ജനായത്ത ഭരണ ക്രമത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ അധികാര സ്ഥാനങ്ങളിലെത്തിയാല്‍ അയാള്‍ പിന്നെ സമൂഹത്തിന്റെ പൊതു സ്വത്താണ് എന്നാണല്ലോ വെയ്പ്. വാര്‍ഡുമെമ്പറായാലും പ്രധാനമന്ത്രിയായാലും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എതിരാളിയുടെ പോലും പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെടുന്നയാള്‍. പാര്‍ട്ടിക്കുപരി പ്രവര്‍ത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കഴിയില്ല എന്ന വസ്തുത നില നില്‍ക്കേ തന്നെ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ പ്രജകളെ ഒന്നായി കാണാന്‍ പ്രതിനിധികള്‍ക്ക് കഴിയുന്നിടത്തേ ജനാധിപത്യം പൂര്‍ണ്ണതയില്‍ എത്തുകയും ഉള്ളു. ജാതി മത വര്‍ണ്ണ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കും എന്നു പ്രതിജ്ഞയെടുത്താണ് വാര്‍ഡു തലം മുതല്‍ ജനപ്രതിനിധികള്‍ അധികാരം ഏറ്റെടുക്കുന്നതും. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റേയോ പ്രവര്ത്തകന് ആണെങ്കില്‍ കൂടിയും അയാള്‍ സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ ബാധ്യസ്ഥനാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വം തന്നെ ബലികഴിക്കപ്പെടുന്ന കാഴ്ചയാണ് അനുദിനം നാം കാണുന്നത്.
കൊല്ലം മേയറെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇമ്മാതിരി അസ്സഹിഷ്ണതയുടെ പരിണതിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്നൊരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കുന്നിടത്തോളം എതിരാളിയുടെയോ എതിര് ചേരികളുടേയോ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കാം. പക്ഷേ ഒരു കോര്പ്പറേഷന് മേയറായി പാര്ട്ടിക്കാരന് മാറുമ്പോള്‍ പാര്‍ട്ടിക്കുപരിയായി സമൂഹത്തോടും അയാള്‍ ചരിക്കുന്ന ചുറ്റുപാടുകളോടും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിരീശ്വരവാദിയാണെങ്കിലും ദേവാലയങ്ങളുടെ പൊതു പരിപാടികളിലും ഉത്ഘാടന ചടങ്ങുകളിലും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും പങ്കെടുക്കുന്നതും അതു കൊണ്ട് തന്നെ.
ആര്.എസ്സ്.എസ്സ് എന്നത് ഭാരതത്തില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. നിരോധിക്കപ്പെടേണ്ട സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഭാരതത്തില്‍ ആര്.എസ്സ്.എസ്സും നിരോധിക്കപ്പെടേണ്ട ഒരു സംഘടനയായിരിക്കാം. പക്ഷേ ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടില്ല. അങ്ങിനെയൊരു സംഘടനയുടെ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടാല്‍ ഒരു ജനപ്രതിനിധി അത് നിരസിക്കേണ്ടതുണ്ടോ? ആ ജനപ്രതിനിധി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആര്.എസ്സ്.എസ്സ് എതിര്‍ക്കുന്നു എന്നത് ജനപ്രതിനിധിയായ മേയര്‍ക്ക് അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനു എങ്ങിനെ തടസ്സമാകും? ആര്.എസ്സ്.എസ്സ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവല്ല. ബഹുമാനപ്പെട്ട കൊല്ലം മേയറാണ്. സ്വാഭാവികമായും ജനപ്രതിനിധികള്‍ ഇങ്ങിനെ ക്ഷണിക്കപ്പെടാറുമുണ്ട്. വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആര്.എസ്സ്.എസ്സ്. അങ്ങിനെ അല്ലെങ്കില്‍ അതിനെ നിയമം കൊണ്ട് നിരോധിക്കെണ്ടത് ഭരണ കൂടമാണ്. അത് ചെയ്യാത്തിടത്തോളം ഒരിക്കലും ആര്.എസ്സ്.എസ്സും അനഭിമതരാകുന്നില്ല. പോരെങ്കില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളെ ഭരണത്തിലിരിക്കാന്‍ അനുവദിച്ച ഒരു പാര്‍ട്ടിയുടെ കാര്യത്തിലെങ്കിലും.
എതിര് ചേരിയിലുള്ളവരുടെ ഒരു നന്മയെ നമ്മുടെ രാഷ്ട്രീയത്തിലെ മറുചേരി ഒരിക്കലും അംഗീകരിക്കാറില്ല. എപ്പോഴും എതിര്‍ചേരിയെ ചെളിവാരിയെറിയുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. കെ.ആര്.ഗൌരിയമ്മയെ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള കുട്ടനാട് വികസന സമിതി എന്ന സന്നദ്ധസംഘടന അനുമോദിച്ചതാണ് ജെ.എസ്സ്.എസ്സ് എന്ന പാര്‍ട്ടിയുണ്ടാകാന്‍ കാരണം. അനുമോദനം സ്വീകരിച്ച കെ.ആര്. ഗൌരിയമ്മ പാര്‍ട്ടിക്ക് അനഭിമതയായി. അവര്‍ അനഭിമതയാകാന്‍ പാര്‍ട്ടിക്ക് മറ്റുകാരണങ്ങളും ഉണ്ടാകാം. പക്ഷേ അതിന്റെയൊക്കെ തുടക്കം ആ അനുമോദനം തന്നെ ആയിരുന്നു. എതിര് പാര്‍ട്ടിക്കാരിയെ അനുമോദിക്കാന്‍ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള ഒരു സന്നദ്ധസംഘടന ശ്രമിച്ചതിനെ ശ്ലാഘിക്കുകയായിരുന്നില്ലേ വേണ്ടത്? എന്തു തന്നെയായാലും കെ.ആര്.ഗൌരിയമ്മ മികച്ച ഒരു പാര്‍ലമെന്റേറിയനും പൊതുസമ്മതിയുള്ള നേതാവും ആയിരുന്നു എന്നുള്ളത് തന്നെയല്ലേ വസ്തുത? അത് എതിര് ചേരിയിലുള്ളവര്‍ അംഗീകരിച്ചാല്‍ അതിനെ ഉള്‍കൊള്ളാന്‍ സ്വന്തം പാര്‍ട്ടിക്ക് കഴിയാത്തത് നമ്മുടെ രാഷ്ട്രീയത്തിന്റെ അസ്സഹിഷ്ണുതയല്ലേ വെളിവാക്കുന്നത്? എതിര് ചേരിയുടെ നന്മകളെ ഉള്‍കൊള്ളാന്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് കഴിയാറേയില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ നന്മകളെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പിന്നല്ലേ എതിര് ചേരിയുടെ. ഹല്ല പിന്നെ!
അസ്സഹിഷ്ണുതയുടെ പങ്കാളിത്തത്തില്‍ നിന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോചിതമല്ല എന്നതാണ് സത്യം. കാലാകാലം ചീത്തവിളിച്ചു നടന്ന അബ്ദുല്ലകുട്ടിയും ശിവരാമനുമെല്ലാം കോണ്‍ഗ്രസ്സിനു സ്വീകാര്യമാണ്. ഒരിക്കല്‍ തങ്ങളുടെ തന്നെ പ്രസിഡന്റായിരുന്ന കെ.മുരളീധരന് അസ്സ്വീകാര്യനും. കൂടെ നിന്നപ്പോള്‍ അബ്ദുല്‍ നാസര്‍ മദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കാണ്‍ഗ്രസിനു സ്വീകാര്യം. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷത്തിനും മദനി അസ്സ്വീകാര്യന്‍. ഇപ്പോള്‍ മദനി മറുകണ്ടം ചാടിയപ്പോള്‍ പാര്‍ട്ടികളും കളം മാറ്റി. ശ്രേയസ് കുമാറിന്റെ വയനാട് ഭൂമി പുറമ്പോക്കാണെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടിയും ഐക്യമുന്നണിയും. അന്ന് പക്ഷേ കുമാര്‍ ഇടത്തായിരുന്നു. ഇപ്പോള്‍ ശ്രേയസ്സ് കുമാറും പപ്പായും മറുകണ്ടം ചാടി. കാണ്‍ഗ്രസിനു ശ്രേയസ് കുമാറിന്റെ ഭൂമി അദ്ദേഹത്തിന്റെ തറവാട്ടു സ്വത്തുമായി! ഇന്നലെ വരെ മാര്‍ക്സിസ്റ്റായിരുന്നൊരുവന്‍ ഇന്ന് മുതല്‍ ലീഗാകുന്നു! ഇന്നലെ വരെ ലീഗായൊരുവന്‍ ഇന്നു മുതല്‍ മാര്‍ക്സിസ്റ്റാകുന്നു! ആദര്‍ശം എവിടെ? എന്ത് ആശയത്തിന്റെ പേരിലാണ് ഇവര്‍ ജനത്തെ അഭിമുഖീകരിക്കുന്നത്? ഇരട്ടത്താപ്പും കുതികാല് വെട്ടും അസ്സഹിഷ്ണൂതയും കേരള രാഷ്ട്രീയത്തിന്റെ ശാപമായി മാറിയിട്ട് കാലമേറെയായി.
നയപ്രഖ്യാപന പ്രസംത്തിനു ശേഷം നിയമസഭ വിട്ടു പുറത്തേക്ക് വന്ന ഗവര്‍ണ്ണര്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത് എന്തോ അക്ഷന്തവ്യമായ അപരാധമായി പോയി എന്ന രീതിയിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയം ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണ് ഭരണ കക്ഷിയുടെ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം. ആരും ആരില്‍ നിന്നും ഒട്ടും തന്നെ വിത്യസ്ഥരല്ല.
എതിര്‍പ്പിന്റേയും അസ്സഹിഷ്ണുതയുടേയും രാഷ്ട്രീയമാണ് നമ്മുടെ നാടിനെ ഇന്ന് ഭരിക്കുന്നത്. അതിനെ രാഷ്ട്രീയം എന്നു പറയുന്നതു പോലും രാഷ്ട്രത്തോടു ചെയ്യുന്ന തെറ്റാകും. അരാഷ്ട്രീയ വാദികള്‍ രാഷ്ട്രീയം കയ്യാളുന്ന സാഹചര്യം സംജാതമായതാണ് നാട് കുട്ടിച്ചോറാകാന്‍ കാരണം. ആര്‍ക്കും ആരോടും ഒരു തരത്തിലുള്ള ഉത്തരവാദിത്തവുമില്ല. ആര്‍ക്കും ആരോടും വിധേയത്വം ഇല്ല. ആര്‍ക്കും ആരോടും സ്നേഹമോ ബഹുമാനമോ അനുകമ്പയോ ദയയോ ദാക്ഷണ്യമോ സൌഹാര്‍ദ്ദമോ ഒന്നുമില്ല. ഉള്ളത് വെറുപ്പ്, വിരോധം, അറപ്പ്, അസ്സഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ മാത്രം! നാട് മുടിയാന്‍ പിന്നെന്തു വേണ്ടൂ....
Subscribe to:
Post Comments (Atom)
3 comments:
അവനവന്റെ വയറ്റിപ്പിഴപ്പിനായൂള്ള ബഹുകൃത വേഷങ്ങളീൽ ഒന്നു മാത്രമാണ് രാഷ്ട്രീയം...
ഇന്നത്തെ രാഷ്ട്രീയത്തിൽ ആദർശമോ...??
ചിരി വരുന്നില്ലേ...!!
ഹാ... ഹാ... ഹാ...
കൊല്ലത്തെ ആശ്രാമം മൈതാനം മുഴുവൻ വെട്ടിവെളുപ്പിച്ച് അവിടെ അതിബൃഹത്തായ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുമ്പോൾ അതിൽ നഗരപിതാവ് ഒരു ഭാഗമാകുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്. ജില്ലാകളക്ടർ ഷാജഹാനായിരുന്നു മൈതാനം വൃത്തിയാക്കൽ ഉത്ഘാടനം ചെയ്തത്. ആളുകളുടെ കക്ഷിയോ ജാതിയോ മതമോ ഒന്നുമല്ല - അവർ ഇരിക്കുന്ന സ്ഥാനമാണ് - അവർ അലങ്കരിക്കുന്ന പദവിയാണ് - അവർക്ക് ക്ഷണം കിട്ടാനും അവരത് സ്വീകരിച്ചു തങ്ങളുടെ കടമ നിർവഹിക്കുവാനും കാരണമായത് എന്ന് പകൽ പോലെ വ്യക്തമാണ്.
സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം ചെയ്യുക എന്ന ചെറിയൊരു പരിപാടിയിലേക്കെങ്കിലും മേയറെ ക്ഷണിച്ചത് ആർ.എസ്.എസിന്റെ മാന്യത. പാർട്ടിപ്രവർത്തകൻ എന്ന നിലയിലല്ലാതെ, പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം നിർവഹിച്ചത് മേയറുടെ മാന്യത. അദ്ദേഹത്തെപ്പിടിച്ചു പുറത്താക്കുകയും പരിഹാസ്യരാകുകയും ചെയ്തത് സി.പി.എമ്മിന്റെ ദൈന്യത.
സിപിഎമ്മുകാര്‍ക്ക് മാത്രമായുള്ള മേയര്‍ അല്ല താന്‍ എന്നു പറഞ്ഞു കൊടുക്കാന്‍ നിന്നാല്‍ കൊരവള്ളിക്ക് കൊഴമ്പിടേണ്ടി വരുമെന്നറിയാനുള്ള ബുദ്ധിയൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു.
Post a Comment