Thursday, August 31, 2017

വേണം എങ്കിൽ ഊമകത്തിലും...

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് രാം റഹീം സിംഗിന്റെ സ്ത്രീ പീഢന കേസ് പ്രസക്തം ആകുന്നത് ആ കേസിൽ അധികം ആരും ചർച്ച ചെയ്യപ്പെടാതെ വിട്ടു കളഞ്ഞ കാതൽ ആയ ഒരു ഘടകത്തിന്റെ പ്രാധാന്യം കൊണ്ടാണ്. സാധാരണയിൽ നിന്നും വ്യത്യസ്തം ആയ ഒരു കേസും അതിന്റെ അന്വഷണവും പരിസമാപ്തിയും ആയിരുന്നു 32 സാധു ജീവനുകളെയും കൊണ്ട് കടന്നു പോയത്.
.
2002-ൽ സിർസയിലെ ദേര ആശ്രമത്തിൽ വെച്ച് തന്റെ ഭക്തയെ ഒന്നിലേറെ തവണ ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു കേസ്. ഇരയാക്കപ്പെട്ടവൾ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച ഒരു ഊമ കത്തിലൂടെ ആണ് കേട് ഉണ്ടാകുന്നത്. (ഊമ കത്ത് എന്ന മുദ്ര ശ്രദ്ധിക്കണം). സിർസയിലെ ദേര ആശ്രമത്തിൽ മൃഗീയം ആയ സ്ത്രീ പീഡനം നടക്കുന്നുണ്ട് എന്നതായിരുന്നു ഊമ കത്തിന്റെ ഉള്ളടക്കം. തന്നെ മാത്രം അല്ല ആശ്രമത്തിൽ ഉള്ള മുപ്പതോളം സ്ത്രീകൾ അനുദിനം പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും കത്ത് സൂചിപ്പിച്ചു. ഈ കത്തിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി ആയി സ്വീകരിച്ച് സ്വമേധയാ കേസെടുത്തു. സീ.ബീ.ഐയെ അന്വഷണ ചുമതല ഏല്പിച്ചു. (വീണ്ടും മുദ്ര : ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സീ.ബീ.ഐയെ ഏല്പിച്ചു.) വാജ്‌പേയി അന്ന് പ്രധാന മന്ത്രി ആയിരുന്നു എന്നത് കൊണ്ട് ആ കേസ് ഫയലിൽ സ്വീകരിച്ചത് വാജ്‌പേയി ആയിരുന്നു എന്നത് വെറും പ്രചരണം ആണ്.
.
ഊമക്കത്തുമായി അന്വഷണം തുടങ്ങിയ സീ.ബീ.ഐ നേരിട്ട ആദ്യത്തെ വെല്ലുവിളി പരാതികാരി ആരാണ് എന്ന് കണ്ടെത്തുക ആയിരുന്നു. കേസ് രെജിസ്റ്റർ ചെയ്തിട്ട് പരാതിക്കാരിയെ അന്വഷിക്കുക. അത് തന്നെയാണ് ഈ കേസിന്റെ ഹൈലൈറ്റും. വളരെ രഹസ്യം ആയി സീ.ബീ.ഐ പരാതിക്കാരിയെ തേടിയിറങ്ങി. അന്വഷണത്തിന്റെ ഓരോരോ ഘട്ടത്തിലും ആയി ഇരുപത് പേരെ രഹസ്യ അഭിമുഖത്തിന് വിധേയം ആക്കി. പതിനേഴ് പേരും പീഡനം നിഷേധിച്ചു. ഒരാൾ താൻ ബാബയാൽ പീഡിപ്പിക്കപ്പെട്ടതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെട്ടു എന്ന വിചിത്രം ആയ വാദം ഉന്നയിച്ച് പീഡനത്തെ സാധൂകരിച്ചു. രണ്ടു പേർ തങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചു. പരാതിക്കാർ ഇല്ലാതെ തള്ളിപ്പോകും ആയിരുന്ന കേസ് അങ്ങിനെ ജീവൻ വെച്ചു. 2002-ലെ ഊമക്കത്ത് പരാതിക്കാർ ഉള്ള കേസ് ആയതു 2007-ൽ ആണ്.
.
പരാതിക്കാരികളെ അന്വഷിച്ച് കണ്ടെത്തി കേസെടുത്ത്, കേസ് നടത്തി, കുറ്റപത്രം സമർപ്പിച്ച്, കേസ് തീർപ്പാക്കി, ശിക്ഷ വാങ്ങി കൊടുത്ത് കേസ് അവസാനത്തിലേക്ക് എത്തുന്നു. ഒരു ഊമകത്തിൽ നിന്നും ഉത്ഭവിച്ച കേസിന്റെ വിധിയിൽ ഏറ്റവും കൂടുതൽ ആഘോഷം നടന്നത് ഒരു പക്ഷേ കേരളത്തിൽ ആയിരിക്കും. പക്ഷേ, ഈ കേസ് നമുക്ക് ചില ഓർമ്മപ്പെടുത്തലുകൾക്ക് കാരണം ആകുന്നു. ഒരിടത്ത് തങ്ങൾ അപമാനിക്കപ്പെട്ടു എന്ന ഒരു ഊമക്കത്ത് കേസിൽ എത്തി തീർപ്പാകുമ്പോൾ മറ്റൊരിടത്ത് സംഭവിച്ചത് എന്താണ്?

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധവും പ്രധാനവും ആയ അമൃത പുരിയിൽ വെച്ച് താൻ അവിടുത്തെ പ്രധാന കാര്യക്കാരനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാ അമൃദാനന്ദമയിയുടെ പ്രധാന ശിഷ്യ ആയിരുന്ന ഗെയിൽ ട്രെഡ്‌വെൽ തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു. താൻ ആശ്രമത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന് ഊമ കത്ത് അല്ല ഗെയ്ൽ എഴുതുന്നത്. തന്റെ പുസ്തകത്തിൽ പേര് വെച്ച് പ്രസ്താവിക്കുക ആണ്. താൻ മാത്രം അല്ല, ആശ്രമത്തിൽ ബലാത്സംഗങ്ങൾ തുടർകഥയാണ് എന്നാണു ഗെയ്ൽ പറഞ്ഞത്. സാമ്പത്തിക തിരിമറികളും, ഭൂമി തട്ടിപ്പും, മയക്ക് മരുന്ന് വ്യാപനവും ഒക്കെ ആ പുസ്തകത്തിലൂടെ ഗെയ്ൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുവൾ പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിപ്പെട്ടാൽ ഏതു സാഹചര്യത്തിലും കേസ് എടുക്കണം എന്നിരിക്കെ ഇവിടെ കേസ് ഉണ്ടായില്ല. അമൃത പുരിയിലെ ഭക്തയായ ശ്രീമതി സന്ധ്യ തന്നെ പേരിനു ഒരന്വഷണം നടത്തി ഫയൽ ക്ളോസ് ചെയ്തു. ഒരിടത്ത് ഊമ കത്തിന്റെ പിറകെ പോയി പരാതിക്കാരിയെ കണ്ടെത്തി കേസ് നടത്തിയപ്പോൾ മറ്റൊരിടത്ത് പരാതിക്കാരി ഉണ്ടായിട്ടും കേസ് എങ്ങും എത്തിയില്ല. കേസ് കൊടുക്കുന്നവർ തന്നെ തെളിവും കൊടുക്കണം എന്ന നിലപാട് ആയിരുന്നു ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അന്ന്. 


അതൊക്കെ ഗെയിൽ പറഞ്ഞ കാര്യങ്ങൾ. ഗെയിലിനു മുന്നേ ശ്രീനി പട്ടത്താനം ആശ്രമത്തിൽ ഭക്തനായി കയറി കൂടി അന്വഷിച്ച് കണ്ടെത്തി പ്രസിദ്ധീകരിച്ച "അമൃദാനന്ദമയി: ദിവ്യ കഥകളും യാഥാർഥ്യവും" എന്ന പുസ്തകത്തിൽ അമൃതപുരിയിലെ ദുരൂഹതകൾ വിശദം ആയി പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പേരിനു വേണ്ടി എങ്കിലും ഒരു അന്വഷണം നടത്തിയില്ല എന്നതോ പോകട്ടെ, ഗ്രന്ഥകാരനെ പ്രോസിക്യൂട്ട് ചെയ്യാൻ ആണ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആന്റണി ശ്രമിച്ചത്. പൊതു ജനാഭിപ്രായം എതിരായതു ഒന്ന് കൊണ്ട് മാത്രം ആണ് ശ്രീനി പട്ടത്താനം അന്ന് രക്ഷപെട്ടത്.    

Sreeni Pattathanam


.ശ്രീനി പട്ടത്താനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 1978 ജൂൺ മാസം രണ്ടാം തീയതി സംഭവിച്ച സുധാമണിയുടെ സഹോദരൻ സുഭഗന്റെ ദുരൂഹ മരണം മുതൽ വള്ളിക്കാവിലെ ദുരൂഹ മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സുഭഗന്റെ മരണം ആത്മഹത്യ ആയി എഴുതി തള്ളപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കോണമിക്സ് ഡിപ്പാർട്മെന്റിൽ ജീവനക്കാരൻ ആയിരുന്ന കൊടുങ്ങല്ലൂർ സ്വദേശി നാരായണൻ കുട്ടി 1990 ഏപ്രിലിൽ വള്ളിക്കാവിൽ നിന്നും മർദ്ദനം ഏറ്റു പതിവ് പോലെ പോലീസ് സ്റ്റേഷനിൽ ആക്കി മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണു മരിച്ചു. അന്വഷണം എങ്ങും എത്തിയില്ല. അമൃതപുരിയിലെ ഭാഗവത വായനക്കാരനായിരുന്ന പറയക്കടവ് ഭാസ്കരദാസ് അസാധാരണം ആയി ആശ്രമത്തിൽ നിന്നും ലഭിച്ച പാലും കുടിച്ച് വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു.
Satnam Singh


സുധാമണിയുടെ ഇളയമ്മയുടെ മകൻ പ്രദീപ് കുമാർ, കണ്ണൂർ ചിറക്കൽ രാമവർമ്മ തമ്പുരാന്റെ മകൻ ധുരംധർ, ഫ്രാൻസ് സ്വദേശിനി എബിന്റ് ബെൻ കരോളിൻ, മുംബൈ സ്വദേശി രാമ നാഥ അയ്യർ, കർണാടകയിലെ ബസവനുബാഗവാഡി സ്വദേശി സിദ്ധരാമൻ, അമൃതശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്ന രാധാകൃഷ്ണ, ബീഹാർ സ്വദേശി സത്നാം സിംഗ്, പിന്നെ പേരും ഊരും അറിയാത്ത ഡസനോളം ഭക്തരോ, അമൃദാനന്ദ മയിയുടെ ആശ്രിതരോ, അങ്ങിനെ നിരവധി ദുരൂഹ മരണങ്ങൾ. ഒന്നും ഒരന്വഷണമോ ചിലതിൽ പോസ്റ്റ് മോർട്ടം പോലുമോ ഇല്ലാതെ ഫയലുകൾ ക്ളോസ് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിൽ ആയി ജപ്പാൻ സ്വദേശി ഔചി വിചി ദുരൂഹ മരണവും ഈ ഗണത്തിൽ പെടുന്നു. ആശ്രമത്തിൽ കാണാൻ പാടിലാത്തത് വല്ലതും കാണുന്നവർ പിന്നെ പുറം ലോകം കാണാറില്ല എന്നാണു ശ്രീനി പട്ടത്താനം പറഞ്ഞു വെച്ചിരുന്നത്.
.
വടക്കേ ഇന്ത്യയിൽ ഒരു ഊമ കത്തിന്റെ പിറകെ പോയി കുറ്റവാളിയെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുത്ത വാർത്ത കേട്ട് നാം ഉൾപുളകിതരാകുമ്പോൾ കൺവെട്ടത്ത് എന്നെ പീഡിപ്പിച്ചേ എന്ന് നേരിട്ട് അലമുറയിട്ടവരെ കാണാൻ നമുക്ക് കഴിയുന്നില്ല. ദുരൂഹം ആയത് എന്തൊക്കെയോ സംഭവിക്കുന്നയിടം എന്ന് സംശയിക്കുന്ന ഒരിടത്ത് ഒരു അന്വഷണ പ്രഹസനം പോലും നടത്താൻ നമുക്ക് കഴിയുന്നില്ല. പിന്നെന്തിനാണീ വടക്ക് നോക്കിയുള്ള ആത്മ രതി.
.
ഊരും പേരും പരാതിക്കാരും ഇല്ലാത്ത ഒരു കത്തിലൂടെ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞിടത്ത് ദുരൂഹതകൾ ഉണ്ട് എന്ന് തോന്നുന്ന എവിടെയും അന്വഷണം നടത്താൻ അധികാരികൾക്ക് കഴിയണം. അതിനു കോടതി ഉത്തരവ് വരെ കാത്തിരിക്കുക ഒന്നും വേണ്ട.

1 comment:

സുധി അറയ്ക്കൽ said...

കുറേ ഹിന്ദുസന്യാസിമാരും സന്യാസിനിമാരും ...നിങ്ങൾക്ക്‌ വേറേ ഒന്നും എഴുതാനില്ലേ ഹേ??