Friday, December 16, 2011

തലപ്പാവുകാരന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍


ണ്ടായിരത്തി എട്ടിലെ കെണിയില്‍ നിന്നും നാം രക്ഷപെട്ടു. അതു പക്ഷേ മുജ്ജന്മ സുക്രുതം. പക്ഷേ ഇപ്പോ പെടും എന്നാണു തോന്നുന്നത്. അല്ല പെട്ടു എന്നതു തന്നെയാണു ശരി. ഭാരതത്തിലെ സാമ്പത്തിക രംഗം മുച്ചൂടും നശിപ്പിച്ചത് സാമ്പത്തിക വിദഗ്ദനായ മന്മോഹന്‍ സിങ്ങ് തന്നെയാണ് എന്ന് ഒരാള്‍ അനുമാനിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ കടുത്ത മന്മോഹന ഭക്തന്മാര്‍ക്കു പോലും കഴിയും എന്നു തോന്നുന്നില്ല. ആഗോള വല്‍ക്കരണം കൊണ്ടു ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും രക്ഷപെട്ടിട്ടില്ല എന്ന  സത്യം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുമ്പോഴും ഭാരത്തിനു ഒരിക്കലും അനുഗുണം അല്ലാത്ത ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഭാരതത്തിന്റെ സാമ്പത്തിക രംഗം അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കു വീഴാന്‍ കാരണം.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന വചനം നമ്മള്‍ മനപൂര്‍വ്വം മറന്നു. വിദേശ ഫണ്ടുകള്‍ ഭാരതത്തെ അങ്ങു ദത്തെടുക്കും എന്നു ധരിച്ചവശായ മന്മൊഹനനും കൂട്ടരും ഭാരതത്തിന്റെ ആത്മാവിനെ വരെ വിറ്റു തുലക്കുന്നിടത്ത് കാര്യങ്ങല്‍ എത്തി നില്‍ക്കുന്നു. ചോരയുള്ളിടത്തേ കൊതുകിനു കൌതുകം ഉണ്ടാവുള്ളൂ. ചൂഷണത്തിനു സാധ്യതയുള്ളിടത്തേ വിദേശ ഫണ്ടുകള്‍ക്കും താല്പര്യം ഉണ്ടാവുള്ളൂ എന്നര്‍ത്ഥം. പണപ്പെരുപ്പം നാല്പതു ശതമാനത്തിനും മുകളില്‍ എത്തി സാമ്പത്തിക രംഗം മുച്ചൂടും മുടിഞ്ഞു പോയ മെക്സിക്കോ ഒന്നാന്തരം ഉദാരണം. അടുത്തിടെ പാപ്പര്‍ സ്യൂട്ടായ ഐസ്‌ലാന്റ് ഏറ്റവും ഒടുവിലത്തെ സാക്ഷ്യം.  ഒരു കാലത്ത് ആഗോള വല്‍ക്കരണത്തിന്റേയും സ്വകാര്യ വല്‍ക്കരണത്തിന്റേയും സ്വര്‍ഗ്ഗമായിരുന്നു തകര്‍ന്നടിഞ്ഞ ഈ രാജ്യങ്ങള്‍ ഒക്കെയും.

എല്ലാം തകര്‍ന്നു. അല്ലെങ്കില്‍ തകര്‍ന്നു കൊണ്ടേയിരിക്കുന്നു. ഗ്രീസ്, ഇറ്റലി, പൊര്‍ച്ചുഗല്‍ അങ്ങിനെ അങ്ങിനെ തകര്‍ന്നടിയുന്ന സാമ്പത്തിക ശക്തികള്‍ നമ്മുക്ക് മുന്നില്‍ ഉണ്ട്. ആദ്യം തന്നെ അമേരിക്ക പൊട്ടി. ബ്രിട്ടനും അതിന്റെ പിറകേ... ആഗോള വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും ഒരിക്കലും ഒരു രാജ്യത്തെയും രക്ഷപെടുത്തിയിട്ടില്ലാ എന്നു ഭാരതത്തിന്റെ മുഴുവന്‍ ജനങ്ങളും മനസ്സിലാക്കിയാലും ഭാരതത്തിലെ ഏറ്റവും പ്രശസ്ഥനായ ഒരു സാമ്പത്തിക വിദഗ്ദനു അതു മനസ്സിലാകുന്നില്ല. അയാള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി പോയി എന്നതു ഭാരതത്തിന്റെ ഗതികേട്!

"കക്കുന്തോറും മുടിയും... മുടിയുന്തോറും കക്കും."
ഇതിനെ അന്വോര്‍ത്വം ആക്കുന്നതാണ് മന്മോഹന്‍ സിങ്ങിന്റെ ഭരണ പരിഷ്കാരങ്ങള്‍. എല്ലാ മുതലാളിത്വ രാജ്യങ്ങളും കരുതുന്നതു പോലെ മന്മോഹന്‍ സിങ്ങും ധരിക്കുന്നതു ഒഹരി വിപണിയാണ് നാടിന്റെ ആത്മാവ് എന്നാണ്. ഓഹരി വിപണി ഉയര്‍ന്നു നിന്നാല്‍ പുറം ലോകം വെറുതേ അങ്ങു ധരിച്ചോളും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണെന്നു. ശ്രദ്ധമുഴുവനും ഓഹരി വിപണിയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന നാടിന്റെ ആസൂത്രണ വിദഗ്ദര്‍ കണ്ടില്ലാന്നു നടിച്ചത് അനുനിമിഷം തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയെയാണ്. ഉണ്ണാനുള്ളത് പ്രാദേശികമായി തന്നെ ഉല്പാദിപ്പിക്കന്‍ കഴിയാതെ വന്നാല്‍ ദാരിദ്ര്യം ആയിരിക്കും ഫലം എന്നത് മന്മോഹന സിങ്ങിനും കൂട്ടര്‍ക്കും അറിയാത്തതൊന്നും അല്ല. പക്ഷേ അവര്‍ക്ക് എപ്പോഴും താല്പര്യം ഭാരതത്തെ മറ്റൊരു അമേരിക്ക ആക്കുക എന്നതാണ്. അതിനു വേണ്ടിയുള്ള നയ രൂപീകരണങ്ങളാണ് നമ്മുടെ സാമ്പത്തിക വിദഗ്ദര്‍ നടത്തി കൊണ്ടേയിരിക്കുന്നത്. അമേരിക്കക്ക് എപ്പോഴെങ്കിലും ഒരു പക്ഷേ ഇന്‍ഡ്യ ആകാന്‍ കഴിയുമായിരിക്കും. പക്ഷേ ഒരിക്കലും... ഒരിക്കലും ഭാരതത്തിനു അമേരിക്ക ആകാനേ കഴിയില്ല തന്നെ.

സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതു അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായതു മുതലാണല്ലോ? അതു തുടങ്ങിയത് ഭവനവായ്പകള്‍ കിട്ടാകടങ്ങള്‍ ആയതു മുതലാണ്. ലാഭം മാത്രം നോക്കി ഈടിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാതെ വന്‍ പലിശക്ക് വീടിന്റെയോ ഭൂമിയുടേയോ വിലയുടെ തൊണ്ണൂറു ശതമാനമോ അതിലധികമോ വായ്പ അനുവദിച്ച നിമിഷം തന്നെ ബാങ്കിങ്ങ് തകര്‍ച്ചയുടെ ഒന്നാം ഘട്ടം ആരംഭിക്കുകയായിരുന്നു. കാരണം, ഭൂമിയുടെ അല്ലെങ്കില്‍ കെട്ടിടത്തിന്റെയോ വില റിയല്‍ എസ്റ്റേറ്റ് കമ്പനികളാല്‍ ഊതി വീര്‍പ്പിച്ചു നിര്‍ത്തുകയായിരുന്നു.  തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഈട് പിടിച്ചെടുത്ത് ലേലത്തിനു വെച്ചു. ലേലം കൊള്ളാന്‍ ആളില്ല. ഈടിനു നല്‍കിയ വായ്പക്ക് തുല്യം വില വരാതെ അല്ലെങ്കില്‍ എടുക്കാന്‍ ആളില്ലാതെ കിട്ടാക്കടങ്ങള്‍ പെരുകിയപ്പോള്‍ ബാങ്കുകളുടെ പ്രവര്‍ത്തനം താറുമാറായി. തൊഴിലുകള്‍ വെട്ടികുറക്കപെട്ടു തുടര്‍ന്നു ക്രെഡിറ്റ് കാര്‍ഡുകളും വാഹന വായ്പകളും വ്യക്തി ഗത വായ്പകളും കിട്ടാക്കടങ്ങള്‍ ആയി തുടങ്ങി. അങ്ങിനെ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. ആഗോളവല്‍ക്കരണം ഒരു ഹിസ്റ്റീരിയ ആയി ലോകത്ത് പടര്‍ന്ന കാലഘട്ടം ആയിരുന്നതു കൊണ്ട് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ച ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സമയം ഒന്നും വേണ്ടായിരുന്നു.

തകര്‍ച്ചയുടെ ആ പരമ്പരയില്‍ നിന്നും ഭാരതം രക്ഷപെട്ടത് ഭാരതത്തിന്റെ മികവുറ്റ ബാങ്കിങ്ങ് ഘടനയുടെ പ്രത്യേകത കൊണ്ടായിരുന്നു. ഭൂപണയ വായ്പകളുടെ കാര്യത്തില്‍  ഭാരതീയ ബാങ്കുകള്‍ ഈടിന്റെ മൂല്യം കണക്കാക്കുന്ന രീതിയും ലോണിന്റെ പാറ്റേണും എപ്പോഴും ഈടിന്റെ മൂല്യം വായ്പയുടെ മൂല്യത്തിനു മുകളില്‍ നിര്‍ത്താന്‍ ഭാരതീയ ബാങ്കുകള്‍ക്ക് കഴിയും വിധമാണ്. അതിന് അഭിനന്ദിക്കേണ്ടത് ഇന്ദിരാ ഗാന്ധിയെ ആണ്. അല്ലാതെ മന്മോഹന സിദ്ധാന്ധങ്ങളെ അല്ല. ഇപ്പോഴും ബാങ്കിങ്ങ് മേഖല ഭാരതത്തില്‍ സുദൃഢം തന്നെ. മന്മോഹന സംഘം എത്ര ശ്രമിച്ചിട്ടും അതു തകര്‍ക്കാന്‍ കഴിയാത്തത് ബാങ്കിങ്ങ് മേഖലയിലെ തൊഴിലാളി സംഘടനകളുടെ ഇടപെടല്‍ കൊണ്ടു മാത്രവും.

ബാങ്കിങ്ങ് മേഖലക്ക് ഒരു പോറലും ഭാരതത്തില്‍ ഏല്‍ക്കില്ല തന്നെ. പക്ഷേ മറ്റു മേഖലകള്‍ പ്രതിസന്ധിയില്‍ ആണു. പരമ പ്രധാനം പെട്രോളിന്റെ വില നിശ്ചയിക്കുന്നതില്‍ ഗവണ്മെന്റിനു ഉണ്ടായിരുന്ന നിയന്ത്രണം എടുത്ത് കളഞ്ഞത് തന്നെ. എണ്ണയുടെ അന്താരാഷ്ട്ര ചലനങ്ങള്‍ക്ക് ഒപ്പിച്ച് ഭാരതത്തില്‍ എണ്ണയുടെ വില നിശ്ചയിക്കാം എന്നു വന്നിടത്ത് ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എണ്ണ വില പത്തു തവണ കൂടി. ഫലം പണപ്പെരുപ്പവും വിലകയറ്റവും അതു പോലെ തന്നെ കൂടി. എണ്ണവില കൂടുമ്പോള്‍ മൊത്ത വില സൂചിക കൂടും ഒപ്പം പണപ്പെരുപ്പവും. പണപ്പെരുപ്പം കൂടുമ്പോള്‍ രൂപയുടെ വില ഇടിയും. രൂപയുടെ വില ഇടിയുമ്പോള്‍ അസംസ്കൃ എണ്ണയുടെ ഇറക്കുമതി ചിലവ് കൂടും വീണ്ടും എണ്ണ വില കൂടും തുടര്‍ന്ന് പണപ്പെരുപ്പവും അതിങ്ങനെ തുടരും.

യൂറോപ്പില്‍ ബാധിച്ച സാമ്പത്തിക മാന്ദ്യം മാറിയാലും ഇന്നി ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിനു സ്ഥിരത ഉണ്ടാകില്ല. യൂറോപ്പിലെ മാന്ദ്യം അവസാനിക്കുമ്പോള്‍ അവിടെ ഉല്പാദനം കൂടും. ഉല്പാദനം കൂടുമ്പോള്‍ എണ്ണയുടെ ഉപഭോഗവും കൂടും. എണ്ണയുടെ ഉപഭോഗം കൂടുമ്പോള്‍ എണ്ണ വില കുത്തനെ കയറും. അന്താരാഷ്ട്ര എണ്ണ വിപണിക്കൊപ്പം ഭാരതത്തിലും എണ്ണ വില കൂടും. വ്യാവസായിക വളര്‍ച്ച ഉച്ചസ്ഥായിയില്‍ ആയ രണ്ടായിരത്തി എട്ടിന്റെ ആദ്യ പാദത്തില്‍ എണ്ണ വില നൂറ്റി നാല്പത് ഡോളറിനു മുകളില്‍ പോയിട്ടും ഭാരതത്തില്‍ പെട്രോള്‍ വില നാല്പതു രൂപയ്ക്ക് അടുത്ത് നിര്‍ത്താന്‍ കഴിഞ്ഞത് വില നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തം ആയിരുന്നതു കൊണ്ടാണ്. പക്ഷേ ഇന്നി അതു നടപ്പില്ല. എണ്ണ വില അന്താരാഷ്ട്ര തലത്തില്‍ കൂടും മുന്നേ ഇന്നി ഭാരതത്തില്‍ ഇന്ധന വില കൂടും.  ലോക സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടുമ്പോള്‍ ഇന്ധന വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ തട്ടി പണപ്പെരുപ്പം ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല എന്നു സാരം.

പണപ്പെരുപ്പം കുറക്കാന്‍ റിസര്‍വ്വ് ബാങ്കിനു കൂടുതല്‍ ഒന്നും ചെയ്യാന്‍ ഇപ്പോള്‍ കഴിയില്ല. അവര്‍  മാസാമാസം കൂടിയിരുന്ന് റിസര്‍വ്വ് ആന്റ് റിവേഴ്സ് റിപ്പൊ റേറ്റ് ഇരുപത്തി അഞ്ച് പൈസ കൂട്ടും അല്ലാതെ എന്തു ചെയ്യാന്‍? പാവങ്ങള്‍... അവിടേയും തെറ്റാണ് ചെയ്യുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കുറക്കാന്‍ പലിശ നിരക്ക് കൂട്ടുമ്പോള്‍ വിപണിയില്‍ പണ ലഭ്യത കുറയും. കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെ വായ്പകളുടെ പലിശ കൂടും. പലിശ ചിലവ് കൂടുമ്പോള്‍ എണ്ണവില കൂടുന്നത് പോലെ തന്നെ സമ്പൂര്‍ണ്ണ വില കയറ്റം ഫലം. വീണ്ടും വിലകയറ്റം തന്നെ. പിന്നെയും ലവന്മാര്‍ കൂടിയിരുന്നു അവലോകനം നടത്തും. അവലോകനത്തിനൊടുവില്‍ പതിവുപോലെ ഇരുപത്തി അഞ്ചു പൈസ കൂട്ടും. പിന്നെയും പലിശ കൂടും. വായ്പ ചിലവു കൂടും വില കയറ്റവും...

ആഗോള വല്‍ക്കരണത്തിന്റെ ഭാഗമായ സാമ്പത്തിക അടിമത്വത്തിന്റെ ഫലമായി കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിരുന്ന സബ്സിഡികള്‍ ഒരന്തവും ഇല്ലാതെ വെട്ടികുറച്ചത് കാര്‍ഷിക മേഖലയിലെ കൂട്ട ആത്മഹത്യകള്‍ക്കും ഹെതുവായി. കാര്‍ഷിക മേഖല എങ്ങിനെ എങ്കിലും മുടിപ്പിച്ചിട്ട് ഭാരതം എന്ന അനന്ത സാധ്യതകള്‍ ഉള്ള വിപണിയിലേക്ക് കടന്നു വരാന്‍ ആഗോള കുത്തകകള്‍ മത്സരിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേന്ദ്രീകൃത കൃഷിയിടങ്ങള്‍ക്ക് വന്‍ സബ്സിഡികള്‍ നല്‍കുമ്പോഴാണ് അത്താഴ പഷ്ണിക്കാരുടെ കൃഷിയിടങ്ങളിലെ മുക്കാല്‍ ചക്ര സബ്സിഡികള്‍ വെട്ടി കുറക്കേണ്ടി വന്നത്. ചോദിക്കാനും പറയാനും ആരും ഇല്ലാ എന്ന അവസ്ഥ. കാരണം - എല്ലാം അറിയുന്ന ഒരാള്‍ പ്രധാന മന്ത്രിയായിരിക്കുന്നിടത്ത് സര്‍വ്വതും സുരക്ഷിതം ആയിരിക്കും എന്നു നാം തെറ്റിദ്ധരിച്ചു. എല്ലാം അയാളെ ഏല്പിച്ച് നാം സുഖ സുഷുപ്തിയില്‍ ആയി.

ഏറ്റവും ഒടുവില്‍ ചെറുകിട കച്ചവട മേഖലയില്‍ കൂടി വിദേശ ഫണ്ട് അനുവദിക്കാനുള്ള ശ്രമം നടക്കുന്നു. കാരണം പറയുന്നത് ഉപഭോക്താവിനു വില കുറവില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കും എന്നാണ്. ആഗോള ഭീമന്മാര്‍ ഭാരത ജനതയെ സേവിക്കാനല്ല ഇങ്ങോട്ടു കടന്നു വരുന്നത്. മാക്സിമം ലാഭം തന്നെയാണ് അവരുടെ ഉന്നം. കൃഷിടങ്ങള്‍ പാട്ടത്തിനെടുത്ത് അവിടെ ജനിതക മാറ്റങ്ങള്‍ വരുത്തിയ അത്യുല്പാദന ശേഷിയുള്ള അന്തക വിത്തുകള്‍ വിതച്ചു വന്‍ വിളവെടുപ്പ് നടത്തി ലാഭം കൊയ്യുക എന്നതാണ് സംഭവിക്കാന്‍ പോകുന്നത്. പതുക്കെ പതുക്കെ കര്‍ഷകര്‍ എന്ന വിഭാഗം തന്നെ ഇല്ലാതാകും.

മത്സരത്തിന്റെ ഭാഗമായി ചെറുകിട കച്ചവടക്കാരെ പൂട്ടിക്കാന്‍ ആദ്യ കാലങ്ങളില്‍ ചില ആനുകൂല്യങ്ങളും വിലക്കുറവും ഒക്കെ ഉപഭോക്താവിനു നല്‍കാന്‍ ഇവര്‍ ശ്രമിക്കും എങ്കിലും പതുക്കെ അതൊക്കെ ഇല്ലാതാകും. സമ്പന്നര്‍ക്ക് മാത്രം കടന്നു ചെല്ലാന്‍ കഴിയുന്ന ഇടങ്ങളായി വന്‍ വിദേശ വില്പന കേന്ദ്രങ്ങള്‍ മാറി കഴിയുമ്പോള്‍ സാധാരണക്കാരനു അടുപ്പു പുകക്കാന്‍ പാക്കരന്റെ പല ചരക്ക് കട കാണില്ല. ഒന്നുകില്‍ അയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും അല്ലെങ്കില്‍ വിദേശ കുത്തകക്കാരന്‍ നടത്തുന്ന കേന്ദ്രീകൃത കൃഷിയിടത്തിലെ തൊഴിലാളി ആയിട്ടുണ്ടാകും.

ചെറുകിട വ്യാപാരമേഖല കൂടി വിദേശ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് വാദിക്കുന്നവര്‍ മിക്കവരും പറയുന്ന ഒരു ന്യായം ഭാരതത്തില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കപ്പെടുന്ന വിഭവങ്ങളില്‍ നല്ലൊരു ശതമാനവും വിളവെടുത്ത് ശേഖരിച്ച് സൂക്ഷിച്ചു വെക്കാന്‍  കഴിയാതെ നശിച്ചു പോകുന്നു. അതിനു തടയിടാന്‍ പുതിയ നയത്തിനു കഴിയും, വിദേശ ഫണ്ടുകള്‍ സുസ്സജ്ജമായ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി വിഭവങ്ങള്‍ സൂക്ഷിക്കും എന്നതാണ്. രാഹുല്‍ ഗാന്ധിയും അങ്ങിനെ പ്രസ്ഥാവന നടത്തുന്നതു കേട്ടു, വിഭവങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സര്‍ക്കാറിനു കഴിയില്ലാ... വിദേശിയര്‍ക്കേ കഴിയുള്ളൂ എന്നു പറയുന്നിടത്ത് സര്‍ക്കാര്‍ തന്നെ പരാജയം ആണെന്നു സമ്മതിക്കുന്നതിനു തുല്യം ആണ്. നാടിന്റെ സമ്പത്ത് സൂക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഒരു സാമ്പത്തിക വിദഗ്ദന്റെ നേതൃത്വത്തില്‍ ആണെന്നുള്ളത് അതിനേക്കാള്‍ മാനക്കേട്.

വിദേശ ഫണ്ടുകള്‍ക്ക് ഒരിക്കലും ഭാരതത്തോടു എന്തെങ്കിലും കൂറുണ്ടാകും എന്ന് ധരിക്കുന്നതേ അബദ്ധമാണ്. ഇപ്പോള്‍ ഓഹരി വിപണി എത്തപ്പെട്ടിരിക്കുന്ന ദുരന്തം തന്നെ അതിനു ഉദാഹരണം. ഭാരതത്തിന്റെ സാമ്പത്തിക നില അപകടത്തിലേക്ക് എന്ന സൂചന കിട്ടിയ നിമിഷം തന്നെ അവര്‍ ഫണ്ടുകള്‍ പിന്‍ വലിച്ചു തുടങ്ങി. ഫലം എന്താണ്? ഭാരതത്തിലെ സാധാരണ നിക്ഷേപകനു അവന്റെ നാമമാത്രമായ നിക്ഷേപം നഷ്ടപ്പെടുന്ന അവസ്ഥ. ഓഹരി വിപണിയിലേക്ക് സാധാരണ നിക്ഷേപകനെ ആകര്‍ഷിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് മുങ്കൈ എടുത്തത്. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു നിസ്സാഹയനായി നില്‍ക്കുന്ന സാധാരണ ഭാരതീയ നിക്ഷേപകന്‍ ആത്മഹത്യയുടെ വക്കിലും. വിദേശ ഫണ്ടുകള്‍ അപകടം മുങ്കൂട്ടി കണ്ട് നേരത്തെ തന്നെ അവരുടെ നിക്ഷേപങ്ങള്‍ സംരക്ഷിച്ചു കഴിഞ്ഞിരുന്നു.

സാമ്പത്തിക രംഗത്ത് നിന്നും എങ്ങിനെ വിദേശ ഫണ്ടുകള്‍ പിന്‍ വലിഞ്ഞോ അതേ പോലെ തന്നെ കാര്‍ഷിക രംഗത്ത് നിന്നും ചില്ലറ വ്യാപാര മേഖലയില്‍ നിന്നും തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ നിന്നും ഒക്കെ അവര്‍ പിന്‍ വലിയും. അപ്പോഴേക്കും നമ്മുടെ സ്വയം പര്യാപ്തത നമ്മുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. മണ്ണും വിത്തും ജലവും മാനഭംഗ പെട്ടിട്ടുണ്ടാകും. തകര്‍ന്നടിഞ്ഞ് കഴിയുന്ന കാര്‍ഷിക വിപണന മേഖല തിരികേ കൊണ്ടു വരുവാന്‍ ഒരു പക്ഷേ നമ്മുക്ക് കഴിയണം എന്നില്ല. ഫലം ഭക്ഷണത്തിനായി വിദേശ കപ്പലുകള്‍ തീരത്തണയുന്നതും കാത്തിരിക്കുന്ന അവസ്ഥയുണ്ടാകും.

മന്മോഹന്‍ സിങ്ങിനു പിഴക്കുന്നുണ്ട്. അമേരിക്കക്ക് പറ്റിയ നേതാവായിരിക്കും ഒരു പക്ഷേ മന്മോഹന്‍ സിങ്ങ്. പക്ഷേ ഭാരതത്തിനു അദ്ദേഹം ദോഷം മാത്രമേ ചെയ്യുന്നുള്ളു. ഭാരതീയരെയും ഭാരതത്തിന്റെ സാമ്പത്തിക ശാസ്ത്രത്തേയും ഭാരതത്തിന്റെ കര്‍ഷകരേയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടു പോകാന്‍ കഴിയാത്തിടത്തോളം മന്മോഹന്‍ സിങ്ങ് കടുത്ത അപരാധമാണ് നാട്ടിനു ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കയെ ഭാരതത്തിലേക്ക് പറിച്ച് നടാനുള്ള വെമ്പലില്‍ മന്മോഹന്‍ സിങ്ങും കൂട്ടരും നാട്ടിന്റെ ആത്മാവിനെയാണ് കുരുതി കൊടുക്കുന്നത്.

ആഗോള വല്‍ക്കരണം ഒരു രാജ്യത്തിനും ഭൂഷണം അല്ല. ഒരോ രാജ്യവും സ്വയം പര്യാപ്തമാവുകയാണ് വേണ്ടത്. ആഗോളവല്‍ക്കരണം ഏതെങ്കിലും രാജ്യത്തെ സാമ്പത്തികമായി ഉന്നമനത്തില്‍ എത്തിച്ചിട്ടും ഇല്ല - നാളിതു വരെ. വിഭവങ്ങള്‍ പരസ്പരം വിപണനം ചെയ്യുന്നതിനു നാടിന്റെ സാമ്പത്തിക മേഖല കുത്തകകള്‍ക്ക് അടിയറവ് വെക്കേണ്ടുന്നതൊന്നും ഇല്ല. വിദേശ വിപണി കീഴ്പ്പെടുത്താന്‍ നാം വെമ്പല്‍ കൊള്ളുന്നതിനു മുന്നേ രാജ്യത്തിന്റെ കാര്‍ഷിക വിപണന സാമ്പത്തിക മേഖലകള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.  ഉല്പാദന ചിലവു കുറച്ചാല്‍ നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിപണികള്‍ താനേ തുറക്കെപ്പെടും.

ലാഭം മാത്രമാണ് വിദേശ ഫണ്ടുകള്‍ ലക്ഷ്യം വെക്കുന്നത്. രാജ്യ സേവനം അവരുടെ ലക്ഷ്യമേ അല്ല. അതു നന്നായി അറിയാവുന്ന ഒരാള്‍ പ്രധാനമന്ത്രി ആയി ഇരുന്നു കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തുരങ്കം വെക്കാന്‍ വിദേശ കുത്തകകള്‍ക്ക് അവസരം ഒരുക്കുന്നത് നാടിന്റെ ശാപമാണ്.

9 comments:

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്.
പക്ഷെ ഈ വേവലാതികളൊന്നും ടിയാനില്ലല്ലോ. രാജ്യത്തെ പ്രമുഖ പാർട്ടിക്കും ഇല്ല. ഇറ്റലിക്കാരി നേതാവിനുമില്ല.

Baiju Elikkattoor said...

ഇങ്ങനെ ഒരു പ്രധാമന്ത്രി എന്തിനു? ഇതിലും ഭേദം ഒരു സര്വ്വേ ക്കല്ല് ആണ്!

വളരെ നല്ല ലേഖനത്തിന് നന്ദി.

അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
അനില്‍ഫില്‍ (തോമാ) said...

സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട അമേരിക്കയിലടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഔട്‌ലെറ്റുകളുടെ വിസ്തൃതി കുറയ്ക്കുകയും ചില സ്ഥലങ്ങളില്‍ വമ്പന്‍ ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന ടെസ്കോയ്കും വാള്‍മാര്‍ട്ടിനും മറ്റും സാമ്പത്തിക മാന്ദ്യം ഇനിയും കാര്യമായ അലയൊലി ഉണ്ടാക്കിയിട്ടില്ലാത്ത ഇന്ത്യയുടെ വന്‍ വിപണി തുറന്നു കിട്ടുന്നത് അഗോള തലത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.

ഈ വിഷയത്തില്‍ ചിലര്‍ വാദത്തിനു വേണ്ടിയെങ്കിലും പറയുന്നത് പ്രാദേശിക വ്യാപാരികളുമായി വിലക്കുറവില്‍ മത്സരിക്കുമ്പോള്‍ തന്നെ ലോക നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് സാധരണക്കാര്‍ക്ക് എത്തിക്കും എന്നുള്ളതാണ്.

ഈ വാദത്തിന്റെ നിരര്‍ഥകത ബോധ്യമാകണമെങ്കില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് പെപ്സിയും കൊക്കക്കോളയും ഇന്ത്യയിലേക്ക് പുന:പ്രവേശനം നല്‍കിയ സമയത്ത് അന്നതെ ഭരണക്കാര്‍ നല്‍കിയ വിശദീകരണങ്ങളുമായി താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.

ഇന്ത്യയിലെ ചെറുകിട ശീതള പാനീയ നിര്‍മാതാക്കളുമായി വിലയിലും വിതരണ ശൃംഘലയിലും മത്സരിക്കാന്‍ പെപ്സിക്കും കോക്കിനും ആവില്ലെന്നും എന്നാല്‍ മെട്രോ നഗരങ്ങളിലെ ഉപരി വര്‍ഗ്ഗ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള പാനീയങ്ങള്‍ വാങ്ങുവാനുള്ള അവസരം മാത്രമാണ് ഒരുക്കുന്നത് എന്നുമാണ്.

എനാല്‍ ഇന്നത്തെ യാധാര്‍ഥ്യം എന്താണ്?

ഗുണമേന്മ:

മേല്‍പ്പറഞ്ഞ രണ്ട് കമ്പനികളുടെയും ഉല്‍പ്പന്നനങ്ങളില്‍ അനുവദനീയമായതിന്റെ പതിന്മടങ്ങ് ഹാനികരമയ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നു പരി‍ശോധനകള്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞു.

മത്സരക്ഷമത:

ഇന്ത്യന്‍ വിപണിയില്‍ പെപ്സിയും കൊക്കക്കോളയും പുന:പ്രവേശനം ചെയ്യുന്നതിനു മുന്‍പ് വിപണിയിലുണ്ടായിരുന്ന എല്ലാ ചെറുകിട ഇടത്തരം ശീതളപാനീയ ബ്രാണ്ടുകളും കുത്തക കമ്പനികളുടെ പരസ്യ പ്രചാരണത്തിനു മുന്‍പില്‍ പിടിച്ച് നില്‍ക്കാനാവാതെ മണ്മറഞ്ഞുകഴിഞ്ഞു, കുടില്‍ വ്യവസായമായി അനേകര്‍ക്ക് തൊഴില്‍ നകിയിരുന്ന "വട്ടു സോഡ" പോലും ആഗോള ഭീമന്മാര്‍ക്കുമുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ എങ്ങോ പോയ്മറഞ്ഞു. ഇന്ത്യന്‍ ശീതള പാനീയ വിപണിയിലെ മുന്നിരക്കാരായിരുന്ന പാര്‍‌ലെ കമ്പനിയുടെ ലിംകയും തംസപ്പും ബിസ്ലേരിയും മറ്റും ഇന്ന് അതേപേരില്‍ തന്നെ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കൊക്കക്കോള കമ്പനിയാണ്.

വില:

350ML പെപ്സി ക്യാനിന്റെ ദുബായിലെ വില ഒരു ദ്ര്‍ഹം ആണ്, എന്നാല്‍ 330ML പെപ്സി ക്യാനിന് കൊച്ചിയില്‍ 30 രൂപ കൊടുക്കണം, ഇന്നത്തെ രൂപാ - ദിര്‍ഹം എക്സ്ചേന്‍‌ജ് റേറ്റ് 1ദിര്‍ഹം=14രൂപ


http://anilphil.blogspot.com/2011/11/blog-post_25.html

Anonymous said...

വിവരമുള്ള ആളുകള്‍ക്ക് വംശ നാശം വന്നിട്ടില്ലെന്ന് അറിയുന്നത് വളരെ സന്തോഷം. ഈ കാര്യങ്ങളൊക്കെ നമ്മുടെ പൊതു ജനത്തിനെ എങ്ങനെയാണ് ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നത്? നാടിനെയും സംസ്ക്കാരത്തെയും ഭാഷെയും 30 വെള്ളിക്കാശിനു വിറ്റ് കളയുന്ന നേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഉള്ളപ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്ങിലെ അതിശയമുള്ളു. നമ്മുടെ നാട് നമുക്ക് കൈമോശം ആകുന്ന അവസ്ഥയാണിപ്പോള്‍........

Manoj മനോജ് said...

വളരെ നന്നായി വരച്ച് കാട്ടിയിരിക്കുന്നു.

ലേഖനത്തിൽ വിട്ട് പോയ ഒന്നുണ്ട്. മറ്റ് രാജ്യങ്ങൾക്ക് നമ്മുടെ കാർഷിക വിപണി തുറന്ന് കൊടുക്കുന്ന കരാറുകൾ. എത്ര മാത്രം കർഷകനെ ബാധിക്കുമെന്ന് ആസിയാൻ കരാറിനു മുൻപ് ശ്രീലങ്കയുമായി ഉണ്ടാക്കിയ കരാറിൽ നാം കണ്ടതായിരുന്നു. എന്നിട്ടും നാം പഠിച്ചില്ല. ചില പണക്കാർക്ക് സർവീസ് മേഖലയിലെ ബിസിനസ്സ് കിട്ടുവാൻ കാർഷിക മേഖലയെ കുരുതി കൊടുക്കുവാൻ മന്മോഹൻ തയ്യാറായി എന്ന് ചരിത്രം രേഖപ്പെടുത്തി കഴിഞ്ഞു!

ലോക സാമ്പത്തിക തകർച്ചയിൽ ന്യൂജനറേഷൻ ബാങ്കുകൾ ഇന്ത്യയിലും തകർന്നിരുന്നു. എസ്.ബി.ഐ.യെ കൊണ്ട് ഐ.സി.ഐ.സി.ഐ.യുടെ കിട്ടാകടം ഏറ്റെടുപ്പിക്കുവാൻ ചിദംബരം എന്ത് കൊണ്ട് മുങ്കൈ എടുത്തു?

വാൾമാർട്ടിന്റെ ഉടമകളിലെ 6 പേർക്കുള്ള സ്വത്ത് അമേരിക്കയിലെ 30% ജനങ്ങളുടെ സ്വത്തിനു തുല്ല്യം എന്ന വാർത്ത നമ്മുടെ മാധ്യമങ്ങൾ കണ്ടില്ല എന്ന് തോന്നുന്നു!

എസ്.ഇ.ഇസഡ്. എന്ന് പറഞ്ഞ് കൃഷി സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ തന്നെ മന്മോഹന്റെ മനസ്സിൽ നിന്ന് ജയ് കിസാൻ എന്ന പഴയ ഇന്ത്യൻ മുദ്രാവാക്യം പടിയിറങ്ങി കഴിഞ്ഞിരുന്നു. അന്ന് എതിർത്തവരെ ഇന്ത്യയുടെ വളർച്ചയെ നശിപ്പിക്കുന്നവരായി ചിത്രീകരിക്കുവാനായിരുന്നു തിരക്ക്!

അമേരിക്കയിലെ 28 നഗരങ്ങളിലെ മേയർമാർ ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ അവരുടെ കീഴിലുള്ള നഗരങ്ങളിൽ 50% ആളുകൾ പട്ടിണിയിലോ അതിന്റെ അരികിലോ നിൽക്കുന്നു എന്ന വാർത്ത മന്മോഹൻ കണ്ണ് തുറന്ന് കാണേണ്ടിയിരിക്കുന്നു!

ഔട്ട് സോർസിങ്ങ് എന്ന് പറഞ്ഞ് ജനങ്ങൾക്ക് പണം നൽകി പിരിച്ച് വിട്ട് കമ്പനികൾ എല്ലാം നാട്ടിൽ നിന്ന് പുറത്താക്കി. എന്നാൽ പണ കൊതിയന്മാരായ 1% ആളുകൾ 99%ത്തിന്റെയും സമ്പാദ്യം സ്റ്റോക്കിലെത്തിച്ച് ചൂത് കളിച്ച് തകർത്ത് കളഞ്ഞു. നശിപ്പിച്ചവർക്ക് ഗവണ്മെന്റ് സഹായം കിട്ടുകയും ചെയ്തു. എന്നാൽ പണം നഷ്ടപ്പെട്ട 99% ഇപ്പോഴും അലയുന്നു.

പഴയ സ്ഥാപനങ്ങളെ തിരിച്ച് കൊണ്ടു വരുവാൻ സ്റ്റേറ്റ് സർക്കാരുകൾ സബ്സിഡി കൊടുക്കുവാൻ ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യയും ചൈനയും ക്ഷ വരയ്ക്കുവാൻ തയ്യാറായിക്കോ എന്ന സൂചനയാണു കഴിഞ്ഞ രണ്ടാഴ്ചയായിട്ട് സ്റ്റേറ്റുകൾ നൽകുന്ന സൂചന! ചൈന അവരുടെ കയ്യിലുള്ള പണം സുരക്ഷിതമായി മറ്റ് രാജ്യങ്ങളിൽ നിക്ഷേപിക്കുന്നുണ്ട്. ഇന്ത്യയോ? സ്വിസ്സ് ബാങ്കിൽ ചില നേതാക്കൾ നിക്ഷേപിക്കുന്നുണ്ടാകണം!

സ്റ്റേറ്റിൽ ഇപ്പോൾ പ്രഖ്യാപിക്കുന്ന സബ്സിഡികൾ 10-15 കൊല്ലത്തേയ്ക്കാണു എന്നതിനാൽ ഇന്ത്യയിൽ സ്റ്റൊക്കിൽ ഉള്ള പണം ഉടൻ അമേരിക്കയിലേയ്ക്ക് ഒഴുകുമെന്ന് തീർച്ചയാണു. പലരും ചൈനയിൽ നിന്ന് സ്ഥാപനങ്ങൾ അമേരിക്കയിലേയ്ക്ക് കൊണ്ടു വരുവാൻ നടപടി തുടങ്ങി കഴിഞ്ഞു. മെയ്ഡ് ഇൻ ചൈന എന്നതിനു പകരം മെയ്ഡ് ഇൻ അമേരിക്ക എന്ന് വേണമെന്ന വാദം ശക്തമായി തന്നെ മുന്നേറുന്നു.

മേയർമാരുടെ 50% പട്ടിണി റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ അടുത്ത പ്രസിഡന്റ് ഇലക്ഷനു മുൻപ് എന്തെങ്കിലും ചെയ്യേണ്ടത് ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും പ്രെസ്റ്റീജ് ആയി മാറി.

ഇതെല്ലാം ചൂണ്ടുന്നത് ലേഖനത്തിൽ പങ്ക് വെയ്ക്കുന്നത് പോലെ ഇന്ത്യയെ കാത്തിരിക്കുന്നത് കഷ്ടകാലമെന്നാണു!!!!

നമ്മുടെ ഭരണതലവനും ഭാവി ഭരണതലവനും അമേരിക്കയിലേയ്ക്ക് ഒളിച്ചോടുമോ?

K.P.Sukumaran said...

ആകെ മൊത്തത്തില്‍ ഇടത്പക്ഷ ഐഡിയോളജിക്കാര്‍ക്ക് വ്യാജമായൊരു സന്തോഷം നല്‍കാന്‍ വേണ്ടി എഴുതപ്പെട്ട പോസ്റ്റാണിത് എന്ന് വ്യക്തം. ഇടത്പക്ഷക്കാര്‍ക്ക് പൊതുവെ രണ്ട് മുഖമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്യങ്ങളിലെ ഐഡിയോളജിയല്ല കമ്മ്യൂ.പാര്‍ട്ടികള്‍ ഭരിക്കാത്ത രാജ്യങ്ങളിലെ ഇടത്പക്ഷക്കാര്‍ക്ക് ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കാത്ത രാജ്യങ്ങളില്‍ എന്തിനെയൊക്കെ എതിര്‍ക്കുമോ അതൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ അവര്‍ക്ക് അനുവദനീയമാണ്. അത്കൊണ്ട് ചൈനയ്ക്ക് എന്തും പറ്റും എന്നാല്‍ അതൊന്നും മറ്റ് രാജ്യങ്ങള്‍ക്ക് പാടില്ല എന്നതാണ് പൊതുവെ ഇടത്പക്ഷ മതം. ഈ മതക്കാര്‍ അമേരിക്കയില്‍ പോലുമുണ്ട്. ചൈനയിലാവുമ്പോള്‍ അവിടെ ഐഡിയോളജി എന്നത് പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി എന്ന പ്രായോഗിക സിദ്ധാന്തത്തിന് വഴിമാറും. ഒറ്റ പാര്‍ട്ടിയേ ഉള്ളൂ എന്നത്കൊണ്ട് അവിടെ വഴിമുടക്കികള്‍ ഇല്ല താനും.

ആഗോളവല്‍ക്കരണവും ഉദാരീകരണവും ഗാട്ട് കരാറും വിദേശ നിക്ഷേപവും ഒക്കെ രാജ്യങ്ങള്‍ തമ്മില്‍ കാലാകാലങ്ങളില്‍ നടന്നുവരുന്ന കൊടുക്കല്‍ വാങ്ങള്‍ പ്രക്രിയയുടെ സ്വാഭാവികവും കാലാനുസാരിയുമായ വികസിത രൂപങ്ങളാണ്. ആ പരിണാമത്തെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ചൈനയ്ക്ക് പോലും ഈ മാര്‍ഗ്ഗം തെരഞ്ഞെടുക്കേണ്ടി വന്നത് മറ്റെന്ത്കൊണ്ടാണ്? ഇതൊക്കെ തെറ്റ് എന്ന് പറയുന്നവര്‍ക്ക് എന്ത് ബദല്‍ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെക്കാനുള്ളത്?

ആഗോളവല്‍ക്കരണം കൊണ്ട് ഇങ്ങോട്ട് മാത്രമല്ല്ല ചരക്കുകളും മൂലധനവും എല്ലാം വരുന്നത്. പുറത്തേക്കും നമ്മുടെ ചരക്കുകളും മൂലധനവും പോകുന്നുണ്ട്. ഓരോ രാ‍ജ്യത്തിന്റെയും മിടുക്ക് കൊണ്ട് മുന്നേറാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ആഗോളവല്‍ക്കരണം അവസരം നല്‍കുന്നുണ്ട്. സ്വദേശീയം പറയുന്നവരുടെ ഉദ്ദേശം പറയുന്നവരുടെ ഉദ്ദേശ്യം എന്താണ്? നമുക്ക് എല്ലാം കയറ്റി അയക്കാം ഇങ്ങോട്ട് ഒന്നും വേണ്ട എന്നാണോ? അതോ നമുക്ക് നാം മാത്രം മതി. ഒരു തുരുത്ത് പോലെ കഴിയാമെന്നോ? ലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങുന്നത് ഈ ഐഡിയോളജിക്കാര്‍ അറിയാത്തതോ അതോ എല്ലാം ഇടത്പക്ഷക്കാര്‍ വിപ്ലവം നടപ്പാക്കിയിട്ട് മതി അത് വരെ ഒന്നും വേണ്ട എന്ന മനോഭാവമോ? ബി.ജെ.പിക്കാരും ഇടത്പക്ഷക്കാരും യോജിക്കുന്നത് ഈ പോയന്റില്‍ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ ഭരിക്കുമ്പോള്‍ എല്ലാം ചെയ്തോളാം എന്ന മട്ട്.

എന്ത് ബദല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി. ഉള്ളത്? ഇടത് പക്ഷത്തിനാണെങ്കില്‍ സോവിയറ്റ് യൂനിയനില്‍ തോല്‍‌വിയുറ്റതും ചൈനയില്‍ ഉപേക്ഷിക്കപ്പെട്ടതുമല്ലാതെ വേറെന്ത് നയമാണ് സ്വന്തമായി ഉള്ളത്. ഇവിടെ അഞ്ചല്‍ക്കാരനും ബദല്‍ ഒന്നും മുന്നോട്ട് വെക്കാനില്ല. എതിര്‍ക്കണമെന്ന് മാത്രം. എല്ലാം തകരുന്നു , നശിക്കുന്നു എന്ന് പറയുമ്പോള്‍ തകരാത്ത, നശിക്കാത്ത ബദല്‍ സാമ്പത്തിക നയം വേറെന്ത്?

ലോകത്ത് അറിയപ്പെട്ട രണ്ട് സാമ്പത്തിക നയങ്ങളേയുള്ളൂ. ഒന്ന് സ്വകാര്യസ്വത്തില്‍ അടിസ്ഥാനമാക്കിയുള്ള ക്യാപിറ്റലിസം, മറ്റൊന്ന് എല്ലാം സര്‍ക്കാര്‍ ഉടമയിലുള്ള സോഷ്യലിസം. ഇതില്‍ സോഷ്യലിസം പരാജയപ്പെടുന്നത് നാം കണ്ടു. മുതലാളിത്തം തകരുന്നു തകരുന്നു എന്ന മുറവിളികള്‍ക്കിടയില്‍ , അധ്വാനത്തിന്റെ അന്യവല്‍ക്കരണം നിമിത്തം ഉല്പാദനം മുരടിച്ച് രാജ്യങ്ങള്‍ തന്നെ ഇല്ലാതായത് സോഷ്യലിസത്തിലാണ്. പ്രതിസന്ധികള്‍ അതിജീവിയ്കാ‍ന്‍ ക്യാപിറ്റലിസത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയും. എന്നാല്‍ സോഷ്യലിസത്തിനോ? ഒരിക്കലും കഴിയില്ല എന്നതിന് തെളിവാണ് ക്യൂബയുടെ നയം മാറ്റം.

തെറ്റ് ചൂണ്ടിക്കാട്ടണമെങ്കില്‍ ശരി ഒന്ന് കണ്ടിട്ട് വേണം അത് ചെയ്യാന്‍. എന്തെന്നാല്‍ ശരിയും തെറ്റും ആപേക്ഷികമാണ്. മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തികനയം തെറ്റാണെങ്കില്‍ ശരിയേതാണ്? ബി.ജെ.പി.ക്കാര്‍ ഭരിക്കുമ്പോള്‍ ശരിയായ നയം ഉണ്ടായിരുന്നോ?

മന്‍‌മോഹന്‍ സിങ്ങിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്നത്തെ ഇന്ത്യയെ ഈ രൂപത്തില്‍ എത്തിച്ചത്. ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ നമ്മുടെ സ്വര്‍ണ്ണ ശേഖരം വിദേശത്ത് പണയം വെക്കുകയുണ്ടായി. ഇന്ന് കേന്ദ്രസര്‍ക്കാര്‍ എത്രയോ കോടാനുകോടി രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ഭക്ഷ്യസുരക്ഷാ ബില്‍ പാസ്സാക്കാന്‍ പോകുന്നു. ഇതിനൊക്കെ പണം എങ്ങനെ സര്‍ക്കാര്‍ ഖജനാവില്‍ വരുന്നു എന്ന് അറിയാമോ? ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും നിമിത്തം രാജ്യത്തിന് സാമ്പത്തിക സ്വാതന്ത്ര്യം കൈവന്നതിന്റെ ഫലമാണിത്. ഉദാരവല്‍ക്കരണത്തിന് മുന്‍പ് രാജ്യത്ത് ലൈസന്‍സ്‌രാജ് ആയിരുന്നു. ബ്യൂറോക്രസിയാല്‍ വരിഞ്ഞുകെട്ടപ്പെട്ട നിലയിലായിരുന്നു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.

K.P.Sukumaran said...

എല്ലാം സര്‍ക്കാരിന്റെ കീഴില്‍ ആവണമെന്ന് വാദിക്കുന്നവര്‍ ഈ മുരടിപ്പിന് വേണ്ടിയാണ് വാദിക്കുന്നത്. ഐഡിയോളജി മൂലം യാഥാര്‍ഥ്യങ്ങള്‍ കാണാനോ കണ്ടാല്‍ തന്നെ അംഗീകരിക്കാനോ കഴിയാത്തത്കൊണ്ടാണ് അവര്‍ അങ്ങനെ വാദിക്കുന്നത്. അമേരിക്കയും ഇന്ത്യയും ഒക്കെ നാളെയും ലോകത്ത് ഉണ്ടാകും. എല്ലാ പ്രതിസന്ധികളെയും ഈ രാജ്യങ്ങളും ജനങ്ങളുടെ സ്വാഭാവിക ക്രയവിക്രയ രീതിയായ ക്യാപിറ്റലിസവും അതിജീവിയ്ക്കുക തന്നെ ചെയ്യും. നിങ്ങള്‍ ബദല്‍ സിദ്ധാന്തങ്ങളുമായി വാ, അപ്പോള്‍ മാറി ചിന്തിക്കാം.

Manoj മനോജ് said...

"ലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമമായി ചുരുങ്ങുന്നത് ഈ ഐഡിയോളജിക്കാര്‍ അറിയാത്തതോ അതോ എല്ലാം ഇടത്പക്ഷക്കാര്‍ വിപ്ലവം നടപ്പാക്കിയിട്ട് മതി അത് വരെ ഒന്നും വേണ്ട എന്ന മനോഭാവമോ?"

:) മാഷേ കിണറ്റില്‍ നിന്ന് ഇനിയെങ്കിലും പുറത്ത് വരൂ... ചുറ്റും നടക്കുന്നത് കണ്ണ് തുറന്ന് കാണൂ... ഒരൊറ്റ ഗ്രാമം എന്ന ആശയമൊക്കെ കാറ്റില്‍ പറത്തിയത് അറിഞ്ഞില്ലേ!!!! ഇപ്പോള്‍ “മെയ്ഡിന്‍ സ്വന്തം രാജ്യം” എന്ന പ്രോഡക്റ്റുകള്‍ മാത്രം മതി എന്ന് ഡെവലെപ്പ്ഡ് രാജ്യങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞു. അതിനായി അമേരിക്കയില്‍ അവര്‍ തന്നെ രൂപകല്‍പ്പന നല്‍കിയ വിദേശ കരാറുകള്‍ കാറ്റില്‍ പറത്തി കഴിഞ്ഞു. വന്‍ സബ്സിഡികള്‍ നല്‍കി വിദേശത്തുള്ള അമേരിക്കന്‍ കമ്പനികളെ തിരിച്ച് കൊണ്ടു വരുവാന്‍ തുടങ്ങി. വിദേശത്തുള്ള അമേരിക്കക്കാരുടെ നിക്ഷേപങ്ങള്‍ പിന്‍‌വലിച്ച് അമേരിക്കയിലെ ചെറുകിട ബിസിനസ്സില്‍ നിക്ഷേപിക്കുവാന്‍ പലരും തയ്യാറായി കഴിഞ്ഞു. വിദേശ നിക്ഷേപത്തിന്റെ ബലത്തില്‍ ഹുങ്ക് കാട്ടുന്ന മന്മോഹന്റെ ഇന്ത്യ താഴേയ്ക്ക് വീഴുവാന്‍ അധികം സമയം ഒന്നും വേണ്ട എന്ന് ഇപ്പോള്‍ സ്റ്റോക്കില്‍ നടക്കുന്ന സംഭവങ്ങള്‍ സാക്ഷി. യൂറോപ്പും അമേരിക്ക ചെയ്യുന്നത് പോലെ തന്നെ നടപ്പിലാക്കുവാന്‍ തയ്യാറായി കഴിഞ്ഞു....

പിന്നെ ചൈനയുടെ കാര്യം. അവര്‍ കരാറുകളില്‍ ഏര്‍പ്പെട്ടത് എങ്ങിനെയെന്ന് വിലയിരുത്തി നോക്കൂ. അവര്‍ ഏര്‍പ്പെട്ട കരാറുകളും ഇന്ത്യ ഏര്‍പ്പെട്ട കരാറുകളും ഒന്ന് താരതമ്യം ചെയ്ത് നോക്കൂ. അപ്പോള്‍ അറിയാം മന്മോഹന്റെ കാഞ്ഞ ബുദ്ധി! ഇന്ത്യയെ മന്മോഹന്‍ (ഫിനാന്‍സ് മിനിസ്റ്റര്‍‌) WTO/ഗാട്ട് കരാറില്‍ കൊണ്ട് പോയി കെട്ടുമ്പോള്‍ ചൈന മാറി നിന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അപ്പോഴേയ്ക്കും അവര്‍ ചൈനിസ് സാധനങ്ങള്‍ നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്ത് കഴിഞ്ഞിരുന്നു. കരാറില്‍ ഒപ്പിട്ട നിമിഷം തന്നെ ആ സാധങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ എത്തിച്ച് വിദേശ കമ്പനികളെ മുട്ടു കുത്തിച്ചു. എന്നാല്‍ ഇന്ത്യയിലോ? വിദേശ കമ്പനികള്‍ അകത്ത് കടന്ന് ചെറുകിട സ്വദേശികളെ മുഴുവന്‍ തുടച്ച് നീക്കി. മുന്നൊരുക്കമില്ലാതെ അന്ന് മന്മോഹന്‍ ചെയ്തവ തുടര്‍ന്ന് വന്ന ബി.ജെ.പി.യും ഏറ്റെടുത്തു. ബി.ജെ.പി.ക്ക് മന്മോഹനേക്കാള്‍ അമേരിക്കന്‍ അടിമത്വ മനോഭാവമായിരുന്നു എന്ന് 2000ത്തിലെ പ്രൈം മിനിസ്റ്റേഴ്സ് കൌണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ തെളിവ് നല്‍കുന്നു. പിന്നീട് വന്ന മന്മോഹന്‍ ഗവണ്മെന്റുകള്‍ അതില്‍ തൂങ്ങി ഇന്ത്യയെ തീറെഴുതി. ഇന്ത്യ തിളങ്ങുന്നത് വിരലില്‍ എണ്ണാവുന്ന പണക്കാരുടെ ബലത്തിലാണ്. അമേരിക്കയിലെ പോലെ 99%ത്തിന്റെ സമരം ഏത് നിമിഷവും ഇന്ത്യയില്‍ ഉണ്ടാകും. അതിന് ഹസ്സാരയെ പോലെയുള്ളവരെ മുന്നില്‍ ഇറക്കി കളിച്ചാലൊന്നും മന്മോഹനാദികള്‍ക്ക് തടയാനാവില്ല.

ക്യാപിറ്റലിസത്തിനെ രക്ഷിക്കുവാന്‍ സര്‍ക്കാരുകള്‍ പൊതുമുതല്‍ എടുത്ത് കളിക്കുന്നത് കണ്ടിട്ടും കാണാത്ത മാഷിനോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എങ്കിലും... ക്യാപിറ്റലിസമെന്ന തുള വീണ ബലൂണിനെ രക്ഷിക്കുവാന്‍ കാറ്റടിക്കുവാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവ ശ്രമിക്കുന്നത് പോലെ ഒന്നോ രണ്ട് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കില്‍ സോഷ്യലിസവും രക്ഷപ്പെടുമായിരുന്നില്ലേ മാഷേ ;)

ക്യാപ്പിറ്റലിസത്തില്‍ കയ്യൂക്കുള്ളവന്‍ പണമുണ്ടാക്കും എന്നിരിക്കേ എന്തിന് അമേരിക്കയില്‍ ഉള്‍പ്പെടെ 99% എന്ന ആശയം ഉയര്‍ന്ന് വരുന്നു എന്ന് കൂടി ആലോചിക്കുക :) സര്‍ക്കാര്‍ മാറി നില്‍ക്കൂ എന്ന് ഹുങ്കില്‍ പറഞ്ഞവര്‍ 2007ല്‍ ഞങ്ങളെ സര്‍ക്കാര്‍ രക്ഷിക്കൂ എന്ന് കരയുന്ന ദയനീയ രംഗം ലോകം കണ്ടതല്ലേ. ഇപ്പോഴും യൂറോപ്പില്‍ കാണുന്നു. പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടി കുറച്ച് പൊതുമുതല്‍ എടുത്ത് സാമ്പത്തിക മാന്ദ്യത്തിന് കാരണക്കാരായവര്‍ക്ക് നല്‍കി എന്നാല്‍ പൊതു ജനങ്ങള്‍ക്ക് ജോലി കൊടുക്കുവാന്‍ ആ വമ്പന്മാര്‍ക്ക് കഴിയുന്നില്ല എന്നതിന്റെ അനന്തരഫലമാണ് അമേരിക്കയില്‍ 29 മേയര്‍മാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അവരുടെ കീഴിലുള്ള നഗരങ്ങളില്‍ 50% ആളുകള്‍ പട്ടിണിയിലോ അതിന്റെ വക്കത്തോ ആണെന്ന് പറയുന്നത്. ക്യാപ്പിറ്റലിസത്തിന്റെ വിജയം ആഘോഷിക്കുവാന്‍ ഇനിയും മാഷിന് കഴിയുമെങ്കില്‍ ആകാം. ഞാന്‍ പറഞ്ഞ റിപ്പോര്‍ട്ടിന്റെ ലിങ്ക് http://www.usmayors.org/