Wednesday, June 18, 2008

ചാവിന്നു ബന്ധുത്വമേറുമല്ലോ....

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ.”
കോറിയിട്ടത് കടമനിട്ട. പക്ഷേ അറം പറ്റിയത് കവിയോടൊപ്പം യാത്രയായ ചങ്ങാതിക്കും.

മനുഷ്യനെ മരണം മഹത്വവല്‍ക്കരിക്കുമെന്ന കടമനിട്ടയുടെ ദര്‍ശനം അദ്ദേഹത്തിന്റെ സമകാലീനനും ചങ്ങാതിയും തന്നോടൊപ്പം തന്നെ വിടവാങ്ങിയ നാടാകാചാര്യനുമായ ശ്രീ. കെ.ടി. മുഹമ്മദിനാണ് അറം പറ്റിയത്. സിനിമാ സീരിയല്‍ നടി സീനത്ത് തന്റെ മുന്‍ ഭര്‍ത്താവിനെ അനുസ്മരിച്ചു കൊണ്ട് ഭാഷാപോഷിണിയില്‍ എഴുതിയിട്ടിരിക്കുന്ന അനുഗ്രഹം എന്ന അനുസ്മരണ കുറിപ്പ് കടമനിട്ടയുടെ വരികള്‍ക്ക് നേര്‍കാഴ്ചയാണ്.

കെ.ടി. മുഹമ്മദിന്റെ ഇഷ്ടമാണ് സീനത്തിനെ അദ്ദേഹത്തിന്റെ ഭാര്യ പദവിയില്‍ എത്തിച്ചത്. ആദ്യം അദ്ദേഹത്തിന്റെ ഇഷ്ടത്തെ ഇഷ്ടപ്പെടാന്‍ സീനത്തിന് കഴിഞ്ഞില്ലാ എങ്കിലും തന്റെ ഇഷ്ടക്കേട് കലിംഗയില്‍ നിന്നും തനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കെമെന്ന തിരിച്ചറിവ് കലിംഗയില്‍ നിന്നും പുറത്തായാലും കെ.ടിയുടെ ജീവിതത്തില്‍ നിന്നും തന്നെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ സീനത്തിനെ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരു നാടകക്കാരന്‍ എന്നതിനപ്പുറം കേരളാ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന പദവിയിലേക്കെത്തിയതോടെ കെ.ടി.യുടെ ഇഷ്ടം സീനത്ത് അങ്ങ് വകവെച്ചുകൊടുത്തു എന്നതായിരിക്കും കൂടുതല്‍ ശരി. കെ.ടിയെ ചെയര്‍മാനാക്കിയ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ഔദ്യോതിഗിക വസതി വിട്ട കെ.ടി. സീനത്തിനോടൊപ്പം കോഴിക്കോട്ടേക്ക് താമസം മാറ്റി. കൂട്ടു കുടുംബമായി ജീവിച്ചു പോകാന്‍ താല്പര്യം കാട്ടിയ കെ.ടിയുടെ ജീവിത വീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ സീനത്തിന് കഴിഞ്ഞില്ല. ഒറ്റയ്ക്ക് മാറി താമസിക്കണം എന്ന സീനത്തിന്റെ ആവശ്യം തിരിച്ചറിവില്ലാത്ത ഒരു കുട്ടിയുടെ പിടിവാശി മാത്രമായി കണ്ട കെ.ടിക്ക് അതോടെ നഷ്ടപ്പെട്ടത് ജീവിത സഖിയെ തന്നെയായിരുന്നു.

പിരിയാനുള്ള കാരണമായി സീനത്ത് വളരെ ലളിതമായി അനുസ്മരണകുറിപ്പില്‍ പറയുന്നത് ഞങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ വ്യത്യസ്ഥമായിരുന്നു എന്നാണ്. വ്യത്യസ്ഥമായ ജീവിത വീക്ഷണമുള്ളവര്‍ ഒന്നിച്ച് കഴിയാതിരിക്കുകയാണ് നല്ലത്. പക്ഷേ സീനത്ത് കെ.ടിയില്‍ നിന്നും വിട്ടകന്ന ദിനം എല്ലാം തകര്‍ന്നൊരു പച്ചമനുഷ്യനായി കുതിര്‍ന്ന കണ്ണുകളോടെ അപമാനിതനായി നമ്മുടെ മുന്നില്‍ നിന്ന കെ.ടി. ഇന്നും കണ്മുന്നില്‍ നിന്നും മാഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായ രീതിയില്‍ വൈവാഹിക ബന്ധം വിടര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മതപരമായും നിയമപരമായും നിലവിലുള്ളപ്പോള്‍ ഭര്‍ത്താവിന് ഭാര്യയെ കാണ്മാനില്ല എന്ന പരാതിയുമായി മുന്നോട്ട് വരേണ്ട നീചമായ നിമിഷങ്ങള്‍ ഉണ്ടാക്കുകയും കെ.ടിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്തു കൊണ്ട് വിഴുപ്പലക്കുകയും ചെയ്ത ഒരാള്‍ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം തനിക്കെല്ലാമായിരുന്നു എന്ന പുറം പൂച്ചുമായി മാദ്ധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നത് സമകാലികന്‍ പറഞ്ഞ് വെച്ച വരികളെ അന്വര്‍ത്ഥ്വമാക്കുകയാണ് ചെയ്യുന്നത്.

ഭര്‍ത്താവ് പദവിയില്‍ നിന്നും പടിയടച്ചെങ്കിലും കെ.ടി. തനിക്കെന്നും ഗുരുസ്ഥാനത്തായിരുന്നു, വേഷം കെട്ടാനായി കണ്ണാടിക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ കെ.ടി.തലയില്‍ തൊട്ടനുഗ്രഹിക്കുന്നത് ഇന്നും തനിക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ആദ്യമായി ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോള്‍ താന്‍ കെ.ടിയുടെ അനുഗ്രഹം തേടിയിട്ടുണ്ട്, അനുഗ്രഹത്തോടോപ്പം “നിനക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്..” എന്ന അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും തന്റെ ചെവികളില്‍ മുഴങ്ങുന്നുണ്ട്, മറ്റൊരു വിവാഹത്തിന് ശേഷം മകനെ കെ.ടിക്ക് വിട്ടു കൊടുത്തത് അദ്ദേഹത്തോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ്, കെ.ടിയെ കാണാന്‍ ചെല്ലാറില്ലെങ്കിലും എല്ലാ വിവരങ്ങളും തന്റെ മകനോട് ചോദിച്ചറിയുമായിരുന്നു, പെങ്ങളുടെ മരണ ശേഷം അദ്ദേഹത്തിന് സഹായത്തിനായി താന്‍ ഒരു ഹോം നെഴ്സിനെ ഏര്‍പ്പാടാക്കി കൊടുത്തു തുടങ്ങി സീനത്തിന്റെ ഗീര്‍വ്വാണങ്ങള്‍ അവരുടേ കെ.ടി അനുസ്മരണത്തില്‍ അങ്ങിനെ നീളുകയാണ്.

സൌഹൃദങ്ങള്‍ കെ.ടി.ക്ക് എങ്ങിനെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ അഭിമുഖത്തില്‍ കൂടി പോലും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പക്ഷേ സീനത്തിന്റെ വ്യാഖ്യാനം തികച്ചും വ്യത്യസ്ഥമാണ്. അവസാന കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും കെ.ടിയെ കാണാന്‍ വരാഞ്ഞതിനേ ഓര്‍ത്ത് ഈ മുന്‍ഭാര്യ വേദനിക്കുന്നു. ബാങ്ക് ബാലന്‍സ് കുറഞ്ഞ് വരുന്നതിലും കെ.ടിക്ക് ദുഃഖമുണ്ടായിരുന്നു പോലും. കേരളാ സര്‍ക്കാര്‍ ചികിത്സയ്ക്കായി അനുവദിച്ച ഒരു ലക്ഷം രൂപ കെ.ടിക്ക് വല്യ ആശ്വോസമായിരുന്നു എന്ന് സമാധാനിക്കുന്ന മുന്‍ ഭാര്യ മാദ്ധ്യമങ്ങള്‍ പോലും അദ്ദേഹത്തെ അവസാന നിമിഷങ്ങളില്‍ വേദനിപ്പിച്ചു എന്നിടത്ത് എത്തുന്നു.

കോഴിക്കോട്ടെ ഒരു പ്രാദേശിക ചാനല്‍ അഭിമുഖത്തിനായി കെ.ടിയോട് അനുവാദം ചോദിച്ചെങ്കിലും അവര്‍ ആ പരിപാടി വേണ്ടെന്നു വെച്ചു. അദ്ദേഹത്തിന് ആ സംഭവം വല്യ വിഷമമായി. സങ്കടം സഹിക്ക വയ്യാതെ കെ.ടി. തന്റെ മകനോട് “ഇപ്പോള്‍ നമ്മള്‍ മൂന്ന് പേര്‍ മാത്രം ബാക്കിയായി അല്ലേ മോനേ” എന്ന ചോദിച്ചു. അതാരാണ് ആ മൂന്നാമത്തെ ആള്‍ എന്ന മകന്റെ സംശയത്തിന് നിന്റെ ഉമ്മിച്ചി(ഞാന്‍) എന്ന് കെ.ടി.മറുപടി പറഞ്ഞതിനെ എടുത്ത് പറയുന്നിടത്ത് സീനത്ത് കെ.ടിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി കാണുന്ന ഒരാളെ കുറ്റം പറയാന്‍ കഴിയില്ല. സീനത്തിന്റെ കെ.ടി.അനുസ്മരണം അവരുടെ അവകാശം സ്ഥാപിക്കലിനുമപ്പുറം മറ്റൊന്നുമല്ല.

ജീവിച്ചിരുന്നപ്പോള്‍ കെ.ടിക്ക് സീനത്ത് ശിഷ്യയും കാമുകിയും ഭാര്യയും ഒക്കെയായിരുന്നു. ഇണയുടെ സാമീപ്യവും പരിചരണവും സാന്ത്വനവും അനിവാര്യമായിരുന്ന ജീവിത സായഹ്നത്തില്‍ കെടിയോടൊപ്പം ശിഷ്യയോ കാമുകിയോ ഭാര്യയോ ആയി സീനത്ത് ഉണ്ടായിരുന്നില്ല. ഒരു വല്യ മനുഷ്യന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും സുഖലോലുപതയുടെ വര്‍ണ്ണക്കാഴ്ചകളിലേക്ക് പടിയിറങ്ങിയ ഈ സീരിയല്‍ സിനിമാ നടി കെ.ടിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തിപ്പാടി എഴുതി വിടുന്ന അനുസ്മരണങ്ങള്‍ വായിക്കുന്ന അനുവാചകന്റെ ചുണ്ടുകളില്‍ കടമനിട്ടയുടെ വരികള്‍ അറിയാതെ കടന്നു വരും:

“ചാവിന്നു ബന്ധുത്വമേറുമല്ലൊ-
ചാവാതിരിക്കുമ്പോഴെന്തുമാട്ടെ....”

--------------------
വിവരങ്ങള്‍ക്ക് കടപ്പാട്: ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയ അനുഗ്രഹം എന്ന കെ.ടി.അനുസ്മരണക്കുറിപ്പ്.

Monday, June 16, 2008

അജ്ഞാത ചിന്തകള്‍

ബൂലോഗത്തെ അജ്ഞാതരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബൂലോഗാരംഭം തന്നെയാണ് പഴക്കം. അജ്ഞാതരെ അനോനികള്‍ എന്ന ആംഗലേയത്തില്‍ നാം ചെല്ലപ്പേരിട്ട് വിളിക്കുന്നു. നിന്റെ ശരീരത്തിലെ ഏറ്റവും നല്ല അവയവം ഏതെന്ന് ചോദിച്ചാല്‍ നാവെന്ന് ഉത്തരം പറയുന്ന ഒരുവന് നിന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവം ഏതെന്ന് ചോദിച്ചാലും നാവെന്ന് ഉത്തരം പറയേണ്ടി വരും. നല്ല വര്‍ത്തമാനം തേനൊഴിക്കി പറയുമ്പോള്‍ ഒരുവന്റെ നാവ് മറ്റൊരുവനെ സംബന്ധിച്ചിടത്തോളം പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും ശുദ്ധമായ അവയവം ആകുന്നു. മോശ വര്‍ത്തമാനം ഇത്തിരി കൈപ്പുനീരിന്റെ അകമ്പടിയോടെ പറയേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരുവന് അതേ നാവ് തന്നെ പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവമായി പരിണമിക്കുകയും ചെയ്യുന്നു. ബൂലോഗത്തെ അജ്ഞാതരുടെ നിലവിലുള്ള അവസ്ഥയും “നാവ്” നേരിടുന്ന ഇതേ പ്രതിസന്ധിയില്‍ നിന്നും ഒട്ടും വിഭിന്നമല്ല.

അജ്ഞാതത്വത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള അജ്ഞാതന്‍ ചിത്രകാരനും അജ്ഞാത ഇഞ്ചിപ്പെണ്ണുമാണ് എന്നതില്‍ ബൂലോഗര്‍ക്കാര്‍ക്കും എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഇവര്‍ രണ്ടു പേരും കഴിഞ്ഞാല്‍ പിന്നെ ബൂലോഗത്തെ അജ്ഞാതര്‍ ആരോക്കെയാണ്.

സംശയലേശമന്യേ പറയാം അഞ്ചല്‍ക്കാരന്‍ അജ്ഞാതനാണ്. വിശാലമനസ്കന്‍ തുടങ്ങി സങ്കുചിതമനസ്കന്‍ വരെയുള്ള സര്‍വ്വ ബ്ലോഗറന്മാരും അജ്ഞാതരാണ്. അഞ്ചല്‍ക്കാരന്‍ അഗ്രജന് അജ്ഞാതനല്ല. അഗ്രജന് അഞ്ചല്‍ക്കാരനും അജ്ഞാതനല്ല. കാരണം നേരിട്ട് കാണുന്നതു കൊണ്ടും അഞ്ചല്‍ക്കാരന്‍‍ എന്നത് അഞ്ചല്‍ നിവാസിയായ ഷിഹാബ് എന്ന ഒരുവന്റെ യൂസര്‍ ഐഡിയാണെന്ന് നേരിട്ട് അറിയാവുന്നതുകൊണ്ടും അഗ്രജനെ സംബന്ധിച്ചിടത്തോളം അഞ്ചല്‍ക്കാരന്‍ അജ്ഞാതനാകുന്നില്ല. തൊഴിയൂര്‍ സ്വദേശിയായ മുസ്തഫയെന്ന അഗ്രജനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നതു കൊണ്ടും പരസ്പരം അറിയാവുന്നതുകൊണ്ടും അഞ്ചല്‍ക്കാരന്‍ എന്ന ഷിഹാബ് അഞ്ചലിനെ സംബന്ധിച്ചിടത്തോളം അഗ്രജന്‍ എന്ന യൂസര്‍ ഐഡി അജ്ഞാതനല്ല. അഞ്ചല്‍ക്കാരനെ സംബന്ധിച്ചിടത്തോളം സൂരജ് അജ്ഞാതനാണ്. സൂരജിനെ സംബന്ധിച്ചിടത്തോളം അഞ്ചല്‍ക്കാരനും അജ്ഞാതന്‍ തന്നെ. അതേ സമയം സൂരജിനെ നേരിട്ട് കാണുകയും ഇടപെടുകയും ചെയ്യുന്ന മറ്റൊരു ബ്ലോഗര്‍ക്ക് സൂരജ് അജ്ഞാതന്‍ അല്ലാ താനും.


മറ്റൊരു തലത്തിലേക്ക് പോയാല്‍, ചിത്രകാരന്‍ എനിക്ക് അജ്ഞാതനാണ്. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതു കൊണ്ട് ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രകാരന്‍ അജ്ഞാതനല്ല. പക്ഷേ ബ്ലോഗെഴുതുകയും വായിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന് ഇന്നും ചിത്രകാരന്‍ അജ്ഞാതനാണ് താനും. ഇപ്പോഴും ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അജ്ഞാതനായിരിക്കുന്ന ഗണ്യമായ ആ വിഭാഗത്തിന് ചിത്രകാരന്‍ അജ്ഞാതനല്ലാതായി തീരാന്‍ എന്ത് ചെയ്യേണ്ടി വരും? ഒന്നുകില്‍ മലയാളം ബ്ലോഗെഴുതുന്ന ഒരോരുത്തര്‍ക്കും അദ്ദേഹം വ്യക്തിഗത മുഖാമുഖങ്ങള്‍ അനുവദിക്കേണ്ടി വരും. അല്ലെങ്കില്‍ ആഗോള മലയാള ബ്ലോഗ് അക്കാദമി തുടങ്ങിയിട്ട് ബൂലോഗത്തുള്ള സര്‍വ്വ വായനക്കാരേയും എഴുത്തുകാരേയും വിളിച്ചുകൂട്ടി അദ്ദേഹം സ്വയം പരിചയപ്പെടുത്തേണ്ടി വരും. അല്ലാതെ ചിത്രകാരന്‍ എന്ന തന്റെ ഐഡി മാറ്റി അദ്ദേഹത്തിന്റെ റേഷന്‍ കാര്‍ഡിലേയോ പാസ്പോര്‍ട്ടിലേയോ പേര് പ്രൊഫൈല്‍ ഐഡിയാക്കിയാലും അദ്ദേഹത്തെ ഇന്നേവരെ കാണാത്തവര്‍ക്ക് അദ്ദേഹം അജ്ഞാതന്‍ അല്ലാതായി മാറുമോ? സത്യസന്ധമായി ചിന്തിച്ചാല്‍ ബ്ലോഗെഴുത്തില്‍ അജ്ഞാതത്വം സൃഷ്ടിക്കപ്പെടുന്നതും അത് തകര്‍പ്പെടുന്നതും വ്യക്തി ബന്ധങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നിടത്ത് നമ്മുക്ക് എത്തിച്ചേരേണ്ടി വരും.

അനോനിമിറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ദിനങ്ങളില്‍ തന്നെ ബ്ലോഗിങ്ങിലെ അനോനിമിറ്റിയ്ക്ക് ഏറ്റവും നല്ല ഉദാഹരണവും പിറവി കൊണ്ടത് ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഇന്ന് മുതല്‍ (14/06/2008) ഞാന്‍... ഞാന്‍ മാത്രം എന്ന ഐഡിയിലേക്ക് മാറി. ഇവിടെ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗര്‍ ഞാന്‍...ഞാന്‍ മാത്രം ആയി മാറിയതു കൊണ്ട് ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുന്ന ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റവും അനുഭവപ്പെടുന്നുണ്ടാകുമോ? ശിഥില ചിന്തകള്‍ എന്ന ബ്ലോഗിന്റെ ഉടമയുടെ ശൈലിയും ചിന്തകളും സമൂഹത്തോട് ഇടപെടുന്ന രീതിയും ഇപ്പോള്‍ നിലനില്‍ക്കുന്ന ശൈലിയില്‍ നിന്നും ചിന്തകളില്‍ നിന്നും സമൂഹത്തോട് സംവേദിക്കുന്ന രീതികളില്‍ നിന്നും വ്യതിചലിക്കാത്തിടത്തോളം ആ ബ്ലോഗ് വായിക്കുന്ന ആരെയെങ്കിലും ഈ പേര് മാറ്റം ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കും എന്ന് കരുതുക വയ്യ.

അതുപോലെ തന്നെ, പേര്...പേരക്കാ എന്ന ബ്ലോഗര്‍ തന്റെ ഐഡി ദസ്തക്കിര്‍ ആക്കി മാറ്റിയതു കൊണ്ട് വായനക്കാരന് അല്ലെങ്കില്‍ പേര്...പേരക്കാ എന്ന ഐഡിയില്‍ വന്നുകൊണ്ടിരുന്ന പോസ്റ്റുകളുമായി സംവേദിച്ചിരുന്ന ഒരാള്‍ക്ക്, ഇപ്പോള്‍ ദസ്തക്കിര്‍ എന്ന ഐഡിയില്‍ അതേ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ലഭിക്കുമ്പോള്‍ ആ പോസ്റ്റുകള്‍ പേര്...പേരക്കാ എഴുതിയതായിരുന്നു എങ്കില്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള ഏതെങ്കിലും പ്രാധാന്യം കല്പിച്ചു നല്‍കാന്‍ കഴിയില്ലല്ലോ? പേര്...പേരക്കായുടേതാണെങ്കിലും ദസ്തക്കിറിന്റേതാണെങ്കിലും ആ ബ്ലോഗില്‍ വരുന്ന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

പെരിങ്ങോടന്‍ രാജ് നീട്ടിയത്ത് ആയി മാറിയതും, ഏറനാടന്‍ എസ്.കെ.ചെറുവത്ത് ആയതും, തൊമ്മന്‍ ടി.കെ ആയതും ഒന്നും ഇവരേവരും അവരവരുടെ ശൈലികളും ഇടപെടലുകളിലെ രീതികളും മാറ്റാത്തിടത്തോളം വായനക്കാരനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തില്‍ അവരുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. രാജ് നീട്ടിയത്തിനേയോ ഏറനാടനെയോ തൊമ്മനെയോ പെരിങ്ങോടനേയോ എസ്.കെ.ചെറുവത്തിനേയോ ടി.കെയേയോ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഈ ഐഡികള്‍ എല്ലാം തന്നെ അനോനി ഐഡികള്‍ തന്നെ. ഇവരോടെല്ലാവരോടും നേരിട്ട് ഇടപെടുന്നവരെ സംബന്ധിച്ചിടത്തോളം ഇവര്‍ സനോനികളും ആണ്.

നാളെമുതല്‍ വിശാലമനസ്കന്‍ തന്റെ ബ്ലോഗില്‍ നിന്നും നിലവിലുള്ള ഫോട്ടോ പിന്‍‌വലിച്ച് എടത്താടന്‍ മുത്തപ്പന്‍ എന്ന പേരും വെച്ച് ബ്ലോഗെഴുത്ത് തുടര്‍ന്നാല്‍ കൊടകരപുരാണം വായിക്കുന്ന ഒരാള്‍ക്ക് എന്ത് വ്യത്യസ്തതയാണ് അനുഭവപ്പെടുക. തറവാടി നാളെ അലിയു പാലത്തിങ്കല്‍ ആയാലും, വല്യമ്മായി രഹ്നാ അലിയു ആയാ‍ലും, കുറുമാന്‍ രാഗേഷ് ആയാലും, കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്ണന്‍ ആയാലും, കൈപ്പള്ളി നിഷാദ് ആയാലും, ബെര്‍ളീതോമസ് പാലാക്കാരനായാലും വായനക്കാരന്റെ സംവേദനത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള മാറ്റം ‍ ഉണ്ടാകുന്നതേയില്ല.

തന്റെ വ്യക്തിവിലാ‍സം ബ്ലോഗില്‍ രേഖപ്പെടുത്താത്തവര്‍ വ്യക്തികളെ കൂട്ടം ചേര്‍ന്ന് അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നു എന്ന വാദം എത്രത്തോളം ശരിയാണ്? മലയാള ബ്ലോഗിങ്ങില്‍ തുടക്കം മുതല്‍ തന്റെ സാനിദ്ധ്യം നിരന്തരം കാത്തു സൂക്ഷിക്കുന്ന പെരിങ്ങോടനോളം ബ്ലോഗില്‍ വിമര്‍ശിക്കപ്പെട്ടവര്‍ മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. പിന്മൊഴി അടച്ചു പൂട്ടിയതുമായി ബന്ധപ്പെട്ടചര്‍ച്ചകളില്‍ ഒരു ഭാഗത്ത് പെരിങ്ങോടനും മറുഭാഗത്ത് ബൂലോഗത്തിന്റെ മുഴുവന്‍ പ്രതിഷേധവും എന്ന നിലയായിരുന്നു. സിബുവും ഏവൂരാനും ചന്ദ്രശേഖരന്‍ നായരും വിരലിലെണ്ണാവുന്ന മറ്റു ചിലരും ഒഴികെ മറ്റാരെങ്കിലും പിന്‍‌മൊഴി പ്രശ്നത്തില്‍ പെരിങ്ങോടന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അക്കാലത്ത് ബൂലോഗത്ത് സജീവമായിരുന്ന മിക്കവാറും എല്ലാവരും അവരവരുടെ നിലപാടുകള്‍ വെളിപ്പെടുത്തുകയും പിന്‍‌മൊഴി അടച്ചു പൂട്ടുന്നതിനെതിരേ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോള്‍ അത് ഒക്കെയും നേരിട്ട് ബാധിച്ചിരുന്നത് പിന്മൊഴി എന്തുകൊണ്ട് പൂട്ടണം? എന്ന പോസ്റ്റെഴുതിയ പെരിങ്ങോടനായിരുന്നു. ഇവിടെ പെരിങ്ങോടനെ ബൂലോഗത്തെ അനോനികളെല്ലാരും കൂടി കൂട്ടം കൂടി അക്രമിച്ചു എന്ന് പറയാന്‍ കഴിയുമോ?

ഒരാള്‍ക്ക് യോജിക്കാന്‍ കഴിയാത്ത അഭിപ്രായങ്ങളുമായി ഒരു പോസ്റ്റ് വരുമ്പോള്‍ ആ പോസ്റ്റിനെതിരേ മറ്റൊരാള്‍ പ്രതികരിക്കും. ഒരു പൊതു സമൂഹത്തിന് യോജിക്കാന്‍ കഴിയാത്ത വിഷയവുമായാണ് ഒരാള്‍ വരുന്നതെങ്കില്‍ ആ പോസ്റ്റില്‍ എതിരഭിപ്രായം പറയുന്നവരുടെ എണ്ണം കൂടും. ആ പോസ്റ്റ് വരുന്ന ദിനം പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിനെ എതിര്‍ക്കുന്നവരാണ് നെറ്റില്‍ കൂടുതല്‍ ഉള്ളതെങ്കില്‍ ആ പോസ്റ്റിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഇന്നലെ വരെ തന്നോടൊപ്പം നിന്നവര്‍ ഇന്ന് എതിരഭിപ്രായം പറയുന്നതിനെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ലാ എങ്കില്‍ മറുകമന്റുകളിലെ പ്രകോപനപരമായ നിലപാടുകള്‍ കൂടുതല്‍ എതിര്‍പ്പിന് കാരണമാകും. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും ചര്‍ച്ച വ്യതിചലിച്ച് കമന്റുകള്‍ക്ക് മറുകമന്റ് എന്ന നിലക്ക് തമ്മില്‍ തല്ലായി വളരും. പോസ്റ്റിട്ടയാള്‍ അതോടെ കൂടുതല്‍ പ്രകോപനപരമായി കമന്റുകള്‍ എഴുതാന്‍ തുടങ്ങുന്നിടത്ത് അന്നേവരെ ആ ബ്ലോഗ് സന്ദര്‍ശിക്കാത്തവര്‍ക്ക് പോലും ആബ്ലോഗിലേക്ക് കടന്ന് വന്ന് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരും. അങ്ങിനെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നല്ലൊരു പങ്കും എതിരാകുന്നതോടെ “ഞാന്‍ കൂട്ടം ചേര്‍ന്നുള്ള അക്രമണത്തിന് വിധേയനായേ..” എന്ന് പറയുന്നതില്‍ എവിടെയാണ് അനോനിമിറ്റി ഒരു കാരണമാകുന്നത്? അങ്ങിനെ സങ്കീര്‍ണ്ണമായ ഒരു പോസ്റ്റെടുത്ത് നോക്കിയാല്‍ അതില്‍ സ്വന്തം ഐഡിയില്‍ വന്ന് തങ്ങള്‍ക്ക് പറയാനുള്ളത് ശക്തമായി പറഞ്ഞ് പോയിട്ടുള്ളവരുടെ എണ്ണമായിരിക്കും കൂടുതല്‍.

കലാകൌമുദിയില്‍ മലയാളം ബ്ലോഗെഴുത്ത് കാരെ ആഭാസന്മാരായി ചിത്രീകരിച്ചു കൊണ്ട് മലയാളത്തിലെ ഒരു ബ്ലോഗര്‍ ലേഖനം എഴുതിയപ്പോള്‍ അദ്ദേഹത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നവര്‍ ആ ബ്ലോഗറെ കൂട്ടം ചേര്‍ന്ന് അക്രമിച്ചു എന്ന് പറവാന്‍ കഴിയുമോ? അല്ലെങ്കില്‍ അദ്ദേഹത്തെ കൂട്ടമായി അക്രമിക്കാന്‍ മലയാളം ബ്ലോഗറന്മാര്‍ അനോനികളായി വേഷം മാറി എന്ന് കരുതാമോ? അന്നുവരെ ബ്ലോഗില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് അന്നും ആ ബ്ലോഗെര്‍ക്കെതിരേയും കൌമുദിക്കെതിരേയും പ്രതികരിച്ചത്. ആ ലേഖനം വരുന്നതിന്റെ തലേന്ന് വരെ ആ ബ്ലോഗറെ ഗുരുതുല്യം കണ്ടിരുന്നവര്‍ അദ്ദേഹത്തെ അനുകൂലിക്കുമ്പോള്‍‍ സനോനികളും ആ ലേഖനത്തിന് ശേഷം എതിരഭിപ്രായം പറയൂമ്പോള്‍ അനോനികളും ആയി മാറുന്നത് എത്രത്തോളം ബാലിശമാണ്? ഇന്നി ആ ബ്ലോഗറെ കൌമുദിയില്‍ അങ്ങിനെയൊരു ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത് അനോനികളുടെ കൂട്ടം കൂടിയുള്ള അക്രമണമായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ലേ? മുകളിലത്തെ ഖണ്ഡികയില്‍ സൂചിപ്പിച്ചത് പോലെ യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ വന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ എതിരഭിപ്രായം പറയും. അങ്ങിനെയാണല്ലോ ചര്‍ച്ചയുണ്ടാകുന്നത്.

കേരളം കണ്ട ഏറ്റവും നല്ല നടന്‍ പ്രേം നസീര്‍ ആണ് എന്ന് ഒരാള്‍ പറയുമ്പോള്‍ പ്രേംജിയെ നല്ലനടനായി കരുതുന്ന ഒരാള്‍ അയാളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരത് ഗോപി മലയാളത്തിലെ എക്കാലത്തേയും ഏറ്റവും നല്ല നടനായി കാണുന്ന മറ്റൊരുവന്‍ പൊസ്റ്റിനെതിരേ സംസാരിക്കും. അപ്പോള്‍‍ നിനക്കൊന്നും വിവരമില്ലാ എന്നാണ് പോസ്റ്റിന്റെ ഉടമ പറയുന്നതെങ്കില്‍ ചര്‍ച്ച വഴി തെറ്റും. എതിരഭിപ്രായക്കാര്‍ കൂടും. അനുകൂലിക്കുന്നവര്‍ക്ക് പോലും ഇടപെടാന്‍ കഴിയാതെ വരും. അതോടെ നേരത്തേ പറഞ്ഞത് പോലെ തന്നെ പോസ്റ്റിന്റെ ഉടമ കൂടുതല്‍ പ്രകോപിക്കപ്പെടും. അങ്ങിനെ അനുകൂലിക്കുന്നവര്‍ കുറഞ്ഞ് കുറഞ്ഞ് തീരെയില്ലാതെയാവുകയും എതിര്‍ക്കുന്നവര്‍ എണ്ണത്തില്‍ പെരുകി പെരുകി വരികയും ചെയ്തിടത്താണ് “അനോനികള്‍ കൂട്ടം കൂടി അക്രമിച്ചു” എന്ന ചിന്താഗതിയിലേക്ക് ആ ബ്ലോഗര്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്നുമാണ് കൌമുദിയില്‍ ലേഖനവും വന്നത്. ഇവിടേയും പ്രൊഫൈലില്‍ വ്യക്തി വിവരങ്ങള്‍ എഴുതി ചേര്‍ക്കാത്തവരുടെ എതിരഭിപ്രായങ്ങള്‍ക്കല്ല ആ ബ്ലോഗര്‍ വിധേയനായത്. യൂസര്‍ ഐഡി എന്ന ഓപ്ഷന് പകരം പേരും ഫോട്ടോയും വിലാസവും പിന്‍‌കോഡും ജീയോഗ്രാഫിക്കല്‍ മാപ്പും ഉണ്ടെങ്കില്‍ മാത്രമേ ബ്ലോഗെഴുതാന്‍ കഴിയുള്ളൂ എന്നതായിരുന്നു ഗൂഗിളിന്റെ സേവന വ്യവസ്ഥയെങ്കില്‍ ഫോട്ടോ പതിച്ച സ്വന്തം പേരില്‍ വിലാസവും പിന്‍‌കോഡും വെളിവാക്കികൊണ്ട് പോലും ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ബ്ലോഗറന്മാര്‍ പ്രതികരിക്കും.

മലയാള ബ്ലൊഗെഴുത്തിന്റെ ആരംഭദശമുതല്‍ ബ്ലോഗിങ്ങില്‍ തന്റെ സാനിദ്ധ്യം തുടരുന്ന ഒരു ബ്ലോഗറെ വ്യക്തിപരമായി തന്നെ അധിഷേപിച്ചു കൊണ്ട് “കുരുക്കുകള്‍” എന്ന പേരില്‍ വന്ന ഒരു പോസ്റ്റില്‍ ബൂലോഗം ചേരി തിരിഞ്ഞ് ചെളിവാരിയെറിഞ്ഞപ്പോഴും ബൂലോഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ തന്നെയാണ് രണ്ട് ചേരിയിലേക്ക് തിരിഞ്ഞത്. അക്ഷരാര്‍ത്ഥത്തില്‍ ക്രൂരമായ വ്യക്തിഹത്യക്ക് വിധേയനായ ആ ബ്ലോഗര്‍ക്കെതിരേ കമന്റ് എഴുതിയവരും ആ ബ്ലൊഗറെ അനുകൂലിച്ചു കൊണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയവരും ഇവിടെ അന്ന് വരെ വ്യാപരിച്ചു കൊണ്ടിരുന്നവര്‍ തന്നെയായിരുന്നു. മലയാള ബ്ലോഗിങ്ങിന്റെ ഇക്കാലത്തെ ചരിത്രത്തിനിടക്ക് “കുരുക്കുകളുടെ” അത്രയും ദുഷിച്ച ഒരു വിഴുപ്പലക്കലും ഉണ്ടായിട്ടില്ല. ആ ചര്‍ച്ചയില്‍ ചേരി തിരിഞ്ഞവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വേണ്ടി പുതിയ ഐഡികള്‍ സൃഷ്ടിക്കുകയല്ലായിരുന്നു ചെയ്തത്. നിലവിലുണ്ടായിരുന്ന ഐഡികളില്‍ തന്നെയാണ് അഭിപ്രായം പറഞ്ഞിരുന്നത്-പോസ്റ്റിനെ അനുകൂലിച്ചും പോസ്റ്റിനെതിരേയും. ഇവിടേയും സൌകര്യത്തിന് വേണ്ടി ആരും അനോനികളായിട്ടില്ല.

എതിര്‍ക്കപ്പെടുമ്പൊള്‍ അനോനികളുടെ തേര്‍വാഴ്ചയാകുന്നതും അനുകൂലിക്കപ്പെടുമ്പോള്‍ അത് ബ്ലോഗിങ്ങിന്റെ സൌഹൃദമാകുന്നതും “നാവ്” എന്ന അവയവം നേരിടുന്ന പ്രതിസന്ധി തന്നെയാണ് ബ്ലൊഗെഴുത്ത് കാരും നേരിടുന്നത് എന്ന വസ്തുതയെ ഒന്നു കൂടി ഉറപ്പിക്കുന്നു. ഒരു ഐഡി തേനൊഴിക്കിയാല്‍ ആ ഐഡി നല്ലത്. ഒരു ഐഡി എതിരഭിപ്രായം പറഞ്ഞാല്‍ അവന്‍ അസ്തിത്വം ഇല്ലാത്ത അനോനി‍. ഈ നിലപാട് ബ്ലോഗിങ്ങിന്റെ സത്തയെ തന്നെയാണ് ഇല്ലാതാക്കുന്നത്. എതിരഭിപ്രായം ശത്രുതയും സമാനാഭിപ്രായം സൌഹൃദവും എന്ന നിലപാട് പോസ്റ്റുകളില്‍ മേലുള്ള ചര്‍ച്ചകളെ വഴിമുട്ടിക്കും.

ബ്ലോഗിന്റെ ഉടമയുടെ വ്യക്തിത്വം അയാള്‍ പ്രൊഫൈലില്‍ എഴുതി വെക്കുന്ന പേരിലോ, ചിരിച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ താടിക്ക് കൈയും കൊടിത്തിരിക്കുന്ന ഫോട്ടോയിലോ, വെളിപ്പെടുത്തിയിരിക്കുന്ന വ്യക്തി വിവരങ്ങളിലോ നിക്ഷിപ്തമല്ല. മറിച്ച് അയാള്‍ എഴുതിയിടുന്ന പോസ്റ്റുകളുടെ സ്വഭാവത്തിന്റേയും ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്ന അഭിപ്രായങ്ങളോട് അയാള്‍ സംവേദിക്കുന്ന ശൈലിയുടേയും ഇടപെടുന്ന രീതികളുടേയും ആകെ തുകയാണ് ഒരു ബ്ലോഗറുടെ ഐഡന്റിറ്റിയെ നിശ്ചയിക്കുന്നത്.

Friday, June 13, 2008

ചോദ്യങ്ങള്‍‌. ഉത്തരങ്ങള്‍‌.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ഈ ചോദ്യങ്ങള്‍ എന്നോട് ആരും ചോദിച്ചതല്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചതാണ്. ആര്‍ക്കെങ്കിലും ഈ ചോദ്യങ്ങള്‍ അവരവരുടെ ചോദ്യങ്ങളുമായി സാദൃശ്യം തോന്നുന്നുണ്ട് എങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ആമുഖം
മോന്തിക്ക് വിളക്ക് തെളിക്കാന്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കടയില്‍ പോയ അമ്മിണിയെന്ന ഹതഭാഗ്യ റോഡില്‍ തലപൊട്ടി കിടക്കുന്നു. ഇന്റര്‍ നെറ്റ് കഫേയിലേക്ക് ചാറ്റാന്‍ കുതറിപാഞ്ഞ ഏതോ ഒരു ബൈക്കിന്നടിയില്‍ പെട്ടു പോയ അമ്മിണി അമ്മ ഒരിറ്റ് ശ്വാസത്തിനായി പെടാപാട് പെടുമ്പോള്‍ ജീവവായുവിനേ കൂടി തടഞ്ഞ് അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ ആസ്വാദിച്ചു കൊണ്ട് നിന്നവരുടെ ഇടയില്‍ നിന്നും അവരെ ആശുപത്രിയിലേക്ക് എടുക്കാന്‍ നിര്‍ദ്ദേശിച്ച പാച്ചുവിനോട് കൂട്ടത്തിലുള്ള ഒരു മനുഷ്യസ്നേഹി സ്നേഹപൂര്‍വ്വം ചോദിച്ച ചിന്തോദ്ദീപനമായ ചോദ്യം.

നിനക്ക് വേറേ പണിയൊന്നുമില്ലേ?

അപ്പോഴാണ് പാച്ചുവിന് സ്ഥലകാല ബോധം വീണത് .
“ഇതൊരു വയ്യാ വേലി ആകും അല്ലേ അണ്ണാ. കോടതി...കേസ്...ഞാനെന്നാത്തിനാ വേലിയിലിരിക്കുന്നത് എടുത്ത് തലയില്‍ കെട്ടുന്നത്. അവരവിടെ കിടന്ന് ചാകട്ടെ. നമ്മുക്കെന്ത് ചെയ്യാന്‍ കഴിയും.അതവരുടെ തലവിധി. ഹോ എന്നാലും ഇത്തിരി കഷ്ടം തന്നെയാണേയ്”

ശേഷം പാച്ചു പാച്ചുവിന്റെ പാട്ടിന് പോയി. ജനം അമ്മിണി അമ്മയുടെ ചോര വാര്‍ന്നൊഴുകുന്നതും നോക്കി പതം പറഞ്ഞ് നിന്നു. പിറ്റേന്ന് അമ്മിണി അമ്മയുടെ വീട്ടിന്റെ തെക്കേപുറത്തെ മാവിന് കോടാലി വീണു.

കണ്ടവര്‍ ആരെങ്കിലും ഉണ്ടോ?

ചോദ്യം ഹെഡ്ഡ് കുട്ടന്‍ പിള്ള വഹയാണ്. അമ്മിണി അമ്മയുടെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റോഡില്‍ നിന്നും അദ്ദ്യേം മഹസ്സര്‍ എഴുതുകയാണ്. ഉത്തരം ഏക ഖണ്ഡം:
“ഞങ്ങളാരും ഒന്നും കണ്ടില്ല സാറേ..”(ആത്മഗതം: പിന്നേ ഇന്നി കണ്ടെന്ന് പറഞ്ഞിട്ട് വേണം സാക്ഷിപറയാന്‍ കോടതി വരാന്ത നിരങ്ങാന്‍)
ശേഷം: കുട്ടന്‍ പിള്ള ജീപ്പില്‍ കയറി പോയി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍ കാരണം റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച അമ്മിണി അമ്മയുടെ ഫയല്‍ കുട്ടന്‍ പിള്ള ക്ലോസ് ചെയ്തു.

ഇന്നി ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യങ്ങളിലേക്ക്:

ഒന്നാം ചോദ്യം: നീയെന്തിനാടോ നിന്റെ ബ്ലോഗ് കറുപ്പിച്ചത്?
ഉത്തരം: ദിവസവും ഏറ്റവും കുറഞ്ഞത് നാലു മണിക്കുറെങ്കിലും ഞാന്‍ ഇടപഴകുന്ന ഒരു മേഖലയില്‍ എന്നോടൊപ്പം വ്യാപരിക്കുന്ന ചിലര്‍ക്കെതിരേ മാഫിയാ സംസ്കാരത്തിന്റെ സന്തതികളില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തിനും ഭീഷണിപ്പെടുത്തലിനും എതിരേ എനിക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും വേണ്ടിയാണ് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചത്.

രണ്ടാം ചോദ്യം: നീ ബ്ലോഗ് കറുപ്പിച്ചു എന്ന് കരുതി ലവന്മാര്‍ പേടിച്ച് മുള്ളുമോ?
ഉത്തരം: നെത്സന്‍ മണ്ടേലയെ പ്രിട്ടോറിയ ഭരണകൂടത്തിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കണമെന്ന് പറഞ്ഞ് തെരുവ് നാടകവുമായി അലഞ്ഞ് നടന്നപ്പോള്‍‍ എന്റെ പ്രകടനം കണ്ട് വെളുത്ത ഭരണകൂ‍ടം മുള്ളുമെന്ന് കരുതിയിട്ടല്ല ഞാന്‍ തെരുവില്‍ നിന്നും നെത്സന്‍ മണ്ടേലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് ബുഷിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കണം എന്ന് മുദ്രാവാക്യം വിളിച്ച് പന്തം കൊളുത്തി പ്രകടനം നടത്തിയത് എന്റെ മുദ്രാവാക്യം വിളിയുടെ ശക്തിയില്‍ ജോര്‍ജ്ജ് ബുഷ് നിന്നു മുള്ളൂം എന്ന് കരുതിയിട്ടല്ല. സരബ്‌ജിത് സിങ്ങിനെ തൂക്കുകയറില്‍ നിന്നും മോചിപ്പിക്കണം എന്ന് പറഞ്ഞ് ഞാന്‍ പോസ്റ്റിട്ടത് എന്റെ പോസ്റ്റ് കണ്ട് പര്‍വ്വേസ് മുഷാറഫ് പേടിച്ച് മുള്ളി സരബ്ജിത് സിങ്ങിനെ തുറന്ന് വിടും എന്ന് കരുതിയിട്ടല്ല. പി. ഗോവിന്ദന്‍ കുട്ടി എന്ന മാധ്യമ പ്രവര്‍ത്തകനെ അന്യായമായി തടങ്കലില്‍ വെച്ചതിനെതിരേ ഞാന്‍ പോസ്റ്റിട്ടത് കൊടിയേരി ബാലകൃഷ്ണന്‍ നിന്ന് മുള്ളും എന്ന് കരുതിയിട്ടല്ല. അങ്ങിനെ ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിച്ചതും ലവന്മാര്‍ പേടിച്ച് മുള്ളാന്‍ വേണ്ടിയിട്ടല്ല. പിന്നെയോ എന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍. ഒരു പ്രശ്നത്തില്‍ ആര്? എന്ത്? എപ്പോള്‍? എങ്ങിനെ? എന്ന് നോക്കാതെ യുക്തമെന്ന് തോന്നിയത് ഒരു നിമിഷം മുന്നേ ചെയ്തവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍. അതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തിയാണ് എന്റെ ലക്ഷ്യവും.

മൂന്നാം ചോദ്യം: കരിവാരം ആചരിക്കാന്‍ നിന്നോട് ആരാ പറഞ്ഞത്?
ഉത്തരം:ആരും പറഞ്ഞില്ല. എന്റെ ബ്ലൊഗില്‍ ഞാന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധിക്കുക. “കേരള്‍ സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള്‍ സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.” ഞാന്‍ എന്റെ ബ്ലോഗില്‍ കരിവാരം പ്രഖ്യാപിക്കുന്നു എന്ന എന്റെ വാചകത്തില്‍ തന്നെ എന്നോട് ആരും ഇങ്ങിനെയൊരു നിര്‍ദ്ദേശം തന്നിട്ടില്ലാ എന്ന് വ്യക്തമാണല്ലോ?ആരെങ്കിലും എന്നെ പിന്തുടര്‍ന്ന് തങ്ങളുടെ ബ്ലോഗിന്റെ നിറം കറുപ്പിക്കണം എന്നും ഞാന്‍ എന്റെ പോസ്റ്റില്‍ എങ്ങും പറഞ്ഞിട്ടില്ല.

നാലാം ചോദ്യം: “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം ഇഞ്ചിപ്പെണ്ണിന് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കാന്‍ വേണ്ടിയിട്ടല്ലേ?
ഉത്തരം: അല്ലേയല്ല. കേരള്‍ സ്കാം പ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടക്കം മുതല്‍ ഇടപെട്ട ഒരു വ്യക്തിയായിരുന്നു ഇഞ്ചിപ്പെണ്ണ്. അതുകൊണ്ട് തന്നെ കേരള്‍ സ്കാമില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതും ഇഞ്ചിപ്പെണ്ണിനെതിരേ ആയിരുന്നു. അനീതിയ്ക്കെതിരേ ശബ്ദം ഉയര്‍ത്തിയ ഒരാളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കാം എന്ന മാഫിയാ സംസ്കാരത്തിനെതിരേ നിലപാട് കൈകൊള്ളുന്നത് ആരേയും പുകഴ്ത്താനോ ഇകഴ്ത്താനോ വേണ്ടിയല്ല. തെറ്റിനെതിരേ പ്രതികരിക്കുന്നവര്‍ ഒറ്റപ്പെടരുത് എന്ന് നിര്‍ബന്ധമുണ്ടായതിനാലാണ് പോസ്റ്റില്‍ “കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു” എന്ന വാചകം കടന്ന് വന്നത്.

അഞ്ചാം ചോദ്യം: പൊസ്റ്റുകള്‍ ഒന്നും കോപ്പിചെയ്യപ്പെടാത്ത ഇഞ്ചിപെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെട്ടത് തെറ്റല്ലേ?
ഉത്തരം: അല്ല.ഇരകള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ശക്തമായി കാഴ്ചക്കാരന് പ്രതികരിക്കാന്‍ കഴിയും. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റുകള്‍ ഒന്നും തന്നെ കേരള്‍ സ്കാമിന്റെ സൈറ്റില്‍ കോപ്പി ചെയ്യപ്പെടാതിരുന്നത് യാദൃശ്ചികമല്ല. യാഹൂ പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ തന്റേതായ പങ്ക് വഹിച്ച ഇഞ്ചിപ്പെണ്ണ് ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് കേരള്‍ സ്കാം മുന്‍‌കൂട്ടി കണ്ടിരുന്നു. അങ്ങിനെ ഇടപെട്ടാല്‍ “നിന്റെ പോസ്റ്റുകള്‍ ഞങ്ങള്‍ എടുത്തിട്ടില്ലല്ലോ? പിന്നെന്നാത്തിനാ നീ കിടന്ന് കാറുന്നത്?” എന്ന നിലപാടില്‍ അവരെ ഒതുക്കാമെന്നും പ്രകോപനപരമായ മെയിലുകളിലൂടെ ഈ പ്രശ്നം കുറച്ച് ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താമെന്നും കേരള്‍ സ്കാമിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടുന്നതില്ലായിരുന്നു. അതു പോലെ തന്നെ പ്രശ്നം മുന്നോട്ട് പോവുകയും ചെയ്തു. പക്ഷേ കേരള്‍ സ്കാമിനെതിരേ അഭിപ്രായ ഐക്യം ഉണ്ടാക്കാനും കേരള്‍ സ്കാമിന് വഴിവിട്ട പല കച്ചവടങ്ങളും ഉണ്ട് എന്ന വസ്തുത പുറത്ത് കൊണ്ട് വരാനും ഇഞ്ചിപ്പെണ്ണിന് കഴിഞ്ഞു. ഗൂഗിളിന്റെ സേവനങ്ങള്‍ ആ സൈറ്റില്‍ അവസാനിച്ചു എന്ന് പറയുമ്പോള്‍ അവര്‍ നിയമത്തിന്റെ മുന്നിലേക്ക് വന്നു എന്നും കൂടി വായിക്കണം. പോണ്‍ സൈറ്റും വൈവാഹിക പരസ്യങ്ങളും ഒന്നിച്ച് എന്ന നിലപാടില്‍ നിന്നും കേരള്‍ സ്കാം പിന്നോട്ട് വരേണ്ടി വരും. ഇതെല്ലാം ഉണ്ടായത് ഇഞ്ചിപ്പെണ്ണിന്റെ ക്രിയാത്മകമായ ഇടപെടലുകളില്‍ നിന്നുമാണ്.

ആറാം ചോദ്യം: കേരള്‍ സ്കാം പകര്‍പ്പവകാശ പ്രശ്നം ആദ്യം ബൂലോഗത്തെ അറിയിച്ച ബ്ലോഗറെ ആയിരുന്നില്ലേ നീ‍ കൂടുതല്‍ പിന്തുണക്കേണ്ടിയിരുന്നത്?
ഉത്തരം: അതേ. അങ്ങിനെ തന്നെയായിരുന്നു ചെയ്തിരുന്നതും. ഈ പത്രത്തില്‍ വാര്‍ത്ത എഴുതിയപ്പോഴും ഈ പ്രശ്നത്തില്‍ ഞാന്‍ ആദ്യം ഇട്ട പോസ്റ്റിലും ആദ്യത്തെ പോസ്റ്റിന് സമ്പൂര്‍ണ്ണ പിന്തുണയാ‍യിരുന്നു നല്‍കിയിരുന്നത്. ഈ പ്രശ്നം ആദ്യം ബൂലോഗത്ത് എത്തിച്ച പോസ്റ്റിലും അഗ്രഗേറ്റര്‍ കാണിക്കാത്തതിനാല്‍ അനില്‍ ശ്രീയിട്ട പോസ്റ്റിലും എന്റെ അഭിപ്രായങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്. പക്ഷേ ചര്‍ച്ചകള്‍ മുന്നോട്ട് പോകവേ പോസ്റ്റിന്റെ ഉടമ ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാതെ കമന്റുകള്‍ എഴുതി തുടങ്ങിയപ്പോഴും “എല്ലാം കോമ്പ്ലിമെന്‍സ് ആയി...ഇന്നി അടുത്ത വെടിക്കെട്ട് എവിടാണോ എന്തോ” എന്ന പുളിച്ച വളിപ്പുമായി കളം വിടാന്‍ തുടങ്ങുന്നത് കണ്ടപ്പോഴുമാണ് കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പോസ്റ്റുമായി ഈ പ്രശ്നത്തിന്റെ ഗൌരവും ചോര്‍ന്ന് പോകാതെ ബൂലോഗത്ത് നില നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചത്. അതായത് കേരള്‍ സ്കാം നിര്‍ത്തിയത് അവര്‍ എഴുതിയ തിരകഥ അനുസരിച്ചാണ്. ആ തിര‍ക്കഥയ്ക്ക് തിരശ്ശീലയിടാനാണ് ആദ്യം ഈ പ്രശ്നം അവതരിപ്പിച്ചയാള്‍ “കൊമ്പ്ലിമെന്റ്സുമായി...” ശ്രമിച്ചത്. ആദ്യത്തെ പോസ്റ്റിന്റെ ഉടമയുടെ പിന്നീട് വന്ന നിലപാടുകള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതും ആണ്.

ഏഴാം ചോദ്യം: ബ്ലോഗ് കറുപ്പിച്ച് നടക്കുന്ന നീ നിയമപരമായി കേരള്‍ സ്കാം പ്രശ്നത്തില്‍ എന്ത് ചെയ്തു?
ഉത്തരം: അത് നിയമപ്രശ്നമാണ്. എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടതില്‍ എനിക്കുള്ള പരാതി എത്തേണ്ടിടത്ത് എത്തും. അതിനുള്ള നടപടിക്രമങ്ങള്‍ ഞാന്‍ വക്കീല്‍ മുഖാന്തിരം ചെയ്തിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കുന്ന കേസ് ആണെങ്കില്‍ മുന്നോട്ട് പോകും. എന്റെ നിലപാട് നിയമപരമായി നിലനില്‍ക്കുന്നത് അല്ലാ എന്നാണ് വക്കീലിന്റെ നിര്‍ദ്ദേശം എങ്കില്‍ കേസ് അങ്ങിനെ തന്നെ ഉപേക്ഷിക്കും. എങ്കിലും പൊതുതാല്പര്യ പരാതികള്‍ നല്‍കേണ്ടിടത്തൊക്കെയും രേഖാമൂലം നല്‍കിയിട്ടുണ്ട്.

എട്ടാം ചോദ്യം: നിന്റെ ആത്മരോഷം പ്രകടിപ്പിക്കാന്‍ നീ പ്രഖ്യാപിച്ച “കരിവാരത്തേയും” പ്രതിഷേധങ്ങളേയൂം
അവഹേളിക്കുന്നവരോട് നിനക്ക് അമര്‍ഷമില്ലേ?
ഉത്തരം: ഇല്ല. മലയാള ബ്ലൊഗെന്നാല്‍ മലയാള ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. ആമുഖം എങ്ങിനെയാണോ അങ്ങിനെ തന്നെയാണ് അവസാനവും. എന്തിന്? ആര്‍ക്കു വേണ്ടി? നിനക്ക് വേറെ പണിയില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ആമുഖത്തില്‍ മുഴങ്ങിയത് നിങ്ങള്‍ കണ്ടില്ലേ? അതിന്റെ തുടര്‍ച്ച തന്നെയാണ് നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന ഇവിടുത്തെ ചോദ്യവും. ഇര ആരെന്ന് നോക്കി മാത്രം പ്രതികരിക്കുന്ന എനിക്ക് മറ്റൊരാള്‍ ചെയ്യുന്നതിനെ വിമര്‍ശിക്കുവാന്‍ എന്തധികാരം? അതുകൊണ്ട് അവരുടെ ശരികള്‍ അവര്‍ ചെയ്യുന്നത്. എന്റെ ശരികള്‍ ഞാന്‍ ചെയ്യുന്നതും.

എരണം കെട്ട ചോദ്യം: നീ നിന്റെ ബ്ലോഗിന്റെ ഹിറ്റ് കൂട്ടാന്‍ നീ തന്നെ ഉണ്ടാക്കിയ നാടകമല്ലേ ഈ കേരള്‍ സ്കാം പ്രശ്നം?
എരണം കെട്ട ഉത്തരം: തെക്കേ മുറ്റത്തെ വിളഞ്ഞ മാവിന്റെ പട്ടടയില്‍ സുഖമായി വെന്തെരിയാന്‍ വേണ്ടി അമ്മിണി അമ്മ സ്വന്തമായി ബൈക്ക് ഓടിച്ച് വന്ന് സ്വന്തമായി ഇടിച്ച് വീഴ്ത്തി സ്വന്തമായി മണിക്കൂറുകളോളം റോഡില്‍ ചോരവാര്‍ന്ന് കിടന്ന് സ്വന്തമായി അങ്ങ് നിര്‍വാണം പ്രാപിച്ചതാണ്. അതാണ് സത്യം. അത് മാത്രമാണ് സത്യം.

Sunday, June 08, 2008

വെബ് മാഫിയായ്ക്കെതിരേ കരിവാരം...


കേരള്‍ സ്കാമിന്റേ പകര്‍പ്പവകാശ ലംഘനത്തിനെതിരേയും, പകര്‍പ്പവകാശ ലംഘനം ചോദ്യം ചെയ്തവരോട് കേരള്‍ സ്കാമിന്റെ മുതലാളിമാര്‍ കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്കെതിരേയും ഇന്നുമുതല്‍ ഒരാഴ്ച കാലം (08/06/2008 മുതല്‍ 15/06/2008 വരെ) ഞാന്‍ കരിവാരമായി ആചരിക്കുന്നു. എന്റെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി ഞാന്‍ എന്റെ പ്രതിഷേധം തല്പര കക്ഷികളെ അറിയിക്കുന്നു. കേരള്‍ സ്കാം പകര്‍പ്പവകാശ ലംഘന പ്രശ്നത്തില്‍ ധീരമായ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ഇഞ്ചിപ്പെണ്ണിന് സര്‍വ്വ പിന്തുണയും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

കരിവാരത്തില്‍‌ കൈകോര്‍ത്തവര്‍‌:

1. ഡാലി
2. രാജ് നീട്ടിയത്ത്
3. One Swallow
4. വെള്ളെഴുത്ത്
5. വിശാലമനസ്കന്‍
6. ചൂട്ടഴി
7. ഗുപ്തന്‍
8. ഇതെന്താ?
9. ശാലിനി
10. കുമാര്‍
11. നജൂസ്
12. വക്കാരിമഷ്ട
13. ഇടിവാള്‍
14. ബിന്ദു
15. പച്ചാളം
16. ഞാന്‍
17. ശ്രീ
18. സിജു
19. രേഷ്മ
20. മൂര്‍ത്തി
21. സാരംഗി
22. ബീരാങ്കുട്ടി
23. ഷിജു അലക്സ്
24. വേണു
25. യാരിദ്
26. തമനു
27. പുള്ളീ
28. സാക്ഷി
29. സങ്കുചിതന്‍
30. ശ്രീവല്ലഭന്‍
31. ശെഫി
32. കണ്ണൂരാന്‍
33. ജീ.മനു
34. അനിലന്‍
35. തറവാടി
36. വല്യമ്മായി
37. അനംഗരി
38. സപ്തവര്‍ണ്ണങ്ങള്‍
39. സിയ
40. ചിന്ത ഡോട് കോം
41. ദസ്തക്കിര്‍
42. ആഷ
43. ലതീഷ് മോഹന്‍
44. പി.ആര്‍
45. ലാപുട
46. സാല്‍ജോ
47 അനോനി ആന്റണി
48. നസീര്‍ കടിക്കാട്
49. സിദ്ധാര്‍ത്ഥന്‍
50. പ്രശാന്ത് കളത്തില്‍
51. നിഷ്കളങ്കന്‍
52. ജിഹേഷ്
53. കേരളാ ഫാര്‍മര്‍
54. ചീടാ‍പ്പി
55. ഈപത്രം
56. ഭൂമിപുത്രി
57. സുന്ദരന്‍
58. കുഞ്ഞന്‍
59. കിനാവ്
60. അഗ്രജന്‍
61. കല
62. കുട്ടന്‍ മേനോന്‍
63. വാവാച്ചി
64. ദേവന്‍
65. സെബിന്‍ ജേക്കബ്ബ്
66. ഉമേഷ്
67. ബാജി ഓടംവേലി
68. നാടോടി
69. വിശ്വപ്രഭ
70. സാബി
71. അജ്ഞാതന്‍
72. ഷാരു
73. Some time foodie
74. താഹീറബ്ദു
75. സിബു
76. ഹരിയണ്ണന്‍
77. സിനി
78. തലേക്കല്ലന്‍
79. ചിതല്‍
80. കൈതമുള്ള്
81. ജ്യോനവന്‍
82. രഞ്ജിത് ചെമ്മനാട്
83. വാ‍യാടി മലയാളി
84. ഇത്തിരി വെട്ടം
85. തോന്ന്യവാസന്‍
86. കാവാലന്‍
87. ബഷീര്‍ വെള്ളറക്കാട്
88. ശംഖുപുഷ്പം
89. കോവാല കൃഷ്ണന്‍
90. ശ്രീലാല്‍
91. സന്തോഷ് പിള്ള
92. അചിന്ത്യ
93. നിഖില്‍
94. പ്രിയംവദ
95. കരിങ്കല്ല്
96. മെലോഡിയോസ്
97. ബിക്കു
98. രേവതി
99. നളന്‍
100. രാവുണ്ണി
101. തത്തമ്മ
102. ശ്രീദേവീ നായര്‍
103.വിശാഖ് ശങ്കര്‍
104. പി.അനൂപ്
105. ലക്ഷ്മി
106. സജ്ജീവ് ബാലകൃഷ്ബന്‍
107. ദൃശ്യന്‍
108. ഉഗാണ്ട രണ്ടാമന്‍
109. കൃഷ്
110. അലിഫ്
111. ഐസീബി
112. കൊച്ചു ത്രേസ്യ
113. പാഞ്ചാലി
114. കൊച്ചുമുതലാളി
115. Trevor Penn
116. ഇഡ്ഡലി ദോശ
117. അനുരാജ്
118. ന്യൂ ഇന്‍ഡ്യാ എക്സ്പ്രസ് വാര്‍ത്ത

ശേഷം :
കേരള്‍സ് ഡോട് കോമിന്റെ ക്ഷമാപണം അവരുടെ സൈറ്റില്‍ തന്നെ ഇന്ന് വന്നു (11/06/2008).വ്യക്തിത്വമില്ലാത്ത ജെനറല്‍ മാനേജര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തത്സ്ഥാനം പിരിയാന്‍ കേരള്‍സ് ഡോട് കോം ഇന്ന് (11/06/2008) നോട്ടീസ് കൊടുത്തു. ശിവകുമാറിന് വ്യക്തിത്വമില്ലായെന്ന് അയാളുടെ കമ്പനിയെ ബോധ്യപ്പെടുത്താന്‍ ഒരു പറ്റം മലയാളം ബ്ലോഗ് എഴുത്ത്കാര്‍ വേണ്ടി വന്നു.

കേരള്‍സ് ഡോട് കോമിന്റെ ഗൂഗിള്‍ ആഡ്‌സാന്‍സ് സേവനം പിന്‍ വലിച്ചു. ഗൂഗിള്‍ ആഡ്‌സാന്‍സ് പിന്‍വലിക്കുക എന്നാല്‍ എക്കാലത്തേക്കുമായി അവരുടെ സേവനം പിന്‍ വലിക്കുന്നു എന്നര്‍ത്ഥം.

കേരള്‍സ് ഡോട് കോം മലയാളം സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കേരള്‍സിന്റെ സഹോദരസ്ഥാപനമായ മഴത്തുള്ളീ ഡോട് കോം മലയാളം സേവനങ്ങള്‍ പിന്‍‌വലിച്ചു.

കഴിഞ്ഞോ? ഇല്ല. കേരള്‍സ് ഡോട് കോമിനെതിരേയുള്ള എന്റെ നഷ്ട പരിഹാര കേസ് ഏറ്റവും അടുത്ത ദിവസം കോടതിയില്‍ വരും. മറ്റു പലരുടേയും കേസുകളും. കേരള്‍സിന്റെ മോലാളിക്ക് കൊച്ചി മുതല്‍ ന്യൂയോര്‍ക്ക് വരെ കേസുമായി ഓടി നടക്കാം.

കഴിഞ്ഞോ? ഇല്ല. ബാക്കി കാത്തിരുന്ന് കാണാം.

ഫയര്‍ഫോക്സിനെ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കൂ...

Download Day 2008
സ്വതന്ത്ര ബ്രൌസിങ്ങ് സോഫ്റ്റ് വെയറായ ഫയര്‍ഫോക്സ് മൊസില ഒരു ലോക റെക്കോര്‍ഡിനരുകിലാണ്. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സോഫ്റ്റ് വേറായി ഫയര്‍ഫോക്സ് മൊസില-3 മാറുന്ന നിമിഷത്തില്‍ പങ്കാളിയാകാന്‍ സ്വതന്ത്ര സോഫ്റ്റ് വേറിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരും തയ്യാറാകണം. ഫയര്‍ഫോക്സ് മൊസില - 3 പ്രസിദ്ധീകരിക്കുന്ന ദിവസം ഈ ഉദ്യമത്തില്‍ പങ്കുചേരുന്നവര്‍ക്ക് ലോകറിക്കാര്‍ഡ് പ്രകടനത്തില്‍ പങ്കാളിയായതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ ലിങ്കിലൂടെ ലോക റെക്കോര്‍ഡ് പ്രകടനത്തില്‍ ഫയര്‍ഫോക്സ് മൊസിലയോടൊപ്പം ചേരാം.

കൂടുതല്‍ വിവരങ്ങള്‍ വി.കെ.ആദര്‍ശിന്റെ ഫയര്‍ഫോക്സ് ലോക റിക്കാര്‍ഡിന് ഒരുങ്ങുന്നു എന്ന ലേഖനത്തില്‍ വായിക്കാം.