Saturday, July 29, 2017

കളത്തിൽ ഇറങ്ങാതെ വിജയിച്ചവൾ - ചിത്ര.

ലോക അത്‌ലറ്റിക് ചാമ്പ്യാൻ ഷിപ്പിൽ പങ്കെടുക്കാൻ സാങ്കേതികം ആയി ചിത്രക്ക്  കഴിയില്ല. ഹൈക്കോടതി വിധി വന്നു എങ്കിലും പങ്കെടുക്കുന്നവരുടെ പേര് അയക്കാൻ ഉള്ള അവസാന തീയതി ജൂലൈ ഇരുപത്തി ഏഴു ആയിരുന്നു എന്നത് തന്നെ കാരണം. അതിനു ശേഷം പിന്നെ എൻട്രി വേണം എങ്കിൽ രാജ്യാന്തര കായിക കോടതിയിൽ അപ്പീൽ പോവുകയും അവിടുന്ന് ചിത്രയ്ക്ക് അനുകൂലം ആയ വിധി നേടുകയും വേണം. അവിടെ അപ്പീൽ കൊടുക്കേണ്ടത് ചിത്രയുടെ വഴി മുടക്കിയവർ തന്നെ ആണ്. അപ്പോൾ പിന്നെ പ്രതീക്ഷയ്ക്ക് വകയൊന്നും ഇല്ല.
.
കളത്തിനു പുറത്തെ കളി അറിയാവുന്ന കളിക്കാരും, പരിശീലിപ്പിക്കാൻ അറിയാത്ത വ്യാജ പരിശീലകരും, അൺഒഫിഷ്യലുകളായ ഒഫിഷ്യലുകളും, ലണ്ടനിൽ പോയി തിന്നു കുടിച്ച് കണ്ടമറിഞ്ഞു കുന്നുകണക്കിനു ഷോപ്പിങ്ങും കഴിഞ്ഞു നായ്ക്കൾ ചന്തയ്ക്ക് പോയ പോലെ വിമാനമിറങ്ങും. അപ്പോഴും നമ്മുടെ ചിത്ര കുഞ്ഞു ലോക വിജയി ആയി നമ്മുടെ മനസ്സിൽ ഉണ്ടാകും. ചിലർക്ക് ചിലപ്പോൾ ദൈവത്തിന്റെ കൈയൊപ്പ് കൊണ്ട് കളത്തിൽ ഇറങ്ങാതെയും മത്സരിക്കാതെയും വിജയ കിരീടം ചൂടാൻ കഴിയും. അത്യഅപൂർവം ആയി സംഭവിക്കുന്ന ആ പ്രതിഭാസം ഇപ്പോൾ ചിത്ര എന്ന കൊച്ചു മിടുക്കിക്ക് സ്വന്തം.
.
കളത്തിൽ ഇറങ്ങാതെ, മത്സരിക്കാതെ, ഒരിറ്റു വിയർപ്പ് പൊടിയാതെ നമ്മുടെ സ്വന്തം ചിത്ര ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നിരിക്കുന്നു. ലോക ചാമ്പ്യാൻ ഷിപ്പിൽ ആരൊക്കെ പങ്കെടുക്കും... ആരൊക്കെ വിജയിക്കും... അതൊന്നും നമ്മുടെ മുന്നിൽ ഇല്ല. ഊതിക്കാച്ചിയ കായിക താരം എന്ന നിലയിൽ ലണ്ടനിൽ ചിത്ര മാത്രമേ ഭാരതത്തിനു വേണ്ടി പങ്കെടുക്കുന്നുള്ളു. അവൾ ജേതാവായിരിക്കുന്നു. അത്രയും മതി നമുക്ക്.
.
കേൾക്കാത്ത പാട്ടിനു ഇമ്പം ഏറും. ലണ്ടനിൽ ചിത്ര പാടാനിരുന്ന പാട്ട് അതീവ ഹൃദ്യം ആണ്. അതിന്റെ ഇമ്പം മനസിനെ മദിക്കുന്നു. ആ പാട്ടിനു മുന്നിൽ തകർന്നടിയുന്നതു ഭൂമി മലയാളം കെട്ടിപ്പൊക്കിയ ചില വിഗ്രഹങ്ങൾ ആണ്. ഇന്ന് പയ്യോളി മനസ്സിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു. പയ്യോളി മുണ്ടൂരിനു വഴി മാറിയിരിക്കുന്നു.
.
ലണ്ടൻ ചാമ്പ്യാൻ ഷിപ്പിൽ നീ പങ്കെടുക്കുകയും  സ്വർണം നേടുകയും  നേടിയുന്നെങ്കിൽ ചിത്ര എന്ത് ആകുമായിരുന്നുവോ  അതിലും കൂടുതൽ മലയാളീ മനസുകളിൽ അവൾ അത്രമേൽ ആയി തീർന്നിരിക്കുന്നു. ഏഷ്യൻ ചാമ്പ്യാൻ ഷിപ്പിലെ ആ അഞ്ചു മിനുട്ട്... അത് മതി. അത്രയും മതി...
.
അർഹിച്ചതു തട്ടി തെറിപ്പിച്ച കായിക വേദിയിലെ സ്ഥിരം കത്തി വേഷങ്ങൾ ഈ കുട്ടിയുടെ മുന്നോട്ടുള്ള വഴികളിൽ വീണ്ടും മുള്ളു വാരി ഇടാതെ സൂക്ഷിക്കണം. കായിക ഭാരതം ക്രിക്കറ്റിന് അപ്പുറം വലുതാകാതിരിക്കുന്നതു എന്ത് കൊണ്ട് എന്ന ചോദ്യത്തിന് എക്കാലത്തേക്കും ആയുള്ള ഒരേ ഒരു ഉത്തരം ആണ് പീ.യൂ. ചിത്ര എന്നത്.
.
മിടുക്കിയാണ് ചിത്ര. ഫൈറ്റിംഗ് അറിയാവുന്നവൾ എതിരാളി ശക്തയാകുമ്പോൾ അതൊപ്പിച്ച് വീര്യം കൂടുന്നവൾ. അത് പരിശീലനത്തിലൂടെ ആർജ്ജിക്കാൻ കഴിയുന്ന കഴിവ് അല്ല. അത് ജന്മനാ കിട്ടുന്ന അനുഗ്രഹം ആണ്. അതുള്ള ആളാണ് ചിത്ര. കേവലം ഈഗോയുടെ പേരിൽ ഇപ്പോൾ നടന്ന സംഭവങ്ങളിൽ പ്രതി സ്ഥാനത്ത് നിർത്തി ഈ കുട്ടിയുടെ മുന്നോട്ടുള്ള  വഴി ഭാരതത്തിലെ കായിക വേദി നിയന്ത്രിക്കുന്നവർ തടയില്ല എന്ന് പ്രത്യാശിക്കാം.


No comments: