Friday, April 25, 2008

സരബ്‌ജിത് സിങ്ങ് ദയ അര്‍ഹിക്കുന്നില്ലേ?

അവസാനം ഇന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് സരബ്‌ജിത് സിങ്ങിന്റെ കൊലക്കയര്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് പ്രസ്ഥാവിച്ചിരിക്കുന്നു.

പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സ്ഫോടനക്കേസില്‍ സാഹചര്യ തെളിവുകളുടെ പിന്‍ബലത്തില്‍ പ്രതിയാക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതം അപ്പാടെ ജയിലില്‍ ഹോമിക്കപ്പെട്ട് ജീവിത സായഹ്‌നത്തിലെക്കുത്തുന്ന അവസരത്തില്‍ അവന് വേണ്ടി ഒരു കയറും കൂടി ഒരുക്കുക. ദയനീയം എന്നാല്ലാതെ ഇതിനെ എങ്ങിനെ കാണാന്‍ കഴിയും?

ഒരാനക്ക് കലിയിളകിയപ്പോള്‍ നിമിഷം കൊണ്ട് പൊലിഞ്ഞത് ജീവന്‍ മൂന്നെണ്ണം. ദിനേനെ ലോകമെമ്പാടും ഭീ‍കര വാദത്തിന്റേയും മതമൌലിക വാദത്തിന്റേയും കൊടികളുടെ വര്‍ണ്ണത്തിന്റേയും ദൈവത്തിന്റേയും എന്തിന് സമാധാനത്തിന്റേയും വരെ പേരില്‍ കൊല്ലപ്പെടുന്നവരുടേയും രക്ഷസാക്ഷിത്വം വരിക്കുന്നവരുടേയും കഥകള്‍ക്കിടയില്‍ ഒരു സരബ്‌ജിത് സിങ്ങിന്റെ ജീവനെന്ത് പ്രാധാന്യം? പക്ഷേ സരബ്‌ജിത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചു? പതിനെട്ട് വര്‍ഷമായി അനുനിമിഷം ഒരു കുടുംബം മരിച്ചു കൊണ്ടേയിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊലകയറിന് കീഴെ ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ട സരബ്‌ജിത് സിങ്ങിന്റെ അനുനിമിഷം മരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ദയ അര്‍ഹിക്കുന്നില്ലേ?


ഒരാള്‍ മരണപ്പെട്ടാല്‍ അതിന്റെ വേദന ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നു പോലും ദിനങ്ങള്‍ കൊണ്ട് അകന്ന് പോകും. സാധാരണ ജീവിതത്തിലേക്ക് അവര്‍ മടങ്ങി വരും. മരണം വരെ ജീവിക്കുകയും ചെയ്യും. മരണം തൊട്ടടുത്തെത്തുമ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരണം എന്ന ചിന്ത തന്നെയായിരിക്കും ആ ബന്ധുവിന് അവസാ‍ന നിമിഷം വരെ ഉണ്ടാവുകയും ചെയ്യുക. അല്ലാതെ “പതിനെട്ട് വര്‍ഷം മുന്നേ മരണപ്പെട്ട എന്റെ ബന്ധുവിന്റെ അടുത്തേക്ക് എന്നെ കൊണ്ടു പോകൂ മരണമേ” എന്ന ചിന്തയോടേ മുന്നേ പോയവര്‍ക്ക് പിന്തുണ കൊടുത്ത് അവരെ സ്മരിക്കുകയൊന്നും ആരെങ്കിലും ചെയ്യുമെന്ന് കരുതുക വയ്യ. അതായത് മരണപ്പെടുന്നവന്‍ ജീവിച്ചിരിക്കുന്നവരെ ഒരു തലത്തില്‍ കൂടുതല്‍ വേദനിപ്പിക്കുന്നില്ല. പക്ഷേ സരബ്‌ജിത് സിങ്ങ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മരിച്ചു കൊണ്ടിരിക്കുന്നു. ആ മരണം അദ്ദേഹത്തിന്റെ ഭാര്യ സുഖ്‌പ്രീത് കൌറിനേയും പെണ്‍‌മക്കളായ സ്വപന്‍‌ദീപിനേയും പൂനത്തേയും ഒക്കെ അനുദിനം കൊലപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

ഇവിടെ ദയ അര്‍ഹിക്കുന്നത് സര്‍ബ്‌ജിത് സിങ്ങിനേക്കാള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പെങ്ങളും ഒക്കെയാണ്. സരബ്‌ജിത് സിങ്ങ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷയായി പോയ പതിനെട്ട് വര്‍ഷത്തെ തടവിനെ കണക്കാക്കി അര്‍ഹിക്കുന്ന ദയ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. അഥവാ തെറ്റു ചെയ്യാതെയാണ് ഈ മനുഷ്യന്‍ കൊലക്കയര്‍ കാത്തു കിടക്കുന്നതെങ്കില്‍ അദ്ദേഹത്തോടും അനുനിമിഷം മരണതുല്യ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ നല്ല ബന്ധുക്കളോടും ലോകം കാട്ടുന്ന ക്രൂരതക്ക് തുല്യതയേതുമില്ല തന്നെ. തുല്യതയില്ലാത്ത ക്രൂരതകള്‍ ഇന്ന് ലോക ക്രമമാണ്. അക്രമികള്‍ ആദരിക്കപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയ ലോക ക്രമത്തില്‍ സരബ്‌ജിത് സിങ്ങിന് മാപ്പ് ലഭിക്കുമെന്നോ മോചിക്കപ്പെടുമെന്നോ കരുതുക വയ്യ.


കോടതി വിധിയുടേയും നിയമ സാധുതയുടേയും പേരില്‍ വധശിക്ഷ നടപ്പാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. കൊടും പാതകം ചെയ്യുന്നവര്‍ക്ക് പോലും തിരുത്തപ്പെടാനുള്ള അവസരം കൊടുത്ത് ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ട് വരികയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ശിലായുഗ നീതി വ്യവസ്ഥയുടെ പ്രേതങ്ങള്‍ ഇന്നും നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ നിന്നും മാഞ്ഞു പോയിട്ടില്ലാ എന്നതിന് തെളിവാണ് വധശിക്ഷ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ കൂടി കൊലപാതകം കൊലപാതകം തന്നെ. തെറ്റു ചെയ്തവനെ ശിക്ഷിക്കണം. കൊലപ്പെടുത്തല്‍ എങ്ങിനെ ശിക്ഷയാകും? മരണപ്പെടുന്നവന് ശിക്ഷയെന്തെന്ന് തിരിച്ചറിയാന്‍ കഴിയുമോ? ഇന്നി ജീവിച്ചിരിക്കുന്നവന് പാഠമാകാനാണ് മറ്റൊരുവനെ കോടതി വിധിയിലൂടെ കൊലപ്പെടുത്തുന്നതെങ്കില്‍ അത് കൊല്ലപ്പെടുന്നവനോടുള്ള നീതി കേടല്ലേ? മറ്റൊരുവന് പാഠമാകാന്‍ വേണ്ടി താന്‍ കൊലചെയ്യപ്പെടുക എന്ന ഏറ്റവും ഹീനമായ കര്‍മ്മത്തിനാണ് അങ്ങിനെയെങ്കില്‍ നീതി പീഠങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. വധശിക്ഷകള്‍ ഒരു തരത്തിലും ഒരു ശിക്ഷാവിധിയല്ല. അത് ഒരു തരത്തിലുള്ള പ്രതികാരമാണ്. പ്രതികാരങ്ങള്‍ കൂടുതല്‍ അനാഥരെ സൃഷ്ടിക്കും. അതിലൂടെ കൂടുതല്‍ കുറ്റവാളികളേയും.


ഭാരതം സരബ്‌ജിത് സിങ്ങിന്റെ ജീവന് വേണ്ടി കേഴുമ്പോള്‍ നാം നമ്മുടെ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നവര്‍ക്കും നീതി നല്‍കണം. വധശിക്ഷ നിരോധിക്കപ്പെടണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. അല്ലാതെ വധിക്കപ്പെടുകയല്ല ചെയ്യേണ്ടുന്നത്. വധശിക്ഷയിലൂടെ കൊടും കുറ്റങ്ങള്‍ കുറക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ലോകത്ത് കൊടും പാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയേ ചെയ്യുമായിരുന്നില്ലല്ലോ? മറ്റുള്ളവര്‍ക്ക് പാഠമായി ലോകമെമ്പാടും പ്രത്യേകിച്ചും ചൈനയിലും മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലും നീതിപീഠങ്ങളുടെ കൊലക്കയറിനിരയായവര്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും പാഠമായിട്ടുണ്ടോ? തെറ്റു ചെയ്യാന്‍ നിശ്ചയിച്ചവന്‍ അത് ചെയ്യും-പിന്തിരിപ്പിക്കാന്‍ സമൂഹ മനസ്സാക്ഷിക്ക് കഴിയാത്തിടത്തോളം ആ തെറ്റ് സമൂഹം ഏറ്റു വാങ്ങേണ്ടിയും വരും.


വധശിക്ഷയ്ക്ക് സരബ്‌ജിത് സിങ്ങ് വിധേയമായാല്‍ ഭരണകൂടത്തിന്റെയും നീതി പീഠത്തിന്റേയും പ്രതികാര മനോഭാവത്തില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നിരന്തരം മരിച്ച് കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ അപ്പാടെ വീണ്ടും കൊലക്കയറില്‍ കേറ്റുന്നതിന് തുല്യമാകുമത്. അദ്ദേഹത്തിന്റെ കുടുംബം ദയ അര്‍ഹിക്കുന്നു. നമ്മുക്ക് കഴിയാവുന്നത് പാകിസ്ഥാന്‍ പ്രസിഡന്റിനൊരു മെസ്സേജയക്കലാണ്. ഒരു ജീവന്‍ പൊലിയുന്നതിനുമപ്പുറം പോയ പതിനെട്ട് വര്‍ഷം ദുരന്തത്തിലാണ്ട് കിടക്കുന്ന ഒരു കുടുംബത്തിന് ഒരാശ്വാസമായി അദ്ദേഹം മോചിപ്പിക്കപ്പെടണം. പാകിസ്ഥാന്‍ പ്രസിഡന്റിന്
ഇതിലൂടെ സന്ദേശമയക്കാം. ഇത് വെറും പ്രകടനപരമാണ്. നമ്മുടെ സന്ദേശങ്ങളുടെ പിന്തുണയോടെ സരബ്‌ജിത് സിങ്ങ് മോചിക്കപ്പെടും എന്ന് കരുതുക വയ്യ. പക്ഷേ തേങ്ങുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരാനെങ്കിലും നാം നമ്മെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമെങ്കിലും ചെയ്യണം.

Thursday, April 24, 2008

“നമുക്കിടയിലെ” ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അഭിനന്ദനങ്ങള്‍‌...



ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.


ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.


പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.


കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.

Wednesday, April 23, 2008

മലയാള ബ്ലോഗെഴുത്തില്‍‌ അക്കാദമികളുടെ പ്രസക്തി.

ചിത്രകാരന്റെ ഒരു പോസ്റ്റിലാണ് ബ്ലോഗെഴുത്തിന്റെ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടത്. ബ്ലോഗിങ്ങിന്റെ രീതികളും സങ്കേതവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു ശില്പശാ‍ലയായിരുന്നു ചിത്രകാരന്‍ മുന്നോട്ട് വെച്ച ചര്‍ച്ച. അവിടെ നിന്നും തുടങ്ങിയ ശില്പശാലകള്‍ ഇന്ന് ജില്ലകള്‍ തോറുമുള്ള ബ്ലോഗ് അക്കാദമികളുടെ രൂപീകരണത്തിലും മലയാള ബ്ലോഗിങ്ങിന്റെ പ്രചരണത്തിലും എത്തി നില്‍ക്കുന്നു. രൂപീകരിക്കപ്പെട്ട ബ്ലോഗ് അക്കാദമികള്‍ ഇപ്പോള്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ ബ്ലോഗെഴുത്തിനും വായനക്കും കൂടുതല്‍ ഊര്‍ജ്ജം പകരും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

പുതുമകള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായിരിക്കും. സംശയ ദൃഷ്ടിയോടെ ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും മറുപടി കൊടുക്കാനും സംശയ നിവര്‍ത്തി വരുത്താനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണം. എങ്കില്‍ മാത്രമേ അക്കാദമി ഏറ്റെടുത്തിരിക്കുന്ന ഉദ്ദേശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുള്ളൂ.


താല്‍ക്കാലികമായി ഉണ്ടായ ഒന്ന് ഫലപ്രാപ്തിയില്‍ എത്തിയതിന് ശേഷം സ്വയം പിരിഞ്ഞ് പോകും എന്ന വിനയമാണ് ഇന്ന് ബ്ലോഗ് അക്കാദമി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി. വ്യവസ്താപിതമായ രീതിയില്‍ ഒരു അക്കാദമി ഉണ്ടായി വരുന്നതിനെ എന്തിന് ഭയപ്പെടണം? മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പൊതു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു പൊതുവേദിയാക്കി മാറ്റിയെടുക്കാന്‍ കഴിയില്ലേ?

കേരളാ ബ്ലോഗ് അക്കാദമി. നല്ല പേര്. ഉദ്ദേശ്യവും ലക്ഷ്യവും അമ്മ മലയാളത്തിന്റെ വളര്‍ച്ച മാത്രം. അത് വ്യവസ്താപിതമായ മാര്‍ഗ്ഗത്തിലും രീതിയിലും ആകുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. ആരെയാണ് പേടിക്കേണ്ടത്. അക്കാദമിക്ക് മെമ്പര്‍ഷിപ്പ് ഉണ്ടാകട്ടെ. ജനാധിപത്യ രീതിയില്‍ മത്സരവും തിരഞ്ഞെടൂപ്പും വോട്ടും ഭരണ പക്ഷവും പ്രതിപക്ഷവും വരട്ടെ.


ആഗോള മലയാള ബ്ലോഗ് അക്കാദമിയും കേരളാ ബ്ലോഗ് അക്കാദമിയും പിന്നെ ഏരിയ തിരിച്ചുള്ള മലയാള ബ്ലോഗ് അക്കാദമികളും രൂപവല്‍ക്കരിക്കപ്പെടണം. തുടക്കം എന്ന നിലയില്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറുള്ളവരെ വെച്ച് താല്‍ക്കാലിക ഭരണ സമിതികള്‍ ഉണ്ടാകണം. പിന്നെ ഭരണ ഘടനയുണ്ടാകണം. തുടര്‍ന്ന് ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥിരം ഭരണ സംവീധാനം ഉണ്ടാകണം. അക്കാദമിയില്‍ അംഗമാകേണ്ടവര്‍ക്ക് മറ്റു തടസ്സമേതുമില്ലാതെ അംഗമാകാനും ഇന്നി അംഗമാകേണ്ടാത്തവര്‍ക്ക് അങ്ങിനെ തുടരാനും കഴിയുന്ന വിധത്തില്‍ ബ്ലോഗ് അക്കാദമികള്‍ രൂപവല്‍ക്കരിക്കപ്പെടണം. മലയാളത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളായ അക്കാദമികള്‍ നല്‍കുന്ന സംഭാവനകളേക്കാള്‍ ബ്ലൊഗ് അക്കാദമി എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്ക് നല്‍കാന്‍ കഴിയും എന്നതില്‍ സംശയമേതുമില്ല തന്നെ.


ബ്ലോഗ് അക്കാദമി എന്നത് മലയാള ബ്ലോഗെഴുത്ത്കാര്‍ക്ക് ഒരുമിച്ച് കൂടാനുള്ളൊരിടമായി മാറണം. അത് സ്വയം രൂപപ്പെട്ട് സ്വയം പിരിഞ്ഞ് പോകേണ്ടുന്ന ഒന്നല്ല. ഒരു സംഘടനയുടെ സ്വഭാവവും ചട്ടക്കൂടും അതിനുണ്ടാകണം. ആര് പിരിഞ്ഞ് പോയാലും സ്വയം പിരിയാന്‍ കഴിയാത്ത ഒരു സ്ഥാപനമായി ബ്ലോഗ് അക്കാദമികള്‍ രൂപപ്പെട്ടുവരണം. ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വിപുലപ്പെടുന്നതിലൂടെ മലയാളത്തിന്റെ മഹത്വവും വളരും. മലയാളത്തില്‍ ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോഴും ചാറ്റില്‍ മലയാളം ഉപയോഗിക്കുമ്പോഴും നാമിന്നനുഭവിക്കുന്ന സായൂജ്യം ഭൂരിപക്ഷ മലയാളികളും അനുഭവിക്കുന്ന ഒരു കാലത്തിലേക്കുള്ള ശക്തമായ ചുവട് വെയ്പായി ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിക്കപ്പെടട്ടെ!

-------------------------------------------------------

ചേര്‍ത്ത് വായിക്കേണ്ടത് : മരീചന്റെ ബ്ലോഗ് അക്കാദമി ചില വേറിട്ട ചിന്തകള്‍.

അതുല്യേച്ചീ‍....




നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു.

അമ്മമലയാ‍ളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകളില്‍ നിറഞ്ഞ സ്നേഹമായി,

സ്വന്തം കരവിരുതില്‍ വിരിയിച്ച കളിപ്പാട്ടങ്ങളും മാലയും വളയും കമ്മലും ഒക്കെ കൂട്ടായ്മകളിലെ കുഞ്ഞുകുരുന്നുകള്‍ക്ക് സമ്മാനിച്ച് ഏവരുടേയും ചേച്ചിയായി നിറഞ്ഞ് നിന്ന അതുല്യേച്ചീ നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു...


ഒരു തിരുത്തല്‍ ശക്തിയായി അല്ലെങ്കില്‍ പരസ്പരം പൊരിനിറങ്ങുമ്പോള്‍ നേര്‍ വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന ഓപ്പോളായി അതുമല്ലെങ്കില്‍ വേറിട്ട് പോകുന്ന ബന്ധങ്ങളുടെ ഇഴയടുപ്പിക്കാന്‍ വൃണിത ഹൃദയത്തോടേ ഓടിനടക്കുന്ന മാതൃസ്നേഹമായി നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ വേണമായിരുന്നു...

അതുല്യേച്ചീ,
വരാനിരിക്കുന്ന കൂട്ടായ്മകളില്‍ നിങ്ങളുടെ സ്നേഹം എന്നും ഓര്‍ക്കപ്പെടും.

നന്ദി. വിട....

Monday, January 28, 2008

ബൂലോകമേ...പുറം തിരിഞ്ഞ് നില്‍ക്കരുത്.

പീ‍പ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് ഏഡിറ്റര്‍ പി.ഗോവിന്ദന്‍ കുട്ടിയെ തടവിലടച്ചിട്ട് ഒരു മാസമാകുന്നു. ഒരു മാവോയിസ്റ്റ് എന്നതിലുപരി പീപ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയിലൂടെ തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പി.ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിക്കാന്‍ കാരണമായി ഭരണകൂടം പറഞ്ഞിരുന്നത്. പക്ഷേ പീ‍പ്പിള്‍സ് മാര്‍ച്ച്മൊത്തം വായിച്ചിട്ടും എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള തീവ്രാശയങ്ങള്‍ സമൂഹത്തില്‍ കുത്തി നിറക്കുന്നതായിട്ടോ തീവ്ര ഇടതു പക്ഷാശയത്തിലേക്ക് യുവജനതയെ തെളിച്ചു കൊണ്ടു പോകൂന്നതായിട്ടോ തോന്നിയിട്ടില്ല. പക്ഷേ സമൂഹത്തില്‍ നടക്കുന്ന അനീതികളെ പീ‍പ്പിള്‍സ് മാര്‍ച്ച് ചോദ്യം ചെയ്യുന്നുണ്ട്. ഏതൊരു ഉത്തമ പൌരനും മുറുകേ പിടിക്കേണ്ട അടിസ്ഥാന തത്വങ്ങളില്‍ ഒന്നു മാത്രമേ പീപ്പിള്‍സ് മാര്‍ച്ച് ചെയ്തിട്ടുള്ളൂ.

പീപ്പിള്‍സ് മാര്‍ച്ചിന്റെ മാവോയിസ്റ്റ് ബന്ധം ഒഴിച്ച് നിര്‍ത്തിയാല്‍ അങ്കിളിന്റെഅഴിമതിക്കെതിരെയുള്ള പോരാട്ടവും തീവ്രാശയ പ്രകാശനമായി കാണാന്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അതുപോലെ ബൂലോകത്ത് ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും എതിരെ പ്രതികരിക്കുന്ന ബ്ലൊഗുകള്‍ ഒക്കെയും തീവ്രാശയപ്രകാശനമായി മാറുകയും ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടിയായിട്ടേ പി.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനേയും തടവിനേയും കാണാന്‍ കഴിയുള്ളൂ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റായിട്ടാണ് എങ്കില്‍ ഇങ്ങിനെയൊരു അഭിപ്രായപ്രകടനത്തിന് സാധുതയൊന്നും ഇല്ല. പക്ഷേ “പീപ്പിള്‍സ് മാര്‍ച്ച്” എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലക്കാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റിനാല്‍ ഹനിക്കപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവുമാണ്.

ബീ.ആര്‍.പി.ഭാസ്കര്‍ അദ്ദേഹത്തിന്റെ വായന എന്ന ബ്ലോഗില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അവിടെ നിന്നുമാണ് ഓണ്‍ലൈന്‍ പെറ്റീഷനെ കുറിച്ച് അറിവ് ലഭിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അവോളം ആസ്വാദിക്കുന്ന ബൂലോകര്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിക്കാന്‍ മുന്നോട്ട് വരണം. ഒരു കമന്റ് ഇടുന്നതിന്റെ നൂറിലൊരു അംശം സമയം കൊണ്ട് ഇതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായ ആശയ പ്രകാശനത്തിനും അനുകൂലമായി ഒരു വോട്ട് ചെയ്യാം.

പീ.ഗോവിന്ദന്‍ കുട്ടിയെന്ന വ്യക്തിയുടെ സ്വകാര്യാ ജീവിതത്തില്‍ അയാള്‍ കൊള്ളരുതാത്തവനോ അല്ലെങ്കില്‍ നല്ലവനോ ആകാം ആകാതിരിക്കാം. അതിലേക്ക് ചൂഴ്ന്നിറങ്ങുക എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങള്‍, പണയം വെക്കാത്ത പ്രതികരണ ശേഷിയോടെ പ്രകടിപ്പിക്കാന്‍ ജീവിത സായഹ്നത്തിലും ആര്‍ജ്ജവത്വം കാട്ടിയ ഒരു വ്യക്തി എന്ന നിലക്കും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കും അദ്ദേഹത്തോട് ഭരണകൂടവും നിയമപാലകരും കാട്ടിയ നീതിരാഹിത്യത്തോട് പ്രതികരിക്കുക തന്നെ വേണം.

ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ “അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവും” സംരക്ഷിക്കപ്പെടുമെന്നോ അല്ലെങ്കില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് പിന്‍ വലിക്കപ്പെടുമെന്നോ കരുതുക വയ്യ. എങ്കിലും മയലാളത്തില്‍ എഴുതുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന നാം പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ “പറയാനുള്ള അവകാശത്തിലേക്കുള്ള കൈകടത്തിലായി കണ്ടു കൊണ്ട്” പ്രതികരിക്കേണ്ടിയിരിക്കുന്നു.


ബീ.ആര്‍.പിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ പറഞ്ഞ പോലെ സമൂഹത്തിലെ ക്ഷുദ്ര ശക്തികള്‍ അവരവരുടെ അജന്‍ഡകള്‍ നിര്‍ബാധം സാധുക്കളിലേക്ക് അടിച്ചിറക്കുന്ന ആധുനിക സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഇവരൊക്കെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അക്ഷന്തവ്യമായ തെറ്റൊന്നും പീ.ഗോവിന്ദന്‍ കുട്ടി ചെയ്തിട്ടില്ല. “ഞങ്ങളുടെ ആപ്പീസില്‍ കേറിയ ഒരു പോലീസുകാരനും വന്നപോലെ പോയിട്ടില്ല” എന്ന് മുരണ്ട വെളിയം ഭാര്‍ഗ്ഗവനും “വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബിടും” എന്നലറിയ കൊടിയേരിയും നിര്‍ബാധം വിഹരിക്കുന്ന കേരളാ ക്രമസമാധാന മണ്ഡലത്തില്‍ ഭരണകൂടത്തിന് അപ്രിയരാകുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടിയിരിക്കുന്നു.

ബൂലോകത്തെ വിവാദങ്ങളിലും വിശേഷങ്ങളിലും മണിക്കൂറുകള്‍ ചിലവിടുന്ന നമ്മുക്ക് ഇത്തിരി നേരം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടിയും ചിലവിട്ടു കൂടേ?

ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഒരു വോട്ട്....