Monday, March 28, 2011

സാര്‍ത്ഥകമായ നാല്‍പ്പത്തി ഒന്നാം ജന്മ ദിനം.

ഓപ്പണ്‍ ഹൌസ്.

ഒമ്പതാം ക്ലാസ്സുകാരിക്ക് ആര്‍ട്സും ക്രാഫ്ട്സും അടക്കം എല്ലാ വിഷയങ്ങള്‍ക്കും A1. ടീച്ചറുടെ വക അഭിനന്ദനങ്ങള്‍. ഒപ്പം ടീച്ചറിന്റെ മനം കുളിര്‍പ്പിക്കുന്ന നല്ല വാക്കുകളും.

ആഹ്ലാദവും ആമോദവും നുര പൊന്തുന്ന നിമിഷങ്ങള്‍...
പക്ഷേ ഓര്‍മ്മകളെ കൊണ്ടു പോയത് പത്തു മുപ്പത് വര്‍ഷം പിറകിലെ ഒരു ഒമ്പതാം ക്ലാസ് റിസല്‍ട്ട് ദിനത്തില്‍.

അന്ന്..
ഒമ്പതാം ക്ലാസ്സിന്റെ ഫലം വന്ന ദിവസം.
പ്രസിദ്ധീകരിക്കപ്പെട്ട റിസല്‍ട്ടില്‍ തലങ്ങും വിലങ്ങും അരിച്ചു പെറുക്കിയിട്ടും എന്റെ പേരില്ല. പിന്നെയും പിന്നെയും നോക്കി. എവിടെ എന്റെ പേരിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ഒടുവില്‍ ക്ലാസ്സ് ടീച്ചറെത്തി.

"എടാ നീയിന്നി നോക്കണ്ട. തോറ്റവരുടെ പേര് അതില്‍ കാണില്ല. നീ പോയി നിന്റെ തന്തേ നാളെയിങ്ങ് വിളിച്ചോണ്ട് വാ".

പിതൃഭാഗം ഗള്‍ഫില്‍ ആയിരുന്നതിനാല്‍ പിറ്റേന്ന് ഇളയാപ്പയുമായി സ്കൂളിലേക്ക്. പാവം ഇളയാപ്പ. സ്കൂളിലെ മാതൃകാ സ്റ്റുഡന്റിന്റെ കൊണവതികാരം കേട്ട് തലകുനിച്ചു നിന്ന ഇളയാപ്പയുടെ മുഖം ഇന്നും മനസ്സില്‍ മായാതെയുണ്ട്.

അതെല്ലാം ഓര്‍ത്തും പേര്‍ത്തും ഇളയവള്‍ - അഞ്ചാം ക്ലാസ്സു കാരിയുടെ ഫല‍ത്തിനായി അവളുടെ ക്ലാസ്സിലേക്ക്...

മിടുക്കി.
അവള്‍ക്കും എല്ലാത്തിനും A+.

അവളുടെ ടീച്ചറുടേയും വാത്സല്യവും സന്തോഷവും നിറഞ്ഞ വാക്കുകളും കേട്ടു മനം നിറയേ സന്തോഷവുമായി തിരികെ....

അങ്ങിനെ നാല്‍പ്പത്തി ഒന്നാം ജന്മദിനം സാര്‍ത്ഥകമായിരിക്കുന്നു.

Thursday, March 24, 2011

സിന്ധൂ ജോയി വി.എസ്സിനെതിരേ മത്സരിക്കും!

ഇന്ന്..
അല്ലെങ്കില്‍ നാളെ...
അതുമല്ലെങ്കില്‍ മറ്റന്നാള്‍..
അല്ലെങ്കി പോട്ടെ എന്നാത്തിനാ ഇതിങ്ങിനെ വലിച്ചു നീട്ടുന്നത് അല്ലേ?
ഒള്ളതു ഒള്ളതു പോലങ്ങ് പറഞ്ഞാല്‍ ഭൂമിമലയാളത്തിലെ തിരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന്റെ അന്ത്യ വിനാഴികകളില്‍ ഒന്നില്‍ സംഭവിക്കാന്‍ പോകുന്നൊരു സംഗതി. എന്താന്നു വച്ചാല്‍ കുഞ്ഞൂഞ്ഞ് സാറ് എന്തോന്നോ ഒരുഗ്രന്‍ സംഗതി പൊട്ടിക്കും പോലെ നിലവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിക്കപ്പെട്ട നമ്മുടെ സഹോദരി ലതികാ സുഭാഷിനെ പിന്‍‌വലിച്ച് ഇന്ന് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സായി അവതരിച്ച ഇന്നലത്തെ സഖാവ് സിന്ധൂ ജോയിയെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കി സാക്ഷാല്‍ സഖാവ് വീയെസ്സിനെതിരേ മത്സരിപ്പിക്കും!

സിന്ധൂ ജോയിക്കാണേല്‍ തന്റെ പഴയ പാര്‍ട്ടി തനിക്ക് ഉറച്ച സീറ്റൊന്നും നല്‍കി തന്നെ സഹായിച്ചില്ലാ എന്ന പരാതിയും തീരും. മലമ്പുഴക്കു തുല്ല്യം മറ്റേതു ഉറച്ച സീറ്റൊണ്ട് സഗാവ് സിന്ധുവിനു മത്സരിക്കാന്‍? ലതിക ചേച്ചി വിമ്മിട്ടപ്പെടേണ്ട. ഭരണം കിട്ടികഴിയുമ്പോള്‍ ചേച്ചിക്ക് ഏതേലും വകുപ്പ് തലപ്പത്ത് സീറ്റ് തരപ്പെടുത്തി തരും.

കഴിഞ്ഞൊരു ദിനം അങ്ങ് തിരോന്തോരത്തെ ഒരു കാണ്‍ഗ്രസ്സ് പെങ്ങള് കൊച്ച് തന്റെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞപ്പോ തൊള്ളേന്നു വന്ന വിമ്മിട്ടം കേട്ട് ഓക്കാനം വന്നിരുന്നപ്പോഴാ ഈ സഗാവിന്റെ കൊണവതികാരം ഇന്നു രാവിലെ കേട്ട് വെറും വയറ്റില്‍ മനം‌പിരട്ടില്‍ ഉണ്ടായത്. അപ്പനും അമ്മയും ഇല്ലാത്ത അനാഥയായ തന്നെ പാര്‍ട്ടി ഗൌനിക്കുന്നില്ല പോലും. തലേന്നു തിരോന്തോരത്ത് പാര്‍ട്ടി അവഗണിച്ച വികലാംഗയായ പെങ്ങള് കൊച്ചിനു തന്റെ പാര്‍ട്ടി അഭയം കൊടുത്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്ററി വ്യാമോഹം ലവലേശമില്ലാത്ത, അടിമുടി സാമൂഹിക സേവന തത്പരത മുറ്റി നില്‍ക്കുന്ന സഗാവ് സിന്ധൂ ജോയി സാമൂഹ്യ സേവനത്തിനു കാണ്‍ഗ്രസിനെ തിരഞ്ഞെടുത്തത് ലേശം താമയിച്ചു പോയോ എന്നൊരു സംശയമേ ബാക്കിയാകുന്നുള്ളൂ.

സാമൂഹ്യ സേവന തല്പരത മുറ്റി നില്‍ക്കുന്നവര്‍ക്ക് ഒറ്റക്കൊറ്റക്കോ കൂട്ടം കൂട്ടമായോ സാമൂഹ്യ സേവനം നടത്താന്‍ പറ്റിയയിടമാണ് കാണ്‍ഗ്രസ്സ് എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ. പക്ഷേ രാഹുലന്റെ ഇന്റര്‍വ്യൂ പാസ്സാകണം എന്നു മാത്രം. ഓ... അതിപ്പോ രാഹുല്‍ജീയുടെ ഇന്റര്‍വ്യൂ എഴുത്തു പരീക്ഷയ്ക്കും മുന്നേ സഗാവ് പാസ്സാവുകയും ചെയ്യും.

പണ്ട്...
പണ്ടെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേയുള്ളൊരു പണ്ട്. ഭൂമിമലയാളത്തിലെ സര്‍വ്വ നിരക്ഷരരേയും സാക്ഷരരാക്കുന്ന സാക്ഷരതാ യ്ജ്ഞം പൊടിപൊടിക്കുന്ന കാലം. പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളികളാകാന്‍ യുവജനങ്ങളെ സര്‍ക്കാര്‍ ക്ഷണിക്കുന്നൊരു കാലം. കേരളമല്ലേ സാക്ഷരതയല്ലേ യജ്ഞമല്ലേ സര്‍ക്കാറല്ലേ... വല്ലതും തടയാതിരിക്കില്ലാ എന്നുറപ്പിച്ച് ബ്ലോക്ക് ഡെവലപ്പ്മെന്റ് ആപ്പീസറെ കണ്ടു.
"സാര്‍... പ്രതിഫലേഛ കൂടാതെ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയായാല്‍ മാസം എന്തര് കിട്ടും സര്‍?"
ബ്ലോക്കാപ്പീസറു പണ്ടു പോലീസ് ട്രെയിനിങ്ങിനു പോയിട്ടുണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. ഈശ്വരാ... ഇങ്ങിനേയും തെറിയോ?

പ്രതിഫലേഛ കൂടാതെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പാവം സിന്ധു പെങ്ങള്‍ക്ക് പ്രതിഫലം ഒന്നും നല്‍കാതിരുന്ന പാര്‍ട്ടിയുടെ നടപടി ദൂഷ്യങ്ങള്‍ക്കെതിരേ സഗാവ് സിന്ധു അങ്കം കുറിക്കേണ്ടത് പാര്‍ട്ടിയുടെ ജനകീയ മുഖത്തിനെതിരേയാണ്. ആര്‍.എസ്സ്.എസ്സിന്റെ മുഖമാണ് തന്റെ നേതാവിനെന്നു തുറന്നടിച്ച കാണ്‍ഗ്രസ് കാരിയുടെ നേതാവിന്റെ തോളത്ത് തൂങ്ങി തന്നെ സഗാവ് സിന്ധു മലമ്പുഴയില്‍ അങ്കം കുറിക്കണം.

കമ്മ്യൂണിസ്റ്റാണേലും കാണ്‍ഗ്രസ്സാണേലും ആപ്പാപ്പം കാണുന്നോരേ അപ്പാന്നു വിളിക്കുന്നോരെ അപ്പപ്പോ കേറ്റി ഒക്കത്തിരുത്തുന്ന രാഷ്ട്രീയം ഇന്നിന്റെ ഭൂമിമലയാളത്തിന്റെ മുറിച്ച മുറിയാണ്. അതു തന്നേന്ന്. പിതൃത്വത്തിന്റെ സ്ഥാനത്ത് ശൂന്യത നിറയുന്ന സമൂഹത്തിന്റെ മുറിച്ച മുറി. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം കണ്ടാല്‍ മാത്രം പ്രതികരണ ശേഷി ഉണരുന്ന നിഷ്കൃയ ജന്മങ്ങള്‍ നിറഞ്ഞ നാട്ടില്‍ അപ്പനപ്പാപ്പന്മാര്‍ക്ക് എന്തു വില?

Friday, March 18, 2011

വി.എസ്സ്. മത്സരിക്കും : സി.പി.എം.


വേദി : ഏ.കേ.ജി. സെന്റര്‍
പരിപാടി : സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം.
തീയതി : ഇന്നോ, നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വേണ്ടി സഖാവ് പിണറായി അടുത്ത ഏതാനും മണിക്കൂറുകളീലോ ഏറ്റവും അടുത്ത ദിവസങ്ങളിലോ വിളിക്കാന്‍ പോകുന്ന പത്ര സമ്മേളനത്തിന്റെ പൂര കാഴ്ച!

പിണറായി സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാറശ്ശാല മുതലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുന്നു. അതിനും മുന്നേ സ്ഥാനാര്‍ത്ഥികളുടെ പേരും ഉള്‍പ്പെടുത്തിയ പത്രക്കുറിപ്പ് പത്രക്കാര്‍ക്കു നല്‍കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാധ്യമങ്ങളില്‍ "ഫ്ലാഷ്" പ്രളയം....

"വി.എസ്സ്. മത്സരിക്കും"

പത്രസമ്മേളനത്തില്‍ പിണറായി രണ്ടുരൂപാ അരിയും കുഞ്ഞാലികുട്ടിയും വിക്കിലീക്സും എല്ലാം വിശകലനം ചെയ്യുകയാണ്. കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാര്യങ്ങളും.

എല്ലാം വിവരിച്ചു കഴിഞ്ഞു ഇന്നി നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ എന്നര്‍ത്ഥത്തില്‍ പത്രക്കാര്‍ക്ക് നേരെ ഒരു നോട്ടത്തോടെ പിണറായി...

പത്രക്കാരില്‍ നിന്നും ഒരു മനോരമാ ശബ്ദം:

"പാര്‍ട്ടിയുടെ സംസ്ഥാന സമിതിയുടെ തീരുമാനത്തിനു വിപരീതമായി വി.എസ്സിന്റെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനരോഷം ഭയന്നാണോ?..."

പിണാറിയിയുടെ മുഖത്ത് ഒരു ചതഞ്ഞ ചിരി.

"സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഞാനിപ്പോള്‍ പറഞ്ഞത്. നിങ്ങളോട് ആരാണ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി വി.എസ്സിനു സീറ്റ് നിഷേധിച്ചത് എന്ന്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരുന്ന വിഷമം എനിക്കു മനസ്സിലാകും."

പത്രക്കാരില്‍ നിന്നും ഒരു ഏഷ്യാനെറ്റ് ന്യൂസ് ശബ്ദം:

"വി.എസ്സ്. അനാരോഗ്യം കാരണം മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞല്ലോ? അത് പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നില്ലേ?"

പിണറായി: "അദ്ദേഹം അങ്ങിനെ പറഞ്ഞോ? അതും നിങ്ങളുടെ ഭാവനയാണ്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. അദ്ദേഹത്തിനു പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന് അദ്ദേഹത്തിനോ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് ഒപ്പിച്ച് നിങ്ങള്‍ എഴുതി കൂട്ടുന്ന കാര്യങ്ങള്‍. അതില്‍ ഞങ്ങള്‍ക്ക് എന്തു കാര്യം. സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കും പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. അല്ലാതെ പത്രവാര്‍ത്ത നോക്കിയല്ല."

പത്രക്കാരില്‍ നിന്നും ഒരു ജയ്ഹിന്ദ് ശബ്ദം:

"സി.പി.എമ്മിലെ വിഭാഗീയതയല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ആദ്യം വി.എസ്സ്. ഒഴിവാക്കപ്പെടാന്‍ കാരണം?."

പിണറായിയുടെ പരിഹാസ ചിരി!.

"സി.പി.എമ്മില്‍ ഒരു വിഭാഗീയതയും ഇല്ല. സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്താണ്. ഞങ്ങളുടെ എല്ലാം അനിഷേധ്യ നേതാവാണ് അദ്ദേഹം. സഖാവ് വി.എസ്സിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു തീരുമാനവും ഞങ്ങളുടെ പാര്‍ട്ടി എടുത്തിട്ടില്ല. ഇതെല്ലാം പറയുന്നത് നിങ്ങള്‍ പത്രക്കാര്‍ മാത്രമാണ്...."

അപ്പോഴാണ് ഇന്‍ഡ്യാവിഷന്‍ ശബ്ദം...

"പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ തരം താഴ്ത്തുക മാത്രം ചെയ്തത് പെണ്‍‌വാണിഭക്കാര്‍ക്ക് എതിരല്ല പാര്‍ട്ടി എന്ന സൂചനയല്ലേ നല്‍കുന്നത്?"

പിണറായി : "അത്... ആ സഖാവിനു പ്രത്യേയ ശാസ്ത്രാധിഷ്ടിതമായ ചില വീഴ്ചകള്‍ പറ്റി എന്നു പാര്‍ട്ടി മനസ്സിലാക്കുന്നു. അതു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. അദ്ദേഹം അതു തിരുത്തും എന്നാണ് പാര്‍ട്ടി കരുതുന്നത്. അദ്ദേഹം പെണ്‍‌വാണിഭക്കാരന്‍ ആണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. ആ സഖാവ് പാര്‍ട്ടി സെക്രട്ടറിക്കു നല്‍കിയ ഒരു കത്ത് പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ തരംതാഴ്ത്തിയത്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാം..."

പത്രസമ്മേളനം കഴിഞ്ഞു. പിണറായി പോയി. ലൈവായി പത്രസമ്മേളനം കണ്ടും കേട്ടും കൊണ്ടിരുന്ന ജനം വീണ്ടും പഴയ ആ ജീവി തന്നെ എന്ന് ഒന്നു കൂടി ഉറപ്പിച്ചു. മലയാളികളെ ചേര്‍ത്ത് ആ നാല്‍ക്കാലിയുടെ പേരു പറയുന്നില്ല. പേരു പറഞ്ഞാല്‍ ആ ജീവിയ്ക്കത് കുറച്ചിലാകും. കഴുതകള്‍ക്കും ഇല്ലേ മാനം!