Sunday, June 17, 2007

“ഹേയ് ബൂലോകരേ, ദേണ്ടെ വേറൊരു കള്ളന്‍ ...”

കുറേ നാള്‍ മുമ്പ് കണ്ടതാണീ കള്ളനെ. മറ്റുള്ളവരുടേതെന്തും അടിച്ചുമാറ്റി സ്വന്തം പേരില്‍ വിളമ്പി കൊണ്ടേയിരിക്കുന്നു. എന്റേതായ ചിലത് ഞാനവിടെ കണ്ടു. നിങ്ങള്‍ക്കും നോക്കാം.



ഇത്
അവിടെ അദ്ദേഹത്തിന്റേ സ്വന്തമെന്ന് പറഞ്ഞ് വിളമ്പിയത്.
ഇത് ഞാന്‍ എന്റേതാണെന്ന് കരുതുന്നത്


(എന്റെ ശരിയെന്ത് തെറ്റും എന്ന പോസ്റ്റിന്റെ രണ്ടാം പാ‍ര ഗ്രാഫ്).

അതും പോകട്ടെ. വല്യമ്മായി എന്റെ “സ്നേഹിക്കരുത്...” എന്ന പോസ്റ്റിനിട്ട ഒരു നല്ല കമന്റും ടിയാന്‍ അടിച്ചു മാറ്റി ഇഷ്ടന്റെ പോസ്റ്റാക്കിയിരിക്കുന്നു. ഇതു വരെ പോസ്റ്റ് തിരുടന്മാരെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ കമന്റ് കള്ളന്മാരും കുറ്റിയും പറിച്ചിറങ്ങിയിരിക്കുന്നു.



ഇത്
വല്യമ്മായി എന്റെ പോസ്റ്റിനിട്ട കമന്റ്.

ഇത്
അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളായി അദ്ദേഹത്തിന്റെ സ്ഥലത്ത് വിളംബിയിരിക്കുന്നത്.


കണ്ടാലിവനൊരു ചുള്ളന്‍...കയ്യിലിരിപ്പോ?

ഗ്രാമത്തിലെത്തിയ പാമ്പാട്ടി

ഗ്രാമമാണ് പക്ഷേ കുഗ്രാമമല്ല ഞങ്ങളുടേത്. അധികം കാടും കുറ്റിചെടികളൊന്നുമില്ല. എല്ലാ 20 മീറ്റര്‍ കഴിയുമ്പോഴും ഒരോ വീടുമുണ്ട്. ഒരോവീട്ടില്‍ നിന്നും ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ഗള്‍ഫില്‍ ജോലിയും നോക്കുന്നുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു മിനി ചാവക്കാട്. ഗ്രാമത്തില്‍ പൊതുവായത് എന്ന് പറവാന്‍ ഒരു “തയ്ക്കാവും” (നിസ്കാര പള്ളി) അതോടനുബന്ധിച്ച് ഒരു മദ്രസയും. ഞങ്ങളുടെയെല്ലാം ആദ്യ കളരി ആ മദ്രസയാണ്. പിന്നെ ഞങ്ങള്‍ക്ക് അന്ന ദാനം നടത്തുന്ന ഒരു റേഷന്‍ കട. ഒരു മുറുക്കാന്‍ കട-മുറുക്കാന്‍ കടയെന്ന് പറഞ്ഞാല്‍ മുറുക്കാന്‍ മാത്രം കിട്ടുന്ന ഒരു കട. അഞ്ചല്‍ കൊളുത്തൂപ്പുഴ റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് വൈകിട്ട് ഒരു പാമ്പാട്ടി എത്തി. എന്ന് വൈകിട്ട് എന്ന് ചോദിച്ചാല്‍ 20 വര്‍ഷങ്ങല്‍ക്ക് മുമ്പ്. ഒരു ശനിയാഴ്ച വൈകിട്ട്.

കയ്യില്‍ നീളമുള്ള ഒരു ഇരുമ്പ് കമ്പി. അതിന്റെ നടുഭാഗത്ത് ഒരു ചാക്ക് കെട്ടിയിട്ടുണ്ട്. തലയില്‍ ഒരു ചുവന്ന തുണി ബാലചന്ദ്രന്‍ സ്റ്റൈലില്‍, പിന്നെ ഒരു ചെറു ബാഗും. മുറുക്കാന്‍ മാത്രം കിട്ടുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വന്തം മുറുക്കാന്‍ കടയില്‍ അദ്ദേഹം വന്നിരുന്നു. മുറുക്കിതുടങ്ങി. തമിഴ് കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. താന്‍ പാമ്പാട്ടിയാണെന്നും പാമ്പുകളെ പിടിച്ച് മെരുക്കി പാമ്പുകളി നടത്തുമെന്നുമൊക്കെ. പിന്നെ അദ്ദേഹം നടത്തിയിട്ടുള്ള ചില പാമ്പു പിടുത്ത മഹാത്മ്യങ്ങളും വിളമ്പി.

ഞങ്ങള്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു അദ്ദേഹത്തിന്റെ പാമ്പു പുരാണം കേട്ടിട്ട്. അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വട്ടം നോക്കേണ്ടി വന്നു. കാരണം അദ്ദേഹം അദ്ദേഹത്തിന്റെ പ്രഭാഷണം നിര്‍ത്തിയത് ഇങ്ങിനെയാണ്.

“ഞാന്‍ ഇന്നലെ ഇതു വഴി പോയപ്പോള്‍ ഈ ഗ്രാമത്തില്‍ ഒരു പാട് പാമ്പുകള്‍ ഉണ്ട് എന്ന് മനസ്സിലായി. ആ പാമ്പുകളെ പിടിക്കാനാണ് താന്‍ വന്നിരിക്കുന്നത്. പാമ്പുകളെ പിടിച്ച് നിങ്ങളുടെ ഗ്രാമത്തെ രക്ഷിക്കാന്‍...”

ഞങ്ങള്‍ ഞെട്ടി പോയി. ഞങ്ങളുടെ ഗ്രാമത്തില്‍ പാമ്പുകളോ? ഗ്രാമവാസികളായ ഞങ്ങള്‍ക്ക് ശ്രദ്ധയില്‍ പെടാത്ത ഞങ്ങളുടെ ഗ്രാമത്തെ സംബന്ധിക്കുന്ന ഒരു കാര്യം ഒരു വരുത്തന്‍ പാണ്ടി ഇരുന്ന് പറയുന്നത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ തര്‍ക്കിച്ചു. അങ്ങിനെ ഒന്നില്ലായെന്നും. പാമ്പുകളെ ഞങ്ങള്‍ ഗ്രാമത്തില്‍ അങ്ങിനെ കണ്ടിട്ടില്ലായെന്നും കഴിയുന്ന എല്ലാ തരത്തിലും പറഞ്ഞു നോക്കി. അയാള്‍ ഒരു വിധത്തിലും സമ്മതിച്ചു തന്നില്ല. ഓടുവില്‍ ഒന്നിനെയെങ്കിലും കാട്ടിതരാമോ എന്നായി ഞങ്ങള്‍. ഒരു മടിയും കൂടാതെ ആ വെല്ലുവിളി അയാള്‍ ഏറ്റെടുത്തു.

ഒന്നു മുറുക്കി തുപ്പി കയ്യിലുണ്ടായിരുന്ന കമ്പിയുമായി അയാളെഴുന്നേറ്റു. നേരെ മുറുക്കാന്‍ കടയുടെ വടക്കു വശത്ത് കൂട്ടിയിട്ടിരുന്ന പാറകല്ലുകള്‍ക്കടുത്തേക്ക് നടന്ന പാമ്പാട്ടി ഒന്നു കുനിഞ്ഞ് പാറകല്ലുകള്‍ക്കിടയിലേക്ക് കമ്പികുത്തി കൈകടത്തി ഞെളിഞ്ഞ് നിവര്‍ന്നു. ഞങ്ങള്‍ നാലു പാടും ചിതറിയോടി. തിരിഞ്ഞുനിന്ന അയാളുടെ കയ്യില്‍ ഒരു എട്ടടി മൂര്‍ഖന്‍!

പിന്നെ ഞങ്ങള്‍ കൂടുതലൊന്നും പറഞ്ഞില്ല. ഗ്രാമത്തിന്റെ കാര്‍ന്നോര്‍ - ഗ്രാമത്തിന്റെ കാര്യങ്ങളില്‍ സ്വയം ഇടപെടുന്ന ഞങ്ങളുടെ ഒരു ബന്ധു ഇടപെട്ടു. ഇനിയും പാമ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി. പിടിച്ചു കൊണ്ട് പോകാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കച്ചവടക്കാരനായി. ഒരു പാമ്പിനെ പിടിക്കുന്നതിന് കൂലി 25 രൂപ. വിലപേശി 15 രൂപയിലെത്തിച്ചു.
പിറ്റേന്ന് സഹായിയേയും കൂട്ടി വരാമെന്ന് പറഞ്ഞ് അയാള്‍ പോയി. അന്ന് ഞങ്ങള്‍ക്ക് കാളരാത്രിയായിരുന്നു. പാമ്പുകളോ ഇഴജന്തുക്കളോ അങ്ങിനെയൊന്നുമില്ലാതിരുന്ന ഞങ്ങളുടെ ഗ്രാമം ഒറ്റ ദിനം കൊണ്ട് ആമസോണ്‍ കാടായപോലെ തോന്നി ഞങ്ങള്‍ക്ക്. അന്ന് രാത്രി എല്ലാവരും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടാന്‍ ശ്രദ്ധിച്ചു.

പിറ്റേന്ന് രാവിലെ മുതല്‍ ഗ്രാമം മുഴുവനും അയാളെ കാത്ത് നില്പായി. അടുക്കളകളൊന്നും പുകഞ്ഞില്ല. എല്ലാര്‍ക്കും പാമ്പ് ഭയമായി മനസ്സില്‍ ഭണമുയര്‍ത്തി നിന്നു.പുറത്തിറങ്ങുന്നവര്‍ കാലിന് വട്ടം നോക്കി നടന്നു. വീട്ടിന്റെ മുക്കും മൂലയും വരെ അരിച്ചു പെറുക്കി. മുറ്റത്തെ കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചു. ചെറിയ വാരങ്ങളില്‍ പോലും പുകയിട്ടു. പാമ്പുകളെ കണ്ടതേയില്ല. ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു - ഗ്രാമത്തില്‍ പാമ്പുകളൊന്നുമില്ല. അപ്പോള്‍ എങ്ങിനെയോ അയാള്‍ ആ പാമ്പിനെ കണ്ടതായിരിക്കണം. അങ്ങിനെ സമാധാനിച്ചിരിക്കേ വൈകിട്ട് നാലു മണിയോടെ പാമ്പാട്ടി സഹായികളുമായി എത്തി.സഹായികള്‍ രണ്ടു പേര്‍. ഞങ്ങള്‍ ചായയും പലഹാരങ്ങളും കൊടുത്ത് സ്വീകരിച്ചു - അണ്ണാച്ചിമാരെ.

ഏകദേശം നാലരയോടെ അവര്‍ കര്‍മ്മനിരതരായി. ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പാമ്പുകളെ കിട്ടില്ലായെന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.

അവര്‍ മൂന്നു പേരും ഒരൊ ദിശയിലേക്ക് തിരിഞ്ഞു. ഒരാള്‍ ഒരു ഭാഗത്തെ കല്‍ കൂട്ടങ്ങല്‍ക്കിടയില്‍നിന്നിം കുനിഞ്ഞ് നിവരുമ്പോള്‍ അയാളുടെ കയ്യില്‍ ചുറ്റിപിണഞ്ഞ പമ്പ്. അയാള്‍ ആ പാമ്പിനെ അവര്‍ കോണ്ട് വന്ന ചാക്കില്‍ കെട്ടും. നോക്കി നില്‍ക്കേ അടുത്തയാള്‍ മറ്റൊരു ദിക്കില്‍ നിന്നും മറ്റൊരു പാമ്പിനെയുമായി ഓടിവരും. മൂന്നാമത്തവന്‍ തയ്ക്കാവിന്റെ പിന്നില്‍ നിന്നും പിടിച്ച പാമ്പിനെ ചാക്കില്‍ കെട്ടുന്നു.ചില കല്‍കൂമ്പാരങ്ങളുടേം മറ്റും ഇടക്ക് ചെന്നിരുന്ന് പ്രധാന പാമ്പാട്ടി മകുടി ഊതുന്നു. മകുടി ഊതികഴിഞ്ഞിട്ട് ആ ഭാഗങ്ങളില്‍ നിന്നും തന്നെ പാമ്പുമായി വരുന്നു. മകുടി ഊതുന്നത് പാമ്പിന് കേള്‍ക്കാന്‍ ചെവികളില്ലായെന്നും മകുടിയുടെ ചലനത്തിനൊപ്പിച്ച് പാമ്പ് ഭണം ചലിപ്പിക്കുന്നതാണെന്നുമൊക്കെയുള്ള ശാസ്ത്രീയതയൊക്കെ ഞങ്ങള്‍ മറന്നു. പാമ്പു പിടുത്തം അതങ്ങിനെ അനസ്യൂതം തുടരുകയാണ്. അനങ്ങാന്‍ കഴിയാതെ ഗ്രാമം തരിച്ചു നിന്നു. അവര്‍ കൊണ്ട് വന്ന മുപ്പതോളം ചാക്കുകള്‍ പാമ്പുകളാല്‍ നിറഞ്ഞു.

എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്ന ഗ്രാമം ആകെ അവര്‍ പിടിച്ച 287 പാമ്പിന്റെ കൂലിയായ 4,305 രൂപയും അതിന്റെ കൂടെ 150 രൂപ അധികവും കൊടുത്ത് അവരെ യാത്രയാക്കി. നാട്ടില്‍ അതിന് ശേഷം എല്ലാവര്‍ക്കും ഒരു പാമ്പ് ഭയം ഉണ്ടെങ്കിലും ഞങ്ങള്‍ക്ക് ജീവിതം പഴയത് പോലെ തന്നെ. പാമ്പാട്ടി വരുന്നതിന് മുമ്പുള്ളതുപോലെ. ആ ദിനത്തിനുമുമ്പും ഞങ്ങള്‍ പാമ്പുകളെ ഇങ്ങിനെ കണ്ടിട്ടില്ലല്ലോ. അതിന് ശേഷവും അങ്ങിനെ തന്നെ. പിന്നെ എന്താണ് അന്ന് സംഭവിച്ചത്?

ഒരു പാമ്പിനെ പോലും കണ്ട് പേടിച്ചിട്ടില്ലാത്ത ഞങ്ങള്‍ ഒരു ദിവസം 287 പാമ്പുകളെയാണ് കണ്ടത്. അവര്‍ ആ പാമ്പുകളെ ചാക്കില്‍ കെട്ടി കൊണ്ട് പോകുന്നത് ഇന്നും കണ്മുന്നിലുണ്ട്. ഇതിന്റെ ശസ്ത്രമെന്താണ്. ഇന്നും ഉത്തരം കിട്ടിയിട്ടില്ല.