Sunday, April 19, 2020

ഭൂമിമലയാളം യൂ-ട്യൂബിൽ - 1

ചാഡ് ഹുർലി, സ്റ്റീവ് ചെൻ, ജാവേദ് ഖരീം എന്നീ മൂന്ന് പേ-പാൽ ജീവനക്കാരുടെ കൂട്ടായ ഉത്സാഹത്തിൽ സൃഷ്ടിച്ച് എടുത്ത് 2005 ഫെബ്രുവരിയിൽ ലോകത്തിനു സമ്മാനിച്ച സാങ്കേതികത്വം ആണ് യൂ-ട്യൂബ്. ഒരു വർഷം കഴിഞ്ഞു ഏതാനും മാസം എത്തിയപ്പോൾ ഗൂഗിൾ ഇവരിൽ നിന്നും യൂ-ട്യൂബ് വാങ്ങി. 2006 നവംബറിൽ 1.60 ബില്യൺ (160 കോടി) ഡോളർ മൂല്യം നൽകിയാണ് ഗൂഗിൾ യൂ-ട്യൂബ് വാങ്ങിയത്. ബാക്കിയുള്ളത് ചരിത്രം. ഇന്ന് ഒരു യൂ-ട്യൂബ് ചാനൽ എങ്കിലും നോക്കാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാളുടെയും ഒരു ദിവസം അവസാനിക്കില്ല എന്ന തരത്തിൽ അത്രമേൽ പ്രധാനപ്പെട്ട ഒരു സംഗതി ആയി ആധുനിക ലോക ക്രമത്തിൽ യൂ-ട്യൂബ് മാറിയിരിക്കുന്നു.
.
ലോകത്ത് സംഭവിക്കുന്ന എല്ലാ പുതുമകളെയും അത്യാവേശത്തോടെ സ്വീകരിക്കുന്ന മലയാളീ മനസ്സ് യൂ-ട്യൂബും വാരി പുണർന്നു. കണ്ടതും കേട്ടതും ഒക്കെയും ഷൂട്ട് ചെയ്ത് യു ടൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു വിഭാഗം ഉണ്ടായി. കാഴ്ചക്കാർ കൂടി കൂടി വരവേ യൂ-ട്യൂബിലെ മലയാളം അപ്‌ഡേഷനുകൾക്ക് പ്രൊഫഷണൽ ടച്ച് ഉണ്ടായി തുടങ്ങി. മുഖ്യധാര മാധ്യമങ്ങൾ യൂ-ട്യൂബിൽ ലൈവ് ഇട്ടു തുടങ്ങി. വിഷ്വൽ മീഡിയയിൽ കഴിവ് തെളിയിച്ചവർ സ്വന്തം വീഡിയോകൾ ഉണ്ടാക്കി യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങി. അമച്വറുകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോസ്റ്റുകൾ പോലും ഉന്നത നിലവാരം പുലർത്തി തുടങ്ങി. പ്രചാരത്തിൽ മലയാളം യൂ ടൂബ്ഴ്‌സും ഒട്ടും പിന്നിൽ അല്ല എന്ന് വന്നു.
.
നമ്മുടെ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന നമുക്ക് അറിയാവുന്ന അനേകം യൂ ടൂബേഴ്‌സ് ഉണ്ട് ഇന്ന്. കുക്കറി ഷോ മുതൽ വാർത്താവതരണം വരെ ഉൾകൊള്ളുന്ന ചാനലുകളുടെ ഉടമകൾ. വെറും നേരം പോക്കിന് തുടങ്ങി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് യൂ-ട്യൂബിനെ ഉപയോഗിക്കുന്നവർ. പത്ത് പൈസ ചിലവില്ലാതെ കാണികൾക്ക് അറിവിൻറെ ശകലങ്ങൾ ലഭ്യമാക്കുന്നവർ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ടുന്ന ഉപദേശങ്ങൾ നൽകുന്നവർ. പ്രതിസന്ധികളിൽ പെട്ട് കണ്ണ് കാണാതെ നിൽക്കുന്നവർക്ക് കൈ നൽകുന്ന തരത്തിൽ ഇടപെടുന്നവർ. വാർത്തയ്ക്ക് ഉള്ളിലെ വാർത്തകളെ വിശകലനം ചെയ്തു നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നവർ. വിവര സാങ്കേതിക വിദ്യയുടെ സങ്കീർണതകൾ ലളിതമായി വിശദീകരിക്കുന്നവർ. തുടങ്ങി ജീവിതത്തിന്റെയും സമൂഹത്തിന്റെയും സർവ്വ മേഖലയും സ്പർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ യൂ-ട്യൂബിൽ അനു നിമിഷം പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
.
യൂ-ട്യൂബ് ഒരു വരുമാന മാർഗ്ഗമായി കാണുന്ന ഒരു വല്യ വിഭാഗം ഇപ്പോൾ ഉണ്ട്. സഞ്ചാരികൾക്ക് യൂ-ട്യൂബ് നൽകുന്ന സഹായം ചെറുതല്ല. സഞ്ചാര വീഡിയോകൾ കാണാൻ ആളും ഉണ്ട്. സഞ്ചാരം ഒരു പാഷൻ ആയി എടുത്തവർ അവരുടെ യാത്രാ വീഡിയോകൾ യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങുന്നതോടെ അവരുടെ യാത്രയ്ക്ക് ആവശ്യമായ തുകയുടെ ഒരു ഭാഗം കണ്ടെത്താൻ ഉള്ള ആദ്യ പടിയാകും. വ്യത്യസ്തമായി യാത്രാ വീഡിയോകൾ കൃത്യമായി അപ്ലോഡ് ചെയ്യുന്നത് കാണികളെ ക്രമാനുഗതമായി കൂട്ടും. യൂ-ട്യൂബിൻറെ മോണിറ്റൈസേഷൻ നിബന്ധനകൾ  വിജയകരമായി പൂർത്തിയാക്കുന്നതിന് കുറച്ച് സമയം എടുക്കും. അത് കഴിയുന്നതോടെ ഒരു ചെറിയ വരുമാനം യൂ-ട്യൂബിൽ നിന്നും ലഭിച്ചു തുടങ്ങും.
.
പ്രൊഫഷണൽസ് അല്ലാതെ യൂ-ട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുതൽ ചിലവിട്ട് യൂ-ട്യൂബ്വീഡിയോകൾ ചെയ്യുന്നവർ ഒരു പക്ഷേ സഞ്ചാരികൾ ആകും. അത് കൊണ്ടാണ് സഞ്ചാരികളെ ഉദാഹരണമായി എടുത്തത്. പ്രൊഫഷണൽ ആയി വീഡിയോ ചെയ്യുന്നവരും വിഷ്വൽ മീഡിയ ബിസിനെസ്സ് ആയി കാണുന്നവരുടെയും കാര്യമല്ല പറഞ്ഞത്. കരിക്ക് പോലെയുള്ള സംവീധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിഷ്വൽ മീഡിയയെ ഉപയോഗിക്കുന്നവർ ആണ്. അമച്വർ ആയി യൂ-ട്യൂബ് ഉപയോഗിക്കുന്നവർ ആണ് നമ്മുടെ ടാർഗെറ്റ്. അവരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുക എന്നതാണ് നമ്മുടെ ലക്ഷ്യവും.
.
സഞ്ചാരികൾ ആണ് ഏറ്റവും കൂടുതൽ പണം മുടക്കി വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. പക്ഷേ ഏറ്റവും പോപ്പുലർ ചാനലുകൾ മിക്കതും കുക്കറി ഷോയും ആയി ബന്ധപ്പെട്ടത് ആണ്. താരതമ്യേന ചിലവും അധ്വാനവും കുറവ് ആണെങ്കിലും അത്ര മോശമല്ലാത്ത സബ്‌സ്‌ക്രിപ്‌ഷനും വ്യൂവേഴ്‌സും ലഭിക്കുന്ന ഒരു സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ചാനലുകളിൽ മിക്കതും കുക്കറി ഷോകൾ ആണ്. ഒരു ഡിഷ് വൈറൽ ആയാൽ മതി ഷെഫിൻറെ ജീവിതം മാറി മറിയാൻ. കുക്കറി ഷോകൾ കാണുന്നവർ വീണ്ടും വീണ്ടും ഒരേ ഷോ തന്നെ കാണും എന്നതും വീഡിയോ മുഴുവനും കാണും എന്നതും കുക്കറി ഷോകളിൽ കൂടുതൽ പണം ലഭിക്കാൻ ഉള്ള കാരണങ്ങൾ ആണ്. കുക്കറി ഷോകളിൽ കാണിക്കുന്ന ഡിഷുകൾ വ്യൂവേഴ്സ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി പരസ്പരം ഷെയർ ചെയ്യും എന്നത് കൊണ്ട് വളരെ വേഗം സബ്‌സ്‌ക്രിപ്‌ഷൻ കൂടുകയും വ്യൂവിങ് ടൈം വെച്ചടി വെച്ചടി കയറുകയും ചെയ്യും. അധ്വാനവും ചിലവും സാഞ്ചാരവും ആയി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവ് ആണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യം ഉള്ള സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. ഷോ രുചി കാണികളിൽ എത്തിക്കാൻ യൂ-ട്യൂബറിനു കഴിയണം.
.
ടെക്ക് ഷോകൾ ആണ് പിന്നെ പോപ്പുലർ ആയ മറ്റൊരു സെഗ്മെന്റ്. വിവര സാങ്കേതിക വിദ്യകളുടെ സങ്കീർണമായ സാങ്കേതികത്വം ലളിതമായി വിശദീകരിക്കുന്ന നിരവധിയനവധി യൂ-ട്യൂബ് ചാനലുകൾ ഉണ്ട്. മലയാളത്തിലും അനേകം ടെക്ക് ചാനലുകൾ കാണാം. ഒരു റൂമും ഒരു ടേബിളും ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കിൽ സ്റ്റുഡിയോ റെഡിയായി. പിന്നെ വേണ്ടത് സാങ്കേതിക ജ്ഞാനം ആണ്. അനുദിനം അവതരിപ്പിക്കപ്പെടുന്ന നൂതന ആശയങ്ങളും സങ്കേതങ്ങളും ആപ്പുകളും ലളിതമായി പരിചയപ്പെടുത്തുന്നവർ ഈ മേഖലയിൽ വിജയിക്കുന്നു. ക്രെഡിബിൾ ആയ അനേകം ടെക്ക് ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളുടെ ഒരു മേഖല കൂടിയാണ് ഇത്. അധികം അറിവ് ഒന്നും ഇല്ലാതെ വ്യൂവേഴ്ശിനെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആകർഷകമായ തലവാചകം കൊടുത്ത് ആളെ കൂട്ടും. നമ്മൾ നോക്കുമ്പോൾ സംഗതി ഒന്നും കൃത്യം ആയി പറയുന്നുണ്ടാവില്ല. എന്തിനു ഒരു ആപ്പിനെ കുറിച്ച് വിശദമായി പറയുന്ന ഒരാൾ അത് വാങ്ങിയിട്ട് പോലും ഉണ്ടാവില്ല. അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി ഒരു ആറ് മിനിറ്റ് ആക്കും. അത് എങ്ങിനെ ഉപയോഗിക്കണം എന്ന് ടൂട്ടർക്ക് അറിവേ ഉണ്ടാകില്ല. ഇങ്ങിനെ ഉള്ള ചതികൾ ഏറ്റവും കൂടുതൽ നടക്കുന്നത് ടെക്ക് ചാനലുകളിൽ ആണ്. പക്ഷേ വളരെ ശ്രദ്ധയോടെ കൃത്യമായി പടിപടിയായി വിവര സാങ്കേതികത്വം പറഞ്ഞു തരുന്ന ഒരു പിടി ചാനലുകളാൽ സമ്പന്നം ആണ് മലയാളം യൂ-ട്യൂബും.
.
വാർത്താ വിശകലന ചാനലുകൾ ആണ് മറ്റൊരു സെഗ്മെൻറ്. നമുക്ക് അറിയാവുന്ന നിരവധി ആളുകൾ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള നിരവധി ചങ്ങാതിമാർ വാർത്താധിഷ്ഠിത ചാനലുകളുടെ മുതലാളിമാർ ആണ്. താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ വീഡിയോ ഉണ്ടാക്കാൻ ആകും എന്നതാണ് ഈ സെഗ്‌മെന്റിന്റെ ഏറ്റവും ഗുണകരമായ കാര്യം. വാർത്തകളോടൊപ്പം സഞ്ചരിക്കുക എന്നതാണ് വാർത്താധിഷ്ഠിത ചാനലുകൾ നടത്തിക്കൊണ്ട പോകാൻ പ്രാഥമികമായി വേണ്ടുന്ന ഒരു സംഗതി. വാർത്തകൾക്ക് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുകയും വാർത്തകൾക്ക് ഉള്ളിലെ വാർത്തകൾ കണ്ടെത്തുകയും അത് സരസമായി അവതരിപ്പിക്കാൻ ആവുകയും ചെയ്യുന്നിടത്ത് വാർത്താധിഷ്ഠിത ചാനലുകൾ വിജയമാകും. തലക്കെട്ടുകൾ ആണ് വാർത്താധിഷ്ഠിത ചാനലുകളുടെ ജീവനാഡി എന്ന് പറയുന്നതിൽ തെറ്റില്ല. "ഞെട്ടൽ" എന്ന വാക്കില്ലായിരുന്നു എങ്കിൽ വാർത്താധിഷ്ഠിത ചാനലുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നും. വസ്തുതാപരമായി വാർത്തകളെ കാണുകയും സത്യസന്ധമായി വാർത്തകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന അനവധി ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളും ഈ സെഗ്മെന്റിൽ ധാരാളമാണ്. "ഞെട്ടൽ" കൊണ്ടാണ് ഇങ്ങിനെ ഉള്ള ഉഡായിപ്പ് ചാനലുകൾ നില നിൽക്കുന്നത്. വ്യാജ വാർത്തകൾ പടച്ചു വിടുന്ന വല്യ ഒരു വിഭാഗം തന്നെ ഈ മേഖലയിൽ ഉണ്ട്. വർഗ്ഗീയ വിഷം വമിപ്പിക്കുന്നവർ ഈ മേഖലയുടെ ശാപമാണ്. അത്രമേൽ ഗൗരവവും സാമൂഹ്യ ഉത്തരവാദിത്തത്തോടെ വാർത്താധിഷ്ഠിത ചാനലുകൾ നടത്തുന്നവർ ആ ആണ് ഈ മേഖലയെ പോപ്പുലർ ആക്കി നിർത്തുന്നത്.
.
മാർക്കറ്റിൽ ഇറങ്ങുന്ന വൈവിധ്യം നിറഞ്ഞ പുതിയതും കൗതുകം ഉണർത്തുന്ന പഴയതുമായ ഉത്പന്നങ്ങളെ വാങ്ങി ഉപയോഗിച്ച് നോക്കി അതിന്റെ സത്യസന്ധമായ റിവ്യൂ നടത്തി യൂ-ട്യൂബിൽ ഇടുന്ന ഒരു സെഗ്മെന്റ് ആണ് പോപ്പുലർ ആയ അടുത്ത മേഖല. താരതമ്യേന ചിലവ് കൂടിയ ഒരു സെഗ്മെന്റ് ആണിത്. മിക്കവരും ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ട് യൂ-ട്യൂബ് ചെയ്യുന്നവർ ആണ്. പുതിയ ഉത്പന്നങ്ങളെ മനസിലാക്കാനും വാങ്ങാൻ ഉള്ള തീരുമാനം എടുക്കാനും ഇങ്ങിനെ ഉള്ള വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങാതെ അവരുടെ പ്രോസ്‌പെക്ടസും ഹാൻഡ് ബുക്കും ഒക്കെ നോക്കി പഠിച്ച് വേണ്ട വിധം അവതരിപ്പിക്കുന്നവരും ഈ മേഖലയിൽ ഉണ്ട്. പക്ഷേ ഇതും ഉഡായിപ്പുകളുടെ പറുദീസയും ആണ്. യാതൊരു ഗ്രാഹ്യവും ഇല്ലാതെ പുതിയ ഉത്പന്നങ്ങളെ "അത്യുഗ്രൻ" എന്ന തമ്പ്നെയിലിലൂടെ വീഡിയോ ഉണ്ടാക്കിയിടും. ഉള്ളിൽ ഒന്നും ഉണ്ടാകില്ല. തട്ടിപ്പ് ചാനലുകൾ ഉണ്ടെങ്കിലും ഉത്പന്നങ്ങളെ കൃത്യമായി മനസിലാക്കാൻ ആകുന്ന ഒരു അവസരം ഉത്തരവാദിത്തത്തോടെ വീഡിയോ ഉണ്ടാക്കുന്ന ഒരു വിഭാഗം നൽകുന്നുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളുട റിവ്യൂ ആണ് ഈ മേഖലയിൽ ഏറ്റവും പോപ്പുലർ. കുട്ടികളെ കുറിച്ചുള്ള രക്ഷാകർത്താക്കളുടെ കരുതൽ തന്നെ കാരണം. ലോകത്തിൽ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന അമച്വർ ചാനൽ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഏഴു വയസുള്ള ഒരു കുട്ടിയുടെ ചാനൽ ആണ്. ഒരു വർഷം ഏകദേശം 23 മില്യൻ ഡോളർ ആണ് ആ കുട്ടിയുടെ യൂ-ട്യൂബ് വരുമാനം.


(തുടരും...)

No comments: