Thursday, October 10, 2013

നവാബിന് സ്മരണാഞ്ജലികൾ...

  
 
നവാബ് രാജേന്ദ്രന്‍ കടന്നു പോയിട്ട് ദശാബ്ദം പിന്നിടുന്നു.
നീതി നിഷേധങ്ങള്‍ക്കും തീവെട്ടി കൊള്ളകള്‍ക്കും പകല്‍ മാന്യതയ്ക്കും എതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ഭരണകൂടങ്ങളുടേയും അഭിനവ മാടമ്പിമാരുടേയും ഉറക്കം കെടുത്തി മലയാളിയുടെ രോഷത്തിന്റെ പരിഛേദമായി വെട്ടിയൊതുക്കാത്ത താടിയും മുടിയും നീട്ടി വളര്‍ത്തി ഭരണകൂട ഭീകരത പല്ല് പറിച്ചെടുത്ത മോണയും ചുണ്ടില്‍‍ എരിയുന്ന ബീഡിയുമായി നമ്മുടെ നീതി പീഠങ്ങളില്‍ അവസാന ശ്വാസം വരെ പോരടിച്ച് നവാബ് രാജേന്ദ്രന്‍ എന്ന നിസ്സാര മനുഷ്യന്‍ നമ്മളില്‍ നിന്നും പിരിഞ്ഞിട്ട് ഇന്ന് ഒരു ദശാബ്ദം തികയുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതില്‍ പയ്യന്നൂരില്‍ പിറന്ന് വീണ രാജേന്ദ്രന്‍ അഴിമതിക്കും ഭരണകൂട ഭീകരതകള്‍ക്കും എതിരേ “നവാബ്” പത്രത്തിലൂടെ പോരാട്ടം തുടങ്ങിയത് ഇരുട്ടിന്റെ ശക്തികളുടെ ഉറക്കം കെടുത്തി. “നവാബ്” അനീതികള്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ രാജേന്ദ്രനെ “നവാ‍ബ് രാജേന്ദ്രന്‍” ആയി മലയാളം ഹൃദയത്തിലേറ്റു വാങ്ങി.

ശല്യക്കാരനായ വ്യവഹാരിയാക്കി മാറ്റാന്‍ ശല്യക്കാരുടെ കൂട്ടായ്മയായ കേരള സര്‍ക്കാറിന്റെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ കെട്ടിയ കേസ് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളികൊണ്ട് ഹൈകോടതി ജഡ്ജി സുകുമാരന്‍ നായര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ് നവാബ് രാജേന്ദ്രന്റെ മനുഷ്യസ്നേഹത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന് കിട്ടിയ നിയമസാധുതയായിരുന്നു. പൊതു താല്പര്യ ഹര്‍ജ്ജി എന്ന് കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഒരു കാലത്ത് സമൂഹത്തിലെ തിന്മകള്‍ക്കെതിരേ നവാബ് രാജേന്ദ്രന്‍ തൊടുത്തു വിട്ട മിക്ക പോരാട്ടങ്ങളും വിജയം കണ്ടു. പൊതു തല്പര്യങ്ങള്‍ക്ക് വേണ്ടി പോരാടിയ നവാബ് എന്ന എളിയ മനുഷ്യനെ തെരുവില്‍ നേരിട്ടാണ്‍ ഭരണകൂടവും ഇരുട്ടിന്റെ ശക്തികളും പകല്‍ മാന്യതയും നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചത്. പണത്തിനും പ്രലോഭനങ്ങള്‍ക്കും ഒരിക്കലും വഴങ്ങിയിട്ടില്ലാത്ത നവാബ് അഭിനവ പൊതുതാല്പര്യ ഹര്‍ജ്ജിക്കാരില്‍ നിന്നും വ്യത്യസ്തനാകുന്നതും അതു കൊണ്ട് തന്നെ. ഭീഷണിക്കും പച്ചനോട്ടുകള്‍ക്കും പ്രലോഭനങ്ങള്‍ക്കും നവാബിനെ തന്റെ പ്രവൃത്തി പഥത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പച്ച നോട്ടുകള്‍ നവാബ് രാജേന്ദ്രന്റെ വൈകല്യമായിരുന്നു എങ്കില്‍ മുഷിഞ്ഞ ഒറ്റ ജൂബയില്‍ ജീവിതം നയിക്കേണ്ടി വരില്ലായിരുന്നു ആ മനുഷ്യ സ്നേഹിക്ക്.

ജീവിതം മുഴുവന്‍ വ്യവഹാ‍രങ്ങള്‍ക്കും നീതിക്കും വേണ്ടി ഉഴിഞ്ഞ് വെച്ച് നവാബ് രാജേന്ദ്രന്‍ രണ്ടായിരത്തി മൂന്ന് ഒക്ടോബര്‍ പത്താം തീയതി വിട പറഞ്ഞപ്പോള്‍ മലയാളിക്ക് നഷ്ടപ്പെട്ടത് മലയാളിയുടെ രോഷത്തിന്റെ അഗ്നി നാളമായിരുന്നു। വ്യവഹാരങ്ങളല്‍ ജീവിക്കാന്‍ മറന്ന മനുഷ്യ സ്നേഹത്തിന്റെ എല്ലിച്ച പ്രതീകത്തിന്റെ അന്ത്യാഭിലാഷം പോലും നിറവേറ്റി കൊടുക്കാതെ കേരള സമൂഹം ആ മനുഷ്യനെ അപമാനിച്ചു. തന്റെ മൃതശരീരം മണ്ണിന്‍‍ നല്‍കാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും ഭരണകൂടം കുഴിച്ചു മൂടി. എല്ലിന്‍ കൂട് തങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന മെഡിക്കല്‍ കോളേജ് അധികാരികളുടെ അവകാശവാദം മറ്റൊരപമാനമായി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പുതുക്കാനായി തനിക്ക് പുരസ്കാരമായി ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിക്കണം എന്ന നവാബ് രാജേന്ദ്രന്റെ ആഗ്രവും നിവര്‍ത്തിച്ച് കൊടുക്കാന്‍ നമ്മുക്ക് കഴിഞ്ഞില്ല. ഇതൊക്കെ നേടാന്‍ നവാബ് വി.ഐ.പി ആയിരുന്നില്ലല്ലോ? ജീവിച്ചിരുന്നപ്പോള്‍ മരിച്ചവരെ കുറിച്ച് ഓര്‍ത്ത് സഹതപിച്ച നവാബ് രാജേന്ദ്രന്‍ അവിടേയും തന്റെ വേറിട്ട പ്രവര്‍ത്തന ശൈലി സമൂഹവുമായി പങ്കു വെക്കാനാണ് ശ്രമിച്ചത്. പക്ഷേ നവാബ് രാജേന്ദ്രനെ ഉള്‍കൊള്ളാന്‍ നമ്മുടെ ഉപഭോത്കൃ മനസ്സ് ഇപ്പോഴും സജ്ജമായിട്ടില്ല. ഒരു ഓര്‍മ്മകുറിപ്പ് പോലും ഇല്ലാതെ നവാബിന്റെ ചരമ ദിനങ്ങൾ കടന്നു  പോകുന്നത് അത് കൊണ്ടാണ്.

നവാബ് രാജേന്ദ്രന്‍ ഒഴിച്ചിട്ട് പോയ സിംഹാസനത്തില്‍ കയറി കൂടാന്‍ അഭിനവ പൊതു താല്പര്യ വ്യവഹാരികളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിട്ടും നവാബിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് തന്നെ കിടക്കുന്നു. നവാബ് രാജേന്ദ്രന് പകരം വെക്കാന്‍ മലയാളിക്ക് കത്തുന്ന രോഷം വീണ്ടും ജന്മമെടുക്കുമെന്ന് കരുതുക വയ്യ. അതു കൊണ്ട് നവാബിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ കഴിയാത്ത സമൂഹം അദ്ദേഹത്തിന്റെ എല്ലിന്‍കൂട് നശിപ്പിക്കരുത്. അത് സൂക്ഷിച്ച് വെക്കണം. പ്രതികരണ ശേഷി നഷ്ടപ്പെട്ട് അലസമായി ഉറങ്ങുന്ന നാളെയുടെ പുതു തലമുറക്ക് ഉണര്‍ത്ത് പാട്ടാകാന്‍ ആ എല്ലിന്‍ കൂട് നമ്മുക്ക് കാട്ടി കൊടുക്കാം. എന്നിട്ട് പറയാം ഇങ്ങിനെയും ഒരാള്‍ നമ്മുക്കിടയില്‍ ജീവിച്ചിരുന്നു എന്ന്....

Sunday, April 14, 2013

സഹകരണ മേഖലയിലെ പ്രവാസീ ഗുണ്ട്!


സഹകരണ മേഖലയിൽ പ്രവാസീ ബാങ്ക് എന്നത്  മറ്റൊരു  സർക്കാർ വിലാസം പറ്റിക്കൽ പ്രസ്താവനയാണ്.

".... പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുന്നതിൽ ഉത്സാഹിക്കുന്ന ബാങ്കുകൾ അവർക്ക് വായപ്കൾ നൽകുന്നതിൽ വേണ്ടത്ര പരിഗണനകൾ നല്കുന്നില്ല. പ്രവാസികൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സഹകരണ മേഖലയിൽ ഒരു പ്രവാസീ ബാങ്ക് തുടങ്ങാൻ സർക്കാർ തീരുമാനിച്ചു..."

മുഖ്യമന്ത്രിയുടെ വാചകങ്ങൾ...

എന്താണ് എൻ. ആർ. ഐ  എന്നോ,  എന്താണ് ഫെറ എന്നോ, ഫെമ എന്ത് ആണെന്നോ, വിദേശ ഭാരതീയൻറെ വായ്പാ നയത്തിൽ റിസർവ്വ് ബാങ്ക് പിന്തുടരുന്ന നയങ്ങൾ  എന്താണ് എന്നോ തിരിച്ചറിയാതെ മുഖ്യമന്ത്രി   വിളമ്പിയ വിവരക്കേട് അല്ലാതെ ഒന്നും അല്ല സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്.

വായ്പ നൽകിയാൽ  തിരികെ കിട്ടും എന്ന്  മിനിമം ഉറപ്പുള്ള ആർക്കും വായ്പാ നൽകാൻ ആണ് വാണിജ്യ ബാങ്കുകൾ കടയും തുറന്നു വെച്ചിരിക്കുന്നത്. തിരികെ കിട്ടും എന്ന് മിനിമം ഉറപ്പുള്ള  വിദേശത്ത് തൊഴിൽ എടുക്കുന്ന  ഒരാൾക്ക് വേണ്ടത്ര ആസ്തികളുടെ പണയത്തിൽ വായ്പ നല്കാൻ ബാങ്കുകൾക്ക് മടി ഒട്ടും തന്നെ  ഉണ്ടായിട്ടല്ല നിക്ഷേപ വായ്പാ അനുപാദം കുറയുന്നത്. റിസർവ്വ് ബാങ്കിന്റെ ശക്തം ആയ നിയന്ത്രണം ഒന്ന് കൊണ്ട് മാത്രം ആണ് വാണിജ്യ ബാങ്കുകൾക്ക് എൻ. ആർ. ഐ വായ്പകൾ വാരി കോരി  അനുവദിക്കാൻ കഴിയാത്തതു.

എൻ. ആർ. ഐ അക്കൌണ്ടിൽ  ഭാവന വായ്പ ഒഴികെ ഉള്ള വായ്പകൾക്ക്  ശക്തം ആയ നിയന്ത്രണങ്ങൾ ഉണ്ട്. അതിൽ വെള്ളം ചേർത്താൽ ഫെമയുടെ ലംഘനം ആകും. എൻ. ആർ. ഐ അക്കൌണ്ടിൽ ക്രെഡിറ്റ് കാർഡ്‌ ലഭ്യം ആകാൻ പോലും അത്ര എളുപ്പം അല്ല.

എൻ. ആർ. ഐ അക്കൌണ്ടിൽ വാങ്ങിയ ഓഹരികൾ, കടപത്രങ്ങൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങിയ ആസ്തികൾ പണയം വെച്ചോ കൃഷി ഭൂമി, വിവിധ വിള തോട്ടങ്ങൾ, കൊമേഴ്സ്യൽ ആസ്തികൾ എന്നിവ ഒഴികെയുള്ള ജംഗമ സ്വത്തുക്കൾ എന്നിവയുടെ ഈടിൻമെലോ എൻ. ആർ. ഐ അക്കൌണ്ടിലെ സ്ഥിര നിക്ഷപത്തിന്മേലോ  തികച്ചും വ്യക്തിപരം ആയ വായ്പകൾ മാത്രമേ എൻ. ആർ. ഐ അക്കൌണ്ടിൽ ബാങ്കുകൾക്ക് നല്കാൻ കഴിയുള്ളൂ. എൻ. ആർ. ഐ അക്കൌണ്ടിൽ വാണിജ്യ വ്യാപാര വ്യവസായ വായ്പകൾ അനുവദിക്കാൻ നിലവിലെ റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.


അതായത് പ്രവാസി ഇന്ത്യക്കാരന് ഭാവന വായ്പ ഒഴികെയുള്ള വായ്പകൾ നല്കാൻ റിസര്വ്വ് ബാങ്കിന് ഒരു താല്പര്യവും ഇല്ല. കാരണം വളരെ ലളിതം. വായ്പ എടുക്കുന്ന പണം നിയമ വിധേയം അല്ലാത്ത മാര്ഗത്തിലൂടെ വിദേശങ്ങളിലേക്ക് കടത്തി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കാം എന്ന ആശങ്ക തന്നെ പ്രധാനം. ഒരു പരിധി വരെ ആ ആശങ്ക ആസ്ഥാനത്ത് അല്ലാ താനും. കള്ള പണം വെളുപ്പിക്കാൻ അല്ലെങ്കിൽ തന്നെയും പുറം രാജ്യങ്ങളിലേക്ക് കച്ചവടം നടത്താനും മറ്റും ഒക്കെയായി വായ്പാ പണം കടത്തി കൊണ്ട് പോകാൻ ഉള്ള സാധ്യത എന്തായാലും റിസര്വ്വ് ബാങ്കിനു തള്ളി കളയാൻ കഴിയില്ല. ഇത് നിലവിലെ ഫെമ നിയന്ത്രണങ്ങൾക്ക് എതിരാണ്.

കാര്യങ്ങൾ ഇങ്ങിനെ ആയിരിക്കുമ്പോഴാണ് പെട്ടി കട തുറക്കാം എന്ന് പറയുന്ന ലാഘവത്തോടെ നമ്മുടെ മുഖ്യ മന്ത്രി  സഹകരണ മേഖലയിൽ പ്രവാസിക്ക് വായ്പ നല്കാൻ ബാങ്ക് തുടങ്ങും എന്ന് ഗീർവാണം മുഴക്കുന്നതു. ഒന്നുകിൽ ഇത് എഴുന്നുള്ളിക്കുന്നവന് തലയ്ക്കു വെളിവ് ഇല്ല. അല്ലെങ്കിൽ ഇത് കേള്ക്കുന്ന പ്രവാസി എല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി കൊള്ളും എന്ന  വിശ്വാസം. സത്യത്തിൽ ആ വിശ്വാസം തന്നെയാണ് ഇങ്ങിനെ ഉള്ള ഗുണ്ടുകൾ പൊട്ടിക്കുന്നവരുടെ വിജയവും. എല്ലാം കൂടി കെട്ടി പെറുക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രവാസിയുടെ അണ്ണാക്കിലേക്ക് ഓരോന്ന് തള്ളി തരും. ലവന്മാരുടെ ആസനം താങ്ങികൾ അതെല്ലാം വാരി വലിച്ചു കേറ്റും. എന്നിട്ട് അനു  നിമിഷം വാള് വെച്ച് കൊണ്ടേയിരിക്കും. ചെറ്റകൾ...

എടേയ് ചേട്ടന്മാരെ ങ്ങള് ഭാരിച്ച ഉത്തരവാദിത്തം ഒന്നും പ്രവാസിക്ക് വേണ്ടി ഏറ്റെടുക്കേണ്ട. സീസണ്‍ ആകുമ്പോൾ കഴുത്തിനു കത്തി വെക്കുന്ന വിമാന കമ്പനികളെ ഒന്ന് നിലക്ക് നിർത്താൻ സാറന്മാർക്ക് പറ്റുമോ?അത് പറ...

എയർ കേരള എന്ന ഉഡായിപ്പ് ഒരു അഞ്ചു വര്ഷം നന്നായി പണിയെടുത്താൽ  അസംഭവ്യം ഒന്നും അല്ല. എന്നാൽ സഹകരണ മേഖലയിലെ പ്രവാസീ ബാങ്ക്! അത് കുഞ്ഞൂഞ്ഞിന്റെ  മറ്റൊരു കുഞ്ഞു തമാശ അല്ലാതെ മറ്റൊന്നും അല്ല!

Friday, March 08, 2013

ഒരു കുടക്കീഴില്‍....


Friday, February 15, 2013

ബാലവേശ്യയായി വാഴ്ത്തപ്പെട്ടവൾ!


പതിനാറു വയസ്സ്!
നാല്‍പ്പതു ദിവസം!!
നാല്‍പ്പത്തി രണ്ടോ അതില്‍ അധികമോ മാന്യന്മാര്‍!!!
അവള്‍ പറഞ്ഞത് എല്ലാം   ശരിയായിരുന്നു....

അന്ന് വരെ...

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തം മന്ത്രിയും "ബാജിയായി" തന്‍റെ മേല്‍ അന്നൊരു നാൾ പടര്‍ന്നു കയറി എന്നു അവള്‍ പറയുന്നത് വരെ. ബാജി പിന്നെ പീജേ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ സൂര്യനെല്ലി  പെൺകുട്ടിയിൽ നിന്നും  അവള്‍ ബാല വേശ്യ ആയി ഉയര്‍ത്തപ്പെട്ടു!

അപ്പാപ്പം കാണുന്നന്നവരെ ഒക്കെയും  അപ്പന്മാരാക്കി  മാറ്റുന്ന  ചീഫ് വിപ്പ് അപ്പാപ്പന്‍ കഴിഞ്ഞൊരു ദിനം ടീവിയില്‍ തുണിയുരിഞ്ഞ നാവു കൊണ്ട് അലക്കിയതും മുഖ്യ മന്ത്രിയും ഭരണ കൂടവും അനു നിമിഷം പുലയാട്ടുന്നതും അത് തന്നെ.   


സൂര്യനെല്ലിയിലെ ഹതഭാഗ്യയായവളുടെ വാക്കുകൾക്ക് ഇന്നും വയസ്സു പതിനാറ് തന്നെ! അനു നിമിഷം മൊഴികൾ മാറ്റപ്പെടുന്ന പെൺ വാണിഭ കേസുകളിൽ നിന്നും വ്യത്യസ്തം അയി സൂര്യനെല്ലിയിലെ മൊഴികൾ പതിനാറു കടക്കാത്തതു മൊഴികളിലെ സത്യസന്ധത ഒന്നു കൊണ്ടു മാത്രം ആണു. പീ.ജെ. കുര്യന്റെ നാമം കേസിൽ ഉയർന്നു വന്നില്ലായിരുന്നു എങ്കില്‍  ഈ കേസിന്റെ വിധി തന്നെ മറ്റു ഒന്ന്  ആകും ആയിരുന്നു.

എന്തു കൊണ്ടു കുട്ടി അന്ന്   രക്ഷപെടാൻ ശ്രമിച്ചില്ല എന്നതാണു വകതിരുവുണ്ടു എന്ന് നടിക്കുന്ന സമൂഹത്തിന്റെ ഇപ്പൊഴത്തെ ചോദ്യം. അപരിചരോടൊപ്പം ഒറ്റപ്പെട്ടു പൊകുന്ന വകതിരിവില്ലാത്ത പ്രായത്തിലെ പെൺകുട്ടിഎങ്ങിനെ വകതിരിവോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും? വാണിഭം നടന്ന ലോഡ്ജിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു... എന്നിട്ടും കുട്ടി രക്ഷപെടാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കാഞ്ഞതു ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ലൈംഗിക വേഴ്ചയാണു നടന്നതു എന്നതിനു തെളിവാണു പോലും!

പഷ്ട്!
ബലേ ഭേഷ്!!

ബോധവും വിവരവും പക്വതയും ഉള്ളവർ വരെ ഇങ്ങേ അറ്റം പരാതി   കൊടുക്കാൻ പോലും പോലീസ് സ്റെഷനില്‍ കയറാൻ ഇന്നും പരിചയക്കാരെ തിരയുന്ന നാട്ടിൽ ആണു വില്പനക്കു വെക്കപ്പെട്ടു പോയ ഒരു പതിനാറുകാരി പോലീസിലേക്കു അക്കാലത്ത് ഒറ്റക്കു ചെന്നു കയറാൻ ധൈര്യപ്പെടേണ്ടതു!. പോലീസ് എന്നു കേട്ടാൽ പോലും ഭയപ്പെടുന്ന പ്രായത്തിൽ ആയിരുന്നു ആ കുട്ടി എന്നു സാമാന്യേന ചിന്തിക്കാൻ പൊലും ഈ സാമാനങ്ങൾക്കു കഴിയുന്നില്ലല്ലോ അപ്പാപ്പന്മാരെ?

ആണായാലും പെണ്ണായാലും നിയമ പ്രകാരം പ്രായ പൂർത്തി ആകുന്നത് പതിനെട്ടു തികയുമ്പോൾ ആണു. പതിനെട്ടിന്റെ താഴെ ഉള്ളവർ മൈനർ ആണു. അതായതു മാതാപിതാക്കളുടേയോ നിയമ പ്രകാരം ഉത്തരവാദപ്പെട്ട രക്ഷാകർത്താക്കളുടേയോ അറിവോ സമ്മതമോ ഇല്ലാതെ ഒന്നും ചെയ്യാൻ അനുവാദം ഇല്ലാത്തവർ. ലൈംഗികത ആകുമ്പോൾ രക്ഷാകർത്താക്കളുടെ അറിവും സമ്മതവും ഉണ്ടെങ്കില്‍  പോലും പതിനെട്ടിൽ താഴെ ഉള്ള പെൺകുഞ്ഞുങ്ങളെ ലൈംഗികതക്കു ഉപയോഗിക്കുന്നതു പീഡനം തന്നെ. അവിടെയാണു സൂര്യനെല്ലിയിലെ ഹതഭാഗ്യയായവൾ ബാലവേശ്യ ആകുന്നത്. കേട്ടാൽ തോന്നും ബാലവേശ്യാ വ്രിത്തി ഭാരതത്തിൽ നിയമ വിധേയം ആണു എന്നു! വേശ്യാ വ്രിത്തി തന്നെ നിയമം മൂലം നിരോധിക്കപ്പെട്ട ഒരിടത്തു പിന്നെ ഈ  പറയുന്ന മണുകൊണാപ്പന്മാർ എന്ത് കൊണ്ടു ബാല വേശ്യാവ്രിത്തിയിൽ എർപ്പെട്ടതിനു ഈസാധു പെൺകുട്ടിക്ക് എതിരേ കേസ് എടുത്തില്ല? കൊഞ്ഞാണന്മാർ നാടും കോടതിയും ഭരിക്കുന്നതു കൊണ്ടാണു സൂര്യനെല്ലിക്കു ശേഷവും പെൺ വാണിഭങ്ങൾക്ക് സാത്താന്റെ സ്വന്തം നാട്ടിൽ പഞ്ഞമേതും ഇല്ലാത്തതു!

അന്നു കേന്ദ്ര മന്ത്രിയായിരുന്ന പീ.ജേ. കുര്യന്റെ കേസിലെ പങ്കു  തെളിയിക്കപ്പെടണം. പങ്ക് ഇല്ലാ എങ്കില്‍  അതും. ക്രിത്രിമം ആയി പടച്ചു എടുക്കപ്പെട്ട  തെളിവുകൾക്ക് അപ്പുറം സ്വാഭാവികം ആയ  തെളിവുകൾ ഒരു പരിധിവരെ കുര്യൻ സാറിനു എതിരാണു. എറ്റവും ഒടുവിൽ ധർമ്മരാജന്റെ വെളിപ്പെടുത്തലും ആ വഴിക്കാണു. കുറ്റവാളിയുടെ വെളിപ്പെടുത്തലിനു നിയമ സാധുത ഇല്ലാ എന്നാണു ഇതിനു മറുപടിയായി കുര്യനും കൂട്ടാളികളും പറയുന്ന ഞായം. അങ്ങിനെ എങ്കില്‍  ഒരു കേസിലും ആരെയും ശിക്ഷിക്കാൻ കഴിയില്ലല്ലോ? തടിയന്റവിട നസീർ എന്ന ആഗോള ക്രിമിനലിന്റെ മൊഴിയല്ലെ അബ്ദുൽ നാസർ മദനിക്കു കുരുക്ക് ആയതു? ഉദാഹരണങ്ങൾ എത്ര അങ്ങിനെ ബാക്കിയുണ്ട്?

പതിനാറു വയസ്സിൽ കഷണം കഷണം ആയി  വില്പനക്കു വെക്കപ്പെട്ടവൾ സ്വഭാവ ഹത്യക്കും ചിത്രവധത്തിനും ഇരയായി പതിറ്റാണ്ടുൾക്കു ഇപ്പുറവും ബാലവേശ്യ ആയി ചിത്രീകരിക്കപ്പെടുമ്പോൾ ഒരു ഇരുപത്തി മൂന്നു വയസ്സു കാരിയെ നിന്ദ്യം  ആയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ദില്ലിയിലെ പതിനാറുകാരൻ മൈനർ എന്ന പരിഗണനക്കു  അർഹൻ  അകുന്നു! വയസ്സു പതിനാറിൽ പെൺകുട്ടി ചെയ്യുന്ന പിഴവേ പിഴവ് ആകുള്ളു. ആണിന്റെ തെറ്റു വകതിരിവില്ലാത്ത പ്രായത്തിന്റെ ചാപല്യം!

ഒരു പുരുഷ പക്ഷ സമൂഹത്തിന്റെ എല്ലാ തിന്മകളും എറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ ആണു പീഡനത്തിനു വിധേയം ആകേണ്ടി വരുന്ന എല്ലാ പെൺകുഞ്ഞുങ്ങളും. ഭരണ കൂടത്തിന്റേയോ കോടതിയുടയോ പൊതു സമൂഹത്തിന്റേയോ ഒരു സഹതാപവും സഹായവും അവർക്കു ലഭിക്കില്ല. കുടുംബം ഒന്നടങ്കം  കൂട്ട ആത്മഹത്യ ചെയ്യുക എന്നതിനു അപ്പുറം  മറ്റൊരു സാധ്യതയും അവർക്കു മുന്നിൽ ഉണ്ടാകില്ല. കാരണം, ഭരണ കൂടത്തിന്റെ ബന്ധുക്കൾ ഉൾപ്പെട്ട ഒരു കേസിലും ഒരു ഇരക്കും ഒരിക്കലും നീതി കിട്ടിയിട്ടില്ല. എല്ലാ പെണവാണിഭ കേസിലും ഭരണകൂട ബന്ധുക്കൾ എപ്പോഴും ഉൾപെട്ടിട്ടും ഉണ്ടാകും.

ഉദ്ദാരണം ബാധിച്ച പുരുഷ പക്ഷപാത സമൂഹത്തിൽ ജനിച്ച് വളരേണ്ടി വരുന്ന പെൺകുഞ്ഞുങ്ങളെ ഒർത്തു നെടുവീർപ്പിടാം......

അല്ലാതെന്തു ചെയ്യാൻ?