Friday, September 25, 2009

ജാതകവശാല്‍ പിടിയ്ക്കപ്പെട്ടു പോയ പാവം പോക്കറ്റടിക്കാരന്‍.

കൊട്ടാരക്കര ബസ്റ്റാന്റ്.

“ഹയ്യോ....എന്റെ പോക്കറ്റടിച്ചേ....”

കൊട്ടാരക്കര ബസ്റ്റേഷനിലെ പതിവു കാഴ്ചകളിലൊന്ന്. ആരോ പോക്കറ്റടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അടിച്ചെടുത്ത പോക്കറ്റുമായി പോക്കറ്റടിക്കാരന്‍ പതിവു പോലെ തന്നെ കെ.എസ്.ആര്‍.ടീ.സി ബസ് സ്റ്റേഷന്‍ ചുറ്റി പ്രൈവറ്റ് സ്റ്റാന്റിലേയ്ക്കുള്ള മതില്‍ ചാടാനായി ഓടുന്നു. കണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചും പോക്കറ്റുപോയവന്‍ അലറിക്കരഞ്ഞും പോക്കറ്റടിയ്ക്കാരന്റെ പിറകേ. മതില്‍ ചാടിയാല്‍ പിന്നെ പോക്കറ്റടിയ്ക്കാരന്റെ പൊടിപോലും കിട്ടില്ല കണ്ടു പിടിയ്ക്കാന്‍. പോക്കറ്റടിയും മതില്‍ ചാട്ടവും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയും എന്നതിനാല്‍ കൊട്ടാരക്കര ബസ്റ്റേഷനില്‍ പോക്കറ്റടിയ്ക്കപ്പെടുന്നവരുടെ പോക്കറ്റുകള്‍ തിരിച്ചു കിട്ടുക വളരെ അപൂര്‍വ്വമാണ്.

പക്ഷേ ഇപ്പോള്‍ പോക്കറ്റടിക്കാരന്‍ ജാതക വശാല്‍ പിടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പിന്നെ അവിടെ കണ്ടത് ഒരു അഘോഷമായിരുന്നു. ഓടികൂടിയവരെല്ലാം കൂടി പോക്കറ്റടിയ്ക്കാരനെ എടുത്തിട്ടങ്ങ് പെരുമാറി. വന്നവരും പോയവരും നിന്നവരും എല്ലാം പോക്കറ്റടിക്കാരനെ കേറി മേഞ്ഞു. എന്തെന്നാല്‍ കൊട്ടാരക്കര ബസ്റ്റേഷന്‍ ഇടത്താവളമായി യാത്ര ചെയ്യുന്നേതൊരുവന്റേയും പോക്കറ്റ് ഒരിയ്ക്കലെങ്കിലും അടിച്ചു പോകാതിരിയ്ക്കാന്‍ ഒരു വഴിയും കാണുന്നില്ല. പോക്കറ്റടിയ്ക്ക് വിധേയമായൊരുവന്‍ പിന്നെപ്പോഴെങ്കിലും പ്രതികരിയ്ക്കാന്‍ അവസരം കിട്ടുമ്പോള്‍ പ്രതികരിയ്ക്കാന്‍ കഴിയുന്ന പോലെ പ്രതികരിയ്ക്കുന്നതും സ്വാഭാവികം. അങ്ങിനെയുള്ള ഒരു പ്രതികരണ വേദിയിലാണ് പാവം..പാവം പോക്കറ്റടിക്കാരന്‍ പെട്ടു പോയിരിയ്ക്കുന്നത്.

ആള്‍ക്കാരെല്ലാം കൂടി ആവും വിധം പാവം പോക്കറ്റടിക്കാരന്റെ മേലേ പ്രതികരിച്ചു കൊണ്ടിരുന്നപ്പോഴാണ് മാന്യമായി വേഷം ധരിച്ച ഒരാള്‍ “ആരാടാ...എന്താടാ നീയൊക്കെ ചെയ്യുന്നത്...” എന്നൊക്കെ അക്രോശിച്ചു കൊണ്ട് ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി പോക്കറ്റടിക്കാരന്റെ അടുത്തേയ്ക്ക് എത്തിയത്.

“ആരാടാ നിനക്കൊക്കെ അധികാരം തന്നത് ഒരാളെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍? നിങ്ങള്‍ നിയമം കൈയിലെടുക്കുകയാ? എല്ലാവനും ഇങ്ങോട്ടു മാറിയേ...”

അയാളുടെ ഘനഗംഭീരമായ ശബ്ദത്തിന്റെ ആജ്ഞാ ശക്തിയില്‍ ഒരു നിമിഷം എല്ലാവരും പോക്കറ്റടിക്കാരനെ വിട്ട് അദ്ദേഹത്തെ ശ്രദ്ധിച്ചു. പോക്കറ്റടിക്കാരന്‍ ഒടിഞ്ഞു തൂങ്ങി ആടിയുലഞ്ഞു നില്‍ക്കുന്നു. എങ്കിലും മുഖത്ത് തല്‍ക്കാലം രക്ഷപെട്ട ഭാവം.

പിന്നെ സംഭവിച്ചതാണ് സംഭവമെങ്കില്‍ സംഭവം!

ആളെ ഒതുക്കി മാറ്റി വന്നയാള്‍ പോക്കറ്റടിക്കാരനെ കുത്തിനുപിടിച്ച് തൂക്കിയെടുത്ത് തലങ്ങും വിലങ്ങും തല്ലോടു തല്ല് തുടങ്ങി. തല്ലെന്നു പറഞ്ഞാല്‍ നല്ല അസ്സല് തല്ല്. എന്താ സംഭവിയ്ക്കുന്നതെന്ന് തിരിച്ചറിയാതെ പൊതുജനം വാപൊളിച്ചു നിന്നു. ഒരു കോഴ്സ് തല്ലു കഴിഞ്ഞു അയാള്‍ നാട്ടുകാരോട് പറഞ്ഞു....

“നിങ്ങളെല്ലാം കൂടി ഇങ്ങിനെ വളഞ്ഞ് നിന്ന് തല്ലിയാല്‍ പിന്നെ ഞാനെങ്ങനാ ഇവനിട്ട് കൊടുക്കുന്നത്. കഴിഞ്ഞയാഴ്ച എന്‍റെ പേഴ്സാ പോയത്....ഇന്നി നിങ്ങളായി നിങ്ങടെ പാടായി...പക്ഷേ പോലീസു വരും മുന്നേ നിങ്ങളുടെ കലാപരിപാടി അവസാനിപ്പിച്ചോണം. പോലീസു വന്നാല്‍ പിന്നെ പ്രതി നിങ്ങളാകും...”

അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് അറിയാത്തവരായി കൂടി നിന്നവരില്‍ ആരും ഉണ്ടാകുമായിരുന്നില്ല. പോക്കറ്റടിയ്ക്കപ്പെടുകയും പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടേണ്ടി വരികയും ചെയ്തിട്ടുള്ളവര്‍ക്കാര്‍ക്കും അക്കാര്യത്തില്‍ സംശയം ഉണ്ടാകും എന്നും തോന്നുന്നില്ല.

“എവിടെടാ പേഴ്സ്...”

ഒന്നും പറയാതെ പോക്കറ്റടിക്കാരന്‍ പേഴ്സെടുത്ത് കൊടുത്തു. പേഴ്സ് തിരികേ വാങ്ങുന്ന വഴി രണ്ടെണ്ണം കൂടി പാവം പോക്കറ്റടിക്കാരന്റെ മോന്തയ്ക്കിട്ട് ദാനമാക്കാന്‍ അ ഉദാരമനസ്കന്‍ മറന്നില്ല. പേഴ്സ് അയാള്‍ പോക്കറ്റ് നഷ്ടപ്പെട്ട ഹതഭാഗ്യനു നല്‍കി.

നഷ്ടപ്പെട്ട പോക്കറ്റ് തിരികേ കിട്ടിയ സന്തോഷത്തോടെ പോക്കറ്റ് അടിയ്ക്കപ്പെട്ടയാള്‍ മടങ്ങി. എല്ലാം അവസാനിച്ചപ്പോള്‍ പോലീസെത്തി. പാവം പോക്കറ്റടിക്കാരനേം കൊണ്ടു പോലീസും പോയി.

ശുഭം!

12 comments:

Anaseer said...

Paavam pick pocken

അനില്‍@ബ്ലോഗ് // anil said...

ഹ ഹ ഹ !!!
അഞ്ചല്‍ക്കാരാ,
കലക്കി.
ഇത്രക്ക് മനോഹരമായ ഒരു സര്‍ക്കാസ്റ്റിക് കഥ ഈ സമയത്ത അത്യാവശ്യമായിരുന്നു.സഹായിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തല്ല് സ്വയം ഏറ്റെടുക്കുന്ന ഒരുപാട് പേര് നമ്മുടെ നാട്ടില്‍ (ബൂലോകത്തും ഉണ്ട്.)

മാണിക്യം said...

ഒരാളെ ഒരു കൂട്ടം വളഞ്ഞു തല്ലുന്നത് മഹാപാപം. പക്ഷേ വീട്ടില്‍ പോകാനുള്ള വണ്ടിക്കൂലി സഹിതം പോക്കറ്റടിച്ചു പോകുന്നവന്റെ തലവിധി ഒന്നു ഓര്‍ത്തു നോക്കിയാല്‍
അതും കൊട്ടാരക്കരയില്‍ ഇടക്ക് ഇറങ്ങിയതാവും, പെട്ട് പോയതു തന്നെ.അതൊരിക്കല്‍ അനുഭവിച്ചവര്‍ ഒന്നു താങ്ങി പ്പോകും. എന്നാലും പ്രസ്തുത കക്ഷിയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡ്
സമ്മതിച്ചേ മതിയാവൂ .. സിനിമാ സ്റ്റൈല്‍ :)

ജിവി/JiVi said...

ഹ ഹ! ഒന്നാന്തരം വിവരണം. ശുദ്ധവും സത്യസന്ധവുമായ നര്‍മ്മം. പോക്കറ്റടിക്കാര്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം കൊട്ടാരക്കര ബസ്സ്റ്റാന്റില്‍ ഇല്ല. കഷ്ടം.

simy nazareth said...

ഈ ബൂലോഗം എന്താ, കൊട്ടാരക്കര ബസ്റ്റാന്‍ഡാന്നു വിചാരിച്ചോ :-)

കണ്ണനുണ്ണി said...

ഹിഹി അല്ലെങ്കിലും പൊതുസ്ഥലത്ത് വെച്ച് അടി മേടികുന്നവന്റെ കഷ്ടകാളവ കേരളത്തില്‍...
ആരേലും ഗണപതിക്ക്‌ വെച്ച് കഴിഞ്ഞാ പിന്നെ വഴിയെ പോനവരല്ലാം കേറി നെരങ്ങും...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

എനിക്കും ഒരു പെഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്‌.
എന്റെ കൈ തരിക്കുന്നു.

ബിനോയ്//HariNav said...

:-))

Anil cheleri kumaran said...

അതു കലക്കി.

നരിക്കുന്നൻ said...

അപ്പോൾ ഇനി കൊട്ടാരക്കര വഴി വരണ്ട അല്ലേ..

kichu / കിച്ചു said...

............... :)

Joker said...

എന്റെ നാട്ടില്‍ ഇതേ പോലെ ഒരുത്തനെ കയ്യോടെ പിടിച്ചു കൈയനങ്ങുന്ന എല്ലാവരും അയാളെ കൈ വെച്ചു. പക്ഷെ മൂന്നാം ദിവസം ആ പോകറ്റടിക്കാരന്‍ മരിച്ചു. എന്റെ പോക്കറ്റും ഒരിക്കല്‍ (അതും ഒരു ഗതിയും പരഗതിയും ഇല്ലാത്ത സമയത്ത് 1800 രൂപ പ്ലസ് പേഴ്സ്) അടിക്കപ്പെട്ടതിനാല്‍ എനിക്ക് ആദ്യം സഹതാപം തോന്നിയില്ലെങ്കിലും മരിച്ചു എന്ന് കേട്ടപ്പോള്‍ അല്പം സങ്കടം തോന്നി.