Sunday, August 27, 2017

ദുരന്തം വിതയ്ക്കുന്ന ആൾ ദൈവങ്ങൾ.

Jim Jones
ൾ ദൈവങ്ങൾ മാനവ രാശിക്ക് ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഏറ്റവും ഭീകരം ആയി കണക്കാക്കുന്നത് പീപ്പിൾസ് ടെംപിൾ ദുരന്തം ആണ്. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന അരക്കിറുക്കൻ പാസ്റ്റർ ഒരു വെളിപാട് പോലെ സൃഷ്‌ടിച്ചെടുത്ത പീപ്പിൾസ് ടെംപിളിൽ ആകൃഷ്ടർ ആയതു പതിനായിരക്കണക്കിന് സാധുക്കൾ ആണ്. അമേരിക്കയിലെ ഇൻഡ്യാനയിൽ 1931-ൽ ഭൂജാതനായ ജെയിംസ്‌ വാറന്‍ ജോണ്‍സ് കൗമാരത്തിലും യവ്വനാരംഭത്തിലും കമ്യൂണിസത്തിൽ ആകൃഷ്ടൻ ആയിരുന്നു. അമേരിക്കയിൽ കമ്യൂണിസം വേട്ടയാടപ്പെട്ടപ്പോൾ ഇദ്ദേഹം കമ്യൂണിസം ഒക്കെ ഉപേക്ഷിച്ച് പെന്തകോസ്ത് ആയി. സെവൻത് ഡേ പാപ്സ്റ്റിക് ചർച്ചിന്റെ അത്ഭുത രോഗ ശാന്തി ശുശ്രൂഷകളിൽ തല്പരനായി അതിൽ എത്തി ചേർന്നു. പതുക്കെ അതിന്റെ പ്രചാരകനും ആയി. അതായിരുന്നു തുടക്കം. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.

കമ്യൂണിസവും സോഷ്യലിസവും ക്രിസ്ത്യാനിസവും പെന്തകൊസ്തിസവും എല്ലാം കൂടി ചേരും പടി ചേർത്ത് കൂഴച്ചക്ക പോലെ കുഴച്ച് അവിയൽ പരുവത്തിൽ അദ്ദേഹം ഒരു മതം ഉണ്ടാക്കി. അതിനു പ്യൂപ്പിൾസ് ടെംപിൾ എന്ന് പേരും നൽകി. ജെയിംസ്‌ വാറന്‍ ജോണ്‍സ് എന്ന തന്റെ പേര് പരിഷ്കരിച്ച് ജിം ജോൺസ് എന്നാക്കി. 1956-ൽ പ്യൂപ്പിൾസ് ടെംപിൾ സ്വന്തം ആയി ചർച്ച് സ്ഥാപിച്ചു. ഇന്ന് ആൾ ദൈവങ്ങളുടെ തന്ത്രങ്ങൾ എല്ലാം അദ്ദേഹം അന്നേ കൃത്യം ആയി നടപ്പാക്കിയിരുന്നു. കുറഞ്ഞ നാൾ കൊണ്ട് പതിനായിരക്കണക്കിന് എന്തിനും പോന്ന അനുയായികൾ ഉണ്ടായി. സമൂഹത്തിന്റെ അടിത്തട്ടിൽ നരകിച്ചിരുന്ന കറുത്ത വർഗക്കാരെയും രോഗികളെയും ഒക്കെ ഒപ്പം ചേർത്ത് അവർക്ക് ആശ്വാസം നൽകി. പൂപ്പിൾസ് ടെംപിൾ അതിവേഗം വളർന്നു. സോഷ്യലിസവും കമ്യൂണിസവും മേമ്പൊടിക്ക് ഉണ്ടായിരുന്നത് കൊണ്ട് സോഷ്യലിസ്റ് ചേരിയുടെ മാനസപുത്രൻ ആയി ജിം ജോൺസ്. അമേരിക്കയിൽ കണ്ണ് ഉണ്ടായിരുന്ന സോവിയറ്റ് റഷ്യ ജിം ജോൺസിനെ കയ്യയച്ചു സഹായിച്ചു.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെ അമേരിക്കയിൽ ഉടനീളം പൂപ്പിൾസ് ടെംപിൾ ചർച്ചുകൾ സ്ഥാപിക്കപ്പെട്ടു. 1970 ആയപ്പോഴേക്കും അമേരിക്കയിൽ ശക്തം ആയ സാമ്പത്തിക അടിത്തറയും അംഗബലവും ഉള്ള ഒരു സമാന്തര മതമോ പ്രസ്ഥാനമോ ഒക്കെയായി ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിൾ മാറിയിരുന്നു. മറ്റേതൊരു ആൾദൈവ സെറ്റപ്പുകളെയും പോലെ പൂപ്പിൾസ് ടെംപിൾസും മയക്കു മരുന്നിന്റെ വ്യാപനത്തിലേക്കും വഴിവിട്ട ലൈംഗികതയിലേക്ക് വളരെ പെട്ടെന്ന് വഴിമാറി. കമ്യൂണിസവും ക്രിസ്ത്യാനിസവും കൂടി ചേർന്നപ്പോൾ പൂപ്പിൾസ് ടെംപിളിന്റെ ചട്ടക്കൂടും അംഗങ്ങൾക്കിടയിലെ പെരുമാറ്റ ചട്ടങ്ങളും കർക്കശം ആയി. ചെറു തെറ്റുകൾക്ക് പോലും അംഗങ്ങൾ അതി ക്രൂരം ആയി പീഡിപ്പിക്കപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലു വിളിച്ചു കൊണ്ട് സ്വകാര്യ സായുധ സേനയും ആയുധ പരിശീലനങ്ങൾക്കായി സർവീസിൽ നിന്നും പിരിഞ്ഞ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ പോലും ഇടപെടാൻ കഴിയുന്ന വിധത്തിലേക്ക് പൂപ്പിൾസ് ടെംപിൾ വളർന്നു പന്തലിച്ചു. രാഷ്ട്രീയത്തിൽ ഇടപെട്ടതോടെ മിത്രങ്ങൾക്ക് ഒപ്പം ശത്രുക്കളും പൂപ്പിൾസ്‌ ടെമ്പിളിന് ഉണ്ടായി. ജിം ജോൺസിന്റെ പീഡനങ്ങളിൽ മനം മടുത്ത് അവരുടെ ഇരുമ്പ് മറക്ക് ഉള്ളിൽ നിന്നും അത്ഭുതകരം ആയി രക്ഷപെട്ട എട്ടു അനുയായികൾ ജിം ജോൺസിന് എതിരായി പൂപ്പിൾസ് ടെംപിളിന്റെ മനുഷ്യാവകാശ ധ്വംസനത്തെ കുറിച്ച് തെളിവുകൾ നിരത്തി അധികാരികളെ സമീപിച്ചു. അതോടെ മാധ്യമങ്ങൾ പൂപ്പിൾസ് ടെമ്പിളിന് എതിരെ തിരിഞ്ഞു. പത്ര പ്രവർത്തകരുടെ ശല്യവും പോലീസ് അന്വഷണവും ചേർന്ന് വന്നപ്പോൾ നിൽക്ക കള്ളിയില്ലാതെ ജിം ജോൺസ് അനുയായികളെയും കൊണ്ട് തെക്കൻ അമേരിക്കൻ രാജ്യം ആയ ഗയാനയിലേക്ക് പാലായനം ചെയ്തു.


ഗയാന സർക്കാർ മൂവായിരം ഏക്കർ വനം പൂപ്പിൾസ് ടെമ്പിളിന് നൽകി. കൃഷിക്ക് എന്ന വ്യാജേന ആണ് ഗയാന സർക്കാരിൽ നിന്നും ഇത്രയും ഭൂമി ജിം തട്ടിയെടുത്തത്. ആ ഭൂമിയിൽ ജിം ജോൺസ് തന്റെ കമ്യൂണിസ്റ്റു സോഷ്യലിസ്റ് പെന്തകോസ്ത് പദ്ധതി നടപ്പിലാക്കി കൊണ്ട് പ്യൂപ്പിൾസ് ടെംപിൾ അഗ്രിക്കൾച്ചറൽ പ്രോജെക്ട ആരംഭിച്ചു. ഒരു സ്വാശ്രയ സോഷ്യലിസ്റ്റു ആശ്രമം. സ്വയം പര്യാപ്തം ആയ ഒരു കൊച്ചു ലോകം. പ്രോജക്ട് നടപ്പാക്കപ്പെട്ടപ്പോൾ അഗ്രിക്കൾച്ചർ മാറി ജോൺസ് ടൗൺ ആയി. കൃഷിയോടൊപ്പം കറുപ്പും കഞ്ചാവും ഒക്കെ കൃഷിയിറക്കി. സോവിയറ്റ് ചേരിയുടെ സാമ്പത്തിക സഹായം ഉണ്ടായിരുന്നത് കൊണ്ട് പണം ജിം ജോൺസിന് ഒരു പ്രശ്നം ആയിരുന്നില്ല. മയക്കു മരുന്നും ലഹരി വസ്തുക്കളും കൊണ്ട് ആറാട്ടായി. ആയുധങ്ങളും വാങ്ങി കൂട്ടി.

പുറം ലോകവും ആയി അന്തേവാസികൾക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഉള്ള കളിസ്ഥലങ്ങൾ, ബാസ്കറ്റ് ബാൾ കോർട്ട്, സ്‌കൂൾ, തയ്യൽക്കട, ബാർബർഷാപ്പ്, പാസ്തറി, ചന്ത, എന്ന് വേണ്ട സമൂഹത്തിനു വേണ്ടതെല്ലാം അവിടെ ജോൺസ് ടൗണിൽ സൃഷ്ടിക്കപ്പെട്ടു. ഹോസ്പിറ്റൽ മാത്രം ഉണ്ടായിരുന്നില്ല. അത് പ്രാർത്ഥനയിലൂടെ ആയിരുന്നു രോഗ ശാന്തി. ജോൺസ് ടെംപിളിലെ അംഗങ്ങളുടെ "ഡാഡ്" ആയി ജിം ജോൺസ് സുഖലോലുപതിയിൽ രമിച്ചു.

വനത്തിനുള്ളിൽ തന്റെ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ട ജിം ജോൺസിന് കൃഷി അത്ര സുഖകരം അല്ലാത്ത ഏർപ്പാട് ആണ് എന്ന് പതുക്കെ പതുക്കെ മനസിലായി തുടങ്ങി. കൃഷി നഷ്ടത്തിൽ ആയി. അമേരിക്കയിലെ റിബൽ ആയിരുന്നപ്പോൾ സഹായിച്ചത് പോലെ സോവിയറ്റ് ചേരി ജിമ്മിനെ സഹായിക്കാതെ വന്നു. പതുക്കെ ദാരിദ്യം പൂപ്പിൾസ് ടെംപിളിൽ പടർന്നു തുടങ്ങി. ദാരിദ്ര്യം എതിർ അഭിപ്രായങ്ങൾക്ക് കാരണം ആയി. എതിർ ചേരിയിൽ പതുക്കെ ജിമ്മിന്റെ സഹോദരൻ എത്തിപ്പെട്ടു. അതോടെ ഡാഡിക്ക് ആകെ മൊത്തം സംശയം ആയി. സംശയ രോഗം ജിമ്മിനെ അടിപ്പെടുത്താൻ തുടങ്ങി.

അന്തേവാസികളുടെ വിശ്വാസം അളക്കാൻ ജിം ജോൺസ് ചില രാത്രികളിൽ വൈറ്റ് നൈറ്റ് എന്ന പേരിട്ടു ഒരു തരം ആത്മഹത്യ ടെസ്റ്റ് നടത്താൻ തുടങ്ങി. അർദ്ധരാത്രിയിൽ ഒരു സൈറൺ മുഴക്കി സർവ്വ അന്തേവാസികളെയും വിളിച്ചു ഉണർത്തി വലിയ പാത്രങ്ങളിൽ കലക്കി വെച്ചിരിക്കുന്ന ഒരു ദ്രാവകം കുടിക്കാൻ കൊടുക്കും. അത് വിഷം ആണ് എന്ന് പറയും. എല്ലാവരും കുടിക്കണം എന്നാണു നിയമം. കുടിക്കാൻ മടിക്കുന്നവരെ മാനസികം ആയും ശാരീരികം ആയും ക്രൂരം ആയി പീഡിപ്പിക്കും. പക്ഷേ അത് വിഷം ആയിരിക്കില്ല. ഒരു പരീക്ഷണം മാത്രം. ഇടയ്ക്ക് ഇടയ്ക്ക് ഈ നാടകം ആവർത്തിക്കും. പതുക്കെ പതുക്കെ അന്തേവാസികൾക്ക് അത് വിഷം അല്ലാ വെറും നാടകം ആണ് എന്ന് ഉറപ്പായി. ഭയം ഇല്ലാതായി.

അന്തേവാസികൾ തമ്മിൽ സംസാരിക്കുന്നതിനു പോലും വിലക്കുകൾ ഉണ്ടായി. ആണും പെണ്ണും തമ്മിൽ സംസാരിക്കുന്നതു പൊതു സ്ഥലത്ത് വെച്ച് ആകണം എന്ന് നിയമം വന്നു. ഭാര്യക്കും ഭർത്താവിനും സ്വകാര്യത നിഷേധിച്ചു. ഡാഡിക്ക് ഏതു പെണ്ണുമായും ശയിക്കാം എന്ന നില വന്നു. ലഹരിക്ക് അടിപെട്ട ജിം ജോൺസ് ഭ്രാന്തമായ ഭോഗാസക്തി ഉള്ള ആളായി പരിണമിച്ചു. പൂപ്പിൾസ് ടൗണിൽ സ്ത്രീ ഡാഡിക്ക് മാത്രം അനുഭവിക്കാൻ ഉള്ള ഉപഭോഗ വസ്തുവായി. അതിൽ മാതാവും പുത്രിയും സഹോദരികളും എന്ന വ്യത്യാസങ്ങൾ ഒന്നും ഇല്ലാതായി. മാതാവിനെയും പുത്രിമാരെയും ഒരേ സമയം ലൈംഗിക വൈകൃതങ്ങൾക്ക് ജിം ജോൺസ് ഉപയോഗിച്ചു. അതിനായി പ്രത്യക അറകൾ തന്റെ ഭവനത്തിൽ സജ്ജീകരിച്ചു. എതിർക്കുന്നവരെ ക്രൂരം ആയി പീഡിപ്പിച്ചു. അസ്വാഭാവിക മരണങ്ങൾ പൂപ്പിൾസ് ടൗണിൽ തുടർക്കഥയായി. എല്ലാം ദൈവത്തിങ്കൽ ഉള്ള നിത്യ ശാന്തിയായി വാഴ്ത്തപ്പെട്ടു.

പതുക്കെ പൂപ്പിൾസ് ടൗൺ അരക്ഷിതാവസ്ഥയിൽ ആയി. എല്ലാം കണ്ടും കെട്ടും മനം മടുത്ത തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയും ജോൺസ് ടൗണിന്റെ സാമ്പത്തിക കാര്യ സെക്രട്ടറിയും ആയിരുന്ന ഡബ്ബറ ഗയാനയിലെ അമേരിക്കൻ എമ്പസിയിൽ അഭയം തേടി. ജോൺസ് ടൗണിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ഗയാനയിൽ ആയിരുന്നത് കൊണ്ട് അമേരിക്കക്ക് നേരിട്ട് ജോൺസ് ടൗണിൽ ഇടപെടാൻ കഴിയും ആയിരുന്നില്ല. ഗയാനക്ക് അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ ഡബ്ബറയെ വേണ്ടത്ര ശ്രദ്ധിച്ചതും ഇല്ല. പക്ഷെ ജോൺസ് ടൗണിൽ പെട്ട് പോയ തങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയിൽ ആശങ്കയിലായി അമേരിക്കയിലെ ബന്ധുക്കൾ പ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം ശക്തം ആയി. കൊണ്ഗ്രെസ്സ് മെമ്പറും അമേരിക്കൻ പ്രവാസികാര്യ കമ്മറ്റിയുടെ ചെയർമാനും ആയിരുന്ന ലിയോ റയൻസ് ഒടുവിൽ ജോൺസ് ടൗൺ സന്ദർശിക്കാൻ തീരുമാനിച്ചു.

മാധ്യമ പ്രവർത്തകരും നയതന്ത്ര പ്രവർത്തകരും ഉൾപ്പെടെ പതിനഞ്ചു പേരും ആയി റയൻസ് 1978 നവമ്പർ പതിനേഴിന് ഗയാനയിലേക്ക് പുറപ്പെട്ടു. ജോൺസ് ടൗണിൽ സന്ധ്യയോടെ അവർ എത്തിച്ചേർന്നു. ജോൺസ് ടൗണിൽ എത്തിച്ചേർന്ന അവർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥം ആയ ഒരു കാഴ്ച ആണ് കണ്ടത്. സർവത്ര സന്തോഷവും ആഹ്ലാദവും നിറഞ്ഞ ജീവസുറ്റ അന്തരീക്ഷം ആയിരുന്നു റയൻസിനെയും സംഘത്തെയും സ്വീകരിച്ചത്. സർവത്ര സൗഹാർദം ആയ അന്തരീക്ഷത്തിൽ മാധ്യമ പ്രവർത്തകർ അന്തേവാസികളുടെ അഭിമുഖങ്ങളും ജിം ജോൺസിന്റെ അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. സംഗതികൾ അങ്ങിനെ പുരോഗമിക്കേ പത്രപ്രവർത്തകരുടെ കയ്യിലേക്ക് ഒരു ഊമ കത്ത് എത്തി "ഞങ്ങൾ ദുരന്തത്തിൽ ആണ്. എപ്പോൾ വേണം എങ്കിലും എന്തും സംഭവിക്കാം. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. തടവിലാക്കപ്പെട്ട ഞങ്ങളെ രക്ഷിക്കണം." അതായിരുന്നു കുറിപ്പ്.


അങ്ങിനെ ഒരു കുറിപ്പ് കൈമാറ്റപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് അതിനു പിന്നിൽ ഉണ്ടായിരുന്നവരെ കൂടെ കൊണ്ട് പോകാൻ ഒരു ഇഷ്ടക്കേടും ഇല്ലാതെ റയൻസിനെ അനുവദിച്ചു. പക്ഷെ പെട്ടെന്ന് ഒരു അനുയായി റയൻസിനെ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്പിച്ചു. അന്തരീക്ഷം അതിവേഗം സംഘർഷ ഭരിതം ആയി. തുടർന്നു നടന്ന സംഘർഷത്തിൽ റയൻസ് കൊല്ലപ്പെട്ടു. 

താൻ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ജിം ജോൺസ് വൈറ്റ് നൈറ്റ് പ്രഖ്യാപിച്ചു. ആത്മഹത്യയിലൂടെ നാം ഒരു വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞു എല്ലാവരും വിഷം കുടിക്കാൻ പറഞ്ഞു. ആദ്യത്തെ ഊഴം കുട്ടികൾക്ക് ആയിരുന്നു. ഒരു സങ്കോചവും കൂടാതെ കുട്ടികളെ കൊണ്ട് മാതാപിതാക്കൾ സയനൈഡ് കുടിപ്പിച്ചു. പിന്നെ സ്ത്രീകളുടെ ഊഴം. തുടർന്ന് പുരുഷന്മാർ. എതിർത്തവരെ പിടിച്ചു കെട്ടി സയനൈഡ് കുത്തി വെച്ച് കൊന്നു. അഭിമാനത്തോട് കൂടി മരിക്കുക എന്ന നിർദ്ദേശം മൈക്കിലൂടെ തുടർച്ചയായി മുഴങ്ങി കൊണ്ടിരുന്നു. എല്ലാവരും ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോൾ ഡാഡി സ്വയം വെടി വെച്ചു മരിച്ചു.

തൊള്ളായിരത്തി ഒമ്പതു മനുഷ്യർ ആണ് ഒരു കിറുക്കന്റെ ക്രൂരം ആയ ഭ്രാന്തിൽ അവിടെ ഗയാനയുടെ വനാന്തർഭാഗത്ത് പുഴുക്കളെ പോലെ മരിച്ചു വീണത്. അതിൽ മുന്നൂറിൽ അധികം കുഞ്ഞുങ്ങൾ ആയിരുന്നു. തങ്ങളുടേത് അല്ലാത്ത കാരണത്താൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി എട്ടു നവമ്പർ പതിനേഴ് അങ്ങിനെ മാനവ ചരിത്രത്തിലെ കറുത്ത ഏടായി മാറി.


Ram Rahim

ഒരു റാം റഹീം ഇന്ന് കോടിക്കണക്കിനു അനുയായികളും ആയി രാജ്യത്തെ ദുരന്ത വക്കിൽ എത്തിക്കുന്ന ഈ ദിവസങ്ങളിൽ ദേര സച്ചാ സൗദ പ്രസ്ഥാനത്തിന് ജിം ജോൺസിന്റെ പൂപ്പിൾസ് ടെംപിളിനും ജോൺസ് ടൗണിനും ആയി സാദൃശ്യം തോന്നുന്നത് യാദൃശ്ചികം അല്ല. എല്ലാ ആൾ ദൈവങ്ങളും മസ്തിഷ്ക്ക പ്രക്ഷാളനം ആണ് നടത്തുന്നത്. തങ്ങൾക്ക് വേണ്ടി ചാവാനും കൊല്ലാനും ഒരു മടിയും ഇലലാത്ത അനുയായികളെ സൃഷ്ടിക്കുക എന്നതാണ് ഓരോ ആൾ ദൈവവും ചെയ്യുന്നത്. ഒരിക്കൽ അമേരിക്കയിൽ ആയിരുന്നു ഇങ്ങിനെ ഉള്ള സാമൂഹ്യ ദ്രോഹികൾ വളർന്നു വന്നരിരുന്നത്. പക്ഷെ ഇന്ന് ആൾ ദൈവങ്ങളുടെ പറുദീസ ഭാരതം ആണ്. ലോകത്ത് എല്ലായിടത്തും ആൾ ദൈവങ്ങളെ എതിർക്കാൻ ആണ് ഉത്തരവാദിത്തം ഉള്ള സർക്കാരുകൾ ശ്രമിക്കുന്നത്. പക്ഷെ നിർഭാഗ്യ വശാൽ ഭാരതത്തിൽ അത് സർക്കാർ സ്പോൺസേഡ് പ്രോഗ്രാം ആണ്.




ഒരു ആൾ ദൈവവും മനുഷ്യ നന്മ അല്ല ലക്‌ഷ്യം വെക്കുന്നത്. ഈ ജന്തുക്കൾക്ക് ആതുര സേവനം എന്നത് ഒരു മറ മാത്രം ആണ്. അരക്കിറുക്കുകളുടെ തമ്പുരാക്കന്മാർ. എപ്പോൾ വേണം എങ്കിലും ഇവർ ദുരന്തം വിതച്ചേക്കാം.

2 comments:

Anonymous said...

വളരെ കൃത്യമായ നിരീക്ഷണം, ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ഈ psychological hijaking എന്ന് അറിയുമ്പോള്‍ ഒരു നിര്‍വികാരത - ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന അപകര്‍ഷത. എന്തുകൊണ്ട് മനുഷ്യന്‍ അവന്റെ ചിന്തകള്‍, വിശ്വാസങ്ങള്‍, വികാരങ്ങള്‍ എല്ലാം ചിലര്‍ക്കായി അല്ലെങ്കില്‍ ചിലതിനായി (എല്ലാ തരത്തിലും ഉള്ള മത മൌലിക തീവ്ര വാദം ഉള്‍പ്പടെ) അടിയറവു വെക്കുന്നു എന്ന് കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ മെസ്സേജ് ഓര്‍മപ്പെടുത്തുന്നു.

Anonymous said...

Amygdala hijack എന്നൊരു ശാസ്ത്രീയ വിഷയം ആണ് ഇതിലെല്ലാം സംഭവിക്കുന്നത്‌.