യയിലും ചൈനയിലും വാഹനങ്ങളും ഫാക്ടറികളും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. അങ്ങനെയങ്ങനെ എന്തെല്ലാം നട്ടാല്‍ കുരുക്കാത്ത നുണകളുടെ ഒരു കൂട്ടമാണ് അമേരിക്കയെന്ന തെമ്മാടികളുടെ ഈ രാജ്യം.

മറ്റൊരു വാര്‍ത്തയറിഞ്ഞിലെ ഇറാന്‍ തങ്ങളുടെ എണ്ണവ്യാപാരം പൂറ്ണ്ണമായും ഡോളറില്‍ നിന്നും യൂറോയിലേക്കും യെന്നിലേക്കും മാറ്റി. യാങ്കിക്കു കലിയിളകാന്‍ മറ്റെന്തെങ്കിലും വേണൊ??ഇതിനു തൊട്ടുമുന്‍‌പെ വെനെസ്വല തങ്ങളുടെ വ്യാപാരം ഡോളറില്‍ നിന്നും മാറ്റുകയ്യും ചെയ്തു.. ഇങ്ങനെയിങ്ങനെ കടലാസിന്റെ വിലപോലുമില്ലാതെ ഡോളറിന്റെ വിലയിടിയണം.

ഒരു രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയില്‍ കഴിയേണ്ട ഗതികേട് മറ്റുള്ള ഏതു രാജ്യത്തിനാണുള്ളത്. ഏതു നിമിഷവും ആക്രമൈക്കപ്പെടാ‍മെന്നുള്ള ഭീതി യാങ്കിയെ എപ്പോഴും ആയുധമണിഞ്ഞ സുരക്ഷ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന. അറിയില്ലാത്ത ഒന്നിനോടുള്ള യുദ്ധം..!!! സമാധാനമായി ഉറങ്ങാനൊ. യാത്ര ചെയ്യാനൊ സാധിക്കുന്നില്ല.. എന്തൊരു കഷ്ടം. എല്ലാം സ്വയം വരുത്തിവെച്ച വിനകള്‍..!!!

Unknown said...

ഈ ബുഷണ്ണനെ കൊണ്ടു തോറ്റു ഇനി
അടുത്ത കണ്ണ് ഇന്ത്യയുടെ നേരെയാകും
കൊള്ളാം
കാലം കലിയുഗമല്ലെ സഹിച്ചല്ലെ പറ്റു

Rajeeve Chelanat said...

വായിച്ചു. അഭിവാദ്യങ്ങള്‍

പക്ഷേ ഒരു സംശയം. ലോകനേതാവോ? ആരെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്??

ഒരു ദശകത്തിനുള്ളില്‍ ഒരേയൊരു രാജ്യത്തുമാത്രം, ഒന്നരലക്ഷം കുട്ടികളെ കൊന്നൊടുക്കിയ ഈ അന്താരാഷ്ട്രകുറ്റവാളിയേയോ? ആരെയാണ് ആ വിധത്തില്‍ വിശേഷിപ്പിച്ചത്? ആരെ??

ഗുപ്തന്‍ said...

പോസ്റ്റ് സമയോചിതം.

ചേലനാട്ട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കേണ്ടിവരുന്നു. വന്‍ ശക്തികളുടെ നേതാക്കന്മാരെ ലോകനേതാക്കള്‍ എന്നു വിളിക്കുന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ചുവച്ച വിവരംകെട്ട കീഴ്വഴക്കമാണ്.

അഞ്ചല്‍ക്കാരന്‍ said...

തലവാചകത്തിലെ ഗുരുതരമായ പിഴവ് ചൂണ്ടി കാട്ടിയതിന് രാജീവ് ചേലനാട്ടിനും ഗുപ്തനും നന്ദി. തെറ്റ് തിരുത്തിയിട്ടുണ്ട്.

അഹങ്കാരി... said...

ഒരു നൂറായിരം അഭിനന്ദനങ്ങള്‍...എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കന്‍ സാമ്രാജ്യത്വമാ ണ് എന്ന മുന്‍‌‌വിധി ഇല്ലാതെ തന്നെ പറയട്ടെ, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പോക്കിരികളുടെ നാടെന്നു വിശേഷിപ്പിക്കേണ്ട അമേരിക്കയെ ലോകപോലീസ് എന്നു വിശേഷിപ്പിച്ച് തലയിലേറ്റിയത് നാമൊക്കെ അല്ലെ? ഇന്നും ബുഷ് ഒന്നു നോക്കിയാല്‍ ഇന്ത്യയിലെ മിക്ക ( !മിക്ക) ഭരണാധികരികളും - അതിനു പാര്‍ട്ടിഭേദമില്ല - മൂത്രമൊഴിക്കും...കോണ്ടലീസാ റൈസിനു മുന്നില്‍ നമ്മുടെ ഭരണാധികാരികള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതും നമ്മള്‍ കന്ടൂ...

ഇങ്ങനെ എങ്കിലും നമുക്കു പ്രതികരിക്കാന്‍ കഴിയുന്നല്ലോ എന്നു സമാശ്വസിക്കുക...പിന്നെ അവനവന്‍‌ വിതയ്ക്കുന്നത് അവനവന്‍ തന്നെ കൊയ്തേപറ്റൂ...റിത്തയും കത്രീനയും ഒക്കെ നമ്മെ അതോര്‍മ്മിപ്പിക്കുന്നു...മൂന്നു ദിവസം കരണ്ടില്ലാതിരുന്നപ്പോള്‍ അമേരിക്കക്കാരനുണ്ടായ വെപ്രാളം നാമൊക്കെ കണ്ടതാണ്...അമേരിക്കക്ക് പറ്റാവുന്ന ഒരു അപകടം ലിവ് ഒര്‍ ഡൈ ഹാര്‍ഡ് എന്ന ചലച്ചിത്രം നമുക്കു കാട്ടിത്തരുന്നു...

ഓടോ.. കുറേ നാളായി കാണാനില്ലാരുന്നല്ലോ...ഞാന്‍ ആദ്യം എത്തിപ്പെട്ടത് വാരവിചാരത്തിലാണ്.പക്ഷേ കുറെ നാളാആയി അനക്കമേ ഇല്ല! എന്തു പറ്റി??? ഇനിന്‍ ആക്ടിവാകുമെന്ന് പ്രതീക്ഷിക്കുന്നു