Monday, September 21, 2009

ഔചിത്യം!

എറണാകുളത്തെ സേവന കാലം. അതോ പഠന കാലമോ? എന്തായാലും എറണാകുളത്തെ ജീവിത കാലം. അത്ര തന്നെ!

ഒരിയ്ക്കല്‍ ഒരു ദിനം ഉച്ചയൂണിന്റെ ആലസ്യത്തില്‍ ലെഡ്ജറില്‍ കൈ തലയിണയാക്കി ഒന്നു മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ പെണ്‍കുട്ടി എത്തിയത്. ഒരു പതിനൊന്നു വയസ്സുകാരി.

“സാറേ...ഓണം ബമ്പറാ...പത്തു രൂപയേ ഉള്ളൂ‍.” ആ ദൈന്യം ഇപ്പോഴും മായാതെ മനസ്സിലുണ്ട് - വര്‍ഷം ഇരുപത് കഴിഞ്ഞിട്ടും!

നീട്ടിപിടിച്ച ഓണം ബമ്പറുമായി ദൈന്യതയോടെ പെണ്‍കുട്ടി മുന്നില്‍. ലോട്ടറി എടുക്കുക ശീലമല്ലാത്തതു കൊണ്ടും ലോട്ടറി എന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നു വിശ്വാസിച്ചിരുന്നൊരു കാലമായിരുന്നതു കൊണ്ടും ലോട്ടറിക്കാരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു പതിവ്. പക്ഷേ കുട്ടിയുടെ ദൈന്യം അവളെ മടക്കാന്‍ മനസ്സനുവദിയ്ക്കുന്നുമില്ല. എന്തു ചെയ്യണമെന്നാലോചിച്ചിരിയ്ക്കേ വെറുതേ ചോദിച്ചു.

“നിന്റെ പേരെന്താ?”

“ആതിര”

“നീ സ്കൂളില്‍ ഒന്നും പോകുന്നില്ലേ?”

“ഞാന്‍ ആറാം ക്ലാസിലാ സാറേ പഠിയ്ക്കുന്നേ.” സ്കൂളിന്റെ പേരും പറഞ്ഞു.

അന്ന് ശനിയാഴ്ചയാണെന്ന് പെട്ടെന്ന് ഞാനോര്‍ത്തു. എന്തോ കുട്ടിയെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നി.

“വീട്ടില്‍ ആരൊക്കെയുണ്ട്....നീയെന്താ ലോട്ടറി വില്‍ക്കാന്‍ നടക്കുന്നേ?” ഒരു ഔചിത്യവും ഇല്ലാത്ത ചോദ്യമാണെന്നറിയാം. പക്ഷേ ആറാം ക്ലാസില്‍ പഠിയ്ക്കുന്നൊരു കുട്ടി ലോട്ടറി വില്‍ക്കാന്‍ നടക്കുന്നതിലുള്ള ആകാംക്ഷയാണ് അങ്ങിനെയൊരു ചോദ്യത്തില്‍ എത്തിച്ചത്.

അതിന് ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. മൌനമായിരുന്നു മറുപടി.

“സാറ് ഒരു ലോട്ടറി എടുക്കുമോ? പത്തു രൂപയേ ഉള്ളൂ‍.”

വീണ്ടും കുട്ടി.

ലോട്ടറി എടുക്കണ്ട എന്നു തീരുമാനിച്ചിട്ട് ഇരുപത് രൂപയെടുത്ത് കുട്ടിയ്ക്ക് കൊടുത്തു.

കുട്ടി രണ്ടു ലോട്ടറി എനിയ്ക്കു തന്നു.

“കുട്ടീ...എനിയ്ക്ക് ലോട്ടറി വേണ്ട. ഞാന്‍ ലോട്ടറി എടുക്കാറില്ല.... നീ ആ പൈസ എടുത്തു കൊള്ളൂ‍.”

പ്രതീക്ഷിയ്ക്കാത്തതായിരുന്നു സംഭവിച്ചത്. കുട്ടി പണം മടക്കി.

“വേണ്ട സാറേ. സാറ് ലോട്ടറി എടുത്താല്‍ എനിയ്ക്ക് ലോട്ടറിയുടെ കമ്മീഷന്‍ കിട്ടും. എനിയ്ക്കതുമതി. സാറിനു ലോട്ടറി വേണ്ടാങ്കി ഞാന്‍ പോട്ടെ...” ഉറച്ച വക്കുകള്‍.... ദൈന്യത വിട്ടകന്ന തീഷ്ണമായ ശബ്ദം...

സാറിന്റെ ഔദാര്യം വേണ്ടെന്ന്...ആ കൊച്ചു കുട്ടിയുടെ മുന്നില്‍ ചൂളിപോയ നിമിഷങ്ങള്‍....

കുട്ടി തിരിഞ്ഞു നടക്കാന്‍ തുടങ്ങവേ തിരിച്ചു വിളിച്ചു ലോട്ടറി വാങ്ങി പണം നല്‍കുകയല്ലാതെ എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നുമേയുണ്ടായിരുന്നില്ല.

പിന്നെയും ഞാന്‍ പ്രതീക്ഷിച്ചിരുന്നു അവള്‍ വരുമെന്ന് - ലോട്ടറി വില്പനയ്ക്കായി. പക്ഷേ, പിന്നീടൊരിയ്ക്കലും അവള്‍ ആ പടികടന്നു വന്നിട്ടേയില്ല!

ലോട്ടറിയുമായി എന്നെ സമീപിച്ചിട്ടുള്ള ഒരാളേയും അതിനു ശേഷം നിരാശരായി മടക്കി അയയ്ക്കാന്‍ എനിയ്ക്കായിട്ടുമില്ല....