Saturday, May 24, 2008

ശിഹാബുദ്ദീന്‍‌ പൊയ്ത്തുംകടവിനെ ആദരിച്ചു.


അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ കൂട്ടായ്മയായ “അസ്ക” മൂന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി - 2008 ന്റെ വേദിയില്‍ വെച്ച് അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു. മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കമായ മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം പിറന്നാള്‍ മഹാകവിക്ക് സമര്‍പ്പിച്ച സ്മരണാഞ്ജലിയായിരുന്നു. അമ്മ മലയാളത്തെ ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ അസ്കയുടെ സ്നേഹോപഹാരം ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമ്മാനിച്ചു.

തനിക്ക് ലഭിച്ച പത്മരാജന്‍ പുരസ്കാരം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വെച്ച് തന്റെ അഭാവത്തില്‍ സമ്മാനിക്കപ്പെടുന്ന അതേ നിമിഷത്തില്‍ ഈ പ്രവാസ ഭൂമികയില്‍ ആദരിക്കപ്പെടുക എന്ന ദൈവദത്തമായ മുഹൂര്‍ത്തത്തിനാണ് കാവ്യാഞ്ജലി-2008 വേദിയാകുന്നതെന്ന് ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു വെച്ചപ്പോള്‍ മഹാകവി കുമാരനാ‍ശാന്റെ സ്മരണകളിരമ്പി നിന്ന വേദി അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ഏറ്റവും മഹത്തായ നിമിഷങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.


പ്രിയപ്പെട്ട കഥാകാരന് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.

Tuesday, May 20, 2008

ഡോ. ഷാഹിദാ ബീവിയുടെ ശാസ്ത്രീയ കൂടോത്രം!



മലയാള മനോരമയില്‍ കണ്ട ഒരു ക്ലാസ്സിഫൈഡാണ് മുകളില്‍.

“അവസാന തലമുറക്ക് ദൈവരാജ്യത്തിന്റെ സുവിശേഷവും”
“ഊശോമിശിഹായുടെ വീണ്ടും വരവും....”
“ജോസഫ് ഇടമറുകിന്റെ ശാസ്ത്രാധിഷ്ഠിത ജ്യോതിഷ വാസ്തുശാസ്ത്രവും”
ഒക്കെ വിളംബരം ചെയ്തിരിക്കുന്ന മനോരമയിലെ ക്ലാസിഫൈഡില്‍ ഷാഹിദാ ബീവിയുടെ പരസ്യം വേറിട്ട് നില്‍ക്കുന്നത് അവരുടെ പരസ്യത്തില്‍ “Dr." കടന്ന് വരുന്നത് കൊണ്ടാണ്.

രണ്ട് പരസ്യങ്ങളാണ് ഡാക്കിട്ടറുടേതായിട്ട് മനോരമയില്‍ വന്നിട്ടുള്ളത്.

ഒന്ന്: “സര്‍വ്വ പ്രശ്നത്തിനും പരിഹാരം അറബിക് കര്‍മ്മങ്ങളിലൂടെ പ്രോസസ് ചെയ്ത് സര്‍വ്വ മതസ്ഥര്‍ക്കും രെജിസ്ട്രേഡ് തപലാലിലൂടെ അയക്കപ്പെടും.”

രണ്ട്: “ആയിരത്തി ഒരുന്നൂറ് രൂപക്ക് തപാലിലൂടെ മദ്യപാനം നിര്‍ത്തി കൊടുക്കപ്പെടും.”

ഒന്നാമത്തെ പരസ്യത്തില്‍ ഡാക്കിട്ടറുടെ പ്രസ്ഥാനം “ദാറുല്‍ഷിഫാ ജ്യോതിഷാലയം” ആണെങ്കില്‍ രണ്ടാമത്തെ പരസ്യത്തില്‍ ജ്യോതിഷാലയം മുറിഞ്ഞുപോയ “ദാറുല്‍ ഷിഫ”യാണ്.

എറണാകുളം ജില്ലയിലെ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഷിഫ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരി ഡോക്ടര്‍ എന്ന പദവി തന്റെ പേരിനൊപ്പം ചേര്‍ത്ത് കൂടോത്ര കച്ചവടം നടത്തുന്നതിലെ കൌതുകമാണ് Dr. ഷാഹിദാ ബീവിയുടെ പരസ്യം ഒരു പോസ്റ്റായി മാറാന്‍ കാരണം. കൂടോത്രവും ശുദ്രവും വാ‍സ്തുവും യന്ത്രവും ചാത്തന്‍സേവയും ഒക്കെ ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും നിരന്തര പരസ്യ പ്രചാരണങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നിടത്ത് ഷാഹിദാ ബീവിയുടെ പരസ്യം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ കൂടോത്രം കൂട്ടിലാക്കി കൊറിയര്‍ ചെയ്ത് തരുന്നത് ഡോക്ടര്‍ ഷാഹിദയാകുമ്പോള്‍ അവിടെ വാര്‍ത്ത ജനിക്കപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍ ഈ ഷാഹിദ ഡോക്ടറാണോ? ആണെങ്കില്‍ കൂടോത്രം പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ അസോസിയേഷന്‍ അനുവദിച്ചിട്ടുണ്ടോ? ഇന്നി സിദ്ധവൈദ്യത്തിലോ കൂടോത്രത്തിലോ ചാത്തന്‍ സേവയിലോ മറ്റോ ഡോക്ടറേറ്റോ ഫെലോഷിപ്പോ വല്ലതും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങിനെയാണെങ്കില്‍ കൂടോത്രത്തില്‍ ഡോക്ടറേറ്റ് നല്‍കുന്ന യൂണിവേഴ്സിറ്റി ഏതാണ്? ഒരു പരസ്യം സ്വീകരിക്കുമ്പോള്‍ ആ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ ഏറ്റവും പ്രാഥമിക കാര്യങ്ങളെങ്കിലും ശരിയാണോ എന്ന് അന്വോഷിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത പത്രക്കാര്‍ക്കില്ലേ?

ധാര്‍മ്മികത:
ഹയ്യോ പറഞ്ഞ് തീര്‍ന്നില്ല....
ദേണ്ടെ പോന്ന് മറ്റൊരു ക്ലാസ്സിഫൈഡ്.

“ സര്‍വ്വ മതസ്ഥര്‍ക്കും സര്‍വ്വ പ്രശ്ന പരിഹാര കേന്ദ്രം പെരിങ്ങോട്ടുകര ദേവസ്ഥാനം ".

മിന്നി മറഞ്ഞത് സര്‍വ്വ ദുരാചാരങ്ങളേയും അടിമുടി എതിര്‍ക്കുന്ന നമ്മുടെ സ്വന്തം പുരോഗമന പ്രസ്ഥാനത്തിന്റെ സ്വന്തം ചാനലില്‍ തന്നെ. ഹോ... ഇന്നിയിപ്പോ തര്‍ക്കത്തിന് പോയാല്‍ ആ ദേവസ്വം മന്ത്രിപുംഗവന്റെ വായിലിരിക്കുന്നതും കൂടി കേള്‍ക്കേണ്ടി വരും. ഞാനൊന്നും പറഞ്ഞില്ലേ എന്റെ സുധാകര നാരായണാ...

Monday, May 19, 2008

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.



പ്രിയരെ,

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ.ഏ.യീ ലെ കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യാഞ്ജലി-2008ന്റെ വേദിയില്‍ വെച്ച്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ നമുക്കിടയിലെ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിക്കുന്നു.

മഹാകവി കുമാരനാശാന്റെ വീണപൂവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ “അസ്ക” അതിന്റെ മൂന്നാം ജന്മദിനാഘോഷങ്ങള്‍ മഹാകവിക്ക് സമര്‍പ്പിക്കുകയാണ്. മലയാള കവിതയിലെ കാല്പനിക വസന്തത്തിന് തുടക്കമായ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളി മംഗലത്ത് അണിയിച്ചൊരിക്കിയിരിക്കുന്ന നൃത്ത സംഗീത ശില്പവും ആശാന്‍ കവിതകളുടെ ആ‍ലാപനങ്ങളും കൊണ്ട് മഹാകവിക്ക് ഈ പ്രവാസ ഭൂമിക നല്‍കുന്ന കാവ്യാഞ്ജലിയില്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആശാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.


രണ്ടായിരത്തി എട്ട് മെയ് ഇരുപത്തി മൂന്നാം തീയതി ദുബായി കരാമ സെന്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ വെച്ച് നടക്കുന്ന ഈ അക്ഷര കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ shehabu@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

നന്ദി

Thursday, May 15, 2008

ദയവായി ഈ കുട്ടികളെ വെറുതേ വിട്ടേക്കൂ...

പത്താം ക്ലാസിന്റെ ഫലം വന്നു. കൂടെ വാദങ്ങളുടേയും അപവാദങ്ങളുടേയും പെരുമഴ പാച്ചിലും.

വിജയം തൊണ്ണൂറ്റി രണ്ട് ശാതമാനത്തിനും മുകളില്‍ എത്തിയത് ഏറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയായിരുന്നു. എസ്.എസ്.എല്‍.സി ഫലത്തിന്റെ വരവിനോടൊപ്പം എല്ലാ വര്‍ഷവും വരുന്ന പരാജിതരുടെ ആത്മഹത്യ വാര്‍ത്തകള്‍ ഏറെകുറഞ്ഞ അല്ലെങ്കില്‍ തീരെയില്ലാത്ത ഒരു വര്‍ഷം കൂടിയാണ് കടന്ന് പോയത് എന്നതും സന്തോഷ ദായകം തന്നെ.

ആരും തോല്‍ക്കാത്ത പത്താം ക്ലാസ് പരീക്ഷയുടെ ഫലമാണ് നമ്മുക്ക് വേണ്ടത്. പത്താം ക്ലാസ് പാസ്സാകത്തവന് മണ്ണ ചുമട്, റോഡ് പണി, കെട്ടിടം പണികള്‍ പോലും ലഭ്യമാകാത്ത കാലം. പത്തിന് മുമ്പേ പാസ്പോര്‍ട്ടാഫീസില്‍ അപേക്ഷ കൊടുത്ത് പ്രവാസിയാകാന്‍ തയ്യാറെടുക്കന്നവന് പത്താം ക്ലാസ് പാസ്സായില്ലങ്കില്‍ മണലാരണ്യത്തിലെ മണ്ണ് ചുമട് പോലും അന്യം. നാട്ടില്‍ കൊടി പിടിക്കാന്‍ പത്താം ക്ലാസ് വേണ്ട. അത്ര തന്നെ. അതു കൊണ്ട് തന്നെയാണ് അമ്പതാം വയസ്സിലും പ്രവാസികള്‍ എട്ട് പേരുറങ്ങുന്ന കുടുസ്സു മുറിയിലെ ആഢംബരത്തിലും പത്തെഴുതി പാസ്സാകാന്‍ ശ്രമിക്കുന്നത്.

എല്ലാവരും പത്താം ക്ലാസ് പാസ്സായാലും പകുതി ജയിച്ചാലും പത്തിന്റെ മേന്മയില്‍ ആര്‍ക്കെങ്കിലും കേരള സര്‍ക്കാറോ ദേശീയ ഗവണ്മെന്റോ അല്ലെങ്കില്‍ സുധാകരന്‍ സാറിന്റെ സഹകരണ വകുപ്പോ തൊഴില്‍ കൊടുക്കുകയൊന്നുമില്ലല്ലോ? പത്ത് കഴിഞ്ഞതിന് ശേഷം അവനവന്റെ കഴിവുകള്‍ക്ക് അനുസരിച്ച് സര്‍ക്കാരാശ്രയത്തിലോ അവനവനാശ്രയത്തിലോ പഠിച്ച് പണമൊഴുക്കി കഴിവ് തെളിയിച്ച് ഉയര്‍ന്നതലത്തില്‍ എത്തി തൊഴില്‍ നേടി വിദേശങ്ങളില്‍ സേവനം നല്‍കി വേതനം പറ്റി ജീവിക്കാം. അപ്പോള്‍ പത്തല്ല പ്രധാനം അതിന് ശേഷമുള്ള പഠനവും പണത്തിന്റെ കരുത്തുമാണ്. പിന്നെ എന്തു കൊണ്ട് നൂറ് ശതമാനത്തേയും വിജയിപ്പിച്ചു കൂടാ?

പത്താം ക്ലാസില്‍ കൃതൃമമായ വിജയം ഉണ്ടാക്കണം എന്നല്ല പറഞ്ഞ് വരുന്നത്. എല്ലാവരും വിജയിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ്. പത്താം ക്ലാസ് പഠനം ആയാസ രഹിതമാക്കി കൂടുതല്‍ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നൂറ് ശതമാനവും വിജയിക്കാന്‍ പ്രാര്‍ത്ഥിക്കാം!

ഈ വര്‍ഷത്തെ തൊണ്ണൂറ്റി രണ്ട് ശതമാനം വിജയത്തെ തട്ടിപ്പായി കാണാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മറക്കുന്നു. തങ്ങളുടേ കുട്ടികളെ പഠിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത ഒരു രക്ഷാകര്‍ത്താവിനേയും മാത്സര്യത്തിന്റേതായ ഈ കാലഘട്ടത്തില്‍ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടുന്നതില്ല. തങ്ങളുടെ മക്കള്‍ ജയിക്കണം എന്ന ആഗ്രഹമില്ലാത്ത ഒരു രക്ഷാകര്‍ത്താവും ഉണ്ടാകും എന്ന് തോന്നുന്നില്ല. അവരവരുടെ മക്കളുടെ പഠനത്തിന് വേണ്ടി മുണ്ടു മുറുക്കിയുടുക്കുന്ന രക്ഷാകര്‍ത്താക്കളുടേയും തങ്ങളുടെ സ്കൂളുകളില്‍ നൂറ് മേനി വിളയിക്കാന്‍ പെടാപാട് പെടുന്ന അദ്ധ്യാപകരുടേയും പ്രയത്നത്തിന്റെ ഫലമാണ് പത്തിലെ ഉയര്‍ന്ന വിജയ ശതമാനം. അല്ലാതെ കൃതൃമമായി ഉണ്ടാക്കിയെടുത്തതാണ് ഈ വര്‍ഷത്തെ പത്തിന്റെ ഫലമെന്ന വ്യാഖ്യാനം എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് വാങ്ങി വിജയിച്ചവരേയും കഷ്ടിച്ച് ജയിച്ചവരേയും ഒക്കെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണ്.

രണ്ടായിരത്തി ഏഴ് രണ്ടായിരത്തി എട്ട് അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയി സര്‍ക്കാറിന്റെ ഔദാര്യത്തില്‍ മാത്രം വിജയിച്ചതാണ് എന്ന് വരുന്നത് ഉറക്കമിഴിച്ചിരുന്ന് പഠിച്ച് പത്ത് കടന്ന എല്ലാ കുട്ടികളോടും ചെയ്യുന്ന ക്രൂരതയാണ്. അവരെ വിജയ സോപാ‍നത്തിലേക്ക് ആ‍നയിച്ച അദ്ധ്യാപകരുടെ ഉദ്ദേശ്യ ശുദ്ധിയേയും നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന വിവാദങ്ങളിലേക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.

പത്തിന്റെ ചോദ്യങ്ങള്‍ ലളിതമായിരിക്കാം. ആകട്ടെ. എഴുതുന്ന കുട്ടികളില്‍ ഭൂരിപക്ഷവും വിജയിക്കട്ടെ. പത്ത് ജയിച്ചു എന്ന് കണ്ട് ഒരു സര്‍ക്കാറും ജീവിക്കാനുള്ള സംവീധാനങ്ങള്‍ ഒരുക്കാത്തിടത്തോളം പത്ത് എന്ന കടമ്പ ഏറ്റവും എളുപ്പം കടക്കാന്‍ കഴിയുന്ന തരത്തിലേക്ക് പത്തിന്റെ പരീക്ഷ ലളിത വല്‍ക്കരിക്കുകയാണ് ചെയ്യേണ്ടുന്നത്. എല്ലാവരും ജയിക്കട്ടെ. ജീവിത വിജയം ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ട് സ്വയം പഠിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രം ആയിരിക്കുമല്ലോ? അത് പത്ത് ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ വിജയിക്കേണ്ടുന്നവന്‍ വിജയിക്കും അല്ലാത്തവന്‍ പരാജയപ്പെടും.

എസ്.എസ്.എല്‍.സി പരീക്ഷയിലും മൂല്യനിര്‍ണ്ണയത്തിലും വെള്ളം ചേര്‍ത്തു എന്ന് വാര്‍ത്ത പരക്കുന്നത് ഈ വര്‍ഷം പാസ്സായ എല്ലാ കുട്ടികളുടേയും ഉപരി പഠനത്തിനെ വിപരീ‍തമായി ബാധിക്കും എന്നതില്‍ സംശയലേശമില്ല തന്നെ. പഠിച്ച് ജയിച്ചവരുടെ അദ്ധ്വാനത്തെ കുറച്ച് കാണലാകുമത്. ജയിച്ചവരെ അംഗീകരിക്കുക. പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരീക്ഷയെഴുതിയ കുട്ടികളുടെ കുറ്റമല്ല. അത് സംഘാടകരുടെ പിടിപ്പ് കേടാണ്. ആ പിടിപ്പ് കേട് ഈ വര്‍ഷം പത്ത് ജയിച്ച കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേക്ക് നീങ്ങരുത്. വരും വര്‍ഷങ്ങളില്‍ ആവുന്നത്ര കുട്ടികളെ വിജയിപ്പിക്കാന്‍ ശ്രമിക്കുക. പത്തിന് ശേഷം അവരവരുടെ വിധി അവരവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ!

Monday, May 12, 2008

ഫല്‍ഗൂന് വീണുകിട്ടിയ മഹാഭാഗ്യം

ഓര്‍ക്കാപുറത്താണ് ആ സന്ദേശം ഫല്‍ഗുനനെ തേടിയെത്തിയത്. അഞ്ചു ലക്ഷം ദിര്‍ഹം സമ്മാനം. കേവലം എഴുന്നൂറ് ദിര്‍ഹം പ്രതിമാസ വരുമാനത്തില്‍ പ്രവാസ ജീവിതമാരംഭിച്ച ഫല്‍ഗു ജീവിതത്തിന്റെ രണ്ടറ്റവും ഒരു വിധം കൂട്ടി യോജിപ്പിച്ചുകൊണ്ട് പേര്‍ഷ്യക്കാരന്റെ വേഷം ധരിച്ചു ജീവിച്ചു പോകവേയാണ് പതിനേഴ് വര്‍ഷത്തിന് ശേഷം ആ വാര്‍ത്ത ജീവിതമാകെ മാറ്റിമറിക്കുമാറ് ഫല്‍ഗുവിലേക്കെത്തിയത്.

പതിനേഴുവര്‍ഷമായി ഫല്‍ഗു പ്രവാസിയായിട്ട്. ആദ്യം തുടങ്ങിയടത്ത് തന്നെയാണോ ജീവിതം എന്ന് ചോദിച്ചാല്‍ അല്ല എന്ന് സത്യസന്ധമായി ഫല്‍ഗു ഉത്തരം പറയും. നിഷ്കളങ്കമായ ഒരു ചിരിയില്‍ ഫല്‍ഗുവിന്റെ ജീവിത വിജയം നിങ്ങള്‍ക്ക് കേള്‍ക്കാം.

മൂന്ന് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബം നോക്കേണ്ടുന്ന ഉത്തരവാദിത്തം ഫല്‍ഗുവിനെ ഏല്പിച്ച് കൂലിപണിക്കാരനായ അപ്പന്‍ നേരത്തേ അന്ത്യവിശ്രമം തേടിയതു കൊണ്ട് പതിനാലാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് ഫല്‍ഗു കെട്ടിടം പണിക്ക് സഹായിയായി തന്റെ കരീയര്‍ ആരംഭിച്ചു. അന്നന്നത്തെ അപ്പം തേടിയുള്ള പരക്കം പാച്ചിലില്‍ തന്റെ മൂന്ന് സഹോദരിമാരും ഫല്‍ഗുവിനോടൊപ്പം കെട്ടിടം പണിക്ക് കൂടി. നാലുപേരും കൂടി അദ്ധ്വാനിച്ച് അല്ലലില്ലാതെ കഴിയവയാണ് തലവരിയൊന്നും കൊടുക്കാതെ ഹെല്‍പ്പര്‍ തസ്തികയില്‍ ഫല്‍ഗുവിന് ദുബായിലേക്ക് വിസ തരപ്പെടുന്നത്. പരദേശത്താണെങ്കില്‍ മാത്രമേ പണിയെടുക്കൂ എന്ന ജനുസ്സില്‍ പെട്ട ആളല്ലാത്തതു കൊണ്ട് തന്നെ ദുബായില്‍ വിമാനമിറങ്ങുമ്പോള്‍ പുതിയൊരു സൈറ്റില്‍ പണിക്ക് വന്നു എന്ന ഒരു തരം വികാരമേ ഫല്‍ഗുവിനുണ്ടായിരുന്നുള്ളു.

സഹോദരിമാരെ കൂലിപണിക്ക് വിടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായേ ഫല്‍ഗു തന്റെ ഗള്‍ഫ് യാത്രയേ കണ്ടുള്ളു. ആദ്യമാസം ശമ്പളമായി കിട്ടിയ പണം നാട്ടിലേക്കയച്ച് ഫല്‍ഗു സഹോദരിമാരോട് കൂലിപണിക്ക് പോകുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹോദരിമാരുടെ കൂലിപണി അവസാനിപ്പിച്ചത് തന്നെയാണ് ഫല്‍ഗൂനെ സംബന്ധിച്ചിടത്തോളം ഏറ്റവും വല്ലിയ നേട്ടമായതെന്ന് ഫല്‍ഗു സഹമുറിയന്മാരോട് അല്പം അഹങ്കാരത്തോടെതന്നെയാണ് പറയാറ്.

മൂന്ന് വര്‍ഷത്തെ പ്രവാസത്തിനിടക്ക് ആദ്യം ലഭിച്ച അവധിക്ക് മടങ്ങി പോക്കില്‍ ഫല്‍ഗു മൂത്ത ചേച്ചിയുടെ വിവാഹം അധികം ആഢംബരമൊന്നുമില്ലാതെ ഭംഗിയായി തന്നെ നടത്തി. പെങ്ങളുടെ ഭര്‍ത്താവിന് ഒരു വിസതരപ്പെടുത്താനും ഫല്‍ഗുവിന് അധികം അദ്ധ്വനിക്കേണ്ടി വന്നില്ല. ഒരോ മുമ്മൂന്ന് വര്‍ഷം കൂടുമ്പോഴും നാട്ടിലേക്ക് പറക്കുന്ന ഫല്‍ഗു ഒരോതവണയും ഒരോ ചേച്ചിമാരുടേയും വിവാഹം നടത്തി. വിവാഹാനന്തരം അളിയന്മാര്‍ ദുബായിലേക്കെത്തുകയും ചെയ്തു കൊണ്ടിരുന്നു. മൂന്ന് ചേച്ചിമാരുടേം വിവാഹശേഷവും വീട് പുതുക്കി പണിയണം എന്ന ബന്ധുക്കളുടേം കൂട്ടുകാരുടേം നിര്‍ബന്ധം അനുസരിക്കപെടാതെ അവശേഷിച്ചു എന്ന് മാത്രം.

നാലാം ലീവിനുള്ളപോക്കില്‍ ഫല്‍ഗുവും വീവാഹിതനായി. ഒരു ചെറുചടങ്ങ്. സ്ത്രീധനമൊന്നും ഫല്‍ഗുവിന് പ്രശ്നമല്ലായിരുന്നു. കൊടുക്കുവാന്‍ നാട്ടുകാര്‍ തയ്യാറുമായിരുന്നു. പക്ഷേ ഫല്‍ഗു തിരഞ്ഞെടുത്തത് ഒരു ഭാര്യയായിരുന്നു. വിലപേശാന്‍ ഫല്‍ഗുവിന് വശമുണ്ടായിരുന്നുമില്ല. ഫല്‍ഗുവിന് അതിന് താല്പര്യവുമുണ്ടായിരുന്നില്ല. മൂന്ന് പെങ്ങള്‍മാരും ഭര്‍ത്താക്കന്മാരോടോപ്പം ഗള്‍ഫില്‍ സുഖമായി കഴിയുന്നു. ഫല്‍ഗുവും ഭാര്യയെ വിസിറ്റ് വിസയില്‍ കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ ഫല്‍ഗുവിനൊണ്ട്. മൂന്ന് പേരും പഠിക്കാന്‍ മിടുക്കരുമാണ്. ഇതെല്ലാം നേടികൊടുത്തത് ഫല്‍ഗുവിന്റെ അദ്ധ്വാനമാണെന്ന് നാട്ടുകാരും ദുബായി ജീവിതമാണെന്ന് ഫല്‍ഗുവും. ഫല്‍ഗുവിന്റെ വാദഗതിയാണ് ശരിയെന്ന് വിധിച്ചുകൊണ്ട് ഇതാ ഇപ്പോള്‍ ഈ വല്ലിയ സമ്മാനവും.

അഞ്ചുലക്ഷം ദിര്‍ഹം! ലോട്ടറിയെടുക്കുകയെന്നത് ജീവിതത്തിലൊരിക്കലും ഫല്‍ഗു ചെയ്യാത്ത ഒരു കൃത്യം. നാട്ടിലേക്ക് പണമയച്ചപ്പോള്‍ കിട്ടിയ കൂപ്പണില്‍ പേരെഴുതി എക്സ്ചേഞ്ചില്‍ വച്ചിരുന്ന ഒരു പെട്ടിയില്‍ നിക്ഷേപിക്കുക മാത്രമേ ഫല്‍ഗു ചെയ്തുള്ളു. ഒരാഴ്ചകഴിഞ്ഞപ്പോള്‍ സമ്മാ‍ന വിവരവുമായി മൊബൈല്‍ ശബ്ദിച്ചു.

പിന്നെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പതിനേഴ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഭാഗ്യവാന് പൌരസമിതി ഗംഭീര സ്വീകരണം തന്നെ നല്‍കി. അദ്ധ്വാനിയായ ഫല്‍ഗുവിനെ കണ്ടുപഠിക്കാന്‍ പൌരമുഖ്യന്മാര്‍ പുതു തലമുറയോട് അലമുറയിട്ടു. സ്വീകരണം കഴിഞ്ഞ് പോകവേ ഫല്‍ഗു പ്രത്യാകമായി കൊണ്ടു വന്നിട്ടുണ്ടാകുമെന്ന് പൌരമുഖ്യര്‍ വെറുതേ കരുതിയ നിറമുള്ള ലഹരിക്ക് വേണ്ടി പൂമുഖത്ത് തിരക്കഭിനയിച്ച് നിന്നവര്‍‍ നിരാശരായി. ഫല്‍ഗുവിന്റെ ജീവിതത്തില്‍ ലഹരി പാനീയങ്ങള്‍ക്ക് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല എന്ന തിരിച്ചറിവോടെ പൌരപ്രമാണിമാര്‍ ഫല്‍ഗുവിന്റെ വീടു വിട്ടിറങ്ങി.

ഫല്‍ഗൂനനെ കൊണ്ട് വീട് പൊളിച്ച് പുതിയത് പണിയിക്കാന്‍ നാട്ടുകാരും വീട്ടുകാരും പരിചയക്കാരും വിശിഷ്യാ കോണ്ട്രാക്ടര്‍മാരുമൊക്കെ വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നു. ഗള്‍ഫിലുള്ള സഹോദരിമാരും കുടുംബവീട് പൊളിച്ച് പുതിയത് പണിയണം എന്ന നിര്‍ബന്ധത്തിലായിരുന്നു. പഴയ വീടിന്റെ കുറവുകളേ കുറിച്ചും പുതിയ വീട് വന്നാലുണ്ടാകാന്‍ പോകുന്ന ഗുണങ്ങളെ കുറിച്ചും ഫല്‍ഗൂന്റെ ഭാര്യ നിര്‍ത്താതെ പതം പറഞ്ഞ് ഒടുവില്‍ ഫല്‍ഗൂന്റെ കൊണ്ട് തറവാട് പൊളിപ്പിച്ചു. പുതിയ വീട്ടിന്റെ പണി ഒരര്‍ത്ഥത്തില്‍ ഫല്‍ഗൂന് സന്തോഷം ഉണ്ടാക്കുകയും ചെയ്തു. രാവിലെ മുതല്‍ വെറുതെയിരിക്കുക എന്ന ശിക്ഷയില്‍ നിന്നും താല്‍കാലികമായെങ്കിലും ഒരു മോചനമായല്ലോ. നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഫല്‍ഗു കവറോളും ഇട്ട് വീടിന്റെ പണിക്കാരേം പ്രതീക്ഷിച്ച് നില്‍ക്കും. എട്ട് മണിക്ക് പണിക്ക് കയറേണ്ടവര്‍ കൃത്യം ഒമ്പത് മണിക്ക് തന്നെ എത്തും. ഫല്‍ഗു പുലര്‍ച്ചേ നാലു മണിക്ക് തന്നെ റെഡിയായിട്ടുണ്ടാവും. വാടക വീട്ടില്‍ നിന്നും പുതുവീട്ടിന്റെ പണിസ്ഥലത്തേക്ക് നടന്നെത്തുകയെന്നതും ഫല്‍ഗൂന് സമയം പോക്കാനുള്ള ഒരു ഉപാധിയായി.

ലോട്ടറി കിട്ടിയോനെ പണിക്കാര്‍ നന്നായി തന്നെ സേവിച്ചു. വീടു പണി കഴിഞ്ഞപ്പോഴേക്കും ലോട്ടറി വീണ ബാങ്ക് അക്കൌണ്ട് ഈര്‍ക്കിലി പരുവമായി കഴിഞ്ഞിരുന്നു എന്നത് ഫല്‍ഗൂന് മാത്രമറിയാവുന്ന സത്യം. ഭാര്യക്ക് അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. ടി.വിയിലെ പുതു പരസ്യങ്ങള്‍ നോക്കി വീട് ആധുനിക വത്കരിക്കുക എന്ന അദ്ധ്വാ‍നത്തിലായിരുന്നു ഭാര്യ മുഴുവന്‍ സമയവും. രണ്ടു നിലക്ക് തലയുയര്‍ത്തി നിന്ന വീട് കാണെ കാണെ ഫല്‍ഗൂന് സന്തോഷത്തെക്കാളേറേ നഷ്ടബോധമാണ് ഉണ്ടായത്. ദുബായിലെ ഒറ്ററൂമിലെ എട്ടു പേരെന്ന ആഢംബരം ഫല്‍ഗൂന് ഗൃഹാതുരത്വം ആയി.

വീട് പണി കഴിയവേ ഫല്‍ഗൂ തൊഴില്‍ രഹിതനായി. ചെയ്യാന്‍ പണിയൊന്നും ഇല്ല. ഫല്‍ഗു പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. വെറുതെയിരിക്കുക എന്ന കൃത്യത്തിനായി പുലര്‍ച്ചേ നാലുമണിക്ക് കൃത്യമായി ഉറക്കമെഴുന്നേല്‍ക്കാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞില്ല. പിന്നെ വൈകുംവരെ വെറുതെയിരിക്കുക എന്നത് ഫല്‍ഗുവിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത പരീക്ഷണവുമായി കഴിഞ്ഞിരുന്നു. തൂമ്പയുമായി പുരയിടത്തില്‍ ഇറങ്ങാമെന്ന് കരുതിയപ്പോള്‍ ഭാര്യമാത്രമല്ല വിലക്കിയത്. അടുത്ത പുരയിടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന വേലായുധനും പറയാനുണ്ടായിരുന്നത്:
“ഫല്‍ഗു മുതലാളി കൂന്താലിയെടുക്കുകയോ? അയ്യോ പാടില്ല. നാളെ ഞാന്‍ കുഞ്ഞികുട്ടനെ ഇങ്ങോട്ട് പറഞ്ഞ് വിടാം”
എന്നാണ്. പിറ്റേന്ന് മുതല്‍ കുഞ്ഞികുട്ടന്‍ ചാര്‍ജെടുക്കുകയും ചെയ്തു.

അങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും ആവശ്യപ്പെടാതെ തന്നെ പരിചാരകന്മാര്‍. ഫല്‍ഗുവിന് ശ്വാസം മുട്ടലായി പരിചാരക വൃന്ദം വീട്ടിലും മുറ്റത്തുമൊക്കെയായി കറങ്ങി നടന്നു. രാവിലെ നാലുമണിക്ക് ഉറക്കമുണരാതിരിക്കാന്‍ ഫല്‍ഗുവിന് കഴിഞ്ഞതേയില്ല. ഉറക്കം വിട്ടെഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം കഴിഞ്ഞ് ടി.വി. യുടെ മുന്നില്‍ കുത്തിപ്പിടിച്ചിരിക്കുക ക്രിത്യസമയത്ത് പ്രാതല്‍ ഉച്ചയൂണ് അത്താഴം ഇടക്ക് ഒന്നു രണ്ട് ചായ അങ്ങിനെയായി ഫല്‍ഗൂന്റെ ദിനചര്യ. ഇതൊന്നുമായും ഇഴകിചേരാന്‍ ഫല്‍ഗൂന് കഴിഞ്ഞുമില്ല. വെറുതെയിരിക്കുക എന്ന ദുഷ്കരമായ അവസ്ഥക്ക് അടിമയാകാന്‍ ഫല്‍ഗൂന് കഴിയുമായിരുന്നില്ല.

അങ്ങിനെയിരിക്കയാണ് ഫല്‍ഗൂന് സ്വയം ചെയ്യാവുന്ന ഒരിക്കലും പരിചാരകന്മാര്‍ ശല്യം ചെയ്യാത്ത ഒരു നേരമ്പോക്ക് ലഭിച്ചത്. കാലിന്റെ മടമ്പില്‍ ഒരു ചെറിയ ചൊറിച്ചില്‍. ടി.വീ. ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫല്‍ഗു മടമ്പില്‍ ചെറുതായി ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിഞ്ഞു തുടങ്ങിയടത്ത് ഒരു കുരുപ്പ് മൂന്ന് നാലു ദിനം കൊണ്ട് പ്രത്യക്ഷപെട്ടപ്പോള്‍ ഫല്‍ഗുവിനുണ്ടായ സന്തോഷം സമ്മാനം ലഭിച്ചു എന്ന് സന്ദേശം ലഭിച്ചപ്പോഴുണ്ടായതിനേക്കാള്‍ എത്രയോ വലുതായിരുന്നു. വളര്‍ന്ന് വരുന്ന കുരുപ്പിനെ പരിപോഷിപ്പിച്ച് ഫല്‍ഗു അനിര്‍വചനീയമായ ഒരു നിര്‍വൃതിയോടെ ടി.വി.യുടെ മുന്നിലിരുന്നു. ദിവസങ്ങള്‍ കഴിയവേ കുരുപ്പ് വലുതായി കൊണ്ടിരുന്നു. മറ്റാരെങ്കിലും കണ്ട് തന്റെ കുരുപ്പ് ചികിത്സിപ്പിക്കാന്‍ ശ്രമിക്കുമോ എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്ന ഭയത്തില്‍ ഫല്‍ഗു തന്റെ ചൊറി രഹസ്യമാക്കി തന്നെ വെച്ചു.ലുങ്കിയുടെ തുമ്പ് മറച്ച് ലുങ്കിക്കടിയിലൂടെ കാലിന്റെ മടമ്പ് ചൊറിഞ്ഞ് കൊണ്ട് ഫല്‍ഗു രഹസ്യമായി ആ അനുഭൂതി നുണഞ്ഞ് കോണ്ട് ദിനങ്ങള്‍ തള്ളി നീക്കി. ചെറിയ കുരുപ്പ് വൃണമായി മാറവേ ലുങ്കിയുടെ മറവിനെ അവഗണിച്ച് പുറപെട്ട ദുര്‍ഗന്ധത്താല്‍ കണ്ടുപിടിക്കപെട്ട വൃണത്തെ സുഖപ്പെടുത്താന്‍ ഭാര്യയും മക്കളും പരിചാരകന്മാരും ശ്രമിച്ചത് സ്വീകരണമുറിയില്‍ നിന്നും ഫല്‍ഗൂ അപ്രത്യക്ഷമാകാന്‍ കാരണമായി. പതിവുപോലെ ഒരു ദിനം പുലര്‍ച്ചേ നാലുമണിക്ക് ഉറക്കമെഴുന്നേറ്റ ഫല്‍ഗൂനെ പിന്നെയാരും കണ്ടിട്ടില്ല.

ഫല്‍ഗു എവിടെ എന്ന ചോദ്യം ഇപ്പോള്‍ ആരും ചോദിക്കുന്നില്ല. പെണ്മക്കള്‍ മൂന്ന് പേരും എവിടെയാണെന്നും ആര്‍ക്കും അറിയില്ല. ഭാര്യ ഒരുമുഴം കയറില്‍ നിത്യ ശാന്തി പ്രാപിച്ചതിന് ശേഷം ആ കുട്ടികളെ ചില ദിനങ്ങള്‍ കൂടി മാത്രമേ വീട്ടില്‍ കണ്ടുള്ളു. ദുബായിലായിരുന്ന ഫല്‍ഗൂന്റെ ഓപ്പോള്‍ മാ‍ര്‍ക്കൊന്നും ആ അത്യഹിതം നടന്നിട്ട് നാട്ടിലേക്ക് വരാനും കഴിഞ്ഞില്ല. അവര്‍ക്ക് അവരുടേതായ തിരക്കുകള്‍ ഉണ്ടായിരുന്നു.

ഫല്‍ഗുനനും തിരക്കായിരുന്നു. ശരീരമാസകലം പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി ധര്‍മ്മാശുപത്രിയിലെ മൂലക്ക് നിര്‍ത്താതെ ചൊറിഞ്ഞ് കൊണ്ടേയിരിക്കുകയാണ് അദ്ധ്വാനിയായ ഫല്‍ഗു. ചൊറികുത്തല്‍ എന്ന തന്റേത് മാത്രമായ തൊഴില്‍ അവിരാമം തുടരാനിപ്പോള്‍ ഫല്‍ഗൂന് തടസ്സമേതുമില്ല തന്നെ.

(വായനക്കാരാ: കഥ തികച്ചും സാങ്കല്പികമാണ് കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരും)