Friday, April 17, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 1 : മദ്രാസ് ക്രിസ്ത്യൻ കോളേജ്.

പഴമക്കാർ അദൃശ്യ ശക്തികളുടെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് തുടങ്ങിയ കഥകൾ വാമൊഴിയിലൂടെ കൈമാറി പിൽക്കാലത്ത് ദുരൂഹത ഘനീഭവിച്ച ഇടങ്ങളായി രൂപാന്തരം പ്രാപിച്ച സ്ഥലങ്ങൾ ലോകത്തിന്റെ പലസ്ഥലങ്ങളിലും കണ്ടെത്താൻ ആകും. ചെന്നൈ നഗരവും അതിൽ നിന്നും ഒട്ടും വിഭിന്നം അല്ല. കെട്ടുകഥകൾ ആണ് എല്ലാം എങ്കിലും ദുരൂഹതകൾ വായിച്ചിരിക്കുക എന്നത് ദുരൂഹം നിറഞ്ഞ ഒരു അനുഭൂതിയാണല്ലോ?
.
ഈ സീരീസിൽ ആദ്യം നമ്മൾ പോകുന്നത് ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ടതും വിദ്യാഭ്യാസത്തിന്റെ നിലവാരം കൊണ്ട് ഭാരതത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നുമായ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ കാമ്പസിലേക്ക് ആണ്. മദ്രാസിന്റെ  ഹൃദയഭാഗമായ  ആയ എഗ്‌മോറിൽ  1835-ൽ ഒരു ബോയ്സ് ഹൈസ്‌കൂൾ ആയി തുടക്കം കുറിച്ച സ്‌കൂൾ ആണ് പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജ് ആയി രൂപാന്തരം പ്രാപിക്കുന്നത്.  മദ്രാസ് ക്രിസ്ത്യൻ കോളേജ് ഇന്ന് ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭാസ സ്ഥാപനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
.
ഏകദേശം അഞ്ഞൂറോളം ഏക്കർ വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന കാമ്പസ് പ്രകൃതിയുടെ നിഗൂഢത തേടുന്നവരെ പ്രചോദിപ്പിക്കുന്ന രീതിയിൽ നിബിഢ വനമാണ്. നീണ്ട വരാന്തകളും ആളൊഴിഞ്ഞ കോണുകളും തെരുവുകളും വളവുകളും പഴമയുടെ ഗന്ധവും എല്ലാം ചേർന്ന് നിഗൂഢമായ ഒരിടമല്ലേ എന്ന് ചിന്തിക്കുന്നവർക്ക് കാമ്പസ് അതേ എന്നുത്തരം തരും.
.
കോളേജ് താമ്പരത്തെക്ക് മാറ്റിയ 1937 കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി കാമ്പസിൽ വെച്ച് ആത്മഹത്യ ചെയ്തു. ബിഷപ്പ് ഹേബെർ  ഹാളിലെ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ വെച്ചാണ് ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്രണയ നൈരാശ്യമായിരുന്നു കാരണം. സിംഗിൾ സൈഡ് പ്രണയം ആയിരുന്നു. പെൺ കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആ കാമുകൻ   നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. അതേ തുടർന്ന് അന്വഷണത്തിൻറെ ഭാഗമായി നൂറ്റിനാല്പത്തി എട്ടാം നമ്പർ റൂം കുറേ ദിവസം അടച്ചിട്ടു. പുറത്ത് നിന്നും പോലീസ് റൂം പൂട്ടി സീൽ വെച്ചു. കുറേ നാളുകൾക്കു ശേഷം വീണ്ടും റൂം തുറക്കാൻ ശ്രമിച്ചപ്പോൾ റൂം അകത്ത് നിന്നും പൂട്ടിയിരിക്കുക ആയിരുന്നു അത്രേ. ആ ദിവസം മുതൽ ബിഷപ്പ് ഹേബെർ ഹാളിൽ ആ കാമുകൻറെ ആത്മാവ് ഉണ്ട് എന്ന് പ്രചാരണം തുടങ്ങി.
.
രാത്രിയോ പകലോ എന്നില്ലാതെ നൂറ്റി നാൽപ്പത്തി എട്ടാം നമ്പർ  റൂമിൽ നിന്നും സ്പഷ്ടമല്ലാത്ത ശബ്ദം വരുന്നുണ്ട് എന്നും ഫർണിച്ചറുകൾക്ക് സ്ഥാനഭ്രംശം വരുന്നു എന്നും ജനലുകൾ തനിയെ അടയുകയും തുറക്കുകയും ചെയ്യുന്നു റൂമിൻറെ ജനൽ ചില്ലുകൾ സ്വയം തകരുന്നു എന്നുമൊക്കെ  കഥകൾ ഉണ്ടായി. ആ ഫാൻ വീണ്ടും പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെയും അത് നാശം ആകുന്നു എന്നും കറണ്ട് പോകുന്നു എന്നുവരെ വിശദീകരണങ്ങൾ ഉണ്ടായി. ചിലപ്പോഴെങ്കിലും നേരിട്ട അനുഭവങ്ങൾ ചില കുട്ടികൾ പങ്കു വെക്കുകയും ചെയ്തു.
.
ഒരു സ്പോർട്സ് ഡേയുടെ അന്ന് കായിക മത്സരങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ നേരം വൈകി. അഞ്ചു പേർ അന്ന് കോളേജിൽ തങ്ങാൻ തീരുമാനിച്ചു. നൂറ്റി നാല്പത്തി എട്ടാം റൂമിൻറെ നേരേ താഴേ ഉള്ള ഒരു റൂമിൽ അവർ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം രണ്ടു മണിയായപ്പോൾ എന്തോ ശബ്ദം കേട്ട് അവർ ഞെട്ടിപ്പിടഞ്ഞു എഴുനേറ്റു. ലൈറ്റ് തെളിയിക്കാൻ ശ്രമിച്ചപ്പോൾ ലൈറ്റ് ഫ്യൂസ് ആണ്. കോറിഡോറിലൊക്കെ ലൈറ്റ് തെളിഞ്ഞിട്ടും ഉണ്ട്. ആ റൂമിൽ മാത്രം ഫാനും ഇല്ല ലൈറ്റും ഇല്ല. വെളിച്ചം എത്തിയപ്പോൾ കണ്ടത് സീലിംഗ് ഫാൻ തകർന്ന് നിലത്ത് കിടക്കുകയായിരുന്നു അത്രേ!. ഫാൻ നിലത്ത് വീണ ശബ്ദമായിരുന്നു അവർ കേട്ടത്.
.
ഒരിക്കൽ നൂറ്റി നാല്പത്തി എട്ടാം നമ്പർ റൂമിൽ താമസിച്ചിരുന്ന രണ്ടു കുട്ടികൾക്കും ഇതുപോലെ വിചിത്രാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ രണ്ടു ദിവസം പ്രശ്നം ഒന്നും ഇല്ലായിരുന്നു. മൂന്നാം ദിനം രാത്രി  അവരുടെ  അലർച്ച കേട്ട് ഓടിയെത്തിയ അടുത്ത റൂമിലെ കുട്ടികൾ കണ്ടത് പേടിച്ചരണ്ട് നിൽക്കുന്ന റൂംമെറ്റസിനെ ആണ്. ഫിത്തിയിലേക്ക് ചൂണ്ടി അവിടെ രക്തത്തിൽ എന്തോ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു. പക്ഷേ ഓടികൂടിയവർക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ആ റൂമിൽ ഉണ്ടായിരുന്ന കുട്ടികൾ രണ്ടുപേരും ഒരേ പോലെ പറയുന്നു അവിടെ രക്തം കൊണ്ട് എന്തോ എഴുതിയിട്ടുണ്ടായിരുന്നു എന്ന്. ഇരുവരും രാത്രി എന്തോ ശബ്ദം കേട്ട് ഉണർന്നതാണ്. അപ്പോഴാണ് ആ എഴുത്തുകൾ കണ്ടത്. എന്തായാലും ഇരുവരും അന്ന് തന്നെ ആ റൂമിലെ താമസം മതിയാക്കി. അവർക്ക് ഉണ്ടായ തോന്നൽ ആണെന്ന് അടുത്ത റൂമിലെ കുട്ടികൾ സമാധാനിക്കുകയും ചെയ്തു.
.
രാത്രി ടോയ്‌ലെറ്റിലേക്ക് പോയ ഒരു വിദ്യാർത്ഥിയും ഇത് പോലെ ചിലത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലെറ്റിലേക്ക് പോകും വഴി എതിരേ ഒരാൾ വരുന്നുണ്ടായിരുന്നു. ഹോസ്റ്റലിൽ ഉള്ള എല്ലാവരെയും പരസ്പരം അറിയാമായിരുന്നിട്ടും ഇയാളെ ആ കുട്ടിക്ക് മനസിലായില്ല.  ഹോസ്റ്റലിലെ എന്തേലും പണിക്ക് വന്നത് ആയിരിക്കും എന്ന് കരുതി ആ കുട്ടി ടോയ്‌ലെറ്റിലേക്ക് പോയി. തിരികെ വരും നേരം വരാന്തയ്ക്ക് അങ്ങേ അറ്റം അയാൾ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. " നിങ്ങൾ ആരാണ്? ഈ സമയത്ത് ഇവിടെ എന്താണ്?" എന്ന ചോദ്യത്തിന് "അമ്പത്തി ഏഴാം നമ്പർ റൂമിൽ ആരായിരിക്കും?" എന്ന ഒരു ചോദ്യം മാത്രം അയാളിൽ നിന്നുണ്ടായി. മറ്റു മറുപടി ഒന്നും പറയാതെ അയാൾ ഇരുളിൽ മറഞ്ഞു. എന്തോ പന്തികേട് തോന്നിയ ആ കുട്ടി   കോണിപ്പടികൾ ഓടി കയറി  റൂമിലേക്ക് പോയപ്പോൾ കണ്ടത് ആ  മനുഷ്യ രൂപം തന്റെ റൂമിന്റെ വാതിലിനു അഭിമുഖമായി നിൽക്കുന്നതാണ്. ഭയന്ന് അലറി വിളിച്ച് ആ കുട്ടി തിരികെ ഓടിയപ്പോൾ കോണിപ്പടികളിൽ തട്ടി വീണു. ഓടിക്കൂടിയ അടുത്ത റൂമിലെ കുട്ടികൾ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി. നാല് ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ആ കുട്ടി ഹോസ്പിറ്റലിലെ അമ്പത്തി ഏഴാം നമ്പർ റൂമിൽ നിന്നും ആണ് ഡിസ്ചാർജ്ജ് വാങ്ങിയതത്രേ.
.
ഇങ്ങിനെ നിരവധി സൂപ്പർ നാച്വറൽ കഥകൾ മദ്രാസ് ക്രിസ്ത്യൻ കോളേജിനെ ബന്ധിപ്പിച്ച് ഉണ്ട്. സൂവോളജി ഡിപ്പാർട്മെന്റ്, കെമിസ്ട്രി ലാബ്, തുറന്നയിടങ്ങൾ, വരാന്തകൾ ഒക്കെയും ഓരോ കഥകൾ പറയുന്നുണ്ട്. ഇതെല്ലാം വെറും കെട്ടു കഥകൾ ആണെന്നും ഓരോ വർഷവും തുടങ്ങുമ്പോൾ ജൂനിയർ സ്റുഡന്റ്‌സിനെ കളിയാക്കാൻ വേണ്ടി പറഞ്ഞു തുടങ്ങുന്ന കഥകൾ പിന്നെ പറഞ്ഞു ഫലിപ്പിക്കപ്പെടുന്നത് ആണെന്നും ആണ് കോളേജ് അധികാരികൾ പറയുന്നത്.
.
രണ്ടു തവണ കാമ്പസിൽ പോയിട്ടുണ്ട്. പ്രകൃതി രമണീയമായ സ്ഥലം. കർശന നിയന്ത്രണങ്ങൾ ഉള്ള സെക്യൂരിറ്റി. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് അങ്ങേ അറ്റം മന:സുഖം ലഭിക്കുന്ന കാമ്പസ്.എന്നാൽ മറുവശത്ത്  നിഗൂഢത തേടുന്നവർക്ക് ആവോളം നിഗൂഢതകൾ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടം. നീണ്ട ഇടനാഴികൾ. എങ്ങോട്ടു തിരിഞ്ഞാലും നിബിഢ വനം. നിശബ്ദത തളം കെട്ടി നിൽക്കുന്ന വഴികൾ. എല്ലാം കൊണ്ടും  കേൾക്കുന്ന കഥകൾ ശെരിയാണ് എന്ന് തോന്നിപോകും - നിഗൂഢത തേടുന്നവർക്ക്.
.
അന്ന് ഒൺസൈഡായി ഒരു പെൺ കുട്ടിയെ പ്രണയിച്ച് ആ പ്രണയം നിരസിക്കപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങി ആത്മഹത്യയിൽ അഭയം തേടിയ ആ കാമുകനെ നാളേറെ കഴിഞ്ഞിട്ടും ഓർമ്മിക്കപ്പെടുന്നു എന്നതാണ് ഈ സൂപ്പർ നാച്വറൽ  കഥകളുടെ ബാക്കി പത്രം. അജ്ഞാതൻ ആയ ആ കാമുകൻ അജ്ഞാതയായ ആ പെൺ കുട്ടി    അറിയാതെ അവരെ എത്രമേൽ പ്രണയിച്ചിട്ടുണ്ടാകും?

Thursday, April 02, 2020

കൊറോണ കാലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം : (ഏപ്രിൽ-1)


സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  കാസര്‍കോട്-12, തിരുവനന്തപുരം-2, പാലക്കാട്-1, എറണാകുളം-3, തൃശൂര്‍-2, മലപ്പുറം-2, കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നാല് വിദേശികള്‍ ഉള്‍പ്പൈ 26 പേര്‍ക്ക് രോഗംഭേദമായി.ഇതോടെ കേരളത്തിലാകെ കോവിഡ് ബാധിതരുടെ എണ്ണം 265 ആയി. കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കും. 164130 പേരാണ് ആകെ രീക്ഷണത്തിലുള്ളത്. 622 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
.
കോവിഡ് പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ആദ്യദിനം 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്യാൻ ആയിട്ടുണ്ട്.  21,472 മെട്രിക് ടണ്‍ അരി വിതരണം ചെയ്‌തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും.
.
സൗജന്യ റേഷന്‍ അരി വിതരണം ചെയ്യുന്നതില്‍ അളവിൽ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കും.
.
റേഷന്‍ വിതരണം പൊതുവെ മെച്ചപ്പെട്ട നിലയിലാണ് നടന്നത്. പക്ഷേ ചില സ്ഥലങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്.
.
കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയും. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. 
.
 റോഡുകളില്‍ ആളുകള്‍ കുറഞ്ഞതായാണ് കാണാന്‍ സാധിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിടങ്ങി നടക്കുന്ന സംഭവത്തില്‍ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,155 പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് പുറത്ത് ഇറങ്ങുന്നവർക്ക് എതിരേ പകര്‍ച്ചവ്യാധി ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
.
സംസ്ഥാനത്തേക്ക് 22,153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തി. കര്‍ണാടകയില്‍ റോഡ് പ്രശ്‌നം നിലനില്‍ക്കുകയാണ്. ചരക്ക് നീക്കമടക്കം തടയുന്നു. ഇത് ഒഴിവാക്കണം. 2,70,913 പേര്‍ക്ക് ഇന്ന് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 2,45,607 ഉം സൗജന്യമാണ്. സന്നദ്ധ സേനയുടെ രജിസ്‌ട്രേഷനില്‍ നല്ല പുരോഗതി ഉണ്ടാകുന്നുണ്ട്.
.
അതിഥി തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത് താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊഴിലുടമകള്‍ ഇത്തരക്കാരോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിലേക്കെത്താന്‍ പറയുന്നു. അത് ശരിയായ നടപടിയല്ല. ഇതുവരെയുള്ള സൗകര്യം തൊഴിലുടമകള്‍ തുടര്‍ന്നും തൊഴിലുടമകൾ ലഭ്യമാക്കേണ്ടത് ആണ്.
.
പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 91 ഇടങ്ങളില്‍ വിജിലന്‍സിന്റെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ പരിശോധന കര്‍ക്കശമായി തുടരും. വ്യാജ മദ്യ ഉല്‍പാദനം കര്‍ക്കശമായും തടയും. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും കുടുംബങ്ങളും ഇടപെടണം.
.
ഈ പ്രതിസന്ധി ഘട്ടത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.  പൂര്‍ണമായി ഭേദപ്പെട്ട ആളെ ഭാര്യ വീട്ടില്‍ കയറ്റാത്ത സംഭവമുണ്ടായി. ജില്ലാ ഭരണകൂടം ഇടപെട്ട് പ്രത്യേക താമസസൗകര്യം ഇയാള്‍ക്ക് വേണ്ടി  ഒരുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗ് ശക്തിപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റിദ്ധാരണാജനകമായി പ്രചരണം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രമാണ് പ്രചരിപ്പിക്കേണ്ടത്. അല്ലാത്തത് തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.
.
വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
.
കൊറോണ പ്രതിരോധത്തില്‍  പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണം. റേഷന്‍ വ്യാപാരികള്‍ക്കും പൊലീസിനും വിവിധ വീടുകളില്‍ ചെല്ലേണ്ട പാചകവാതക വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കേന്ദ്രത്തെ അറിയിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരാകുന്നതും കാണുന്നുണ്ട്. ഇത് ഒഴിവാക്കണം.
.
ദില്ലി നിസാമുദ്ദീനൈൽ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ അടിസ്ഥാനമില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം എത്തും മുന്നേ തന്നെ ഇക്കാര്യത്തിൽ നമ്മൾ ജാഗ്രത പാലിച്ചിരുന്നു.
.
രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല.എല്ലാവരും ജാഗ്രത പാലിക്കണം. ആ നിലയില്‍ തന്നെ അത് തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന പരിപാടി ഒഴിവാക്കിയത് നാം ഓര്‍ക്കണം.
.
കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഇടയ്ക് മറ്റു ആരോഗ്യ പ്രവർത്തനങ്ങൾ മന്ദീഭവിക്കരുത്.  കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ആരോഗ്യവകുപ്പ്  അത് ശ്രദ്ധിക്കും. വാക്സിനേഷനുകൾ ഒന്നും മുടക്കം വരാതെ ശ്രദ്ധിക്കണം.
.
അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് ചെയ്യാമെന്ന് ബിള്‍ഡിംഗ് ഓണെഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
.
 പൈനാപ്പിൾ വിളവെടുപ്പ് കാലമാണ്. അത് സാമൂഹിക അകലം പാലിച്ച് വിളവെടുക്കണം. വിളവിന്റെ ചരക്ക് നീക്കത്തിന് തടസം ഒന്നും ഇല്ല. ആഭ്യന്തര കൃഷിയിലെ വിളവ് സമയാസമയങ്ങളിൽ എടുക്കണം. അതൊക്കെയും വിപണിയിൽ എത്തിക്കുകയും വേണം. ഒന്നും നശിച്ചു പോകാൻ ഉള്ള സാഹചര്യം ഉണ്ടാകരുത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് എല്ലാം ചെയ്യാൻ ആകണം.
.
ഇപ്പോൾ വേനൽ അധികരിക്കുന്ന സമയമാണ്. വാഴ കൃഷിക്ക് നനച്ച് കൊടുക്കേണ്ടുന്ന സമയം. അതിനൊന്നും ഒരു തടസവും വരാതെ ശ്രദ്ധിക്കണം.
.
ഇപ്പോൾ സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനെട്ടായിരം ലിറ്റർ പാൽ അധികം  ആയിട്ടുണ്ട്.അതിൽ അമ്പതിനായിരം ലിറ്റർ പാൽ  സേലത്തെ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയിൽ എത്തിച്ച് പാൽപ്പൊടി ആക്കാൻ ഉള്ള നടപടികൾ പൂർണമായിട്ടുണ്ട്. ബാക്കിയുള്ള പാൽ അഥിതി തൊഴിലാളികൾക്കും അങ്കണവാടി കുഞ്ഞുങ്ങൾക്കും  സൗജന്യമായി നൽകും.
.
അടുത്ത ദിവസം മുതൽ മിൽമ പാൽ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തിൽനിന്ന് 70 ശതമാനമാകും. സഹകരണ മേഖലയിലെ പാൽ കൂടുതലായി വാങ്ങാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ ക്ഷീരകർഷകർക്ക് ആശ്വാസമാകും. മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും കൺസ്യൂമർ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യും.
.
ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിന് പോയ സംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന്   ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു.
.
സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് എന്ന പരാതി പരിഹാര സംവിധാനം; പരാതിയുടെ എണ്ണം കൊണ്ടും കാര്യക്ഷമതകൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരിഹാര സംവിധാനം എന്ന ഖ്യാതി നേടി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ ലഭിച്ചു.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയിൽ സംഭാവനകൾ ലഭിക്കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
.
സാലറി ചലഞ്ചിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ ക്രിയാത്മകം ആണ്. സാലറി ചലഞ്ച് നടപ്പാക്കുമ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പരിഗണിക്കും. സാലറി ചലഞ്ച് പ്രത്യേക അക്കൊണ്ട് വേണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രളയകാലത്ത് ഉള്ള സംഭാവനകൾ പ്രത്യേക പ്രളയ ദുരിതാശ്വാസ  ഫണ്ട് ആയിരുന്നു. ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത് കോവിഡ്-19 ദുരിതാശ്വാസ ഫണ്ടാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടന്നു എന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിന് സ്വയം മനസ്സിലായിട്ടുണ്ട്.
.
മുഖ്യമന്ത്രി പറഞ്ഞു നിർത്തുമ്പോൾ ആത്മധൈര്യം കൂടുകയാണ്. അതിജീവനത്തിനു ഉള്ള മാർഗ്ഗങ്ങൾ ആണ് ഓരോ പത്രസമ്മേളനത്തിലൂടെയും വിദേശദീകരിക്കപ്പെടുന്നത്.
.
നാം അതിജീവിക്കുക തന്നെ ചെയ്യും. 

Wednesday, April 01, 2020

ധാരാവിയിലെ കൊറോണ മരണം നൽകുന്ന മുന്നറിയിപ്പ്.

ഷ്യയിലെ ഏറ്റവും വല്യ ചേരി പ്രദേശമായ ധാരാവിയാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലവും. ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്ററിൽ എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്നിടം. അവിടെ കൊറോണ പടർന്നു പിടിച്ചാൽ എന്താകും എന്ന ആശങ്ക നേരത്തേ പങ്കു വെച്ചിരുന്നു.
.
നിർഭാഗ്യകരം എന്ന് പറയട്ടെ, ഇപ്പോൾ ധാരാവിയിൽ നിന്നും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാ ദുരന്തം അതല്ല. 56 വയസുളള ഈ ഹതഭാഗ്യന് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ് എന്നുള്ളതാണ്.
.
മാർച്ച് 23-നു ആണ് ഇദ്ദേഹം പനിയും ചുമയും ശ്വാസം മുട്ടലും ഒക്കെയായി ധാരാവിയിൽ   തന്നെയുള്ള ഒരു ലോക്കൽ ക്ലിനിക്കിൽ പോകുന്നത്. ഒരു വൈറൽ ഫ്യുവറിനു അപ്പുറം ആയ ഒരു ഗൗരവം പരിശോധിച്ച ഡോക്ടർക്ക് തോന്നിയില്ല.  അസുഖം കൂടുതൽ വഷളായപ്പോൾ അദ്ദേഹത്തെ മുംബയിലെ സിയോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാബ്‌ ടെസ്റ്റ് നടത്തി. ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ഉച്ചയോടെ വന്നു, റിസൾട്ട് പോസിറ്റീവ് ആയി.
.
സിയോൺ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ കുറവായത് കൊണ്ടും സുരക്ഷയെ കരുതിയും ഇദ്ദേഹത്തെ കസ്തൂർബാ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കസ്തൂർബാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി രാത്രി പത്ത് മുപ്പതോടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
.
ഇദ്ദേഹത്തിന് ഒരു ട്രാവൽ ഹിസ്റ്ററിയും ഇല്ല. മാർച്ച് ഇരുപത്തി മൂന്നിന് ആദ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും   അതിനു മുന്നെയും അതിനു ശേഷം കൊറോണ പോസിറ്റീവ് ആയ റിസൾട്ട് വരുന്ന വരെയും സമൂഹവും ആയി പൂർണമായും ഇടപഴകിയ റൂട്ട് മാപ്പാണ് ഇദ്ദേഹത്തിന് ഉള്ളത്. അത് കണ്ടെത്തുക അത്രമേൽ സങ്കീർണമാണ്. എന്നിട്ടും ബീ എം സി റൂട്ട് മാപ്പ് ഉണ്ടാക്കാൻ   ഉള്ള ശ്രമത്തിൽ ആണ്.
.
ഡോക്ടർ ബിർള നഗർ എസ്സ്. ആർ. എ സൊസൈറ്റി ഇദ്ദേഹം താമസിച്ചിരുന്നതിന്റെ സമീപത്തെ മുന്നൂറിൽ അധികം  ഫ്‌ളാറ്റുകളും  നൂറിലധികം ഷോപ്പുകളും ഇന്ന്  പൂർണമായും ക്ളോസ് സീൽ ചെയ്തിട്ടുണ്ട്.   പ്രാഥമിക സമ്പർക്ക ലിസ്റ്റ് ഉണ്ടാക്കി അവരെ ക്വറന്റൈൻ ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരമായി ഇടപെടുന്ന ഷോപ്പിലെ ആളുകളുടെയും സാമ്പിൾ സ്വാബ് ടെസ്റ്റിന് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള എലലാ സീനിയർ സിറ്റിസെൻസിന്റെയും സാമ്പിളും ടെസ്റ്റിന് വിട്ടു.
.
പക്ഷേ ഇപ്പോൾ എടുത്തിരിക്കുന്ന ഈ സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് ഇരുപത്തി മൂന്നിന് തന്നെ ചെയ്യേണ്ടിയിരുന്നതാണ്. അതും ധാരാവി പോലെയുള്ള ഒരിടത്ത് കൊറോണ സംശയിക്കത്തക്ക തരത്തിൽ ഒരു പേഷ്യന്റ് ക്ലിനിക്കിൽ എത്തിയതിനെ ഗൗരവത്തിൽ എടുക്കാൻ ക്ലിനിക്കിലെ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി.
.
കൊറോണയെ അലംഭാവത്തോടെ സമീപിക്കാൻ ആകില്ല. മരണ നിരക്ക് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിൽ  ആണ് മൂന്നു ശതമാനം. രോഗം പടരുന്നതിന് അനുസരിച്ച്  ആരോഗ്യമേഖലയിൽ എല്ലാ രോഗികൾക്കും വേണ്ടത്ര ചികിത്സ  ലഭ്യമാക്കാൻ കഴിയാതെ വരും. കിടത്താൻ കൃത്യമായ കിടക്കയോ ആശുപത്രി സൗകര്യങ്ങളോ മരുന്നോ ഇല്ലാതെ വരും. ഇറ്റലിയിൽ കണ്ട പോലെ പൊതുനിരത്തിൽ കിടക്കകൾ ഇടേണ്ടി വരും. ആ സാഹചര്യത്തിൽ മരണ നിരക്ക് മൂന്ന് ശതമാനം ആകില്ല. കൊറോണ ബാധിച്ചാൽ മരണം എന്ന അവസ്ഥ എത്തും. കരുതൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ലോകത്തിനു മുന്നിൽ ഇല്ല.
.
മനുഷ്യൻ അത്രമേൽ ഇടതിങ്ങി   ജീവിക്കുന്ന ധാരാവിയിൽ ഇപ്പോൾ ഉണ്ടായ അശ്രദ്ധ കൂടുതൽ ദുരന്തങ്ങൾക്ക് ഹേതുവാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇപ്പോൾ ആകുള്ളൂ.

കൊറോണകാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം (മാർച്ച്-31)


സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.  കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ  215 ആയി. സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. പോത്തൻകോട് സ്വദേശി ആണ് മരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്.

ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിഗില്‍ നല്ല പുരോഗതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ കൊറോണ ബാധിതർ ഉള്ള  കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലയിലെ പഞ്ചായത്ത്‌ തല ഡാറ്റ എടുത്ത്‌ പെട്ടെന്ന്‌ ടെസ്‌റ്റിനയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്‌റ്റ്‌ എടുത്ത്‌ പ്രത്യേകം പരിശോധിക്കും. സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ടെസ്‌റ്റിങ്ങിനുള്ള അനുമതി ഐസിഎംആറിൽനിന്ന്‌ ലഭിച്ചുകഴിഞ്ഞു. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
.
7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് വളരെ വേഗം റിസൾട്ട് വാങ്ങാനാകുന്നതും ഉണ്ട്.
.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകളിലൂടെ കഴിഞ്ഞ ദിവസംമാത്രം 1.54 ലക്ഷം പേർക്ക്‌ ഭക്ഷണം നൽകാനായി.  സംസ്ഥാനത്തെ 1034 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 1031ലും അടുക്കളകൾ തുറന്നു കഴിഞ്ഞു.  ആകെ 1213 സമൂഹ അടുക്കളകൾ  പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ 1,37,930 പേർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തതും സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവരുമായ നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകുന്നതിനാണ്‌ പ്രത്യേകം അടുക്കളകൾ തുറന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടാകണം.

പണം നൽകി ഭക്ഷണം വാങ്ങാൻ തയ്യാറാകുന്നവർക്ക്‌ ഇതുവഴിയല്ല വിതരണം ചെയ്യേണ്ടത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനായി തുടങ്ങുന്ന 1000 ഹോട്ടലുകളിൽ നിലവിൽ പ്രവർത്തനം തുടങ്ങിയവയിൽനിന്ന്‌ പണം നൽകി ഭക്ഷണം വാങ്ങാൻ കഴിയും. എവിടെയൊക്കെ ഭക്ഷണത്തിന് ആവശ്യം വരുന്നുവോ അവിടങ്ങളിൽ പ്രത്യേക ക്രമീകരണത്തോടെ ഇത്തരം ഹോട്ടലുകൾ തുറക്കേണ്ടതായും വരും. ഹോം ഡെലിവറിയായിട്ടാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെനിന്ന്‌ ഭക്ഷണവിതരണം നടത്തേണ്ടത്.
,
നാളെ ഒരു പ്രത്യേക ദിവസമാണല്ലോ? ആളുകളെ പറ്റിക്കാം എന്നൊക്കെയുള്ള ദിവസം. പക്ഷേ ഏപ്രിൽ ഒന്നിന്റെ ആനുകൂല്യത്തിൽ കൊറോണകാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുത്. അങ്ങിനെ പ്രചരിപ്പിക്കുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
.
വീട്ടിൽ കഴിയുന്നവർ  ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കണം ശ്രദ്ധിക്കണം. മുതിർന്നവർ അക്കാര്യം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരുംകൂടി കാര്യങ്ങൾ സംസാരിക്കുക, ചർച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവയ്‌ക്കുക. ഇതെല്ലാം വീടുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കും. പല വീടുകളിലും സ്ത്രീകൾമാത്രമാണ് ജോലി ചെയ്യുന്നത്.  അല്പം ചില വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നത് സ്ത്രീജനങ്ങൾക്ക് സഹായമാകും. അപൂർവം വീടുകളിൽ ഗാർഹിക അതിക്രമമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രതവേണം.
.
മദ്യാസക്തിയുള്ള ആളുകൾ വീടിനടുത്തുള്ള വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം. അങ്ങനെ മദ്യാസക്തിയിൽനിന്ന് മോചനം നേടാൻ  ഈ ഘട്ടത്തിൽ ശ്രമിക്കണം.
.
പെൻഷൻ വാങ്ങുന്നവരിൽ മഹാഭൂരിഭാഗവും മുതിർന്നവരും ആരോഗ്യപ്രശ്നമുള്ളവരുമായതിനാൽ അവരെ മറ്റുള്ളവർ സഹായിക്കണം.
.
ആശുപത്രികളിൽ  ഡോക്ടർമാരെയും മറ്റ്‌ മെഡിക്കൽ ജീവനക്കാരെയും പരിഹസിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വന്തം ജീവൻ  അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ് ഡോക്ടർമാരും മറ്റും  ഏർപ്പെടുന്നത്. ഇതിൽപ്പരമൊരു ത്യാഗമില്ല. ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നർ എന്ന്‌ സ്വയം കരുതുന്ന ചിലർ  പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്  ആപൽക്കരമാണ്. ആരോഗ്യപ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. ഇത്തരം നടപടി ഗൗരവമായി തന്നെ സർക്കാർ കാണും.
.
സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കാൻ ഉള്ള എല്ലാ ക്രമീകരണങ്ങളും ആയിട്ടുണ്ട്. റേഷൻ വിതരണത്തിന് ചില നിയന്ത്രണങ്ങളും സുരക്ഷാ സംവീധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. . ഒരേസമയം അഞ്ചിൽ കൂടുതൽ പേർ ക്യൂവിലോ കടയ്‌ക്കു മുന്നിലോ  പാടില്ല. റേഷൻ വാങ്ങുന്നതിന്‌ കാർഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അഞ്ച്‌ ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ  വാങ്ങാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ വാങ്ങാം.  ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ്‌ റേഷൻ വിതരണം.
.
റേഷൻ കടകളിൽ എത്തുന്നവർ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച്‌ കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവർ കടകളിൽ വരരുത്. നേരിട്ടെത്താൻ കഴിയാത്തവർക്കുള്ള റേഷൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകർ  വീടുകളിലെത്തിക്കണം.   കാർഡില്ലാത്തവർ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക്‌ നൽകണം. മറ്റൊരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർക്കുമാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക.
.
കേന്ദ്ര സർക്കാർ മുൻഗണനാവിഭാഗത്തിന്‌  പ്രഖ്യാപിച്ച അഞ്ച്‌ കിലോ അരിയുടെ വിതരണവും ഏപ്രിലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.റേഷൻ കടകളിൽ തിരക്ക്‌ കൂട്ടാതിരിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.
.
ഇപ്പോൾ ലഭ്യമാക്കുന്ന റേഷൻ : മഞ്ഞ കാർഡുള്ളവർക്ക് 35 കിലോ കുറി. പിങ്ക് കാർഡുള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം അരി. നീല വെള്ള കാർഡുമകൾക്ക് 15 കിലോ അരിവീതം. സൗജന്യ റേഷൻ വാങ്ങുന്നതിനു ഓരോ ദിവസവും തിരക്ക് കുറയ്ക്കാൻ താഴെ നൽകുന്ന ക്രമം സ്വീകരിക്കും. താഴെനൽകുന്ന
.
ബുധനാഴ്ച: പൂജ്യം, ഒന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വ്യാഴാഴ്ച: രണ്ട്, മൂന്ന് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വെള്ളിയാഴ്ച: നാല്, അഞ്ച് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ശനിയാഴ്ച: ആറ്, ഏഴ് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ഞായറാഴ്ച: എട്ട്, ഒമ്പത് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സംഭാവനകൾ എത്തുന്നുണ്ട്. ഇന്ന് അഞ്ചരക്കോടി രൂപ സംഭാവനയായി എത്തിയിട്ടുണ്ട്.
.
കർണാടക അതിർത്തിയിലെ പ്രശ്നനങ്ങൾ പല തലത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരൻ ആണ്. എല്ലാം രമ്യമായി പരിഹരിക്കാൻ ആകും എന്ന് തന്നെ കരുതുന്നു.

Tuesday, March 31, 2020

മതവ്യാപന സമ്മേളനം കൊറോണ വ്യാപനത്തിന് ഇന്ധനം ആകുമോ?


മാർച്ച് പതിമൂന്ന് മുതൽ പതിനഞ്ച് വരെ ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് ഇന്ത്യയിൽ കൊറോണ വ്യാപനത്തിന് ഇന്ധനം നൽകിയത് പോലെ ആയിട്ടുണ്ട്. നിസ്സാമുദ്ദീനിലെ മർക്കസ് സെന്ററിൽ കൂടിയ ജമാഅത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഇരുനൂറ്റി അമ്പതിൽ അധികം വിദേശികളും പ്രസ്തുത പ്രാർത്ഥനാ  സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടിൽ ആ സമ്മേളനത്തിൽ പങ്കെടുത്ത പത്ത് പേർ കൊറോണ ബാധിച്ച് മരിച്ചു എന്നാണു.
.
തെലുങ്കാനയിൽ ഇതുവരെ ആറ് മരണങ്ങളും തമിഴ്‌നാട്, കർണാടക, ജമ്മുകാശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോരുത്തരും ആണ് മരിച്ചത്. ഇവർ എല്ലാവരും നിസ്സാമുദ്ദീനിലെ ജമാഅത്തിൽ പങ്കെടുത്തവരോ അവരുടെ ബന്ധുക്കളോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി ആളുകൾ ഗുരുതരം ആയ അവസ്ഥയിലും ആണ് എന്നാണു ഒടുവിൽ കിട്ടുന്ന വിവരം.
.

തബ്‌ലീഗ് ജമാഅത്തിന്റെ ഉത്ഭവവും വളർച്ചയും ഇന്ത്യയിൽ തന്നെയാണ്. 1926 -ൽ മൗലാനാ മുഹമ്മദ് ഇല്യാസ് ആണ് തബ്ലീഗ് ജമാഅത്ത് സൃഷ്ടിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ ഇസ്‌ലാമിക മതപ്രചാരണമാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രാഥമിക ലക്‌ഷ്യം. നബിചര്യകളെ കർക്കശമായി പിന്തുടരുന്ന പ്രസ്ഥാനമാണിത്. മത പ്രചാരണത്തിലൂടെ അന്യ മതസ്ഥരെ മതം മാറ്റി തൗഹീദിലേക്ക് കൊണ്ടുവരിക എന്നതിലുപരി സ്വസമുദായത്തിലെ തന്നെ അംഗങ്ങളെ കൂടുതൽ ഇസ്‌ലാമിക വൽക്കരിക്കുക എന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ പെടുന്നു. ഇന്ത്യയിൽ രൂപം കൊണ്ട് ലോകം എമ്പാടും വ്യാപിച്ച പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഒരു പക്ഷേ തബ്ലീഗ് ജമാഅത്ത് ആകും. യൂറോപ്പിലെ ഏറ്റവും വലിയ പള്ളി  തബ്ലീഗ് ജമാഅത്ത് നിർമ്മിച്ചതാണ്. ലണ്ടനിൽ ആണ് ആ പള്ളി ഉള്ളത്. ബ്രിട്ടണിലെ നാല്പത് ശതമാനം മസ്ജിദുകളും നിയന്ത്രിക്കുന്നത് ഇവർ ആണ്.

.
കുടുംബത്തെയും നാടിനെയും ഒക്കെ ഉപേക്ഷിച്ച് മതപ്രബോധനത്തിനായി ദേശാടനം ആണിവരുടെ പ്രധാന പരിപാടി. തബ്‌ലീഗ് ജമാഅത്തിൽ പെട്ടു പോകുന്നവർ അവരുടെ കുടുംബങ്ങളെ നരക തുല്യം ആക്കും. അവരുടെ കുടുംബത്തിൽ പിന്നെ അടിമുടി മാറ്റം ആകും. ഏറ്റവും കൂടുതൽ വിഷമത്തിൽ ആവുക ഇവരുടെ ഉമ്മയും പെങ്ങന്മാരും ഒക്കെയാണ്. ഭാര്യയുടെ കാര്യം പിന്നെ പറയുകയും വേണ്ട.
.
സോഷ്യൽ മീഡിയയിൽ ഒക്കെ ആദ്യകാലങ്ങളിൽ വിമുഖത കാണിച്ചിരുന്ന ഈ കൂട്ടം ഇപ്പോൾ ആധുനിമ വിവര വിനിമയ സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെയും കൂടി മതപ്രചാരണം നടത്തുന്നുണ്ട്. സലഫിസവും ആയി ഏറ്റവും ചേർന്ന് നിൽക്കുന്ന സംവിധാനം ആണ് തബ്ലീഗ് ജമാഅത്ത്. മുജാഹിദ് പ്രസ്ഥാനമായി പലപ്പോഴും തബ്ലീഗ് ജമാഅത്ത് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
.
ഒന്നിച്ചുറങ്ങുക. ഒരേ പാത്രത്തിൽ നിന്നും വട്ടമിട്ടിരുന്നു ഉണ്ണുക, ഒരേ കപ്പിൽ നിന്നും കുടിക്കുക, ഒരുമിച്ച് ഒരേ പായയിൽ കിടന്നുറങ്ങുക, ഒരേതരം വസ്ത്രം ധരിക്കുക, ഇടയ്ക്കിടയ്ക്ക് ആലിംഗനം ചെയ്യുക, ചുംബിക്കുക എന്ന് വേണ്ട കൊറോണ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതൊക്കെയും ഇവരുടെ ജീവിത ചര്യകളിൽ ഉണ്ട്. ഒരു പാത്രത്തിനു വട്ടമിട്ടു കഴിക്കുമ്പോഴും പരസ്പരം പങ്കുവെക്കലും ഇവരുടെ ഭക്ഷ്യ ശീലമാണ്. വീട്  വിട്ടറങ്ങിയാൽ മാസങ്ങളോളം മതപ്രബോധനവും ആയി ദേശാന്തരങ്ങൾ കറങ്ങും. തികച്ചും മതജീവികൾ.
.
നിസാമുദ്ദീൻ മർക്കസ് 
നിസാമുദ്ദീനിൽ മാർച്ച് പതിമൂന്നാം തീയതി ആണ് ജമാഅത്ത് തുടങ്ങിയത്. മാർച്ച് പതിനഞ്ചിനു ജമാഅത്ത് കഴിഞ്ഞു. കൊറോണ താണ്ഡവം ആടുന്ന വിദേശ രാജ്യങ്ങളിൽ പലതിൽ നിന്നും ജമാഅത്തിൽ ആളുകൾ എത്തിയിട്ടുണ്ട്. മാർച്ച് പതിനഞ്ച് എന്നത് ലോക്ക് ഡൌൺ അല്ലായിരുന്നു എങ്കിലും സാമൂഹിക അകലം പാലിക്കുന്ന സമയം ആയിരുന്നു. കൊറോണ പടർന്നു കൊണ്ടിരിക്കുന്ന ആ സമയത്ത് ആണ് ഇരുനൂറ്റി അമ്പതിൽ അധികം വിദേശികൾ ഉൾപ്പെടെ എണ്ണായിരത്തോളം ആളുകൾ അവിടെ ഒത്തു കൂടിയത്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധയിടങ്ങളിൽ നിന്നും ഒത്തു കൂടി എന്നത് മാത്രം അല്ല ഇവർ ഉണ്ടാക്കുന്ന പ്രശ്നം. തബ്ലീഗ് ജമാഅത്ത് കൂടുന്നിടത്തേക്ക് അതാത് പ്രദേശത്തെ ആൾക്കാരെ കഴിയുന്നതും മതസമ്മേളനത്തത്തിലേക്ക് എത്തിക്കാൻ പാരിദോഷികങ്ങൾ അടക്കം ഉള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും. പ്രാദേശിക വാസികളെ കൂട്ടുകയും ചെയ്യും.
.
തമിഴ് നാട്ടിൽ നിന്നും മാത്രം ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നാണു അറിയുന്നത്. കേരളത്തിൽ നിന്നും മുപ്പതോളം ആളുകളും പോയിട്ടുണ്ട് എന്നാണു പ്രാഥമിക വിവരം. നിസാമുദ്ദീനിലെ മാർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ ഏറ്റവും അടുത്ത ഹോസ്പിറ്റലുകളിൽ റിപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞാൽ അവർ എത്തില്ല. മത ജീവിതത്തിൽ അവർക്ക് ഹോസ്പിറ്റലുകൾ അത്ര പ്രാധാന്യം ഉള്ള ഒരു സംഗതിയേ അല്ല. ഇങ്ങിനെ ഒരു സന്ദേശം ലഭിച്ചാൽ അവർ ഉടൻ ഏറ്റവും അടുത്ത പള്ളിയിലേക്ക് പോകും അത്ര തന്നെ. കരണീയം ആയിട്ടുളളത് ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നറിഞ്ഞാൽ അവരെ ഹോസ്‌പിറ്റലിലേക്ക് എത്തിക്കാൻ പൊതുസമൂഹം നടപടികൾ സ്വീകരിക്കുക എന്നതാണ്.
.
നിസാമുദ്ദീനിൽ ജമാഅത്തിൽ പങ്കെടുത്തിട്ട് അവർ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. 334  പേരെ ഇതുവരെ കൊറോണ ലക്ഷണങ്ങളോടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എഴുനൂറിൽ അധികം പേരെ ക്വറന്റൈനിൽ ആക്കി.  സമ്മേളനം  കഴിഞ്ഞിട്ടും ആയിരത്തിൽ  അധികം  പേര് മർകസിൽ ഉണ്ടായിരുന്നു. ഇന്നോടെ  എല്ലാവരെയും ഒഴിപ്പിച്ചു. യാതൊരു വിധ സുരക്ഷാ സംവിധാനവും അവലംബിക്കാതെ സമൂഹവും ആയി ഇടപഴകുന്നും ഉണ്ടാകും. കൊറോണ കാലത്ത് ഇവർ ഉണ്ടാക്കിയ സാമൂഹിക വ്യാപനം ചെറുതല്ല. ഇവരുടെ റൂട്ട് മാപ്പ് ഉണ്ടാക്കുക എന്നത് ഒക്കെ വല്യ വെല്ലുവിളി തന്നെയാകും. മതജീവികൾ സമൂഹത്തിനു ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഒന്ന് കൂടി ചേർത്ത് എഴുതാം.