Sunday, April 27, 2008

ഇഞ്ചി മഹാത്മ്യം അഥവാ ഒരു വ്യക്തിഹത്യാ കുറിപ്പിന്റെ ഓര്‍മ്മക്ക്...

(ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ നന്ദു എന്ന വായനക്കാരനാണ് ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം ആദ്യമായി പ്രകടിപ്പിച്ചത്. കാര്യങ്ങള്‍ അങ്ങിനെ പോകവേ ഈ അടുത്ത കാലത്ത് ഈ പോസ്റ്റിലേക്ക് മലയാള ബ്ലോഗിങ്ങിലെ സര്‍വ്വരാലും ബഹുമാനിതയായ ഒരു ബ്ലോഗറുടെ ബ്ലോഗില്‍ നിന്നും അടിക്കടി ഹിറ്റുകള്‍ വരുന്നത് കണ്ട് ഹിറ്റുകളുടെ റൂട്ടും തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് “ഈ പോസ്റ്റ് ഒരു വ്യക്തിഹത്യാ പോസ്റ്റ് തന്നെയാണ്” എന്ന ആ ബഹുമാന്യ വനിതയുടെ സര്‍ട്ടീക്കറ്റിലാണ്. അപ്പോ ഉറപ്പിച്ചു ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നേന്ന്...അതേന്ന്...ഇതൊരു വ്യക്തിഹത്യാ പോസ്റ്റ് തന്നെ. പാവം പാടത്ത് പടര്‍ന്ന് വിളയുന്ന കേവലമൊരു ഔഷധകിഴങ്ങിന്റെ നാമത്തിനും മലയാള ബ്ലോഗിങ്ങില്‍ പേറ്റന്റ്....)

കുഞ്ഞുന്നാള്‍ മുതല്‍ ഇഞ്ചി എനിക്ക് ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ വയറ്റു വേദന കൊണ്ട് ഒരു പാട് ബുദ്ധി മുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും ഉമ്മ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങാന്‍ പറയും. വെള്ളമില്ലാതെ ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന ഹിമാലയം താണ്ടും.

ഇഞ്ചിയും ഞാനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അങ്ങിനെയാണ്. പിന്നെ ഇഞ്ചിയുടെ ഒരാരാധകനും ഇഞ്ചി എന്റെ രക്ഷകനും ആ‍വുകയായിരുന്നു. ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. കറികളില്‍ എനിക്ക് ഇഞ്ചി നിര്‍ബന്ധമാണ്. ഇപ്പോള്‍ ബീടരും ഇഞ്ചി ആരാധികയായിരിക്കുന്നു. ഇഞ്ചിയില്ലാതെ ഞങ്ങള്‍ക്ക് ഒരു കറിയും ഉണ്ടാകില്ല. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം.

എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം. മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും. തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്. നമ്മുടെ നാട്ടില്‍ കൃതൃമ പാനീയങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും കാരണം.

കഫകെട്ട്, ഛര്‍ദ്ദി, മനം പിരട്ടല്‍, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.

സ്ത്രീകളുടേം ഉറ്റമിത്രമാണ് ഇഞ്ചി. ഇഞ്ചിയും വെളുത്തുള്ളീം സമം ചേര്‍ത്ത് തേനില്‍ ചേര്‍ത്ത് തലയില്‍ തേല്‍ക്കുന്നത് തലമുടിയുടെ കറുത്ത തിളക്കം നിലനിര്‍ത്താനും താരന്‍ അകറ്റാനും സഹായിക്കും. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.

ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്‍ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍കെട്ടുകള്‍ക്കും ഒരു പരിധിവരെ പരിഹാരം ആണ്.

ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും സംരക്ഷിക്കപ്പെടാതെ പോലും വളര്‍ന്നു വരുന്ന ഇഞ്ചിക്ക് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം നാം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. നാം ഇഞ്ചിയെ തള്ളി പറയുമ്പോഴും പടിക്കു പുറത്ത് നിര്‍ത്തുമ്പോഴും ഔഷധ ഗുണം മനസ്സിലാക്കി ഇഞ്ചിയുടെ പേറ്റന്റുമായി അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക നമ്മെ നോക്കി പല്ലിളിക്കുന്നത് നാം തിരിച്ചറിയുന്നില്ലല്ലോ?
---------------

ഇവിടുന്ന് താഴേക്കുള്ള ഇഞ്ചി മഹാത്മ്യം സിയ എന്ന വായനക്കാരന്റെ സംഭാവനയാണ്:

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.