Tuesday, March 09, 2010

ബില്ലും തല്ലും!

അധികാരത്തിന്റെ മൂന്നിലൊന്ന് വനിതകള്‍ക്ക് ഭാഗം വെച്ച് നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ ലോകസഭയില്‍ മുന്നേമുക്കാലെണ്ണം മാത്രം. പക്ഷേ വനിതാ ബില്ല് ലോകസഭയില്‍ അടിക്കടി അടിപിടിക്ക് കാരണമാകുന്നു. ബില്ല് പാസ്സാ‍ക്കപ്പെടും എന്ന് തോന്നുന്ന നിമിഷം ബില്ല് അവതരണം മുടങ്ങുന്നതില്‍ എന്തോ ദുരൂഹതയില്ലേ? മുന്നിലൊന്ന് ഭാഗം കസേരകള്‍ സ്ത്രീക്ക് നല്‍കണം എന്ന് ആഗ്രഹമുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടീകള്‍ ഇന്ന് ഭാരതത്തില്‍ ഉണ്ടോ? ഇല്ല എന്നത് തന്നെയാണ് വസ്തുത.

വനിതാ ദിനത്തില്‍ ഭാരത സ്ത്രീത്വം ഭാരതത്തിന്റെ ഭരണ സൌധത്തില്‍ ചവിട്ടിയരക്കപ്പെട്ടു എന്നത് ഭാരത സ്ത്രീയിക്കല്ല അപമാനം. “പുരുഷന്‍” എന്ന പേരും പേറി ഇരുകാലുകളില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഒരു തരം പൂതു ജനുസില്‍ പെട്ട രാഷ്ട്രീയമാണ് നഗ്നമാക്കപ്പെട്ടത്. സ്ത്രീയുടെ മാനം കാക്കേണ്ടത് പുരുഷന്റെ ധര്‍മ്മമോ അല്ലെങ്കില്‍ ഉത്തരവാദിത്തമോ ആണ്. പുരുഷന്‍ പരാജയപ്പെടുന്നിടത്ത് സ്ത്രീക്ക് മാനഹാനി സംഭവിക്കും. രാജ്യസഭയില്‍ ഇന്ന് സ്ത്രീത്വം ഹനിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഭാരതത്തിലെ പുരുഷന്മാര്‍ തന്നെയാണ്.

രാജ്യസഭയില്‍ ഇന്ന് നടന്നത് നാടകമായിരുന്നില്ലേ? ചെയറിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നതാണ് ഇന്നലെ വരെ നാം കണ്ട ചാനല്‍ കാഴ്ചകള്‍. രാജ്യസഭയിലും ലോകസഭയിലും നിയമസഭകളിലും എല്ലാം തല്ലുകള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ഉത്തരവാദപ്പെട്ടവര്‍ അതിനെ തടയുകയാണ് പതിവ്. പക്ഷേ ഇവിടെയോ?  “ഈ പേപ്പറുകള്‍ ആരെങ്കിലും ഒന്നു പിടിച്ച് വാങ്ങിച്ച് കീറി കളയൂ...” എന്ന രീതിയില്‍ ഇരിക്കുന്ന ഒരു സഭാദ്ധ്യക്ഷനും “എങ്ങിനെയെങ്കിലും ഇതൊന്നു തടസ്സപ്പെടുത്തൂ...” എന്ന നിലപാടില്‍ അക്ഷോഭ്യരായിരിക്കുന്ന സഭാംഗങ്ങളും! അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ “മാഡത്തെ” വാക്കുകള്‍ കൊണ്ടൊന്നു തോണ്ടിയാല്‍ പോലും ചീറി കൊണ്ടു ചാടി വീഴുന്ന കാണ്‍ഗ്രസ് പുലികളോ മാവോയിസ്റ്റുകളെ ഒന്നു തോണ്ടിയാല്‍ പോലും അലറി വിളിക്കുന്ന മമതാ സംഘമോ മുല്ലപ്പെരിയാര്‍ എന്നു കേട്ടാല്‍ പിശാചിനെ കണ്ട നായയെ പോലെ അമറുന്ന കരുണാനിധി കൂട്ടരോ ഒന്നും മുരടനക്കാന്‍ പോലും ശ്രമിച്ചു കണ്ടില്ല. കാരണം അതു തന്നെ. ഈ ബില്ലവതരണം എങ്ങിനെയെങ്കിലും തടസ്സപ്പെടണം! എന്നാലോ “...ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ല...” എന്ന നാട്യം മാളോകരില്‍ എത്തിക്കുകയും വേണം.

ഭാരതത്തിന്റെ അധികാരം ഭാരത സ്ത്രീക്ക് എന്നും അന്യം തന്നെ. ഭരിക്കുന്ന കോണ്‍ഗ്രസ് മുതല്‍ താഴേക്ക് എണ്ണിയാല്‍ പകല്‍ പോലെ വ്യക്തമാകുന്ന ചില സംഗതികള്‍ ഉണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുപ്പത്തി മൂന്ന് ശതമാനം വനിതകള്‍ക്കായി വക വെച്ചു നല്‍കിയ കേരളത്തിലെ ഇടതു പക്ഷ കക്ഷികളില്‍ അടക്കം പാര്‍ട്ടീ തലത്തില്‍ വനിതാ പ്രാതിനിധ്യം എത്രത്തോളം ഉണ്ട്? സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലോ ഉപരി സമിതികളിലോ അല്ലെങ്കില്‍ കീഴ് ഘടകങ്ങളിലോ പത്തു ശതമാനം പോലും പ്രാധിനിത്യം നല്‍കാന്‍ കഴിയാത്തവരാണ് ഇന്ന് മുപ്പത്തി മൂന്ന് ശതമാനത്തെ കുറിച്ച് പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ നിര്‍ത്തുവാന്‍ പോലും സ്വന്തം പ്രവര്‍ത്തകരെ ലഭിക്കുന്നവരല്ല നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. ഒരുമാതിരി സംസാരിക്കാന്‍ അറിയുന്ന വനിതകളെ ചാക്കിട്ട് പിടിച്ച് ഭര്‍ത്താവിനേയോ മക്കളേയോ കൊണ്ട് നിര്‍ബന്ധിച്ച് മത്സരിപ്പിക്കുന്നതാണ് പതിവ്. പാര്‍ട്ടികളിലേക്ക് വനിതകളെ ആകര്‍ഷിച്ച് അവരെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നതിനു ആരും ശ്രമിക്കാറില്ല. സ്വയം മുന്നിലേക്ക് വരുന്നവരോ തന്നിഷ്ടക്കാരികള്‍ ആയി ചിത്രീകരിക്കപ്പെടുകയാണ് പതിവും. അവരുടെ ഗാര്‍ഹിക ജീവിതം കുട്ടിച്ചോറാകുന്നതും പതിവ് കാഴ്ച!

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം മുപ്പത്തി മൂന്ന് ശതമാനം സംവരണം വനിതകള്‍ക്ക് അനുവദിച്ചു നല്‍കിയതിനു ശേഷമല്ലേ മുപ്പത്തി മൂ‍ന്ന് ശതമാനം സംവരണത്തേ കുറിച്ച് സംസാരിക്കേണ്ടത്? എന്തിനാണ് ഈ മുപ്പത്തി മൂന്ന് ശതമാനം? ഭാരതത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അനുപാതം ഏകദേശം ഒന്നേ ഒന്ന് തന്നെയല്ലേ? അപ്പോള്‍ അമ്പതു ശതമാനം സംവരണത്തിനും അര്‍ഹരല്ലേ ഭാരത വനിതകള്‍? അല്ലെങ്കില്‍ തന്നെ എന്താനാണീ ശതമാനക്കണക്ക്? പഞ്ചായത്ത് വാര്‍ഡുമുതല്‍ ലോകസഭാ മണ്ഡലങ്ങള്‍ വരെ അങ്ങ് ഇരട്ട പ്രാധിനിത്യം ആക്കിയാല്‍ അതല്ലേ കൂടുതല്‍ നീതീകരിക്കപ്പെടുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും തിരഞ്ഞെടുക്കപ്പെടട്ടെ! അപ്പോ പിന്നെ പരാതിയില്ലല്ലോ? രാജ്യസഭയില്‍ പൊക്കണം കേട് കാട്ടുന്ന പുരുഷകേസരികളുടെ സീറ്റുകള്‍ അവിടെ ഉറച്ചു തന്നെയുണ്ടാവുകയും ചെയ്യും.

പ്രതിനിധികള്‍ മാത്രമല്ല സംവരണം ചെയ്യപ്പെടേണ്ടത്. മന്ത്രിക്കസേരകളും സംവരണം ചെയ്യപ്പെടണം. അധികാരം സ്ത്രീശാക്തീകരണത്തിന് ഇന്ധനമാകണമെങ്കില്‍ അവര്‍ വെറും കൈപൊക്കികള്‍ ആയി കസേരകളില്‍ ചടഞ്ഞ് കൂടി ഇരുന്നാല്‍ മാത്രം പോര. തീരുമാനം എടുക്കാനുള്ള, എടുക്കുന്ന തീരുമാനം നടപ്പാക്കാനുള്ള അധികാരമാണ് അവര്‍ക്ക് ലഭ്യമാകേണ്ടത്. അല്ലെങ്കില്‍ “മാഡം” കോണ്‍ഗ്രസ് അധികാരിയായതു പോലെയാകും. എല്ലാവരും എടുക്കുന്ന തീ‍രുമാനത്തിനു മേല്‍ ഒപ്പുവെക്കുക എന്ന അധികാരമാണ് ഇന്ന് സോണിയാ ഗാന്ധി കാണ്‍ഗ്രസില്‍ കയ്യാളുന്നത്. അതു കൊണ്ടാണ് ഭാരത സ്ത്രീക്ക് സമ്മാനം നല്‍കുമെന്ന് മാഡം ഉറക്കേ പ്രഖ്യാപിച്ച  ദിനത്തില്‍ ഭാരത സ്ത്രിത്വം ഭാരതത്തിന്റെ മഹനീയമായ ഭരണ കേന്ദ്രത്തില്‍ കൂട്ട ബലാത്സംഗത്തിനു വിധേയമായത്.

ഇറങ്ങി കളിച്ചത് യാദവന്മാരായിരുന്നു എങ്കിലും സാഹചര്യം ഉണ്ടാക്കി കൊടുത്തതില്‍ ഭാരതത്തിലെ എല്ലാ കക്ഷികള്‍ക്കും പങ്കുണ്ട്. മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു നല്‍കാന്‍ കഴിയില്ല എങ്കില്‍ വേണ്ട. പക്ഷേ ഇടക്കിടെ ഭാരത സ്ത്രീയെ ഭരണ സിരാകേന്ദ്രത്തിലിട്ട് മാനഭംഗപ്പെടുത്തുന്നതെങ്കിലും അവസാനിപ്പിക്കണം! മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു കിട്ടി എന്നുള്ളതു കൊണ്ട് ഭാരത സ്ത്രീക്ക് തുല്യ നീതി ലഭിക്കും എന്നു കരുതുന്നതും ആന മഠയത്തമാണ്. പുരുഷനെ അംഗീകരിക്കുന്നത് പോലെ സ്ത്രീയേയും അംഗീകരിക്കാന്‍ സ്ത്രീയും പുരുഷനും ഉള്‍പെട്ട സമൂഹം തയ്യാറാകുന്നതു വരെ സ്ത്രീക്ക് രണ്ടാം തരം പൌരത്വമേ ലഭിക്കുള്ളു. അധികാരം പകുത്ത് നല്‍കുന്നതിലല്ല അര്‍ഹിക്കുന്ന അംഗീകാരവും സ്ഥാനവും പരിരക്ഷയും ലഭിക്കുന്നിടത്തേ സ്ത്രീക്ക് തുല്യത നേടാന്‍ കഴിയുള്ളൂ!

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അപമാനിക്കപ്പെട്ട ഭാരത സ്ത്രീത്വത്തിന്റെ വ്രണിത ഹൃദയത്തിനു മുന്നില്‍ ഒരു പിടി നൊമ്പരത്തി പൂക്കള്‍ അര്‍പ്പിക്കുവാനെങ്കിലും നാം ഭാരതീയര്‍ എന്ന് അടിക്കടി അഹങ്കരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്!