Tuesday, July 29, 2008

മാതൃഭാഷ

ദുബായി അമേരിയ്ക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ രണ്ട് യൂ.ഏ.യീ പ്രജകള്‍ ഷാര്‍ജ്ജാ ലേബര്‍ ഓഫീസില്‍ എന്റെ സമീപത്തെ കസേരയില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. എനിയ്ക്കൊന്നുമേ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ അറബിയില്‍ ആയിരുന്നു.
എനിയ്ക്കോ?
അറിബി അറിയില്ലായിരുന്നു.

രണ്ട് ഫ്രാന്‍സ് പൌരന്മാര്‍ ബസ്സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സംസാരിയ്ക്കുന്നു. പിന്നിലിരിയ്ക്കുന്ന എനിയ്ക്കൊന്നുമേ മനസ്സിലാകുന്നില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ ഫ്രഞ്ചിലായിരുന്നു.
എനിയ്ക്കോ?
ഫ്രഞ്ച് അറിയില്ലായിരുന്നു.

മുന്ന് അമ്മമാര്‍ ആശുപത്രിയില്‍ വച്ച് കണ്ടു മുട്ടി. മൂന്ന് പേരും ശ്രീലങ്കയില്‍ നിന്നുമുള്ളവര്‍. തൊഴില്‍ എമിരേറ്റ്സ് എയര്‍വേയ്സിലെ ഫ്രണ്ട് ഓഫീസില്‍. മക്കളും അമ്മമാരും സംസാരിയ്ക്കുന്നത് തൊട്ടടുത്തിരുന്ന എനിയ്ക്കോ എന്റെ ഭാര്യയ്ക്കോ മനസ്സിലായില്ല. അവര്‍ സംസാരിച്ചത് അവരുടെ മാതൃഭാഷയായ സിംഗളയിലാ‍യിരുന്നു.
ഞങ്ങള്‍ക്കോ?
സിംഗള അറിയില്ലായിരുന്നു.

സ്ഥലം: മലയാള സമാജം ഓണാഘോഷവേദി. (മാസം രണ്ടില്ലേ ഓണത്തിനെന്നൊന്നും ചോദിയ്ക്കരുത്. ഇവിടുത്തെ ഓണം വേദി കിട്ടുന്ന മുറയ്ക്കാ) ഭാരതത്തിലെ കൊച്ചു കേരളത്തില്‍ നിന്നും പ്രവാസത്തിലെത്തിയവരുടെ കൂട്ടായ്മ. മലയാളത്തെ പരിപോഷിപ്പിയ്ക്കാനായി ഒത്തുകൂടിയിരിയ്ക്കുകയാണ്. അവര്‍ ഘോര ഘോരം പ്രസംഗിച്ചത് മാതൃഭാഷയിലായിരുന്നു. പക്ഷേ അവിടെ പറഞ്ഞതൊന്നും എനിയ്ക്ക് മനസ്സിലായില്ല.
കരണം?
എനിയ്ക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു.

ശേഷം: എന്നോടൊപ്പം അഥിതികളായി മലയാള സമാജത്തില്‍ എത്തിയ അറബിയ്ക്കും, ഫ്രഞ്ച് കാരനും, ശ്രീലങ്കക്കാര്‍ക്കും എല്ലാം മനസ്സിലായിരുന്നു. എല്ലാം...
ഒടുവില്‍,
“മെലയാലം വളരെ എളുപ്പമാണ് മനസ്സിലാക്കാന്‍-അല്ലേ?”
എന്ന ഫ്രാന്‍സ് പൌരനായ എന്റെ സുഹൃത്തിനോട്:
“മലയാളികള്‍ക്കൊഴികെ എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകും ഇപ്പോഴത്തെ മലയാളം” എന്ന് ഞാന്‍ തിരിച്ച് പറഞ്ഞില്ല.
കാരണം?
അവിടെ കേട്ട മലയാളം എനിയ്ക്കറിയാത്ത “മെലയാലം” ആയിരുന്നു!