സര്‍ക്കാറിന്റേയും ഓയില്‍ കമ്പനി മാനേജ്മെന്റിന്റേയും വാദം ശരിയാണെങ്കില്‍ ഭാരതത്തിലെ ഓയില്‍ കമ്പനികള്‍ എല്ലാം തന്നെ അതീവ പ്രതിസന്ധിയില്‍ ആണ്. ഒരു ഭാരത പൌരന് അവന്റെ വാഹനത്തില്‍ ഒരു ലിറ്റര്‍ ഇന്ധനം നിറക്കുമ്പോള്‍ പാവം ആയില് കമ്പനികളുടെ കീശയില്‍ നിന്നും മിനിമം ആറു രൂപ ചോര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു മിനുട്ടില്‍ എത്ര ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുവോ ആ ലിറ്ററിന്റെ അഞ്ചോ ആറോ ഇരട്ടി നഷടം എണ്ണ കമ്പനികളിലേക്ക് ഒഴികി എത്തുന്നു! കഷ്ടമേ കഷ്ടം. ഇങ്ങിനെയൊരു ദുര്‍വിധി ഭാരതത്തിലെ മറ്റേതെങ്കിലും വ്യവസായ മേഖലയില്‍ ഉണ്ടോ എന്നു സംശയമാണ്. എണ്ണ കമ്പനികള്‍ ഇങ്ങിനെ ഭാരത പൌരനെ സേവിച്ച് എത്ര കാലം മുന്നോട്ട് പോകും? അപ്പോ പിന്നെ കമ്പനികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് എന്നു കേന്ദ്ര സര്‍ക്കാറും എണ്ണ കമ്പനി മാനേജുമെന്റും അടിക്കടി ആണയിടുന്ന ഭാരത്തിലെ മുന്‍ നിര എണ്ണ കമ്പനികളുടെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇപ്പോഴത്തെ ഓഹരി വില നിലവാരം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് മൂക്കു കുത്തുന്ന ഓഹരികളുടെ വില നിലവാരത്തിനു തുല്യമല്ല. ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിക്കുന്ന കമ്പനികളുടെ സ്വഭാവമാണ് ഭാരതത്തിലെ മിക്കവാറും എല്ലാം എണ്ണ കമ്പനികളുടേയും ഓഹരികളുടെ വിപണിയിലെ പ്രവര്‍ത്തന സ്വഭാവം. ഇന്ന് അതായത് 08/07/2011 വെള്ളിയാഴ്ച മുംബൈ ഓഹരി വിപണി അടക്കുമ്പൊള്‍ എണ്ണ കമ്പനികളുടെ ഓഹരികളുടെ വില ഇങ്ങിനെയാണ്:
1. ഐ.ഓ.സി. 337.85 രൂപ.
2. Bharat Petrolium Corporation LTD. : 662.00 രൂപ.
3. Hundustan Petrolium Corporation LTD : 391.75 രൂപ.
ഇവയൊക്കെയാണല്ലോ നമ്മുടെ നവരത്ന കമ്പനികളില്‍ പെട്ട എണ്ണ കമ്പനികള്‍. ഒരോ ഭാരതീയന്റേയും അഭിമാനവും അഹങ്കാരവും ആയ ഭാരതത്തിന്റെ സ്വന്തം കോര്‍പ്പറേറ്റ് ഭീമന്മാര്. ഈ കമ്പനികള്‍ ഇല്ലായിരുന്നു എങ്കില്‍ ഭാരത ജീവിതം നിശ്ചലം! കമ്പനികളെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടത് ഒരോ ഭാരതീയ പൌരന്റേയും ധാര്‍മ്മികത. നഷ്ടത്തില്‍ മൂക്കു കുത്തി കമ്പനികള്‍ നശിച്ചാല്‍ കമ്പനികളെ തിരികേ കൊണ്ടു വരിക പ്രയാസമാകും. അപ്പോ ഈ കമ്പനികളുടെ ഇപ്പോഴത്തെ നഷ്ടം എന്തായിരിക്കും?
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മേപ്പടി കമ്പനികള്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തന ഫലവും കേന്ദ്രസര്‍ക്കാറിന്റേയും കമ്പനിമാനേജ്മെന്റുകളുടെ പ്രഖ്യാപനങ്ങളും തമ്മില്‍ ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ല. ഐ.ഓ.സിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം നോക്കൂ...
ഐ.ഓ.സി.
2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഐ.ഓ.സി നേടിയ പ്രവര്‍ത്തന ലാഭം എല്ലാ നികുതികളും കഴിഞ്ഞ് ഏഴായിരത്തി നാനൂറ്റി നാല്പത്തി അഞ്ച് കോടി രൂപയാണ്. മൊത്തം വില്പന മൂന്ന് ലക്ഷത്തി ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി അമ്പത്തി മൂന്ന് കോടി രൂപയും. ഐ.ഓ.സിയുടെ മുഴുവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും ലഭിക്കും.
ഭാരത് പെട്രോളിയം കോര്പ്പറേഷന് (B.P.C.L)
ബീ.പീ.സി.എല്ലിന്റെ പോയ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വിറ്റു വരവ് ഒരു ലക്ഷത്തില്‍ അമ്പത്തി ഒരായിരത്തി അറുനൂറ്റി ഇരുപത്തി അഞ്ച് കോടിയും, അറ്റാദായം (എല്ലാ നികുതികള്‍ക്കും ശേഷം)ആയിരത്തി അഞ്ഞൂറ്റി നാല്പത്തി ഏഴു കോടിയും ആണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി നിയമ പ്രകാരവും സെബി ചട്ടപ്രകാരവും ബീ.പി.സി.എല്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന ഫലവും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും പൂര്‍ണ്ണമായും ലഭിക്കുന്നതാണ്.ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്.പി.സി.എല്‍)
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എച്ച്.പി.സി.എല്‍ നേടിയ മൊത്തം വിറ്റു വരവ് ഒരു ലക്ഷത്തി മുപ്പത്തി നാലായിരത്തി ഒരു നൂറ്റി ഇരുപത് കോടി രൂപയും അറ്റാദായം (എല്ലാ നികുതികള്‍ക്കും ശേഷം) ആയിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒമ്പത് കോടി രൂപയും ആണ്. എച്ച്.പി.സില് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിനു നിയമ പ്രകാരം സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന ഫലവും വാര്‍ഷിക റിപ്പോര്‍ട്ടും ഇവിടെ നിന്നും ലഭ്യമാണ്. അതായത് ഭാരതത്തിലെ എണ്ണപ്പെട്ട എണ്ണകമ്പനികള്‍ ഒന്നും തന്നെ നഷ്ടത്തില്‍ അല്ല. ഇന്നി സഞ്ചിത നഷ്ടം നികത്താനാണ് ഡീസലിന്റെ വില കൂട്ടിയത് എന്നും പെടോളിന്റെ സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതും എന്നുമാണ് ന്യായമെങ്കില്‍ ഈ മൂന്ന് കമ്പനികളുടെ സഞ്ചിത നഷ്ടം തേടുന്ന ഒരുവന് നിരാശനാകും. കാരണം മൂന്ന് കമ്പനികള്‍ക്കും സഞ്ചിത ലാഭമാണ് കമ്പനിയുടെ കണക്കുകളില്‍ കാണുന്നത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരി ഒന്നിനു 14 രൂപയാണ് പോയ വര്‍ഷം ലാഭ വിഹിതം നല്‍കിയത്. അതായത് നൂറ്റി നാല്പത് ശതമാനം! ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രഖ്യാപിച്ച ലാഭ വിഹിതം ഓഹരിയൊന്നിനു ഒമ്പത് രൂപ അമ്പത് പൈസ. ശതമാന കണത്തില്‍ 95 ശതമാനം!
എണ്ണ കമ്പനികള്‍ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ എല്ലാം ലാഭത്തിന്റേതാണ്. നഷ്ടത്തില്‍ ഓടുന്ന കമ്പനികള്‍ ലാഭ വിഹിതം പ്രഖ്യാപിക്കുകയും ഇല്ലല്ലോ? എല്ലാതരത്തിലുള്ള നികുതികള്‍ക്കും ശേഷവും വമ്പന്‍ ലാഭ കണക്കുകള്‍ പ്രഖ്യാപിക്കുന്ന എണ്ണകമ്പനികള്‍ നഷ്ടത്തില്‍ ആണെന്ന് പ്രചരിപ്പിക്കാന്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം നില നില്ക്കുന്ന ഒരു ഗവണ്മെന്റിനും ഗവണ്മെന്റ് പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും എങ്ങിനെ കഴിയുന്നു?
ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ പത്ര സമ്മേളനം വിളിച്ച് കളവ് പറയുന്നതിനെ ചോദ്യം ചെയ്യാന്‍ നമ്മുടെ ജനപ്രാതിനിധ്യ നിയമത്തില്‍ ഒരു വ്യവസ്ഥയും ഇല്ലേ? ജനങ്ങളേയും ജനജീവിതത്തേയും നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന്മേലുള്ള സത്യാവസ്ഥ പുറത്ത് കൊണ്ടു വരുവാന്‍ ഭാരതത്തിലെ പുകള്‍ പെറ്റ മാധ്യമങ്ങള്‍ മിനക്കെടാത്തത് എന്തു കൊണ്ട്? അസ്സമയത്ത് ഒരു മന്ത്രിയോ കുടുംബാംഗങ്ങളോ ശോധനക്ക് പോയാല്‍ പോലും അന്വോഷണാത്മക പത്ര പ്രവര്‍ത്തകര്‍ പിറകേ കൂടുന്ന ഇക്കാലത്ത് ഒരു ഗവണ്മെന്റ് അപ്പാടെ പൊതുജനത്തോട് കളവ് പറഞ്ഞ് കൊണ്ടിരുക്കുന്നത് അന്വോഷണാത്മക പത്ര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരാത്തത് യാദൃശ്ചികമല്ലാ എന്നതല്ലേ സത്യം? ഭാരതത്തിലെ എണ്ണ രാഷ്ട്രീയത്തില്‍ പത്രക്കാരും സര്‍ക്കാറും ജ്യൂഡീഷ്യറിയും എക്സിക്യൂട്ടീവും എല്ലാം വഴുക്കല്‍ പിടിച്ച് കിടക്കുന്നത് എണ്ണയില്‍ നിന്നും ഊറി വരുന്ന കറുത്ത പണത്തിന്റെ പിടിയില്‍ അകപ്പെട്ടതു കൊണ്ടാണ് എന്നതാണ് വസ്തുത.
ഭാരതത്തിലെ എണ്ണ കമ്പനികള്‍ ഒന്നും തന്നെ നഷ്ടത്തില്‍ അല്ല. അതു പറയുന്നത് എണ്ണ കമ്പനികള്‍ തന്നെ. അപ്പോള്‍ പിന്നെ ലക്കും ലഗാനും ഇല്ലാതെ മുട്ടിനു മുട്ടിനു എണ്ണ വിലകൂട്ടുന്നത് എതിര്‍ക്കപ്പെടേണ്ടുന്ന പ്രതിഭാസമാണ്. എണ്ണവിലയും സര്‍ക്കാറും എണ്ണ കമ്പനി മാനേജുമെന്റും സ്വകാര്യ എണ്ണ കമ്പനികളും ചേര്‍ന്നുള്ള കറക്കു കമ്പനി ഭാരത പൌരനെ ഊറ്റുന്നത് അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കും എന്നു കരുതുക വയ്യ തന്നെ.
6 comments:
എന്തിന് നാം എണ്ണക്ക് വേണ്ടി കരയുന്നു. ബദല്‍ ഊര്ജ്ജമാര്ഗ്ഗള്ളളും ഉപയോഗം കുറച്ചും ഈ എണ്ണകമ്പനികളുടെ അഹങ്കാരത്തിന് അറുതിവരുത്തൂ.
Projected profit നു ആനുപാതികമായി ലാഭം ഉണ്ടാവാതെ നഷ്ടം സഹിക്കുന്നു എന്നായിരിക്കും ശരിക്കും ഓയില്‍ കമ്പനിക്കാര് ഉദ്ദേശിച്ചത്.
ചോദിക്കാന്‍ പറയാനും ആകെ ഉള്ളത് പ്രതിപക്ഷമായി ഒരു കമ്മുനിസ്റ്റും ബി ജെ പി യും മാത്രം അവര്ക്കാണെങ്കില് എന്താ ചെയ്യണ്ടത് എന്ന് ഒരു പിടീം ഇല്ല.
ജനം കഴുത്ത വെറും കഴുത്ത
പ്രൊഫൈല്‍ വായിച്ചു കണ്ണ് മഞ്ഞളിച്ചു ഭായീ.
ഇത് റിലയന്‍സ് പോലുള്ള കോണ്‍ഗ്രസ്സ് സാമന്തന്മാര്‍ക്കുള്ള വിട്റ്റുപണിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ആരോട് പറയാന്‍.
നമ്മളൊക്കെ വെറും കഴുതകളല്ലേ, അഞ്ചൽജി!കഴുതക്കാമം നമുക്ക് ഇങ്ങനെ കരഞ്ഞു തീർക്കാം. അല്ലാതെന്ത്? ഇപ്പോൾ ദാ എണ്ണവിലയുടെ പേരും പറഞ്ഞ് ബസ് ചാർജും കൂട്ടി. അതിന്റെ ഗുണം ബസ് മുതലാളിമാർക്കല്ലാതെ വേറെ ആർക്കൊക്കെയാണെന്ന് ബസ് ഉടമകളോട് രഹസ്യമായി ചോദിക്കണം.അല്ലെങ്കിലും അവർ പിന്നെപ്പിന്നെ പറഞ്ഞോളും!
http://easajim.blogspot.com/2011/07/blog-post_12.html
എറണാകുളം മീറ്റ്പോസ്റ്റ്
Post a Comment