Sunday, August 28, 2011

വികസനവും കരുതലും!

അയാള്‍ ആദ്യം വന്നു പറമ്പിനു ചുറ്റും ഒന്ന് നടന്നു മുറുക്കി  തുപ്പി വെറുതെ അങ്ങ് പോയി.  ആരോ ഒരാള്‍ അങ്ങിനെ വന്നു പോയി എന്നെ കരുതിയുള്ളു. പിന്നൊരു ദിവസം രണ്ടു മൂന്നു പണിക്കരെയും കൊണ്ട് വന്നു മതില്‍ ചാടി പറമ്പിനു ഉള്ളില്‍  കടന്നു. എന്തൊക്കെയോ ചെയ്യാനുള്ള പുറപ്പാടാണ്. വാമ ഭാഗത്തോട് വിളിച്ചു ചോദിച്ചു ഇവരെന്താ ചെയ്യുന്നത് എന്ന്. ഇന്നി ഞാന്‍ അറിയാതെ അവള്‍ പണിക്കാരെ വല്ലോം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലല്ലോ. അപ്പോഴാണ് അവളും അങ്ങിനെ ഒരു കാര്യം അറിയുന്നത്  തന്നെ. അവള്‍ക്കും സംശയം ആയി. ഇവര്‍ക്കെന്നാ നമ്മുടെ പറമ്പില്‍ കാര്യം?

ചോദിയ്ക്കാന്‍ ചെന്ന എന്നോട് അവരാണെങ്കില്‍  കണ്ട ഭാവം പോലും കാട്ടുന്നും ഇല്ല. അപ്പോഴാണ്‌ സ്ഥലത്തെ പ്രധാനി അതുവഴി വന്നത്. വന്നപാടെ എന്നോട് ഒന്നും ഉരിയാടാതെ മറ്റേ ചങ്ങാതിയോട്‌ എന്തൊക്കെയോ പറഞ്ഞു. മുന്‍ പരിചയക്കാര്‍ ആണെന്ന് തോന്നുന്നു. അങ്ങിനെയാണ് ഭാവം. ഞാനാണെങ്കില്‍ ഇതുങ്ങളെ ആദ്യം കാണുകയും ആണ്. ഒന്നും അറിയാതെ വാ പൊളിച്ചു നിന്ന എന്റെ അടുത്തേക്ക് വന്നു തോളത്ത്‌ തട്ടി  പ്രധാനി പറഞ്ഞു.

  "അവര്‍ ഇവിടെ കള്ള വാറ്റു തുടങ്ങുവാന്‍ വന്നവരാണ്. അവര്‍ക്ക് ഈ സ്ഥലം അങ്ങ് വല്ലാതെ ഇഷ്ടമായി. കള്ള  വാറ്റെന്നു പറഞ്ഞാല്‍  നല്ല വരുമാനം കിട്ടുന്ന പണിയാണ്. വരുമാനത്തിന്റെ അഞ്ചു ശതമാനം നിനക്ക് തരും. നിനക്കൊരു വരുമാനവും ആകും. അവര്‍ക്ക് വാറ്റാന്‍ ഒരിടവും ആകും. നീ ഒന്നും പറയാന്‍ നില്‍ക്കണ്ട ട്ടോ.. നാടിന്റെ വികസനം അല്ലെ നമ്മുക്ക് പ്രധാനം.മാത്രമല്ല  നിന്റെ കാര്യത്തില്‍ എനിക്കെപ്പോഴും ഒരു കരുതലും ഉണ്ടെന്നു നിനക്ക് അറിയാമല്ലോ? നിന്റെ ഉന്നമനം ആണ് എന്റെ ലക്‌ഷ്യം."

"അയ്യോ ചേട്ടാ അത്..."

"നിനക്ക് ഇഷ്ടമില്ലേല്‍ പറ. അവര്‍ വല്ല നക്കാ പിച്ചയും തരും. അതും വാങ്ങി  കൂടും കുടുക്കയും എല്ലാം പിറക്കി സ്ഥലം കാലിയാക്കാന്‍ നോക്ക്..."

ഞാന്‍ എന്തേലും പറയും മുന്നേ പ്രധാനി തോളത്തെ തോര്‍ത്ത്‌ മുണ്ട് ഒന്നെടുത്തു   കുടഞ്ഞു നടന്നു നീങ്ങി...

3 comments:

മാണിക്യം said...

.."നാടിന്റെ വികസനം അല്ലെ നമ്മുക്ക് പ്രധാനം?
മാത്രമല്ല നിന്റെ കാര്യത്തില്‍ എനിക്കെപ്പോഴും ഒരു കരുതലും ഉണ്ടെന്നു നിനക്ക് അറിയാമല്ലോ?
നിന്റെ ഉന്നമനം ആണ് എന്റെ ലക്‌ഷ്യം."

ഇതില്‍ കൂടുതല്‍ എന്തു വേണം?

ബഷീർ said...

വികസനം വരുന്ന വഴികൾ

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതൊക്കെ തന്നെയാണ് നമ്മുടെ നാടിന്റെ വികസന മന്ത്രം