Sunday, June 24, 2007

അഞ്ചാം ചുവടില്‍ പൈപ്പ് സ്വന്തമാക്കാം.

ബൂലോകരേ,
പിന്മൊഴികള്‍ സേവനം അവസാനിപ്പിക്കുന്നു. പകരം മറുമൊഴി വന്നു. മറുമൊഴിയുടെ വഴിയും അത്ര സുഖകരമായിരിക്കില്ല എന്നാണ് തോന്നുന്നത്. ദേണ്ടെ ഇവിടെ വന്ന കമന്റുകള്‍ നോക്കിയാല്‍ മറുമൊഴികളുടെ പാതയും ദുര്‍ഘടം നിറഞ്ഞതായിരിക്കുമെന്ന് കാണാം. പിന്മൊഴികള്‍ പൂട്ടപ്പെടേണ്ട ഒരു സാഹചര്യവും ബൂലോകത്ത് നാളിതുവരേം സംജാതമായിട്ടില്ലായെന്നും നല്ലരീതിയില്‍ നടന്നു പോയ്കൊണ്ടിരുന്ന ഒരു സംരംഭം നാമെല്ലാം കൂടി അടച്ചുപൂട്ടലില്‍ എത്തിച്ചുവെന്നും വേണം കരുതാന്‍.

പിന്മൊഴിക്ക് പകരം വന്ന മറുമൊഴി അങ്ങിനെ നടക്കട്ടെ. പിന്മൊഴിയും പോകുന്നിടത്തോളം പോകട്ടെ. ഇനി ഏതെങ്കിലും മൊഴികൂട്ടായ്മകള്‍ വരുന്നെങ്കില്‍ അതും വരട്ടെ. എല്ലാം നമ്മുക്ക് സ്വീകരിക്കാം. പക്ഷേ പുതുതായ് വരുന്നതോ നിലവിലുള്ളതോ ആയ ഏതെങ്കിലും മൊഴി കൂട്ടായ്മകള്‍ പിന്മൊഴിപോലെ ആയി തീരില്ല എന്ന് എന്തുറപ്പാണുള്ളത്. പിന്മൊഴി പൂട്ടല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നതോ ഇനി വരാന്‍ പോകുന്നതോ ആയ എല്ലാ മൊഴികൂട്ടായ്മകള്‍ക്കും ബാധകമല്ലേ?. ആയിരത്തോളമോ അതിലധികമോ ബ്ലോഗുകളുള്ള നമ്മുടെ മലയാള ബ്ലോഗ് സമൂഹത്തില്‍ ബ്ലോഗുകള്‍ക്ക് ലഭിക്കുന്ന കമന്റുകളെല്ലാം കൂടി ഒരു പ്രത്യക സ്ഥലത്ത് കൂട്ടിചേര്‍ക്കുക എന്നതും അതിനെ പരാതികളില്ലാതെ മെയിന്റൈന്‍ ചെയ്യുക എന്നതും ഭഗീരഥ പ്രയത്നമായിരിക്കുമെന്നതില്‍ സംശയലേശമില്ല. ഒരു വിധം നന്നായി തന്നെ പ്രവര്‍ത്തിച്ചു പോന്ന “പിന്മൊഴികള്‍” തന്നെ എത്ര തവണ ഏവൂരാന്റെ ക്ഷമാപണം കണ്ടിരിക്കുന്നു. മാത്രമല്ല മൊഴികൂട്ടായ്മകള്‍ക്ക് എപ്പോഴും ആരെങ്കിലും ഉത്തരവാദപെട്ടവര്‍ ഉണ്ടായാലേ കഴിയും ഉള്ളു. അവര്‍ തരുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കുകേം അവരെ തന്നെ വിമര്‍ശിക്കുകേം ചെയ്യുമ്പോള്‍ അത് വീണ്ടും അടച്ചുപൂട്ടലുകളിലേക്ക് ചെന്നെത്തപെടുകേം ചെയ്യും. ഇത്തരുണത്തിലാണ് നമ്മുക്ക് നമേ പണിവത് “പൈപ്പ്” നമ്മുക്ക് സ്വന്തം പൈങ്കിളിയേ എന്നായി തീരുന്ന ഒരു സ്ഥിതി വന്നു ചേരുന്നത്.

നമ്മുടെ ഹരി കാട്ടി തന്ന വഴിയിലൂടെ പോയപ്പോള്‍ ആദ്യം ദുര്‍ഘടമായിതോന്നി. ലക്‍ഷ്യത്തിലെത്തിയപ്പോള്‍ “ഹായ്...എന്നാ സുഖം...ഇതു തന്നെ ഞാന്‍ ഇത്രയും നാള്‍ തിരഞ്ഞത്” എന്ന അവസ്തയിലെത്തി. ഹരി ഇവിടെ പറഞ്ഞിരിക്കുന്ന പൈപ്പ് നിര്‍മ്മാണവിദ്യ വളരെ എളുപ്പവും പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ആര്‍ക്കും കഴിയുന്നതുമാണ്. എങ്കിലും കംമ്പൂട്ടറിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നെ പോലെയുള്ള ഒരുവന് “പൈപ്പ്” എങ്ങിനെ കൈപ്പിടിയിലൊതുക്കാം എന്ന ചിന്തയുടെ പരിണതിയാണീ പോസ്റ്റ്. വെറും അഞ്ച് ചുവടുകളില്‍ നമ്മുക്ക് പൈപ്പിനെ കൈപ്പിടിയിലൊതുക്കാം.

ഒന്നാം ചുവട്:
യാഹൂവില്‍ ‍ അംഗമാവുക.

രണ്ടാം ചുവട്:
ഇവിടെ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിന് ശേഷം സെര്‍ച്ചില്‍ “KAIRALI” എന്ന് സെര്‍ച്ച് ചെയ്യുക.

മൂന്നാം ചുവട്:
സെര്‍ച്ച് ചെന്ന് നില്‍ക്കുന്നിടത്ത് “KERALAM" എന്ന് കാണും. അവിടെ വീണ്ടും ഞെക്കുക.

നാലാം ചുവട്:
ഇപ്പോള്‍ നിങ്ങള്‍ക്ക് “മൊഴികള്‍ പഴികള്‍” എന്ന തലവാചകം കാണാം. ഇവിടെ “മൊഴികള്‍ പഴികള്‍” എന്നിടത്ത് വീണ്ടും ഞെക്കുക. ഇവിടെ മുകളില്‍ നീന്നും മൂന്നാമത്തെ ലൈനില്‍ CLONE എന്നൊരു ഫീല്‍ഡ് ഉണ്ട്. അവിടെ ഞെക്കുക. ഇപ്പോള്‍ ഈ പൈപിന്റെ കോപ്പി നിങ്ങളുടെ പേജില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം പൈപ്പു നിര്‍മ്മാണ ഫാക്ടറിക്ക് മുന്നിലാണ് ഇരിക്കുന്നത്.

അഞ്ചാം ചുവട്:
ഇവിടെ “മൊഴികള്‍ പഴികള്‍ copy” എന്നതിന്റെ ഇടത് വശത്ത് കാണുന്ന പൈപ്പിന്റെ ചിത്രത്തില്‍ ഞെക്കുക. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പൈപ്പ് എഡിറ്റ് പേജിലെത്തും. ഇവിടെ “മൊഴികള്‍ പഴികള്‍ copy" എന്നിടത്ത് ഞെക്കി (ഏറ്റവും മുകളില്‍) അവിടെ നിങ്ങള്‍ക്കിഷ്ടമുള്ള പേര് നല്‍കുക. എന്തു പേരും നല്‍കാം. “പിന്മൊഴി”യെന്നോ,“മറുമൊഴി” യെന്നോ, “നിറമിഴി” യെന്നോ, “തൊഴുത്തില്‍ കുത്തെന്നോ” എന്ന് വേണ്ട സഭ്യമോ അസഭ്യമോ, ശ്ലീലമോ അശ്ലീലമോ ഒക്കെ ആയ എന്തു പേരും നല്‍കാം. “SAVE" ചെയ്യുക.

കഴിഞ്ഞു,
എന്തിനേറെ പറയുന്നു. നിങ്ങളും ഒരു “പിന്മൊഴി” മുതലാളിയായി മാറിയിരിക്കുന്നു.

എപ്പോഴെങ്കിലും കമന്റുകള്‍ വായിക്കണമെങ്കില്‍ http://www.pipes.yahoo.com/pipes ലോഗിന്‍ ചെയ്തിട്ട് “MY PIPES" ല്‍ ഞെക്കിയാല്‍ നമ്മുക്ക് വേണ്ടപെട്ട കമന്റുകള്‍ വായനക്ക് റെഡിയായി നില്പുണ്ടാകും. ഒരോന്നെടുത്ത് ചൂടാറാതെ വായിക്കുക. ഒരോന്നിന്റേം രുചിയും മണവും ഗുണവും അനുസരിച്ച് പഴികള്‍ മൊഴിയുക. ആരും നമ്മെ പുറത്താക്കില്ല. ധൈര്യമായി ആര്‍മാദിക്കാം.

പുതുതായി വരുന്ന ബ്ലോഗുകള്‍ കണ്ടെത്തി നമ്മുടെ പൈപ്പില്‍ ചേര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സൌകര്യം ബൂലോക ക്ലബ്ബില്‍ ചെയ്ത് വച്ചാല്‍ പുതിയ ബ്ലോഗ് ഉണ്ടാകുമ്പോള്‍ തന്നെ ആ ബ്ലോഗുകള്‍ നമ്മുക്ക് നമ്മുടെ സ്വന്തം പൈപ്പില്‍ ചേര്‍ത്ത് എപ്പോഴും അപ്ഡേറ്റാക്കിയിരിക്കാം. ഇവിടെ ക്ലോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മുഴുവന്‍ ബ്ലോഗിലേം കമന്റുകള്‍ നിങ്ങളുടെ പൈപ്പിലെത്തും. അത് അസൌകര്യമായി തോന്നുന്നുവെങ്കില്‍ ഒരോരുത്തര്‍ക്കും വേണ്ടുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. "EDIT SOURCE" ല്‍ പോയി എഡിറ്റ് ചെയ്യാം.

ഒന്നുറപ്പാണ്. പൈപ്പും “പിന്മൊഴികള്‍ക്ക്” തുല്യമൊന്നുമല്ല. എങ്കിലും നമ്മുക്കാവശ്യമുള്ള കമന്റുകള്‍ നമ്മളിലേക്ക് വരുത്തി തല്ലുപിടിക്കാന്‍ നാം തന്നെ നിയന്ത്രിക്കുന്ന ഒരു സാങ്കേതം എന്ന നിലയില്‍ “പൈപ്പ്” പ്രോത്സാഹിപ്പിക്കപെടേണ്ട ഒന്നാണെന്നാണ് എന്റെ മതം.

എനിക്ക് കമ്പൂട്ടറിന്റെ സങ്കേതികത്വം ഒന്നും അറിഞ്ഞു കൂടാ. ഈ “ഫീഡ്” എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് കൂടി എനിക്കറിയില്ല. പൈപ്പ് ഉണ്ടാക്കണമെന്ന ആഗ്രഹത്തൊടെ കുറേനേരം കമ്പൂട്ടറിന്റെ മുന്നില്‍ ചടഞ്ഞിരിന്നിട്ടും ഒന്നും നടന്നില്ല. ഒടുവില്‍ ഞാന്‍ “ക്ലോണി” യിട്ടാണ് പൈപ്പുണ്ടാക്കിയത്. ആ കുറുക്കു വഴി അതേ പടി വിളമ്പിയെന്നേയുള്ളു. അതായത് ഈ എഴുതിയിരിക്കുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ദയവായി വിവരമുള്ള ആരോടെങ്കിലും ചോദിച്ച് സംശയ നിവാരണം നടത്തുന്നതായിരിക്കും നല്ലത്. എന്നോട് ചോദിച്ചാല്‍ ഉത്തരം ഇപ്പോഴേ പറഞ്ഞേക്കാം “ഞാനൊരു പാവമാണേ... എനിക്കൊന്നുമറിഞ്ഞൂടേ..എന്നെ വെറുതേ വിട്ടേക്കണേ...”

(കടപ്പാട് : ഹരിയോട്)