Saturday, May 27, 2017

മഹാമൂഴം

മലയാളത്തിലെ എക്കാലത്തെയും മനോഹരം ആയ നോവൽ സിനിമ ആകുമ്പോൾ പേരെന്താകണം എന്നുള്ള വാറോല  ഹിന്ദു ഐക്യ വേദി (എച്ച്.ഐ.വി) പ്രസിഡന്റ് ശ്രീമതി ശശികല വിളമ്പരം ചെയ്തരിക്കുക ആണല്ലോ?


"എം.ടി. യുടെ രണ്ടാമൂഴം മഹാഭാരതത്തെ കീഴ്മേൽ മറിച്ചതാണ്. ഓരോ കഥാപാത്രത്തെയും  തലകീഴായി അവതരിപ്പിച്ചാണ് എം.ടി. രണ്ടാമൂഴം എഴുതിയിരിക്കുന്നത്." : ശ്രീമതി ശശികല (എച്ച്.ഐ.വി.) യുടെ വാക്കുകൾ ആണിത്.

മേപ്പടി വാക്കുകളിൽ നിന്നും മനസിലാകുന്ന ഒരു സംഗതി  ശ്രീമതി ശശികല "രണ്ടാമൂഴം" വായിച്ചിട്ടില്ല എന്നുള്ളതാണ്. രണ്ടാമൂഴത്തെ കുറിച്ച് ആരോ എവിടെയോ പറഞ്ഞത് എങ്ങാണ്ടും നിന്നും എന്തോ എപ്പോഴോ കേട്ടിട്ടുണ്ട് എന്നുള്ളത് അല്ലാതെ രണ്ടാമൂഴം കൈകൊണ്ടു പോലും ശശികല തൊട്ടിട്ടുണ്ടോ എന്ന് സംശയം ആണ. ഭീമസേനന്റെ വീക്ഷണത്തിലൂടെയും മാനസിക വ്യാപാരങ്ങളിലൂടെയും മഹാഭാരതത്തെ അവതരിപ്പിക്കുക എന്നാൽ എങ്ങിനെയാണ്  ആ സൃഷ്ടി മൂല കൃതിയെ ആക്ഷേപിക്കുന്നത് ആവുക? ശ്രീമതി ശശികല ഉൾപ്പെടുന്ന വരേണ്യ വർഗത്തിന് ഭീമസേനനെ കൊണ്ട്   അയിത്തം ഉണ്ട് എന്നത് തന്നെയാണ് ഭീമസേനനിൽ നിന്നും  മഹാഭാരതത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നത് എന്നതാണ് തികഞ്ഞ യാഥാർഥ്യം.

അറിയാതെ എങ്കിലും ശശികല മഹാഭാരതത്തെ വേദികളിൽ നിന്നും വേദികളിലൂടെ ആക്ഷേപിക്കുക ആണ്. മഹാഭാരതം ഒരു കഥയാണെന്നും അതിനു ഒരു കഥാകൃത്ത് ഉണ്ട് എന്നും മഹാഭാരതത്തിൽ വന്നു പോകുന്നത് വെറും കഥാപാത്രങ്ങൾ ആണെന്നും അവർ അറിയാതെ ആണയിടുന്നു. ദൈവദത്തം  എന്ന് അവർ തന്നെ കരുതുകയും പറയുകയും ചെയ്യുന്ന ഒരു കൃതിയെ വെറും കഥയും കഥാപാത്രവും മഹാഭാരത സൃഷ്ടാവിനെ വെറും എഴുത്ത് കാരനും ആക്കി താഴ്ത്തി കെട്ടുന്നതിലൂടെ ശ്രീമതി ശശികല മഹാഭാരതത്തിന്റെ അസ്തിത്വത്തെ തന്നെയാണ് തുരങ്കം വെക്കുന്നത്.

"രണ്ടാമൂഴം" എന്ന ആ പേരും കൂടി ചേരുമ്പോൾ ആണ് എം.ടി മഹാഭാരതത്തെ അധികരിച്ച് എഴുതിയ കൃതി പൂർണത കൈവരിക്കുന്നത്. ശശികല ആ പേര് ഇടരുത് എന്ന് പറയുന്നത് സ്ഥായിയായ വിവര കേടു കൊണ്ട് ആണെങ്കിലും "രണ്ടാമൂഴം" ആയി തന്നെ സിനിമ കാണാൻ ആയിരിക്കും ഒരു പക്ഷേ രണ്ടാമൂഴം ഇഷ്ടപ്പെടുന്ന ഏതൊരു സഹൃദയനും ആഗ്രഹിക്കുക.

രണ്ടാമൂഴം എന്ന നോവലിൽ നിന്നും രണ്ടാംമൂഴം എന്ന തലക്കെട്ട് നഷ്ടപ്പെടുമ്പോൾ രണ്ടാമൂഴത്തിന്റെ ആത്മാവ് തന്നെ ആണ് നഷ്ടപ്പെടുന്നത്. രണ്ടാമൂഴം സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയുടെ പേര് മാറ്റി രണ്ടാമൂഴത്തിന്റെ സ്വത്വം ഇല്ലാതാക്കരുത്.

No comments: