Thursday, April 02, 2020

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം : (ഏപ്രിൽ-1)


സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  കാസര്‍കോട്-12, തിരുവനന്തപുരം-2, പാലക്കാട്-1, എറണാകുളം-3, തൃശൂര്‍-2, മലപ്പുറം-2, കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നാല് വിദേശികള്‍ ഉള്‍പ്പൈ 26 പേര്‍ക്ക് രോഗംഭേദമായി.ഇതോടെ കേരളത്തിലാകെ കോവിഡ് ബാധിതരുടെ എണ്ണം 265 ആയി. കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കും. 164130 പേരാണ് ആകെ രീക്ഷണത്തിലുള്ളത്. 622 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
.
കോവിഡ് പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യാൻ ആയിട്ടുണ്ട്.  21,472 മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും.
.
സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ അളവിൽ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കും.
.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്.
.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയും. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. 
.
 റോഡുകളില്‍ ആളുകള്‍ കുറഞ്ഞതായാണ് കാണാന്‍ സാധിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിടങ്ങി നടക്കുന്ന സംഭവത്തില്‍ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,155 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് എതിരേ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
.
സംസ്ഥാനത്തേക്ക് 22,153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തി. കര്‍ണാടകയില്‍ റോഡ് പ്രശ്‌നം നിലനില്‍ക്കുകയാണ്. ചരക്ക് നീക്കമടക്കം തടയുന്നു. ഇത് ഒഴിവാക്കണം. 2,70,913 പേര്‍ക്ക് ഇന്ന് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 2,45,607 ഉം സൗജന്യമാണ്. സന്നദ്ധ സേനയുടെ രജിസ്‌ട്രേഷനില്‍ നല്ല പുരോഗതി ഉണ്ടാകുന്നുണ്ട്.
.
അതിഥി തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത് താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊഴിലുടമകള്‍ ഇത്തരക്കാരോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിലേക്കെത്താന്‍ പറയുന്നു. അത് ശരിയായ നടപടിയല്ല. ഇതുവരെയുള്ള സൗകര്യം തൊഴിലുടമകള്‍ തുടര്‍ന്നും തൊഴിലുടമകൾ ലഭ്യമാക്കേണ്ടത് ആണ്.
.
പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 91 ഇടങ്ങളില്‍ വിജിലന്‍സിന്റെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ പരിശോധന കര്‍ക്കശമായി തുടരും. വ്യാജ മദ്യ ഉല്‍പാദനം കര്‍ക്കശമായും തടയും. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും കുടുംബങ്ങളും ഇടപെടണം.
.
ഈ പ്രതിസന്ധി ഘട്ടത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.  പൂര്‍ണമായി ഭേദപ്പെട്ട ആളെ ഭാര്യ വീട്ടില്‍ കയറ്റാത്ത സംഭവമുണ്ടായി. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രത്യേക താമസസൗകര്യം ഇയാള്‍ക്ക് വേണ്ടി  ഒരുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗ് ശക്തിപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റിദ്ധാരണാജനകമായി പ്രചരണം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രമാണ് പ്രചരിപ്പിക്കേണ്ടത്. അല്ലാത്തത് തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
.
വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
.
കൊറോണ പ്രതിരോധത്തില്‍  പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണം. റേഷന്‍ വ്യാപാരികള്‍ക്കും പൊലീസിനും വിവിധ വീടുകളില്‍ ചെല്ലേണ്ട പാചകവാതക വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കേന്ദ്രത്തെ അറിയിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരാകുന്നതും കാണുന്നുണ്ട്. ഇത് ഒഴിവാക്കണം.
.
ദില്ലി നിസാമുദ്ദീനൈൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ അടിസ്ഥാനമില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്തും മുന്നേ തന്നെ ഇക്കാര്യത്തിൽ നമ്മൾ ജാഗ്രത പാലിച്ചിരുന്നു.
.
രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല.എല്ലാവരും ജാഗ്രത പാലിക്കണം. ആ നിലയില്‍ തന്നെ അത് തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന പരിപാടി ഒഴിവാക്കിയത് നാം ഓര്‍ക്കണം.
.
കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഇടയ്ക് മറ്റു ആരോഗ്യ പ്രവർത്തനങ്ങൾ മന്ദീഭവിക്കരുത്.  കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ആരോഗ്യവകുപ്പ്  അത് ശ്രദ്ധിക്കും. വാക്സിനേഷനുകൾ ഒന്നും മുടക്കം വരാതെ ശ്രദ്ധിക്കണം.
.
അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് ചെയ്യാമെന്ന് ബിള്‍ഡിംഗ് ഓണെഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
.
 പൈനാപ്പിൾ വിളവെടുപ്പ് കാലമാണ്. അത് സാമൂഹിക അകലം പാലിച്ച് വിളവെടുക്കണം. വിളവിന്റെ ചരക്ക് നീക്കത്തിന് തടസം ഒന്നും ഇല്ല. ആഭ്യന്തര കൃഷിയിലെ വിളവ് സമയാസമയങ്ങളിൽ എടുക്കണം. അതൊക്കെയും വിപണിയിൽ എത്തിക്കുകയും വേണം. ഒന്നും നശിച്ചു പോകാൻ ഉള്ള സാഹചര്യം ഉണ്ടാകരുത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് എല്ലാം ചെയ്യാൻ ആകണം.
.
ഇപ്പോൾ വേനൽ അധികരിക്കുന്ന സമയമാണ്. വാഴ കൃഷിക്ക് നനച്ച് കൊടുക്കേണ്ടുന്ന സമയം. അതിനൊന്നും ഒരു തടസവും വരാതെ ശ്രദ്ധിക്കണം.
.
ഇപ്പോൾ സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനെട്ടായിരം ലിറ്റർ പാൽ അധികം  ആയിട്ടുണ്ട്.അതിൽ അമ്പതിനായിരം ലിറ്റർ പാൽ  സേലത്തെ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയിൽ എത്തിച്ച് പാൽപ്പൊടി ആക്കാൻ ഉള്ള നടപടികൾ പൂർണമായിട്ടുണ്ട്. ബാക്കിയുള്ള പാൽ അഥിതി തൊഴിലാളികൾക്കും അങ്കണവാടി കുഞ്ഞുങ്ങൾക്കും  സൗജന്യമായി നൽകും.
.
അടുത്ത ദിവസം മുതൽ മിൽമ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തിൽനിന്ന് 70 ശതമാനമാകും. സഹകരണ മേഖലയിലെ പാൽ കൂടുതലായി വാങ്ങാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീരകർഷകർക്ക് ആശ്വാസമാകും. മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും.
.
ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിന് പോയ സംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന്   ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു.
.
സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് എന്ന പരാതി പരിഹാര സംവിധാനം; പരാതിയുടെ എണ്ണം കൊണ്ടും കാര്യക്ഷമതകൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരിഹാര സംവിധാനം എന്ന ഖ്യാതി നേടി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ ലഭിച്ചു.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സംഭാവനകൾ ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
.
സാലറി ചലഞ്ചിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ ക്രിയാത്മകം ആണ്. സാലറി ചലഞ്ച് നടപ്പാക്കുമ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പരിഗണിക്കും. സാലറി ചലഞ്ച് പ്രത്യേക അക്കൊണ്ട് വേണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രളയകാലത്ത് ഉള്ള സംഭാവനകൾ പ്രത്യേക പ്രളയ ദുരിതാശ്വാസ  ഫണ്ട് ആയിരുന്നു. ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത് കോവിഡ്-19 ദുരിതാശ്വാസ ഫണ്ടാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടന്നു എന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിന് സ്വയം മനസ്സിലായിട്ടുണ്ട്.
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ ആത്മധൈര്യം കൂടുകയാണ്. അതിജീവനത്തിനു ഉള്ള മാർഗ്ഗങ്ങൾ ആണ് ഓരോ പത്രസമ്മേളനത്തിലൂടെയും വിദേശദീകരിക്കപ്പെടുന്നത്.
.
നാം അതിജീവിക്കുക തന്നെ ചെയ്യും. 

No comments: