Friday, January 25, 2008

ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരിറ്റും.

മൂന്ന് ദിനം മുന്നേ കുത്തനേ താഴേക്ക് വീണ ഭാരത ഓഹരി വിപണി ഇന്ന് വീണ്ടും വീഴും. മിനഞ്ഞാന്ന് (23/01/2008) അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റിന്റെ മുക്കാല്‍ ചക്ര ശോഷിപ്പെന്ന വൈക്കോല്‍ തുരുമ്പില്‍ പിടിച്ച് ഭാരതത്തിന്റെ പൊതു ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് വന്‍‌തോതില്‍ ഓഹരികള്‍ വാങ്ങി കൂട്ടിയിട്ട് “ദേണ്ടെ വിപണി വീണ്ടും മേലേക്ക് തന്നെ” എന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക് ഇന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇന്നലെ തന്നെ വിപണിയില്‍ കാണാന്‍ കഴിഞ്ഞത് വില്പന സമ്മര്‍ദ്ദമായിരുന്നു. 23/01/2008 ല്‍ സെന്‍സെക്സ് തൊള്ളായിരം പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്ത ചരിത്ര നേട്ടം ഭാരതത്തിന്റെ പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ അസ്തിവാരം തോണ്ടുന്നതാണ് എന്ന് തിരിച്ചറിയാന്‍ കേവല ദിനങ്ങള്‍ കാത്തിരുന്നാല്‍ മതി. കാരണം വിറ്റൊഴിഞ്ഞത് വിദേശ ധനകാര്യ സ്ഥാപനങ്ങളും വാങ്ങി കൂട്ടിയത് സ്വദേശീ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു. ഇതില്‍ ആശ്വാസത്തിന് വകയുള്ളത് സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാന്‍ ശ്രമിച്ചു എന്നുള്ളതാണ്.

22/01/2008ലെ ചരിത്രപരമായ തകര്‍ച്ചക്ക് ശേഷം 23/01/2008ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കുറച്ചതിന്റെ അനുകൂല ഘടകത്തില്‍ തൂങ്ങി വിപണി ഉയരും എന്ന് മനസ്സിലാക്കിയിരുന്ന ചെറുകിട നിക്ഷേപകന്‍ വിറ്റൊഴിയാന്‍ 23/01/2008ല്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിടക്കാര്‍ പലപ്പോഴും അതാതിടത്തെ ബ്രോക്കറന്മാരെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കാറ്. തങ്ങള്‍ വിറ്റൊഴിയുമ്പോഴും കസ്റ്റമറെ വിപണിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പലപ്പോഴും ബ്രോക്കറന്മാര്‍ പയറ്റാറ്. തകര്‍ന്ന് വരുന്ന വിപണിയില്‍ എപ്പോഴെങ്കിലും ഒരു ഉയര്‍ച്ച കാണുമ്പോ “സാറെ അതൊന്നു വിറ്റു താ” എന്നും പറഞ്ഞ് വരുന്ന പാവം നിക്ഷേപകനോട് “ക്യാരീ ഓവര്‍”, “റോളോവര്‍”, “പീ.വീ.റേഷ്യോ”, “ഫെഡറല്‍ റിസര്‍വ്വ്”, തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകള്‍ പറഞ്ഞ് “വിപണി വീണ്ടും ഉയരുകയാ. ഇപ്പോള്‍ മാറുന്നത് ബുദ്ധിയല്ലാ” എന്നൊക്കെ പറഞ്ഞ് വിപണിയുടെ ചതി കുഴികളിലേക്ക് തന്നെ സാധാരണക്കാരനെ പിടിച്ച് തള്ളീ തങ്ങളുടെ പൊസിഷനുകള്‍ ഒഴിവാക്കുന്നത് ബ്രോക്കറന്മാരുടെ പതിവുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ 23/01/2008ല്‍ എത്ര സാധുക്കള്‍ക്ക് വിപണിയില്‍ നിന്നും മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്.

24/01/2008ല്‍ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി മാര്‍ക്കറ്റില്‍ നിന്നും മാറിയപ്പോള്‍ അമേരിക്കയുടെ മുക്കാല്‍ ചക്ര ശോഷിപ്പില്‍ നിന്നും നേടിയ വീര്യം ഭാരത വിപണിയില്‍ നിന്നും ആവിയായി. അതായത് 22/01/2008ല്‍ തകര്‍ന്നടിഞ്ഞ വിപണി 23/01/2008ല്‍ ആയിരത്തി നാണൂറ് പോയിന്റ് വരെ ഉയര്‍ന്ന് തൊള്ളായിരത്തി നാല്‍പ്പതില്‍ ക്ലോസ് ചെയ്തു. 24/01/2008ല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയും വിപണിയിലെ ഏറ്റവും പ്രൊഫഷണല്‍ മാനുപ്പുലേറ്ററന്മാരായ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ വിപണി അതിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതേ സ്വഭാവം നാളെയും തുടരാനിരിക്കുന്നതിനിടക്കാണ് ഇടിവെട്ടിയവന്റെ തലയില്‍ കൊത്തിയ പാമ്പായി പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. “പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കണ്ട” എന്ന സര്‍ക്കാര്‍ തീരുമാനം വിപണിയുടെ തലക്ക് കൊത്തുന്ന പാമ്പു തന്നെയായിരിക്കും.

25/01/2008ല്‍ (ഇന്ന്) വിപണി വീണ്ടും ഇടിയും. അടുത്തൊന്നും ഇന്നി അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് “ശോഷിപ്പിക്കാന്‍” സാധ്യതയില്ലാത്തതിനാലും അമേരിക്കന്‍ വിപണി നേരേ താഴേക്ക് പോകുന്നതിനാലും തിരിച്ച് കയറാനുള്ള വിദൂര സാധ്യത പോലും ഭാരത വിപണിയില്‍ കാണുന്നില്ല. വിപണി അങ്ങിനെ കരടിമേളത്തിന് കളമാകുന്നു. പണമുള്ളവര്‍ സുക്ഷിച്ചു വെക്കുക. വരും ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, കാരണം സെന്‍സെക്സ് അയ്യായിരത്തിന് താഴെ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ട. അപ്പോള്‍ ആടിപ്പാടി ഓഹരികള്‍ വാങ്ങാം.

ഉയര്‍ന്ന പൊസിഷനുകള്‍ ഉള്ളവര്‍ വിറ്റൊഴിയുക കാരണം പോളിയുന്ന വിപണിയില്‍ നിന്നും ഊരുന്ന പണം ലാഭം. നഷ്ടം കുറക്കാന്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കരയേണ്ടി വരും. ഇന്നി വരുന്നൊരു മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ സ്ഥിരമായ മുന്നേറ്റം സ്വപ്നം പോലും കാണണ്ട. ധനകാര്യ മന്ത്രിയുടേയും വിപണി വിശാരദന്മാരുടേയും വിചാരിപ്പുകള്‍ക്ക് നിന്നു കൊടുക്കുക വിപണിയുടെ ബാധ്യതയല്ല. വിപണി അഡ്വാന്‍സ് ചെയ്ത സെന്‍സെക്സിന് അതിന്റെ തട്ടകമായ അയ്യായിരത്തിനും കീഴെ സുഖമായി ഉറങ്ങാന്‍ സമയമായി. ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാ‍മ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ. ആരൊക്കെ ഭാരത സാമ്പത്തിക ഭദ്രതയെ കുറിച്ച് ഊറ്റം കൊണ്ടാലും വിപണി അയ്യായിരത്തിലേക്ക് പോകും. സംശയം വേണ്ട.