Friday, November 30, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ ചെപ്പടി വിദ്യ.

എയര്‍ ഇന്‍ഡ്യയുടെ ഗള്‍ഫ് മലയാളികളോടുള്ള ഇരട്ടത്താപ്പും പകല്‍കൊള്ളയും പലതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബജറ്റ് എയര്‍ ലൈന്‍ കൊണ്ടു വന്ന് ഗള്‍ഫ് മലയാളിയുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ എയര്‍ ഇന്‍ഡ്യ താരതമ്യാന ചിലവ് കുറഞ്ഞ ടിക്കറ്റ് കൊടുത്ത് പ്രവാസീ മലയാളിയെ സേവിക്കുന്നതിന്റെ പിന്നാമ്പുറത്ത് കൂടിയുള്ള യാത്ര രസകരമാണ്. മൂന്ന് മാസം മുമ്പ് ബുക്ക് ചെയ്താല്‍ ഏറ്റവും കുറഞ്ഞ കൂലി. യാത്ര അടുത്തു വരുന്തോറും കൂലിയും കൂടി വരും. അവസാന ദിനങ്ങളില്‍ “പട്ടിണി വണ്ടിയിലെ” കൂലി “ശാപ്പാട് വണ്ടിയിലെ” കൂലിയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലോ ആകും.

ഗള്‍ഫ് മേഖലയില്‍ അന്നം തേടുന്ന, കഞ്ഞിയും പായയും അടക്കം എണ്ണൂറ് ദിര്‍ഹം/റിയാല്‍ പ്രതിമാസ വേതനം പറ്റുന്ന അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിനെ സഹായിക്കാനായി തുടങ്ങിയതാണ് കൊട്ടിഘോഷിക്കപ്പെട്ട “പട്ടിണി വണ്ടി” എന്നാണല്ലോ വെയ്പ്പ്. മൂന്ന് മാസം മുന്നേ അവധി അനുവദിച്ചു കിട്ടുന്ന ഏത് തൊഴിലാളിക്കാണ് കുറഞ്ഞ ചിലവില്‍ “പട്ടിണി വണ്ടിയില്‍” യാത്ര ചെയ്യാന്‍ കഴിയുക. മലയാളി മുതലാളിമാര്‍ പോലും തൊഴിലാളികളെ കൃത്യമായി മുന്ന് മാസം മുന്നേ അവധി പ്രഖ്യാപിച്ച് നാട്ടിലേക്കയക്കാനുള്ള മഹാമനസ്കതയൊന്നും കാട്ടാറില്ല. പിന്നല്ലേ അറബി മുതലാളിമാര്‍. ഇന്നി ഒരു ധൈര്യത്തില്‍ അടിസ്ഥാന തൊഴിലാളി മൂന്ന് മാസം മുന്നേ കേറി ടിക്കറ്റ് എടുത്തെന്നിരിക്കട്ടെ. അതേ ദിനം മുതലാളി യാത്ര മുടക്കിയാല്‍ ടിക്കറ്റെടുത്ത പണം സ്വാഹ.

ഇതിനും പുറമേയാണ് “പട്ടിണി വണ്ടിക്കാരുടെ” മറ്റൊരു തരികിടയും. ചുണ്ടക്ക കാല്പണം ചുമട്ടുകൂലി മുക്കാപ്പണമെന്ന് കേട്ടിട്ടില്ലേ. അതു അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നത് എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിന്റെ “യാത്രക്കൂലി കാല്‍പ്പണം നികുതി മുക്കാല്‍ പണം” ആയി മാറുന്നിടത്താണ്. യാത്രാക്കൂലി കുറയുമ്പോള്‍ നികുതി ആനുപാതികമായി കൂടുന്ന ചെപ്പടി വിദ്യയിലൂടെ കൊട്ടും കുരവയുമായി പ്രവാസി മലയാളിയെ സേവിക്കാനെത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് എന്ന “പട്ടിണി വണ്ടി” പ്രവാസത്തിന്റെ പിന്നാമ്പുറത്ത് നരകയാതന അനുഭവിക്കുന്നവന്റെ ചട്ടിയില്‍ കയ്യിട്ട് വാരുന്നത് എങ്ങിനെയാണെന്ന് നോക്കാം.


എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ ദുബായി അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പോകുന്നവന്‍ നികുതിയിനത്തില്‍ കെട്ടേണ്ടുന്നത് കേവലം അറുപത് ദിര്‍ഹം. കള്ളും വെള്ളവും ജ്യൂസും ബിസ്കറ്റും ബിരിയാണിയും എല്ലാമടക്കം യാത്രാക്കൂലി സ്വാഭാവികമായും കൂടുതല്‍ ആയിരിക്കുമെന്ന് പറയേണ്ടല്ലോ.


ഷാര്‍ജ്ജയില്‍ നിന്നും പുറപ്പെടുന്ന മൊറ്റൊരു “പട്ടിണി വണ്ടിയുമായി” നമ്മുക്ക് നമ്മുടെ “പട്ടിണി വണ്ടിയെ” താരതമ്യം ചെയ്യുകയാ ഇത്തിരിക്കൂടി ബുദ്ധിപരം. എയര്‍ അറേബ്യ നാഗ്‌പൂരെന്ന ഇന്‍ഡ്യന്‍ നഗരത്തിലേക്ക് പറക്കുന്നതിന് ഈടാക്കുന്ന നികുതി കേവലം നൂറ്റി നാല്പത് ദിര്‍ഹം. സംശയമുണ്ടെങ്കില്‍ ഇടത് വശത്ത് കാണുന്ന ടിക്കറ്റില്‍ ഒന്നു ക്ലിക്ക് ചെയ്ത് നോക്കിക്കോളൂ. യാത്രാക്കൂലിയും ഒന്നു മനസ്സില്‍ വെച്ചോളൂ പിന്നെ ആവശ്യം ആയി വരും.


ഇനി നമ്മുക്ക് നേരെ നമ്മുടെ സ്വന്തം പട്ടിണി വണ്ടിയിലേക്ക് വരാം. ഗള്‍ഫ് മലയാളിക്ക് നാട്ടിലേക്ക് കുറഞ്ഞ ചിലവില്‍ പറക്കാനേര്‍പ്പാടാക്കിയിരിക്കുന്ന എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ നികുതിയും മറ്റും എന്ന കോളത്തില്‍ എഴുതിയിരിക്കുന്ന തുക മറ്റൊരു വിമാന കമ്പനിയുടെ ടിക്കറ്റിലും കാണാത്തത്ര ഉയരത്തിലുള്ളതാണ്. ഷാര്‍ജ്ജാവില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാന്‍ ആളൊന്നുക്ക് ഇരുന്നൂറ്റി തൊണ്ണൂറ് ദിര്‍ഹം നികുതി കൊടുക്കണം. എമിരേറ്റ്സ് എയര്‍ ലൈന്‍സില്‍ കേവലം അറുപത് ദിര്‍ഹമായ നികുതി എയര്‍ അറേബ്യയില്‍ നൂറ്റി നാല്പത് ആയി ഉയര്‍ന്നു. എയര്‍ ഇന്‍ഡ്യാ എക്സ് പ്രസില്‍ അത് വീണ്ടും ഇരുന്നൂറ്റി തൊണ്ണൂറ് ആയി കുത്തനെ ഉയര്‍ന്നു. അതായത് യാത്രാക്കൂലി കുറയുമ്പോള്‍ നികുതി കൂട്ടുക!. ഇതെന്നാ പ്രതിഭാസം?

നാഗ്പൂരിലേക്ക് യാത്ര ചെയ്യാന്‍ ഇരുന്നൂറ്റി നാല്പത്തി ഒമ്പത് ദിര്‍ഹം എയര്‍ അറേബ്യ കൂലി ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകാന്‍ എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഈടാക്കുന്നത് നാണൂറ്റി നാല്‍പത്തി ഒമ്പത് ദിര്‍ഹം. കൂട്ടത്തില്‍ സേവനകൂലി എന്ന പേരില്‍ മറ്റൊരു പതിനെട്ട് ദിര്‍ഹവും. (എന്നതാണോ എന്തോ ഈ സേവനം?) കൂട്ടത്തില്‍ വേറെയാരും ഈടാക്കാത്ത നികുതിയും. ഈ എയര്‍പോര്‍ട്ട് ടാക്സ് എയര്‍പോര്‍ട്ട് ടാക്സ് എന്ന് പറയുന്ന സാധനം എയര്‍ ലൈന്‍ കമ്പനികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം കൂട്ടാനും കുറക്കാനും കഴിയുന്ന സംഗതിയാണോ?

നമ്മുടെ സ്വന്തം പട്ടിണി വണ്ടി മറ്റു എയര്‍ലൈനുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന നികുതി ഈടാക്കുന്നതിനുള്ള കാരണം അന്വോഷിച്ചപ്പോള്‍ കിട്ടിയ മറുപടിയും രസാവഹം തന്നെ. “എയര്‍ അറേബ്യ ഷാര്‍ജ്ജയുടെ വിമാനം ആയതു കൊണ്ട് അവര്‍ക്ക് കുറഞ്ഞ നികുതിയേ ഉള്ളൂ.” “എമിരേറ്റ്സിന്റെ നികുതി കുറയാനുള്ള കാരണം അത് ദുബായിയുടെ സ്വന്തം എയര്‍ലൈന്‍ ആയതു കൊണ്ട്.” അങ്ങിനെ വരുമ്പോള്‍ എയര്‍ ഇന്‍ഡ്യാ ഭാ‍രതാവിന്റെ സ്വന്തം എയര്‍ ലൈനല്ലേ എന്ന ഒടങ്കൊല്ലി ചോദ്യം അങ്ങോട്ട് ചോദിക്കുകയും ലൈന്‍ കട്ടാവുകയും ഒരേ നിമിഷം സംഭവിച്ചു.

പട്ടിണിവണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു ഹതഭാഗ്യന്, യാത്ര റദ്ദാ‍ക്കിയാല്‍ പണം പൊഹയാകുന്ന ടിക്കറ്റ് മൂന്ന് മാസം മുന്നേ മുങ്കുറായിട്ടെടുത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്ത് കാത്തിരുന്ന് കള്ളും വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച് യാത്ര പോയാല്‍ ലാഭിക്കാവുന്ന ചില്ലറകളെത്രയെന്ന് പട്ടിണി വണ്ടിയിലിരുന്ന് തന്നെ വിരലെണ്ണി നോക്കണം.എങ്കിലേ അതിന്റെ സുഖം ശരിക്കും അനുഭവിക്കാന്‍ കഴിയുള്ളൂ....

Sunday, November 18, 2007

പഴഞ്ചൊല്ലിലെ പതിരുകള്‍

“പഴഞ്ചൊല്ലില്‍ പതിരില്ല” എന്ന പഴഞ്ചൊല്ല് തന്നെ പതിരല്ലേ? പഴഞ്ചൊല്ലുകളിലൂടെ ഒന്നു കറങ്ങി വന്നപ്പോള്‍ മിക്ക ചൊല്ലുകളും യുക്തിക്ക് നിരക്കുന്നതോ സത്യ സന്ധമോ അല്ലാ‍ എന്ന തോന്നലിലാണ് ഞാനെത്തിയത്. ഈ തോന്നല്‍ എന്റേത് മാത്രമാണോ എന്നറിയാനുള്ള ഒരു അന്വോഷണമാണീ പോസ്റ്റ്.

1. “ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.”
എങ്ങിനെയാണോ ആവോ ഒരാള്‍ക്കുപോലും കിടക്കാന്‍ കഴിയാത്ത ഉലക്കമേല്‍ ഒരുമയുണ്ടെങ്കില്‍ ഒന്നിച്ച് കിടക്കാന്‍ കഴിയുക? ഈ പഴഞ്ചൊല്ലുണ്ടാക്കിയോനെ ഉലക്കക്ക് അടിക്കണം.

2. “അധികമായാല്‍ അമൃതും വിഷം.”
വിഷം സത്യമാണ്. അമൃത് മിത്യയും. അമൃത് എന്നൊരു സാധനം എത്രവരെ കഴിക്കാം എന്നതിന് ആരെങ്കിലും ഒരു അളവ് പറയണമെങ്കില്‍ അത് കണ്ട ആരെങ്കിലും ഉണ്ടാകണം. മിത്ത് മാത്രമായ ഒരു സംഗതിയെ പരമസത്യമായ വിഷവുമായി എങ്ങിനെ കൂട്ടികെട്ടാന്‍ കഴിയും? അല്ലെങ്കില്‍ തന്നെ വയര്‍ നിറയും വരെയല്ലേ ഒരാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കഴിയുള്ളൂ. ഏതെങ്കിലും തരത്തില്‍ ആരോഗ്യത്തിന് ഹാനീകരമാകാത്ത ഒരു വസ്തു എത്ര കഴിച്ചാലും വിഷമാകുന്നതെങ്ങിനെ?

3. “മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും.”
തലമുതിര്‍ന്നവര്‍ പറയുന്നതെല്ലാം ശരിയാകുമോ? വകതിരിവില്ലാത്ത എത്രയോ കാര്‍ന്നോന്മാര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. വാ തുറന്നാല്‍ പരമാബദ്ധം മാത്രം വിളമ്പുന്ന ഒരു “മൂത്തവന്‍” തരുന്ന നെല്ലിക്ക കാഞ്ഞിരക്കുരു പോലെ ആദ്യവും അവസാനവും നടുക്കും എപ്പോഴും കയ്ക്കുകയല്ലേ ഉള്ളൂ?

4. “നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ”.
നായയുടെ വാല് നിവരാന്‍ നായയെ പട്ടിണിക്കിട്ടാല്‍ പോരെ? എന്തിനാ വാല് കൊണ്ടു പോയി കുഴലിലിടുന്നത്?

5. “വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല.”
ഇങ്ങോട്ടു വരുന്നതിന് വഴി തെറ്റില്ല. ശരി തന്നെ. എങ്കില്‍ പിന്നെ നമ്മുക്ക് വഴിമാറിയങ്ങ് നടന്നാല്‍ പോരെ. വല്ല കുഴപ്പവും ഉണ്ടാകുമോ?

6. “പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.”
ചെവികേള്‍ക്കാതാക്കിയ ദൈവമല്ലേ പൊട്ടനെ ആദ്യം ചതിച്ചത്. അപ്പോ പിന്നെ ഒന്നാം പ്രതിയായ ദൈവം രണ്ടാം പ്രതിയെ എന്നാ ചെയ്യുമെന്നാ?

7. “കൊല്ലകുടിയില്‍ സൂചി വില്പനയോ?”
കൊല്ലന് തയ്ക്കാനൊരു സൂചി മറ്റൊരാളുടെ പക്കല്‍ നിന്നും വാങ്ങിയാല്‍ പോലീസ് പിടിക്കൂന്നുമില്ലല്ലോ?

8. “അടി തെറ്റിയാല്‍ ആനയും വീഴും”
വഴിയില്‍ ചതിക്കുഴി കുഴിച്ച് ആനയെ അതില്‍ വീഴ്തിയിട്ട് ഈ ചൊല്ലും ചൊല്ലിക്കോണ്ടിരുന്നിട്ട് എന്നാ കാര്യം. ശ്രദ്ധിച്ച് നടക്കാന്‍ ആനക്കറിയാം. ചതിക്കുഴി കുഴിക്കാതിരുന്നാല്‍ ആന വീഴുകയും ഇല്ല. പിന്നെ മര്‍മ്മത്തടി കൊണ്ടാല്‍ ആനയല്ല ഈച്ചയും വീഴും.

9. “തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല”
ലോകത്ത് ഇന്ന് വരെ എന്തെങ്കിലും തീയില്‍ കുരുത്തിട്ടുണ്ടോ? ഇന്നലെ വരെ ഉണ്ടാകാത്ത ഒരു സംഗതി ഇന്നെങ്ങിനാ വെയിലത്ത് വെക്കാന്‍ കഴിയുക-വാടുന്നോന്നറിയാന്‍?

10. “കൊടുത്താല്‍ കൊല്ലത്തും കിട്ടും”.
എന്തൂരം കൊടുത്തിരിക്കുന്നു. ഇന്നി കിട്ടാന്‍ കൊല്ലത്ത് എവിടാ വരേണ്ടുന്നത്?

11. “അമ്മ വേലി ചാടിയാല്‍ മകള്‍ മതില് ചാടും”
അമ്മക്ക് മകളില്ല. മകന്‍ മാത്രമേയുള്ളൂ. അങ്ങിനെയാകുമ്പോള്‍ മകന്‍ മതില്‍‍ ചാടുന്നതില്‍ കുഴപ്പമില്ലായിരിക്കും അല്ലേ? ഇരട്ടത്താപ്പ് പഴം ചൊല്ലിലും..

12. “മെല്ലെത്തിന്നാല്‍ പനയും തിന്നാം”
ഓ..പിന്നെ. ഇത്തിരി പതുക്കെയായാല്‍ പന തിന്നൊന്ന് കാട്ടാമോ? ഇത്തിരി പുളിക്കും.

13. “അല്പനൈശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയും കുട പിടിക്കും”
സാധാരണ മഴയത്താ കുട പിടിക്കുക. അല്ലെങ്കില്‍ വെയിലില്‍ നിന്നും രക്ഷപ്പെടാന്‍. രാത്രി വെയിലില്ല. സമ്മതിച്ചു. മഴയും ഇല്ല. മഞ്ഞുള്ള രാത്രി കുടപിടിച്ച് പോകുന്നവനെയും നമ്മുക്ക് അല്പനെന്ന് വിളിക്കാന്‍ കഴിയുമോ?

14. “തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല.”
ഒന്നു ചവിട്ടി നോക്ക്. അപ്പോള്‍ കാണാം കളി.

15. “നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ”
പിന്നേയ്...മുങ്ങിചാവാന്‍ പോകുന്ന നായ കുടിക്കുന്നത് നക്കിതന്നെയായിരിക്കുമേ. ഹോ..ആരാണോ ആവോ ഈ ചൊല്ല് കണ്ടു പിടിച്ച മഹാന്‍?

16. “കുന്തം പോയാല്‍ കുടത്തിലും തപ്പണം”
കുന്തം കണ്ടില്ലാന്ന് പറഞ്ഞ് കുടത്തില്‍ തപ്പുന്നവനെ കൂടുതല്‍ താമസിയാതെ ഭ്രാന്താശുപത്രിയില്‍ തപ്പാം.

17. “വേണോങ്കില്‍ ചക്ക വേരേലും കായിക്കും”
വേരില്‍ ചക്ക കായിക്കുന്നത് അപൂര്‍വ്വമായ ഒരു പ്രതിഭാസമൊന്നുമല്ല. പക്ഷേ ചക്ക വേരില്‍ കായിച്ചാല്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുമെന്ന് മാത്രം. വിളയാതെ കൊഴിയുന്ന ചക്ക ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ?

18. “കുരക്കും പട്ടി കടിക്കില്ല.”
ദേണ്ടെ വീണ്ടും നായ. ഈ ചൊല്ല് അറിയാവുന്ന പട്ടിയാണേല്‍ കുഴപ്പമില്ല. അല്ലേല്‍ കുരച്ചു കൊണ്ട് തന്നെ പട്ടി കടി പറ്റിക്കും. അനുഭവത്തീന്ന് പറയുവാന്നേന്ന് കൂട്ടിക്കോളീന്‍...

19. “പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍”
കേരളാ നിയമസഭയെ ഒഴിച്ച് നിര്‍ത്തിയാണെല്‍ ശരിയാകുമെന്ന് തോന്നുന്നു.

20. “അപ്പം തിന്നാല്‍ പോരെ? കുഴിയെണ്ണണോ?”
വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നോന്‍ കുഴിയെണ്ണി അപ്പം തിന്നാല്‍ എന്താ കുഴപ്പം. ഇതു പോലത്തെ പോസ്റ്റൊക്കെയിട്ട് ഈച്ചയാട്ടി വായനക്കാരന്റെ തലചൂടാക്കുന്നതിലും ഭേതമല്ലേ രണ്ടപ്പം ഉണ്ടാക്കി അതിന്റെ കുഴിയെണ്ണി പതുക്കെ തിന്നുന്നത്? അത്രേം നേരം ശല്യം ഒഴിഞ്ഞ് കിട്ടൂല്ലേ?

കഴിഞ്ഞ കുറേ നാളായി മനസ്സില്‍ കെട്ടിപ്പിണിഞ്ഞ നില്‍ക്കുന്ന ചില “ബുദ്ധിപരമായ” സംശയങ്ങളാണ്. ഇതൊരുസുഖമാണോ ബൂലോകരേ...

Tuesday, November 13, 2007

തലതിരിഞ്ഞ കര്‍ഷക താല്പര്യ സംരക്ഷണം.

ഭാരതത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ കേരള സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും നക്സലുകളുമൊക്കെ സമരങ്ങളുമായി വരുന്നതിനെ ന്യായീകരിക്കാന്‍ കഴിയുമോ? കുതിച്ചുകയറുന്ന കര്‍ഷക ആത്മഹത്യ നിരക്കിനെ കണ്ടില്ലാ എന്ന് നടിച്ചല്ല ഇങ്ങിനെ ഒരു സംശയം ഉന്നയിക്കുന്നത്. ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ കേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടില്‍ ചോദ്യം ചെയ്യപ്പെടേണ്ട ചില വരട്ടു വാദങ്ങളുണ്ട്.

കേരളത്തിലെ കേരകര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ല എന്നതാണല്ലോ ഇറക്കുമതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക പ്രശ്നം. കര്‍ഷകരുടെ വിളവിന് നല്ല വില ലഭിക്കില്ലാ എന്ന് പറയുന്നിടത്ത് ഉപഭോക്താവ് അന്യായ വില കൊടുത്ത് കര്‍ഷകന്റെ ഉല്പന്നം വാങ്ങണം എന്നും വായിക്കണം. ഇറക്കുമതിയിലൂടെ ജനങ്ങള്‍ക്ക് സ്വദേശീ ഉല്പന്നത്തേക്കാള്‍ വില കുറച്ച് ഭക്ഷ്യ എണ്ണ ലഭിക്കും എന്നും മനസ്സിലാക്കണമല്ലോ. വിലകയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞ ഉപഭോത്കൃ സംസ്ഥാനത്തെ പ്രജകള്‍ക്ക് ഇറക്കുമതിയിലൂടെ വില കുറഞ്ഞ ഉല്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും എന്ന നന്മയെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. അതായത് കേരളാ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉപഭോക്താക്കളുടെ ചിലവിലാകരുത് എന്ന് നല്ല മലയാളം.

കേരളത്തിലെ തകരുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് ഇറക്കുമതി നിരോധിച്ചു കൊണ്ടല്ല. യൂണിയനുകളുടെ നീരാളി പിടുത്തത്തില്‍ പെട്ടു താറുമാറായ കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ട് വന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ വില കുറച്ച് ഉല്പാദനം നടത്തി സ്വദേശീ ഉല്പന്നങ്ങളിലേക്ക് ഉപഭോക്താവിന്റെ താല്പര്യം പിടിച്ചു നിര്‍ത്തി ഇറക്കുമതിയെ അകറ്റുകയാണ് വേണ്ടത്. കാര്‍ഷിക മേഖല തകര്‍ന്നത് ഇറക്കുമതി എന്ന ദുര്‍ഭൂതം കേരളത്തില്‍ താണ്ഡവ നൃത്തം ആടിയതു കൊണ്ടല്ലാ എന്ന് ഏവര്‍ക്കും അറിയാം. അടിസ്ഥാന തൊഴില്‍ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് ബാങ്കുകള്‍ ഉടലെടുത്തതാണ് കേരളത്തിലെ കാര്‍ഷിക മേഖല തകരാനുള്ള പ്രധാന കാരണം. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലഘട്ടത്തില്‍ ഉല്പാദനാനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി കേരളാ കാര്‍ഷിക മേഖലയെ ലോക വിപണിയോട് കിടപിടിക്കാന്‍ തക്ക കെല്പുണ്ടാക്കി നമ്മുടെ ഉല്പന്നങ്ങള്‍ക്ക് വിദേശത്ത് നിലവിലുള്ള ചോദനത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടുന്നത്.

തേങ്ങയുടെ തറവില നാലു രൂപ മുപ്പത് പൈസയെന്ന് മുഖ്യമന്ത്രി അഭിമാനം അലതല്ലുന്ന ശരീരഭാഷയിലൂടെ പ്രഖ്യാപിച്ചപ്പോള്‍ യൂ.ഏ.യീല്‍ ശ്രീലങ്കയില്‍ നിന്നും വരുന്ന തേങ്ങയൊന്നിന് വില രണ്ടു ദിര്‍ഹമാണ്. അതായത് ഏകദേശം ഇരുപത്തിരണ്ടു രൂപ. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് വില പന്ത്രണ്ട് ദിര്‍ഹം. (ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് രൂപ). അമേരിക്കാവില്‍ തേങ്ങയൊന്നിന് രണ്ടര ഡോളര്‍ (രൂപയില്‍ പറഞ്ഞാല്‍ നൂറ് രൂപ). വെളിച്ചെണ്ണ വില ലിറ്ററിന് ആറ് ഡോളര്‍ (രൂപയില്‍ ഇരുന്നുറ്റി നാല്പത്). ഒരു കിലോ പച്ച കപ്പക്ക് യൂ.ഏ.യില്‍ വില ആറര ദിര്‍ഹം. (എഴുപത്തി അഞ്ച് രൂപ) ഉണക്ക കപ്പ കിലോക്ക് പതിനാലു ദിര്‍ഹം. (നൂറ്റി അമ്പത് രൂപയോളം) കപ്പയും തേങ്ങയും കൂടുതലും വരുന്നത് ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈനില്‍ നിന്നും ഒക്കെയാണ് എന്നത് അവിടുത്തെ സര്‍ക്കാരുകളുടെ മിടുക്ക്. ദോഷം പറയരുതല്ലോ കേരഫെഡിന്റേതായ വെളിച്ചെണ്ണ എത്തുന്നുണ്ട്. വേണ്ടത്ര വിപണന സൌകര്യങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതു കൊണ്ട് മലയാളികള്‍ പോലും അത് വാങ്ങാറില്ലാന്ന് മാത്രം. കര്‍ഷകന്റെ കയ്യില്‍ നിന്നും നേരിട്ട് തേങ്ങയും കപ്പയും ഒക്കെ ശേഖരിച്ച് വിദേശ വിപണികളിലേക്ക് കയറ്റി വിട്ട് നമ്മുടെ കാര്‍ഷിക വിളകളുടെ ഉല്പാദകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് തക്ക പ്രതിഫലം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കാതെ ഇറക്കുമതി നിരോധിച്ചു കൊണ്ട് മാത്രം കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാം എന്ന് കരുതുന്നത് മൂഢത്വമാണ്. അല്ലെങ്കില്‍ കടം കൊണ്ടു പൊറുതി മുട്ടുന്ന കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം.

കേരളത്തിന്റെ കാര്‍ഷിക വിളകളുടെ വിപണനത്തില്‍ നിന്നും ഇടനിലക്കാരെ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ തലത്തില്‍ വിളകള്‍ സംഭരിക്കുക. സംഭരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലമ്പിക്കുക. കയറ്റി അയക്കാനായി തയ്യാറാക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും പാക്കിങ്ങും ആഗോള നിലവാരത്തിലാണെന്ന് ഉറപ്പ് വരുത്തുക. കേരളത്തിന്റെ കാര്‍ഷിക വിളകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആഗോളവിപണിയിലേക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ യഥാസമയം എത്തിക്കുക എന്നതില്‍ കവിഞ്ഞ് ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമൊന്നും ആരും ചെയ്യേണ്ടതില്ല. നമ്മുടെ ഉല്പന്നങ്ങള്‍ക്ക് തരക്കേടില്ലാത്ത ആവശ്യക്കാര്‍ ആഗോള വിപണിയില്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നി ഉണ്ടാവുകയും ചെയ്യും. ആ വിപണി ശ്രിലങ്കക്കും ഫിലിപ്പൈനും മലേഷ്യക്കും ഒക്കെ പണയം വെച്ചിട്ട് നാട്ടിലെ വിലക്കയറ്റത്തിന് ഒരു പരിധി വരെയെങ്കിലും തടയിടാന്‍ കഴിയുന്ന ഇറക്കുമതിയെ നിരോധിച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കാമെന്നാണ് കരുതുന്നതെങ്കില്‍ ഇറക്കുമതിക്കനുകൂലമായി ഉപഭോക്താക്കള്‍ സമര രംഗത്തേക്കിറങ്ങണം. അസംഘടിതരുടെ ജീവിത ചിലവുയര്‍ത്തി സംഘടിതരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ തന്നെ ദുഷ്കരമായിരിക്കുന്ന കേരളാ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ കലുഷിതമാക്കും എന്നതിന് യാതൊരു സംശയവും വേണ്ട.