അട്ടപ്പാടി ആദിവാസി കോളനിയില്‍ കുടിയേറി കാറ്റു യന്ത്രം വിതച്ച സുസ്ലോണ്‍ കമ്പനിക്ക് സര്‍ക്കാര്‍ വക അംഗീകരം നല്‍കിയ വാര്‍ത്ത ആദ്യം നിഷേധിക്കുകയും പിന്നെയും നിഷേധിക്കുകയും പിന്നെയും പിന്നെയും നിഷേധിക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇന്നോടെ എല്ലാം വിഴുങ്ങി സുസ്ലോണ്‍ കമ്പനിയും ആദിവാസികളും ചേര്‍ന്ന് നടത്താന്‍ പോകുന്ന വായുവില്‍ നിന്നും കറണ്ടുണ്ടാക്കല്‍ പദ്ധതിക്ക് അനുമതി നല്‍കി കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നു.അങ്ങിനെ രണ്ടു പേര്‍ ഉള്‍പ്പെടുന്ന ഒരു കരാര്‍ ഇരുവരും അറിയാതെ മൂന്നാന് പ്രാവര്‍ത്തികമാക്കാമെന്ന് ലോകത്ത് ആദ്യമായി ഭൂമിമലയാളത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇതൊരു തുടക്കമാണ്. എന്തെല്ലാം സാധ്യതകളാണ് ഈ ഒരു ഉത്തരവിലൂടെ ഭൂമിമലയാളത്തിനു തുറന്ന് കിട്ടുന്നത്? ആലോചിച്ചിട്ട് രോമാഞ്ചം ഉണ്ടാകുന്നു... ഉള്ളു കുളിരുന്നു...
മല്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങും മണിചെയിനും നിയമ വിധേയമാകാന്‍ പോകുന്നു. ഇന്നലെ വരെ ഇതൊക്കെ നിയമ വിരുദ്ധമായിരുന്നു..
നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ് അതു ഉണ്ടാക്കുന്നത്? ലംഘിക്കപ്പെടുന്ന നിയമങ്ങളെ സാധൂകരിക്കാനാണ് നിയമസഭയും മന്ത്രിമാരും എന്ന നിലയിലാണ് കാര്യങ്ങള്‍. ഇന്നത്തെ നിയമ ലംഘനങ്ങള്‍ നാളത്തെ നിയമങ്ങളായി മാറാം. നിയമങ്ങള്‍ നാളെ നിയമങ്ങളേ അല്ലാതായും മാറാം. അതൊക്കെ നിയമത്തിന്റെ കാര്യം. നമ്മുടെ കാര്യം സുതാര്യ കെരളം സുന്ദര കേരളം....
ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കായി ഒരു പുതിയ പദ്ധതി സര്‍ക്കാറിനു ആവിഷ്കരിക്കാം. ബലാത്സംഗത്തിലൂടെ മാനം പോയ ലേഡീസിന് ഇന്നിമുതല്‍ മാനം മാന്യമായി വിറ്റു കാശുണ്ടാക്കാം. ഉണ്ടാക്കുന്ന വരുമാനത്തില്‍ നിന്നും അഞ്ചു ശതമാനം അതാതു ദിവസം തന്നെ ട്രഷറിയില്‍ അടച്ചു ബില്ലുമേടിക്കണം എന്നു മാത്രം. അപ്പോ പിന്നെ ഒരിക്കലും ട്രഷറി അടച്ചിടേണ്ടി വരികയോ കേന്ദ്രത്തീന്ന് ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ടി വരികയോ ചെയ്യുകയില്ലാ എന്നത് മൂന്നരത്തരം. കൂടുതല്‍ ബലാത്സംഗങ്ങള്‍ നടത്തുന്നവനു, വ്യഭിചാര വ്യവസായത്തിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിപ്പിക്കുന്നതിനുള്ള വ്യവസായ രത്നം അവാര്‍ഡ് നല്‍കി ആദരിക്കാം.
മോഷണം ഒരു കല കൂടിയാണ്. സര്‍ക്കാറിന്റെയോ മറ്റു ഏജന്‍സികളുടേയോ എതെങ്കിലും തരത്തിലുള്ള സഹായം സ്വീകരിക്കാതെ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മോഷണ തൊഴിലാളിയോടൊപ്പം ചേര്‍ന്ന് പുതിയ മോഷണം നടത്തി മോഷണ മുതലില്‍ നിന്നും അഞ്ചു ശതമാനം സ്വീകരിച്ചു കൊണ്ടു പുതിയ തൊഴില്‍ സാധ്യതകളിലേക്ക് ഭൂമിമലയാളത്തിന്റെ പുതുതലമുറക്ക് ഉണര്‍ന്ന് എഴുന്നേല്‍ക്കാം. നാളത്തെ പ്രഭാതം കുഞ്ഞുങ്ങളേ നിങ്ങള്‍ക്കുള്ളതാണ് നിങ്ങള്‍ക്കു മാത്രം. മോഷണത്തിനു വിധേയരായവര്‍ക്ക് ഇന്നി മുതല്‍ മോഷ്ടാക്കള്‍ അതാതു ദിവസത്തെ മോഷണ വരുമാനത്തില്‍ നിന്നും അഞ്ചു ശതമാനം വീതം ലാഭ വിഹിതം നല്‍കണം. ഒരു തരത്തില്‍ പറഞ്ഞാല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് തന്നെ. അതായത് ഇന്നു ഒരാളുടെ വീടു മോഷ്ടിക്കപ്പെട്ടാല്‍ ഉടമ മറ്റൊരു വീട് മോഷ്ടാക്കള്‍ക്ക് കാട്ടി കൊടുക്കുക. അവിടെ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനം ആദ്യം മോഷണത്തിനു വിധേയമായ വീട്ടുകാരനു നല്‍കുക. ആദ്യം കൊള്ളയടിക്കപ്പെട്ട വീട്ടുകാരനും രണ്ടാമതു കൊള്ളയടിക്കപ്പെട്ട വീട്ടുകാരനും കൂടി മൂന്നാമതൊരു വീടു കൊള്ളയടിക്കാന്‍ മോഷ്ടാവിനു കാട്ടി കൊടുക്കുക... അങ്ങിനെ ലാഭത്തില്‍ നിന്നും ലാഭത്തിലെക്കു നീങ്ങുക... ഹാ... എന്തു സുന്ദരം ആയിരിക്കും ആ നിമിഷങ്ങള്‍...
സ്പിരിറ്റ് കടത്തി കൊണ്ടു വരുന്നവര്‍ ഇന്നി മുതല്‍ അഞ്ചു ശതമാനം ലാഭം ചെക്ക് പോസ്റ്റുകളില്‍ കൊടുത്താല്‍ മതി. ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കല്‍ സര്‍ക്കാറിനു അവസാനിപ്പിക്കാം. സര്‍ക്കാര്‍ വേതനത്തേക്കാള്‍ വേദന കുറവായ അദ്ധ്വാനം കൊണ്ടു ജീവനക്കാര്‍ക്ക് ലക്ഷങ്ങള്‍ സമ്പാതിക്കുക്കയും ആവാം. ചെക്കു പോസ്റ്റിലെ ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ വേണമെങ്കില്‍ സ്പിരിറ്റ് കടത്തുകാരെ ഏല്പിക്കുകയും ആകാം. ഏറ്റവും കുറഞ്ഞത് കാല്‍ കോടി ഒരോ നിയമനത്തിനും നിയമം മൂലം ഈടാക്കാം. അതില്‍ നിന്നും ഒരു അഞ്ചു ശതമാനം സര്‍ക്കാര്‍ ട്രഷറിയില്‍ കെട്ടിയാല്‍ അതും നാട്ടിന്റെ വികസനത്തിനു ഉപയോഗിക്കാം.
പെണ്‍ വാണിഭം ദേശസാല്‍ക്കരിക്കാം. നാലു മുതല്‍ എഴുപത് വയസ്സു വരെയുള്ള വാണിഭങ്ങള്‍ പ്രത്യേകം പ്രത്യേകം തരം തിരിച്ച് അഞ്ചു ശതമാനം മുതല്‍ ഇരുപത്തി അഞ്ചു ശതമാനം വരെ ലാഭ വിഹിതം വീട്ടുകാര്‍ക്കു നല്‍കാം. ഇന്നി പിതാവോ മാതാവോ നേരിട്ട് നടത്തുന്ന വാണിഭമാണേല്‍ ലാഭ വിഹിതം അതാതു ദിവസം സര്‍ക്കാര്‍ ട്രഷറിയില്‍ നേരിട്ട് അടച്ച് രസീത് വാങ്ങാം. അങ്ങിനെ നാടിന്റെ സമഗ്ര വികസനത്തിനു സഹായിക്കുന്ന മാതാപിതാക്കള്‍ക്ക് വീരാളി പട്ട് നല്‍കി ആദരിക്കാം.
പൊതു പരീക്ഷകളുടേയും പി.എസ്സ്.സി ടെസ്റ്റുകളുടേയും ചോദ്യപേപ്പറുകള്‍ ചോര്‍ത്തി ആവശ്യക്കാര്‍ക്ക് നല്‍കാം. ചോദ്യ പേപ്പറുകള്‍ മുങ്കൂറായി വേണ്ടുന്നവരില്‍ നിന്നും ഒരു ഫീസ് വാങ്ങി അതും നാട്ടിന്റെ സമഗ്ര വികസനത്തിനു ഉപയോഗിക്കാം. സുതാര്യ കേരളം സുന്ദര കേരളം...ഹോ... കോള്‍മയിര്‍ കൊള്ളുന്നു.
കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്താം. കാലു വെട്ട്, കൈ വെട്ട്, തല വെട്ട്, തട്ടികൊണ്ടു പോകല്‍ തുടങ്ങിയ പ്രത്യുല്പാദനപരമായ കലാപരിപാടികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതാതു മേഖലയില്‍ നിര്‍ഭയം തൊഴില്‍ എടുക്കുന്നതിനു വ്യത്യസ്ഥമായ ഫീസ് വാങ്ങി അനുമതി നല്‍കാം. വാങ്ങുന്ന ഫീസിന്റെ അഞ്ചു ശതമാനം അതാതു ദിവസം തന്നെ ട്രഷറിയില്‍ അടക്കാന്‍ നിര്‍ദ്ദേശിക്കണം എന്നു മാത്രം. പിറ്റേന്ന് ആയാല്‍ സംഗതി പണം അങ്ങൊട്ടു കൊടുക്കേണ്ടി വരുമെന്ന് പറയാതെ അറിയാമല്ലോ? വേണമെങ്കില്‍ പോലീസ് സ്റ്റേഷനുകള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് പാട്ടത്തിനും നല്‍കാം. എന്നിട്ട് ഇപ്പൊഴത്തെ പോലീസ്കാര്‍ക്ക് വ്യാജ വാറ്റില്‍ പരിശീലനം നല്‍കി കരാറടിസ്ഥാനത്തില്‍ വാറ്റിനു അനുവാദം നല്‍കാം. കിട്ടുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനം നേരിട്ട് സര്‍ക്കാര്‍ ഖജനാവിനു മുതല്‍ കൂട്ടാം. പോലീസിനു ശമ്പളവും നല്‍കണ്ട, ജനത്തിനാണേല്‍ രണ്ടില്‍ ഒന്നിനെ ഭയന്നാല്‍ മതിയെന്ന ഗുണവും ഉണ്ട്.
സര്‍ജ്ജറിയുള്ള സ്വകാര്യ പൊതുമേഖലാ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളില്‍ നിന്നും വൃക്കമുതല്‍ തലച്ചോര്‍ വരെ അറുത്തെടുത്ത് വില്‍ക്കാം. കണ്ടു പിടിക്കപ്പെട്ടാല്‍ പരേതരുടെ ബന്ധുക്കള്‍ക്ക് അവയവങ്ങള്‍ വിറ്റു കിട്ടുന്ന തുകയില്‍ അഞ്ചു ശതമാനം നല്‍കി ഒതുക്കാം. ഇതും നെറ്റ് വര്‍ക്കു മാര്‍ക്കറ്റിങ്ങിനു പറ്റിയ സംഗതിയാണ്. വൃക്ക പോയവനു വേണമെങ്കില്‍ കിഡ്നിയുള്ള മറ്റു സഹജീവികളെ പറഞ്ഞ് പറ്റിച്ച് വൃക്ക തട്ടിപ്പ് നടത്തി അഞ്ചു ശതമാനം കമ്മീഷന്‍ നേടാം. അങ്ങിനെ കേരളം സ്വയം പര്യാപ്തതയിലേക്ക് വെച്ചടി വെച്ചടി നീങ്ങുന്നത് കണ്‍കുളിര്‍ക്കേ കാണാം.
വ്യാജ സിഡി നിര്‍മ്മാണം മുതല്‍ അന്യന്റെ വളപ്പില്‍ കയറി വ്യാജ വാറ്റ് നടത്തുന്നതു വരെയുള്ള ലാഭകരമായ എല്ലാ വ്യവസായങ്ങളും ലൈസന്‍സിങ്ങിലൂടെ നിയമ വിധേയമാകുന്ന സുന്ദര സുരഭില സുതാര്യ കേരളം മധുര മനോജ്ഞമായിരിക്കും... എന്നാല്‍ എല്ലാം സര്‍ക്കാര്‍ ഉത്തരവിലൂടെ ആയിരിക്കണം എന്നു മാത്രം.
വികസനം അതല്ലേ എല്ലാം...
Saturday, September 17, 2011
Subscribe to:
Post Comments (Atom)
4 comments:
"വികസനം അതല്ലേ എല്ലാം."
അതെ,അതു തന്നെ.
അഞ്ചല്‍ക്കാരന്‍ ദേ ബുദ്ധി പറഞ്ഞു കൊടുക്കുന്നു. എങ്ങോട്ടൊക്കെ വികസിക്കാമെന്ന് ഈ പോസ്റ്റ് വായിച്ച് കുറെ ആളുകള്‍കൂടി പഠിയ്ക്കും..
എല്ലാം ഒന്ന് നിയമമായി കിട്ടിയാല്‍ ...
"പോലീസ് സ്റ്റേഷനുകള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് പാട്ടത്തിനും നല്‍കാം. എന്നിട്ട് ഇപ്പൊഴത്തെ പോലീസ്കാര്‍ക്ക് വ്യാജ വാറ്റില്‍ പരിശീലനം നല്‍കി കരാറടിസ്ഥാനത്തില്‍ വാറ്റിനു അനുവാദം നല്‍കാം. കിട്ടുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനം നേരിട്ട് സര്‍ക്കാര്‍ ഖജനാവിനു മുതല്‍ കൂട്ടാം. പോലീസിനു ശമ്പളവും നല്‍കണ്ട, ജനത്തിനാണേല്‍ രണ്ടില്‍ ഒന്നിനെ ഭയന്നാല്‍ മതിയെന്ന ഗുണവും ഉണ്ട്."
:) സൂപ്പര്‍ ആശയം!!
ഇത് പൂട്ടിയെന്ന് പറഞ്ഞു കൂതറ ഒന്ന് പേടിപ്പിച്ചായിരുന്നു
ഇത്രയും ആശയങ്ങൾ നടപ്പിലാക്കിയാൽ രാജ്യം രക്ഷപ്പെടും.. :)
പെണ്ണുങ്ങളെ കുട്ട്യേളെ നമുക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!
Post a Comment