Wednesday, April 23, 2008

മലയാള ബ്ലോഗെഴുത്തില്‍‌ അക്കാദമികളുടെ പ്രസക്തി.

ചിത്രകാരന്റെ ഒരു പോസ്റ്റിലാണ് ബ്ലോഗെഴുത്തിന്റെ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടത്. ബ്ലോഗിങ്ങിന്റെ രീതികളും സങ്കേതവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു ശില്പശാ‍ലയായിരുന്നു ചിത്രകാരന്‍ മുന്നോട്ട് വെച്ച ചര്‍ച്ച. അവിടെ നിന്നും തുടങ്ങിയ ശില്പശാലകള്‍ ഇന്ന് ജില്ലകള്‍ തോറുമുള്ള ബ്ലോഗ് അക്കാദമികളുടെ രൂപീകരണത്തിലും മലയാള ബ്ലോഗിങ്ങിന്റെ പ്രചരണത്തിലും എത്തി നില്‍ക്കുന്നു. രൂപീകരിക്കപ്പെട്ട ബ്ലോഗ് അക്കാദമികള്‍ ഇപ്പോള്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ ബ്ലോഗെഴുത്തിനും വായനക്കും കൂടുതല്‍ ഊര്‍ജ്ജം പകരും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

പുതുമകള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായിരിക്കും. സംശയ ദൃഷ്ടിയോടെ ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും മറുപടി കൊടുക്കാനും സംശയ നിവര്‍ത്തി വരുത്താനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണം. എങ്കില്‍ മാത്രമേ അക്കാദമി ഏറ്റെടുത്തിരിക്കുന്ന ഉദ്ദേശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുള്ളൂ.


താല്‍ക്കാലികമായി ഉണ്ടായ ഒന്ന് ഫലപ്രാപ്തിയില്‍ എത്തിയതിന് ശേഷം സ്വയം പിരിഞ്ഞ് പോകും എന്ന വിനയമാണ് ഇന്ന് ബ്ലോഗ് അക്കാദമി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി. വ്യവസ്താപിതമായ രീതിയില്‍ ഒരു അക്കാദമി ഉണ്ടായി വരുന്നതിനെ എന്തിന് ഭയപ്പെടണം? മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പൊതു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു പൊതുവേദിയാക്കി മാറ്റിയെടുക്കാന്‍ കഴിയില്ലേ?

കേരളാ ബ്ലോഗ് അക്കാദമി. നല്ല പേര്. ഉദ്ദേശ്യവും ലക്ഷ്യവും അമ്മ മലയാളത്തിന്റെ വളര്‍ച്ച മാത്രം. അത് വ്യവസ്താപിതമായ മാര്‍ഗ്ഗത്തിലും രീതിയിലും ആകുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. ആരെയാണ് പേടിക്കേണ്ടത്. അക്കാദമിക്ക് മെമ്പര്‍ഷിപ്പ് ഉണ്ടാകട്ടെ. ജനാധിപത്യ രീതിയില്‍ മത്സരവും തിരഞ്ഞെടൂപ്പും വോട്ടും ഭരണ പക്ഷവും പ്രതിപക്ഷവും വരട്ടെ.


ആഗോള മലയാള ബ്ലോഗ് അക്കാദമിയും കേരളാ ബ്ലോഗ് അക്കാദമിയും പിന്നെ ഏരിയ തിരിച്ചുള്ള മലയാള ബ്ലോഗ് അക്കാദമികളും രൂപവല്‍ക്കരിക്കപ്പെടണം. തുടക്കം എന്ന നിലയില്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറുള്ളവരെ വെച്ച് താല്‍ക്കാലിക ഭരണ സമിതികള്‍ ഉണ്ടാകണം. പിന്നെ ഭരണ ഘടനയുണ്ടാകണം. തുടര്‍ന്ന് ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥിരം ഭരണ സംവീധാനം ഉണ്ടാകണം. അക്കാദമിയില്‍ അംഗമാകേണ്ടവര്‍ക്ക് മറ്റു തടസ്സമേതുമില്ലാതെ അംഗമാകാനും ഇന്നി അംഗമാകേണ്ടാത്തവര്‍ക്ക് അങ്ങിനെ തുടരാനും കഴിയുന്ന വിധത്തില്‍ ബ്ലോഗ് അക്കാദമികള്‍ രൂപവല്‍ക്കരിക്കപ്പെടണം. മലയാളത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളായ അക്കാദമികള്‍ നല്‍കുന്ന സംഭാവനകളേക്കാള്‍ ബ്ലൊഗ് അക്കാദമി എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്ക് നല്‍കാന്‍ കഴിയും എന്നതില്‍ സംശയമേതുമില്ല തന്നെ.


ബ്ലോഗ് അക്കാദമി എന്നത് മലയാള ബ്ലോഗെഴുത്ത്കാര്‍ക്ക് ഒരുമിച്ച് കൂടാനുള്ളൊരിടമായി മാറണം. അത് സ്വയം രൂപപ്പെട്ട് സ്വയം പിരിഞ്ഞ് പോകേണ്ടുന്ന ഒന്നല്ല. ഒരു സംഘടനയുടെ സ്വഭാവവും ചട്ടക്കൂടും അതിനുണ്ടാകണം. ആര് പിരിഞ്ഞ് പോയാലും സ്വയം പിരിയാന്‍ കഴിയാത്ത ഒരു സ്ഥാപനമായി ബ്ലോഗ് അക്കാദമികള്‍ രൂപപ്പെട്ടുവരണം. ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വിപുലപ്പെടുന്നതിലൂടെ മലയാളത്തിന്റെ മഹത്വവും വളരും. മലയാളത്തില്‍ ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോഴും ചാറ്റില്‍ മലയാളം ഉപയോഗിക്കുമ്പോഴും നാമിന്നനുഭവിക്കുന്ന സായൂജ്യം ഭൂരിപക്ഷ മലയാളികളും അനുഭവിക്കുന്ന ഒരു കാലത്തിലേക്കുള്ള ശക്തമായ ചുവട് വെയ്പായി ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിക്കപ്പെടട്ടെ!

-------------------------------------------------------

ചേര്‍ത്ത് വായിക്കേണ്ടത് : മരീചന്റെ ബ്ലോഗ് അക്കാദമി ചില വേറിട്ട ചിന്തകള്‍.

10 comments:

അഞ്ചല്‍ക്കാരന്‍ said...

മലയാളത്തില്‍ ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോഴും ചാറ്റില്‍ മലയാളം ഉപയോഗിക്കുമ്പോഴും നാമിന്നനുഭവിക്കുന്ന സായൂജ്യം ഭൂരിപക്ഷ മലയാളികളും അനുഭവിക്കുന്ന ഒരു കാലത്തിലേക്കുള്ള ശക്തമായ ചുവട് വെപ്പായി ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിക്കപ്പെടട്ടെ!

Anonymous said...

ആഗോള പാമ്പ് വളര്‍ത്തല്‍ കേന്ദ്രം
കേരളാ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം
ഏരിയ മലയാള പാമ്പ് വളര്‍ത്തല്‍ കേന്ദ്രം

അനോണിയായിട്ടും സനോണിയായിട്ടും ഞാന്‍ ചീറ്റുന്ന ഓരോ വിഷത്തുള്ളികളില്‍ നിന്നും എനിക്കു ലഭിക്കുന്ന സായൂജ്യം എല്ലാം ചേരയിലും വ്യാപിക്കട്ടെ.

ഞാന്‍ സ്വയം രൂപപ്പെട്ട് സ്വയം പിരിഞ്ഞ് പോകേണ്ടുന്ന ഒന്നല്ല, എന്നെ തല്ലി തന്നെ കൊല്ലണം.

ശ്രീവല്ലഭന്‍. said...

നല്ല ചിന്തകള്‍ തന്നെ :-)

വിചാരം said...

123

വിചാരം said...

123

യാരിദ്‌|~|Yarid said...

......കാത്തിരുന്നു കാണാം..ഇതെന്തായിത്തീരുമെന്നു...:)

Areekkodan | അരീക്കോടന്‍ said...

നല്ല ചിന്തകള്‍

Unknown said...

നല്ല വിവരണം

Unknown said...

പ്രിയ അഞ്ചല്‍ക്കാരന്‍ ,

താങ്കളുടെ ഈ പോസ്റ്റിന് ആശംസകള്‍ ! കൂട്ടത്തില്‍ എന്റെ ചില വ്യഥകള്‍ കൂടി ഇവിടെ പങ്ക് വയ്ക്കട്ടെ .

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നത് . എനാലേ സംഘടനയ്ക്ക് കേരള സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാനാകൂ എന്നും ഞാന്‍ കരുതി . അപ്പോഴാണ് സാങ്കേതികമായ ഒരു തടസ്സം എന്റെ ശ്രദ്ധയില്‍ പെട്ടത് . അക്കാദമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ സ്വന്തം പേരും വിലാസവും എഴുതി ഒപ്പിടാന്‍ തയ്യാറുള്ള ഭാരവാഹികളും അംഗങ്ങളും വേണം .

മലയാളം ബ്ലോഗ് ലോകത്ത് സ്വന്തം പേരില്‍ ബ്ലോഗ് എഴുതുക എന്ന അഹ്വാനം അപകടകരമായ വിമത ഗര്‍ജ്ജനമായാണ് പൊതുവേ കരുതപ്പെടുന്നത് . അങ്ങനെ പറയുന്ന എന്നെ ഹരികുമാറാക്കിക്കളയും എന്ന ഭീഷണി പരോക്ഷമായി പല കോണുകളില്‍ നിന്നും ഉയരുന്നു .

സ്വന്തം പേരില്‍ ബ്ലോഗ് എഴുതാനള്ള ആര്‍ജ്ജവം കാണിക്കണം എന്ന് പറയുന്നതിനെ ; തുണിയുരിഞ്ഞ് എന്റെ മുന്നില്‍ വരണം , സ്വന്തം വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടണം , ബ്ലോഗെഴുതാന്‍ എന്റെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നൊക്കെ ഞാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ് എന്നൊക്കെയാണ് വിലയിരുത്തപ്പെടുത്തുന്നത് .

അക്കാദമിയുടെ ശില്പശാലകളിലും അനോണിയായി ബ്ലോഗ് എഴുതാനുള്ള പ്രോത്സാഹനമാണ് നല്‍കുന്നത് എന്ന കാര്യം എന്നെ ദു:ഖിപ്പിക്കുകയും നിരാശപെടുത്തുകയും ചെയ്തു .

ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം തെറ്റോ ശരിയോ എന്നറിയില്ല , സ്വന്തം പേരും വിലാസവും എഴുതി അക്കാദമിയുടേ ബൈലോയിലും മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ഒപ്പിടാന്‍ തയ്യാറുള്ള പത്ത് പേരെ പോലും ബൂലോഗത്ത് കണ്ടെത്തുക എളുപ്പമല്ല എന്നാണ് .

അത് കൊണ്ട് ഞാന്‍ തിടുക്കപ്പെട്ടാണെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്തു .

ഒന്ന്: കേരള ബ്ലോഗ് അക്കാദമി ഒരു വ്യവസ്ഥാപിതമായ സംഘടന ആയി മാറണം എന്ന എന്റെ വ്യക്തിപരമായ നിര്‍ദ്ദേശത്തില്‍ നിന്ന് ഞാന്‍ പിന്മാറി .

രണ്ട് : കേരള ബ്ലോഗ് അക്കാദമിയുടെ നിലവിലുള്ള ഗ്രൂപ്പ് ബ്ലോഗുകളില്‍ നിന്ന് സ്വയം പിരിഞ്ഞു .

ഇത് സംബന്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് മറ്റൊന്ന് എഴുതുന്നത് വരെ അവിടെ കാണും . കമന്റുകള്‍ അവിടെ അനുവദിക്കുകയില്ല .

ഈ പോസ്റ്റില്‍ ഞാന്‍ എഴുതുന്ന ആദ്യത്തെയും അവസാനത്തെയും കമന്റ് ആ‍ണിത് .

ഒരിക്കല്‍ കൂടി ആശംസകള്‍ !!

വിചാരം said...

ആരാണ് എന്നേക്കാള്‍ വലുത് ..ഹാ.. അത്രയ്കായോ ഇന്നലെ വന്ന അവന്‍ ?... ഹും .. എങ്കിലവനൊന്ന് കൊടുത്തിട്ട് തന്നെ കാര്യം . ഈ ചിന്ത മലയാളിയുടെ മനസ്സില്‍ ഉള്ളിടം കാലം ഒരു മലയാളിയും നന്നാവില്ല. സുകുമാരേട്ടോ ... ഈ അനോണി വീരന്മാരാണന്നറിയോ ഇവിടത്തെ വലിയമാരെന്ന് സ്വയം തോന്നി നടയ്ക്കുന്ന ചില പിച്ചക്കാരാ അവരെ പേടിച്ച് ഉദ്ദേശിച്ച ഉദ്യമത്തില്‍ നിന്ന് പിന്തിരിയുക എന്നാല്‍ താങ്കള്‍ ഒരു ഭീരുവായി എന്നേ ഞാന്‍ പറയൂ. താങ്കളുടെ ഉദ്ദേശം നല്ലതാണെങ്കില്‍ ഒരാളെ ഉണ്ടാവുന്നുവെങ്കില്‍ മുന്നോട്ട് .. മുന്നോട്ട് വെച്ച കാല്‍ ഒരിക്കലും പിന്നോട്ടെടുയ്ക്കരുത് ആരാണോ താങ്കളെ എതിര്‍ത്തത് അവനായിരിക്കും ഇതിന്റെ അമരത്ത് ഒരിക്കല്‍ ഇരിക്കുക അവനെ ഇരുത്താന്‍ പ്രേരിപ്പിയ്ക്കന്നത്ര വളര്‍ച്ച താങ്കള്‍ ഉദ്ദേശിയ്ക്കുന്ന കാര്യത്തിനുണ്ടാവണം അതിന് താങ്കളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.